Slider

കണ്ണടയൂരുന്ന ലോകം

0
കണ്ണടയൂരുന്ന ലോകം
=================
നിഴലുകൾ നീളം വെച്ചോരസ്തമയത്തിൽ നിന്നും
രാവിൻറെ നിശ്ശബ്ദതയിലേക്ക്
പ്രകൃതി കൂപ്പു കുത്തുന്നു.
വിളക്കുകൾ മിഴി തുറന്ന് തുടങ്ങിയിരിക്കുന്നു. പകൽ മുഴുവൻ ഉറങ്ങിയതിന്റെ ആലസ്യത്താൽ മിന്നി മിന്നി മിഴി തുറക്കുന്ന വിളക്കുകളുടെ പ്രകാശം ചുംബിതമായ വഴിയിലൂടെ അയാൾ മെല്ലെ നടക്കുന്നു... കീറി പറിഞ്ഞതും അഴുക്കുകൾ നിറഞ്ഞതുമായ വേഷ വിധാനത്തിലൂടെ അയാൾ ഒരു ഭ്രാന്തൻ ആണെന്ന് ഊഹിക്കാം...
കയ്യിൽ പിടിച്ചിരിക്കുന്ന വടി കൊണ്ട് വഴിയരികിൽ കാണുന്ന ചെടികളുടെ തലപ്പുകളിൽ ആഞ്ഞു വീശി ചിതറി തെറിക്കുന്ന ഇലകളെയും കൂമ്പുകളെയും കണ്ട് അയാൾ ഉറക്കെ പൊട്ടിച്ചിരിക്കുന്നു.... ദുർഗന്ധം വമിക്കുന്ന ആ ശരീരത്തിലെ മനസ്സിൽ അയാൾ ഒരു പടയാളി ആണ്... കയ്യിലെ വടി വാളും...
ചിതറി തെറിക്കുന്ന ഇലകളും കൂമ്പുകളും ശത്രുക്കളുടെ തലകളും... ഒരഭ്യാസിയുടെ മെയ് വഴക്കത്തോടെ ചാഞ്ഞും ചെരിഞ്ഞും അയാൾ യുദ്ധം ചെയ്യുകയാണ്...
തെരുവോരത്ത് കിടന്നിരുന്ന ഒരു പട്ടി ഇയാളുടെ യുദ്ധം ചെയ്യലിന്റെ ആവേശത്തിൽ ഉയരുന്ന ശബ്ദം കേട്ടിട്ട് ഒന്ന് തലയുയർത്തി നോക്കി താല്പര്യം തോന്നാഞ്ഞിട്ടോ കണ്ട സ്വപ്നം മുഴുമിപ്പിക്കാനോ വേണ്ടി വീണ്ടും തല താഴ്ത്തി കിടന്നു...
അതാ അയാൾ ആ യുദ്ധം ചെയ്യൽ അവസാനിപ്പിച്ചു മുന്നോട്ട് നടക്കുന്നു. ഞാനും അയാളെ മെല്ലെ പിന്തുടർന്നു.
രാത്രി പ്രസവിക്കുന്ന വെളിച്ചത്തിന്റെ കുഞ്ഞുങ്ങൾ തന്നെ പ്രസവിച്ച ഇരുളെന്ന അമ്മയെ ഓടിച്ചു വിടുന്ന തെരുവിലൂടെ ഞാൻ ആ ഭ്രാന്തനെ അനുധാവനം ചെയ്തു.
എനിക്കും നടക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഇന്നേക്ക് ആറു ദിവസം കഴിഞ്ഞിരിക്കുന്നു ഈ യാത്ര തുടങ്ങിയിട്ട്. ഇപ്പോൾ ആ ഭ്രാന്തനെയും എന്നെയും കണ്ടാൽ അധിക വ്യത്യാസം ഇല്ലാത്ത സ്ഥിതിയാണെങ്കിൽ ഇനിയങ്ങോട്ട് എന്നെയും അയാളെയും ഒരേ കണ്ണുകളോടെ കാണേണ്ടി വരും. വസ്ത്രമൊക്കെ ഇപ്പോഴേ മുഷിഞ്ഞു തുടങ്ങിയിരിക്കുന്നു.
ഇന്നലെ വൈകുന്നേരം അഞ്ച് രൂപയുടെ ഒരു ബണ്ണ് വാങ്ങി കഴിച്ചതോടെ കൂടി കയ്യിലുണ്ടായിരുന്ന പണം തീർന്നു. ഇന്ന് ഈ നേരം വരെ പൈപ്പിലെ വെള്ളം മാത്രമായിരുന്നു പിടിച്ചു നിർത്തിയത്.
എല്ലാ സുഖസൗകര്യത്തിലും ജീവിച്ചിരുന്ന ഒരു പതിനാറുകാരന് വെറും പൈപ്പുവെള്ളം കുടിച്ചു വിശപ്പകൻ്റേണ്ടി വരിക. ആറു ദിവസം മുമ്പ് വരെ ഇത്തരമൊരു അവസ്‌ഥയുണ്ട് ഈ ലോകത്ത് എന്ന് യാതൊരു ചിന്തയും എനിക്കുണ്ടായിരുന്നില്ല. അച്ഛനില്ല എന്നതൊഴിച്ചാൽ നന്നായി പഠിക്കുന്ന സാമ്പത്തികമുള്ള ഒരു കുടുംബത്തിലെ ചെല്ലക്കുട്ടി. പക്ഷേ അച്ഛന്റെ കൊലപാതകത്തിന് കാരണമായവനെ അമ്മയോടൊപ്പം മുറിയിൽ കണ്ടപ്പോഴാണ് ഞാൻ എല്ലാം വെറുത്തത്.
എന്നെങ്കിലും അവനെ എന്റെ കണ്മുമ്പിൽ കിട്ടുമ്പോൾ പകരം ചോദിക്കണം എന്ന എന്റെ ലക്ഷ്യം പലവുരു ഞാൻ അമ്മയോട് പറഞ്ഞിട്ടുള്ളതാണ്. അപ്പോഴെല്ലാം പകരം ചോദിക്കലെല്ലാം ഈശ്വരന്റെ ജോലിയല്ലേ മോനേ എന്ന അമ്മയുടെ ഉപദേശത്തിനു ഇങ്ങിനെയൊരു അർത്ഥം കൂടിയുണ്ടാകുമെന്നു ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല.
അപ്രതീക്ഷിതമായുള്ള ആ കാഴ്ചയുടെ ആഘാതത്തിൽ ഒരുപാട് ചിന്തകൾ മനസ്സിൽ വന്നെങ്കിലും ഒന്നിനും പ്രാപ്തനല്ല ഞാനെന്ന ചിന്ത അതാണ് അവിടെ നിന്നും എന്നെ ഇറക്കി നടത്തിച്ചത്.
തടയാൻ ശ്രമിച്ച അമ്മയോട് ഒന്നേ പറഞ്ഞുള്ളൂ എന്നെ തടയരുത് അല്ലെങ്കിൽ എനിക്ക് നിങ്ങളെ കൊല്ലേണ്ടി വരും. പുത്രവാത്സല്യം വഴിഞ്ഞൊഴുകിയിരുന്ന അധരങ്ങൾ നിശബ്ദം. തഴുകിയിരുന്ന കരങ്ങൾ അനങ്ങാതെ നിൽക്കുന്നു.
ഇറങ്ങി നടന്നു. കിട്ടിയ വണ്ടികളിൽ കയറി കിട്ടിയത് വാങ്ങി കഴിച്ചു. പോക്കറ്റിലുണ്ടായിരുന്ന പണം തീർന്നു. മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടാൻ തോന്നുന്നില്ല.
എന്താണ് ഞാനീ ഭ്രാന്തനെ പിന്തുടരുന്നത്... വേറൊന്നുമല്ല ഉച്ചയ്ക്കാണ് ഞാൻ ഇയാളെ ആദ്യമായി കാണുന്നത് അതും പൈപ്പിൻ വെള്ളം കുടിച്ചു കൊണ്ടിരിക്കുമ്പോൾ... ശ്രദ്ധിക്കാൻ കാരണം ആരോ ഇയാൾക്ക് ഭക്ഷണം കൊടുക്കുന്നത് കണ്ടത് കാരണമാണ്. തുടർന്ന് പിന്തുടരുകയായിരുന്നു. ഈ ഭ്രാന്തന് ഒരുപാട് ആളുകൾ ഭക്ഷണം കൊടുക്കുന്നത് ഞാൻ കണ്ടു. അതിൽ ഭൂരിഭാഗവും ഇയാൾ കിളികൾക്കും നായ്ക്കൾക്കും കൊടുക്കുന്നതും കണ്ടു. ഇയാളെ പിന്തുടർന്നാൽ ആരുടെയും മുമ്പിൽ കൈ നീട്ടാതെ ഭക്ഷണം കഴിക്കാമെന്ന് എനിക്ക് തോന്നി.
പക്ഷേ ഇത്രയും നേരം പിന്തുടർന്നിട്ടും അത് ചോദിക്കാനുള്ള മനസ്സ് വന്നില്ല. ചോദിക്കാനായി മുതിരുമ്പോൾ ആരെങ്കിലും അതുവഴി കടന്നു പോകും അപ്പോളെന്തന്നറിയാത്ത ഒരു ജാള്യം...
വിശപ്പ് വയറിന് മീതെ അടുപ്പ് കൂട്ടുമ്പോൾ കത്തിക്കാളുന്ന വയർ ദുരഭിമാനത്തിന്റെ നിറുകയിൽ തന്നെ കൂടംകൊണ്ടു ആഞ്ഞടിക്കുമ്പോൾ കാലുകൾ സ്വയമറിയാതെ ആ ഭ്രാന്തനു പിന്നാലെ ചലിക്കുകയായിരുന്നു.
അതാ ആ ഭ്രാന്തന് ഒരാൾ എന്തോ കൊടുക്കുന്നു. ഭ്രാന്തൻ ഒരു മൂലയിലേക്ക് ഒതുങ്ങി നിൽക്കുന്നു. ഞാൻ അടുത്തെത്തി ഭാഗ്യം അടുത്താരുമില്ല. ഭ്രാന്തൻ എന്നെ നോക്കുന്നു. ഞാൻ ഒന്ന് ചിരിച്ചു അയാളുടെ കയ്യിൽ അതാ രണ്ടു ചൂടുള്ള ബജി!!!!
അയാളുടെ അഴുക്ക് പുരണ്ട കരങ്ങൾ എന്റെ മുഖം തെല്ലും ചുളുപ്പിച്ചില്ല. ആ കരങ്ങളിലിരിക്കുന്ന ബജ്‌ജിയുടെ മണം എന്റെ വയറിലെരിയുന്ന തീയുടെ ആളൽ വർദ്ധിപ്പിച്ചു.
ശങ്കയേതുമില്ലാതെ എന്റെ കരങ്ങൾ ആ ഭ്രാന്തന് നേരെ നീണ്ടു. എന്റെ മുഖത്തേക്ക് നോക്കിയ ഭ്രാന്തന്റെ കണ്ണുകളിൽ തെളിഞ്ഞ ഭാവമെന്തെന്നു എനിക്ക് മനസ്സിലായില്ല.
ചുണ്ടുകൾ നനയ്ക്കുന്ന എന്റെ നാവിനെ പ്രോത്സാഹിപ്പിച്ചു എന്റെ മിഴികൾ ആ ബജ്ജിയിൽ മാത്രമായിരുന്നു അതിൽ നിന്നുയരുന്ന മണം ആസ്വദിച്ചു എന്റെ നാസാരന്ധ്രങ്ങളും കൂടെ നിന്നപ്പോൾ പകച്ചു നിൽക്കുന്ന ഭ്രാന്തന്റെ കയ്യിൽ നിന്നും ഒരു കുതിപ്പിന് ഞാനൊരു ബജ്ജി കൈക്കലാക്കി
അപ്രതീക്ഷിതമായ ആ നീക്കം ഭ്രാന്തനെ ചുമരിലിലേക്ക് പതിപ്പിച്ചപ്പോൾ തട്ടിയെടുത്ത ആ ബജ്ജി എന്റെ കയ്യിൽ നിന്നും താഴെ വീണു.
നിസ്സഹായതയോടെ ഞാനാ ഭ്രാന്തനെയും ബജ്‌ജിയെയും മാറി മാറി നോക്കി. അവശേഷിച്ച ബജ്ജി നെഞ്ചോടമർത്തി പിടിച്ചു ഭീതിയോടെ ഭ്രാന്തൻ നോക്കുന്നത് കണ്ടപ്പോൾ എന്റെ ശ്രദ്ധ പൂർണ്ണമായും ബജ്ജിയിൽ തന്നെയായി.
ആരും അടുത്തെങ്ങുമില്ല എന്നുറപ്പായപ്പോൾ ഞാൻ കുനിഞ്ഞു ആ ബജ്‌ജിയെടുത്തു ഒരുവശം മുഴുവൻ മണ്ണ് പറ്റിയ ആ ബജ്ജിയുടെ മണ്ണില്ലാത്ത ഭാഗം അണ്ണാൻ മാമ്പഴം കാർന്നു തിന്നുന്ന സൂക്ഷ്മതയോടെ തിന്നുമ്പോൾ ഈ ലോകത്ത് ഞാൻ കഴിച്ചിട്ടുള്ളതിൽ വെച്ചു ഏറ്റവും രുചികരമായത് ആ ബജ്ജിയാണെന്നു എനിക്ക് തോന്നി.
മനസ്സില്ലാ മനസ്സോടെ മണ്ണ് പറ്റിയ ഭാഗം എറിഞ്ഞു കഴിയുമ്പോൾ ഇനിയെന്ത് എന്ന ചോദ്യത്തിന് എന്റെ മനസ്സ് ഉത്തരം നേടിക്കഴിഞ്ഞിരുന്നു. ഭ്രാന്തനെ അനുഗമിക്കുക...
തെരുവിന്റെ ഓരത്തൊരു കടയുടെ മുമ്പിലിരിക്കുന്ന അയാളുടെ തെല്ലുമാറി അയാളിൽ നിന്നും മിഴികളെടുക്കാതെ ഞാനുമിരുന്നു... ആ നോട്ടം കണ്ടിട്ടാവണം അയാൾ കയ്യിലിരുന്ന ബജ്ജി എന്റെ നേരെ നീട്ടി ഞാൻ നിരസിച്ചു പാവം അയാൾക്കറിയില്ലല്ലോ നാളെ മുതൽ അയാളുടെ ഓഹരി പറ്റിയാണ് ഞാൻ ജീവിക്കാൻ തീരുമാനിച്ചത് എന്ന കാര്യം.
കണ്ണുകൾ തെറ്റിയാൽ അയാളെഴുന്നേറ്റു എങ്ങോട്ടെങ്കിലും പോകുമോ എന്ന ഭയം ഉറക്കം താഴ്ത്തുന്ന കൺപോളകളെ ഉയർത്തി തന്നെ പിടിക്കുവാൻ എന്നെ പ്രേരിപ്പിച്ചു. വാഹനങ്ങളൊഴിഞ്ഞ നിരത്തുകൾ നിശ്ശബ്ദതയുടെ പുതപ്പിനടിയിൽ കയറിയിരുന്നു.
അർദ്ധ മയക്കാവസ്ഥയിലായിരുന്ന ഞാൻ ഞെട്ടി പൂർണ്ണ ബോധത്തിലേക്ക് വന്നത് അവിടേയ്ക്ക് വന്ന ഒരു വാഹനത്തിന്റെ ശബ്ദം കേട്ടാണ്. അവിടെ നിർത്തിയിരുന്ന വാഹനത്തിന്റെ എതിർവശത്തു നിന്നും മറ്റൊരു വാഹനം വരുന്നത് വരെ ആ വാഹനം അവിടെ നിശബ്ദമായി കാത്ത് കിടന്നു.
ഞങ്ങളിരിക്കുന്ന ഭാഗം ഇരുൾ മൂടിയതിനായൽ റോഡിൽ നിന്ന് നോക്കിയാൽ ഞങ്ങളെ കാണാൻ സാധിക്കുമായിരുന്നില്ല.
എതിർഭാഗത്ത് നിന്നും വന്ന വാഹനം നിർത്തിയിട്ടിരുന്ന വാഹനത്തിൻറെ നേരെ മുമ്പിലായി നിർത്തി. തെല്ല് കഴിഞ്ഞപ്പോൾ വന്നു നിന്ന വാഹനത്തിൽ നിന്നും നാലും അഞ്ചും വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടികളെ ഇറക്കി നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് കയറ്റുന്ന കാഴ്ച്ച തെല്ല് അമ്പരപ്പോട് കൂടിയാണ് ഞാൻ കണ്ടത്. പെട്ടെന്നായിരുന്നു അതിൽ നിന്നും ഒരു കുട്ടി കരഞ്ഞു കൊണ്ട് ഞങ്ങളിരിക്കുന്ന വശത്തേക്ക് ഓടിയത്.
എന്ത് ചെയ്യണമെന്നറിയാതെ ശ്വാസമടക്കി പിടിച്ചു നോക്കിക്കൊണ്ടിരുന്ന എന്നെ അമ്പരപ്പിച്ചു കൊണ്ടു ആ ഭ്രാന്തൻ എന്റെ മോളേ എന്നൊരു വിളിയോട് കൂടി ആ കുട്ടിയുടെ നേരെ ഓടുകയും എല്ലാവർക്കും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നതിനു മുമ്പേ ആ കുട്ടിയെ വാരിപ്പുണരുകയും ചെയ്തു.
അധികനേരം വേണ്ടി വന്നില്ല ആ വാഹനത്തിലുണ്ടായിരുന്നവർ ഓടിവന്നു ഭ്രാന്തന്റെ കയ്യിൽ നിന്നും കുട്ടിയെ വിടുവിക്കാൻ ശ്രമിച്ചു. അവർക്കതിന് കഴിയാതിരുന്നപ്പോൾ അയാളെ ചവിട്ടാനും ഇടിക്കാനും തുടങ്ങി ബലമായി കുഞ്ഞിനെ അയാളിൽ നിന്ന് മോചിപ്പിച്ചപ്പോഴേക്കും അയാൾ നിലത്ത് വീണു കഴിഞ്ഞിരുന്നു... അതിലൊരുവൻ വീണ്ടും അയാളുടെ വയറിൽ ആഞ്ഞു തൊഴിച്ചപ്പോൾ ആ കിടപ്പിൽ തന്നെ അയാളൊന്നു വലിഞ്ഞു നിവർന്നു നിശ്ചലമായി.
സ്വയമറിയാതെ ചലിച്ച എന്റെ കാലുകൾ അവർ എന്നെ കാണുന്നതിന് ഇടയാക്കി. എനിക്കവിടെ നിന്നു ഓടണമെന്നുണ്ടായിരുന്നു പക്ഷേ കാലുകൾ ചലിക്കുന്നുണ്ടായിരുന്നില്ല. എന്റെ നേരെ അവർ തിരിഞ്ഞപ്പോൾ നിലത്തു മുട്ടു കുത്തി തല താഴ്ത്തി ഞാനുറക്കെ കരഞ്ഞു. എന്റെ മരണം ഞാൻ കണ്ടു തുടങ്ങിയിരുന്നു.
പക്ഷേ അപ്രതീക്ഷിതമായി എന്റെ മുമ്പിൽ വന്നു വീണ ആയിരത്തിന്റെ മൂന്നു നോട്ട് എന്റെ കരച്ചിൽ അമ്പരപ്പിലേക്ക് ഗതിമാറ്റി വിട്ടു. ഞാൻ മുഖമുയർത്തി നോക്കിയപ്പോൾ മുമ്പിൽ നിന്ന ആൾ ചൂണ്ടുവിരൽ ചുണ്ടുകൾക്ക് മീതെ വെച്ചു ശബ്ദിക്കരുത് എന്ന് കാണിച്ചു. തല കുലുക്കിയത് ഞാൻ അറിഞ്ഞോ അറിയാതെയോ.
എന്റെ കണ്മുമ്പിലൂടെ അവർ ആ കുഞ്ഞിനെ എടുത്തുകൊണ്ടു പോകുന്നതും രണ്ടു വാഹനങ്ങളും രണ്ടു വഴിക്ക് പോകുന്നതും ഞാൻ കണ്ടു.
അവർ പോയി എന്നുറപ്പായപ്പോൾ എന്റെ മിഴികൾ താഴെ കിടക്കുന്ന നോട്ടിലേക്ക് പതിഞ്ഞു വല്ലാത്തൊരു ആവേശത്തോടെ ഞാനാ നോട്ടുകൾ വാരിയെടുത്തു മുഖത്തോട് ചേർത്തു. തൊട്ടടുത്തുള്ള കാനയിൽ നിന്നുയരുന്ന ദുർഗന്ധത്തിൽ നിന്നും ആ നോട്ടുകളുടെ ഗന്ധം വ്യത്യസ്തമായി എനിക്ക് തോന്നിയില്ല.
അപ്പോഴാണ് എന്റെ മിഴികൾ ആ ഭ്രാന്തന്റെ നേരെ തിരിഞ്ഞത്. തുറിച്ച മിഴികളോടെ മരിച്ചു കിടക്കുന്ന ആ ഭ്രാന്തന്റെ നോട്ടം എന്റെ കയ്യിലിരിക്കുന്ന നോട്ടുകളുടെ നേരെയാണ് എന്നെനിക്ക് തോന്നിയപ്പോഴാണ് ആ നോട്ടത്തിൽ നിന്നും രക്ഷപെടുത്താനായി വല്ലാത്തൊരു വിഹ്വലതയോടെ ഞാനാ നോട്ടുകൾ എന്റെ ഷർട്ടിനുള്ളിലേക്ക് മറച്ചു പിടിച്ചത്.
ഒട്ടും സമയം പാഴാക്കാതെ ഞാൻ അവിടെ നിന്നും നടക്കുമ്പോൾ ഞാനൊരു കാര്യം മനസ്സിലാക്കി...
ഞാൻ ഇന്നിന്റെ പ്രതീകമാണ്... കണ്മുമ്പിൽ എന്ത് നടന്നാലും പ്രതികരിക്കാതെ സ്വന്തം കാര്യം നോക്കുന്ന ഇന്നിന്റെ പ്രതീകം... നേരിന്റെ കണ്ണടയൂരുന്ന ലോകത്തിന്റെ പ്രതീകം... മുന്നിൽ നടക്കുന്ന തെറ്റിന് എന്തെങ്കിലും പ്രതിഫലം കിട്ടിയാൽ അളവറ്റു സന്തോഷിക്കുന്ന ഇന്നിന്റെ പ്രതീകം... പ്രതികരിക്കാൻ മറന്നു പോകുന്ന ആയിരങ്ങളിൽ ഒരുവൻ... ജീവൻ പോലും തൃണവൽക്കരിച്ചു പ്രതികരിച്ചിരുന്ന വിഡ്ഢികൾ പോയി തുലയട്ടെ... ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ എനിക്കെന്ത്...
മുന്നോട്ട് നടക്കുന്ന എനിക്കൊപ്പം ഈ രാത്രിയും നാളെയുടെ പുലരിയിൽ അലിഞ്ഞു ചേരുമ്പോൾ മറവിയുടെ വിസ്മൃതികളിലേക്ക് തള്ളപ്പെടുന്ന കാര്യങ്ങളിലേക്ക് ഒന്ന് കൂടി ചേർത്തു വെച്ച് പുലരി തേടിയുള്ള യാത്രയിലായിരുന്നു...
ജയ്സൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo