“ചന്ദനാ, നീയത് ശ്രദ്ധിച്ചോ” ..
“എന്താ ജയേഷേ” ..
“ആ കപ്പലണ്ടിക്കാരൻ ഇടക്കിടെ നമ്മളെത്തന്നെ തുറിച്ചു നോക്കുന്നുണ്ട് .. ഒരാണിനും പെണ്ണിനും ഒന്നിച്ചിരിക്കാനും സംസാരിക്കാനും പറ്റില്ലെന്നാണോ .. ഓരോരോ സദാചാര തെണ്ടികള് “..
“ഇതൊരു പാർക്കല്ലേ മാഷെ. ഇവിടെയാർക്കും വരാല്ലോ .. പിന്നെ , അയാൾ നമ്മളോട് മോശമായൊന്നും പെരുമാറിയില്ലലോ” ..
“എന്നാലും .. അയാളുടെ ഇടക്കിടെയുള്ള നോട്ടം .. രണ്ടുവർത്താനം പറഞ്ഞാലേ ഇവന്മാരൊക്കെ പഠിക്കൂ .. നമ്മളെന്താ ഇവടെ അനാശ്യാസ്യം വല്ലതും നടത്താണോ”.
“ജയേഷിവിടെയിരിക്ക് , ഞാനയാളോട് ചോദിച്ചിട്ട് വരാം” ..
കപ്പലണ്ടിക്കാരന്റെ അടുത്തേക്കുപോകുന്ന ചന്ദനയെനോക്കി അവൻ അവിടെയിരുന്നു .. ഒരുപാടുനാളത്തെ ശ്രമത്തിന്റെ ഫലമായാണ് അവനു അവളുടെ സ്നേഹം നേടാൻ കഴിഞ്ഞത് ..
ഒരുപാട് നിർബന്ധിച്ചതിനു ശേഷമാണ് അന്നാദ്യമായി പാർക്കിലേക്ക് വരാമെന്നവൾ സമ്മതിച്ചതുതന്നെ ... അതിന്നെടേലാ ഇമ്മാതിരി നശൂലങ്ങള് .. അവൻ കൈകൾ കൂട്ടിത്തിരുമ്മി പല്ലിറുക്കി ഇടയ്ക്കിടെ ദേഷ്യഭാവത്തിൽ ആ കപ്പലണ്ടിക്കാരനെ നോക്കി ..
"ഇന്നാ പിടിക്ക് '' അവനടുത്തേക്ക് തിരിച്ചെത്തി അവനുനേരെയൊരു പൊതി നീട്ടിക്കൊണ്ട് അവൾ പറഞ്ഞു ..
"എന്തായിത് "
“കപ്പലണ്ടി , പത്തുരൂപക്ക് വേടിച്ചത്”.
“എന്തിനു വേടിച്ചത്” ..
“തിന്നാൻ .. നല്ല ചൂടൻ കപ്പലണ്ടിയാണ് മാഷെ " ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു ..
" നീയയാളെ ചീത്തപറയാൻ പോയിട്ട് കപ്പലണ്ടിയും വാങ്ങി വന്നോ.. എനിക്ക് ദേഷ്യം വരുന്നുണ്ടട്ടോ ".
" ആദ്യം ഈ കപ്പലണ്ടിയിങ്ങനെ തോണ്ടുകളയണം, എന്നട്ട് ഇങ്ങനെ ഊതണം .. പിന്നെ ഓരോന്നോരോന്നു വായിലേക്കെറിയണം ,, അപ്പൊ ദേഷ്യമൊക്കെ മാറുംട്ടോ" അവന്റെ കൈകൾ തുറന്ന് അതിലേക്ക് കുറച്ചു കപ്പലണ്ടിയിട്ടുകൊണ്ട് അവൾ പറഞ്ഞു ..
മനസ്സിൽ ദേഷ്യം വന്നെങ്കിലും ചിരിക്കുന്ന അവളുടെ മുഖം കണ്ടപ്പോൾ അവനതെല്ലാം മറന്നു .. പിന്നീടുള്ള ഏതാനും മണിക്കൂറുകൾ നിമിഷങ്ങൾപോലെ കടന്നുപോയി ..
"ഇനിയെന്നാണ് നമ്മൾക്ക് കാണാൻ പറ്റുക".പോകാൻ നേരം അവനവളോട് ചോദിച്ചു .
ഞായറാഴ്ച..
'പക്ഷെ ഇവിടെ വേണ്ട നമുക്കാ ബീച്ചിൽ വെച്ചുകാണാം"..
ഞായറാഴ്ചയാ കടൽതീരത്തവർ കണ്ടുമുട്ടുമ്പോൾ അവരുടെ കൺവെട്ടത്തും അയാളുണ്ടായിരുന്നു , ആ കപ്പലണ്ടിക്കാരൻ കൂടെയയാളുടെ ഉന്തുവണ്ടിയും ..
അയാളെയവിടെക്കണ്ടതും അവൻ പറഞ്ഞു .. ചന്ദനാ, ഇത് പ്രശ്നകുംട്ടോ ഇങ്ങനയാൽ .. ഇയാള് പ്രശ്നമുണ്ടാക്കാൻ മനപ്പൂർവം നോക്കുന്നതാ .
“ഒന്ന് സമാധാനപ്പെട് മാഷെ ,ഇതൊരു ബീച്ചല്ലേ..ഇവിടെയയാൾ കച്ചോടത്തിനു വന്നതല്ലേ ”.
“ഞാൻ കെട്ടാൻ പോകണ പെണ്ണാ നീ , നിന്നോട് ഇത്തിരിനേരം സംസാരിച്ചിരിക്കാൻ കൊതിയായിട്ടാ ഞാനിവിടെ വന്നത് .. അതിന്നെടേല് ഓരോരുത്തന്മാര് ഇങ്ങനെ തുറിച്ചുനോക്കാൻ വന്നാല് എനിക്ക് സഹിക്കില്ല .. എന്റെ പെണ്ണിനെ ഇനിയാരും ഇങ്ങനെ നോക്കരുത് .. അതെനിക്കിഷ്ടല്ല “..
അവനെ സമാധാനിപ്പിച്ചിരുത്തി അവളന്നും അയാളുടെ അടുത്തേക്ക് പോയി .. പത്തുരൂപയുടെ കപ്പലണ്ടിയുമായി തിരിച്ചെത്തി .. അതവന്റെ നേർക്ക് നീട്ടി ..
മനസ്സിൽ ദേഷ്യം വന്നെങ്കിലും അതൊന്നും പുറത്തുകാണിക്കാതെ അവനവിടെയിരുന്നു ,,
പിറ്റേന്ന് ജ്യൂസ് പാർലറിൽ വെച്ചുകാണുമ്പോളും കടയുടെ എതിർവശത്തായി ആ ഉന്തുവണ്ടിയുണ്ടായിരുന്നു ..
ഇനിയും ക്ഷമിക്കാൻ അവനാകുമായിരുന്നില്ല .. അവനയാളുടെനേരെ കയ്യോങ്ങിക്കൊണ്ട് പുറത്തേക്കോടി .. അയാളെയടിക്കാൻ കയ്യുയർത്തിയതും അവരുടെയിടയിൽ വട്ടംകേറിനിന്നവൾ , സർവശക്തിയിൽ വിളിച്ചുപറഞ്ഞു .. “തല്ലരുത്... ഇതെന്റെ അച്ഛനാണ്’ ...
അതുകേട്ടതും അവൻ ഞെട്ടിത്തരിച്ചു നിന്നു..
“നീയെന്താ , ഈ പറയുന്നത് “..
“സത്യം , ഇതെന്റെ അച്ഛനാണെന്നാ സത്യം” .
“എനിക്കൊന്നും മനസ്സിലാകുന്നില്ല” ..
“വാ , പറയാം” ..അവളവന്റെ കയ്യും പിടിച്ചുകൊണ്ട് നടന്നു ..
“നമ്മൾ തമ്മിൽ ഇഷ്ടത്തിലാണെന്നുള്ള കാര്യം ഞാനച്ഛനോട് പറഞ്ഞിട്ടുണ്ട് .. നിന്റെകൂടെ എവിടെയൊക്കെ പോകുന്നുണ്ടോ അതൊക്കെ അച്ഛനോട് പറഞ്ഞിട്ടാണ് ഞാൻ വരാറ്” ..
“അപ്പൊ നീ പറഞ്ഞിട്ടാണോ അച്ഛനെവിടെയൊക്കെ വരാറുള്ളത്” ..
“അതെ, എനിക്കച്ഛനും അച്ഛന് ഞാനും മാത്രമേയുള്ളു .. എന്റെ സുരക്ഷക്കുവേണ്ടിയാണ് അച്ഛനവിടങ്ങളിൽ വരാറുള്ളത്” ..
“അതെന്താ , നിനക്കെന്നെ പേടിയാണോ “..
“അങ്ങനെയല്ല , ജയേഷിന്നോടൊത്തുള്ള ജീവിതത്തെപ്പറ്റി ആലോചിക്കുന്നതിനുമുന്പ് അച്ഛനുനിന്നേപ്പറ്റി പഠിക്കണമായിരുന്നു .. നിനക്കെന്നോട് ശരിക്കും ഇഷ്ടമാണോ അതോ ആകർഷണം മാത്രമേ ഉള്ളു എന്ന് .. പിന്നെ നീയെങ്ങാൻ എന്നോട് മോശമായി പെരുമാറിയാൽ എനിക്ക് ഓടിച്ചെല്ലാൻ വേറെയിടവുമില്ല” ..
“ഇനി നിനക്ക് തീരുമാനിക്കാം .. ഇതാണെന്റെയച്ഛൻ .. സമ്പത്തിലും പ്രൗഢിയിലും നിങ്ങളെക്കാൾ താഴെയാണ് ഞങ്ങൾ .. എന്നെ സ്വീകരിക്കാൻ ഇഷ്ടമാണെങ്കിൽ പറയാം .. അല്ലെങ്കിൽ നമുക്ക് പിരിയാം” ..
“ഇനിയും എന്തെങ്കിലും സർപ്രൈസ് ബാക്കിയുണ്ടോ എന്റെ പൊന്നേ” .. ഇത്തവണ ചിരിച്ചുകൊണ്ടാണ് അവനത് ചോദിച്ചത് ..
“ഒന്നുകൂടിയുണ്ട്... ഈ പത്തുരൂപ”..
“ഇതിന്നെന്താ പ്രത്യേകത” ..
“ഇതിലെന്റെ അച്ഛന്റെ വിയർപ്പുണ്ട് , സ്നേഹവും കരുതലുമുണ്ട് .. ഞാൻ ആദ്യദിവസം അച്ഛനുകൊടുത്ത നോട്ടാണിത്.. അച്ഛനത് മാറിപ്പോകാതെ സൂക്ഷിച്ചുവെയ്ക്കും ,, വീട്ടിൽവരുമ്പോൾ തിരിച്ചെന്നെയേല്പിക്കും .. അടുത്ത ദിവസവും ഇതേ നോട്ടുകൊണ്ടാണ് ഞാൻ കപ്പലണ്ടി വാങ്ങിയിരുന്നത് .. എന്നും അച്ഛന്റെ വിയർപ്പുള്ള ഈ നോട്ട് എന്റെയരികിലുണ്ടാകും” ..
അവൻ കൗതുകത്തോടെ അവളെനോക്കി ചിരിച്ചുനിന്നു ..
“അതൊക്കെപ്പോട്ടെ , ഇനിയെന്താ പ്ലാൻ .. ജയേഷിന്റെ വീട്ടിൽ പറയണ്ടേ” ...
“പറയണം .. അവർ സമ്മതിച്ചാലും ഇല്ലെങ്കിലും ഞാനൊന്നുറപ്പിച്ചു .. നീയാണെന്റെ പെണ്ണ് “..
“കേൾക്കാനൊക്കെ സുഖമുണ്ട് , പക്ഷെ സ്ത്രീധനം തരാൻ എന്റെയച്ഛന്റെ കയ്യിൽ കാര്യമായൊന്നുമില്ല”..
“ഉണ്ട് , നിന്റെ കയ്യിൽ ഒരുപാട് സമ്പാദ്യമുണ്ട് .. ഇതാണത് “ അവളുടെ ബാഗിൽ നിന്നുമാ പത്തുരൂപയെടുത്തുകൊണ്ട് അവൻ പറഞ്ഞു .. “ഇതിന്നോളം മൂല്യമുള്ളതൊന്നും ഞാനീ ഭൂമിയിൽ കാണുന്നില്ല ..
അവനാ പത്തുരൂപാനോട്ടെടുത്തു നെഞ്ചോടുചേർത്തപ്പോൾ അവൻ കൂടെച്ചേർത്തത് അവളെക്കൂടിയായിരുന്നു .. ഇനിയെന്നും കൂടെയുണ്ടാകുമെന്ന ഉറപ്പായിരുന്നു
ഇതെല്ലം കണ്ടുനിന്ന കപ്പലണ്ടിക്കാരൻ അവനെനോക്കി ചിരിച്ചു .. ആദ്യമായ് അയാളെനോക്കി അവനും
Anthony
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക