"എന്റെ മോഹങ്ങൾ"
ഈ മഴച്ചാർത്തിലൊരു പൂവായ് വിടരണം
ഇന്ദ്രിയങ്ങൾക്കുള്ളിൽ തണുവേകണം
പുലരിയിലിളവെയിലായിപ്പിറക്കണം
മറവിയിലോർമ്മക്കുളിരേകണം..
ഇന്ദ്രിയങ്ങൾക്കുള്ളിൽ തണുവേകണം
പുലരിയിലിളവെയിലായിപ്പിറക്കണം
മറവിയിലോർമ്മക്കുളിരേകണം..
ഒരു ചുടുനിശ്വാസബിന്ദുവിലലിയണം
അപരന്റെ നോട്ടത്തെയെതിരിടേണം
അർത്ഥം പകുത്തു കടം നൽകി നേടണം
വിജയം പരാജയസീമ തകർക്കണം..
അപരന്റെ നോട്ടത്തെയെതിരിടേണം
അർത്ഥം പകുത്തു കടം നൽകി നേടണം
വിജയം പരാജയസീമ തകർക്കണം..
ഇത്തിരി മൊഞ്ചുള്ള മിന്നലിനെയകലത്തെ
നിലാവിന്റെ കൂട്ടിലടയ്ക്കവേണം
പകുതിയും തീരാത്ത മെഴുകുതിരി നാളത്തെ
പകലോന്റെ നെഞ്ചിലെരിച്ചീടണം.
നിലാവിന്റെ കൂട്ടിലടയ്ക്കവേണം
പകുതിയും തീരാത്ത മെഴുകുതിരി നാളത്തെ
പകലോന്റെ നെഞ്ചിലെരിച്ചീടണം.
ഇനിവരും സന്ധ്യകളുടെ നെറുകയിൽ നിന്നൊരു നുള്ളു
കുങ്കുമം വാരിയെൻ നെറുകയിൽ ചാർത്തണം
ശൂന്യമാമെൻ കരം നിൻ കരത്തിൽ ചേർത്ത്
മോഹത്തിൻ ചൂടു പകർന്നീടണം..
കുങ്കുമം വാരിയെൻ നെറുകയിൽ ചാർത്തണം
ശൂന്യമാമെൻ കരം നിൻ കരത്തിൽ ചേർത്ത്
മോഹത്തിൻ ചൂടു പകർന്നീടണം..
പകരം തരാനെന്റെ പ്രണയത്തിൻ നോവുകൾ
ഉരുകിപ്പടരുന്ന തനുവും മാത്രം.
നിറയും മിഴികളിൽ കനവാലെ നെയ്തതാം
മഞ്ഞപ്പട്ടാട നിനക്കു തരാം..
ഉരുകിപ്പടരുന്ന തനുവും മാത്രം.
നിറയും മിഴികളിൽ കനവാലെ നെയ്തതാം
മഞ്ഞപ്പട്ടാട നിനക്കു തരാം..
ചുണ്ടുകൾത്തീർക്കും ചിരിതൻ വസന്തവും
മധുരം തുളുമ്പുന്ന ചുബനവും.
അകമേയെരിച്ചിട്ട് പുറമേ ചിരിക്കുന്ന
മൗനാനുരാഗത്തിൻ നോവും തരാം..
മധുരം തുളുമ്പുന്ന ചുബനവും.
അകമേയെരിച്ചിട്ട് പുറമേ ചിരിക്കുന്ന
മൗനാനുരാഗത്തിൻ നോവും തരാം..
പാടിപ്പതിഞ്ഞതാണെങ്കിലും എന്നെ ഞാൻ
താളംമുറുക്കി പകർന്നുതരാം.
അനുരാഗവഴികളിൽ നാമൊന്നുചേരുവാൻ
കാത്തിരിക്കാം മറു ജൻമത്തിനായ് ..
താളംമുറുക്കി പകർന്നുതരാം.
അനുരാഗവഴികളിൽ നാമൊന്നുചേരുവാൻ
കാത്തിരിക്കാം മറു ജൻമത്തിനായ് ..
Uthra

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക