ഡി തടിച്ചി (എന്നെ ഞാൻ തന്നെ വിളിച്ചതാണെ)അനുഭവ കഥ
എന്റമ്മോ എന്തൊരു വണ്ണം ആണീ പെണ്ണിന് ഇവൾ ഏത് കടയിൽ നിന്നാണാവോ റേഷൻ മേടിക്കുന്നത്....ഡി തടിച്ചി ഇവിടെ വന്നേ... ഇതിൽ തടിച്ചി എന്ന് സംബോധന ചെയ്തത് ഈ എന്നെ ആണ്...
1988 ഒക്ടോബർ 2 ഒരു തണുത്തവെളുപ്പാങ്കാലം ഒരു ചെറുപ്പക്കാരൻ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ ഭാര്യയുടെ പ്രസവം കാത്തു വരാന്തയിലൂടെ ഉലാത്തുന്നു.......ആ ചെറുപ്പക്കാരൻ മറ്റാരുമല്ല എന്റെ അച്ഛൻ ആയിരുന്നു....അൽപ സമയത്തിനുള്ളിൽ അവിടെ ഒരു കരച്ചിൽ കേട്ടു...ആ കരഞ്ഞത് വേറാരും അല്ല ഈ ഞാൻ ആയിരുന്നു....
congrats നിങ്ങളുടെ ഭാര്യ പ്രസവിച്ചു...കേട്ട പാതി കയ്യിൽ ഇരുന്ന സിഗരെട് വലിച്ചെറിഞ്ഞു കൊണ്ട് എന്റെ അച്ഛൻ ഓടി വന്നു...ചിരിച്ചു കൊണ്ട് എന്നെ പുതപ്പിച്ച തുണി മാറ്റി നോക്കി..അച്ഛൻ പരിസരം മറന്നു പറഞ്ഞുപോയി അയ്യേ പെണ്ണ്...അന്നൊക്കെ കൊച്ചിന്റെ തുണി മാറ്റി നോക്കി ആയിരുന്നു കുഞ്ഞു ആണോ പെണ്ണോ എന്നു നിശ്ചയിച്ചിരുന്നത്....അത് അവരുടെ ഒരു മനസുഖം..എന്റെ അച്ഛൻ ഒരു ആൺകുഞ്ഞിനെ ആണ് പ്ര തീക്ഷിച്ചത്..ആ പ്രതീക്ഷ ചീറ്റി പണ്ടാരഡങ്ങി പോയി..കുഞ്ഞിന് 4 kg ഉണ്ട് കേട്ടോ!! സിസ്റ്റർ പറഞ്ഞു...ഭാവിയിൽ ഒരു തടിച്ചി ആകും എന്നതിന്റെ എല്ലാ സൂചനയും അന്നേ തന്നെ കിട്ടി..
ആ അതൊക്കെ പോട്ടെ ഞാൻ കാര്യത്തിലേക്കു കടക്കട്ടെ...അങ്ങനെ എന്റെ അച്ഛന്റെ പ്രതീക്ഷക്കു വിപരീതമായി ഒരു തടിച്ചി കൊച്ചു ഭൂജാതയായി..അച്ഛൻ ആദ്യം ഒക്കെ ആൺകൊച്ചുണ്ടായില്ലല്ലോ എന്നോർത്തു വിഷമിച്ചു poor man അല്ലെ... പിന്നെ എന്റെ കളിയും ചിരിയും ഒക്കെ കണ്ടപ്പോൾ അച്ഛൻ ഒക്കെ മറന്നു...ഇനി ആണ് പോയിന്റ്.....ആദ്യത്തെ കൊച്ചു അല്ലെ എന്ന് കരുതി അവർ എനിക്ക് നല്ല പോലെ ഭക്ഷണം തന്നു...ഒരു മാതിരി കൊല തീറ്റ എന്നൊക്കെ പറയേണ്ടി വരും....
അവർ തന്നുകൊണ്ടേയിരുന്നു ഞാൻ തിന്നുകൊണ്ടേയിരുന്നു എന്റെ വണ്ണം വെച്ച് കൊണ്ടേയിരുന്നു..ഞാൻ വലുതായി ഒപ്പം കൂട്ടായി എന്റെ വണ്ണവും...തടിച്ചി,റേഷൻ,അരിചാക്ക്,വീപ്പകുറ്റി,മത്തങ്ങാ,,ബോണ്ട അങ്ങനെ പോകുന്നു പഠിക്കുന്ന സമയത്തു എന്റെ ബഹുവിധ പേരുകൾ...
ഒരിക്കൽ അമ്മവീട്ടിൽ അവധിക്കു പോയപ്പോ അടുത്തുള്ള ഒരു പെണ്ണ് അതിന്റെ പേരൊന്നും ഞാൻ ഇപ്പൊ ഓർക്കണില്ല ..ആ പെണ്ണ് പറഞ്ഞു അവിടെ അടുത്തൊരു കുട്ടിച്ചാത്തന്റെ പ്രതിഷ്ഠ ഉണ്ട്.. അവിടെ ചെന്ന് 4 ദിവസം അടുപ്പിച്ചു മുട്ട വെച്ചാൽ ഉദ്ദേശിച്ച കാര്യം ഒരാഴ്ചക്കുള്ളിൽ നടക്കും അത്രേ...... ആഹാ കൊള്ളാലോ കളി .... ഭാഗ്യത്തിന് വീട്ടിൽ അന്ന് കോഴി ഇണ്ട്...അതോണ്ട് വേറെ വീട്ടിൽ മുട്ട കക്കാൻ പോവണ്ട...
ഹാവു വണ്ണം കുറക്കാൻ ഒരു വഴി തെളിഞ്ഞു.. ചാത്തൻ മുത്തല്ലേ ബേബി ചേട്ടാ.... ഞാൻ വീട്ടിൽ നിന്നും ആരും കാണാതെ കയ്യിൽ കിട്ടിയ മുട്ട എടുത്തു ചാത്തന്റെ അടുത്തേക്ക് ഓടി.... കട്ടെടുത്ത മുട്ടയാ ഞാൻ ദേ വരണു.... എന്റെ ചാത്താ എന്നെ അങ്ങട് കാത്തോളീ....ഒന്നിന് പകരം 2 മുട്ട ഉണ്ട് ഇനിം വേണേൽ തരാം... വീട്ടിൽ ഇഷ്ടം പോലെ കോഴി ഉണ്ട്... വേണേൽ അതിനെo കൊണ്ട് തരാം... അപ്പൊ എന്നും ചാത്തനു മുട്ട തിന്നാം..എന്റെ വണ്ണം കണ്ടില്ലേ ഒന്നിത് കുറച്ചു താ...
വണ്ണം കുറഞ്ഞു മെലിഞ്ഞു സുന്ദരിയായി നടക്കുന്ന എന്നെ സ്വപ്നം കണ്ടു ഞാൻ നടന്നു......അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി...എന്റെ വണ്ണം കൂടുന്നതല്ലാതെ കുറയുന്ന മട്ടില്ല.... ഇതെന്ത് മറിമായം ...ചാത്തന് ദിവസവും കോളാണ് എന്നും മുട്ട കിട്ടണ്ട്...കള്ള ചാത്തൻ മുട്ട തിന്നു എന്നെ പറ്റിച്ചു കാണോ.... തിന്ന മുട്ടയ്ക്ക് നന്ദി ഇല്ലാത്ത സാധനം...
അടുത്ത ദിവസം മുട്ടയുമായി ഞാൻ ചെന്നു..അതേയ് ചാത്തൻ എന്ന പേര് മാത്രേ ഉള്ളു പറ്റിപ്പ് ആണെന്ന് എനിക്ക് മനസ്സിലായി എനിക്ക് ഇനി ഈ മുട്ടക്കച്ചവടം വേണ്ട... ഞാൻ നിർത്തി.. കയ്യിൽ ഇരുന്ന മൂന്നു മുട്ടയും ചാത്തന്റെ മുന്നിൽ വെച്ച് തന്നെ പൊട്ടിച്ചു കുടിച്ചു ഞാൻ പ്രതിഷേധിച്ചു സ്ലോ മോഷനീൽ നടന്നു പോയി അല്ല പിന്നെ....
അങ്ങനെ കാലം കടന്നു പോയി ഞാൻ വലുതായി തടിച്ചി എന്ന പേരിനു ഒരു മാറ്റവും ഇല്ല കോളേജിൽ പഠിക്കുന്ന ടൈം ഒരുപാടു കല്യാണം ഒക്കെ തകൃതിയായി വരുന്നുണ്ടു ഒന്നും നടക്കുന്നില്ല ഒന്നെങ്കിൽ മെലിഞ്ഞ ചെക്കൻ അല്ലേൽ സിക്സ് പാക്ക് ചെക്കൻ അതും അല്ലേൽ ഇടത്തരം ചെക്കൻ ഇവർക്കൊന്നും നമ്മളെ ഒരു മീച്ചമില്ല കാരണം ഞാൻ തടിച്ചി ആണല്ലോ...കണ്ട്രികൾ...
പിന്നെ എനിക്ക് തന്നെ തോന്നി അല്ല വണ്ണം ഉള്ള കൊണ്ട് എന്താ ഇപ്പ പ്രശ്നം.. ദൈവം കൈ തന്നു കാൽ തന്നു കാഴ്ച തന്നു...അതിലും ഉപരിയായി ഒരു വാ കൂടി തന്നു എന്തിനാണെന്നോ ഇവരോടൊക്കെ നല്ലത് തിരിച്ചു പറയാൻ...
അതേയ് എന്ത് വണ്ണമാണ് ചേച്ചി കണ്ടിട്ട് എന്തോ പോലെ ഇതൊന്നു കുറച്ചൂടെ...അതെ എന്റെ അച്ഛനും അമ്മേം എനിക്ക് നല്ലപോലെ ഭക്ഷണം തന്നു..കല്യാണം കഴിഞ്ഞപ്പോ അവശ്യത്തിനു കെട്യോനും മേടിച്ചു തരണ്ടു...അതൊക്കെ തിന്നിട്ടു തന്നാ ഞാൻ വണ്ണം വെച്ചത്...ഇനി നിന്റെ വീട്ടിൽ നിന്നും കൊണ്ട് വന്ന വല്ലോം ഞാൻ തിന്നോ ഉവ്വോ..ഒന്ന് പോടാ ചെക്കാ...ഇത്രയും പറയുമ്പോ കിട്ടണ ആ ഒരു സുഖം ഉണ്ടല്ലോ നമ്മടെ നിവിൻ പൊളി പറയണ പോലെ എന്റെ സാറെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല...വീട്ടിൽ ഉള്ളവർക്കും എനിക്കും ഇല്ലാത്ത ദണ്ണം ആണ് കാണുന്നവർക്ക്.
ഇപ്പൊ ഞാൻ ഹാപ്പിയാണ് എന്റെ പ്രിയപ്പെട്ട തടിച്ചി മുത്തുകളെ വിഷമിക്കരുത് വണ്ണം കുറക്കാൻ പട്ടിണിയും കിടക്കരുത്.നമ്മുടെ വണ്ണം കൊണ്ട് നമുക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ പിന്നെ മറ്റുള്ളവര് പറയുന്നത് കേൾക്കാതിരിക്കുക..എപ്പഴും സന്തോഷായി ഇരിക്കുക...
നിങ്ങൾ ഒന്ന് ഓർത്തു നോക്ക് വണ്ണം ഇല്ലാത്തവനെ നീർക്കോലി എന്ന് വിളിക്കും വിവരം ഇല്ലാത്തവനെ മണ്ടൻ എന്നു വിളിക്കും. വെളുത്തിരിക്കുന്നവനെ വെളുമ്പൻ എന്നും കറുത്തിരിക്കുന്നവനെ കറുമ്പൻ എന്നും വിളിക്കും...എങ്ങനെ ഇരുന്നാലും ഒരു പേര് കിട്ടും ശരിയല്ലേ?
തടിച്ചിരിക്കുന്ന ഒരാളെ തടിയൻ അല്ലെ തടിച്ചി എന്ന് വിളിക്കും അത് ഒരു നാട്ട് നടപ്പു ആണ്..അതുകൊണ്ടു നമ്മൾ നമ്മളല്ലാതെ ആവുന്നില്ല...അതെ ഞാൻ തടിച്ചിയാണ് അതിൽ ഞാൻ അഭിമാനിക്കുന്നു....
ശുഭം
Achu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക