Slider

...... ഉന്നം മറന്ന് തെന്നിപ്പറന്ന്.....

0
...... ഉന്നം മറന്ന് തെന്നിപ്പറന്ന്.....
രാമേട്ടാ.......
രണ്ടു ദിവസം കഴിഞ്ഞാൽ മോൾക്ക്‌ കടിശ്ശിഖ തീർത്ത് ഫീസ് കൊടുക്കണം. പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് എന്നാലേ ഹാൾ ടിക്കറ്റ് കിട്ടുകയുള്ളു.
ഞാൻ അന്നേ പറഞ്ഞതാണ് മോളെ കൊമ്പത്തെ സ്കൂളിൽ ഒന്നും കൊണ്ടെ ചേർക്കണ്ടാന്ന്.. എന്റെ വാക്കിനിവിടെ ഒരു വിലയും ഇല്ലല്ലോ. സി ബി എസ് സി പഠിപ്പിച്ച് എന്തു മല മറിയ്കാനാണ്. വല്ല സർക്കാർ സ്കൂളിലും ചേർത്തിരുന്നെങ്കിൽ എത്ര പൈസ ഇങ്ങോട്ട് കിട്ടുമായിരുന്നു. ഇത് മുന്തിയ മാനേജ്മെൻറ് സ്കൂളല്ലേ മാസാമാസം നല്ലൊരു തുക ഫീസായി കൊടുക്കണം.
രാധൂ.....
എന്നാലും എന്താ നമ്മുടെ മകൾ പഠിക്കാൻ മിടുക്കി ആണെന്നല്ലേ സ്കൂളിലെ ടീച്ചേഴ്സ് എല്ലാം പറയുന്നത് .
അതൊക്കെ ശരി തന്നെയാണ്. ഫുൾ എപ്ലസ് കിട്ടും എന്നാണ് ടീച്ചേഴ്‌സ് പറയുന്നത്.
പിന്നെ പാട്ടിലും ഡാൻസിലും ഓട്ടത്തിനും ചാട്ടത്തിനും എല്ലാം നമ്മുടെ കൊച്ച് മുന്നിലല്ലേ.
അതൊക്കെ ശരി തന്നെ പക്ഷെ പൈസയ്ക്ക് പൈസ തന്നെ വേണ്ടേ.
ഫീസിനു ഫീസ്. ഇടയ്ക്കിടയ്ക്ക് ഡൊണേഷൻ. അതും പോരാഞ്ഞ് പത്താം ക്ലാസ്സ് പരീക്ഷ നടക്കുന്ന സെന്ററിലേക്ക് ഉള്ള സ്പെഷ്യൽ ബസ്സ് ഫീസ് തന്നെ കൊടുക്കണം മുന്നൂറു രൂപ. അതുണ്ടായിരുന്നെങ്കിൽ ഒരാഴ്ചത്തേക്കുള്ള അരി വാങ്ങാമായിരുന്നു.
എന്റെ രാധൂ,
എനിക്കോ നല്ല വിദ്യഭ്യാസം തരാൻ വീട്ടുകാർക്ക് ആയില്ല അതിന്റെ വിഷമം തീർക്കാൻ അല്ലെ നമ്മുടെ മോളെ നല്ല സ്കൂളിൽ വിട്ടു പഠിപ്പിക്കാം എന്ന് കരുതിയത് അതൊരു തെറ്റാണോ?
പിന്നെ തനിക്ക് നല്ല ഉയർന്ന ജോലിയില്ലെ. ചില മാസങ്ങളിൽ നാലക്ക അഞ്ചക്ക ശമ്പളമില്ലേ പിന്നെന്താ നമ്മുടെ ഒരേ ഒരു മകളെ നല്ല സ്കൂളിൽ വിടുന്നതിൽ നിനക്ക് ഒരെതിർപ്പ്.
എന്റെ മനുഷ്യാ നിങ്ങടെ എട്ടാം ക്ലാസ്സും ഗുസ്തിയും കൊണ്ടുള്ള ഉയർന്ന ജോലിയെ പറ്റി അധികം പറയല്ലേ. പിന്നെ നാലക്ക അഞ്ചക്ക ശമ്പളം. കഴിഞ്ഞൊരു മാസമായി രണ്ടക്ക ശമ്പളവും വരുമാനവും ഇല്ലാത്ത നിങ്ങടെ ഒരു പൊങ്ങച്ചം.
ഞാൻ തൊഴിലുറപ്പിന് പോകുന്നതു കൊണ്ടാണ് ഇപ്പോൾ കഞ്ഞി കുടിക്കുന്നതും വീടു കഴിയുന്നതും എന്ന് മറക്കണ്ട.
എന്താടീ എന്റെ ജോലിയെ പറ്റി നിനക്കൊരു പുച്ഛം. ഈ പരിസരത്ത് എന്റത്ര ഉയരത്തിൽ ജോലി ചെയ്യുന്ന വേറെ ആരെങ്കിലും ഉണ്ടോ?
പിന്നെ പൈലറ്റുദ്യോഗം അല്ലെ നിങ്ങൾക്ക്, ജോലി തെങ്ങുകയറ്റം ആണെങ്കിലും പറയുന്നത് കേട്ടാൽ മതി ഉയർന്ന ഉദ്യോഗം. എന്നിട്ടെന്താ ഒരു മാസം ആയിട്ട് ലീവാണല്ലോ, അതോ പ്രമോഷൻ ആണോ.
ശരിയാണ് ഞാൻ ഒരു നല്ല തെങ്ങുകയറ്റത്തൊഴിലാളിയാണ്. തനിക്കതിൽ അഭിമാനമേ ഉള്ളൂ .
എല്ലാ ദിവസവും പണിക്കും പോകുമായിരുന്നു. നന്നായി പൈസയും കിട്ടുമായിരുന്നു.
കഴിഞ്ഞ മാസം പാലക്കൽ തറവാട്ടിൽ തേങ്ങ ഇട്ടു കൊണ്ടിരിക്കുന്ന സമയം. താഴെ നിന്ന് പാലക്കലെ കാരണവർ വിളിച്ചു പറഞ്ഞു. എല്ലാ തെങ്ങിന്റെയും അണ്ടം നന്നായി ക്ലീൻ ചെയ്തേക്ക്, കുറെ നാളായി കായ്ഫലം നന്നേ കുറവാണ്. ഈ മാസം എല്ലാ തെങ്ങിനും ചെളിയും വളവും നന്നായി ഇട്ടിട്ടുണ്ട്. തേങ്ങക്കും ഇപ്പോൾ നല്ല വിലയുണ്ട്. താൻ അത് കേട്ട് താൻ ഇരിക്കുന്ന തെങ്ങിന്റെ അണ്ടമെല്ലാം നന്നായി ക്ലീൻ ചെയതു. കച്ചറകൾ എല്ലാം താഴോട്ട് വലിച്ചെറിഞ്ഞു . ഒണക്കമടലും കൊതുമ്പും എല്ലാം താഴോട്ട് എറിഞ്ഞ കൂട്ടത്തിൽ ഒരു കാക്കക്കൂടും ഉണ്ടായിരുന്നു. സത്യത്തിൽ ആ കാക്ക ക്കൂട്ടിൽ രണ്ടു കാക്കമുട്ടകൾ ഉണ്ടായിരുന്നത് ഞാൻ കണ്ടില്ല. വൃത്തിയാക്കൽ എല്ലാം കഴിഞ്ഞ് മൂത്ത ഒരു കൊല തേങ്ങ വെട്ടി കൊണ്ടിരുന്നപ്പോൾ കാ കാ എന്ന് കരഞ്ഞ് വിളിച്ച് രണ്ടു കാക്കകൾ പറന്നെത്തി. അടുത്ത കൊല വെട്ടുന്നതിനു മുമ്പുതന്നെ കാക്കകളുടെ എണ്ണം നാലായി പിന്നെ ആറായി അങ്ങിനെ കൂടി കൊണ്ടിരുന്നു. അവ കൂട്ടം കൂടി എന്നെ കൊത്താൻ തുടങ്ങി. സംഗതി പന്തിയല്ലെന്ന് കണ്ട് ഞാൻ പെട്ടെന്ന് താഴേക്ക് ഇറങ്ങി തുടങ്ങി. പണ്ട് തളപ്പിട്ട് താഴോട്ട് ഊർന്നിറങ്ങാമായിരുന്നല്ലോ ഇപ്പോൾ യന്ത്രസഹായത്തോടെ ആണല്ലോ കേറ്റവും ഇറക്കവും. അതിനാൽ കേറുന്നതിനേക്കാൾ സ്പീഡ് കുറവാണ് ഇറങ്ങാൻ. ഏതായാലും കാക്കകൾ അധികം എത്തിതുടങ്ങുന്നതിനു മുമ്പ് താഴെയെത്തി .
പറമ്പിൽ കിളച്ചു കൂനകൂട്ടി യിരിക്കുന്ന മൺകൂനകളിൽ ഒന്നിൽ ഇരുന്ന് വിയർപ്പ് ഒന്നാറിയപ്പോൾ അല്പം വെള്ളവും കുടിച്ച് താൻ അടുത്ത തെങ്ങിൽ കയറാൻ തുടങ്ങി. ഏകദേശം പകുതിയോളം കയറിയപ്പോഴേക്കും എവിടെയെല്ലാമോ ഒതുങ്ങിയിരുന്ന കാക്കകൾ പറന്നു വന്ന് തലയിലും കൈകളിലും മൃഗീയമായി കൊത്തി പരിക്കേൽപ്പിക്കാൻ തുടങ്ങി. ഒരു കൈ കൊണ്ട് തെങ്ങിൽ ചുറ്റി പിടിച്ച് മറുകൈ കൊണ്ട് കാക്കകളെ ഓടിക്കാൻ ഉളള ശ്രമങ്ങൾ വിഫലമായി. കുറച്ചു നേരം കൊണ്ട് എല്ലാ തെങ്ങിലും കാ കാ വിളിയോടെ കാക്കകൾ നിറഞ്ഞു. പിന്നെയും പിന്നെയും കാക്കകളെ ഓടിക്കാൻ ഉള്ള എല്ലാ ശ്രമങ്ങളും വൃഥാവിലായി. മുകളിലേക്ക് കയറാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നു, ഒരടി പോലും മുകളിലേക്ക് കയറാൻ കാക്കകൾ സമ്മതിക്കില്ല എന്ന് മനസ്സിലായി ചിലപ്പോൾ പിടിവിട്ട് താഴെ വീഴാനും സാദ്ധ്യത ഉണ്ടെന്ന പേടിയോടെ താഴോട്ട് ഇറങ്ങി. ഇന്നിനി ജോലി തുടരുന്ന കാര്യത്തിന് ഒരു തീരുമാനമായി. അതിനാൽ ബാക്കി കയറാനുള്ള തെങ്ങുകൾ നാളെ വന്ന് കയറാം എന്നും പറഞ്ഞ് വീട്ടിലേക്ക് പോന്നു.
വീട്ടിൽ എത്തിയപ്പോൾ രാധു ചോദിച്ചു.
ഇന്നെന്താ നേരത്തെ പണി കഴിഞ്ഞോ
ഉം, വിശദമായൊന്നും പറയാൻ നിന്നില്ല.
വല്ലാത്ത ചൂട് മൊത്തം വിയർത്തിരിക്കുന്നു ഞാൻ കുളിച്ചിട്ട് വരാം. ഭക്ഷണമെടുത്ത് വച്ചോ. ഉടനെ വരാം.
ശരീരത്ത് വെള്ളം വീണപ്പോൾ എവിടെയെല്ലാമോ വല്ലാത്ത നീറ്റൽ.
പിറ്റേ ദിവസം രാവിലെ പാലക്കൽ തറവാട്ടിലെത്തി. ബൈക്ക് തണലത്ത് ഒതുക്കി വച്ചു. ഹെൽമറ്റ് ഊരി ഹാൻഡിലിൽ തൂക്കി .
തന്റെ വരവും പ്രതീക്ഷിച്ച് കാരണവർ കസേരയിൽ ഇരിയ്ക്കുന്നുണ്ട്.
തെങ്ങുകയറാനുള്ള മെഷീൻ ഒക്കെ റെഡി ആക്കി വച്ചു. വന്ന ഡ്രെസ്സ് മാറി തോർത്തെടുത്ത് ഉടുത്തു. മൂർച്ചയുള്ള അരിവാൾ എടുത്ത് മുതുകിൽ തൂക്കി . തെങ്ങിന്റെ താഴെ എത്തി മുകളിലേക്ക് നോക്കി. ഭാഗ്യം ഒരൊറ്റ കാക്കയെ പോലും കാണുന്നില്ല. കാക്കകൾ ഇന്നലത്തെ കാര്യമെല്ലാം മറന്നെന്നു തോന്നുന്നു, സമാധാനമായി.
ദൈവത്തെ മനസ്സിൽ വിചാരിച്ച് തെങ്ങിൽ തൊട്ടു തൊഴുത് പയ്യെ പയ്യെ മുകളിലേക്ക് കയറി തുടങ്ങി. പോക്കറ്റിൽ കിടന്ന ഫോണിൽ ഏതോ മെസേജ് വന്നതിന്റെ ട്യൂൺ കേട്ടു, ഫോൺ എടുത്ത് നോക്കി ലാസറുചേട്ടന്റ വോയ്സ് മെസേജാണ്. ഇന്ന് രാവിലെ ചേട്ടന്റെ വീട്ടിൽ ചെന്ന് തെങ്ങുകയറി കൊടുക്കാം എന്ന് പറഞ്ഞിരുന്നതിനാൽ ചേട്ടൻ കാത്തു നിൽക്കുന്നു എന്ന മെസേജാണ്.
നമ്മൾ ഒക്കെ മെസേജ് അയയ്ക്കുന്നതിനേക്കാൾ സ്പീഡിൽ ആണെന്ന് തോന്നുന്നു കാക്കകൾ വോയ്സ് മെസേജ് പാസ്സ് ചെയ്യുന്നത്.
" ദേ ആ കാക്കക്കൂട് പൊളിച്ചവൻ തെങ്ങേൽ കേറുന്നുണ്ട് പെട്ടെന്ന് വാ " എന്ന് കാക്കകൾ വോയ്സ് മെസേജ് വിട്ടെന്ന് തോന്നുന്നു. ഏതായാലും നിമിഷങ്ങൾക്കകം പറമ്പിലെ മരങ്ങൾ എല്ലാം കാക്ക കളെ കൊണ്ട് നിറഞ്ഞു. എന്നെ ഇനി ഒറ്റ തെങ്ങിലും കയറ്റില്ല എന്ന ഭീഷ്മശപഥം കാക്കകൾ ചെയതിട്ടുണ്ടോ എന്നറിയില്ല. അവ എന്നെ തലങ്ങും വിലങ്ങും കൊത്തിയും കാലുകൾ കൊണ്ട് മാന്തിയും എന്നെ ശല്യപ്പെടുത്തി കൊണ്ടേയിരുന്നു. ഒട്ടും മുകളിലേക്ക് കേറാനാവാതെ മൊത്തം ചോരയൊലിപ്പിച്ച് ഞാനന്നും താഴെ ഇറങ്ങി.
പിന്നെ ഒരിക്കലും എനിക്ക് തെങ്ങുകയറാൻ സാധിച്ചിട്ടില്ല. ചേർത്തല താലൂക്കിലെ പല പല സ്ഥലങ്ങളിലും ചെന്ന് തെങ്ങ് കയറാൻ ശ്രമിച്ചെങ്കിലും എവിടെ നിന്നെല്ലാമോ പറന്നു വരുന്ന കാക്കകൾ എന്നെ ആക്രമിച്ച് താഴെ ഇറക്കും. ഒന്നു രണ്ടു തവണ തെങ്ങിൽ നിന്ന് താഴെ വീഴാനും കാക്കക്കൂട്ട ആക്രമണങ്ങൾ വഴി വച്ചു. വലിയ ഉയരത്തിൽ നിന്നല്ലായിരുന്നതിനാൽ വലിയ പരിക്കേറ്റില്ല.
തന്റേയും ഭാര്യയുടേയും തർക്കങ്ങൾ കേട്ടു നിന്ന മകൾ ഒരഭിപ്രായം പറഞ്ഞു.
അച്ഛാ അച്ഛനു കാക്കകളെ പേടിക്കാതെ തെങ്ങിൽ കയറാനുള്ള ഒരു സൂത്രം ഞാൻ പറഞ്ഞു തരട്ടെ.
അച്ഛന്റെ മണ്ടത്തരം മൊത്തം കിട്ടിയിട്ടുണ്ടല്ലോ ഏതെങ്കിലും മണ്ടത്തരം പറയാനായിരിക്കും മോളുടെ നീക്കം....... ഭാര്യയുടെ പരിഹാസം .
മോൾ ധൈര്യമായിട്ട് പറഞ്ഞോ മോളെ ഞാൻ പ്രോത്സാഹിപ്പിച്ചു.
ഇപ്പോഴത്തെ പിള്ളേർ ഒക്കെ ഹൈ ടെക് പിള്ളേർ അല്ലെ എന്തെങ്കിലുമെല്ലാം നല്ല ടെക്നിക് കിട്ടുമോ എന്നു നോക്കാം.
അച്ഛൻ എന്നും ടൂവീലറിനല്ലേ പണിക്ക് പോകുന്നത്, യാത്രയിൽ എന്നും ഹെൽമറ്റും ഉപയോഗിക്കാറില്ലെ അതുപോലെ തന്നെ മഴക്കാലത്ത് റെയിൻകോട്ടും ഉപയോഗിക്കാറില്ലെ.
അതൊക്കെ ശരി ഈ പറഞ്ഞതും തെങ്ങുകയറ്റവും തമ്മിൽ എന്തു ബന്ധമാണ് മോളെ അച്ഛന് മനസ്സിലായില്ല.
പറയാം.
ഈ വേഷത്തിൽ അച്ഛൻ തെങ്ങിന്റെ ചുവടു വരെ ചെല്ലാറുണ്ടല്ലോ അപ്പോൾ അച്ഛനെ കാക്കകൾ ശല്യപ്പെടുത്താറുണ്ടോ?
ഇല്ല
എങ്കിൽ ആ രീതി അച്ഛൻ തെങ്ങുകയറ്റത്തിലും തുടരുക.
ആ രീതി വർക് ഔട്ട് ആകുമോ മോളെ
ശരിയാകുമച്ഛാ. അച്ഛനും അച്ഛന്റെ രണ്ടു കൂട്ടുകാരും കൂടെ പാന്റും ഷർട്ടും ഇട്ട് റെയിൻകോട്ടും അണിഞ്ഞ് ഹെൽമറ്റും വച്ച് തെങ്ങുകയറുക എന്തു സംഭവിക്കും എന്ന് നമുക്ക് നോക്കാമല്ലോ.
അങ്ങിനെ അടുത്ത ദിവസം ഞാനും എന്റെ രണ്ടു തെങ്ങുകയറ്റത്തിനു പോകുന്ന കൂട്ടുകാരും കൂടെ മോളു പറഞ്ഞ രീതിയിൽ തെങ്ങുകയറാൻ പുറപ്പെട്ടു.
ഭാര്യയുടെ വക കമന്റ് അപ്പോഴും ഉണ്ടായി.
നിങ്ങൾ മൂന്നുപേരും ഇരട്ടപെറ്റവർ ആണോ?
"ഇതെന്താ റാംജിറാവിന്റെ ക്ലെമാക്സ് ആണോ?"
അതൊന്നും കേട്ട് ഞങ്ങൾ തളർന്നില്ല. ഞങ്ങൾ മൂന്നു പേരും മൂന്ന് തെങ്ങിലായി കയറി. സംഗതി ഗംഭീര വിജയം ആയിരുന്നു.
ഉന്നംമറന്ന് തെന്നി പറന്ന കാക്കകൾക്ക് എന്നെ തിരിച്ചറിയാൻ ആയില്ല.
ആദ്യ രണ്ടു ദിവസങ്ങളിൽ ഹെൽമറ്റ് വച്ച് തെങ്ങിൽ കയറുന്നത് എന്നിക്കൊരു ബുദ്ധിമുട്ടും കാണുന്നവർക്ക് ചിരിക്കാനുള്ള ഒരു കാരണവും ആയിരുന്നു. പിന്നീടെല്ലാം ശീലമായി.
ഏതായാലും എന്റെ ജോലിയില്ലാ നാളുകൾക്ക് അറുതിയായി.
കാക്കകൾ അവരുടെ കൂടു പൊളിച്ചവനെ തപ്പി നടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയി. എങ്കിലും ഹെൽമറ്റ് ഒഴിവാക്കി തെങ്ങു കയറാം എന്ന പരീക്ഷണത്തിന് ഞാനും മുതിർന്നില്ല.
ഏതായാലും ജീവിതം ഹാപ്പിയാണ്.

Anil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo