Slider

ചില കോപ്പിയടി കഥകൾ

0

ചില കോപ്പിയടി കഥകൾ
*************************
നിയമ പ്രകാരമല്ലാത്ത മുന്നറിയിപ്പ്:
കോപ്പിയടിക്കുകയോ കോപ്പിയടിക്കാൻ സഹായിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. കോപ്പിയടിക്ക് വലിയ വില കൊടുക്കേണ്ടി വരും!
ഇനി ഓർമകളിലേക്ക് എന്റെ കരാള ഹസ്തങ്ങൾ ആഴ്ന്നിറക്കട്ടെ ....
അനുകരണം ഒരു കലയായി പരക്കെ അംഗീകരിക്കപ്പെട്ടതാണല്ലോ. ഒരർത്ഥത്തിൽ കോപ്പിയടിയും അനുകരണമാണല്ലോ .. അപ്പൊ കോപ്പിയടിക്കുന്നവൻ കലാകാരനാണോ?🤔🤔 ... ശൊ , ആകെ കൺഫ്യൂഷൻ ആയല്ലോ....
എന്തായാലും കോപ്പിയടിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ കാണും..മിക്കവാറും അറിയാൻ മേലാഞ്ഞിട്ടായിരിക്കും.. മറ്റു ചിലപ്പോൾ നമ്മളേക്കാൾ നന്നായി കൂടെയുള്ളവന് അറിയാം എന്ന വിശ്വാസം ആയിരിക്കും. വിശ്വാസം അതല്ലേ എല്ലാം ..
അങ്കൻവാടിയിലും ഒന്നാം ക്ലാസിലും പഠിക്കാൻ വല്യ മെച്ചമില്ലായിരുന്നെങ്കിലും
പിന്നീട് വീട്ടുകാരുടെ ശ്രമഫലമായി ഞാനൊരു കട്ട പഠിപ്പിസ്റ്റ് ആയി മാറുകയാണുണ്ടായത്... ക്ലാസിൽ ഒന്നാം സ്ഥാനമല്ലെങ്കിൽ വല്ലപ്പോളും രണ്ടാം സ്ഥാനം വാങ്ങുന്ന ഒരു കടുത്ത മാതൃക വിദ്യാർത്ഥിനി ..( ഇതൊക്കെ പ്ലസ് ടു വരെ മാത്രം ഉണ്ടായിരുന്നുള്ളു കേട്ടോ )
പക്ഷെ ചില കണ്ണിൽ ചോരയില്ലാത്ത പഠിപ്പിസ്റ്റുകളെ പോലെ പരീക്ഷ പേപ്പർ "പൊത്തി പിടിച്ച്" എഴുതുക, മാനം മര്യാദക്ക് കോപ്പിയടിക്കുന്നവരെ ഒറ്റികൊടുക്കുക തുടങ്ങിയ "ദുശ്ശീലങ്ങളൊന്നും " എനിക്കുണ്ടായിരുന്നില്ല... എന്റെ വിജയം എല്ലാരുടേം വിജയം ആകുന്ന സമത്വ സുന്ദരമായ കിനാശ്ശേരി ആയിരുന്നു എന്റെ ലക്ഷ്യം.... ( ശൊ എത്ര നല്ല കുട്ടി!)
അങ്ങനെ ചെറിയ രീതിയിൽ സഹായ സഹകരണങ്ങൾ ചെയ്ത് കൊണ്ട് മുന്നേറുമ്പോളാർന്നു ഏഴാം ക്ലാസിൽ U.S.S Scholarship പരീക്ഷ വന്നത്...
അന്നത്തെ പ്രസ്റ്റീജിയസ് സ്കോളർഷിപ്പ് പരീക്ഷകളായിരുന്നു നാലാം ക്ലാസിലെ L.S.S പരീക്ഷയും ഏഴിലെ U. S. S പരീക്ഷയും ... സർക്കാർ സ്കോളർഷിപ്പ് ആണ് .. ഭീകര ചോദ്യങ്ങൾ ആയിരിക്കും... അതായത് ഒരു നാലാം ക്ലാസ്കാരിക്ക് ഭീകരമായിരിക്കും...
കേരളത്തിലെ ജില്ലകൾ തെക്ക് നിന്ന് വടക്കോട്ടും വടക്ക് നിന്ന് തെക്കോട്ടും, ഇന്ത്യയിലെ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും, യൂറോപ്പിലെ രോഗി ''sർക്കി " ഇമ്മാതിരി ജി.കെ കൊസ്റ്റിൻസ്.. ( ടർക്കിയെ , എപ്പോളും രോഗം വരുന്ന , കോഴീന്റെ പേരുള്ള ഏതോ ഒരു ഹതഭാഗ്യൻ എന്നേ ഞാൻ കരുതിയുള്ളു... അതൊരു രാജ്യത്തിന്റെ പേരാന്ന് ഞാനെന്ന നാലാം ക്ലാസ്കാരിയുടെ വിദൂര ചിന്തയിൽ കൂടി പോയില്ലാ! 🙄)
പിന്നെ ല സ ഗു, ഉ സ ഗു 🙆...10 പേർ 2 ദിവസം കൊണ്ട് ജോലി ചെയ്താൽ 15 പേർ എത്ര ദിവസം കൊണ്ട് ചെയ്യും അങ്ങനത്തെ കുനിഷ്ട് കണക്കുകൾ ഇതൊക്കെ പഠിക്കണം ,🙆...
ഇതെല്ലാം കഷ്ടപ്പെട്ട് പഠിച്ച് പാസായാൽ കിട്ടുന്ന സ്കോളർഷിപ്പ് തുക കേട്ടാൽ ഞെട്ടും . ഒരു കൊല്ലം " 30 " രൂപ! 23 കൊല്ലം മുമ്പാണേൽ പോലും അന്ന് തന്നെ അതൊരു തുച്ഛമായ തുകയായിരുന്നു...
ഈ പൈസ ഏഴാം ക്ലാസ് വരെ കിട്ടും.. പിന്നെ ഏഴിൽ U . S . S പരീക്ഷയുണ്ട്. അത് പാസായാൽ പത്താം ക്ലാസ് വരെ കൊല്ലം 100 രൂപ കിട്ടും.
ഒരു പ്രീവിയസ് ക്വസ്റ്റിൻ പേപ്പർ ചെയ്താൽ ഒരു ബിരിയാണി എന്ന നിഷേധിക്കാനാവാത്ത പ്രലോഭനവുമായി അമ്മ എന്നെ പ്രാക്ടീസ് ചെയ്യിച്ചിട്ടാണോ എന്തോ , എന്നെ തന്നെ ഞെട്ടിച്ച് കൊണ്ട് ഞാൻ L. S. S പരീക്ഷ പാസായി... ( നോട്ട് ദി പോയന്റ്: ഞാൻ മാത്രമേ ആത്മാർത്ഥമായി ഞെട്ടിയുള്ളു വീട്ടുകാർ ഞെട്ടിയില്ല...അവരുടെ അഭിപ്രായത്തിൽ ഇതല്ല ഇതിന്റെ അപ്പുറവും ചാടി കടക്കുന്നവനായ കെ. കെ ജോസഫ് ആയിരുന്നു ഞാൻ!)
അതിന്റെ 30 രൂപ പാസാക്കി കിട്ടാൻ എന്റെ അച്ഛൻ 300 രൂപയെങ്കിലും ചിലവാക്കി കാണും, ഡി.ഇ.ഒ ഓഫീസ് ഒക്കെ കയറിയിറങ്ങി.
എന്തായാലും എനിക്കാദ്യമായി സമ്മാനം കിട്ടിയ പൈസയാണ്. അത് ഞാൻ അമ്മയ്ക്ക് കൊടുത്തു. അമ്മ അത് എനിക്ക് "ഗുരുത്വം" കിട്ടാൻ വേണ്ടി ദീപ്തിക്ക് സമ്മാനം കിട്ടിയേന്റെ സന്തോഷത്തിന്റെ പങ്കാണെന്നും പറഞ്ഞ് 5 രൂപ വീതം എന്റെ അങ്കൻ വാടി ടീച്ചർക്കും, അച്ചാച്ചനും അമ്മൂമ്മക്കും ഒക്കെ കൊടുത്തു.. സന്തോഷം എത്ര ചെറുതാണെങ്കിലും പങ്കുവെക്കുമ്പോൾ അത് ഇരട്ടിക്കും എന്ന് പറയുന്നതെത്ര ശരിയാണ്... അവർക്കൊക്കെ വല്യ സന്തോഷമായി .. ഞങ്ങൾക്കും...
ആ ഒരു "ഗുരുത്വം" കൊണ്ടാണോന്നറിയില്ല പിന്നെ ഒരു പാട് ക്യാഷ് പ്രൈസ് എനിക്ക് കിട്ടിയിട്ടുണ്ട്... 😇😇
ഇനി U. S .S പരീക്ഷയിലേക്ക് വരാം.. L. S. S ലഭിച്ച സമ്മർദത്തിൽ പ്രതീക്ഷകളുടെ ഭാരവുമായി പഠിപ്പിസ്റ്റ് ആയ ഞാൻ U S S പരീക്ഷ എഴുതാൻ കയറുകയാണ്..
കാണാൻ പറ്റുന്നവർ നോക്കി എഴുതിക്കോട്ടേ എന്ന വിശാല ചിന്തയുമായി ഈ കരുണാമയി ,പേപ്പർ ഒക്കെ മലർത്തി തുറന്ന് അലക്ഷ്യമായി വെച്ചിരിക്കയാണ്. അപ്പോളാണ് ആ ചോദ്യം .. " What is the fourth state of matter?'
പഠിക്കാത്ത ചോദ്യം കണ്ട് ആദ്യം ഒന്ന് പകച്ചെങ്കിലും മനസാന്നിധ്യം വീണ്ടെടുത്ത് ഞാൻ ഭാവം വരാൻ നിറുത്തി നിറുത്തി ചിന്തിച്ചു.
What is the ---> എന്താണ്
fourth. ----> നാലാമത്തെ
state. -----> സംസ്ഥാനം
of matter. ------> കാര്യത്തിന്റെ
ആ ഇപ്പ പിടികിട്ടി...'' കാര്യത്തിൽ നാലാമത് നിൽക്കുന്ന സംസ്ഥാനം ഏതാണ്?" എന്ത് കാര്യമാണാവോ? 🤔🤔...ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേരുകൾ എന്റെ മനസിലൂടെ മിന്നി മാഞ്ഞു. അവസാനം "ഉത്തർ പ്രദേശ് " എന്നെഴുതാം എന്ന് വിചാരിച്ചു.
പിന്നീട് ഒന്നൂടെ വിശാലമായി ചിന്തിച്ചു. ഈ അമേരിക്ക " സ്റ്റേറ്റ്സ്" എന്നാണല്ലോ അറിയപ്പെടുന്നത്.. അപ്പൊ ഇനി അമേരിക്ക ആയിരിക്കുമോ.. എന്നാൽ അമേരിക്ക എന്നെഴുതാംന്ന് വിചാരിച്ചു.
അപ്പൊ തന്നെ മാറി ചിന്തിച്ചു....ഛെ.. കുത്തക മുതലാളിത്ത രാജ്യമായ അമേരിക്കയുടെ പേരെഴുതാൻ എങ്ങനെ തോന്നി... എന്റെ ദേശസ്നേഹം സടകുഴഞ്ഞെണീറ്റു... ഭാരത് മാതാ കീ ജയ് പറഞ്ഞു കൊണ്ട് ഞാനതിന്റെ ഉത്തരം എഴുതി "INDIA"....
എല്ലാം എഴുതി പുറത്ത് വന്നപ്പോൾ എന്റെ പുറകിലെ കുട്ടി പറഞ്ഞു. "വിവരിച്ചെഴുതാനുള്ളതൊന്നും ടീച്ചർ നിൽക്കുന്നോണ്ട് മര്യാദക്ക് നോക്കി എഴുതാൻ പറ്റിയില്ല.. ഒറ്റ വാക്കിന്റെ ഉത്തരങ്ങൾ കാണാൻ പറ്റി".
അപ്പൊ അതിനെ പറ്റി ഒന്നും ചിന്തിച്ചില്ലെങ്കിലും പിന്നീടാണ് Fourth state of matter ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത " പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ '' എന്നാണർത്ഥം എന്നറിഞ്ഞത്! 🙄🙄🙄അതിന്റെ ഉത്തരം " പ്ലാസ്മ " എന്നാണെന്നും
നാലാം ക്ലാസ് വരെ മലയാളം മീഡിയം പഠിച്ചിട്ട് അഞ്ചിൽ ആണ് ഇംഗ്ലീഷ് മീഡിയത്തിൽ ആയെ .. അത് കൊണ്ട് സ്റ്റേറ്റിനും മാറ്ററിനുമൊക്കെ വേറെ പല അർത്ഥതലങ്ങളുമുണ്ടെന്ന് അറിഞ്ഞൂടാർന്നു..🙄🙄
പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ യുടെ ഉത്തരം 'ഇന്ത്യ' എന്ന് രണ്ട് തവണ കണ്ട , പേപ്പർ നോക്കിയ ടീച്ചറിന്റെ അവസ്ഥ എന്തായോ ആവോ...🙄 എന്തായാലും ആ പരീക്ഷയും ഞാൻ എങ്ങിനെയോ പാസായി...😇😇
എന്തായാലും ഇതിൽ നിന്നും പാഠം പഠിച്ചുകൊണ്ട് ഉറപ്പില്ലാത്ത ഉത്തരങ്ങൾ ചുമ്മാ വായിൽ തോന്നുന്നത് എഴുതുമ്പോൾ, നോക്കി എഴുതുന്നവർക്ക് ഒരു " മുന്നറിയിപ്പ് " കൊടുക്കാൻ ഞാൻ തിരുമാനിച്ചു. അത് പ്രകാരം ട്യൂഷൻ ക്ലാസ് പരീക്ഷക്ക് ചുമ്മാ ഉറപ്പില്ലാതെ എഴുതി കൊണ്ടിരുന്ന ഒരുത്തരത്തിന്റെ മുകളിൽ ,നോക്കി എഴുതുന്ന ആള് അതു പോലെ തന്നെ പകർത്താതിരിക്കാൻ "ഇതുറപ്പില്ല" എന്ന് വലിയ അക്ഷരത്തിൽ പെൻസിൽ കൊണ്ട് എഴുതി വെച്ചു. പീന്നീട് മായ്ക്കൽ ആണ് ഉദ്ദേശം.
എന്തായാലും മുന്നറിയിപ്പ് ഫലിച്ചു. പുറകിൽത്തെ ആള് നോക്കി എഴുതിയില്ല! ഭാഗ്യം!
പക്ഷെ എന്റെ കഷ്ടകാലത്തിന് ഞാനത് മായ്ക്കാൻ മറന്ന് പോയി! 🙆🙆... "പിച്ചൽ " ഒരു ഹരമായ ട്യൂഷൻ ടീച്ചർ എന്റെ കയ്യിൽ നിന്ന് ഒരേക്കർ തൊലി പിച്ചിയെടുത്തു...👿👿...എന്റെ ''വിശാല മനസ്സിന് " കിട്ടിയ സമ്മാനം ...
കോപ്പിയടിയുമായി ബന്ധമില്ലെങ്കിലും ഈ പിച്ചൽ അനുഭവം എന്റെ ഒരു കൂട്ടുകാരിക്ക് പറ്റിയ പറ്റോർമിപ്പിച്ചു.. ഒരിക്കൽ പത്താം ക്ലാസിലെ ഓണ പരീക്ഷ കഴിഞ്ഞപ്പോ അവൾടെ സ്കൂളിലെ സിസ്റ്റർ , സിസ്റ്റർ പട്ടിയെ തല്ലുന്ന പടം ഉത്തര കടലാസിൽ വരച്ച് പുള്ളിക്കാരിയെ അപമാനിച്ചൂന്നും പറഞ്ഞ് ഇവളേം നുള്ളി കയ്യിലെ തൊലിയെടുത്തു.
എന്താ സംഭവംന്ന് അവൾക്കപ്പോ മനസിലായില്ലെങ്കിലും പേപ്പർ കിട്ടിയപ്പോ കത്തി ! മലയാളം രണ്ടാം പേപ്പർ പഠിക്കാനുണ്ടായിരുന്നത് ബഷീറിന്റെ 'പാത്തുമ്മയുടെ ആട് ' ആയിരുന്നു . പരീക്ഷക്ക് 10 മാർക്കിന്റെ ഒരു ചോദ്യം പാത്തുമ്മയും ആടും തമ്മിലുള്ള ബന്ധത്തിന്റെ വാഗ്മയ ചിത്രം വരക്കുക എന്നായിരുന്നു. " ചിത്രം വരക്കുക " എന്ന് കേട്ടതും എഴുതാൻ മടിയുള്ള അവൾ "വാഗ്മയ" മറന്നു.
പടം വരച്ചാൽ 5 മാർക്കെങ്കിലും കിട്ടും എന്നോർത്ത് ആ പാവം കല അടുത്തൂടെ പോവാത്ത കൊലാകാരി, പാത്തുമ്മ ആടിന് പ്ലാവിന്റെ ഇല കൊടുക്കുന്ന ഒരു മനോഹര ചിത്രം വരച്ചു... ആ ഹൃദയഹാരിയായ മനോഹര ചിത്രമാണ് കലാഹൃദയം ഇല്ലാത്ത സിസ്റ്റർ തെറ്റിദ്ധരിച്ചത്! അവൾടെ തട്ടമിട്ട പാത്തുമ്മയെ കണ്ടപ്പോൾ സിസ്റ്റർ, അത് സിസ്റ്റർ തന്നെയാണെന്നും അവൾടെ ആട് പട്ടിയുമാണെന്നും തെറ്റിദ്ധരിച്ചു! ആടിനെ പട്ടിയാക്കുക എന്ന് കേട്ടിട്ടുണ്ടെങ്കിലും അനുഭവത്തിലൂടെ അറിഞ്ഞത് അന്നാണ്! ഒരു ''വാഗ്മയ ചിത്രം " വരുത്തിയ വിന!
ഇനി ട്യൂഷൻ ക്ലാസുകളുടെ മണമുള്ള പ്ലസ് ടു കാലത്തെ ഒരു അനുഭവം . അതൊരു ഭീകര കാലഘട്ടം ആയിരുന്നു! ട്യൂഷൻ ക്ലാസ് , റെഗുലർ ക്ലാസ്, എൻട്രൻസ് ക്ലാസ് അങ്ങനെ ആകെ ഹൊറിബിൾ സിറ്റുവേഷൻ !
ഫിസിക്സ് ട്യൂഷൻ സാർ ഒരു പേടി സ്വപ്നമായിരുന്നു. രാവിലെ ആറരയ്ക്കാണ് ട്യൂഷൻ. കൊച്ച് വെളുപ്പാൻ കാലത്തെ എണീട്ട് , എളമക്കരയിൽ നിന്നുള്ള ആദ്യ ബസായ പുന്നയ്ക്കൽ അമ്മയിൽ കയറി, ചന്ദനത്തിരിയുടേയും കർപ്പൂരത്തിന്റേയും ദേവിയുടെ ചിത്രത്തിൽ ചാർത്തിയ മുല്ലപ്പൂ മാലയുടെയും സുഗന്ധവും ശ്വസിച്ച്, ഭക്തിഗാനങ്ങളും കേട്ട് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ആണു എല്ലാ ചൊവ്വയും വ്യാഴവും ട്യൂഷൻ ക്ലാസിലേക്കുള്ള യാത്ര .
വൈകി വന്നാലോ ലീവെടുത്താലോ ഉത്തരം പറഞ്ഞില്ലെങ്കിലോ ഒരു വ്യത്യസ്തമായ ശിക്ഷാവിധി ആയിരുന്നു സാറിന്റേത്. ആൺ കുട്ടിയേയും പെൺകുട്ടിയേയും ഒരുമിച്ചിരുത്തി '' പുതിയ കുടുംബത്തിൻ കതിരുകൾ ഉയരുന്നു" എന്ന പാട്ട് ഉറക്കെ പാടും. ഈശ്വരാ അതൊക്കെ വല്യ നാണക്കേട് ആയിരുന്നു അപ്പോ....
ആ ഭീകരന്റെ ഒരു പരീക്ഷയിൽ Refractive Telescope വരക്കാൻ ഒരു ചോദ്യം . എനിക്കാ സമയത്ത് Refractive Telescope , Reflective Telescope ഇവ തമ്മിൽ ഒരു കൺഫ്യൂഷൻ. ഒരു നോട്ട് ബുക്കിൽ ആണ് പരീക്ഷ. അതിന്റെ അവസാന പേജിൽ രണ്ടിന്റേം പടം വരച്ചു. എന്നിട്ട് ഒരു വലിയ ചോദ്യ ചിഹ്നവും ഇട്ടു . കൺഫ്യൂഷൻ തീർക്കാനായിട്ട് അടുത്തിരുന്ന മേരിയെ കാണിച്ചു. മേരി കറക്ട് ഉത്തരം തൊട്ട് കാട്ടി തന്നു . ഞാനത് വരച്ചു.
പതിവ് പോലെ അബദ്ധങ്ങൾ ഏറ്റുവാങ്ങാൻ ചന്തുവിന്റെ ജന്മം ഇനിയും ബാക്കിയായി... അവസാന പേജിൽ വരച്ച ടെലിസ്കോപ്പുകളും വലിയ ചോദ്യചിഹ്നവും മായ്ക്കാൻ മറന്നു.🙆🙆 എന്റെ ദൈവമേ, അന്നത് സാറ് കാണാതിരിക്കാൻ ഞാൻ പ്രാർത്ഥിച്ച പ്രാർത്ഥിക്കൽ.. ആ പ്രാർത്ഥനയുടെ ശക്തി കൊണ്ടെന്തായാലും സാറത് കണ്ടില്ല! ഞാൻ " പുതിയ കുടുംബത്തിൻ കതിരുകൾ ഉയരുന്നു " കേൾക്കേണ്ടി വന്നില്ല!
ഇനിയും കുറേ അനുഭവങ്ങളും പാളിച്ചകളും ഉണ്ടേലും അതൊക്കെ വെട്ടിതുറന്നെഴുതിയാൽ വൺ, ടു, ത്രീ പറഞ്ഞ മണിയാശാന്റെ ഗതി വരും എന്നുള്ളത് കൊണ്ട് ഞാനെന്റെ ഓർമകൾടെ മലവെള്ള പാച്ചിലിനെ ബണ്ട് കെട്ടി തടയട്ടെ...
എന്റെ അനിയത്തിയെ സഹായിക്കാൻ ശ്രമിച്ച ഒരു സാറിന്റെ കദന കഥയോട് കൂടി ഈ നാടകം അവസാനിപ്പിച്ചേക്കാം...
അവൾ ഏഴിൽ പഠിക്കുമ്പോ ഒരു ക്വിസ് മൽസരത്തിന് പോയി... ഒരു ചോദ്യം ഇതായിരുന്നു " എം.ടി യുടെ രണ്ടാമൂഴത്തിലെ നായകൻ ഏത് പുരാണ കഥാപാത്രമാണ്?" വായന ശീലമില്ലാത്ത അവൾ ബ്ലിങ്കസ്യ ഇരിക്കുന്നത് കണ്ടപ്പോൾ ആ സാറ് "ഭീമൻ " എന്ന് ക്ലൂ തരാൻ വേണ്ടി മസിലൊക്കെ പെരുപ്പിച്ച് ,ഗദയൊക്കെ പിടിച്ച് നടക്കുന്ന പോലെ ഭയങ്കര ഭാവാഭിനയം... ഓ ഇപ്പ പിടികിട്ടി എന്ന് പറഞ്ഞ് കൊണ്ട് അവൾ ഉത്തരം ചാടി പറഞ്ഞു '' ഹനുമാൻ!"... പാവം സാറ് ...
അല്ല , അവളേം കുറ്റം പറയാൻ പറ്റില്ല, എല്ലും തോലും പോലെ ഇരിക്കണ സാറ് വണ്ണം തോന്നാൻ കവിളൊക്കെ വീർപ്പിച്ച് പിടിച്ചപ്പോൾ അവൾ തെറ്റിദ്ധരിച്ചതാ....
അങ്ങനെ നിലയ്ക്കാത്ത ഓളങ്ങൾ പോലെ മരിക്കാത്ത എത്രയെത്ര ഓർമകൾ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo