Slider

നിമിഷങ്ങള്‍

0
നിമിഷങ്ങള്‍
----------------------
''അയ്യോ.. ഏട്ടാ ഓടി വാ...''
അടുക്കളയില്‍ നിന്നുമുള്ള രേണുവിന്‍റെ ഉച്ചത്തിലുള്ള നിലവിളി കേട്ടപ്പോള്‍ മനുവിന്‍റെ ഉള്ളൊന്നു കാളി..
''എന്‍റീശ്വരാ.. കല്യാണം കഴിഞ്ഞിട്ട് ഒരു മാസമാകുന്നതേയുള്ളൂ.. ജോലി സ്ഥലത്തെ ഫ്ളാറ്റിലേക്ക് കൊണ്ടു വന്നിട്ട് ഒരു ദിവസവും.. ആദ്യമായിട്ട് അടുക്കളയില്‍ കയറ്റിയതാ.. ''
അവന്‍ കുത്തിക്കൊണ്ടിരുന്ന മൊബെെല്‍ കിടക്കയിലേക്കിട്ട് അടുക്കളയിലേക്ക് കുതിച്ചു..
അടുക്കളയിലേക്ക് കടക്കുന്നതിനു മുന്‍പേ എന്തോ കരിഞ്ഞ മണം അവന്‍റെ മൂക്കിലേക്ക് അടിച്ചു കയറി..
''എന്താ .. എന്തു പറ്റി..?''
അടുക്കളയില്‍ വിരണ്ടു നില്‍ക്കുന്ന രേണുവിനോട് അവന്‍ ചോദിച്ചു..
''എട്ടാ.. ഇത് കണ്ടോ.. ഈ കുക്കറിന് എന്തോ കുഴപ്പമുണ്ട്.. കരിഞ്ഞ മണം വരുന്നില്ലേ..''
അവള്‍ സ്റ്റൗവ്വിലിരുന്ന് പുകയുന്ന കുക്കര്‍ ചൂണ്ടിക്കാട്ടി..
മനു വേഗം ഓടിച്ചെന്ന് സ്റ്റൗ ഓഫ് ചെയ്തുകൊണ്ട് ചോദിച്ചു..
''ഇതിനകത്ത് എന്താ ഉണ്ടായിരുന്നത്..''?
''അതു പിന്നെ പുട്ടിന് കടലക്കറിയുണ്ടാക്കാമെന്ന് വിചാരിച്ച് കടല വേവിക്കാന്‍ വെച്ചതാ..''
''കടലക്കറിയോ?..''
മനു അത്ഭുതപ്പെട്ടു..
''അതേ ഏട്ടന് കടലക്കറി നല്ലയിഷ്ടമല്ലേ..''
''എടീ അതിനു നീ ഇന്നലെ രാത്രി കടല കുതിര്‍ത്തു വെച്ചിരുന്നോ..?''
''ഇല്ല.. അതെന്തിനാ.. ഞാന്‍ കുറച്ച് കടലയെടുത്ത് കഴുകി ഇത്തിരി വെള്ളവുമൊഴിച്ച് കുക്കറില്‍ വെച്ചതാ..''
രേണുവിന്‍റെ ഉത്തരം കേട്ട് മനുവിന് ദേഷ്യം ഇരച്ചു കയറി..
'പുതുമോടിയാണ് ദേഷ്യപ്പെട്ടൂടാ.. കണ്‍ട്രോള്‍ മനൂ.. കണ്‍ട്രോള്‍..'
അവന്‍ മനസ്സില്‍ പറഞ്ഞുകൊണ്ട് ഒരുവിധം ദേഷ്യം അടക്കി..
''എന്‍റെ മോളെ കടലക്കറി ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ തലേന്ന് രാത്രി കുതിര്‍ത്തു വെക്കണം.. എന്നാലേ വെന്തു കിട്ടൂ.. അല്ലെങ്കില്‍ ഇതു പോലെ കരിഞ്ഞു പോകും..''
''അയ്യോ.. എനിക്കത് അറിയില്ലായിരുന്നു..''
'നിനക്ക് പിന്നെ എന്തോന്നറിയാം.. മൂക്കു മുട്ടെ തിന്നാനോ.. ' എന്നു പറയാന്‍ വന്ന നാവിനെ മനു എങ്ങനെയോ പിടിച്ചു നിര്‍ത്തി...
''അതു പോട്ടെ.. എന്നിട്ട് പുട്ട് എവിടെ.. റെഡിയായോ.. നമുക്ക് പഴം കൂട്ടി കഴിക്കാം..''
''ഇതാ ഏട്ടാ.. പുട്ട് റെഡിയാണ്..''
രേണു സന്തോഷത്തോടെ പുട്ട് എടുത്ത് കാണിച്ചു..
ഇരുമ്പ് പോലെ ഉറച്ച നീണ്ട പുട്ട് കണ്ടപ്പോള്‍ മനുവിന്‍റെ സകല കണ്‍ട്രോളും പോയി..
''ഇതാണോടീ പുട്ട് .. പുട്ടിന്‍റെ ഇടയില്‍ ചിരകിയ തേങ്ങയിടണം എന്ന് നിനക്കറിയില്ലേ.. നിനക്ക് പാചകമൊക്കെ അറിയാമെന്നല്ലേ പറഞ്ഞത്.. കല്യാണം ഉറപ്പിച്ചിട്ട് ആറു മാസം സമയമുണ്ടായിരുന്നല്ലോ.. അതിനിടയില്‍ നിനക്ക് എന്തെങ്കിലും വെച്ചുണ്ടാക്കാന്‍ പഠിക്കാമായിരുന്നില്ലേ.. വെറുതെ മനുഷ്യനെ മെനക്കെടുത്താന്‍..''
കലി പൂണ്ട മനു പിന്നെയും എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു..
രേണു വല്ലാത്ത സങ്കടം തോന്നി.. അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.. അവള്‍ അകത്തേക്ക് ഓടി കിടക്കയില്‍ വീണ് വിങ്ങിക്കരഞ്ഞു..
അവളുടെ കരച്ചില്‍ കണ്ടപ്പോള്‍ മനുവിന്‍റെ ദേഷ്യം എങ്ങോ പോയി മറഞ്ഞു..
അവന്‍ അടുത്ത് ചെന്ന് അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു..
''സാരമില്ല മോളെ.. ദേഷ്രം വന്നപ്പോള്‍ എന്തൊക്കെയോ പറഞ്ഞു പോയതാണ്. നിനക്ക് പാചകം അറിയാമെന്നാ ഞാന്‍ വിചാരിച്ചത്.. അതുകൊണ്ടല്ലേ രാവിലെ തന്നെ അടുക്കളയിലേക്ക് കയറ്റിയത്..''
''എനിക്കൊന്നും അറിയില്ല ഏട്ടാ ..''
രേണുവിന്‍റെ കരച്ചിലിന് ശക്തി കൂടി..
''ഒറ്റയ്ക്ക് ജീവിച്ചത് കൊണ്ട് അത്യാവശ്യം പാചകമൊക്കെ എനിക്കറിയാം.. നീ എഴുന്നേറ്റ് വാ.. ഇന്നത്തെ ഭക്ഷണം ഞാനുണ്ടാക്കാം..''
മനു അടുക്കളയിലേക്ക് നടന്നപ്പോള്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് രേണുവും പിന്നാലെ ചെന്നു..
മനു ഉണ്ടാക്കിയ പുട്ട് രണ്ടു പേരും പഴവും കൂട്ടി കഴിച്ചു കൊണ്ടിരുന്നപ്പോള്‍ അവന്‍ പറഞ്ഞു..
''ഇതൊരു ശീലമാക്കണ്ട കേട്ടോ.. നീ സാവധാനം ഓരോന്ന് പഠിച്ചെടുക്കണം..''
''അതു വേണോ. ഏട്ടന്‍ തന്നെ ഉണ്ടാക്കുന്നതല്ലേ നല്ലത്.. നല്ല കെെപുണ്യമുണ്ട്. എന്തു രുചിയാ പുട്ടിന്..''
രേണു ചിരിച്ചുകൊണ്ട് പറഞ്ഞപ്പോള്‍ മനുവും പൊട്ടിച്ചിരിച്ചു പോയി..
അജിന സന്തോഷ്

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo