Slider

ഒരു നുണയല്ലാത്ത കഥ !!

0
ഒരു നുണയല്ലാത്ത കഥ !!
ഉച്ചക്ക് രണ്ടുമണി .. ഈവനിങ് ഷിഫ്റ്റിന് ഡ്യൂട്ടിക്ക് ചെന്നതാണ് ഞാൻ ... ചെന്നൈയിലെ ഒരു ഹോസ്പിറ്റലാണ് സംഭവസ്ഥലം ... കാഷ്വാലിറ്റിയിൽ ആകപ്പാടെ ഒരു ബഹളം ... എല്ലാവരും താപ്പലോട് തപ്പൽ... വിലപ്പെട്ടതെന്തോ കളഞ്ഞുപോയീട്ടുണ്ട് .. ഞാനുറപ്പിച്ചു ! പുനിതാസെൽവി സിസ്റ്ററിന്റെ ഡയമണ്ട് റിങ്ങ് ആയിരിക്കുമോ ?? കഴിഞ്ഞ ആഴ്ച വാങ്ങിയത് എന്നെ കാണിച്ചിരുന്നു .. ഞാൻ സിസ്റ്ററിനെ അവിടൊക്കെ തിരഞ്ഞു .. അപ്പഴാ ഓർത്തത് , ഇന്ന് പുള്ളിക്കാരി ഓഫ് ആണല്ലോ !!
പിന്നിതിപ്പം എന്താണാവോ ?? ആരും ഒന്നും സംസാരിക്കുന്നില്ല .. വേസ്ററ് ബോക്സ് വരെ കുടഞ്ഞിട്ടു തപ്പലാണ് .. ഞാൻ നോക്കുമ്പോൾ നമ്മടെ സീനിയർ ലതചേച്ചി മേശക്കടിയിൽ നിന്നും ഇറങ്ങി വരുന്നു !!
ശ്ശെടാ .. ഇതെന്ത് സംഭവം ?? ലതചേച്ചിയോട് തന്നെ ചോദിച്ചു കളയാം
"ചേച്ചിയെ ... എന്താ ഇവിടെ ?? "
"എന്ത് ?"
"നിങ്ങളൊക്കെ എന്താ താപ്പണേന്ന് ??"
"പല്ല് "
"പല്ലോ ??😳"
"ആ പല്ല് .. കേട്ടീട്ടില്ലേ പല്ല് പല്ല് "
"ആരുടെ പല്ല്?"
"ദാ ആ കിടക്കുന്ന കാർന്നോരുടെ "
ഞാൻ നോക്കി ... ഒരപ്പൂപ്പൻ ബെഡ് നമ്പർ രണ്ടിൽ കിടപ്പുണ്ട്‌ .. ഒന്നുകൂടി നോക്കി .. ശ്വാസമില്ല.. പിന്നെയാണ് ശ്രദ്ധിച്ചത് മോണിറ്ററും വെന്റിലേറ്ററും ഒക്കെ എടുത്തു മാറ്റിയിരിക്കുന്നു.. അപ്പം മരിച്ചു പോയ അപ്പൂപ്പന്റെ പല്ലാണോ ലതചേച്ചിയും കൂട്ടരും മേശക്കടിയിലും കട്ടിലിനടിയിലുമൊക്കെ നൂണ്ടു കയറി തപ്പുന്നെ??!!
ഒന്നുമേ പുരിയലേ !!!
ഞാൻ ലതചേച്ചിയെ പിടിച്ചു നിർത്തി
" ചേച്ചീ .. സത്യം പറ ... എന്താ സംഭവം ??"
" ഡീ .. ഒന്നും പറയണ്ടാടിയേ .. ഈ അപ്പൂപ്പനെ ഒരു രണ്ടുമനിക്കൂർ മുന്നേ കൊണ്ടുവന്നതാ.. വരുമ്പോൾ കാര്ഡിയാക് അറസ്റ്റ് ആയിരുന്നു .. ഡോക്ടർ സെന്തിൽ ഇന്റുബേറ്റ് ചെയ്തു ( സ്വയം ശ്വസിക്കാൻ ബുദ്ധിമുട്ടുള്ള രോഗികൾക്ക് വായിൽ കൂടി ശ്വാസനാളത്തിലോട്ട് റ്റ്യൂബിട്ട് കൃത്രിമ ശ്വാസം നൽകുന്ന രീതി ) കുറെ ശ്രമിച്ചെങ്കിലും അപ്പൂപ്പൻ പോയി .."
"അതിനെന്താ ചേച്ചീ ഈ തപ്പുന്നെ "??
" മുഴുവൻ പറയട്ടെടീ പുള്ളെ .. നീ തോക്കിൽ കേറി വെടി വെക്കാതെ .. ഇൻടുബേറ്റ് ചെയ്യുന്ന സമയം ലാരിഞ്ചോസ്കോപ് ( റ്റ്യൂബ്‌ ഇടാൻ സഹായിക്കുന്ന ഒരു ഉപകരണം ) വായിലിട്ടപ്പോൾ അപ്പൂപ്പന്റെ മുൻ വശത്തെ ആകപ്പാടുണ്ടായിരുന്ന പല്ല് പറിഞ്ഞു പൊന്നു.. ഞങ്ങളത് എവിടെയോ കളഞ്ഞു .. ദാണ്ടെ ഇപ്പം ഡെഡ് ബോഡി കൊണ്ടുപോണമെങ്കിൽ പല്ലില്ലാതെ കൊണ്ടുപോകില്ലാത്രേ !!
"അയ്യോ ... അതെന്തിനാ പല്ല് ?"
" ആവോ .. ആർക്കറിയാം .. നീ ദാണ്ടെ ആ നിക്കുന്ന തടിമാടൻമാരോട് ചോദിക്ക് .. അഞ്ചാറെണ്ണമുണ്ട് .. "
ഞാൻ നോക്കി ... സത്യമാണ് .. അഞ്ചെണ്ണം പഞ്ചപാണ്ഡവൻമാരെ പോലെ തയ്യാറായി ഞങ്ങളെ നോക്കി നിൽപ്പുണ്ട് .. ഇന്നീ പല്ല് കിട്ടിയില്ലെങ്കിൽ മിക്കവാറും ഞങ്ങളിൽ പലരുടെയും പല്ല് ഇവൻമാരിന്നു കൊഴിക്കും!! അതാ അവന്മാരുടെ ഭാവം !!
ഞാനും കൂടി തപ്പാൻ ...
ഡോക്ടർ സെന്തിൽ നിലത്ത് പടഞ്ഞിട്ടിരുന്ന് കയ്യിൽ ഗ്ലൗസുമിട്ട്‌ വെസ്റ്റ് ബോക്സിലെ സാധനങ്ങളെല്ലാം കുടഞ്ഞിട്ട് ചികയുന്നു .. നമ്മുടെ പഞ്ചപാണ്ഡവന്മാർ ഡോക്ടറെ പ്രത്യേകം നോട്ടമിട്ടീട്ടുണ്ട്‌.. !
വാർഡ് ബോയ് സോമു കട്ടിലിനു താഴെയുണ്ട് ... അവിടെകിടന്ന് ഉറങ്ങിയോ ?? പറയാൻ പറ്റില്ല.. ലാബിൽ ബ്ലഡ് കൊണ്ടുപോയി കൊടുക്കാൻ പറഞ്ഞാൽ ബ്ലെഡുമായി പോകുന്ന വഴിക്ക് ഏതേലും ബെഞ്ചിൽ കിടന്നുറങ്ങുന്ന പാർട്ടിയാണ് .. കുറെകഴിഞ്ഞ് ആരെങ്കിലും സോമുവിനെ തിരക്കിചെല്ലുമ്പോൾ സോമു വഴിയിൽ ഫ്‌ളാറ്റ് .. ബ്ലഡ് സാമ്പിൾ അതിയാന്റെ കയ്യിൽ ഭദ്രം !!
സ്വീപ്പർ രത്നമ്മ ഒരിക്കലും കാട്ടീട്ടില്ലാത്ത ആത്മാർത്ഥതയോടെ തൂത്തുവാരുന്നു.. അവരുടെ ജീവിതത്തിൽ സ്വന്തം കുടുംബം പോലും ഇതുപോലെ തൂത്തുവാരി കാണില്ല .. മുക്കും മൂലയും അരിച്ചു പെറുക്കി പഴുതടച്ചുള്ള അന്വേഷണത്തിലാണ് രത്നമ്മ ഐ പി എസ് !!
ലതചേച്ചി പേഷ്യന്റിന്റെ ഫയലുവരെ കുടഞ്ഞു നോക്കുന്നു .. കുന്തം പോയാൽ കുടത്തിലും തപ്പണമല്ലോ .. അപ്പം പല്ലുപോയാൽ ഫയലിലും തപ്പണം !!
തപ്പൽ തുടരുന്നതല്ലാതെ പല്ലുകിട്ടുന്ന ലക്ഷണമൊന്നുമില്ല .. ഒരടി നടക്കാനുള്ള സകല സാധ്യതയും കാണുന്നു .. !
പെട്ടെന്ന് സോമു കട്ടിലിനടിയിൽ നിന്നും ചാടി എഴുന്നേറ്റു .. യുറീക്കാ !! കിട്ടിപ്പോയ് .. !!
ഡോക്ടർ സെന്തിൽ സോമുവിനെ കെട്ടിപ്പിടിച്ചു.. ന്നാ പിടിച്ചോ നിന്റെയൊക്കെ അച്ഛന്റെ പല്ല് എന്നഭാവത്തിൽ സോമു പഞ്ചപാണ്ഡവൻമാർക്ക്‌ പല്ല് ഹാൻഡ് ഓവർ ചെയ്തു !!
ആ കോട്ടൺ ബോളിൽ പൊതിഞ്ഞ പല്ല് ഒന്നു നോക്കുകപോലും ചെയ്യാതെ കൂട്ടത്തിൽ തലമൂത്തവൻ ചുരുട്ടി കൂട്ടി നിലത്ത് ഡോക്ടർ സെന്തിൽ കുടഞ്ഞിട്ട വെസ്റ്റിലോട്ട് ഒരേറ്!! അതായത് അവർക്ക് വേണ്ടത് അപ്പൂപ്പന്റെ പല്ലല്ലായിരുന്നു ... അടിയുണ്ടാക്കാൻ ഒരു കാരണമായിരുന്നു !!
രത്നമ്മ കയ്യിൽ വന്നുവീണ കേസ് കാക്ക .. അല്ല സോമു കൊണ്ടുപോയ ദുഃഖത്തിൽ ഒരു ലോഡ് പുച്ഛം മുഖത്ത് ലോഡ് ചെയ്ത് സോമുവിനെ നോക്കി .. !
പിന്നീടാണറിഞ്ഞത് .. പല്ലുകിട്ടിയില്ലെങ്കിൽ കാഷ്വാലിറ്റി തല്ലി പൊളിക്കുമെന്നും ഡോക്ടറെയും സിസ്റ്ററിനെയും തട്ടുമെന്നും അഞ്ചെണ്ണവും ഭീഷണിപ്പെടുത്തിയിരുന്നത്രെ .. കുറച്ചു മാറിയുള്ള ചേരിയിലെ അറിയപ്പെടുന്ന ഗുണ്ടകൾ !! അഞ്ചു പൈസയുടെ വിവരമില്ല .. പൊളിക്കും എന്ന് പറഞ്ഞാൽ പൊളിക്കും !! തട്ടും എന്നുപറഞ്ഞാൽ തട്ടും !! അത്ര നല്ലവരാണ് !!
ജീവഭയത്തിൽ ലതചേച്ചിയും ഡോക്ടർ സെന്തിലും പല്ലു കണ്ടുപിടിക്കുന്നവർക്ക് നൂറ് രൂപ വാഗ്ദാനം ചെയ്തിരുന്നു .. ആ നൂറ് രൂപയാണ് സോമു അടിച്ചെടുത്തത് .. പിന്നെ രത്നമ്മക്ക് വിഷമമില്ലാതിരിക്കുമോ !!
ഏതായാലും അതോടെ ഇന്റുബേറ്റ് ചെയ്യുന്ന പേഷ്യന്റിന്റ പല്ലുവല്ലതും പറിഞ്ഞു പോയാൽ അതെടുത്ത് ഭദ്രമായി സൂക്ഷിക്കുന്നത് ഞങ്ങളുടെ ഒരു ശീലമായി .. തപ്പാൻ വയ്യ .. വയ്യാത്തോണ്ടാ .. സത്യം !!
വന്ദന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo