Slider

നാടോടി

0

നാടോടി
-------------
കിഴക്കേ മലമുകളിൽ കാർമേഘം തളംകെട്ടിക്കിടക്കുന്നു. ഇടയ്ക്കിടെ മിന്നൽപ്പിണർപോലെ സൂര്യന്റെ തിരനോട്ടം. കുറെയേറെ സൂചിമുനകൾ താഴേക്ക് വരുന്നു. വരണ്ട പാലക്കാടൻ മണ്ണിൽ നനവിന്റെ പുള്ളിക്കുത്തുകൾ തീർത്തുകൊണ്ട് അവ ഭൂമിക തുളച്ചു. തണുപ്പുണ്ട്. തെരിവ് ഉണരുന്നതേയുള്ളൂ . എണ്ണപ്പലഹാര കച്ചവടക്കാർ എത്തക്കായ് ചിപ്സ് തിരുകി നിറച്ച പ്ലാസ്റ്റിക് ബാഗുകൾ നിരത്തിവെച്ച് യാത്രികരെ കൊതി പിടിപ്പിക്കുന്നുണ്ട്. പല നിറങ്ങളിലുള്ള ഹൽവാ കഷണങ്ങൾ ചില്ലുകൂടുകളിൽ അഭ്യംഗസ്നാനാനന്തരം വിശ്രമിക്കുന്നു . ഒരു കുരുന്നു പെണ്ണിന്റെ മാമാ എന്നുള്ള വിളി കേട്ടാണ് മോഹൻകുമാർ തിരിഞ്ഞു നോക്കിയത്. സുന്ദരിക്കുട്ടിയാണ്. കുളിച്ചിട്ടില്ല. പൊട്ടുകുത്തിയിട്ടില്ല. കറുത്ത തുണിയിൽ വെളുത്ത തുന്നലുകളുള്ള കുഞ്ഞുടുപ്പ് കീറിയിട്ടുണ്ട്. എങ്കിലും കുഞ്ഞരിപ്പല്ലുകാട്ടി ചിരിച്ചു നിൽക്കുന്ന ഉണ്ടക്കണ്ണി സുന്ദരിതന്നെ. മുന്നിലേക്ക് നീട്ടി തുറന്നു വച്ചിരിക്കുന്ന കുഞ്ഞിക്കൈകളിലേക്ക് മോഹൻ ദോശയും ചമ്മന്തിയും നിറഞ്ഞ വാഴയിലപ്പൊതി പതുക്കെ പിടിപ്പിച്ചുകൊടുത്തു. തൊട്ടരികിലെ മരച്ചുവട്ടിൽ ദു:ഖഭാരത്താൽ കുഴിഞ്ഞുപോയ കൺതടങ്ങളുമായി കുറുമ്പിപ്പെണ്ണിന്റെ അമ്മ ചമ്രംപണിഞ്ഞിരിപ്പുണ്ട്. ആ മാതൃരൂപിയുടെ കയ്യിൽ തടിയിൽ തീർത്ത ഒരു വാദ്യോപകരണം ഇടയ്ക്കിടെ ശബ്ദിക്കുന്നു. ദൂരെ തീവണ്ടിയുടെ കൂക്കിവിളി കേൾക്കുന്നുണ്ട്. മഴ തോർന്നു. മോഹൻ പതുക്കെ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു. തിരിഞ്ഞു നോക്കിയില്ലെങ്കിലും കുഞ്ഞുവാവ വാഴയിലപ്പൊതി അഴിക്കുന്നതും ചൂടു ദോശ കൊതിയോടെ ഊതി ചമ്മന്തിതൊട്ടു തിന്നുന്നതും മോഹന് കാണാമായിരുന്നു. ടിക്കറ്റ് കൗണ്ടറിലിരിക്കുന്ന സാറിന്റെ ചോദ്യമാണ് ദോശക്കാഴ്ചയെ അയാളിൽനിന്നു കീറിമാറ്റിയത്. "എവിടേയ്ക്കാ?" . " ഒരു തിരുവനന്തപുരം". സ്റ്റേഷനിലെ ബെഞ്ചുകളിൽ പലതും ഒഴിഞ്ഞുകിടക്കുന്നു. പുലർച്ചെപെയ്ത മഴയുടെ ഈർപ്പം തുടച്ച് മോഹൻ ഇരിന്നു. വെറുതെ ഫോണെടുത്തമർത്തി. ശാലിനിയെ ഒന്നു വിളിയ്ക്കാമെന്നു കരുതി നമ്പർ തിരയുമ്പോഴേക്കും അവൾ വിളിച്ചു. "ഹെലോ... എന്താടോ ഭാര്യേ". "അച്ഛാ ... എനിക്കൊരു പാവക്കുട്ടിയെ വേണം'' . മറുതലയ്ക്കലെ അപ്രതീക്ഷിത ശബ്ദത്തിന്റെ ഉടമയുമായുള്ള കൊഞ്ചലിനിടെയിലേക്ക് കേരളാ എക്സ്പ്രസ് പതുക്കെ നുഴഞ്ഞു കയറി. ഭാഗ്യം! വിൻഡോ സീറ്റ് കിട്ടി. വണ്ടി നീങ്ങിത്തുടങ്ങി. മയക്കത്തിലേക്ക് പതിയെ വഴുതിയിറങ്ങാൻ തുടങ്ങിയ മോഹന്റെ ബോധമണ്ഡലത്തെ തട്ടിവിളിച്ചുകൊണ്ട് ഒരു താരാട്ട് പാട്ട് അവ്യക്തമായി കേട്ടുതുടങ്ങി. "കണ്ണോട് കാൺബതെല്ലാം തലൈവാ.....". ഒരമ്മ കുഞ്ഞുമകളോടൊപ്പം തീവണ്ടിയുടെ പെരുവയറിന്നറ്റത്തുനിന്നും പാട്ടുപാടി വരുന്നുണ്ട്. എത്ര മനോഹരമായാണവർ പാടുന്നത്. ഇപ്പോൾ മുഖങ്ങൾ കൂടുതൽ വ്യക്തമാകുന്നുണ്ട്. കുറച്ചുനേരം മുൻപ് തെരുവോരത്ത് കണ്ട ദു:ഖപുഷ്പങ്ങൾ. കണ്ണിനുമീതെ പാറിക്കളിച്ച മുടിപ്പീലികൾ കുഞ്ഞുവിരലുകളാൽ മാടിയൊതുക്കി ഒരു സ്നേഹപുഞ്ചിരി മോഹന് സമ്മാനിച്ച് അവൾ അമ്മയ്ക്ക് പിന്നാലെ പിച്ചവച്ചു. "ഇരവും പഗലും വന്താലും നാൾ എൻബത് ഒൻട്രല്ലോ ...." . ചപ്ലാങ്കട്ട എന്ന് പേരുള്ള താളവാദ്യം വലം കൈയ്യാൽ തട്ടിയാണവൾ പാടുന്നത്. യാത്രക്കാരിൽ ഓരോരുത്തരുടേയും മുന്നിൽ കുഞ്ഞിക്കൈത്തലം നീണ്ടുചെല്ലുന്നുണ്ട്. തനിക്കു നേരെ മാത്രം ആ കരങ്ങൾ നീളാത്തതിന്റെ വാഴയിലപ്പൊതിരഹസ്യമോർത്ത് മോഹൻ തന്നെക്കടന്നുപോയ കുഞ്ഞിനെ പുറംതിരിഞ്ഞൊന്നു നോക്കി. വീണ്ടും ഒരു നനുത്ത പുഞ്ചിരി. ഒരു കളിപ്പാട്ട വിൽപ്പനക്കാരൻ വിവിധയിനം കളിപ്പാട്ടങ്ങളുടെ പേരുകൾ ഒരു പാട്ടുപോലെ പാടിപ്പരതി നടക്കുന്നു. ''സാർ, ഇതിൽ ഏതെങ്കിലും ഒന്ന് എടുക്ക് സാർ". " ഒന്നാക്കണ്ട. രണ്ടെണ്ണം. അതാ ആ രണ്ട് പാവക്കുട്ടികൾ ". ഒരു പാവക്കുട്ടിയെ മോഹൻ ബാഗിൽ തിരുകി. മറ്റൊന്ന് മോഹന്റെ നെഞ്ചോട് ചേർന്ന് നീണ്ട പീലികളുള്ള കണ്ണുകൾ മിഴിച്ച് കറുമ്പിപ്പെണ്ണിനെ കാത്തിരുന്നു. ഒറ്റപ്പാലം, തൃശൂർ, ആലുവ. സ്റ്റേഷനുകൾ പലതും പിന്നിട്ട് ട്രെയിൻ നിങ്ങിക്കൊണ്ടേയിരിന്നു. മയക്കത്തിനിടയിലെപ്പൊഴോ മോഹന്റെ വിരലുകളുടെ പിടിവിട്ട് പാവക്കുട്ടി രക്ഷപെട്ടിറങ്ങാൻ നടത്തിയ ശ്രമം പരാജയപ്പെടുത്തി വിജയശ്രീലാളിതനായി അയാൾ ഞെട്ടിയുണർന്നു. ആ തമിഴ് പാട്ട് വീണ്ടും കേൾക്കുന്നുണ്ട്. പാട്ടുപാടി നടന്നുവരുന്ന അമ്മയ്ക്ക് പിന്നാലെ കൊച്ചു മിടുക്കി തുള്ളിച്ചാടി വരുന്നുണ്ട്. അവളുടെ സമ്മാനമായ് മാറാൻ പാവപ്പെണ്ണും തയ്യാറായിനിന്നു. ഒരു നശിച്ച ശബ്ദത്തോടെ തീവണ്ടിവാതിലടഞ്ഞു.പൊന്നുമോളേ എന്നു വിളിച്ച് ആ അമ്മയും പിന്നാലെ ചാടി. വാതിലിനരികിൽ കാറ്റേറ്റ് നിൽക്കുകയായിരുന്നുവോ നീ ? അതോ, തീവണ്ടിയോട് മത്സരിച്ചോടിയ പട്ടിക്കുഞ്ഞിനെ നോക്കി മണിപ്പല്ലുകൾ കാട്ടി ചിരിക്കുകയായിരുന്നുവോ ? മോഹന്റെ മനസിൽ ചോദ്യങ്ങൾ ബാക്കിയാക്കി അവൾ മറഞ്ഞു. ചങ്ങല വലിയ്ക്കപ്പെട്ടു. ട്രെയിനിൽനിന്ന് ആളുകൾ കൂട്ടത്തോടെ ഇറങ്ങി പുറകിലേക്കോടി. മെറ്റൽ ചീളുകൾ ചുവന്നു കാണപ്പെട്ടു. മകളുടെ നേർക്ക് നീണ്ട കൈകളുമായി അമ്മ ഏതാനും മീറ്ററുകൾ അകലെ നിശ്ചലയായ് കിടന്നു. കണ്ണുനീർ വീണുനനഞ്ഞ കവിൾത്തടങ്ങളുമായി പാവക്കുട്ടി മോഹന്റെ കൈകളിൽ നിന്ന് ഊർന്ന് നിലത്തിറങ്ങി, ഒരിയ്ക്കലുമുണരാത്ത ഉറക്കത്തിൽ കമഴ്ന്നു കിടക്കുന്ന കുറുമ്പിയെ നോക്കി നിന്നു. ഉച്ചയോടെ തിരുവനന്തപുരത്തെത്തിയ തീവണ്ടിയിൽ നിന്നിറങ്ങി നടക്കുമ്പോൾ അയാളുടെ വിങ്ങുന്ന ഹൃദയതാളത്തിൽ ആ വരികൾ ശ്രുതി ചേരാതലഞ്ഞു. "കണ്ണോട് കാൺബതെല്ലാം തലൈവാ.. കൺഗളുക്ക് ചൊന്തമില്ലൈ...." .
ഹരിദേവ്. എസ്. ചെറിയഴീക്കൽ
08.11.2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo