Slider

ഒരു ഡാൻസുകാരിയുടെ പിറവി

0
ഒരു ഡാൻസുകാരിയുടെ പിറവി
******************************
നാട്ടിലെ പ്രശസ്തമായ ഒരു ക്ലബിന്റെ മീറ്റിംഗ് നടക്കുകയാണ്. പ്രസ്തുത മീറ്റിംഗിൽ , ക്ലബിന്റെ വാർഷികം ആഘോഷിക്കാൻ തീരുമാനിച്ചു.
വാർഷികാഘോഷത്തിന്റെ ഭാഗമായി, ക്ലബ് അംഗങ്ങൾ വിപുലമായ പരിപാടികൾ നടത്താനും, പ്രായമേറിയ അംഗങ്ങളെ ആദരിക്കാനും, പഠനത്തിൽ മികവു കാട്ടിയവരെ അനുമോദിക്കാനും തീരുമാനിച്ചു.
പരിപാടികളിൽ പലതരം ഡാൻസുകൾ അവതരിപ്പിക്കുന്നുണ്ടെന്നും, താല്പര്യമുള്ളവർ എത്രയും വേഗം പേര് രജിസ്റ്റർ ചെയ്യണം എന്നും, വാർഷി കാഘോഷത്തിനു ഇനി രണ്ടു മാസം മാത്രമേ ഉള്ളൂ എന്നും, അധികം വൈകാതെ തന്നെ ഡാൻസിന് പ്രാക്ടീസ് തുടങ്ങേണ്ടതാണെന്നും , ക്ലബ് പ്രസിഡണ്ട് സൈമൺ ചേട്ടൻ മീറ്റിംഗിനിടയിൽ എല്ലാവരേയും ഓർമ്മിപ്പിച്ചു.
മീറ്റിംഗ് കഴിഞ്ഞു വീട്ടിലേക്ക് വന്ന മിന്നുവിന് ഒരാശ, ഡാൻസ് കളിക്കണമെന്ന് . അതവൾ ഭർത്താവ് സാമിനോട് പറഞ്ഞു.
സാം ചോദിച്ചു, അതിന് നിനക്ക് ഡാൻസ് വല്ലതും കളിക്കാനറിയുമോ? നീ പഠിച്ചിട്ടുണ്ടോ?
പഠിച്ചിട്ടൊന്നുമില്ല.... എന്നാലും ഇപ്പോൾ പഠിച്ചെടുത്താൽ കളിക്കാമല്ലോ. മിന്നു മറുപടി പറഞ്ഞു.
അതു വേണോ ടീ...? സാമിന് സംശയങ്ങൾ തീരുന്നില്ല.
വേണം ഏട്ടാ.. എന്റെ കുഞ്ഞിലേയുള്ള ആഗ്രഹമായിരുന്നു, ഡാൻസ് പഠിക്കണം, കളിക്കണം എന്നുള്ളത്. അതു മാത്രമല്ല, ഞാൻ ഒരു സംഗതി കേട്ടിട്ടുണ്ട്, നമ്മൾ ഒരു കാര്യം തീവ്രമായി ആഗ്രഹിച്ചാൽ , അതു സാധിക്കാതെ എങ്ങാനും തട്ടിപ്പോയാൽ ആത്മാവ് പരലോകത്തേക്ക് പോകാതെ , ആഗ്രഹം സാധിക്കുന്നതു വരെ ഇവിടെത്തന്നെ ചുറ്റിപ്പറ്റി അലയും എന്ന്. അങ്ങനെ എങ്ങാനും വന്നാൽ ചേട്ടന് അത് ബുദ്ധിമുട്ടാവൂല്ലേ .... എന്നോർക്കു മ്പോഴാ .. ഒരിത്..
ശരി... ശരി...എന്നാൽ നീ തീരുമാനിക്ക്. കളിച്ച്, കളിച്ച് അവസാനം കുളമാക്കരുത് എന്നേ എനിക്ക് പറയാനുള്ളൂ, സാം പറഞ്ഞു.
ഏയ് ഇല്ല. , ഞാൻ നന്നായിട്ടേ കളിക്കൂ എന്നു പറഞ്ഞ്, ഭർത്താവ് അനുവാദം തന്നതിൽ സന്തോഷിച്ച് ഭർത്താവിനെ കെട്ടിപ്പിടിച്ച് ഒരുമ്മയും കൊടുത്ത് അവൾ, വന്ന വേഷം മാറ്റിയുടുത്ത് അടുക്കളയി ലേക്ക് പോയി.
ചായയ്ക്കുള്ള വെള്ളം തിളപ്പിക്കാൻ ഗ്യാസ് സ്റ്റൗ ഓണാക്കി അതിൽ പാത്രം വയ്ക്കുമ്പോൾ , ഏതൊക്കെ ഡാൻസിൽ ചേരണം എന്ന കാര്യത്തിൽ അവൾ കണക്കുകൂട്ടലുകൾ നടത്തി.
സാമിന് ചായ കൊടുത്തതിനു ശേഷം , അവൾ തന്റെ ചായയുമെടുത്ത് , ഫോണും കൈയ്യിൽ പിടിച്ച് വീടിന്റെ സിറ്റൗട്ടിൽ വന്നിരുന്നു. എന്നിട്ട് അവൾ ഫോണെടുത്ത് പ്രസിഡണ്ട് സൈമൺ ചേട്ടന്റെ ഭാര്യയായ റാണിയെ വിളിച്ച് ഏത് ഡാൻസിനങ്ങളാണ് പരിപാടിക്ക് ഉള്ളത് എന്ന വിവരം തിരക്കി.
റാണി പറഞ്ഞു, മിന്നൂ... തിരുവാതിര, ഒപ്പന, മാർഗ്ഗംകളി, കോലുകളി, ഫ്യൂഷൻ ഡാൻസ് എല്ലാമുണ്ട്. നീ പങ്കെടുക്കുന്നുണ്ടോ ഏതിനെങ്കിലും?
ഞാൻ ആലോചിക്കുകയാണ് റാണി ചേച്ചീ..
മിന്നൂ.. നീ ആലോചിച്ചോ ? ഏതായാലും നിന്റെ പേരെഴുതാം.. കേട്ടോ..
എന്നാൽ ഒരു കാര്യം ചെയ്യ് റാണി ചേച്ചീ... എല്ലാറ്റിനും എന്റെ പേര് കൊടുക്ക്.
അതു വേണോ മിന്നൂ... എല്ലാം പഠിച്ചെടുക്കാൻ സമയമില്ലല്ലോ. നമുക്ക് മുന്നിൽ രണ്ടു മാസമേ സമയം ഉള്ളൂ...
ഞാൻ പെട്ടെന്ന് പഠിച്ചെടുത്തോളാം ചേച്ചീ.. ആത്മവിശ്വാസത്തോടെ മിന്നു പറഞ്ഞു ഫോൺ വെച്ചു.
ഇതു ഞാൻ തകർക്കും.... എന്നവൾ ചിന്തിച്ചു.
പിറ്റേ ദിവസം, സാമിനെ ഓഫീസിലേക്ക് യാത്രയാക്കിയതിനു ശേഷം,വീട്ടിലെ ജോലികൾ ഒന്നൊതുക്കി, അവൾ വീടിനടുത്തുള്ള ക്ലബിലേക്ക് പോയി.
അവിടെ കുറച്ചു പേർ വന്നിട്ടുണ്ടായിരുന്നു, വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് പേര് കൊടുക്കുന്നതിന്റെ തിരക്കായിരുന്നു.
ഓരോ ഡാൻസ് പഠിക്കുന്നതിന് ഒരു ദിവസം ഇത്ര മണിക്കൂർ എന്ന് കണക്കാക്കി നിശ്ചയിച്ചു. അധികം വൈകാതെ പ്രാക്ടീസ് ആരംഭിച്ചു. മിന്നു ഓടി നടന്ന് പ്രാക്ടീസ് ചെയ്തു തുടങ്ങി.
അവൾക്ക് ആരോടൊക്കെയോ, എന്തിനോടൊക്കെയോ ഒരു വാശി ആയിരുന്നു. അടുക്കളയിൽ ജോലിയിലായിരിക്കുമ്പോഴും, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണെങ്കിലും, വസ്ത്രങ്ങൾ ഇസ്തിരിയിടുമ്പോഴും എന്തിനേറെ പറയുന്നു, രാത്രിയിൽ ഉറക്കത്തിൽ പോലും അവൾ ഡാൻസ് പ്രാക്ടീസ് നടത്തിയിരുന്നു. ഉറക്കത്തിലും അവളുടെ പ്രാക്ടീസ് കാരണം സാമിന് ഉറക്കം തന്നെ നഷ്ടപ്പെട്ട അവസ്ഥ ആയി.
അവസാനം സഹിക്കെട്ട്, സാമിന്റെ കിടപ്പ് സ്വീകരണമുറിയിലെ സോഫയിലേക്ക് മാറി. എന്നിട്ടുപോലും പതറാതെ മിന്നുവിന്റെ ഡാൻസ് പ്രാക്ടീസ് പുരോഗമിച്ചു കൊണ്ടിരുന്നു.
വളരെ വേഗം തന്നെ രണ്ടു മാസം കടന്നു പോയി. ക്ലബിന്റെ വാർഷികാഘോഷം വന്നെത്തി. അതിന്റെ തലേ ദിവസം പരിപാടികളുടെ റിഹേഴ്സൽ നടക്കുന്നതിനിടയിൽ മിന്നു , റാണിയെ മാറ്റി നിർത്തിയിട്ട് പറഞ്ഞു,
എനിക്ക് ഒരു കാര്യം പറയാനുണ്ട് ചേച്ചീ...
എന്തു പറ്റീ...റാണി ചോദിച്ചു.
ചേച്ചീ... ഞാൻ ഒരു ഡാൻസും പൂർണ്ണമായും പഠിച്ചിട്ടില്ല. അതു കൊണ്ട് ചേച്ചീ...സിംഗിൾ ഡാൻസ് ഇതിൽ ഉൾപ്പെടുത്താമോ? ഞാൻ തന്നെ അത് കളിച്ചോളാം.
ഞാൻ അന്നേ പറഞ്ഞതാ.... എല്ലാത്തിനും പേര് കൊടുക്കണ്ടാന്ന്.... റാണി ചൂടായി.
എന്റെ ചേച്ചീ ... പറ്റിപ്പോയി ... അല്ലേലും സിംഗിൾ ഡാൻസ് എന്ന പരിപാടി ഇല്ലെങ്കിൽ നമുക്ക് മോശമല്ലേ ... ചേച്ചീ സൈമൺ ചേട്ടനെ വിളിച്ചു ഒന്നു പറയ്..
റാണി തന്റെ ഫോണെടുത്ത് ഭർത്താവിനെ വിളിച്ചു കാര്യം പറഞ്ഞു . അല്പ സമയത്തെ സംസാരത്തിനു ശേഷം, റാണി മിന്നുവിനോട് ' ഓകെ' എന്നു പറഞ്ഞു. അതു കേട്ട് മിന്നുവിന്റെ മുഖം തെളിഞ്ഞു.
അന്നത്തെ റിഹേഴ്സൽ കഴിഞ്ഞു.
പിറ്റേന്ന് രാവിലെ പത്തു മണിക്ക് ക്ലബിന്റെ വാർഷികാഘോഷം തുടങ്ങുകയായി. സ്വാഗത പ്രസംഗത്തിനു ശേഷം , ഒരു പ്രശസ്ത നർത്തകിയാണ് ഉത്ഘാടനം നിർവ്വഹിക്കുന്നത്. തുടർന്നുള്ള പ്രസംഗവും, വേദിയിലുള്ള മറ്റു ക്ഷണിതാക്കളുടെ പ്രസംഗങ്ങളും കഴിഞ്ഞപ്പോൾ, കലാപരിപാടികളുടെ ഊഴമെത്തി.
സ്റ്റേജിന്റെ പിന്നിൽ, പരിപാടികൾ അവതരിപ്പിക്കാൻ, തങ്ങളുടെ ഊഴം കാത്ത് , മേയ്ക്കപ്പ് ഇട്ടു നില്ക്കുന്നവർ ഉണ്ട്. അക്കൂട്ടത്തിൽ മിന്നുവും സ്വന്തമായി മേയ്ക്കപ്പ് ഇട്ട് ഇരിക്കുകയാണ്. അവളുടെ നെഞ്ച് പെരുമ്പറ കൊട്ടുകയാണ്. ആദ്യമായാണ് സ്റ്റേജിൽ കയറാൻ പോകുന്നത്. അതിന്റെ ടെൻഷൻ മുഴുവനും അവളുടെ ശരീരഭാഷയിൽ കാണാം.
ഒരു ധൈര്യത്തിനായി അവൾ റാണിയുടെ മുഖത്തേക്ക് നോക്കി. റാണി കണ്ണുകൾ കൊണ്ട് ആക്ഷൻ കാണിച്ച് ധൈര്യമായിരിക്കാൻ സൂചന കൊടുത്തു.
ഒരു ഘട്ടത്തിൽ മിന്നു റാണിയോട് ചോദിച്ചു,
ചേച്ചീ... ഡാൻസ് കളിക്കുമ്പോൾ വേദിയിൽ കർട്ടനിടാമോ...?
ഒറ്റ അടി വച്ചു തരും ട്ടോ ... ആളുകൾക്ക് കാണണ്ടേ...
അപ്പോഴേക്കും, വേദിയിൽ നിന്നും അനൗൺസ് വന്നു, "ആദ്യമായി സിംഗിൾ ഡാൻസ് ആണ് അവതരിപ്പിക്കാൻ പോകുന്നത്. കളിക്കുന്നത്, ശ്രീമതി. മിന്നു സാം ആണ് ".
തന്റെ പേരു വിളിക്കുന്നതു കേട്ട മിന്നു ഞെട്ടി. വിറയാർന്ന കാല്പാദങ്ങൾ കൊണ്ട് അവൾ സ്റ്റേജിലേക്ക് കയറി.
അടുത്ത നിമിഷം കർട്ടൺ മാറിയപ്പോൾ, അവൾ മുന്നിലേക്ക് നോക്കി. ഏറ്റവും മുന്നിലുള്ള ഇരിപ്പിടത്തിൽ തന്റെ കെട്ടിയോൻ സാം ഇരിക്കുന്നത് കണ്ടു.
അതോടു കൂടി അവൾക്കൊരു ധൈര്യവും ആവേശവും വന്നു. തന്നെ ഇട്ടേച്ചു സോഫയിലേക്ക് കുടിയേറിയ ആളല്ലേ.... തന്റെ ഡാൻസ് എങ്ങനെയുണ്ടെന്ന് കാണിച്ചു കൊടുക്കണം...
പശ്ചാത്തലത്തിൽ ഏതോ ഒരു സിനിമയുടെ പാട്ട് ഉയർന്നു.
ശ്ശൊ ! ഈ പാട്ട് ... ഞാൻ കേട്ടിട്ടില്ലല്ലോ...,
അയ്യയ്യോ... ഏതു പാട്ട് വേണം എന്നു പറയാൻ വിട്ടു പോയല്ലോ ....എന്നവൾ ചിന്തിച്ചു. ങ്ഹാ '.. ആലോചിച്ചു നില്ക്കാൻ സമയമില്ല, കളിക്കുക തന്നെ. അവൾ കളിച്ചു തുടങ്ങി.
മിന്നുവിന്റെ ഡാൻസ് കണ്ടപ്പോൾ ....
തിരുവാതിരയാണോ, ഒപ്പനയാണോ, മാർഗ്ഗംകളിയാണോ, ഫ്യൂഷനാണോ എന്ന കൺഫ്യൂഷനിലായിരുന്നു പരിപാടികൾ വീക്ഷിച്ചു കൊണ്ടിരുന്ന സദസ്സിലുള്ളവർക്ക്.
സുമി ആൽഫസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo