നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കോട്ടക്കൽ സെന്റ് തെരേസാസ് കോളേജിലേക്ക് ഒരു ബ്ലും... ഭാഗം 4

കോട്ടക്കൽ സെന്റ് തെരേസാസ് കോളേജിലേക്ക് ഒരു ബ്ലും...
ഭാഗം 4
മഞ്ജുവിന്റെ ഐഡിയകൾ..
***********************
ബി.കോം ഫസ്റ്റ് ഇയറിന്‌ പഠിക്കുമ്പോൾ ആയിരുന്നു ഞങ്ങളുടെ പ്രിയ കൂട്ടുകാരി
മഞ്ജുവിനെ പൂവിട്ട് പൂജിക്കാനായിട്ടുള്ള ഒരു അസുലഭ മുഹൂർത്തം ഞങ്ങൾക്ക് കിട്ടിയത്. അതും കോളേജിലെ സ്പോർട്സ് ഡേയ്ക്ക് !!.
മാർച്ച് പാസ്റ്റ് കോമ്പറ്റിഷനോട് കൂടിയാണ് സ്‌പോർട് ഡേ ആരംഭിക്കുന്നത്. മാർച്ച് പാസ്റ്റിന് ഒന്നാം സമ്മാനം തന്നെ വാങ്ങണം എന്ന വാശി അവളിൽ എങ്ങനെയോ വന്നു കുടിൽ കെട്ടി താമസിച്ചു. അതിനു വേണ്ടിയവൾ നിരന്തരമായി കുട്ടികളോട് സംവദിച്ചു കൊണ്ടേയിരുന്നു.
ഏതു യൂണിഫോം ധരിക്കണം ,ഏതു ഷൂസ് അണിയണം,മുടി എങ്ങനെ കെട്ടണം എന്നൊക്കെയുള്ള സംവാദങ്ങൾ കൊണ്ട് ക്ലാസ്സ്‌ മുറികൾ ശബ്ദാനമാനമായി .
അതിന്റെ തിക്തഫലമായി വന്ന തീരുമാനങ്ങൾ ഇതൊക്കെയാണ്....
ആണ്കുട്ടികൾ വൈറ്റ് ഷർട്ടും ബ്ലാക്ക്‌ പാന്റ്സും ബ്ലാക്ക്‌ ഷൂസും ധരിച്ച്‌ ചുവന്ന ഒരു റോസ പൂ ഷർട്ടിൽ കുത്തുക. പെണ്കുട്ടികൾ വൈറ്റ് ടോപ്പും ബ്ലാക്ക്‌ മിഡിയും ബ്ലാക്ക് ഷൂസും ധരിച്ച് മുടി രണ്ടായി പിന്നി കെട്ടി അതിൽ വൈറ്റ് ബുഷ് ഇടുക.
ആൺകുട്ടികൾക്ക്‌ ആ വേഷം ഒപ്പിക്കാൻ വല്യ ബുദ്ധിമുട്ട് ഉണ്ടായില്ല. പക്ഷെ പെണ്കുട്ടികൾ അതൊപ്പിക്കാൻ കുറച്ചു കഷ്ടപ്പെട്ടു.എന്നാലും ഒരുവിധം എല്ലാവരും അയല്പക്കത്തു നിന്നും പള്ളിയിൽ കണ്ടു പരിചയം ഉള്ളവരിൽ നിന്നും ബന്ധുക്കളിൽ നിന്നുമോക്കെയായി പലതും ഒപ്പിച്ചു.പക്ഷെ പാകത്തിനുള്ള ബ്ലാക്ക്‌ ഷൂസ് ആർക്കും കിട്ടാനില്ല.
"നിങ്ങൾ ഡ്രെസ്സ് ഒക്കെ ഇട്ട്‌ അന്ന് രാവിലെ തന്നെ ഹാജരായാൽ മതി. എല്ലാവർക്കും ഉള്ള ഷൂസ് ഞാൻ തന്നെ സംഘടിപ്പിച്ചു കൊണ്ടു വരാം".
മഞ്ജുവിന്റെ ആ മനസമ്മതം എല്ലാവർക്കും മനസമാധാനമേകി.
അവൾ പറഞ്ഞ വാക്ക് അതേപടി പാലിച്ചു.ഒരു ചാക്ക് നിറയെ പല അളവിലുള്ള കറുത്ത ഷൂസുകൾ അവൾ ക്ലാസ്സിൽ കുടഞ്ഞിട്ടു. അവളുടെ ചേച്ചിമാരുടെയും മേമമാരുടെ മക്കളുടെയു മൊക്കെയായിരുന്നു ആ കളക്ഷൻസ് .ഡിസ്‌കൗണ്ട് സെയിലിന് ഡയമണ്ട് നെക്ലസ് കിട്ടിയ പോലെ എല്ലാവരും ചട പടാന്ന് കിട്ടിയതെടുത്ത് കാലിലിട്ടു.
മാർച്ച് പാസ്റ്റിനുള്ള പെൺകുട്ടികൾ അറിഞ്ഞൊന്നൊരുങ്ങിയപ്പോൾ ഒരു പൂന്തോട്ടം മുൻപിൽ വന്നു നിന്ന പോലെ!. ഒക്കെത്തിനേം കാണാൻ നല്ല ചന്തം!.
അവരുടെയെല്ലാം പിന്നിയിട്ട മുടികൾ ഹൃദയം പറ്റി ചേർന്ന് കിടന്നപ്പോൾ എന്റെയും മഞ്ജുവിന്റെയും മുടി മാത്രം എങ്ങുമെത്താതെ വായുവിൽ തൂങ്ങിച്ചത്തു കിടന്നു.അമ്മാടത്തു നിന്ന്
പുറപ്പെടേം ചെയ്തു ഇല്ലത്തൊട്ടു എത്തിയതുമില്ല എന്നവസ്ഥ!!
ആൺ പിള്ളേരുടെ ഹൃദയത്തിനരികെയായി ചുവന്ന റോസാപൂക്കൾ പെൺകുട്ടികൾ പയ്യെ പയ്യെ കുത്തി കൊടുക്കുക കൂടി ചെയ്തപ്പോൾ ക്ലാസ്സിൽ ആകെ വസന്തം വന്ന ഒരു പ്രതീതി.
അങ്ങനെ പൂത്തുലഞ്ഞ വസന്തം മന്ദം മന്ദം മാർച്ച് പാസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ എത്തി.
ഗ്രൗണ്ടിൽ എല്ലാ ക്ലാസിലുള്ളവരും ഇതു പോലെ തന്നെ അണിഞ്ഞൊരുങ്ങി നിൽക്കുന്നുണ്ട്. നിങ്ങൾ മത്സരിച്ചിട്ടൊന്നും ഒരു കാര്യവുമില്ല ; ഞങ്ങൾ കൊണ്ടു പോകും ഫസ്റ്റ് എന്ന മട്ടിൽ എല്ലാവരും അഹംഭാവത്തോടെ തല പൊക്കി പിടിച്ചു നിൽക്കുന്നുണ്ട്.
അങ്ങനെ മാർച്ച് പാസ്റ്റ് തുടങ്ങി.ഓരോരുത്തരുടെ പിറകിലായി രണ്ടു വരിയായി ഞങ്ങൾ നീങ്ങി.
കയ്യും വീശി കാലും വീശി അങ്ങനങ്ങനെ നീങ്ങുന്ന നേരത്ത് എന്റെ സൈഡിലുള്ള ജെസ്സി പതുക്കെയൊന്ന് ഞൊണ്ടി.ഇവൾക്കിതെന്തു പറ്റി!!...ഗ്രൗണ്ടിൽ നിന്നും വല്ല ക്ഷുദ്ര ജീവിയും കുത്തിയോ കർത്താവേ.! എന്നോർത്ത് ഓട്ട കണ്ണിട്ടു ഇടത്തോട്ടു നോക്കി. അവളുടെ ഒരു കാൽ നിലത്തു കൂടെ കിടന്നിഴയുന്നു.
ഈ പെണ്ണ് കാരണം മാർച്ച് പാസ്റ്റിന്റെ മാർക്ക്‌ പോവുല്ലോ എന്ന കലിപ്പ് കേറി നിൽക്കുമ്പോൾ എന്റെ മുൻപിലുള്ള ജെന്സിയും അവളുടെ ചവിട്ടി തെറിപ്പിച്ചുള്ള നടത്തം പതുക്കെ നിർത്തി ഞൊണ്ടാൻ തുടങ്ങി.
പയ്യെ പയ്യെ ആ ഞൊണ്ടൽ ഒരു ഡെങ്കി പനി പോലെ പടർന്നു പിടിച്ചു.
ഞാൻ നോക്കുമ്പോൾ ഞങ്ങളുടെ ഗ്രൂപ്പ് മാത്രം സൈക്കിൾ ബാലൻസില്ലാത്തവൻ നടുറോഡിൽ സൈക്കിളോ ടിക്കുന്ന പോലെ തെക്കോട്ടും വടക്കോട്ടും തെന്നി മാറി തെന്നി മാറി പോകുകയാണ്.
ഒരാൾ വലത്തെ കാൽ വലിച്ചു വെക്കുകയാണെങ്കിൽ ഒരാൾ ഇടത്തേക്കാലിലാണ് വലി
കോൺസെൻട്രേറ്റ്‌ ചെയ്തിരിക്കുന്നത്!!.ചിലർ പണ്ട് നമ്മൾ 'കൂകൂ കൂകൂ തീവണ്ടി 'കളിക്കുമ്പോൾ നിരങ്ങി നിരങ്ങി പോകില്ലേ.. ദത് പോലെ രണ്ടു കാലും നിരക്കി നിരക്കി പോകാണ്!!!
എന്തുട്ടാപ്പോ ഒക്കേത്തിനും പറ്റിയേയെന്ന് എത്തിച്ചു നോക്കിയപ്പോ മുൻപേ പോണ മഞ്ജു മാത്രം ഒരു കൂസലും ഇല്ലാതെ ചാടി ചാടി പോകുന്നുണ്ട്.
ലെഫ്റ്റ് റൈറ്റ് അടിക്കുന്നതിനിടയിൽ സൈഡിലോട്ടു നോക്കാൻ പാടില്ലല്ലോ... അതു കൊണ്ടു ഞാൻ ഒരു കൈ അകലത്തിൽ നിൽക്കുന്ന ജെന്സിയെ "ശൂ ശൂ "ന്ന് വിളിച്ചു ചോദിച്ചു..
"എന്തേടി നീ ഞൊണ്ടണേ..!!?"
"ഷൂസ് ഷൂസ്...." അവൾ തിരിഞ്ഞു നോക്കാതെ കിടന്ന് കൂവി.
അപ്പോഴാണ് ഞാൻ അവളുടെ ഷൂസ് നോക്കുന്നത്.
ഷൂവിന്റെ അടി ഭാഗം മൊത്തം പൊളിഞ്ഞ്‌ ഏറ്റെടുക്കാൻ ആളില്ലാത്ത അനാഥ ശവം പോലെ നിലത്തു നീണ്ടു കിടന്നടിക്കുന്നു.അവൾ ആ ശവമഞ്ചവും പേറിയാണ് മാർച്ച് പാസ്റ്റ് ചെയ്യുന്നത്.
ഞാൻ ജെസ്സിയെ ഇടം കണ്ണാൽ ഒന്നു നോക്കി. അവൾ ആ കടാക്ഷം കാത്തു നിന്ന വേഴാമ്പലിനെ പോലെ നേരെ നോക്കി വായുവിൽ പറഞ്ഞു ...
" ഡി...ഷൂസ് പൊളിഞ്ഞു ന്താപ്പോ ചെയ്യാ !!.
എന്റെ മനസ്സിലേക്ക്‌ മഞ്ജു കുടഞ്ഞിട്ട ഷൂസുകൾ പല്ലിളിച്ചു വന്നു.
ദുഷ്ട..!!വഞ്ചകി..!!.
ദരിദ്രവാസി!!
അവൾ പണ്ടത്തെ വല്ല കണ്ടം വെച്ച ഷൂസായിരിക്കും കൊണ്ടു വന്നു കുടഞ്ഞത്!!ഇതിലും ഭേദം വായിലേക്ക് വല്ല വിഷം കുടഞ്ഞു തരുന്നതായിരുന്നു.!
മാർച്ച് പാസ്റ്റിൽ നിന്നും കേറി പോവാനും പറ്റില്ല... ഈ പൊളിഞ്ഞ ഷൂസും കൊണ്ട് ഗ്രൗണ്ട് ചുറ്റി തീർക്കാനും പറ്റില്ല.ഷൂ വല്ലയിടത്തും കാട്ടി കളയാമെന്നു വെച്ചാൽ തന്നെ ചൂട് പിടിച്ചു കിടക്കുന്ന കൂർത്ത ചരലിലും ഉണങ്ങി സൂചിമുന പോലെ നിൽക്കുന്ന പുല്ലിലും കൂടി എങ്ങനെ ചവിട്ടി മെതിച്ചു നടക്കും!! പാവങ്ങൾ... എന്റെ ഹൃദയം അവരെയോർത്തു തേങ്ങി തേങ്ങി കരഞ്ഞു.
ചാഞ്ഞും ചെരിഞ്ഞും വളഞ്ഞും പുളഞ്ഞും ഉന്തിയും ഏന്തിയും
വലിച്ചും കിതച്ചും നിരകിയും പ്രാകിയും ഇളിച്ചും ചരഞ്ഞും ഒരു കണക്കിന് എല്ലാവരും ഗാർഡ് ഓഫ് ഓണർ സ്വീകരിക്കാൻ നിൽക്കുന്ന മാള എസ് ഐ യുടെ നേരെയെത്തി.
എന്റെ മുൻപിലുള്ള എല്ലാവരും ചിരിച്ചു മറിഞ്ഞ് നിരങ്ങി നിരങ്ങി കഴുത്തു വെട്ടിച്ച് സല്യൂട്ട് കൊടുത്തു കൊണ്ട് മുന്നേറുകയാണ്. എന്തോ പന്തികേടുണ്ടല്ലോ എന്ന മട്ടിൽ നമ്മുടെ എസ് ഐ നോക്കുന്നുമുണ്ട്. അടുത്തത് എന്റെ ഊഴമാണ്.ഞാൻ കഴുത്ത് വെട്ടിച്ച് വല്യ സീരീയസ് ഭാവത്തോടെ രൊറ്റ സല്യൂട്ട് കൊടുത്ത് കാല് ആഞ്ഞു ചവിട്ടി. ആ ചവിട്ട് നേരെ ഒരു കുഴിയിലേക്കാണ് പോയി പതിച്ചത് !!.അടുത്ത കാല് വെക്കാനായി കാല് എടുത്തിട്ട് കിട്ടുന്നില്ല!!! ഞാൻ നിന്നു വിയർത്തു.. ഞാനിങ്ങനെ മോഹൻ ലാലിനെ പോലെ ഒരു സൈഡ് ചെരിഞ്ഞ്‌ നിന്ന് അന്തിച്ച്‌ ഒരു ചരഞ്ഞ ചിരി ചിരിക്കുകയാണ്.എന്റെ വെപ്രാളം കണ്ടപ്പോൾ എസ്‌ഐ എന്നെ കണ്ണുരുട്ടി ഒന്നു നോക്കി.ഞാൻ എന്റെ സർവ്വ ശക്തിയുമെടുത്ത് ആഞ്ഞൊരു വലി!!... കർർർർർ ....എന്നൊരു ശബ്ദം കേട്ടെങ്കിലും കാല് കുഴിയിൽ നിന്നും പോന്നതിനാൽ ഞാൻ ആശ്വസിച്ച്‌ ആ കാലെടുത്തു വീണ്ടും മുന്നോട്ടു കുത്തി...!!
ആഹ്ഹ്ഹ്...!!ന്റമ്മേ!!!.
....ന്നൊരു നിലവിളി.... എന്റെ കണ്ഠം പിളർന്നു പുറത്തേക്കു പ്രവഹിച്ചു.
കാലിനടിയിൽ ആയിരം മുള്ളുകൾ കുത്തി തറച്ച പോലെ!!..തല കറങ്ങുന്നു...കണ്ണിൽ നിന്നും ചൂടുള്ള എന്തോ ഒരു ദ്രാവകം വന്നു കണ്ണിലാകെ തളം കെട്ടി നിൽക്കുന്നതിനാൽ കീഴ്പ്പോട്ട് നോക്കിയിട്ടൊന്നും കാണാനുമില്ല.! പരിസരം മറന്നുള്ള നിലവിളിയിൽ മുൻപിൽ പോയവരൊക്കെ വെട്ടി തിരിഞ്ഞു നോക്കി. എസ് ഐ ഞെട്ടി തിരിഞ്ഞും!!.
കർർർർ എന്ന
ശബദ്ത്തോടൊപ്പം ഷൂവിന്റെ അടിഭാഗം മൊത്തം ആ കുഴിയിൽ ഉൽക്ക പതിച്ച പോലെ കിടക്കുന്ന കാഴ്ചയാണ് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്.കുറ്റിപുല്ലിനടിയിൽ കിടന്ന കുഞ്ഞൻ മുള്ള് കൂമ്പാരത്തെ തടയാൻ മാത്രം ഷൂവിന്റെ അടിയിൽ ഒന്നും തന്നെ അവശേഷിച്ചിരുന്നില്ല എന്ന നഗ്ന സത്യം ...നഗ്‌ന പാദയായ എനിക്ക് ആ നിലവിളിക്ക് ശേഷമാണ് മനസ്സിലായത്.
നിലവിളിച്ചും ചിരിച്ചും മറിഞ്ഞും ഞങ്ങൾ ഒരു കണക്കിന്‌ ആ മാർച്ച് പാസ്റ്റിന് വിരാമം കുറിച്ചു. എന്ന് മാത്രം അല്ല... ഉടനെ തന്നെ മഞ്ജുവിനെ കയ്യാമം വെക്കുകയും തുന്നിപെറുക്കിയതും, ഫെവികൊൾ ഒട്ടിച്ചതും, കരി ഓയിലടിച്ച്‌ കറുപ്പിച്ചെടുത്ത കുറെ വെള്ള ഷൂസും കൂട്ടിയിട്ട് കത്തിച്ച് അവളോടുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തു.
പക്ഷെ ആളി കത്തിയ ആ തീയിൽ വെന്തുരുകിയത് വെറും കറുത്ത കുറെ ഷൂസുകൾ മാത്രമല്ല ... മഞ്ജുവിന്റെ കുറെ മണ്ടൻ ഐഡിയകൾ കൂടി ആയിരുന്നു!.

Lipi

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot