നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നോവൽ സാന്ദ്രം ഭാഗം 1

നോവൽ സാന്ദ്രം
ഭാഗം 1
Prologue
കുളിരുള്ളൊരു കൊച്ചു കാറ്റ് വീശി
നീന പതിയെ കണ്ണുകൾ തുറന്നു.
ഇതെവിടെ ?
ഉള്ളിൽ നിറയെ സന്തോഷമാണ്.
വേദനയില്ല... സങ്കടമില്ല ... പേടിയില്ല ... സന്തോഷവും സ്നേഹവും സഹാനുഭൂതിയും മാത്രമുള്ള ഈ സ്ഥലം...ഇതെങ്ങനെ ഇവിടെത്തി ഞാൻ ?
പുഞ്ചിരിയോടെ അവൾ ചുറ്റും നോക്കി.
ആഹാ! ഇതൊരു തടാകമാണ്. താനിരിക്കുന്നത് ഒരു ബോട്ടിലാണ്. അവൾ തിരിച്ചറിഞ്ഞു.
പതിയെ പതിയെ അവളുടെ ചുറ്റുമുള്ള കാഴ്ച്ചകൾ ഓരോന്നായി തെളിഞ്ഞു വന്നു.
ശ്വാസം നിലച്ചു പോകുന്നത്ര സൗന്ദര്യമാണാ സ്ഥലത്തിന്. ആ തടാകത്തിലെ പോലെ തെളിഞ്ഞ വെള്ളം അവളിന്നു വരെ കണ്ടിട്ടില്ല. പളുങ്കു പോലിരിക്കുന്നു. അവളുടെ ആ കൊച്ചു ബോട്ടുമായി സല്ലപിക്കുകയാണ് ഓളങ്ങൾ. പൊട്ടിച്ചിരിച്ചു കൊണ്ട് അവ ബോട്ടിനെ പതിയെ ഉലച്ചുകൊണ്ടിരുന്നു. അവൾ കുസൃതിച്ചിരിയോടെ അതു നോക്കി നിന്നു അൽപ്പ നേരം.
അപ്പോൾ മയിൽപീലിയുടെ നിറമുള്ള ഒരു പൂമ്പാറ്റ അവളുടെ തോളിൽ വന്നിരുന്നു.
"സുന്ദരിക്കുട്ടി!" അവൾ മന്ത്രിച്ചു കൊണ്ട് അതിന്റെ ചിറകുകളിൽ തലോടാനാഞ്ഞു. അപ്പൊ അത് പറന്നുയർന്ന് കരയെ ലക്ഷ്യമാക്കി നീങ്ങി.
അവിടെ...ആ കരയിൽ ... റോബിയല്ലേ അത് ?
"റോബി കരയ്വാണോ ? "
തൊട്ടപ്പുറത്തു തന്നെ അമ്മയെയും കണ്ടു അവൾ. അമ്മയും ഏങ്ങിക്കരയുന്നതു കാണാം. പിന്നെയും ആരോ ഉണ്ട് കൂടെ. വെളുത്ത ഡ്രസ്സിട്ട ഒരു പെൺകുട്ടി.
ഒരിക്കൽ കൂടി ആ സ്നേഹക്കാറ്റ് അവളെ തലോടി കടന്നു പോയി.
"എന്തിനാ എല്ലാരും കരയുന്നെ ? ഞാൻ അങ്ങോട്ട് വരണോ ?"
അവൾ ബോട്ടിലാകെ പരതി
തുഴയാൻ ഒന്നും കണ്ടില്ല അതിൽ. പക്ഷെ അവൾ മറ്റൊന്നു കണ്ടു. ആ ബോട്ട് കരയിലേക്ക് ഒരു കയറു കൊണ്ട് കെട്ടിയിട്ടിരിക്കുകയാണ്.
"ഞാനിപ്പൊ അങ്ങ്ട്ട് വരാട്ടോ" അവൾ വിളിച്ചു പറയാൻ ശ്രമിച്ചപ്പോളാണ് മനസ്സിലായത്. ശബ്ദം വെളിയിൽ വരുന്നില്ല. .
ആ കയറിൽ പിടിച്ച് വലിച്ച് കരയിലേക്ക് ചെല്ലാൻ അവൾ തീരുമാനിച്ചു.
അപ്പോൾ...ഒരു വിളി ശബ്ദം.
"നീനാ... സൂക്ഷിക്കണേ... കയറു പൊട്ടിപ്പോകല്ലേ..."
അവൾ നോക്കി.
കരയിൽ നിന്നും ആ പെൺകുട്ടിയാണതു പറയുന്നത്. അവൾ നിറഞ്ഞ പുഞ്ചിരിയോടെ നീനയെ നോക്കി കൈ വീശി. " സൂക്ഷിക്കണം. കയറു പൊട്ടിയാൽ നീ അകന്നകന്നു പൊയ്ക്കളയും. പതീയെ എണീറ്റ് ... സൂക്ഷിച്ച് ..."
അതാരാണെന്ന് മനസ്സിലായില്ല നീനക്ക്. പക്ഷേ ആ സ്വരം... അതിലെ സ്നേഹവും ആത്മാർത്ഥതയും അവളുടെ ഹൃദയം കുളിർപ്പിച്ചു.
നീന പതിയെ ബോട്ടിൽ എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ചു.
വല്ലാതെ ഒന്നുലഞ്ഞു ബോട്ട്. അവൾക്ക് ബാലൻസ് നഷ്ടപ്പെട്ടു.
വീഴാൻ തുടങ്ങിയപ്പോൾ അവൾ കണ്ടു.
ആ കയർ ... അത് വല്ലാതെ വലിഞ്ഞ് മുറുകിയിരിക്കുന്നു ഇപ്പോൾ. ഏതു നിമിഷവും പൊട്ടാം.
കരയിലെ പെൺകുട്ടി രണ്ടു കൈ കൊണ്ടും മുഖം പൊത്തി നിൽക്കുകയാണ്.

പെട്ടെന്ന് ആരോ അവർക്കിടയിലേക്ക് കയറി വന്നു.
റോബിനും അമ്മയും എഴുന്നേറ്റു നിന്നു.
വന്നയാൾ റോബിനുമായി ഹസ്ത ദാനം ചെയ്തു.
നീന വീണ്ടും കണ്ണുകൾ അടച്ചു.
****** ****** ****** ****** ****** ****** ****** ****** ****** ******
ആശുപത്രിയുടെ ഇരുണ്ട ഇടനാഴിയിലൂടെ ഫാദർ ജോസഫ് കുറ്റിയാനിക്കൽ ആരെയോ തേടുന്നതു കണ്ടാണു റോസി സിസ്റ്റർ അടുത്തേക്കു ചെന്നതു
ഈശോമിശിഹായിക്കു സ്തുതിയായിരിക്കട്ടെ അച്ഛോ..
എപ്പോഴും എല്ലായിപ്പോഴും സ്തുതിയായിരിക്കട്ടെ..മോളേതാ..മനസ്സിലായില്ല..?
അച്ചോ ചെറിയഴിക്കലെ മാത്യൂന്റെ മകളാ...
ഒാ..ഇപ്പോളോർമ്മ വന്നു,നിങ്ങളിടവക മാറി പോയിരുന്ന..,
അതേ., അച്ചോ... അച്ചനാരെയാ തേടണത് .?
എനിക്കു വേണ്ടപെട്ട ഒരു കുട്ടിയിവിടെ അഡ്മിറ്റു ചെയ്തിരുന്നേ ഫോൺ വിളിച്ചപ്പോൾ അവൻ - റോബിൻ റൂം പറഞ്ഞിരുന്നു മറന്നു പോയി
പേഷ്യന്റിന്റെ പേരു..,
നീന....
ഒാ.. മനസ്സിലായച്ചോ..അച്ഛനെന്റെ കൂടെ വാ..ഞാൻ റൂം കാട്ടി തരാം
സിസ്റ്റർ റോസിയുടെ കൂടെ ഫാദർ അവൾ കിടന്ന വാർഡിലേക്കു നടന്നു
അക്ഷമനായി നില്ക്കുന്ന റോബിനെയാണു അച്ചൻ കണ്ടതു
“അതാണു റോബിൻ എന്റെ മകനാ…”
“മകനോ ?” സിസ്റ്റർ അമ്പരന്നു
അതേ ഞാൻ വളർത്തിയതാണേ അവനേ..
****** ****** ****** ****** ****** ****** ****** ****** ****** ******
കഥ തുടങ്ങുന്നു...
നാലു വർഷങ്ങൾക്ക് മുൻപ്.
ഡിസംബറിലെ ആദ്യ വെള്ളിയാഴ്ച്ചയായിരുന്നു അന്ന്.
സമയം വൈകിട്ട് ആറു മണി.
ഹോട്ടൽ ഗ്രീൻലാൻഡിനു മുൻപിൽ ഒരു ഓട്ടോ വന്നു നിന്നു.
പുറത്തിറങ്ങിയ ഫാദർ ജോസഫ് കുറ്റിയാനിക്കൽ ആകെ അമ്പരന്ന മട്ടാണ്.
"ഇതാണോ ഹോട്ടൽ ?"
"അതേയച്ചോ. ഇതാണ് ഹോട്ടൽ ഗ്രീൻ ലാൻഡ്. "
"ഞാൻ കരുതി വല്ല ലോക്കൽ ഹോട്ടലുമായിരിക്കുമെന്ന്... എനിക്കിവിടത്തെ രീതികളൊന്നുമറിയില്ല സേതു. ഒന്നു കൂടെ വരാമോ ?"
"എന്തറിയാനാ അച്ചാ. ചുമ്മാ അങ്ങ് കേറിച്ചെല്ല്ന്നേ. റോബി ഉണ്ടാവും അകത്ത്. "
"റോബി ഇത്ര ഭയങ്കരനായ വിവരം ഞാനറിഞ്ഞില്ല!"
"അച്ചൻ ചെല്ല്. കഴിയുമ്പൊ വിളിച്ചാ മതി. ഞാനില്ലെങ്കി വേറെ വണ്ടി വിട്ടേക്കാം. "
"ആയ്ക്കോട്ടെ. "
ഫാദർ ജോസഫ് റിസപ്ഷൻ ലക്ഷ്യമാക്കി നടന്നു.
സെക്യൂരിറ്റി ബഹുമാനത്തോടെ വാതിൽ തുറന്നു കൊടുത്തു.
"ചെരിപ്പ് ഊരിയിടണോ കുഞ്ഞേ ?"
"ഏയ്... അച്ചൻ കേറിപ്പോക്കോ. " സെക്യൂരിറ്റിക്ക് ചിരി വന്നു. "റോബി സാറ് റെസ്റ്റോറന്റിലുണ്ട്. "
റിസപ്ഷനിലിരുന്ന യുവാവ് അച്ചനെ കണ്ടപ്പോൾ ഉടനെ ഒരു പയ്യനെ വിളിച്ചു.
" ദാ ഈ ഫാദറിനെ റോബി സാറിന്റെ ടേബിളിലേക്ക് ഒന്നെത്തിക്കൂ."
"നന്ദി മോനേ..." അച്ചൻ ആ ബംഗാളി പയ്യന്റെ കൂടെ നടന്നു.
റിസപ്ഷന്റെ ഇടതു ഭാഗത്തായി ഒരു കൊച്ച് ഗാർഡനിലാണ് റെസ്റ്റോറന്റിന്റെ ഒരു ഭാഗം. റോബി അക്ഷമനായി ഇരിപ്പുണ്ടായിരുന്നു.
"ഫാദർ... ഇങ്ങോട്ട് വരൂ. " അവൻ കൈ കാട്ടി വിളിച്ചു.
ജോസഫച്ചൻ ആകെ അമ്പരന്ന് അങ്ങോട്ട് നടന്നു. അദ്ദേഹം ആദ്യമായാണ് ഇത്ര വലിയ ഒരു ഹോട്ടലിൽ.
പൂന്തോട്ടവും വെള്ളച്ചാട്ടവുമൊക്കെയായി സ്വർഗ്ഗം പോലെ തോന്നി അച്ചന്.
"റോബി!" അച്ചൻ അവന്റെ കയ്യിൽ പിടിച്ചു. അറിയാതെ തമ്മിൽ കെട്ടിപ്പിടിച്ചു പോയി അവർ. അച്ചന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
"നീ വല്ലാതെ വളർന്നിരിക്കുന്നല്ലോടാ. ശരീരം കൊണ്ട് മാത്രമല്ല..."
" ഹ ഹ ഹ ! ഫാദർ ഇരിക്ക്... ഞാൻ ചായ പറയാം. ഇപ്പൊളും കട്ടൻ കാപ്പിയാണോ ശീലം ?"
"അതൊക്കെ പിന്നെ. ആദ്യം നിന്നെയൊന്നു ശരിക്ക് കാണട്ടെ ഞാനാദ്യം. "
"ഫാദർ... തീരെ സമയമില്ല. എനിക്കിതു കഴിഞ്ഞ്..."
"ഡാ... നീയെന്നെ ജോസച്ചാന്നല്ലേ വിളിച്ചോണ്ടിരുന്നെ ? അങ്ങനെ തന്നെ വിളിച്ചാൽ മതി ഇനീം. കേട്ടോ. നീ എത്ര വല്യ പുള്ളിയായാലും എനിക്ക് നീ എന്റെ റോബി മോനാ. "
റോബിൻ ഒന്നും മിണ്ടാതെ പുഞ്ചിരി തൂകി.
"എന്നാലും എന്റെ കൊച്ചേ നീയീ നാട്ടിലുണ്ടായിരുന്നിട്ടും ഒന്നു വരുവോ വിളിക്കുവോ ചെയ്തില്ലല്ലോ നീ. എന്തു കഷ്ടപ്പെട്ട് വളത്തീതാടാ നിന്നെ ഞാൻ. "
"അച്ചോ... കുറേ കാലം ഞാൻ ഇവിടുണ്ടാരുന്നില്ലല്ലോ. സകല ബന്ധോം അറ്റു പോയി. പിന്നെ പെട്ടെന്നൊരു ദിവസം കേറി വരുന്നതെങ്ങനാന്നോർത്താ..."
"നിനക്കെപ്പ വേണെങ്കിലും വരാന്മേലേ ? നിന്റെ വീടല്ലേ അത് ?"
"അതൊക്കെ വിടച്ചാ... എനിക്കൊരത്യാവശ്യ സഹായം വേണം. അതിനാ ഞാൻ വിളിച്ചെ. "
"പറ. എന്തെങ്കിലും ആവശ്യമില്ലാതെ നീ എന്നെ വിളിക്കില്ലെന്നെനിക്കറിയാം. വല്യ നെലേലൊക്കെ ആയല്ലോ. എനിക്ക് സന്തോഷേ ഉള്ളൂ. "
"ജോസച്ചാ... എനിക്കൊരു പെൺകൊച്ചിനെ ഇഷ്ടമാണ്. "
"ആഹാ! " അച്ചന്റെ മുഖം വിടർന്നു. " നല്ല കാര്യം... വിശദായിട്ടു പറ"
" നല്ല കുട്ടിയാ. അച്ചനറിയുന്നതാ. നീന. അച്ചന്റെ പള്ളി ക്വയറിലുള്ളതാ. "
"എന്റെ പള്ളിയോ ? അപ്പൊ നീയേതു പള്ളീലെയാ ?
"അല്ല... ഞാനങ്ങ് പറഞ്ഞെന്നേയുള്ളൂ. "
"ഓക്കെ... അപ്പൊ നീനാ ചെറിയാനാണു കുട്ടി. ഹ്ം... "അച്ചൻ അൽപ്പ നേരം ആലോചിച്ചു. " നിനക്കെങ്ങിനെയാ അവളെ ?"
"അവരുടെ കൊറച്ചു സ്ഥലം വിൽക്കാൻ എന്നെ ഏൽപ്പിച്ചാരുന്നു. എനിക്കിപ്പൊ അതാണല്ലോ ബിസിനസ്. ടൗണിൽ 35 സെന്റ് സ്ഥലമുണ്ടാരുന്നു. ഞാൻ കൊറേ നോക്കി പക്ഷേ വെലകൊണ്ട്നൊത്തു വന്നില്ല. അവസാനം ഞാനാ പറഞ്ഞത് സ്ഥലം വിൽക്കണ്ട അവിടെനൊരു ഷോപ്പിംഗ് കോമ്പ്ലക്സ് പണിയാമെന്ന്. അവർക്കും അതു സമ്മതമായി. അവളുടെ പപ്പ ആർമ്മീന്നു റിട്ടയറാകാൻ ഇനി ഒരു മാസം കൂടിയേ ഉള്ളൂ. അങ്ങേർക്ക് വന്നാൽ ഒരു പണിയുമാകും. അങ്ങനെ ഒക്കെ തീരുമാനിച്ച് ഇരിക്കുന്നു. അതിനിടക്ക് ഞാനും നീനയുമായി വല്ലാതെ അടുത്തു.അവൾക്കും അമ്മക്കും നല്ല താൽപര്യമാണ്. പക്ഷേ..."
"ആ മൊരടൻ കേണൽ സമ്മതിക്കില്ല. ല്ലേ ? എനിക്കറിയാം. ഒരു വല്ലാത്ത മനുഷ്യനാ അത്. "
"അച്ചൻ ഒന്ന് സംസാരിക്കണം അയാളോട്. വേറേ ഒരു പ്രശ്നോമില്ല അയാൾക്ക്. എനിക്ക് സ്വന്തക്കാരും ബന്ധുക്കളുമൊന്നുമില്ലല്ലോ. ഒരു അനാഥച്ചെക്കന് പെണ്ണിനെ കൊടുക്കില്ല എന്നാണു പുള്ളി പറയുന്നത്. "
"ആകട്ടെ. അയാളിനി എന്നാ നാട്ടിൽ വരുന്നത് ? "
"അയാൾ അടുത്ത മാസം വരും. പക്ഷേ വന്നാലുടൻ നീനയുടെ കല്യാണമാണ് ലക്ഷ്യം. സോ അതിനു മുൻപ് അച്ചൻ അവളെയും അമ്മയെയും ഒന്നു ചെന്ന് കണ്ട് കാര്യങ്ങൾ ഒന്ന് ഓർഡറാക്കിത്തരണം. "
“അതു നമുക്ക് ശ്രമിക്കാവുന്നതേയുള്ളൂ റോബി. കാര്യം ഒരു ചൂടനാണെങ്കിലും, എന്നെ വല്യ കാര്യമാണയാൾക്ക്. ഞാൻ നാളെത്തന്നെ പോയേക്കാം അവരുടെ വീട്ടിൽ. ഇതത്ര വല്യ പ്രശ്നമായിട്ടെനിക്ക് തോന്നുന്നില്ല. ഇനിയിപ്പൊ അയാളു സമ്മതിച്ചില്ലെങ്കിലും, നിങ്ങളു രണ്ടു പ്രായ പൂർത്തിയായവരല്ലേ...”
“അതാണ് വേറൊരു പ്രശ്നം... അപ്പൻ സമ്മതിച്ചില്ലെങ്കി നീനയും സമ്മതിക്കില്ല. വിളിച്ചാൽ ഇറങ്ങി വരുന്ന ടൈപ്പല്ല അവൾ.”
“അതും ശരിയാ... എനിക്കറിയാം അവളെ. അല്ലെങ്കിലും, വളർത്തി വലുതാക്കിയ അപ്പനെം അമ്മേനേം ഇട്ടിട്ട് ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ ചാടിപ്പോകുന്ന പെണ്ണായാലും പ്രശ്നമല്ലേ. നാളെ അവളു നിന്നേം ഇട്ടിട്ട് പോയാലോ.”
“ശരിയച്ചൊ...അച്ചനറിയാല്ലോ അവരെവിടാ താമസം ന്നൊക്കെ ?”
“അതൊക്കെ എനിക്കറിയാം. പിന്നെ ചോദിക്കട്ടെ... നിന്റെ അനിയൻ ഇപ്പൊ എവിടെയാ ? അവനും നിന്നേപ്പോലെയാ, പോയേപ്പിന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. യാതൊരറിവുമില്ല.”
റോബി മറുപടി പറയാതെ ഒരു ദീർഘനിശ്വാസമുതിർത്തു.
“എന്നാടാ ? നിനക്കും അറിയില്ലാരിക്കും അവനെവിടാന്ന്. ല്ലേ ?”
“അവൻ മരിച്ചെന്നു തോന്നുന്നച്ചാ. രണ്ട് കൊല്ലം മുൻപ് ബാന്ഗ്ളൂരിൽ നിന്നൊരു കോൾ വന്നിരുന്നു.ഒരു ഡെഡ് ബോഡി തിരിച്ചറിയാൻ വേണ്ടി പോലീസ് വിളിച്ചതാ. ഞാൻ പോയില്ല.”
“ങേ! ” അച്ചൻ ഞെട്ടി. “നീ പോയില്ലേ ? അതെന്താ ?”
“അച്ചനറിയാന്മേലേ ? അവന്റെ പോക്ക് ശരിയല്ലാരുന്നു. ഞാനും അവനും ഒരിക്കലും തമ്മീ ചേരത്തില്ലാർന്നു. അവനെങ്ങനേലും ആരെയെങ്കിലും പറ്റിച്ച് പെട്ടെന്ന് പൈസയുണ്ടാക്കാനുള്ള തിരക്കായിരുന്നു. എന്തായാലും അവന്റെ അവസാനം ഇങ്ങനെയൊക്കെയായിരിക്കുമെന്ന് ...“
”എന്നാലും കൂടപ്പിറപ്പല്ലേടാ ?“
റോബി അതിന് മറുപടി പറഞ്ഞില്ല.കുറേ നേരം മേശപ്പുറത്തേക്ക് നോക്കി തലകുനിച്ചിരുന്നു. അവസാനം മെനു എടുത്ത് ഒരു സപ്ളയറെ വിളിച്ചു.
”അച്ചനെന്താ കഴിക്കുന്നേ ?“
അച്ചനും ഒരു മെനു കയ്യിലെടുത്തു.
“ഒരു ചായക്ക് 40 രൂപയോ ! എന്താ മോനേ ഇതൊക്കെ ? പൈസ ഉണ്ടെന്നു കരുതി അഹങ്കാരം കാണിക്കരുത്. എന്റെ പിള്ളേർ ഇന്നു രാത്രി കഞ്ഞീം പയറും കഴിച്ച് അരവയറുമായി ഉറങ്ങുമ്പോ ഞാൻ 40 രൂപേടേ ചായ കുടിക്ക്വോ റോബി ?
അതിനും റോബി മറുപടിയൊന്നും പറഞ്ഞില്ല.
“നിന്റെ പപ്പാ നിന്റെ പേരിൽ കൊറച്ച് ഭൂമി എഴുതി വെച്ചില്ലാരുന്നോ ? ടൗണിൽ ? നീയതൊക്കെ അന്വേഷിക്കാറുണ്ടോ ?”
“ആ 4 സെന്റല്ലേ ? അതു വിറ്റിട്ടാണല്ലോ ഞാൻ ഈ ബിസിനസ്സ് തുടങ്ങിയത്. അതാരുന്നു എന്റെ തുടക്കം.നല്ല രാശിയുള്ള സ്ഥലമാരുന്നു...”
അച്ചന്റെ മുഖം വാടി
“ആകപ്പാടെ നിനക്കൊരു കുടുംബ സ്വത്ത് ന്നു പറയാനുണ്ടാരുന്നതാ അത്. അതും വിറ്റു. നീ ആകെ മാറിപ്പോയി റോബി.” ദീർഘ നിശ്വാസമുതിർത്തുകൊണ്ടാണ് അച്ചൻ തുടർന്നത്. ” ഞാനെന്തായാലും, നീനേടെ വീട്ടിലേക്കു പോകാം നാളെ. വിവരത്തിന് നിന്നെ വിളിക്കാം . ഞാൻ എറങ്ങുവാ റോബി” അച്ചൻ എഴുന്നേല്ക്കാനാഞ്ഞു
“പിന്നെ... മോനേ പറ്റുവെങ്കി, വല്ലപ്പോളും ‘സ്നേഹവീട്ടിലേക്ക്’ വരണം. വെറുതേ ഒന്നു കണ്ട് സംസാരിക്കാൻ. നിന്റെ സഹായമൊന്നും ഞാൻ ചോദിച്ച് ബുദ്ധിമുട്ടിക്കില്ല. ഒന്നു കണ്ടാൽ മാത്രം മതി.”
“ഞാൻ വരാമച്ചാ...” റോബി അച്ചന്റെ കൈ കടന്നെടുത്തു. “ജോലീം തിരക്കുമൊക്കെ ആയീന്നൊള്ളതു ശരിയാ. പക്ഷേ, ഞാൻ മാറീന്നു മാത്രം പറയല്ലേ അച്ചാ... എനിക്ക് അവടെയൊക്കെ വരാനും നിങ്ങളെയൊക്കെ ഒന്നു കൂടി കാണാനും... ഒക്കെ വല്യ ആഗ്രഹമുണ്ട്.തീർച്ചയായും ഞാൻ വരും. പിന്നെ...” അവൻ കോട്ടിന്റെ പോക്കറ്റിൽ നിന്നൊരു കടലാസ് കഷണമെടുത്ത് അച്ചന്റെ കയ്യിൽ പിടിപ്പിച്ചു. “ഇനിയെന്തായാലും, കുറച്ചു കാലത്തേക്ക് അച്ചന്റെ പിള്ളേർക്ക് അരവയർ ആകില്ല. അൻപതിനായിരം രൂപയുണ്ട്.എന്നു മാത്രമല്ല, എന്താവശ്യമുണ്ടെങ്കിലും, എന്നെ വിളിച്ചാൽ മതി.“
അച്ചൻ അല്പ്പ നേരം ആ ചെക്കിലേക്ക് നോക്കിയിരുന്നു.
”ദൈവം രക്ഷിക്കട്ടെ നിന്നെ... നല്ല മനസ്സ് കാണാതിരിക്കില്ല കർത്താവ്... പോകട്ടെ ഞാൻ. നാളെ വിളിക്കാം നിന്നെ.“
”അച്ചനെ ആക്കിത്തരാൻ പറയാം ഡ്രൈവറോട്.“
”വേണ്ട മോനേ... ഇങ്ങോട്ട് ഞാൻ ഓട്ടോയിലാ വന്നെ. സേതൂന്റെ കൂടെ. നീ ഓർക്കുന്നുണ്ടോ സേതുവിനെ ? “
”പിന്നെ! ഒന്നിച്ച് കളിച്ചു വളർന്നതല്ലേ ഞങ്ങൾ. മറക്കാൻ പറ്റ്വോ. അവനിപ്പൊ ഓട്ടോ ഡ്രൈവറാ ?“
”ഉം...“ അച്ചൻ എഴുന്നേറ്റു. ‘സ്നേഹ വീട്ടിൽ’ നിന്നും പോയിട്ടുള്ള എല്ലാരും ഇപ്പൊഴും എന്നെ വിളിക്കാറുണ്ട്. വരാറുമുണ്ട് ചിലപ്പോഴൊക്കെ. നീയും നിന്റനിയനും ഒഴികെ.
”ഇനിയങ്ങനെയാവില്ലച്ചാ.ഞാൻ വരാം.“
”പറ്റുവെങ്കി ഒരുപകാരം ചെയ്യൂ... നിന്റെ അനിയനെ ഒന്നന്വേഷിക്കൂ. നിനക്കു വേണ്ടെങ്കിലും, എനിക്കവനെ ഉപേക്ഷിക്കാൻ പറ്റൂല്ലല്ലോ.“
”ശരിയച്ചോ...“ റോബിൻ അച്ചന്റെ തോളിൽ തൊട്ടു. അവന്റെ അടുത്ത മീറ്റിങ്ങിനുള്ള ആൾ തൊട്ടപ്പുറത്തെ ടേബിളിൽ വെയ്റ്റു ചെയ്യുന്നുണ്ടായിരുന്നു.
അച്ചൻ തിരിച്ചു നടക്കുന്നതിനിടക്ക് തന്റെ പഴയ മൊബൈലിൽ സേതുവിന്റെ നംബർ പരതി.
****** ****** ****** ****** ****** ****** ****** ****** ****** ******
പിറ്റേന്നു രാവിലെ തന്നെ ജോസച്ചൻ നീനയുടെ വീട്ടിലെത്തി.
“റോബിയേപ്പറ്റി ഇങ്ങനെ വിശദീകരിക്കേണ്ട യാതൊരാവശ്യവുമില്ലച്ചാ...” അന്നാമ്മ ചെറിയാൻ ജോസച്ചനെ സംസാരിക്കാനേ സമ്മതിച്ചില്ല. “അവനെ ഇപ്പൊ ഞങ്ങളു കാണാൻ തുടങ്ങീട്ട് മൂന്നാലു മാസമായി.യാതൊരു പരാതിയുമില്ല അവനേപ്പറ്റി. നല്ല പയ്യനാ. ആകെയിപ്പൊ എടം തിരിഞ്ഞു നില്ക്കുന്നത് ഇവൾടപ്പനാ. അതിയാനെ അച്ചനറിയാമല്ലോ. റോബിക്കൊരു കുടുംബമുണ്ടായിരുന്നെങ്കി യാതൊരു പ്രശ്നവുമുണ്ടാകില്ലാരുന്നു...”
“റോബീടെ അമ്മ അവന് 3 വയസ്സായപ്പൊ മരിച്ചു. അവന്റെ അനിയന്റെ ജനനത്തോടു കൂടി. പിന്നെ ഒരു രണ്ടു കൊല്ലം അവന്റെ അപ്പനാണവരെ രണ്ടാളേം നോക്കിയത്. നല്ലൊരു മനുഷ്യനാരുന്നു അയാൾ. പക്ഷേ പെട്ടെന്നാണ് ഒരു രാത്രി അയാൾ പിള്ളേരേം കൊണ്ട് സ്നേഹ വീട്ടിലെത്തിയത്. എന്താ ഉണ്ടായതെന്ന് എനിക്ക് മനസ്സിലായില്ല. അയാൾ രണ്ടു മക്കളേം എന്നെ ഏല്പ്പിച്ചു. പിന്നെ കുറേ കാശും ഒരു ആധാരവും ഒക്കെ ഒരു കവറിലിട്ട് റോബീടെ കയ്യിൽ കൊടുക്കുന്ന കണ്ടു. പിന്നെ എന്നോട് പറഞ്ഞു, പിള്ളേരുടെ എല്ലാ ചിലവിനുമുള്ള പണം റോബീടെ കയ്യിൽ കൊടുത്തിട്ടുണ്ട്. നന്നായി നോക്കണം എന്റെ മക്കളെ ന്നൊക്കെ. എനിക്ക് മനസ്സിലായില്ല. തിരിച്ചൊന്നും ചോദിക്കാൻ പോലും പറ്റിയില്ല. അയാൾ തിടുക്കത്തിൽ ഇറങ്ങിപ്പോയി. “ അച്ചൻ കുറേ നേരത്തേക്ക് പിന്നൊന്നും മിണ്ടിയില്ല.
”മാസങ്ങൾ കഴിഞ്ഞാണ് പിന്നെ ഞങ്ങൾ അറിയുന്നത്. അയാൾക്ക് ക്യാൻസറാരുന്നു. 6 മാസം കൂടിയേ ജീവിച്ചിരിക്കൂ എന്നു ഡോക്ടർ പറഞ്ഞിരുന്നത്രേ. അയാൾ മക്കളെ എന്നെ ഏല്പ്പിച്ച് വയനാട്ടിൽ ഏതോ ബന്ധുവിനെ തപ്പി പോയതാണ്. അയാൾക്കാകെ ഉള്ള ഏതോ ഒരു സ്വന്തക്കാരൻ. പക്ഷേ ആളെ കണ്ടു കിട്ടിയില്ല. നിരാശനായി തിരിച്ചു പോരുന്ന വഴിയിൽ വെച്ച് ബസിൽ ഇരുന്നായിരുന്നു അന്ത്യം. നമ്മുടെ സ്റ്റോപ്പിലെത്തി കണ്ടക്റ്റർ വിളിച്ചപ്പോ ...“
“കഷ്ട്ം...” അന്നമ്മ പരിതപിച്ചു. “നമ്മളൊക്കെ എന്തു ഭാഗ്യം ചെയ്തവരാ ല്ലേ ? ചിലരിങ്ങനാ. കഷ്ടകാലം വിടാതെ പിന്തുടരും.”
“എന്തായാലും റോബി ഇപ്പൊ നല്ല നിലയിലായില്ലേ. ഞാൻ കേണലുമായിട്ട് ഒന്നു സംസാരിക്കാം. എനിക്ക് തോന്നുന്നത് അങ്ങേരു സമ്മതിക്കുമെന്നു തന്നെയാണ്. ”
“അതിയാൻ പറഞ്ഞത് അടുത്ത മാസം നാട്ടിൽ വരുമ്പോ റോബിയെ ഒന്നു വിളിച്ച് നേരിൽ സംസാരിക്കാമെന്നാണ്. അതു വരെ ഒന്നു വെയ്റ്റ് ചെയ്യാമച്ചോ.”
“അങ്ങനെയെങ്കിലങ്ങനെ.”
****** ****** ****** ****** ****** ****** ****** ****** ****** ******
“റോബി...” ഫോണിൽ നീനയുടെ സ്വരം വിറയാർന്നിരുന്നു. “ജോസച്ചൻ വന്നിരുന്നു ഇവിടെ.”
“എനിക്കറിയാം... ഞാനല്ലേ അങ്ങോട്ടു വിട്ടത്.എന്തായി പപ്പായോട് സംസാരിച്ചോ ?” റോബിയുടെ സ്വരത്തിലും ഉല്കണ്ഠ നിഴലിച്ചിരുന്നു.
“ഇല്ലാ റോബി... പപ്പയോട് സംസാരിച്ചിട്ട് യാതൊരു ഫലവുമില്ല. എനിക്കതറിയാം. ഞാനതല്ലേ ആദ്യമേ പറഞ്ഞത്. ഇതൊന്നും ശരിയാവൂല്ലാ റോബി.പപ്പ ഒരു വല്ലാത്ത ടൈപ്പാ.നമുക്ക് ഇങ്ങനെ മുൻപോട്ടു പോയാൽ അവസാനം വല്ലാത്ത സങ്കടമായിപ്പോകും.പപ്പാ സമ്മതിക്കാതെ ഞാൻ ഒന്നും ചെയ്തിട്ടില്ല ഇതുവരെ. ഇനി ചെയ്യുകേമില്ല.”
“പപ്പ വരട്ടെ നീനാ. ഒരു മാസം കൂടി നോക്കാം. എന്നിട്ടും ശരിയായില്ലെങ്കി, വിട്ടേരേ. ഞാൻ പിന്നെ നിർബന്ധിക്കില്ല. അതിരിക്കട്ടെ, നാളെ എന്താ പരിപാടി ?”
“ഒന്നിനുമില്ല ഞാനിനി.”
“ഓക്കേ... നമുക്കാ സ്ഥലത്തിന്റെ കാര്യം സംസാരിക്കാനാരുന്നു. ഒരു പാർട്ടി താല്പര്യായിട്ട് വന്നിട്ടുണ്ട്.”
“അതൊക്കെ ഇനി അമ്മയോട് പറഞ്ഞാ മതി റോബി. ഇനീം നമ്മളിങ്ങനെ സംസാരിച്ചോണ്ടൊക്കെയിരുന്നാ... റോബിയെ മറക്കാൻ പറ്റുവോന്നാ എനിക്കു പേടി. അവസാനം പപ്പാ വന്നു കഴിയുമ്പൊ...”
“ഓക്കേ നീന... ഞാനിനി പപ്പ വന്നിട്ടേ വിളിക്കൂ. അതു പോരേ ?”
“എന്നോട് പിണങ്ങല്ലേട്ടോ റോബി.”
“നീനയോട് പിണങ്ങാനോ ? ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ എന്റെ ലൈഫിലെ ആദ്യത്തെ പെണ്ണാ നീ. അങ്ങനെ പിണങ്ങാൻ പറ്റ്വോ എനിക്ക് ?”
****** ****** ****** ****** ****** ****** ****** ****** ****** ******
നാട്ടിലെത്തി പത്തു പതിനഞ്ചു ദിവസങ്ങൾക്കു ശേഷമാണ് കേണൽ ചെറിയാൻ റോബിയെ കാണാൻ തയ്യാറായത്. മുൻപ് സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് കുറേ സംസാരിച്ചിരുന്നുവെങ്കിലും, ആദ്യമായാണ് അവർ നേരിൽ കാണുന്നത്.
റോബി എത്തിയപ്പോൾ കേണൽ തന്റെ ഓഫീസ് മുറിയിലായിരുന്നു.
വീടിനു പുറത്ത് ഒരു ഔട്ട് ഹൗസിലാണ് ഓഫീസ്. തടിമാടന്മാരായ രണ്ട് ജെർമ്മൻ ഷെപ്പേർഡുകൾക്കൊപ്പമാണ് സദാ സമയവും അദ്ദേഹത്തിന്റെ നടപ്പ്. ഓഫീസിനോടു ചേർന്ന് തന്നെയാണ് പട്ടികളുടെ കൂടും.
റോബിയുടെ കാർ ഗെയ്റ്റു കടന്നതും കേണൽ പട്ടികളെ കൂട്ടിലാക്കി വാതിൽ ലോക്ക് ചെയ്തു.
“വരണം വരണം...ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.” അയാൾ പോർച്ചിലേക്ക് നടന്നു കൊണ്ട് റോബിയെ സ്വീകരിച്ചു. “നമുക്ക് ഓഫീസിലിരുന്നു സംസാരിക്കാം. ”
റോബി അയാളെ ഒന്നടിമുടി നോക്കി. അജാനു ബാഹുവായൊരു മനുഷ്യൻ! മുറിക്കയ്യൻ ബെനിയനും ഹാഫ് ട്രൗസറുമാണ് വേഷം. കരിവാളിച്ചിരിക്കുന്ന മുഖം കണ്ടാൽ പേടിയാവും. കൊമ്പൻ മീശ കൂടിയായപ്പോൾ പൂർത്തിയായി.
“നൈസ് റ്റു മീറ്റ് യൂ പപ്പാ !” റോബി ഹസ്തദാനത്തിനായി കൈ നീട്ടിയപ്പോളെക്കും അയാൾ തിരിഞ്ഞ് ഓഫീസിലേക്കു കയറിയിരുന്നു.
“എന്താ കുടിക്കാൻ ? എല്ലാമുണ്ടിവിടെ. റം ആണ് എന്റെ ഫേവറൈറ്റ്. റോബി എന്താ കഴിക്കാറ് ?”
“എനിക്ക് ഡ്രൈവ് ചെയ്യണം... മറ്റൊരിക്കലാകട്ടെ.”
“ഒരെണ്ണം കഴിക്. ചുമ്മാ ആവശ്യമില്ലാത്ത ഫോർമാലിറ്റി ഒന്നും വേണ്ട.” ഗ്ലാസിലേക്കു റം പകർന്നൊഴിച്ചു കൊണ്ടായാൾ തുടർന്നു
“റോബി വളച്ചു കെട്ടാതെ കാര്യം പറയാം .അവളെന്റെ ഒരേ മോളാ...തന്തേം തള്ളേം ഇല്ലാത്ത ഒരു കുടുംബത്തേക്കവളെ പറഞ്ഞയക്കാൻ ഒരച്ഛൻ എന്ന നിലയിൽ ഞാൻ ജീവിച്ചിരിക്കുമ്പോൾ നടക്കില്ല .നീ ആരെകൊണ്ടു പറയിച്ചിലും എന്റെ മനസ്സ് മാറില്ല . അതു പോലെ തന്നെ ആ സ്ഥലക്കച്ചവടവും വിട്ടേരേ. നമ്മളു തമ്മിലിനി ബിസിനസ്സൊന്നും ശരിയാവില്ല.”
അയാൾ റെമ്മൊഴിച്ച ഗ്ലാസ് അവനു നേർക്കു നീട്ടി
റോബി അതു വാങ്ങി ആകെ വിഷണ്ണനായി നിന്നു അല്പ്പ നേരം. കേണൽ ഇങ്ങനെ വെട്ടിത്തുറന്നു പറയുമെന്നവൻ കരുതിയിരുന്നില്ല
“പപ്പാ ഞാൻ...”
“വേണ്ട... ” കേണൽ കയ്യുയർത്തി. “എന്നെ മി. റോബിൻ പപ്പാ എന്നു വിളിക്കണ്ട. ഞാൻ പറഞ്ഞല്ലോ. വളരെ സ്ട്രെയ്റ്റ് ഫോർവേഡാണു ഞാൻ. എനിക്കിനി തന്നോടൊന്നും പറയാനില്ല.”
“ഓക്കേ… മനസ്സിലായി സർ.” റോബിയുടെ സ്വരത്തിലും ഗൗരവം കലർന്നു.“ ഒരുപകാരം ചെയ്യണം. ഞാൻ കുറെ കാലം മുൻപ് നീനക്കൊരു ഫയൽ കൊടുത്തിരുന്നു.ആ സ്ഥലത്തൊരു ഷോപ്പിങ്ങ് കോമ്പ്ലക്സ് കെട്ടാനുള്ള കുറച്ചു പേപ്പറുകളാണ്. എന്റൊരു സുഹൃത്ത് ഒരു ആർക്കിടെക്റ്റിന്റെ ലൈസൻസും മറ്റും അതിലുണ്ട്. ആ ഫയൽ തിരിച്ചു വേണം. പിന്നെ ഞാൻ ബുദ്ധിമുട്ടിക്കില്ല.”
“വെരി വെൽ... ഞാനതു പോയി എടുത്തിട്ടു വരാം. റോബി ഇവിടെ നിന്നാൽ മതി.”
കേണൽ ഡ്രിങ്ക് മേശപ്പുറത്തു വെച്ചിട്ട് പുറത്തേക്കു നടന്നു.
ഇനി ഒരിക്കലും നീനയെ കാണാൻ പോലും പറ്റിയെന്നു വരില്ല എന്ന് റോബി തിരിച്ചറിഞ്ഞു. ആ ഫയൽ പോയി എടുക്കാൻ പോലും തന്നെ ആ വീട്ടിലേക്ക് അയാൾ കടത്തില്ലിനി.
ഇതിലും വലിയൊരു നിരാശ ഇനി വരാനില്ലെന്നു തോന്നി അവന്.
****** ****** ****** ****** ****** ****** ****** ****** ****** ******
ഇൻസ്പെക്ടർ മാത്യൂ തരകൻ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കാനിരുന്നപ്പോളാണ് ഫോണടിച്ചത്.
റോബിയാണ്.
“ഡ്യൂട്ടി കഴിഞ്ഞൊ ?”
“ദാ ഇപ്പ കഴിഞ്ഞേയുള്ളൂ. നീയെവിടെയാ ?”
“ഡാ, എനിക്ക് നിന്നെ ഒന്നു കാണണം. അത്യാവശ്യമാണ്. ”
“എന്തായി കേണലിനെ കാണാൻ പോയിട്ട് ? ”
“അതാ പറയാനുള്ളേ. ആ പന്ന കേണൽ ചതിച്ചെടാ. ഒന്നും മിണ്ടാൻ പോലും സമ്മതിച്ചില്ല. നീ നേരേ കല്ലട ബാറിലേക്ക് വാ. ഞാൻ മോളിൽ ഒരു പ്രൈവറ്റ് റൂമെടുക്കാം.”
“ഓക്കേ.” മാത്യു ഫോൺ വെച്ചു.
റോബി വിളിച്ചത് ബാറിന്റെ മുൻപിൽ നിന്നു തന്നെയായിരുന്നു. അയാൾ നേരേ കയറി പ്രൈവറ്റ് റൂമിലെത്തി തന്റെ സ്ഥിരം ബ്രാൻഡ് ഓർഡർ ചെയ്തു. ഒരു 15 മിനുട്ടിനുള്ളിൽ ഇൻസ്പെക്ടർ മാത്യുവും എത്തി.
ആത്മാർഥ സ്നേഹിതരാണ് അവർ രണ്ടും. മൂന്നു നാലു വർഷങ്ങളായുള്ള പരിചയം. പക്ഷേ ഇൻസ്പെക്ടറാണെന്നു കരുതി വഴി വിട്ട ഒരു കാര്യത്തിനും റോബി അയാളെ വിളിച്ചിട്ടില്ല. അയാളൊട്ട് ചെയ്യുകയുമില്ല. വളരെ സത്യസന്ധനായൊരു ഉദ്യോഗസ്ഥനാണ് മാത്യു. (മത്തായി എന്നാണ് എല്ലാവരും വിളിക്കുക)
“ഓക്കേ... നീ കാര്യം പറ. ഞാൻ ഇന്ന് കഴിക്കുന്നില്ല. ഒരു മൂഡില്ല.”
“പോഡാ... നീ കഴിച്ചില്ലെങ്കിൽ ഞാൻ പറയുന്നുമില്ല...”
“ശ്ശെഡാ! ” മാത്യു ബെയററെ നോക്കി, “ഒരു ബിയർ. കെ എഫ്.”
“അതാണ്!...ഇന്നെല്ലാരും കുടിക്കണം... കുടിച്ച് മരിക്കണം!” റോബി പിറുപിറുത്തു.
“എന്നാടാ പറ്റിയേ ? കേണൽ എന്നാ പറഞ്ഞേ ? നിന്നെ ഇൻസൾട്ട് ചെയ്തോ ?”
“അയാളൊരു ചെറ്റയാടാ...നീനയെ കിട്ടില്ലെനിക്ക്. അതയാളു വെട്ടിത്തുറന്നു തന്നെ പറഞ്ഞു...”
“പോട്ടെടാ... ലീഗലായിട്ട് എന്തെങ്കിലും ചെയ്യാൻ പറ്റുവാരുന്നേ ഞാൻ ഇടപെട്ടേനേ. ഇതിപ്പൊ ആ പെണ്ണ് എറങ്ങി വരണ്ടേ... നിന്നോട് ഞാൻ ആദ്യമേ പറഞ്ഞതാ ഇത് ശരിയാവൂല്ലന്ന്. ഇനി ഇതും പറഞ്ഞ് കള്ളുകുടിച്ച് മരിക്കാനാണെങ്കി...”
പെട്ടെന്ന് റോബിയുടെ ഫോണടിച്ചു
“നീന!” റോബി അമ്പരന്നു.
“എന്തിനായിരിക്കും അവളെന്നെ വിളിക്കുന്നേ ? എല്ലാം തീർന്നില്ലേ ?“ അവൻ സംശയത്തോടെ മാത്യുവിനെ നോക്കി.
”എടുക്കടാ... ചെലപ്പോ കേണലിനു വല്ല മനം മാറ്റവും...“
”ഒവ്വ! ഒലക്കയാണ്. ആ തന്തപ്പടി അങ്ങനെ മനസ്സു മാറുന്ന ടൈപ്പല്ല. “ റോബി ഫോണെടുത്തു.
”വാട്ട്!!“ അവൻ ചാടിയെണീറ്റു. ”... ഓക്കേ... ഞാനിതാ വരുന്നു.“ അവൻ ഫോൺ കട്ടു ചെയ്തു.
”എന്താടാ ?“ മാത്യു അമ്പരന്നു
”ഡാ, ആ കേണല് കുഴഞ്ഞു വീണെന്നോ... മരിച്ചെന്നോ... എന്തൊക്കെയോ. വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റലിലുണ്ട്. വേഗം വാ... നമുക്കവടെ വരെ ഒന്നു പോകാം.
”തുടരും

Biju Vasudev / Alex John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot