Slider

കോട്ടക്കൽ സെന്റ്‌ തെരേസാസ് കോളേജിലേക്ക് ഒരു ബ്ലും... ഭാഗം 5

0
കോട്ടക്കൽ സെന്റ്‌ തെരേസാസ് കോളേജിലേക്ക് ഒരു ബ്ലും...
ഭാഗം 5
എന്നെ ഭീതിപ്പെടുത്തിയ ആ ക്രിസ്തുമസ് സമ്മാനം!.
**********************
ക്രിസ്തുമസ് ഫ്രണ്ടിനെ തിരഞ്ഞെടുക്കുന്ന ദിവസമാണ് കോളേജ് ജീവിതത്തിലെ ഏറ്റവും ഉത്കണ്ഠാകുലമായ ദിവസം. ആരെയാണ് ഫ്രണ്ട് ആയി കിട്ടുക എന്നുള്ള ആ ടെൻഷൻ നമ്മുടെ രാജ്യത്തെ ഇലക്ഷൻ റിസൽട്ടിന് പോലും ഞാൻ ഇതുവരെ കണ്ടട്ടില്ല.
മിക്കവർക്കും ക്രിസ്തുമസ് സമ്മാനം എന്നത് ഓരോ പാര വെപ്പിനുള്ള മറുപടിയോ, ശത്രുക്കളെ നിലം പരിശാക്കാനുള്ള തുറുപ്പ് ചീട്ടൊ ആയിരുന്നു. വളരെ കുറച്ചു നിഷ്കളങ്കർ മാത്രമേ ഉണ്ണീശോയുടെ ത്യാഗത്തെയോർത്ത് സ്നേഹം പൊതിഞ്ഞ ക്രിസ്തുമസ് സമ്മാനങ്ങൾ സുഹൃത്തുക്കൾക്ക് കൈ മാറിയിരുന്നുള്ളൂ.
അങ്ങനെ ഏവരും കാത്തിരുന്ന ആ ദിനം വന്നെത്തി.
എല്ലാവരുടെയും സ്നേഹമയിയായ ബിന്ദു ടീച്ചറുടെ സാന്നിധ്യത്തിൽ ഞങ്ങൾ ബോക്സിൽ നിന്നും കുത്തി കുലുക്കിയിട്ടിരുന്ന ഓരോ പേരുകൾ എടുക്കാൻ തുടങ്ങി.എനിക്ക് ആരുടെ പേരാണ് കിട്ടിയതെന്ന് ഓർമ്മയില്ല.പക്ഷെ എനിക്കാരാണ് തന്നത് എന്ന് ഞാനിപ്പഴും നല്ലവണ്ണം ഓർക്കുന്നു.
തനിക്ക് കിട്ടിയത് ആരെയാണെന്ന് മറ്റുള്ളവർ അറിയാതെ കാത്തു സൂക്ഷിക്കുക എന്നുള്ളതാണ് ഓരോരുത്തരുടെയും മുൻപിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
അതു കൊണ്ട് ചുരുട്ടി വെച്ച പേപ്പർ ഒരു നിമിഷംകൊണ്ട് നിവർത്തി നോക്കി ആരും കാണാതെ കണ്ടം തുണ്ടം കീറി കളയുക, അല്ലെങ്കിൽ വായിലിട്ട് ചവച്ചരക്കുക, അല്ലെങ്കിൽ അതിൽ തുപ്പിയിടുക എന്നതൊക്കെയാണ് ആ വെല്ലുവിളികൾ നേരിടാനുള്ള പോം വഴിയായി എല്ലാവരും സ്വീകരിച്ചിരുന്നത്.
അങ്ങനെയിരിക്കെ...
കൊല്ലി സീമ -: "സമ്പൂർണ്ണ ക്ലാസ്സിന്റെ ഒഫീഷ്യൽ ചാരത്തി !!" ഓടി വന്ന് എന്നോടൊരു രഹസ്യം പറഞ്ഞു.
"നിന്റെ പേര് കിട്ടിയിരിക്കുന്നത് മിന്റോക്കാണ് !"
നിറഞ്ഞ സംശയത്തോടെ ഞാൻ അവളെ ചുഴിഞ്ഞ്‌ നോക്കിയപ്പോൾ അവൾ അവളുടെ തന്നെ പേട്ട തലയിൽ കൈ അടിച്ച്‌ സത്യം ചെയ്തു...
"അവൻ കീറി താഴെയിട്ടത് ഞാൻ അപ്പോൾ തന്നെ പറക്കിയെടുത്ത് നോക്കി. അത് നിന്റെ...നിന്റെ പേരായിരുന്നു!!."
'ആയിക്കോട്ടെ...അതിന് എനിക്കെന്താ!' എന്ന മട്ടിൽ ഞാനിരുന്നു.
പക്ഷെ എന്നോട് പങ്കുവെച്ച ആ രഹസ്യം സൂക്ഷിക്കാനുള്ള ത്രാണി അവളുടെ ആ എല്ലിച്ച ശരീരത്തിനുണ്ടായിരുന്നില്ല.അവൾ പാണന്റെ പിന്തുടർച്ചക്കാരിയായി ക്ലാസ്സിലാകെ അത് പാടി കൊണ്ടു നടന്നു. എന്റെ ര മാത്രം അല്ല അവൾ ചോർത്തിയെടുത്ത മറ്റു പലരുടെയും രഹസ്യങ്ങൾ അവൾ ഇന്റർവെൽ ആകുമ്പോൾ ഒരു രാപ്പാടിയെ പോലെ പാടിപ്പാടി നടന്നു കൊണ്ടേയിരുന്നു.
ഇതിന്റെ സത്യാവസ്ഥ ഇരിഞ്ഞാലക്കുടക്കാരനായ,വെളുത്ത, സുന്ദരനായ, ഇടതൂർന്ന കണ്പീലികളോട് കൂടിയ , കോളേജിലെ മൊത്തം പെൺകുട്ടികളുടെ ആരാധനാപാത്രമായ മിന്റോ വേഗം സമ്മതിക്കുകയും ചെയ്തു.സമ്മതിച്ചത് മറ്റൊന്നും കൊണ്ടല്ല... സീമയുടെ "അല്ലേടാ.. അല്ലേടാ "എന്ന നിരന്തരമായ ചോദ്യ പീഡനത്തിന് മുൻപിൽ അവൻ സ്വയം മുട്ടു മടക്കുകയായിരുന്നു.
അങ്ങനെയിരിക്കെ ക്രിസ്തുമസ്‌ സമ്മാനം കൈമാറേണ്ട ദിവസത്തിന് രണ്ടു മൂന്ന് ദിവസം മുൻപ് ഒരു ഉച്ചക്ക് എല്ലാവരും കൂടി സമ്മാനം വാങ്ങുന്നതിനെ പറ്റി ചർച്ച ചെയ്യുന്ന നേരം മിന്റോ ചോദിച്ചു...
"എന്ത് സമ്മാനമാടി ലിപി നിനക്കു ഞാൻ വാങ്ങിതരേണ്ടേ?"
പാവം മിന്റോ....സ്വന്തമായി സഹോദരിമാർ ഇല്ലാത്ത അവന് പെൺകുട്ടികൾക്ക്‌ എന്തു സമ്മാനം വാങ്ങി കൊടുക്കണം എന്നറിയില്ലയത്രേ!!
"പെണ്കുട്ടികൾ ഉപയോഗിക്കുന്ന എന്തും നീ ധൈര്യമായി വാങ്ങിക്കോടാ" എന്നു ഞാൻ വളരെ നിഷ്കളങ്കമായി അവനോട് പറഞ്ഞു.
"എന്നാ നീ അവൾക്ക് രണ്ട് ബ്രാ വാങ്ങി കൊടുക്ക്!!".
പിന്നിൽ നിന്നും വന്ന ശബ്ദത്തിനുടമ സ്ഥലകാല ബോധമില്ലാതെ കിടന്നു ചിലക്കുന്ന ജെയ്ജു വായിരുന്നു.!!
എന്റെ പൊന്നോ പിന്നെ പറയണോ!! എല്ലാവരും കൂടി കൂക്കി വിളിച്ച്‌ അവനെ കുനിച്ചു നിർത്തി ഇടിച്ച് ഒരു പരുവമാക്കി.
പക്ഷെ പിറ്റേ ദിവസം മുതൽ മിന്റോയുടെ കൂടെയുള്ള ലിയോ, റിജു, ഷിന്റോ, ജയ്ജു തുടങ്ങിയവർ എന്നെ കാണുമ്പോൾ പറയും...
"ഡീ.. നിനക്കുള്ള സമ്മാനം അവൻ വാങ്ങിട്ടുണ്ട് ട്ടാ...
ന്യൂ ഫേബ്രിക്സിന്ന്!!"
ഇതു കേൾക്കുമ്പോൾ എനിക്ക് കലിപ്പ് ഇളകും.ഞാൻ എന്റെ നോട്ടം കൊണ്ട് അവന്മാരെ തല കീഴായി മറിച്ചിടും.
അങ്ങനെ ആ രണ്ടു ദിവസം മുഴുവൻ ക്ലാസ്സിൽ എത്തിയാൽ ഇതു തന്നെ പറച്ചിൽ.
"ന്യൂ ഫേബ്രിക്സ്!!"..ഹോ!..
മനുഷ്യനെ നാണം കെടുത്താൻ!! ഇതു കേൾക്കുമ്പോൾ ബാക്കി എന്റെ കൂടെയുള്ള കൂട്ടുകാരികളും,കാരന്മാരും കുറെ എരിവും പുളിയും കൂടി അതിനുള്ളിൽ കേറ്റുകയും ചെയ്യും.....
കുരിശ്ശ്കൾ!!
സമ്മാനം കൈ മാറുന്നതിന് മുൻപുള്ള ആ രണ്ടു ദിസങ്ങൾ വളരെ പ്രാധാന്യം എറിയതാണ്.നമ്മളെ കിട്ടിയിരിക്കുന്നത് ആർക്കാണെന്ന് അറിയാതിരിക്കാനുള്ള സകല അടവുകളും പയറ്റുന്ന ദിവസങ്ങൾ. ക്രിസ്തുമസ്സ് ഫ്രണ്ടിന്റെ ഡെസ്ക്കിന്റെ മുൻപിൽ ആരുമറിയാതെ പൂവോ, എഴുത്തോ,ചോക്ലേറ്റ്‌സോ ഒക്കെ കൊണ്ടു വെക്കുന്നത് ഒരു ഹരം തന്നെയായിരുന്നു.
എന്നാൽ എന്റെ ഡെസ്ക്കിന്റെ മുൻപിൽ കൊണ്ടു വെച്ചത് ആകട്ടെ "ന്യൂ ഫേബ്രിക്‌സിന്റെ കവർ"!!.
അങ്ങനെ ആ ദിവസം വന്നെത്തി. ഓരോരുത്തരായി സമ്മാനം കൈമാറുകയാണ്. എല്ലാവരുടെയും മനസ്‌ഡിൽ നിറയെ ക്രിസ്‌തുമസ്‌ ആശംസകൾ...
എന്റെ മനസ്സ് നിറയെ ന്യൂ ഫേബ്രിക്സ് ആശങ്കകൾ!!.
ഇനിപ്പോ പറഞ്ഞ പോലെ ഈ സാത്താന്മാർ അങ്ങനെ വല്ലതും വാങ്ങി തരുമോ കർത്താവേ...!!
ഈ ഇരിഞ്ഞാലക്കുടക്കാർ അല്ലെങ്കിലും പണ്ടേ ശെരിയല്ല. അവന്മാരെ ഞാനെന്റെ നാക്കു കൊണ്ട് വരച്ച വരയിൽ നിർത്താറുണ്ട്.അതു കൊണ്ടു തന്നെ അവന്മാർക്ക്‌ എന്നോട് കുറച്ചു കലിപ്പ് പണ്ടേ ഉള്ളതാ...അതിന്റെ പ്രത്യപകാരം അവർ ചെയ്തു കളയുമോ!!. ചിന്തനീയം!
എന്റെ പിന്നിലിരിക്കുന്ന മഞ്ജുവും ഷീബയും സീമയും അതിനിടയിൽ കുത്തിയിരുന്നു നെഞ്ചിൽ ആഞ്ഞു കുത്തും..." ദേ നോക്കിയേ...ദിപ്പൊ വരുടി നിനക്കുള്ള സമ്മാനം... പാകമായാൽ മതിയായിരുന്നു.!!"
ഞാൻ ഒന്നും മിണ്ടാതെ ഫ്രീസറിൽ വെച്ച മത്തിപോലെയിരിക്കുകയാണ്.മിന്റോയുടെ പേര് വിളിക്കുന്നത് കാതോർത്ത് കാതോർത്ത് എന്റെ ഓർമ്മയൊക്കെ പോയി. അപ്പോഴാണ് എന്റെ കാതുകളിൽ "മിന്റോ" എന്ന ശബ്ദം പാറമടയിലെ വെടി പോലെ പൊട്ടുന്നത് !!
അവൻ പോയി അവന്റെ ഫ്രണ്ടിന്റെ കയ്യിൽ നിന്നും സമ്മാനം വാങ്ങി...എന്നിട്ട് എന്റെ നേരെ നോക്കി ഒരു കള്ള ചിരി ചിരിച്ചു. എന്റെയുള്ളിലെ കിളിയൊന്ന് പറന്ന് മാനത്ത് ചെന്ന്നിന്ന് അവിടെ നിന്നും അതെന്റെ മാനത്തെ നോക്കി പരിഹസിച്ചു ചിരിച്ചു.
ആർപ്പു വിളികളുടെ ഇടയിൽ കൂടി വളിഞ്ഞു
വളിഞ്ഞു ഞാൻ ചെന്നു. ഓരോ ഡെസ്‌ക്കും ബെഞ്ചും മന്ത്രിച്ചു.."ന്യൂ ഫേബ്രിക്സ്..."!!.
അട്ടഹാസങ്ങളുടെ ഇടയിൽ ഞാനെങ്ങനെയോ അവന്റെ കയ്യിൽ നിന്നും സമ്മാനം വാങ്ങി എന്റെ സമ്മാനം ഞാൻ ആർക്കോ സമ്മാനിക്കുകയും ചെയ്തു.
ഞാൻ സമ്മാന പൊതിയുമായി എന്റെ സീറ്റിലെത്തിയതും സീമയും ഷീബയും കൂടിയത് തട്ടി പറച്ച്‌ മാന്തി പൊളിച്ചു. ബാക്കി എല്ലാവരും കൂടി അവരുടെ മേൽ സമ്മാനം ദർശിക്കാൻ കമിഴ്ന്നു കിടന്നു.
ഞാൻ എന്റെ കണ്ണും കാതും പൊത്തി ബെഞ്ചിലി രിക്കുകയാണ്....
"ഹഹഹ പേടിക്കേണ്ടടി ...ഒന്നൂല്യ.".
ആരുടെയൊക്കെയോ വായിൽ നിന്നും ആ അപ്രതീക്ഷിത വാചകങ്ങൾ കേട്ടു ഞാൻ കോരിത്തരിച്ചു.എന്റെ ഡെസ്ക്കിന്റെ മുൻപിൽ സീമ ആ പൊതി കുലുക്കി കുടഞ്ഞിട്ടു.
ഞാൻ ജീവിതത്തിൽ ഒരിക്കൽ പോലും ഇടാറില്ലാത്ത കുറെ കുപ്പി വളകൾ , അണിയാത്ത ഗോപി പൊട്ട്, ജിംക്കി കമ്മൽ, ചുവന്ന നെയിൽ പോളിഷ് അങ്ങനെ എന്തൊക്കെയോ ആക്രി സാധനങ്ങളും! പിന്നെ കുറെ ബേക്കറി സാധനങ്ങളും!!
ഹോ!!.എന്റെ ശ്വാസം നേരെ വീണു.
വളിഞ്ഞ മോന്ത തെളിഞ്ഞു.
കുനിഞ്ഞ തല നിവർന്നു.
ഞാൻ നന്ദിയോട് കൂടെ മിന്റോയെ തിരിഞ്ഞു നോക്കിയൊന്നു ചിരിച്ചു. എന്നിട്ട് അവനോട് പറഞ്ഞു...
"ഹാപ്പി ക്രിസ്തുമസ്!!

Lipi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo