Slider

---കോളേജ് ഡയറി ---

0

---കോളേജ് ഡയറി ---
ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം ആണ് ഞാൻ ആ ഡയറി തുറന്നതു.
കുറച്ചു ദിവസങ്ങളായി അലമാരയുടെ സൈഡ് ൽ ഇരുന്ന അത് എന്നെ മാടി വിളിച്ചു കൊണ്ടേ ഇരുന്നു.
സ്വന്തംകാര്യത്തേക്കാൾ കൂടുതൽ അന്യന്റെ കാര്യം അന്വേഷിക്കുക എന്നത് ഏതൊരു മലയാളീടെയും ജന്മാവകാശം ആണ് എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് അത് ഞാൻ ആർത്തിയോടെ കൈക്കലാക്കി.
എഞ്ചിനീയറിംഗ് നു ഫസ്റ്റ് ഇയർ എന്നോടൊപ്പം പഠിക്കുന്ന അഭിയുടെ ഡയറി ആണ് അത്. അവനും കീർത്തിയും തമ്മിൽ ലൈൻ ആണോ എന്നുറപ്പു വരുത്താം എന്ന് കരുതി പൊക്കിയതാണ്. ഫ്രഷേഴ്‌സ് ഡേ ടെ അന്ന് തന്നെ നക്ഷത്രകണ്ണുകൾ ഉള്ള നീണ്ട മുടി ഉള്ള കീർത്തി എന്റെ മനസ്സിൽ സ്ഥാനം നേടിയിരുന്നു അപ്പോഴാണ് നോട്ട് പിൻവലിച്ച പോലെ ഒരു വർത്താനം കോളേജ്ൽ പരന്നത്.
"അഭിയും കീർത്തിയും കട്ട പ്രേമത്തിൽ ". മനസ്സിൽ വീണ ഇടിതീയിനെ പുറത്താരെയും അറിയിക്കാതെ ഒതുക്കി. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഹോസ്റ്റൽ റൂം ക്ലീനിങ് ലീവിന് പോയ പട്ടാളക്കാരന്റെ തലയിൽ തേങ്ങ വീഴുന്ന പോലെ വളരെ ക്ലിഷേ ആയി എന്റെ തലയിൽ വീണത്. നാല് പേര് താമസിക്കുന്ന മുറി ആയതു കൊണ്ട് റൂം വൃത്തി ആക്കൽ ഒരു ഭാരിച്ച ജോലി തന്നെ ആയിരുന്നു.
ആൽവിൻ ന്റെ ദുബായ് മണമുള്ള ടീഷർട്ടുകൾ മടക്കി വച്ചതിനു ശേഷം..... അരവിന്ദന്റെ വര്ഷങ്ങളായിൽ വെള്ളം കാണാത്ത, സോപ്പ് പൊടി എന്തെന്ന് അറിയാത്ത ലുങ്കികൾ കോലിൽ കുത്തി മൂലയിലേക്ക് മാറ്റി ഇട്ടപ്പോഴാണ് അഭിയുടെ അലമാര കണ്ണിൽ പെടുന്നത്. പെട്ടെന്നു ശ്രദ്ധിക്കാനാവാത്ത രീതിയിൽ മറച്ചു വച്ചേക്കുന്ന ഡയറി.മിനുസമുള്ള പുറം ചട്ട. അതിൽ എന്താവും കണക്കു എഴുതി വച്ചേക്കുന്നതാകുമോ ?.എന്റെ മനസിലെ ഐസക് ന്യൂട്ടൺ ഉണർന്നു...........
കീർത്തിയും അഭിയും തമ്മിൽ ഒന്നും ഇല്ല എന്ന് ഡയറി വായിച്ചപ്പോൾ മനസിലായി. പിന്നെ ആ ഡയറി തിരിച്ചവിടെ തന്നെ വച്ചു. മംഗളം മനോരമ ആഴ്ച പതിപ്പ് വായിക്കുന്ന പോലെ എല്ലാ വീക്കെൻഡ്ലും ഞാൻ ആർത്തിയോടെ അഭിയുടെ ഡയറി വായിച്ചു.മുൻപ് ഇതുപോലെ നോക്കി ഇരുന്നു അനിയനും ആയി അടി ഉണ്ടാക്കി വായിച്ചിരുന്ന ഏക പുസ്തകം ബാലരമ ആയിരുന്നു.
അങ്ങനെ ഡയറി വായിച്ചു വായിച്ചു അഭിയുടെ വീക്ഷണകോണിലൂടെ ലോകത്തെ ഞാൻ കണ്ടു. അവന്റെ സ്വകാര്യതയിൽ ക്ഷണിക്കാത്ത അഥിതി ആയി ഞാൻ കുമ്മനടിച്ചു. അവൻ അറിയാതെ അവന്റെ എല്ലാ കാര്യങ്ങളും ഞാൻ അഹങ്കാരത്തോടെ അറിഞ്ഞുകൊണ്ട് ഇരുന്നു.
സെമെസ്റ്ററുകൾ കടന്നു പോയി. സൗഹൃദം ആഴം കൂടി കൊണ്ടേ ഇരുന്നു. മീശ മുളക്കാത്ത പാൽക്കുപ്പി പ്ലസ് ടു പയ്യന്മാർ താമസിച്ചിരുന്ന ഞങ്ങളുടെ ഹോസ്റ്റൽ മുറി പതിയെ പതിയെ കൗമാരത്തിലേക്ക് കടന്നു അങ്ങനെ അത് അലമ്പ് ചെക്കൻമാരുടെ മുറി ആയി മാറി. വെള്ളിയാഴ്ച്ച രാത്രികളിൽ തമ്മിൽ മുട്ടുന്ന ചില്ലു ഗ്ലാസ്‌ ന്റെ ശബ്ദം വരെ ഉയർന്നു തുടങ്ങി. ജവാൻ നു സലാം പറഞ്ഞു മിച്ചറും ഉം കൊറിച്ചു എലാവരും സൈഡ് ചേർന്നു ഭിത്തിയിൽ ചാരി ഇരുന്നു പാട്ടു കേട്ടുകൊണ്ടിരുന്ന ഒരു വെള്ളിയാഴ്ച . ദുബൈക്കാരൻ ആൽവിൻനു മാത്രമേ അന്ന് മൊബൈൽ ഫോൺ ഉള്ളു. അവന്റെ ജാട കണ്ടാൽ അംബാനി അവന്റെ സ്വന്തം അപ്പൻ ആണെന്ന് തോന്നും. എന്നാലും സായാനങ്ങൾ ആനന്ദ പ്രദമാകാൻ അവന്റെ മൊബൈൽ അനിവാര്യമാണല്ലോ അത് കൊണ്ട് ഞങ്ങൾ ഏവരും ക്ഷമ പാലിച്ചു.പാട്ടു കേട്ടിരിക്കുമ്പോൾ എനിക്ക് ഭയങ്കര മൂത്രശങ്ക അല്ലേലും ഈ ജവാൻ എന്ന് പിറുപിറുത്തു കൊണ്ട് ഞാൻ ആടി ആടി ചുവടുകൾ വച്ചു.
ബാത്‌റൂമിൽ പോയി മടങ്ങുമ്പോൾ ആണ് വീണ്ടും അത് എന്റെ കണ്ണിൽ പെട്ടത്. കണ്ണ് എത്തുന്ന ഇടതു കയ്യെത്തും എന്ന് യാതൊരു ഉറപ്പിലായിരുന്നിട്ടും ഞാൻ തപ്പി പിടിച്ചു അലമാരയിൽ നിന്നും അതെടുത്തു.ബാത്‌റൂമിന്റെ സൈഡ്ൽ കുത്തി ഇരുന്നു വല്ലവന്റേം ഫേസ്ബുക് വാളിൽ പുതിയ അപ്ഡേറ്സ് വായിച്ചു നോക്കുന്ന അതെ ഇന്റർസ്‌റ്റോടെ ഞാൻ ഡയറി തുറന്നു വായന തുടങ്ങി.
"പ്രിയപ്പെട്ട ഡയറി, ഒരുപാട് സ്നേഹിക്കുന്ന കൂട്ടുകാരെ തന്ന ദൈവത്തിനു തീർത്താൽ തീരാത്ത നന്ദി അർപിക്കുന്നു. ഇന്നല്ലേയും മൂക്കിൽ നിന്നും ബ്ലഡ്‌ വന്നു. ഇനി എത്ര ദിവസങ്ങൾ കൂടി ഉണ്ട് എന്നറിയില്ല. പഠനം നിർത്തി വീട്ടിൽ പോകുന്നതിനെ പറ്റി അച്ഛൻ പറഞ്ഞിട്ടുണ്ട്. ഈശ്വരാ...... ഇപ്പോൾ ഈ അഭിക്ക് ഒരു കൊതി തോന്നുവാ ജീവിക്കാൻ. എന്തായാലും................ ".
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ക്ലോക്ക്ലേക്ക് നോക്കിയപ്പോൾ സമയം വെളുപ്പിന് രണ്ടു മണി. റൂമിലേക്ക്‌ ചെന്നപ്പോൾ എലാവരും നല്ല ഉറക്കം. എന്റെ മനസ് പിടഞ്ഞു. അഭി യുടെ കട്ടിലിനരികിൽ ചെന്ന് കുത്തി ഇരുന്നു. മനസ്സിൽ മുഴുവൻ ദുഃഖം ആയിരുന്നെങ്കിലും ജവാൻ എന്നെ താരാട്ടു പാടി ഉറക്കി.
കൂർക്കം വലിച്ചു കിടന്നു ഉറങ്ങുന്ന എന്നെ വിളിച്ചെണീപ്പിക്കുന്നത് ഒരു തണുത്ത കപ്പ്‌ വെള്ളമായിരുന്നു. എഴുനെറ്റ്പാടെ ഞാൻ ചുറ്റും നോക്കി.ആൽവിൻ സ്വന്തമായി വരുത്തുന്ന 'ദി ഹിന്ദു' പത്രം വായിക്കുന്നു. അഭി സ്റ്റീൽ ഗ്ലാസിൽ നിന്നും കട്ടൻ ഊതി കുടിക്കുന്നു.അരവിന്ദൻ തന്റെ അലക്കാനുള്ള ടീഷർട്ടുകളിൽ നിന്നും മണം കുറവുള്ള ഒന്നു തിരഞ്ഞെടുക്കുന്നു.
പെട്ടെന്നു മനസ്സിൽ ഒരു കൊള്ളിയാൻ വീണു... ആ ഡയറിയുടെ പേജ്കൾ മനസ്സിൽ തികട്ടി വന്നു ...........കണ്ണിൽ ഇരുട്ട് കയറി....
"ഡാ അഭി...... എന്ന് വിളിച്ചു ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു. നിർത്താതെ കരഞ്ഞു. "
ഒന്നും മനസിലാവാതെ ചുറ്റും ഉള്ളവർ സെൽഫിക്ക് പോസ് ചെയ്തപോലെ സ്റ്റിൽ ആയി നിന്നു. അഭി മാത്രം ചിരിച്ചു കൊണ്ട് പറഞ്ഞു. "ഡാ ഊളെ വല്ലവന്റേം ഡയറി വായിക്കുന്നത് ചെറ്റത്തരം അല്ലേ ?"കരച്ചിൽ നിർത്തി അവനിട്ടു രണ്ടു പൊട്ടിക്കാനാണ് തോന്നിയത്. പക്ഷെ പറ്റില്ലലോ അവനിട്ടു ഒരു ചെറിയ പണി ഞാൻ കൊടുത്തു അവൻ ഒരു വള്ളം പണി തിരിച്ചും തന്നു."എന്നാലും ബ്ലഡ്‌ കാൻസർ ഇച്ചിരി കടന്നു പോയി അളിയാ".മറ്റൊരു വെള്ളിയാഴചയിൽ ഞാൻ അഭിപ്രായപെട്ടു. കൂട്ടുകാർ പൊട്ടിച്ചിരിച്ചു
അതോടെ കോളേജ്ൽ വിളിപ്പേരുകൾ പലതായി.... ശശി... ബ്ലഡ്‌ കാൻസർ ശശി... ഡയറി കള്ളൻ..... ഇന്നലെ മോന്റെ ബർത്ഡേയ് ക്കു അഭിയും അവന്റെ ഭാര്യയ പ്രിയയും വിളിച്ചപ്പോൾ.ഫോൺ വയ്ക്കുന്നതിന് മുൻപായി പ്രിയയും വിളിച്ചു "ബ്ലഡ്‌ കാൻസർ ശശി "എന്ന്..... ഒന്നും പറയണ്ട മാനം പോയി അല്ലാതെ എന്താ......
----ജിയ ജോർജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo