Slider

**തിരിച്ചു വരവ്**

0

**തിരിച്ചു വരവ്**
പുറത്ത് കർക്കിടകം തിമർത്തു പെയ്യുകയാണ്.വൃക്ഷജാലങ്ങളിൽ കാറ്റ് ശക്തിയായി വീശിയടിക്കുന്നുമുണ്ട്.അയാൾ തികച്ചും ചിന്താമൂകനായിരുന്നു.അമ്മ സന്ധ്യക്ക് വിളക്ക് വെയ്ക്കാനുള്ള ഒരുക്കത്തിലാണ്. അയാൾ ശബ്ദമുണ്ടാക്കാതെ തന്റെ മുറിയുടെ വാതിൽ അകത്തു നിന്ന് ബന്ധിച്ച്, തറയിൽ ഒരു പുല്പായ വിരിച്ച് അതിന്മേലിരുന്നു.തനിക്കുള്ളിൽ ചിന്തകളുടെ ഒരു മായാപ്രവാഹം പിടികിട്ടാതെ കലങ്ങി മറിയുകയാണെന്ന് അയാളറിഞ്ഞു.
" താൻ എന്താണ് തേടുന്നത്? എന്തിന്?"
സ്വയം നിർമ്മിച്ച വലയിൽ കുടുങ്ങിയ ഒരു എട്ടുകാലിയെപ്പോലെ താനൊരു കുടുക്കിലകപ്പെട്ടിരിക്കുകയാണെന്നയാൾക്ക് ബോദ്ധ്യമാകാൻ തുടങ്ങിയിട്ട് കുറെ നാളായി.പക്ഷെ എന്താണത്?
അയാൾ പായയിൽ ചമ്രം പടഞ്ഞിരുന്നു.കൈകൾ ചിന്മുദ്രയിൽ വെച്ച് കണ്ണുകളടച്ചു.ഇത്രനേരവും ഒളിച്ചുകളിക്കുകയായിരുന്ന കറന്റിന് അപ്പോഴാണ് മുറിയാകെ പ്രകാശിപ്പിച്ചുകൊണ്ട് കടന്നുവരാൻ തോന്നിയത്.
" ലം " മൂലാധാരത്തിന്റെ ബീജമന്ത്രം അയാൾ മനസ്സിലുറപ്പിച്ചു.മനസ്സ് ഒരു പിടികിട്ടാപ്പുള്ളിയാണ്.അത് അലക്ഷ്യമായി തുള്ളി നടക്കുന്നു.
" വം. .............. റം. ............. യം.......... ഹം.....ഓം.." ഓരോ ആധാരചക്രങ്ങളിലൂടെയും അയാൾ സാവകാശം പ്രാണനെ ആയാമം ചെയ്യുവാൻ തുടങ്ങി. പുറത്ത് കാറ്റിന്റെ ഇരമ്പൽ അയാളെ പരിഹസിച്ചു ചിരിച്ചുകൊണ്ടിരുന്നു.
പിന്നെയും എന്തൊക്കെയോ കലങ്ങി മറിയുകയാണ്.അഗ്നിപർവ്വതങ്ങളിൽ നിന്നും ലാവകൾ ഉയരുന്നു..അവിശ്വാസവും വിശ്വാസവും തമ്മിൽ കലഹമാരംഭിച്ചു.ചുറ്റുമൊരു വർണ്ണ പ്രപഞ്ചം കുമിളകളായി പറന്നു നടക്കുന്നു.പിന്നെയവ മങ്ങുകയും തെളിയുകയും ചെയ്ത് നിഴൽച്ചിത്രങ്ങളായി ഇണപിരിഞ്ഞ സർപ്പങ്ങൾപോലെ മുകളിലേക്കുയർന്നു.. ചുറ്റും കടലിരമ്പുകയാണ്..ഒരു പ്രകാശധാര ഇരുളിനെ കീറിമുറിച്ചുകൊണ്ട് ഒഴുകി നടക്കുന്നുണ്ട്.അയാൾ അതു ലക്ഷ്യമാക്കി കടൽത്തീരത്തിലൂടെ നടക്കുവാൻ തുടങ്ങി.
പതിവായി അയാൾ വന്നിരിക്കാറുള്ള ഒരു പാറയുണ്ടവിടെ..അതിൽ സ്വസ്ഥമായിരുന്ന് ഇളകിയാടുന്ന തിരമാലകളുമായി സല്ലപിക്കും.ഒരുതരം പ്രാണായാമം പോലെയാണ് തിരയെണ്ണുന്നത്.അങ്ങനിരിക്കുമ്പോൾ ഒരു ശാന്തമായ ശക്തിവിശേഷം തന്നിൽ വന്നു നിറയുന്നതായും ഉള്ളിൽ അദമ്യമായ ഒരാഹ്ലാദം അലയടിക്കുന്നതായും അയാൾക്ക് തോന്നാറുണ്ട്.പക്ഷെ താനിരിക്കാറുള്ള പാറയിൽ ഇന്ന് മറ്റാരോ ഇരിക്കുന്നത് അകലെനിന്നേ അയാൾക്ക് കാണാമായിരുന്നു. ..ആരാണത്?
ഒരു യുവതി....
ഒരു ഒറ്റപ്പെട്ട ശില്പംപോലെയാണവൾ ഇരിക്കുന്നത്.സാധാരണ പെൺകുട്ടികളുടെ വേഷാഭരണഭ്രമമൊന്നും ഉള്ളതായി തോന്നിയില്ല.പക്ഷെ എന്തോ ലൗകികമല്ലാത്ത ഒരു വശ്യത ചുറ്റും കളിയാടുന്നുണ്ടായിരുന്നു..അല്പം മാറി കുറെ ചെറുപ്പക്കാർ അവളെ ശ്രദ്ധിക്കുന്നുണ്ട്.ഇതൊന്നും അറിഞ്ഞോ അറിയാതെയോ, കടലിന്റെ സ്പന്ദനം ഹൃദയത്തിലേറ്റു വാങ്ങുന്ന പുതിയൊരു കരിങ്കൽ ശില്പംപോലെ സിന്ദൂരപ്രഭയിൽ അവൾ തിളങ്ങി.
അധികം ദൂരെയല്ലാത്ത മറ്റൊരു പാറയിൽ അയാളിരുന്നു.രണ്ടു മുക്കുവക്കുട്ടികൾ തിരയുമായി മല്ലടിക്കുന്നു..എന്തെല്ലാം വിക്രിയകളാണവർ കാട്ടുന്നത്..തിരകൾക്ക് വല്ലാത്ത കുസൃതിയാണ്.ആരെയെങ്കിലും പുതിയതായി കണ്ടാൽ അവരെ നനച്ചെങ്കിലേ തൃപ്തിയുള്ളു.തിരകളാണു കടലിന്റെ ഭംഗി-മേഘജാലങ്ങൾ നിറഞ്ഞ ആകാശം പോലെ..വികാരങ്ങളില്ലാത്ത, ചിന്തകളില്ലാത്ത മനുഷ്യമനസ്സിനും ഭംഗിയുണ്ടാവില്ല.ധ്യാനവും പ്രാണായാമവും ! "മണ്ണാങ്കട്ട"
പച്ചയായ ജീവിതത്തിനാണു ഭംഗി. ഒരു തിര ശക്തിയായി ഉയർന്ന് പാറകളെ മറികടന്ന് അയാളുടെ മുഖത്ത് രണ്ടു മൂന്നു തുള്ളികളാലുമ്മ വെച്ചു.പെട്ടെന്ന് ചിന്തയിൽ നിന്നുണർന്നെന്ന വണ്ണം അവൾ തലചരിച്ച് അയാളെ ഒന്നു നോക്കി. എന്തൊരാകർഷണീയതയാണാ കണ്ണുകൾക്ക് ! ഒരു യോഗിനിയുടേതു പോലെ....
പാറിപ്പറന്ന മുടിയിഴകളിൽ ജലകണങ്ങൾ മുത്തുമാല ചാർത്തിയിരിക്കുന്നു..ഇളംനീല സാരിയിലെ നക്ഷത്രങ്ങൾ പുഞ്ചിരിക്കുന്നുണ്ട്.ഏതോ ഒരദൃശ്യശക്തി അവളിലേക്കു തന്നെ വലിച്ചടുപ്പിക്കുന്നതായി തോന്നിയെങ്കിലും അയാൾ വിദൂരതയിലേക്ക് ദൃഷ്ടികൾ പായിച്ചു..എങ്കിലും ഇടംകണ്ണുകൾ കൊണ്ട് അവളെ വീക്ഷിക്കുന്നുണ്ടായിരുന്നു. അപ്പോഴും ഇമയനക്കാതെ അവൾ തന്നെത്തന്നെ നോക്കിയിരിക്കുകയാണെന്ന് അയാളറിഞ്ഞു.സാധാരണ പെൺകുട്ടികൾ ഇങ്ങനെ നോക്കാറില്ല.മുഖം ചലിപ്പിക്കാതെ പുരുഷനെ അടിമുടി അളക്കുവാൻ സ്ത്രീകൾക്ക് ഒരു പ്രത്യേക വിരുതുണ്ട്.കുറെയൊക്കെ അനുഗ്രഹവുമാണത്.പക്ഷെ ഇങ്ങനെ നോക്കുവാൻ ഭയവും കള്ളത്തരവും ഇല്ലാത്ത ഒരുവൾക്കു മാത്രമേ കഴിയുകയുള്ളു.. ആരാണിവൾ?
കടലിനോടു സല്ലപിക്കുവാൻ കുറച്ചുകൂടി ആളുകളെത്തിയിരിക്കുന്നു.കല്ലോലങ്ങൾക്ക് പുടവ ചാർത്തിയ സൂര്യൻ കൂടുതൽ സുന്ദരനായി.സന്ധ്യ കടന്നു വരികയാണ്. സൗന്ദര്യത്തിന്റെ....ജീവിതത്തിന്റെ നൈമിഷികമായ സംഗമംപോലെ സന്ധ്യയും സാഗരവും ഒന്നായി.അനന്തമായ വശ്യതയുടെ സമ്മോഹനം..!
അയാൾ തികച്ചും വേറൊരു ലോകത്തായിരുന്നു.കറങ്ങിത്തിരിയുന്ന വർണ്ണജാലങ്ങളായി മനസ്സ്.അതിൽ ലക്ഷ്യമില്ലാതെ ഏതോ ബിന്ദുവിനെ തേടി അയാളലഞ്ഞു.വർണ്ണങ്ങൾ ജ്വലിക്കുന്ന പീതമായിരിക്കുന്നു. എന്നിട്ടും.................എന്നിട്ടും..........
താനെവിടെയാണ്? ഏതോ പഞ്ഞിക്കെട്ടുകളുടെ മുകളിലൂടെ അനന്തതയിൽ പാറുകയോ? ഈശ്വരാ,ഈ സാഗരത്തിന്റെ തിരകൾക്കപ്പുറം ഏതു തുരുത്താണ് തനിക്കായൊരുക്കിയിരിക്കുന്നത്? ഇല്ല, മേലും കീഴും നിറയുന്ന പ്രകാശങ്ങളുടെ ജാലങ്ങൾ ഞരമ്പുകളുടെ മിഥ്യാ പ്രലംഭങ്ങളാണ്.തനിക്കു വേണ്ടത് ജീവിതമാണ്.പച്ചയായ ജീവിതം.!
ഉണരുക.........ഉണരുക... അയാൾ കണ്ണു തുറന്നു.
എപ്പോഴാണ് താൻ പത്മാസ്ഥനസ്ഥനായി ധ്യാനിക്കാനിരുന്നത്? ഓ, ഓർമ്മയുണ്ട്.ഭൂതങ്ങളെല്ലാം സ്വപ്നങ്ങളാണ്.അതിൽ പാറിനീങ്ങുന്ന അപ്പൂപ്പൻതാടി പോലുണ്ട് ജീവിതം.
കറന്റ് പിന്നെയും പോയിരിക്കുന്നു.മഴയ്ക്ക് കുറവില്ല.കാറ്റിന്റെ ശക്തി അല്പമൊന്നു കുറഞ്ഞതുപോലുണ്ട്.
". ...പിന്നെ ശ്രീരാമൻ സുമിത്രാത്മജനോടും കൂടി
ഖിന്നനായ് പ്രവേശിച്ചിതു വനാന്തരേ....."
മഴയുടെ താളത്തിന്റെയും കാറ്റിന്റെ മർമ്മരത്തിന്റെയും ഇടയിലൂടെ സൂക്ഷ്മമായി അമ്മയുടെ രാമായണം വായന കടന്നുവരുന്നു. കർക്കിടകത്തിന്റെ പഞ്ഞത്തെ ആട്ടിയകറ്റി ഐശ്വര്യ ദായകമാക്കുകയാണ് ലക്ഷ്യം.ഈ ഭക്തിയാണു തനിക്ക് നഷ്ടപ്പെട്ടത്. വിശ്വാസമില്ലായ്മ! എല്ലാത്തിനേയും സംശയത്തോടെ വീക്ഷിക്കുക....അന്വേഷിക്കുക ,കണ്ടെത്താനാവാതെ വീണ്ടും വീണ്ടും പരതുക.എല്ലാ കണ്ടെത്തലും പുതിയ വെല്ലുവിളികളാണ്...ദുഃഖങ്ങളാണ്...
അച്ഛൻ വരാറായിട്ടില്ല..ഇപ്പോഴും വീട് തീറ്റിപ്പോറ്റാൻ അധ്വാനിക്കുകയാണ്.. അമ്മ പറയും: "നിനക്കൊരു ജീവിതം വേണ്ടേ മോനേ, ഇങ്ങനെ അലഞ്ഞു നടന്നിട്ടെന്തു കാര്യം?
അയാൾക്കപ്പോഴെല്ലാം മൗനമവലംബിക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളു."താനെങ്ങനെയിങ്ങനെയായി"? വീടും നാടും ബന്ധങ്ങളുമെല്ലാം വെറും നിഴൽ മാത്രമായിട്ട് നാളേറെയായി......".മാറണം."
അയാൾ എന്തോ തീരുമാനിച്ചുറച്ചപോലെ പുല്പായ മടക്കി വെച്ചു.സാവധാനം വാതിൽ തുറന്ന് പുറത്തു വന്ന് അമ്മയുടെ സമീപം പോയിരുന്ന് രാമായണവായന ശ്രദ്ധിച്ചു തുടങ്ങി.
സജീവ്. കെ.കെ.പാലക്കാട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo