Slider

ഇനിയുമൊരു നൂറുജന്മം

0
കാവ്യാങ്കണം കവിതാമൽസരം 2018
ഇനിയുമൊരു നൂറുജന്മം
••••••••••••••••••••••••••••••••••••
കാലം തെറ്റിയ പ്രായത്തിലന്നൊരു നാൾ
കരിമിഷിയിട്ടൊരു പെണ്ണിന്റെ-
സീമന്തരേഖയിലൊരുനുള്ള്‌ കുങ്കുമം വീണു.
ആടയാഭരണങ്ങളില്ലാതെ,
വേഷഭൂഷാദികളില്ലാത്തവളുടെ
കഴുത്തിലൊരു കരിനൂലാലൊരു കുരുക്ക്‌ വീണു.
ആണ്ടൊന്ന് കഴിയും മുന്നെ അവളെനിക്കമ്മയായ്‌ പിറന്നു.
അമ്മ.....
കടലോളം സ്നേഹവും,
ആകാശക്കുന്നോളം വാൽസല്യവും,
കരയോളം ക്ഷമയും പേറുന്ന നന്മയുള്ള രണ്ടക്ഷരം.
രണ്ടക്ഷരമെങ്കിലും ഈ ലോകമാകെ
കൈ കൂപ്പുന്നൊരർത്ഥസാഗരം
അമ്മയെന്ന ദീപം.
ചട്ടിക്കലത്തിലെ അവസാന വറ്റിന്റെ അവകാശി,
എല്ലിച്ച ദേഹത്തെയാകെ ചോരയെ അമൃതാക്കി,
നിശബ്ദയായി കണ്ണീരിറ്റാതെ
എന്നെ ഊട്ടി വളർത്തിയൊരു പാവം.
എന്റമ്മ.
കൊച്ചരിപല്ലിന്റെ കടിയിലും,
കൊച്ചുനഖത്താലെന്റെ നുള്ളിലും,
വലിയ വായിലെ കരച്ചിലിലും,
കുഞ്ഞു നാവിന്റെ ചിലപ്പിലും
സർവ്വം സഹിച്ചെന്റെ ആദ്യ കളിപ്പാട്ടമായതുമവൾ തന്നെ.
എന്റെമ്മ.
പാത്രത്തിലീന്നുർന്ന് വീണ അന്നങ്ങളെ
കാലടി പതിയാതെ പെറുക്കിയെടുക്കാനും,
മൂത്തവരെ കാലാൽ തട്ടിയാലവരുടെ കൈ തൊട്ട്‌ ‌ മൂർത്തിയിൽ വെക്കാനും,
പ്രായത്തിൽ മൂത്തവരെ കണ്ടാലെഴുന്നേറ്റ്‌
അവർക്കിരിപ്പിടം കൊടുക്കാനും
നന്മയോതിത്തന്നെന്റെ ആദ്യഗുരുനാഥയുമവൾ തന്നെ.
എന്റമ്മ.
കൂട്ടരില്ലാത്ത മൂകമായൊരെൻ ബാല്ല്യത്തിൽ കളികൾക്ക്‌ കൂട്ടായിരുന്നവൾ,
കണ്ണു പൊത്തി കണ്ണാരം പൊത്തിയെന്റെ
കൂടെ പമ്മി പതുങ്ങി കളിച്ചൊരെന്റെ ആദ്യ കളികൂട്ടുകാരിയുമവൾ തന്നെ.
എന്റമ്മ.
ദാരിദ്ര്യവും ദുരിതങ്ങളും ധൂർത്തും
ചിറക്‌ വിരിച്ചൊരാകാശത്ത്‌,
ചിരിയോടെ ധൈര്യത്തോടെ മുന്നിലെ തീക്കാട്ടിലേക്ക്‌ നെഞ്ചും വിരിച്ച്‌ നടക്കാൻ
പഠിപ്പിച്ച കൂടപ്പിറപ്പിന്റെ ചങ്കുറപ്പുമവൾ തന്നെ.
എന്റമ്മ.
കാലം തെറ്റിയ കർക്കിടപേമാരിയിലും,
ആഞ്ഞടിച്ചുലയിച്ച പടിഞ്ഞാറൻ കാറ്റിലും
ഉലയാതെ ഉടയാതെ എന്റെ തോണിയെ
കരയേറ്റാനൊന്നിച്ച്‌
തുഴഞ്ഞെന്നെ കാത്തൊരെന്റ ഏറ്റം വലിയ അഭ്യുദയപ്രാർത്ഥനയുമിവൾ തെന്നെ.
എന്റമ്മ.
ഇന്നീ സായം സന്ധ്യയിലീ
ഇണക്കിളിയൊഴിഞ്ഞ കൂട്ടിലെ
ശോകമൂക വരാന്തമൂലയിലെന്റെ
നിഴലും ശബ്ദവും കേട്ടെന്നോർത്ത്‌,
ഇടക്കിടെ എത്തി നോക്കുന്നെന്റെ
ജന്മപുണ്യമേ,
"അമ്മേ
ഇനിയുമൊരു നൂറു ജന്മങ്ങളുണ്ടെങ്കിൽ
അതിലൊക്കെയും നിന്റെ ഉദരത്തിൽ നീയെന്നെ മകനായി ചുമക്കണം."
ഇനിയെന്റെ ഇളയ മകളായി ചരിക്ക നീ
"അമ്മേ എന്നിലേക്കൊഴുക്കിയ കരുതലും ,നന്മയും ,കാത്തിരിപ്പും ,
സ്നേഹവാൽസല്യങ്ങളൊക്കെയും...
തിരിച്ച്‌ നിൻ കാലടികളിൽ സ്വീകരിച്ച്‌
നീ തന്ന ജന്മത്തിനീ മകന്റെ ദക്ഷിണയായി കരുതി‌ വിട പറയാം നമുക്കീ സുകൃതജന്മം".........
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo