നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#മുനയൊടിഞ്ഞ_തൂലിക


മഴപെയ്ത് തോർന്ന് തെളിഞ്ഞുവരുന്നൊരു പകൽ. കുളിച്ചീറനായി നിൽക്കുന്ന പ്രകൃതിയെ തഴുകിക്കടന്നുവന്നൊരു കുളിർ കാറ്റ് മരച്ചില്ലകളെയും പൂക്കളെയും തട്ടിത്തലോടി ആ എഴുത്തുപുരയുടെ ജനലിലൂടെ അകത്തേക്ക് കടന്നു.
ഇളംതെന്നലിന്റെ നേർത്ത തലോടലിൽ ഞെട്ടിയുണർന്ന് മേശമേൽ സുഖനിദ്രയിലായിരുന്ന എന്റെ താളുകളിളകി. ആ കുളിർകാറ്റ് അവിടമാകെ ചിതറിവീണു. ഈ ജനലിന്നലെ അടച്ചില്ലായിരുന്നോ?
ഇന്നലെയെ ഓർത്തെടുത്തപ്പോൾ വീണ്ടുമൊരു ഞെട്ടലായിരുന്നു. അപ്പോഴുമെൻ താളുകൾ വിറച്ചു. ആ വിറയലിൽ കണ്ടു അവിടവിടെയായി നീളെയും കുറുകെയും കീറിമുറിഞ്ഞയെന്റെ ഉടൽ. ആ മുറിവുകളിലെ നോവറിഞ്ഞത് അപ്പോഴാണ്.
അതാ തൊട്ടുതാഴെയായി തന്നിലേക്കൊഴുകിയെത്തുന്ന നീലവർണ്ണം. ആ മഷിക്കുപ്പിയിലെ നീലക്കടലിലാണ് ഞാനിപ്പോൾ കിടക്കുന്നതെന്ന് മനസ്സിലായി.
അതെ ഇന്നലെ അദ്ദേഹം ആക്രോശത്തോടെ തട്ടിത്തെറിപ്പിച്ചപ്പോൾ തന്റെ ദേഹത്തേക്കാണ് ആ മഷിക്കുപ്പി മറിഞ്ഞത്. കലിയടങ്ങാതെ മറിച്ചിട്ട ഷെൽഫിൽ നിന്നും പുസ്തകങ്ങൾ തറയിൽ ചിതറിക്കിടക്കുന്നു.
അദ്ദേഹത്തിനെന്താണ് സംഭവിച്ചത്? ഇത്ര ക്രുദ്ധനായി അദ്ദേഹത്തെ ഇതുവരെ കണ്ടിട്ടില്ല. ഓർക്കാനിഷ്ടമില്ലാത്ത ആ രാത്രി വീണ്ടും കൺമുന്നിൽ തെളിഞ്ഞുനിൽക്കുന്നു.
ആരാണ് ആ സ്ത്രീ? അവരെന്തിനാണദ്ദേഹത്തോട് ദേഷ്യപ്പെട്ടത്?
അവരുടെ ശാപവാക്കുകൾ ഇപ്പോഴും മുഴങ്ങിക്കേൾക്കാം
'' നിന്റെ വളർച്ചയിൽ ഏറ്റവുമധികം സന്തോഷിച്ചവളാണ് ഞാൻ. ആ എന്നെയാണ് നീ മറ്റുള്ളവരുടെ മുന്നിൽ തുറന്നുകാട്ടിയത്. ഇത്ര നാളും പുറം ലോകമറിയാതിരുന്ന എന്റെ ജീവിതം എല്ലാവർക്കും പറഞ്ഞു രസിക്കുവാനുള്ള വിഷയമാക്കി തീർത്തില്ലേ. പ്രശസ്തിയുടെ പടവുകൾ കേറുമ്പോൾ നിന്റെ മനസ്സിൽ നിറയെ വിഷമാണെന്ന് ഞാനറിഞ്ഞില്ല. പൊറുക്കില്ല ഞാൻ. എന്റെ മനസ്സ് വിഷമിപ്പിച്ചതിന് നീ അനുഭവിക്കും''
ഇതെല്ലാം കേട്ട് അദ്ദേഹം വ്യക്തമല്ലാത്ത വാക്കുകളാൽ എന്തോ പറയാൻ വെമ്പുന്നുണ്ടായിരുന്നു.
അവർ പോയതിന് ശേഷമായിരുന്നു പിന്നെയുള്ള ആക്രോശമെല്ലാം.
അപ്പോൾ തൂലിക!!!
തലങ്ങും വിലങ്ങും തന്നെ കുത്തിക്കീറി മുറിവേൽപിക്കുമ്പോൾ വേദനയാൽ പിടയുന്നത്, ഒടുവിൽ അതിശക്തമായി അദ്ദേഹം ആഞ്ഞുകുത്തുമ്പോൾ അഗ്രമൊടിഞ്ഞ് പിടഞ്ഞുവീണത്..എല്ലാം ഓർക്കുന്നു.
എവിടെയാണെന്റെ തൂലിക?
അതാ തന്റെ ദേഹത്ത് അവൾ! പാതിചേതനയിൽ എഴുതാക്കഥകൾ ഒത്തിരി ബാക്കിവച്ച് ചെറിയൊരു ഞരക്കത്തോടെ,
മുനയകന്നൊരഗ്രത്തിൽ നിന്നും നീലവർണ്ണമാർന്ന രക്തം ഇപ്പോഴും ഒഴുകുന്നു.
'നിനക്കൊപ്പം ഞാനും ഉപയോഗശൂന്യമായി. പാതിജീവൻ ബാക്കിയായ നാം വലിച്ചെറിയപ്പെടേണ്ടവർ അല്ലേ തൂലികേ...
എന്താണ് അദ്ദേഹത്തിന് പറ്റിയത്. നമുക്ക് കഥകൾ പകർന്നു തരുമ്പോൾ അദ്ദേഹം ഭ്രാന്ത് പിടിക്കുന്നത് കണ്ടിട്ടുണ്ട്. അത് നമ്മൾ ആസ്വദിച്ചിട്ടുണ്ട്.പക്ഷേ...ഇത് '
'ശരിയാണ്. എഴുതുവാനുള്ള ത്വര വരുമ്പോൾ അദ്ദേഹത്തിലേക്ക് സന്നിവേശിക്കുന്ന ചില ശക്തികൾ ആ കരങ്ങളിലൂടെ എന്നിലേക്ക് പ്രവേശിക്കുന്നത് ഒരു മായാ പ്രപഞ്ചം തീർത്തത് പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. എനിക്കും ഒരാവേശമായിരുന്നു. അതിലുപരി അഹങ്കാരവും അദ്ദേഹത്തിന്റെ ഭാഗ്യതൂലികയാണെന്നുള്ള അഹങ്കാരം.
എല്ലാം ഒറ്റരാത്രി കൊണ്ട് തീർന്നു. നിനക്കറിവുള്ളതല്ലേ, നിന്റെ താളുകളിലേക്ക് എന്നിലൂടെ അദ്ദേഹം പകർന്നുതന്ന മനോഹര സൃഷ്ടികളെല്ലാം എത്ര കണ്ട് വാഴ്ത്തപ്പെട്ടിരുന്നു എന്ന്. ആസ്വാദനത്തിന്റെ ഉന്നത തലങ്ങളിലേക്ക് വായനക്കാരനെ എത്തിക്കുവാനുള്ള അദ്ദേഹത്തിന്റെ സർഗ്ഗശേഷിയിൽ നമ്മൾ പോലും എത്ര സന്തോഷിച്ചിരുന്നു.'
'ശരിയാണ്...ആ നല്ല നാളുകൾ നമുക്കിനി അന്യമായല്ലോ'
'പ്രണയവും, ലാസ്യവും ഹാസ്യവും, ശൃംഗാരവും മാറിമറിഞ്ഞെന്നിലൂടെ ഓരോ കഥാപാത്രങ്ങൾക്ക് പതിച്ചു നൽകുമ്പോൾ ആ ഭാവങ്ങളെന്നിലും നിറഞ്ഞിരുന്നു. നൊമ്പരങ്ങൾ അണിഞ്ഞ കഥാപാത്രസൃഷ്ടിയിൽ അദ്ദേഹത്തിന്റെ കൈകൾ വിറയ്ക്കാറുണ്ടായിരുന്നു. കൺമുന്നിൽ കാണുന്ന യഥാർത്ഥ ജീവിതങ്ങൾക്ക് ഭാവനയിലൂടെ ശക്തി പകരുവാൻ ഒരു യഥാർത്ഥ എഴുത്തുകാരന് മാത്രമേ സാധിക്കൂ. '
'എങ്കിലും എന്താണ് തൂലീകേ സംഭവിച്ചത്? എന്തിനായിരുന്നു അവർ!!!ആ സ്ത്രീ അദ്ദേഹത്തെ ശപിച്ചത്?'
' നിനക്കോർമ്മയില്ലേ കൂട്ടുകാരാ അവസാനമായി അദ്ദേഹം എഴുതിയ, വളരെയധികം പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ആ കഥ 'മാലാഖ'. അത് ആ സ്ത്രീയുടേതായിരുന്നു. അദ്ദേഹത്തിന്റെ ഭാവനയും ചേർത്ത് അത്ര മനോഹരമാക്കിയപ്പോൾ അത് മറ്റാരുമറിയാത്ത അവരുടെ യഥാർത്ഥ ജീവിതം തന്നെയെന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു. ആരുടെയൊക്കെയോ കഥകൾ തൂലികത്തുമ്പിലൂടെ പകർത്തുമ്പോൾ ആ ഹൃദയങ്ങൾക്കും വേദനിക്കുമെന്നത് അദ്ദേഹത്തിന് താങ്ങാൻ കഴിഞ്ഞിരുന്നില്ല. ഒരെഴുത്തുകാരനെ എല്ലാവരും ഭയക്കുന്നത് അവരുടെ കഥകളും നാളെ പുറം ലോകമറിയുമെന്ന ചിന്തയിലാണ്‌.'
'പക്ഷേ അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരൻ അങ്ങനെ ചിന്തിക്കുന്നതിൽ അർത്ഥമുണ്ടോ?'
'അറിയില്ല...പക്ഷേ...അദ്ദേഹത്തെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ, എഴുത്തിന്റെ മാസ്മരികതയ്ക്ക് ഹേതുവായ സ്വന്തം അമ്മയിൽ നിന്ന് തന്നെ ശാപവാക്കുകൾ കേൾക്കുമ്പോൾ ആരായാലും തകർന്നു പോകില്ലേ. അദ്ദഹത്തിന്റെ എല്ലാ എഴുത്തുകളും ആ അമ്മയ്ക്കായുള്ള സമർപ്പണങ്ങളാണ്. അറിയാതെ ചെയ്ത അപരാധത്തിന് അദ്ദേഹം സ്വയം വിധിച്ച ശിക്ഷയാണത്. എന്നെന്നേക്കുമായി തന്റെ തൂലിക വേണ്ടെന്ന് വയ്ക്കുക എന്നത്.'
'എനിക്ക് ഭയമാകുന്നു തൂലികേ, ഇന്നലെ അദ്ദേഹം പറഞ്ഞതോർമ്മയുണ്ടോ? ഈ എഴുത്തുപുര തന്നെ കത്തിച്ചാമ്പലാക്കുമെന്ന്'
' ഉം ഓർമ്മയുണ്ട്. ഭയപ്പെടേണ്ട കൂട്ടുകാരാ. പുസ്തകമാകുന്ന നീയും ലേഖനി ആകുന്ന ഞാനും എഴുതുവാനുള്ള വെറും ഉപാധികൾ മാത്രമാണ്. യഥാർത്ഥ തൂലിക എന്നത് ജന്മസിദ്ധമായതും ആർജ്ജിച്ചെടുക്കുന്നതുമായ സർഗ്ഗശേഷിയാണ്. ആ കഴിവ് ആർക്കും നശിപ്പിക്കാനാവില്ല. ഞാനെന്ന ലേഖനിയുടെ അഹങ്കാരത്തിന് കിട്ടിയ ശിക്ഷയായേ ഞാനിതിനെ കാണുന്നുള്ളൂ....'
'അപ്പോൾ അദ്ദേഹം തീർച്ചയായും നമ്മെ ചുട്ടെരിക്കുമായിരിക്കുമല്ലേ?'
' അറിയില്ല ...നമുക്ക് കാത്തിരിക്കാം. നന്മ മരിച്ചിട്ടില്ലാത്ത മനുഷ്യമനസ്സുകളുടെ ആത്മീയഭാവം കലർന്ന ദിവ്യപ്രകാശം ആ അമ്മയിലും മകനിലും രൂപപ്പെടാൻ. അതിനായി പ്രാർത്ഥിക്കാം'.
അവർ പ്രാർത്ഥനാബദ്ധരായ നിമിഷം പരിചിതമായ ഒരു കാൽപ്പെരുമാറ്റത്തോടെ ആ എഴുത്തുപുരയുടെ വാതിൽ തുറന്നു.
***************************************
✍🏻ബിനിത

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot