നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#ഞാൻ_എന്ന_എന്നിലേക്കുള്ള_ദൂരം

ഒരു മനോഹാരിതയും അവകാശപ്പെടാനില്ലാത്ത ഒരു രാത്രിയിലുടെയാണ് എന്റെ യാത്ര. അല്ലെങ്കിൽ ആ രാത്രിയുടെ സൗന്ദര്യത്തെ ആസ്വദിക്കാതെയുള്ള യാത്രയുമാവാം. കുറച്ച് മുൻപ് വരെ ഞാനൊരു ഗാഢനിദ്രയിലായിരുന്നു.
അപ്പോൾ ഇത് സ്വപ്നമായിരിക്കുമോ? അതോ സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടയ്ക്കെവിടെയോ, മനസ്സെന്ന മായക്കണ്ണാടി കാണിച്ചു തരുന്ന മായക്കാഴ്ചയോ
കണ്ണു നീരിന്റെ നനവില്ലെങ്കിലും ഉള്ളിൽ തിങ്ങിനിൽക്കുന്ന വിഷാദവും പേറി തല താഴ്ത്തിയാണ് നടക്കുന്നത്. കണ്ണുകൾ ഓരോ കാൽവയ്പുകളിലും എന്തോ തിരയുന്നു. ഉന്തി നിൽക്കുന്ന എല്ലുകളാലും ചുളിവുകളാലും വിരൂപമായിരിക്കുന്ന കാലുകൾ. അവയെ മറച്ചിരുന്ന പാദുകങ്ങളെ തേടുന്നതായിരിക്കുമോ?. വിണ്ടുകീറിയതും തഴമ്പിച്ചതുമായ കാലടികളിൽ ചെറുതരികല്ലുകൾ തറഞ്ഞുകയറുന്നതിന്റെ അസഹ്യമായ വേദന കൊണ്ടായിരിക്കുമോ?
ദൂരെ കാഴ്ചയ്ക്കപ്പുറത്ത് നിന്നുമുള്ള ഏതോ ഒരു വെളിച്ചമാണ് മുന്നിലെ കാഴ്ചകൾ പകർത്തുന്നത്. ഇരുവശവും കുറ്റിച്ചെടികൾ തിങ്ങിനിൽക്കുന്ന ഒരു ഇടുങ്ങിയ നാട്ടുവഴിയിലൂടെയാണ് യാത്ര.
അരോചകമാംവിധം കാതുകളിൽ ഇരച്ചു കയറുന്ന, ചീവീടുകളുടെ ചിലമ്പൊച്ച. കൂട്ടിന് ദൂരെയേതോ മരത്തിൽ പേരറിയാക്കിളികളുടെ കുറുകലും. ഒരിക്കലും ഭയപ്പെടുത്തിയിട്ടില്ലാത്ത ഇരുട്ടിനെ നേരിടാനുള്ള ഭയമാണോ ഈ തല കുമ്പിട്ടുള്ള നടത്തം. അതോ ഭയമില്ലായ്മ എന്ന പൊയ്മുഖം അടർന്നു വീണതാകുമോ?
ഉള്ളിലെ വിഷാദഭാവത്തിന്റെ കാരണമെന്തെന്ന ചിന്തയിലിരിക്കെ, പുറകിലായി വളരെ നേർത്ത ശബ്ദത്തിലുള്ള ചില സംസാരങ്ങൾ, ചിരികൾ. പക്ഷെ തിരിഞ്ഞു നോക്കാൻ മടിക്കുന്നു. ഒന്നല്ല ഒന്നിൽ കൂടുതൽ പേരുണ്ട്. അവർ പരസ്പരം ചിരിച്ച് സംസാരിച്ച് പുറകെ നടക്കുന്നുണ്ട്. അതെല്ലാം പരിചിതമായ ശബ്ദങ്ങളാണ്.
ആ ശബ്ദങ്ങളെ അവഗണിച്ചുകൊണ്ടു മുന്നോട്ട് നടക്കുകയാണ്. നടത്തത്തിന് അല്പം വേഗത കൂടുതലാണ്. കൂടുന്ന ഹൃദയമിടിപ്പ് ഭയത്തിന്റേതല്ല സങ്കടത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞു.
പൊടുന്നനെ ഇടതുവശത്തുനിന്നും ഒരു ഇരുണ്ട നിഴൽരൂപം എന്നെ മറികടന്ന് ആ ശബ്ദങ്ങളിലേക്ക് കൂടിച്ചേരുന്നു. അവരുടെ ചിരിയും സംസാരവും കുറച്ചുകൂടെ ഉച്ചത്തിലായി. എന്റെ ഹൃദയമിടിപ്പും. ആ നിഴൽരൂപത്തിന്റെ പരിചിതശബ്ദം കാതുകൾക്ക് വേദനയാകുന്നു.
ആദ്യത്തെ ശബ്ദങ്ങളെ സ്വയം അവഗണിച്ചപ്പോൾ ഇല്ലാതിരുന്ന ഒരു വീർപ്പുമുട്ട് ആ നിഴൽരൂപത്തിന്റെ അവഗണനയോടൊപ്പം മുള പൊട്ടി. അവിടെ നിന്നും ഓടി മറയണമെന്ന് തോന്നി. എന്റെ നിദ്രയിലേക്ക് യാഥാർഥ്യത്തിലേക്ക് ഓടിയടുക്കുവാൻ മനസ്സ് വെപ്രാളപ്പെടുന്നു.
കാലുകൾക്ക് വേഗത കുടുന്നു. മനസ്സിലെ ഭാരം കാലുകൾക്ക് വേണ്ടത്ര ശക്തി നൽകുന്നില്ല. ഓടുകയാണ്. മുന്നിൽ കാണുന്ന വഴികളിലൂടെ. ഓട്ടത്തിനിടയിൽ മുഖത്തേക്ക് അഴിഞ്ഞുവീണ് കാറ്റിൽ പറക്കുന്ന മുടിയിഴകൾ കാഴ്ചയെ മറക്കുന്നു.
ഓട്ടത്തിനിടയിൽ കാറ്റിനൊപ്പം ദേഹം തുളച്ച് കയറുന്ന തണുപ്പ്. അലോസരമായി മുഖത്ത് പതിക്കുന്ന പ്രാണികൾ. കാലിൽ തറഞ്ഞു കയറുന്ന കല്ലുകളെ രക്തമയമാക്കി ഓടുമ്പോഴും മനസ്സും ശരീരവും കിതയ്ക്കുകയാണ്. വഴിയിലെ മുൾച്ചെടികളും കാലിൽ മുറിവേൽപിക്കുന്നുണ്ട്. അതൊന്നും ഗൗനിക്കാതെ ഓടുകയാണ്.
ആനിഴൽരൂപവും എന്നെ പിൻതുടർന്ന് ഓടുന്നുണ്ട്. ആ രൂപത്തിന്റെ കിതപ്പും കാലുകളുടെ ചലനവും കാതിൽ പതിക്കുന്നുണ്ട്. തിരിഞ്ഞു നോക്കാൻ ആഗ്രഹിച്ചിട്ടും അതിന് അനുവദിക്കാത്ത എന്തോ ഒന്ന് ആ നിഴൽരൂപത്തിനും എനിക്കുമിടയിലുണ്ട്. അടുത്തടുത്ത് വരുന്തോറും അകലത്തിലേക്കോടുവാൻ മനസ്സ് വെമ്പുന്നു.
മനസ്സിനൊപ്പം ശരീരം എത്തുന്നില്ല വേച്ചു പോകുന്ന കാൽവയ്പുകൾ. ഉള്ളിലെ ഭാരം ശരീരത്തെ തളർത്തുന്നതോ അല്ലെങ്കിൽ ശരീരം ആ ഭാരത്തെ ഇറക്കികളയുന്നതോ?
അറിയില്ല.....അടിതെറ്റി വീഴാൻ പോയതും പുറകിൽ നിന്നും ആ നിഴൽരൂപം എന്നെ എത്തിപ്പിടിച്ചു. ആ കൈകളിൽ ഒരു തൂവൽ കണക്കെ ഞാൻ തളർന്നു വീണു. എന്റെ കണ്ണുകൾ അടഞ്ഞിരുന്നു.
ആ നിഴൽരൂപം എന്നെ ചേർത്ത് പിടിച്ച് കൈകളിൽ എന്റെ മുഖം താങ്ങിയെടുത്ത് മൂർദ്ധാവിൽ ചുംബിച്ചു. പരിചിതമായ ആ നിശ്വാസം തിരിച്ചറിഞ്ഞതും കണ്ണുകൾ തുറന്ന് ഞാൻ നോക്കി. എന്റെ കണ്ണുകൾക്ക് വിശ്വസിക്കാനാവുന്നില്ല. അന്നാദ്യമായി തെളിഞ്ഞ കണ്ണാടിയിലെന്ന പോലെ എന്റെ തന്നെ കണ്ണുകളിൽ ഞാൻ കണ്ടു ഓജസ്സും ആർജ്ജവവുമുള്ള എന്നെ. ഇനിയൊരിക്കലും കൈവിടാതിരിക്കാനെന്നോണം ഞങ്ങൾ പരസ്പരം ആശ്ലേഷിച്ചു. അപ്പോഴും ദൂരെയേതോ വെളിച്ചം മുന്നോട്ടുള്ള പാത വ്യക്തമാക്കുന്നുണ്ടായിരുന്നു.
✍🏻ബിനിത

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot