Slider

#നാത്തൂൻ

0
ഞാൻ ജനിക്കുന്നതിന് നാലു ദിവസം മുന്നേ ജനിച്ചവൻ. അതു കൊണ്ട് തന്നെ നാട്ട് നടപ്പ് പ്രകാരം എന്റെ ചേട്ടൻ..വെറും നാല് ദിവസം മൂത്തവനെ ചേട്ടാന്ന് വിളിക്കേണ്ട ഗതികേടും ഉണ്ടായി.. എന്തായാലും ചെറുപ്പം മുതൽ ഞങ്ങള് ഭയങ്കര ദോസ്തുക്കളാണ്.. ഞങ്ങൾ പരസ്പരം കൈമാറാത്ത രഹസ്യങ്ങളില്ല. ഞാനീ പറഞ്ഞു വന്നത് എന്റെ വല്യച്ചന്റെ മൂത്ത സന്താനത്തെ പറ്റിയാണ് .. എന്റെ പൊന്നാങ്ങള...
അങ്ങനെ ഞങ്ങൾ വളർന്ന് വലുതായി.. ഞാൻ പടർന്ന് പന്തലിച്ചപ്പോൾ വീട്ടുകാർ എന്നെ കെട്ടിച്ചു വിട്ടു.. എനിക്കാണേൽ മൂന്നാലു കൊച്ചുങ്ങളുമായി .. അപ്പോഴും നമ്മുടെ ആത്മമിത്രം സ്റ്റിൽ ബാച്ചിലർ .. കെട്ടാൻ ആഗ്രമില്ലാത്തതു കൊണ്ടോ ജോലിയില്ലാത്തതു കൊണ്ടോ ഒന്നുമല്ല.. സർവ്വസാധാരണ നമ്മുടെ നാട്ടിൽ നടക്കുന്നത് തന്നെ..
ജാതക പൊരുത്തം.. ശുക്രനും ശനിയും ചൊവ്വയുമൊക്കെ അവന്റെ കല്യാണത്തിന് വഴിമുടക്കി നിന്നു.. പെണ്ണിനെ പിടുക്കുമ്പോ നാള് ചേരൂല്ല. നാള് ചേരുമ്പോ പെണ്ണിനെ പിടിക്കൂല്ല. അങ്ങനെ അവൻ ചായയും കുടിച്ച് മിച്ചറും തിന്നു മടുത്തു. .അവനെ പെണ്ണ് കാണിക്കാൻ കൊണ്ടു നടന്ന ബ്രോക്കറുടെ രണ്ട് പെൺമക്കളേം അങ്ങേര് കെട്ടിച്ചു വിട്ടു.. അപ്പോഴും നമ്മടെ ചങ്ക് പിന്നേം തെങ്ങേ തന്നെ..
പെണ്ണ് കെട്ടിക്കാൻ നമ്മളേക്കാലും ഉത്സാഹം നാട്ടുകാർക്കാണല്ലോ.. അവന്റെ സമപ്രായക്കാരൊക്കെ കെട്ടി കുട്ടികളുമായി .. നാട്ടുകാരൊക്കെ ചോദ്യവുമായി ..പാവം എന്റ ചങ്ക് ബ്രോ അങ്ങനെ നാട്ടിൽ ഉണ്ടാരുന്ന ജോലിയൊക്കെ കളഞ്ഞ് അവൻ ദുബായിക്ക് വിമാനം കയറി.. പിന്നൊരു അഞ്ചാറ് വർഷത്തേക്ക് ദുബായിൽ .. ഇടയ്ക്ക് ഒരു തവണ ലീവിന് നാട്ടിൽ വന്നു .. അതിനിടയ്ക്ക് രണ്ടു മൂന്ന് ചായ കുടി കൂടി ഒരാവശ്യമില്ലതെ നടത്തി.. ഇനി എന്റെ കാര്യം ആരും നോക്കണ്ട അനിയന് പെണ്ണ് നോക്കിക്കോ എന്നും പറഞ്ഞ് അവൻ പിന്നേം സ്ഥലം വിട്ടു..
പിന്നെ വല്ലപ്പോഴും ഒന്നു വിളിക്കും.. അത്ര തന്നെ.. ഞാൻ സൗദിക്ക് വന്നപ്പോഴാണ് വീണ്ടും അവനോട് നേരെ ചൊവ്വിന് സംസാരിക്കാൻ തുടങ്ങിയത്.. കല്യാണ കാര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ അവന് ഭയങ്കര നിരാശ..
"എനിക്ക് മടുത്തു ..ഇനി ഞാൻ കെട്ടുന്നൊന്നുമില്ലെടീ.. ഞാൻ വല്ല സന്യസിക്കാനും പോകുവാന്ന്.. "
ഇത് കേട്ട് എനിക്ക് ചിരിയാണ് വന്നത്.. ഞാനൊന്ന് അവനെ ഒരു സന്യാസിയായി സങ്കൽപ്പിച്ചു നോക്കി.. സന്യാസിയാവാനുള്ള ഒരു ലുക്കുമില്ല.. കഴിഞ്ഞാഴ്ച കൂടി വിളിച്ചപ്പോ ഒരിക്കലും വളരാത്ത അവന്റെ താടിയിലെ നാലും മുന്നേഴ് രോമത്തെ തെറി പറഞ്ഞവനാണ്.. നീണ്ട താടിയില്ലാത്ത സന്യാസി ...
ഇവന്റെ സ്ഥാനത്ത് ഞാനാരുന്നെങ്കിൽ എന്റെ സ്വഭാവത്തിന് ഒരെണ്ണത്തിനെ വളച്ച് പ്രേമിച്ച് അടിച്ചോണ്ട് പോയി കെട്ടിയേനെ. പറഞ്ഞിട്ട് കാര്യമില്ല..
അങ്ങനെ സംസാര മദ്ധ്യേ ഞാനവന് ഒരു ഐഡിയ പറഞ്ഞു കൊടുത്തു. എന്റെയും അവനെയും കൂട്ടുകാര് എല്ലാവരും ഒന്ന് തന്നെ .. പഠിച്ചിരുന്ന കാലത്തും ഇപ്പോഴും.. പരസ്പരം എല്ലാവർക്കും അറിയുകയും ചെയ്യാം. അതു കൊണ്ട് അതിൽ കെട്ടാത്ത ഏതെങ്കിലും ഒരെണ്ണമുണ്ടെങ്കിൽ നോക്ക്.. നമുക്ക് ശരിയാക്കാം.. നാളും പക്കമൊന്നും നോക്കണ്ട.. ഞാൻ നിന്റെ കൂടെ നിന്നോളാം എന്ന് പറയുകയും ചെയ്തു.. എന്തായാലും ഇതൊക്കെ കേട്ട് അവൻ പോയി.
മൂന്നാലു ദിവസമായിട്ടും ആളെ കാണാനില്ല.. ഫോൺ വിളിയില്ല . മെസേജില്ല.. ഇനി പെണ്ണു കിട്ടാതെ, പറഞ്ഞ പോലെ അവൻ സന്യസിക്കാൻ പോയെന്ന് ഞാൻ വിശ്വസിച്ചു. അവന്റെ വീടിന്റെ മുറ്റത്ത് ഒരു ആശ്രമം ഉയർന്ന് വരുന്നതും ,ഞാനുൾപ്പടെ നാട്ടിലുള്ള ഭക്തജനങ്ങൾ അവന്റെ അനുഗ്രഹം വാങ്ങുന്നതുമെല്ലാം ഞാൻ മനസ്സിൽ കണ്ടു ..
അങ്ങനിരിക്കുമ്പോ ദാ പിറ്റേന്ന് അവന്റെ മെസേജ് വന്നൂ..
"ഡീ.. ഒരാളുണ്ട് .. നീയറിയും ആളെ .. നിന്റെയും കൂട്ടുകാരി ആണ്. ഞാൻ ഒന്നും ചോദിച്ചില്ല. നീ വേണം പോയി ചോദിക്കാൻ ."എന്റെ ഐഡിയ ഇത്ര പെട്ടന്ന് വർക്കൗട്ടാകുമെന്ന് ഞാൻ പോലും കരുതിയില്ല.
ആളും പേരുമൊക്കെ പറഞ്ഞപ്പോൾ എനിക്കും സന്തോഷം. അവന്റെ ഫ്രണ്ടാണെങ്കിലും എനിക്കും അറിയാവുന്ന കുട്ടി. ഞാൻ തല്കാലം സഹോദരിയുടെ വേഷം അഴിച്ചു വച്ച് ഒരു മൂന്നാന്റെ വേഷം കെട്ടി ..
പതുക്കെ നമ്മുടെ കുട്ടിയുടെ അടുത്തു ചെന്നു .. ആദ്യം വീട്ടുവിശേഷങ്ങൾ തിരക്കി.. വിശേഷങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൈമാറി.. ആ കൊച്ചും വിദേശത്ത് തന്നെ..അവസാനം കല്യാണ കാര്യം ചോദിച്ചു.. ഇതു വരെ ഒന്നും ആയില്ല. വീട്ടുകാർ ആലോചിക്കുന്നു .. കുട്ടിക്ക് പ്രണയം വല്ലതും.. ഏയ് ഇല്ല ചേച്ചി.. വീട്ടുകാർ പറയുന്ന ആളെ കെട്ടും .. എനിക്കും സന്തോഷമായി..
പിന്നെ ഞാൻ പതുക്കെ വിഷയത്തിലേക്ക് കടന്നു ..
"അതേ കൊച്ചേ എന്റെ സഹോദരന് കൊച്ചിനെ ആലോചിക്കാനാണ് എന്തേലും എതിരഭിപ്രായമുണ്ടോ എന്നറിയണം ".
ഞങ്ങരണ്ടും നല്ല കൂട്ടാന്ന് അറിയുന്ന കൊണ്ട് കൊച്ചിന് സഹോദരനെ പെട്ടന്ന് പിടി കിട്ടി.
"എനിക്ക് ഇഷ്ടക്കുറവ് ഒന്നും ഇല്ല ചേച്ചി. വീട്ടിൽ വന്നു ചോദിക്കാൻ പറയൂ ..വീട്ടുകാർ സമ്മതിച്ചാൽ എനിക്കും സമ്മതമാണെന്ന് പറഞ്ഞു .. എന്തായാലും ഞങ്ങടെ വീട്ടിൽ നിന്ന് ആ കൊച്ചിന്റെ വീട്ടിൽ പോയി കണ്ടു ..ഇഷ്ടമായി .. രണ്ടു പേരും ലീവിന് ചെല്ലുമ്പോൾ കല്യാണം നടത്താമെന്ന് ഉറപ്പിച്ചു ..
അങ്ങനെ അവളെ ഞാൻ അര നാത്തൂനായി അംഗീകരിച്ചു .. അങ്ങനെയിരിക്കെ ഒരു ദിവസം അവൾടെ ഒരു മെസേജ് ദേ ദിങ്ങനെ വന്നൂ..
"ചേച്ചി.. നിങ്ങടെ ആ മാക്കാൻ ആങ്ങളെയെ എനിക്ക് വേണ്ട .. ഞാൻ ഞാൻ കളയാൻ പോകുന്നു. ഛെ വൃത്തികെട്ടവൻ.."
"എന്നതാ കൊച്ചേ" എന്ന് ചോദിക്കാൻ വാ തുറക്കും മുമ്പേ അവള് പോയി.. ഇതിപ്പോ എന്നതാ കാര്യം ഇത്രയും കാലം പെണ്ണ് കെട്ടാതെ സഹിച്ച് ക്ഷമിച്ചിരുന്നവൻ ഇപ്പോ എന്നാ വൃത്തികേടാ അവളെ കാണിച്ചതെന്നറിയാതെ ഞാൻ വിഷമിച്ചു. ഒരു വിധത്തിൽ ഒരു പെണ്ണിനെ തപ്പി കണ്ടു പിടിച്ചു വന്നപ്പോ ദാണ്ടേ പടിക്കൽ കൊണ്ട് അവൻ കലമിട്ടുsച്ചു .
വന്ന ദേഷ്യം അടക്കിപ്പിടിച്ച് നേരെ അവന് മെസേജ് അയച്ചു ..
ഡാ!!! മാക്കാനേ..
അവള് വിളിച്ച വിളി ഞാനും വിളിച്ചു ..
"മാക്കാൻ നിന്റെ ....... " അവന്റെ മറുപടിയിൽ നാട്ടിൽ കിടക്കുന്ന എന്റെ കെട്ടിയോൻ ആഞ്ഞു തുമ്മി ..
" നീ ആ കൊച്ചിനോട് എന്ത് വൃത്തികേടാ പറഞ്ഞത്?
ങേ !!! ഞാനോ? അവൻ ഞെട്ടി..
"ങ്ങാ.. അവള് പറഞ്ഞല്ലോ .. നീയേതാണ്ട് വൃത്തികേട് പറഞ്ഞെന്ന് .. ഇതും പറഞ്ഞ് ഞാനാ മെസേജ് അവന് അയച്ചു കൊടുത്തു.
"എടീ.. നിനക്കൊരു സത്യം അറിയാവോ.. അവള് കുളിക്കൂല്ലടീ.. വല്ലപ്പോഴും ആണ് കുളിക്കുന്നതെന്ന് .. ഇന്ന് കുളിച്ചിട്ട് വന്നിട്ട് എന്നെ വിളിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞു.. അതിന് പിണങ്ങി പോയതാണ്."
കുളിക്കാൻ പറഞ്ഞതിനാണ് കുളിക്കാത്ത വൃത്തിയുള്ളവൾ അവനെ വൃത്തികെട്ടവൻ എന്ന് വിളിച്ച് എന്നെ തെറ്റിദ്ധരിപ്പിച്ചത് .എനിക്ക് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയായി..
ഇതിപ്പോ ജാതകമൊന്നും നോക്കാതെ ഒരു പെണ്ണി കണ്ടു പിടിച്ചപ്പോൾ കിട്ടിയത് ഇങ്ങനൊരെണ്ണം.. പിന്നെ അവളെ ന്യായീകരിക്കാൻ എന്നോണം "ഓ പിന്നെ നീയെന്നു മുതലാ കുളിക്കാൻ തുടങ്ങിയത് ഒന്ന് പോടാ "ന്ന് പറഞ്ഞിട്ട് ഞാൻ മെല്ലെ മുങ്ങി ..
അവൾ പറഞ്ഞതും ശരിയാവും.. ഇവിടെയാന്നെങ്കിൽ നമ്മുടെ നാട്ടിലെ പോലെ നല്ല വെള്ളമില്ല. ഈ വെള്ളത്തിൽ കുളിച്ചാൽ മുടിയൊക്കെ മുഴുവൻ കൊഴിഞ്ഞ് കയ്യിരിക്കുകയും ചെയ്യും. കൂടുതലും പ്രവാസികളൊക്കെ മുട്ടത്തലയൻമാരയതിന് കാരണവും ഇതൊക്കെ തന്നെ ആയിരിക്കും.. (തലയിൽ തപ്പണ്ട.. ഉള്ളതാ) നല്ല തലമുടിയുള്ളവരൊക്കെ ചിലപ്പോ കുളിക്കാത്തവരും ആയിരിക്കാം...
ഇവിടെ പെർഫ്യൂമൊക്കെ വളരെ ചീപ്പായത് കൊണ്ട് ഒരാഴ്ച്ച വരെ കുളിക്കാതെ അഡ്ജസ്റ്റ് ചെയ്യാം.. ( പിന്നെ നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാൻ എന്നും കുളിക്കൂട്ടാ.. നല്ല തലമുടിയും ഉണ്ട്..)
അവളുടെ കാരണവും ഇതൊക്കെ തന്നെ.. വിദേശത്ത് വരുമ്പോ കെട്ടിയാലും ഒതുങ്ങാത്ത അവളുടെ മുടി ഇപ്പോ പൂച്ച വാല് പോലെയായത്രേ.. അതോണ്ട് തല കഴുകുന്നത് മൂന്നാല് ദിവസം കൂടുമ്പോൾ മാത്രം.. മേല് എന്നും കഴുകുമെന്നും .. കാണാത്ത കൊണ്ട് ഇതൊക്കെ എനിക്ക് വിശ്വസിക്കുകയേ തരമുണ്ടായിരുന്നുള്ളൂ..
എന്നാലും ഞാനവളെ ഉപദേശിച്ചു. അവൾ കുളിക്കാത്തതാണല്ലോ അവന് പ്രശ്നം.. കെട്ടും മുമ്പേ കലഹം തുടങ്ങണ്ട.. നമ്മുടെ ചങ്ക് ബ്രോക്ക് പണ്ട് വെള്ളം കണ്ടാൽ ചൊറിയുമായിരുന്നെന്നും .. അവസാനം ദിവസങ്ങളോളം കുളിക്കാതിരുന്ന അവനെ ചേച്ചിമാരെല്ലാം കൂടി കൈയിലും കാലിലും തൂക്കിയെടുത്ത് തോട്ടിലിട്ടതും ,തോട്ടിൽ വീണ് പേടിച്ച പേരും പറഞ്ഞ് അവൻ ഒരു മാസം കുളിക്കാതിരുന്ന കാര്യം കൂടി പറഞ്ഞാൽ അവളാ സെക്കന്റിന് അവനെ ഇട്ടേച്ച് പോകുന്നറിമെന്നതുകൊണ്ടും ഞാനിങ്ങനെ പറഞ്ഞു ..
"കൊച്ചേ നമ്മടെ ഗാന്ധിജി എന്താ പറഞ്ഞിരിക്കുന്നത് നിരുപദ്രവകരമായ കള്ളങ്ങൾ പറയാം എന്നല്ലേ.. ( ഇതൊക്കെ എപ്പോ പറഞ്ഞു എന്ന് ചോദിക്കരുത്. എന്നോ ആരാണ്ട് പറഞ്ഞതാ) അതുകൊണ്ട് അവൻ വിളിക്കുമ്പോ ചോദിച്ചാ നീ കുളിച്ചൂ എന്നങ്ങ് പറഞ്ഞേക്കണം.. "
"പിന്നെ എന്റെ കൊച്ചേ..ഈ കുളി എന്ന പറയുന്ന സംഭവത്തിന് ദാമ്പത്യ ജീവിതത്തിൽ വല്യ പ്രാധാന്യമുണ്ട്.. അതൊന്നും പറഞ്ഞാൽ നിനക്കിപ്പോ മനസ്സിലാവില്ല. അതോണ്ട് ഇപ്പോഴേ കുളിച്ച് ശീലിക്കുന്നത് നല്ലതാണ് ട്ടോ " എന്നൊരു ഒരു ഫ്രീ ഉപദേശവും കൊടുത്തു...
അപ്പോ അവള് ലങ്ങേരുടെ പെങ്ങളായി.. ശ്വൊ ആ പേരും മറന്നല്ലോ.. ആ ഹരിശ്ചന്ദ്രന്റെ പെങ്ങളായി..
"അതെങ്ങനാ ചേച്ചി ഇഷ്ടമുള്ളവരോട് കള്ളം പറയുന്നത് .. എനിക്കങ്ങനെ പറ്റൂല്ല."
എന്ന് .. എന്നാപ്പിന്നെ നിങ്ങളായി നിങ്ങളുടെ പാടായി എന്നും ഞാനും പറഞ്ഞു..
രണ്ടീസം കഴിഞ്ഞ് ഞാനവളെ വിളിച്ചു.. ഫോണെടുത്തപ്പോഴേ അവൾ പറഞ്ഞു .. "ചേച്ചീ ഭയങ്കര തണുപ്പ് .. കൈയിലെ രോമങ്ങളൊക്കെ തണുത്തിട്ട് എഴുന്നേറ്റ് നിൽക്കുന്നു .. ഞാൻ ബ്ലാങ്കറ്റിന്റെ അടിയിലാണ് .. എനിക്ക് തണുപ്പ് സഹിക്കാൻ വയ്യ.. "
ദൈവമേ പനി .. പാവം.. ഒറ്റയ്ക്കാണ്.. കൊച്ചേ നീ പെട്ടന്ന് പോയി ഡോക്ടറെ കാണ്.. പനിയും വച്ച് ഡ്യൂട്ടിക്ക് പോകരുത്.. വൈറൽ പനിയാകും സൂക്ഷിക്കണം .. ഞാൻ നാത്തൂന്റെ കരുതലോടെ പറഞ്ഞൂ..
അന്നേരം എന്റെ അരനാത്തൂൻ പറയുവാ.. "പനിയൊന്നും അല്ല ചേച്ചി.. മിനിയാന്നും ഞാൻ കുളിച്ചപ്പോ ഭയങ്കര തണുപ്പ് ..എന്റെ പല്ലുകൾ തമ്മിൽ കിടുകിടുകിടാന്ന് കൂട്ടിയടിച്ചു.. അതുകൊണ്ട് ഞാൻ ഇന്ന് കുളിക്കുന്നില്ല "
ഈശ്വരൻമാരേ!!!! പല കേസിനും മുൻകൂർ ജാമ്യം എടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് .. പക്ഷെ കുളിക്കാതിരിക്കാൻ മുൻകൂർ ജാമ്യം എടുക്കുന്ന ഒരാളെ ഞാൻ ആദ്യമായി കാണുകയായിരുന്നു .. ഇതിലും ഭേദം അന്നവൻ സന്യസിക്കാൻ പോകാൻ തുടങ്ങിയപ്പോ സമ്മതിച്ചാൽ മതിയാരുന്നെന്ന് ഞാൻ ഓർത്തു പോയി ..
ഫോണിൽ കൂടി തലയിൽ വെള്ളം കോരിയൊഴിക്കാൻ വല്ല സംവിധാനവും ഉണ്ടായിരുന്നെങ്കിൽ അപ്പോൾ അതും ഞാൻ ചെയ്തേന്നെ..
എന്തായാലും കുറച്ച് കഴിഞ്ഞപ്പോൾ എന്നെ ഞെട്ടിച്ച് കൊണ്ട് അവൾടെ ഒരു ഫോട്ടോ വന്നൂ..
പല്ലൊക്കെ കടിച്ച് പിടിച്ച്, രൂക്ഷമായി നോക്കിക്കൊണ്ട് , മുടിയൊക്കെ അഴിച്ചിട്ട് ഒരു മാതിരി ഭദ്രകാളി ലുക്കിൽ .. ആ മുടിയിൽ നിന്ന് ഇറ്റു വീഴുന്ന വെള്ളം എന്റെ ഫോണിന്റെ ഡിസ്പ്ലേയിൽ വീഴുമോ എന്ന് ഞാൻ ഒരു നിമിഷം ശങ്കിച്ചു (ഫോട്ടോ ഇടാൻ നിവൃത്തിയില്ല .. അല്ലെങ്കിൽ ഞാനതും കാണിച്ചേനെ) എന്നിട്ട് അതിന്റെ താഴെയായി ദേ ഈ സ്മൈലിയോടു കൂടി ഒരു മെസ്സേജും... ഫോട്ടോയിലും അവൾടെ മുഖം ഏതാണ്ട് ഇതുപോലാ ഇരുന്നത് ..
"കുളിച്ചു😏😏😏😏😏 "
കുറച്ച് മുമ്പ് കുളിക്കാതിരിക്കാൻ മുൻകൂർ ജാമ്യവും എടുത്ത് പോയവൾ ഇപ്പോ കുളിച്ച് കലിച്ച് വരാൻ ലവൻ എന്തു സൂത്രമാണ് ഉപയോഗിച്ചതെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. എന്തായാലും വേണ്ടിയില്ല.. അവളിത് തുടർന്നാൽ മതിയാർന്ന്.. അല്ലെങ്കിൽ ചിലപ്പോ കല്യാണത്തലേന്നാണ് അവൾ നാട്ടിൽ വരുന്നതെങ്കിൽ രണ്ടീസം മുമ്പ് ഞാൻ കുളിച്ചതാണെന്നും പറഞ്ഞ് അവൾ അന്നും ചിലപ്പോ കുളിക്കാതിരിക്കും...
പിന്നെ ഈ പറഞ്ഞതൊക്കെ നിങ്ങൾ ഇനി ആരോടും പറയാൻ നിൽക്കണ്ട.. കല്യാണം കഴിയുമ്പോൾ ആ കുളിക്കാത്തവൾ "നാത്തൂൻ പോര് "എന്ന സുകുമാര കല ചിലപ്പോ എനിക്ക് നേരെ പുറത്തെടുക്കും.. ഞാനും ജിവിച്ചു പൊയ്ക്കോട്ടെ .. ഭാവിനാത്തൂനെ ഒരു കുറ്റവും പറയാത്ത ഒരു പാവം നാത്തൂൻ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo