ലിപ്സ്റ്റിക്ക് - ഭാഗം 1
വര്‍ഷം 2035 ,ഒരു രാത്രി
പത്താം നിലയില്‍ ലിഫ്റ്റ് ഇറങ്ങിയ ശേഷം കൈയ്യിലെ ഹാന്‍ഡ്‌ബാഗില്‍ നിന്ന് ചുണ്ടിന് ഭംഗി പകരുന്ന ലിപ്സ്റ്റിക്കുകളിലൊന്ന്‍ പുറത്തെടുത്ത് ഹാന്‍ഡ് മിററില്‍ നോക്കി ചുണ്ടില്‍ തേച്ചു പിടിപ്പിച്ച് അവള്‍ മുന്നോട്ട് നടന്നു . അവളുടെ ഹീല്‍സിന്റെ ടക് ടക് ശബ്ദം മൂകത തളം കെട്ടിയിരുന്ന ആ ഫ്ലോറിനെയാകെ പ്രകമ്പനം കൊള്ളിച്ചു .ഫ്ലാറ്റിന്‍റെ പുറത്തെ നെയിം ബോര്‍ഡില്‍ പ്രൊഫസര്‍ ദിഗന്ത് എന്നെഴുതിയിരിക്കുന്നു .മൊബൈലില്‍ തനിക്ക് ലഭിച്ച അഡ്രെസ്സിലെ പേരും നെയിം ബോര്‍ഡിലെ പേരും അവള്‍ ഒത്തുനോക്കിയതിന് ശേഷം കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തിയപ്പോള്‍ പുറത്തെ ഡോറിലൊരു ഇലക്ട്രോണിക് സ്ക്രീന്‍ തെളിഞ്ഞുവന്നു
“ആരാണ് നീ ? “ സ്ക്രീനില്‍ തെളിഞ്ഞുവന്നൊരാള്‍ അവളോട് ചോദിച്ചു
“ഞാന്‍ സ്വപ്ന സുന്ദരി ..കുറച്ച് നേരത്തെ ഇവിടെ നിന്നാരോ എന്നെ രണ്ട് മണിക്കൂറിന് ബുക്ക് ചെയ്തിരുന്നു “ കണ്ണുകളില്‍ വശ്യതയും സംസാരത്തില്‍ ശൃംഗാരവും കലര്‍ത്തി അവള്‍ അയാള്‍ക്ക് മറുപടി നല്‍കി
“ഓ യെസ് യെസ് ..സ്വപ്ന സുന്ദരി “ അയാള്‍ അവളുടെ മുഖത്തേക്ക് നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു
പെട്ടെന്ന് സ്ക്രീനില്‍ നിന്നയാളുടെ മുഖം മായുകയും സ്ക്രീന്‍ ഡോറിനുള്ളിലേയ്ക്ക് അപ്രത്യക്ഷമാവുകയും ഡോര്‍ അവള്‍ക്ക് വേണ്ടി തുറക്കപ്പെടുകയും ചെയ്യ്‌തു .തുറക്കപ്പെട്ട വാതിലിലൂടെ അവള്‍ അകത്തേയ്ക്ക് പ്രവേശിച്ചു .അവളുടെ വരവിനെ കാത്തുനില്‍ക്കുന്ന പോലെ മറ്റുള്ള വാതിലുകളും യാന്ത്രികമായി തുറന്നുകൊണ്ടിരുന്നു .ഒടുവിലവള്‍ പ്രൊഫസര്‍ ദിഗന്തിന്‍റെ അടുക്കലെത്തി. കുറച്ച് മുന്‍പ് സ്ക്രീനില്‍ കണ്ടയാള്‍ തന്നെയാണ് പ്രൊഫസര്‍ ദിഗന്ത് എന്നവള്‍ മനസ്സിലാക്കി .അയാളുടെ നരച്ച തലമുടിയും വൃത്തികേടായി നീണ്ടുകിടന്ന വെളുത്ത താടിയും കറുത്ത രൂപത്തിലുള്ള അയാളുടെ ശരീരവും കണ്ടപ്പോള്‍ അവള്‍ക്കെന്തോ വെറുപ്പ് തോന്നി അയാളോട് .അയാള്‍ക്കൊരു ചുരുങ്ങിയത് അമ്പത് വയസ്സെങ്കിലും കാണുമെന്ന് അവള്‍ മനസ്സില്‍ കരുതി.പടുകിളവനായിട്ടും പെണ്ണിന്‍റെ ചൂടിനായി അലയുന്ന അയാളോട് ഒരു പുച്ഛം തോന്നിയെങ്കിലും അത് പുറത്ത് കാണിക്കാതെ മുഖത്തൊരു ചിരിവരുത്തി അവള്‍ അയാളെ എതിരേറ്റു
അവളുടെ സൗന്ദര്യവും തുടിപ്പുകളും ഉള്‍ക്കൊണ്ട അവളുടെ ഇറുകിയ വസ്ത്രം അവളെ കണ്ടമാത്രയില്‍ പ്രൊഫസറുടെ കണ്ണിനെ പിടിച്ചുനിറുത്തി .ആ നിമിഷം അതിന്‍റെ ഉപരിതലങ്ങളിലൂടെ അയാളുടെ സങ്കല്‍പ്പ വിരലുകള്‍ ഓടിക്കുന്നതായി അയാള്‍ സങ്കല്‍പ്പിച്ചു .അവളുടെ വിലകൂടിയ പെര്‍ഫ്യുമിന്‍റെ മണം അയാളെ മത്തുപിടിപ്പിക്കുന്നതായി അയാള്‍ക്ക് തോന്നി. അവളുടെ ദേഹം വെണ്ണയില്‍ മുക്കിയെടുത്തതാണോ എന്ന സംശയത്തോടെ അയാള്‍ നില്‍ക്കുമ്പോഴാണ് അയാളുടെ കൈകളിലേയ്ക്ക് കാല്‍ഭാഗത്തോളം വിസ്ക്കി നിറച്ച ഗ്ലാസ്സ് അവള്‍ പിടിപ്പിക്കുന്നത് .അയാള്‍ അവളെ ചെര്‍ത്തുപ്പിടിച്ച് അവളുടെ ലിപ്സ്റ്റിക്കിന്‍റെ ചായങ്ങളിലെയ്ക്ക് തന്‍റെ ചുണ്ടിന്‍റെ സ്വഭാവികമായ നിറം കലര്‍ത്തനായി പതിയെ മുഖം കൊണ്ടുപോയി .പെട്ടെന്ന് അയാളുടെ കയ്യിലുണ്ടായിരുന്ന വാച്ചില്‍ നിന്ന് വാണിംഗ് പോലെ തോന്നിപ്പിക്കുന്ന ശബ്ദം പുറത്തേയ്ക്ക് വന്നു .വാച്ചിലെ സ്ക്രീനില്‍ എറര്‍ എന്ന് ചുവന്ന അക്ഷരത്തില്‍ മിന്നി തെളിഞ്ഞ് നില്‍ക്കുന്നുണ്ട് .അത് കണ്ടതും അവളെ തള്ളിമാറ്റി പ്രൊഫസര്‍ അയാളുടെ ലാബിലേയ്ക്ക് നടന്നു
തികച്ചും ആധുനികമായ അയാളുടെ ലാബിന്‍റെ ഏകദേശം മധ്യത്തിലായിരുന്നിരുന്ന ഒരു യന്ത്രത്തിന്‍റെ അടുത്തേയ്ക്കാണ് അയാള്‍ പോയത്.നിശ്ചലമായിരിക്കുന്ന ഒമ്പത് ഘടികാരങ്ങള്‍ ഘടിപ്പിച്ച രീതിയിലൊരു യന്ത്രമായിരുന്നു അത് .അതിനുള്ളിലുണ്ടായിരുന്ന കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അയാളുടെ വിരലുകള്‍ ചലിച്ചപ്പോള്‍ നിശ്ചലമായിരുന്ന ഘടികാരങ്ങള്‍ ഓരോന്നും ചലിക്കാന്‍ തുടങ്ങി .ഓരോ ഘടികാരത്തിലും വ്യതസ്തമായ സമയമായിരുന്നു ഉണ്ടായിരുന്നത് .എല്ലാ ഘടികാരവും ചലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി അയാള്‍ തിരിച്ച് നടക്കാന്‍ ഒരുങ്ങുമ്പോഴാണ് അവള്‍ അങ്ങോട്ട് വരുന്നത്.ഒരു കൗതുകത്തോടെ ആ യന്ത്രത്തിനെ നോക്കിനിന്ന അവളോട് പ്രൊഫസര്‍ പറഞ്ഞു
“ഈ നൂറ്റാണ്ടിന്‍റെ ഏറ്റവും മഹത്തരമായ കണ്ടുപിടിത്തം ..കടന്നുപോയ നിമിഷങ്ങളെ വീണ്ടും വീണ്ടും ആസ്വദിക്കാനും നാളെയുടെ ഭാവിയെ ഇന്ന് തന്നെ പ്രവചിക്കാനും മനുഷ്യനെ സാധ്യമാക്കുന്ന യന്ത്രം.. ‘ദി ടൈം മെഷീന്‍ ‘ “ വളരെ അഭിമാനത്തോടെയാണ് പ്രൊഫസര്‍ അത് പറഞ്ഞത്
“ടൈം മെഷീന്‍ ? എന്നുവെച്ചാല്‍ എന്താണ് ? “ അവളൊരു സംശത്തോടെ അയാളോട് ചോദിച്ചു
“കാലത്തിലൂടെ അല്ലെങ്കില്‍ ഒന്നൂടെ കൃത്യമായിപ്പറഞ്ഞാല്‍ സമയത്തിലൂടെയുള്ള യാത്ര ..നമ്മുടെ ഭൂതകാലത്തിലെയ്ക്കും ഭാവി കാലത്തിലെയ്ക്കും വര്‍ത്തമാനകാലത്തില്‍ നിന്നുകൊണ്ട് സഞ്ചരിക്കാന്‍ ഈ യന്ത്രം കൊണ്ട് കഴിയും “ പ്രൊഫസര്‍ അവള്‍ക്ക് മറുപടി നല്‍കി
“സമയത്തിലൂടെ സഞ്ചരിക്കാമെന്നോ ? അതെന്ത് അസംബന്ധമാണ് നിങ്ങള്‍ പറയുന്നത്..ഇതൊക്കെ നടക്കുന്ന കാര്യമാണോ ? “ അവള്‍ കളിയാക്കികൊണ്ട് പ്രൊഫസറോട് ചോദിച്ചു
“ന്യൂട്ടണ്‍ന്‍റെ ചലന നിയമങ്ങളെ തിരുത്തി ഐന്‍സ്റ്റീന്‍ തന്‍റെ ആപേക്ഷിക സിദ്ധാന്തം അവതരിപ്പിച്ചപ്പോഴും അയാളെയും പലരും കളിയാക്കിയിരുന്നു..ഈ പരിഹാസത്തിന്റെ ആവശ്യമില്ല സ്വപ്ന സുന്ദരി ..സമയത്തിലൂടെയുള്ള യാത്ര സാധ്യമാണ് “ സംശയം വിട്ടുമാറാത്ത അവളോട് പ്രൊഫസര്‍ തുടര്‍ന്നു
“സമയം..സമയം നമ്മുക്കൊരിക്കലും അത് കാണാന്‍ പറ്റില്ല ..കേള്‍ക്കാന്‍ പറ്റില്ല ..കടന്ന് പോയാല്‍ തിരിച്ചുപിടിക്കാന്‍ പറ്റാത്തതും സമയമാണ് ..പക്ഷേ ഓരോ നിമിഷവും സമയം എന്ന പ്രതിഭാസം നമ്മള്‍ അനുഭവിക്കുന്നുണ്ട് ..നമ്മള്‍ അറിയുന്നുണ്ട് ..നീളം ,വീതി ,ഉയരം എന്ന മൂന്ന് ഡൈമെന്‍ഷന്‍ പോലെ സമയത്തെ നാലാമത്തെ ഡൈമെന്‍ഷനായി കാണുകയാണെങ്കില്‍ അതിലൂടെ നമ്മുക്ക് ഭാവിയിലേയ്ക്കും ഭൂതകാലത്തിലെയ്ക്കും സഞ്ചരിക്കാം “
“സമയം എന്ന നാലാമത്തെ ഡൈമെന്‍ഷന്‍ ? അതെങ്ങനെ സാധ്യമാവും ? സമയം ഇല്ലായിടത്തും ഒരുപോലെയല്ലേ ? “ അവള്‍ അയാളോട് ചോദിച്ചു
“സാധ്യമാവും .. ഐന്‍സ്റ്റീന്‍റെ ആപേക്ഷിക സിദ്ധാന്തം പറയുന്നതും അതുതന്നെയാണ്..അതായത് ഈ പ്രപഞ്ചത്തിലെ പ്രകാശത്തിന്റെ വേഗതയോഴിച്ച് ബാക്കിയെല്ലാം ആപേക്ഷികമാണ് എന്ന വാദമാണ് അദ്ദേഹം ഉന്നയിച്ചത് ..ആപേക്ഷിക സിദ്ധാന്തം വിവരിച്ചാല്‍ സ്വപ്ന സുന്ദരിക്കും മനസ്സിലാവില്ല അതുകൊണ്ട് കുറച്ചുംകൂടിയും സിമ്പിളായി പറഞ്ഞാല്‍ നമുക്ക് സൂര്യന്‍റെ കാര്യം എടുക്കാം ..പതിനഞ്ച് കോടി കിലോമീറ്റര്‍ അകലെയാണ് സൂര്യന്‍ സ്ഥിതി ചെയ്യുന്നത് ..സൂര്യനില്‍നിന്നുള്ള പ്രകാശം ഭൂമിയില്‍ പതിക്കാന്‍ വേണ്ട സമയം എട്ട് മിനിറ്റ് ..നമ്മള്‍ ഇപ്പോ കാണുന്ന സൂര്യ പ്രകാശം എട്ട് മിനിറ്റ് മുന്‍പ് അവിടെ നിന്ന് വന്നതാണ്..ഓരോ പ്രകാശ കണികകളും ഓരോ എട്ട് മിനിറ്റ് മുന്‍പ് അവിടെ നിന്ന് പുറപ്പെട്ടതാണ് എന്നതാണ് സത്യം ..അതായത് ഈ അവസ്ഥയില്‍ കാണുന്ന സൂര്യന്‍റെ അവസ്ഥയും എട്ട് മിനിറ്റ് മുന്‍പ് ഉള്ളതാണ് ..പക്ഷേ പ്രകാശം ഭൂമിയില്‍ എത്താനുള്ള സമയം എട്ട് മിനിറ്റ് എപ്പോഴും സ്ഥിരമായതിനാല്‍ പ്രകാശത്തിന്റെ വേഗത സ്ഥിരമാണെന്ന് അനുമാനിക്കാം ..ആയതിനാല്‍ പ്രകാശ വേഗതയുടെ ഒപ്പം എത്താനായാല്‍ നമുക്ക് ഭാവിയിലേക്ക് എത്താം ..സമയത്തിലൂടെ യാത്ര ചെയ്യുകയും ചെയ്യാം “
“കേള്‍ക്കുമ്പോള്‍ ഒരു പ്രേതകഥ അല്ലെങ്കില്‍ ഒരു കെട്ടുകഥ കേള്‍ക്കുമ്പോലെയുണ്ട് “ അവള്‍ വിശ്വാസം വരാതെ പ്രൊഫസരറുടെ മുഖത്തേക്ക് നോക്കി
“ഇത് ശാസ്ത്രമാണ് സ്വപ്ന സുന്ദരി ..ഇത് സത്യമാണ് ..കെട്ടുകഥയല്ല ..ഈ സിലിണ്ടര്‍ കണ്ടോ ? “ നീളത്തിലുള്ള ഒരു സിലിണ്ടര്‍ ചൂണ്ടികൊണ്ട് പ്രൊഫസര്‍ അവളോട് ചോദിച്ചു .അവള്‍ കണ്ടെന്ന് തലയാട്ടി
“ഇതാണ് ടിപ്പലെര്‍ സിലിണ്ടര്‍ ..സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെ "A Breif History Of Time" എന്ന പുസ്തകത്തില്‍ പറയുന്ന ടിപ്പലെര്‍ സിലിണ്ടര്‍ പോലെ തന്നെയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത് ..ഇതിലൂടെ വേം ഹോള്‍സ് വഴി സമയത്തെയും സ്ഥലത്തെയും ബെന്‍ഡ് ചെയ്യിപ്പിച്ച് ഭാവിയിലേയ്ക്ക് ഈസിയായി യാത്ര ചെയ്യാനാകും “ പ്രൊഫസര്‍ യന്ത്രത്തിന്‍റെ വര്‍ക്കിംങ്ങിനെ പറ്റി അവളോട് വിവരിച്ചു
“അങ്ങനെയാണെങ്കില്‍ ഭാവിയിലെ മനുഷ്യര്‍ ഇതുപോലെയുള്ള ടൈം മെഷീന്‍ വഴി അവരുടെ ഭൂതകാലം തിരഞ്ഞ് നമ്മളെ കാണുവാന്‍ വരില്ലേ ? അതുപോലെ നമ്മള്‍ ഭൂതകാലത്തില്‍ ഇറങ്ങി ചെന്ന് നമ്മളുടെ അച്ഛനെയും അമ്മയെയും വക വരുത്തിയാല്‍ നമ്മുടെ വര്‍ത്തമാന കാലത്തിന് എന്താണ് പ്രസക്തി ?” അവള്‍ അയാളോട് ചോദിച്ചു
“ഗുഡ് ക്വസ്റ്റിന്‍ ..ഭൂതകാലത്തിലെയ്ക്ക് പോയി നടന്ന കാര്യങ്ങള്‍ കാണാം എന്നല്ലാതെ മുന്‍പ് നടന്ന കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ നമ്മുക്ക് ആവില്ല ..സംഭവിച്ചത് സംഭവിച്ചു ..അതിലൊരിക്കലും മാറ്റങ്ങള്‍ വരുത്തനാകില്ല ..പിന്നെ ഭാവിയില്‍ നിന്ന് വരുന്നവരെ പറ്റി പറയുകയാണെങ്കില്‍ കേട്ടട്ടില്ലേ UFO(unidentified flying objects) കളെ പറ്റി..ഇങ്ങനെ പ്രത്യക്ഷപ്പെടുന്ന UFOകള്‍ ഭാവിയില്‍ നിന്ന് നമ്മളെ കാണുവാന്‍ വരുന്നവരാണ് എന്നാണ് പല ശാസ്ത്രജ്ഞന്‍മാരും പറയുന്നത് “ പ്രൊഫസര്‍ ഈ പറഞ്ഞ മറുപടി അവളുടെ എല്ലാ സംശയങ്ങളെയും സാധുകരിക്കുന്ന ഒന്നായിരുന്നു
“ഇത് സത്യമാണെങ്കില്‍ ..എനിയ്ക്കും ഇതിലൂടെ യാത്ര ചെയ്യണമെന്നുണ്ട് “ അവള്‍ തന്‍റെ ആവശ്യം പ്രൊഫസറെ അറിയിച്ചു
“ഇപ്പോ അത് സാധ്യമല്ല സ്വപ്ന സുന്ദരി ..ഗവണ്മെന്റില്‍ നിന്ന് അപ്പ്രൂവല്‍ ലഭിച്ചതിന് ശേഷമേ ഇത് ഉപയോഗിക്കാന്‍ പറ്റുള്ളൂ ..അതിന് മുന്‍പ് ഒരുപാട് ടെസ്റ്റുകള്‍ ചെയ്യാനുമുണ്ട് “
“ അപ്പോ എനിയ്ക്ക് അതിലൂടെ യാത്ര ചെയ്യാനാകില്ല ? അങ്ങനെയാണോ പറഞ്ഞുവരുന്നത് ? “ പ്രൊഫസര്‍ ഇല്ലെന്ന് തലയാട്ടി
അവള്‍ ചിരിച്ചുകൊണ്ട് പ്രൊഫസറുടെ അടുത്തേയ്ക്ക് നടന്നുവന്നതിന് ശേഷം അയാളുടെ കൈകളില്‍ പിടിച്ച് അയാളെ അവളിലേയ്ക്ക് അടുപ്പിച്ചു. അതിനുശേഷം അവളുടെ ലിപ്സ്റ്റിക്കിന്റെ കടും ചായം അയാളുടെ കവിളിലും ചുണ്ടിലും അവളുടെ ചുണ്ടുകൊണ്ട് പകര്‍ത്തി.അവളുടെ കൈവിരലുകള്‍ അയാളുടെ കവിളിലൂടെയും ശരീരത്തിലൂടെയും അതിവേഗം സഞ്ചരിച്ചു
“ഇപ്പോ പറയൂ ..എനിക്ക് അതിലൂടെ സഞ്ചരിക്കാന്‍ സാധ്യമല്ലേ ? “ അവളൊരു ചിരിയോടെ ചോദിച്ചു
“സാധ്യമാണ് ..സ്വപ്ന സുന്ദരി പറയൂ ഭാവിയിലെ ഏത് ദിവസത്തിലേക്ക് പോകണം ? “ കവിളിലെ ലിപ്സ്റ്റിക്ക് തുടച്ചുകൊണ്ട് പ്രൊഫസര്‍ അവളോട് ചോദിച്ചു
“ഹ ഹ ..ഭാവി ? എനിക്കിനിയെന്ത് ഭാവി ..എനിയ്ക്ക് പോകേണ്ടത് ഭൂതകാലത്തിലെക്കാണ് “
“ഭൂതകാലത്തിലേക്കോ ? “ പ്രൊഫസര്‍ ഒരു സംശത്തോടെ അവളോട് ചോദിച്ചു
“അതെ ..എനിയ്ക്ക് പോകേണ്ടത് ഭൂതകാലത്തിലേക്കാണ് ..എനിക്ക് ഞാന്‍ ജനിച്ച സ്ഥലം അറിയണം ..എന്‍റെ ശരിയായ പേര് അറിയണം ..എന്‍റെ അച്ഛനമ്മമാര്‍ ആരെന്ന് അറിയണം ..പിന്നെ.. പിന്നെ ഞാന്‍ എങ്ങനെ ശരീരം വിറ്റുകൊണ്ട് ജീവിക്കുന്നവളായെന്ന് എനിയ്ക്കറിയണം “
“അപ്പോ ജനിച്ച സ്ഥലവും പേരും അച്ഛനമ്മമാര്‍ ആരെന്നും സ്വപ്ന സുന്ദരിയ്ക്ക് അറിയില്ലേ ? “ പ്രൊഫസര്‍ അവളോട് ചോദിച്ചു
“ഇല്ല ..എനിയ്ക്ക് അറിയുന്നത് എന്‍റെ വര്‍ത്തമാനകാലം മാത്രമാണ് ..ബാക്കിയൊന്നും എനിക്ക് ഓര്‍മ്മയില്ല..തലയില്‍ കെട്ടുകളോടെ മുംബൈയിലുള്ള ഏതോ ഒരു ആശുപത്രിയില്‍ കിടന്നിരുന്ന എന്നെ പെണ്ണിന്‍റെ ഉടലിനെ കാഴ്ചവസ്തുവാക്കി ജീവിക്കുന്ന കുറച്ച് മാര്‍വാഡികളാണ് അവകാശം പറഞ്ഞ് കൂട്ടികൊണ്ട് പോകുന്നത്..അവരുടെ ഗ്യാങ്ങിലുണ്ടായിരുന്ന ഒരു മലയാളി സ്ത്രീയാണ് എനിയ്ക്ക് സ്വപ്ന സുന്ദരി എന്ന പേര് നല്‍കുന്നത്..അവരുടെ കയ്യില്‍ നിന്ന്‍ രക്ഷപ്പെടാന്‍ കഴിയാതെ ഒടുവില്‍ അവരുടെ ഇംഗിതത്തിന് വഴങ്ങി കൊടുക്കുകയായിരുന്നു..എനിക്ക് ഞാന്‍ ആരെന്ന് അറിയണം സാര്‍..എന്നെ സഹായിക്കണം ..എനിയ്ക്ക് എന്‍റെ ഭൂതകാലം അറിയണം ..സഹായിക്കില്ലേ ? “ അവളത് പറയുബോള്‍ അവളുടെ കണ്ണുകള്‍ കലങ്ങിയത് പ്രൊഫസര്‍ ശ്രദ്ധിച്ചിരുന്നു
“സഹായിക്കാം സ്വപ്ന സുന്ദരി ..പക്ഷേ ഭൂതകാലത്തിലെയ്ക്ക് സഞ്ചരിക്കുമ്പോള്‍ കുറച്ച് പ്രശനങ്ങളുണ്ട്..ആദ്യമേ പറഞ്ഞല്ലോ ഭൂതകാലത്തില്‍ നടന്ന സംഭവങ്ങള്‍ ഒരിക്കലും സ്വപ്ന സുന്ദരിക്ക് മാറ്റാന്‍ കഴിയില്ല ..നടന്നത് എന്താണ് അതാണ് സത്യം ..അതിലിനി മാറ്റങ്ങള്‍ വരുത്താന്‍ നമ്മുക്കാകില്ല..പിന്നെ ഭൂതകാലം തേടി പോകേണ്ട കാര്യമുണ്ടോ സ്വപ്ന സുന്ദരി ? “
“പോകണം ..എനിക്ക് അറിയണം എന്താണ് എനിയ്ക്ക് സംഭവിച്ചത് ..എങ്ങനെയാണ് ഞാന്‍ ഇവിടെ എത്തിയത് ..അറിയണം ആരാണ് എന്നെ ചതിച്ചതെന്ന് “ അവളുടെ തീരുമാനം ഉറച്ചതായിരുന്നു
“ശരി ..ഈ മെഷീന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് പ്രധാനമായും ഭാവിയിലേയ്ക്ക് പോകുവാനാണ് ..ഒരു തവണ മാത്രമേ ഇതിലൂടെ ഭൂതകാലത്തിലെയ്ക്ക് സഞ്ചരിക്കാനാവൂ..അതുകൊണ്ട് തിരഞ്ഞെടുക്കുന്ന തിയ്യതിയെയും സമയത്തെയും പറ്റി നല്ല ബോധ്യം വേണം ..പറയൂ ഏത് ദിവസത്തേക്കാണ് സ്വപ്ന സുന്ദരിക്ക് പോകേണ്ടത് ? “
“ഞാന്‍ പറഞ്ഞില്ലേ സാര്‍ ..എനിക്ക് കഴിഞ്ഞതൊന്നും ഓര്‍മ്മയില്ല ..പിന്നെ എങ്ങനെ കൃത്യമായൊരു ദിവസം പറയാനാകും ? “
“അപ്പോ എനിയ്ക്ക് സഹായിക്കാനാകില്ല സ്വപ്ന സുന്ദരി “
കുറച്ചൊന്ന് ആലോചിച്ചശേഷം അവള്‍ തുടര്‍ന്നു
“എന്നെ ആശുപത്രിയില്‍ നിന്ന് മാര്‍വാഡികള്‍ കൊണ്ടുപോയ തിയ്യതി ഓര്‍മ്മയുണ്ട് ..അല്ലെങ്കിലും ആ തിയ്യതി ഞാന്‍ എങ്ങനെ മറക്കാന്‍ ..വര്‍ഷം 2029 ,മാസം ജൂണ്‍ ,തിയ്യതി 24 ..ആ ദിവസത്തിലേക്കാണ് പോകേണ്ടത് “ അവള്‍ പോകേണ്ട തിയ്യതി അയാളോട് പറഞ്ഞു
“അല്ല ..ആ തിയ്യതിയല്ല ..അതിന് തൊട്ടുമുന്‍പത്തെ തിയ്യതിയിലാണ് സ്വപ്ന സുന്ദരി പോകേണ്ടത് ..എങ്കില്‍ മാത്രമേ എങ്ങനെ ആശുപത്രിയിലെത്തിയെന്ന്‍ സ്വപ്ന സുന്ദരിക്ക് അറിയാന്‍ പറ്റുകയുള്ളൂ “ പ്രൊഫസര്‍ അവള്‍ പറഞ്ഞ തിയ്യതിയില്‍ തിരുത്ത് വരുത്തി
“ശരിയാണ് ..23 ..ആ തിയ്യതിയിലേക്കാണ് എനിയ്ക്ക് പോകേണ്ടത് “ അവളും അയാള്‍ പ്രൊഫസര്‍ പറഞ്ഞത് ശരിവെച്ചു
“തിയ്യതി തീരുമാനമായതിനാല്‍ ഇനി ഈ യന്ത്രത്തെ പറ്റി പറയാം ..നേരത്തെ പറഞ്ഞല്ലോ ഒരിക്കല്‍ മാത്രമേ ഒരാള്‍ക്ക് ഈ യന്ത്രം ഉപയോഗിച്ച് കഴിഞ്ഞ കാലത്തിലേക്ക് പോകാനാവൂ അതും ഇരുപത്തിനാലു മണിക്കൂറുകള്‍ മാത്രമാണ് ലഭിക്കുകയുള്ളൂ..ഭൂതകാലത്തില്‍ എത്തിയ ആ നിമിഷം മുതല്‍ ഘടികാരത്തിലെ ഈ സൂചികള്‍ കണ്ടോ ? അത് പിറകോട്ട് സഞ്ചരിക്കാന്‍ തുടങ്ങും ..കൃത്യം ഇരുപത്തിനാലു മണിക്കൂറുകള്‍ കഴിയുമ്പോള്‍ യാന്ത്രികമായി ഈ യന്ത്രം ഇവിടേക്ക് തിരിച്ചുവരും ഒപ്പം സ്വപ്ന സുന്ദരിയും തിരിച്ച് ഇവിടെത്തന്നെ വരും..പിന്നെ ശ്രദ്ധിക്കേണ്ടത് 2029 ജൂണ്‍ ഇരുപത്തിമൂന്നിന് സ്വപ്ന സുന്ദരി എങ്ങനെയാണ് ഉണ്ടായിരുന്നത് ആ രൂപത്തിലുള്ള സ്വപ്ന സുന്ദരിയെയാണ് അവിടെ കാണുക ..ഒരിക്കലും ആ സ്വപ്ന സുന്ദരിയുടെ മുന്‍പില്‍ പോകരുത് ..അല്ലെങ്കില്‍ ഭൂതകാലത്തിലെ സ്വപ്ന സുന്ദരി ഒരിക്കലും വര്‍ത്തമാനകാലത്തിലെ ഈ സ്വപ്ന സുന്ദരിയെ കാണാന്‍ പാടില്ല “ പ്രൊഫസര്‍ അവളെ ചൂണ്ടികൊണ്ട് പറഞ്ഞു
“ഭൂതകാലത്തിലെ ഞാനും വര്‍ത്തമാനകാലത്തിലെ ഞാനും കണ്ടുമുട്ടിയാല്‍ എന്താണ് പ്രശ്നം പ്രൊഫസര്‍ ? “
“ഭൂതകാലത്തിലെ സ്വപ്ന സുന്ദരിയും വര്‍ത്തമാന കാലത്തിലെ സ്വപ്ന സുന്ദരിയും കണ്ടുമുട്ടിയാല്‍ സമയം എന്ന പ്രതിഭാസത്തെ ബാധിക്കും ..ടൈം ഓട്ടോമാറ്റിക് ആയി റീസെറ്റ് ചെയ്യപ്പെടുകയും വര്‍ത്തമാന കാലത്തിലെ സ്വപ്ന സുന്ദരി ഭൂതകാലത്തിനും വര്‍ത്തമാന കാലത്തിനും ഇടയിലേക്ക് വഴുതി വിഴുകയും അബോധാവസ്ഥയിലേയ്ക്ക് മാറുകയും ചെയ്യും ..പിന്നീട് ഒരിക്കലും വര്‍ത്തമാന കാലത്തിലേക്കോ ഭൂതകാലത്തിലേക്കോ മടങ്ങാന്‍ ആവാതെ രണ്ട് കാലങ്ങള്‍ക്കിടയില്‍ അകപ്പെടുകയും ചെയ്യും..ഈയൊരു പ്രശ്നം ഉള്ളതുകൊണ്ട് ഈ യന്ത്രം ഭൂതകാലത്തില്‍ എത്തുന്ന സമയത്ത് ഭൂതകാലത്തിലെ സ്വപ്ന സുന്ദരി എവിടെയാണോ ഉള്ളത് അതിന്‍റെ അമ്പത് മീറ്റര്‍ അകലെയാണ് യന്ത്രം എത്തിച്ചേരുക .. ”
“അപ്പോ ഭൂതകാലത്തിലെ ഞാന്‍ ഒരിക്കലും ഇപ്പോഴത്തെ എന്നെ കാണാന്‍ പാടില്ല അതാണ് ചുരുക്കം അല്ലേ പ്രൊഫസര്‍ ? “
“അതെ ആ ഒരു റിസ്ക് എടുക്കണം സ്വപ്ന സുന്ദരി ..എവിടെയെങ്കിലും ഒന്ന് പാളിയാല്‍ രണ്ട് കാലങ്ങള്‍ക്ക് ഇടയില്‍ അകപ്പെടും ..അതുകൊണ്ട് സൂക്ഷിക്കണം “
“എന്‍റെ തീരുമാനം ഉറച്ചതാണ് പ്രൊഫസര്‍ ..അതിന്‍റെ ഭവിഷ്യത്ത് എന്ത് തന്നെയായാലും എന്‍റെ വിധിയെന്ന് പറഞ്ഞ് ആശ്വസിച്ചോളാം..ഭാവിയെക്കുറിച്ച് ആശങ്കയില്ലാത്ത ഞാന്‍ എന്തിന് ഭൂതകാലം തേടി പോകുവാന്‍ ഭയക്കണം “
“മം ..തീരുമാനം അതാണെങ്കില്‍ ഇനിയൊന്നും ഞാന്‍ പറയുന്നില്ല ..ഈ വാച്ച് കയ്യില്‍ ധരിക്കൂ ..യന്ത്രത്തിലെ സമയവും വാച്ചിലെ സമയവും ഒന്ന് തന്നെയാണ് ..ഭൂതകാലത്തില്‍ എത്തിയതിന് ശേഷം വാച്ചിലെ സമയവും യന്ത്രത്തിലെ സമയവും ഇരുപത്തിനാല് മണിക്കൂറുകള്‍ മാത്രമായി ചുരുങ്ങും ..സമയം പിന്നിലോട്ടാണ് സഞ്ചരിക്കുക ..00:00 എന്ന സമയം ആവുമ്പോള്‍ ഈ യന്ത്രം തിരിച്ച് വരുന്നതായിരിക്കും ..അതുവരെയുള്ള നിമിഷങ്ങള്‍ സ്വപ്ന സുന്ദരിക്ക് ആസ്വദിക്കാം “
“ഹ ഹ..ആസ്വാദനം ..ഈ ഇരുപത്തിനാല് മണിക്കൂറുകള്‍ എത്രമാത്രം എനിക്ക് വിലപ്പെട്ടതാണെന്ന് പ്രൊഫസര്‍ നിങ്ങള്‍ക്ക് അറിയില്ല ..പഴയ ഓര്‍മ്മകളെ ആസ്വദിക്കാനല്ല എന്‍റെ യാത്ര ..എന്‍റെ യാത്ര എന്നെ തന്നെ തേടിയുള്ള യാത്രയാണ് ..ഭൂതകാലം നഷ്ടപ്പെട്ട ഒരു പെണ്ണിന്‍റെ യാത്ര “
“എന്നാല്‍ സ്വപ്ന സുന്ദരി ഭൂതകാലത്തിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറായിക്കൊള്ളൂ“പ്രൊഫസര്‍ അവളുടെ കയ്യില്‍ വാച്ച് കെട്ടികൊടുത്തു കൊണ്ട് അവളോട് പറഞ്ഞു
അവളോട് യന്ത്രത്തിന്റെ അകത്തേക്ക് കയറാന്‍ അയാള്‍ പറഞ്ഞു .
“23 ,ജൂണ്‍ ,2029 “ പ്രൊഫസര്‍ യന്ത്രത്തിന്റെ സ്ക്രീനില്‍ അമര്‍ത്തികൊണ്ട് പറഞ്ഞു .
യന്ത്രത്തിന്റെ ഘടികാരങ്ങള്‍ പെട്ടെന്ന് വേഗത്തില്‍ ചലിക്കാന്‍ തുടങ്ങി .അതിന്‍റെ ടിപ്പലെര്‍ സിലിണ്ടര്‍ വലിയൊരു ശബ്ദത്തോടെ കറങ്ങാന്‍ തുടങ്ങി.
“പോയി വരൂ സ്വപ്ന സുന്ദരി ..അടുത്ത ഇരുപത്തിനാലു മണിക്കൂറുകള്‍ സ്വപ്ന സുന്ദരിക്ക് സ്വന്തം “ഒരു ഭയത്തോടെ യന്ത്രത്തിന്‍റെ അകത്തിരുന്ന അവളെ നോക്കി പ്രൊഫസര്‍ പറഞ്ഞു
പെട്ടെന്ന് യന്ത്രം അപ്രത്യക്ഷമായി ..സ്വപ്ന സുന്ദരി അവളുടെ ഭൂതകാലം തിരഞ്ഞ് യാത്രയായി
(തുടരും )

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക