Slider

#പെങ്ങൾ

0
ഞാൻ പണ്ട് ഡിഗ്രിക്ക് പിഠിക്കണ കാലം. എന്റെ ചേച്ചിക്ക് ഒരു പി എസ് സി പരീക്ഷ .. സ്ഥലം ദൂരെ ആയതു കൊണ്ട് ഒരു ശനിയാഴ്ച ദിവസം പരീക്ഷയ്ക്ക് പോവാൻ കൂട്ടിന് എന്നെ വിളിച്ചു. നമ്മടെ സ്വന്തം ജില്ലേടെ അപ്രത്തെ ജില്ലയിലാരുന്നു പരീക്ഷ ..ഞാനും ചേച്ചിയും കൂടി അണിഞ്ഞൊരുങ്ങി രാവിലെ അപ്രത്തെ ജില്ലയിലേക്ക് ബസ്സ് പിടിച്ചു..
കേട്ടുകേൾവി പോലുമില്ലാത്ത സ്ഥലം ബസിറങ്ങി അടുത്തുള്ള കടയിൽ കയറി സ്കൂൾ എവിടാന്ന് ചോദിച്ച് കണ്ടു പിടിച്ചു അന്നീ മൊബൈൽ ഫോൺ ഒന്നൂല്ലാത്ത കൊണ്ട് നമ്മുടെ നാക്ക് തന്നെ ശരണം.. അല്ലെങ്കി തന്നെ നമ്മടെ ഈ നാക്ക് ഇല്ലാരുന്നേൽ ഞാനെന്നാ ചെയ്യുമെന്ന് ഞാൻ പല തവണ അലോചിച്ചിട്ടുണ്ട് .. ഇല്ലേ പണ്ടേ ..... (അല്ലേ വേണ്ട )
അങ്ങനെ നടന്ന് നടന്ന് ഞങ്ങ രണ്ടും സ്കൂളിലെത്തി.. ചേച്ചി പരീക്ഷാ റൂമ് തപ്പി കണ്ടു പിടിച്ച് അവിടെ കയറി ഇരുന്നു.ഞാൻ സ്കൂളിന്റെ വരാന്തയിൽ പോയി കുത്തിയിരുന്നു .. എന്നെപ്പോലെ തന്നെ പരീക്ഷ എഴുതാൻ വന്നോർക്ക് കൂട്ടു വന്ന ഒത്തിരി പേർ അവിടെയുണ്ട്. കുറച്ച് നേരം ഇരുന്നപ്പോൾ എനിക്ക് വെള്ളം കുടിക്കാൻ തോന്നി.. കൈയിൽ വെള്ളം കൊണ്ടുവന്നിട്ടുമില്ല.. കടയിൽ പോകാനാണെങ്കിൽ പരിചയമില്ലാത്ത സ്ഥലം.. അപ്പോഴാണ് അടുത്തിരിക്കുന്ന ഒരു ചേട്ടനെ കണ്ടത്. കുടിക്കാൻ ശകലം വെള്ളമല്ലേ ചോദിച്ച് കളയാം. ഞാൻ ചെന്ന് കാര്യം പറഞ്ഞു. .ഭാഗ്യത്തിന് ആ ചേട്ടന്റെ വണ്ടിയിൽ വെള്ളമുണ്ടായിരുന്നു എനിക്ക് കൊണ്ടുവന്ന് തന്നു.. ഞാൻ അത് വാങ്ങി നന്ദി പറഞ്ഞു..
ഒരു സാമാന്യ മര്യാദക്ക് ഞാൻ വെള്ളം തന്ന ചേട്ടനെ പരിചയപ്പെട്ടു.ആ നാട്ടുകാരൻ തന്നെ. എന്നെ പോലെ തന്നെ ആർക്കാണ്ടും കൂട്ടു വന്നതാണ് കക്ഷി.. ജോലി ചോദിച്ചപ്പോൾ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി..ആള് പോലീസുകാരനാണ്.. തോളത്തെ നക്ഷത്രത്തിന്റെ കണക്കും പറഞ്ഞു. ഞാൻ പോലീസ് കാരെയൊക്കെ വഴിയിൽ വച്ച് കണ്ടിട്ടേയുള്ളൂ.. ഇത്ര അടുത്ത് കാണുന്നത് ആദ്യവും .. ഞെട്ടിയതിന് കാരണം മറ്റൊന്നാണ്..
"കുട്ടിയാനയെ പോലെ കുടവയറും, ഉണ്ടക്കണ്ണും ,മൂരാച്ചി ലുക്കും ,കൊതുമ്പു വള്ളം പോലെ മൂക്കിന് താഴെ ഒട്ടിച്ച് വച്ച പോലെ കൊമ്പൻ മീശയും ഒന്നുമല്ലായിരുന്നു "ഈ കക്ഷിക്ക് ..
ഇതൊരു സുന്ദരൻ സുമുഖൻ സുശീലൻ .. ഇന്നത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ഫ്രീക്കൻ പോലീസുകാരൻ ..
ഒരു പോലീസുകാരനെ അടുത്ത് കണ്ടപ്പോ എനിക്ക് ഒരു ആഗ്രഹം.ഭരത് ചന്ദ്രൻ ഐ പി എസും ,സേതുരാമയ്യർ സി ബി ഐ യും ഒക്കെ നുമ്മ ആരാധിക്കുന്ന കാലം.. നമ്മടെ സങ്കൽപ്പത്തിലെ പോലീസ് അതാണ് .. ഞാനീ പോലീസ് ചേട്ടനോട് ചോദിച്ചു..
"ഇങ്ങടെ രൂപം കണ്ടിട്ട് ഒരു പോലീസിന്റെ ലുക്കില്ല. എന്നാലും വിശ്വസിച്ച് ..നിങ്ങ ഈ കേസൊക്കെ തെളിയിച്ചിട്ടൊണ്ടാ.. ഈ കൊലപാതകം ,മോഷണം, പീഢനം ഇതൊക്കെ ..
ആ ഉണ്ട് ഇഷ്ടം പോലെ .. ചേട്ടൻ പറഞ്ഞു:
"എന്നാ കേസ് തെളിയിച്ച ഒരു കഥ പറയാവോ? ഞാനിതൊക്കെ സിനിമേല് മാത്രമേ കണ്ടിട്ടുള്ളൂ ..ഞാൻ ചോദിച്ചു ..
ചേട്ടൻ ചിരിച്ചിട്ടു പറഞ്ഞു ആ പറയാം..
ഞാൻ ഒരു നിമിഷം നമ്മുടെ ആരാധന കഥാപാത്രങ്ങളായ ഭരത് ചന്ദ്രനെയും സേതുരാമയ്യരെയും ഒന്നോർത്ത് മുഖത്ത് പുച്ഛം വാരി വിതറി.. "നിങ്ങളൊക്കെ എന്ത് വെറും ഡൂപ്ലിക്കേറ്റ് പോലീസ്.ദേ ദിത് ഒറിജിനൽ കാണ് "എന്നായിരുന്നു ആ ഭാവം.
അങ്ങനെ ഞാൻ കഥ കേൾക്കാൻ കണ്ണും കാതും കൂർപ്പിച്ചിരുന്നു..
പോലീസ് ചേട്ടൻ കഥ പറഞ്ഞ് തുടങ്ങി ..
ലോനപ്പൻ ചേട്ടനും അന്നക്കുട്ടിയും മാതൃകാ ദമ്പതികൾ .. കല്യാണം കഴിഞ്ഞ് വർഷങ്ങളായിട്ടും കൊച്ചുങ്ങളുണ്ടായില്ല.. രണ്ടു പേരും ലോകത്തുള്ള ആശുപത്രി മുഴുവൻ കേറിയിറങ്ങി.. സകലമാന പള്ളികളിലും മെഴുക് തിരി കത്തിച്ചു.. ആരാണ്ടൊക്കെ പറഞ്ഞത് കേട്ട് ഉരുളി വരെ കമഴ്ത്തി.. എന്നിട്ടും ഒരു ഫലവുമുണ്ടായില്ല. കൊച്ച് നഹീ..
അങ്ങനെ പാവം അന്നക്കുട്ടി നേരമ്പോക്കിനായി ആടു വളർത്തലും ജ്വാലയായ് സീരിയലും ഒക്കെ കണ്ട് സമയം തള്ളി നീക്കി.. ലോനപ്പൻ ചേട്ടനാട്ടെ ജോലിയും കഴിഞ്ഞ് കൂട്ടുകാരോട് കവലയിൽ വർത്തമാനമൊക്കെ കഴിഞ്ഞ് പതുക്കെ വരവായി .. ഇതിനിടെ കൊച്ചുങ്ങളില്ലാത്തതിന്റെ ദു:ഖം കൊണ്ടാണോ ലോനപ്പൻ ചേട്ടൻ ചെറിയ രീതിയിൽ മദ്യപാനം തുടങ്ങി.
ജോലിയും കഴിഞ്ഞ് രണ്ടെണ്ണം വീശിയിട്ട് വരുന്ന ലോനപ്പൻ ചേട്ടൻ അടുത്ത് വന്നപ്പോൾ അന്നക്കുട്ടിക്ക് എതാണ്ട് ചീഞ്ഞ മണമടിച്ചു. അതു വരെ മദ്യത്തിന്റെ മണമറിയാത്ത അന്നക്കുട്ടി കാര്യം മനസ്സിലാകാതെ ചീഞ്ഞ മണത്തിന്റെ ഉറവിടമായാതെ വീടിന്റെ അകം ഒന്നൂടെ അടിച്ചു കഴുകി വൃത്തിയാക്കി.. പക്ഷെ ഊണും കഴിഞ്ഞ് ഉറങ്ങാൻ ചെന്നതോതെ മുറിക്കകത്തൂന്നല്ല സ്വന്തം കെട്ട്യോന്റെ വായ്ക്കകത്തൂന്നാണ് നാറ്റം എന്ന് അന്നക്കുട്ടി മനസിലായി. അന്നക്കുട്ടി മദമിളകിയ ആനക്കുട്ടിയായി .. ഇനി കുടിച്ചിട്ട് വന്നാൽ പെട്ടിയും കിടക്കയും എടുത്ത് താൻ വീട്ടിൽ പോകും എന്ന് അന്നക്കുട്ടി ഭീഷണിപ്പെടുത്തി.. അന്നത്തെ ദിവസം ലോനപ്പൻ കുടിക്കില്ലാ എന്ന് പറഞ്ഞ് അന്നക്കുട്ടിയെ സമാധാനിപ്പിച്ചു ..
പക്ഷെ പിറ്റേന്നും കൂട്ടുകാരെയും കുപ്പിയും കണ്ടപ്പോൾ ലോനപ്പൻ അന്നക്കുട്ടിയെ മറന്നു.. രണ്ടിന് പകരം നാലെണ്ണം വീശി .. നാലു കാലിൽ വീട്ടിലെത്തി .. വീടിന്റെ മുറ്റത്ത് നിന്ന് ഉറുമി പോലെ നിന്ന് വളയുന്ന ലോനപ്പന്റെ മുന്നിൽ അന്നക്കുട്ടി ഉണ്ണിയാർച്ചയായി .. ഒന്നും രണ്ടും പറഞ്ഞ് വഴക്കായി.. അവസാനം കള്ളും പുറത്ത് ലോനപ്പനും കട്ടിലിന് പുറത്ത് അന്നക്കുട്ടിയും കിടന്നുറങ്ങി..
ഓരോ ദിവസം ചെല്ലുന്തോറും ലോനപ്പന്റെ കുടി കൂടി .. അന്നക്കുട്ടിയുടെ മുഖത്തിന്റെ വീർപ്പും കൂടി .. അങ്ങനെ അവസാന ആയുധം അന്നക്കുട്ടി പുറത്തെടുത്തു .. കിടപ്പുമുറി തിരസ്കരണം .. അന്നക്കുട്ടി അകത്ത് മുറിയിലും ലോനപ്പൻ തിണ്ണയിലും .. പക്ഷെ അന്നക്കുട്ടിയുടെ കണക്കുകൂട്ടലുകൾ പാടേ തെറ്റി.. വാതിലിന്റെ വിജാഗിരിക്ക് വിചാരിച്ചത്ര ഉറപ്പുണ്ടായിരുന്നില്ല. ലോനപ്പൻ വാതിൽ ചവിട്ടി പൊളിച്ചു.. അന്നക്കുട്ടിയുടെ പുറവും ലോനപ്പന്റെ കൈയും ചേർന്നമർന്നപ്പോൾ അന്നക്കുട്ടിയുടെ നാക്ക് ഇങ്ങനെ വിളിച്ചു പറഞ്ഞു. "അയ്യോ നാട്ടുകാരേ ഓടിവായോ ഇതിയാനനെന്നെ തല്ലിക്കൊല്ലുന്നേ" എന്ന് ..
അവസാനം ഇടിയായി.. ബഹളമായി..അത് അയൽവക്കക്കാർക്ക് ശല്യമായി .. അവസാനം ഗത്യന്തരമില്ലാതെ അന്നക്കുട്ടി പോലീസിൽ പരാതി പറഞ്ഞു. അങ്ങനെ നമ്മടെ കഥായകന്റെ അടുത്ത് ലോനപ്പനും അന്നക്കുട്ടിയും എത്തി..
ലോനപ്പൻ പോലീസിനെ കണ്ട് തൊഴുത് നിന്നു.. അന്നക്കുട്ടി പരാതിയുടെ ഭാണ്ഡക്കെട്ട് അഴിച്ച് നിവർത്തി വച്ചു.. "എന്തും സഹിക്കാം സാറേ ഈ കുടിക്കുന്ന സാധനത്തിന്റെ മണം എനിക്ക് തീരെ പിടിക്കുന്നില്ല .. "
പോലീസ് ഏമാൻ അന്നക്കുട്ടി കാൺകെ ലോനപ്പന്റ നേരെ രണ്ടു ചാട്ടം ചാടി.. എന്നിട്ട് ഒന്ന് രഹസ്യമായി ഉപദേശിച്ചു.. ഡേയ് ഇനി വീശുമ്പോൾ മണമില്ലാത്തത് മതി .. പിന്നെ കുടിച്ചിട്ട് വരാതെ വീട്ടിൽ വാങ്ങി വച്ച് വൈകിട്ട് രണ്ടെണ്ണം വീശണം"
മാതൃകാ പോലീസുകാരനിൽ നിന്ന് മാതൃകാ പരമായ ഉപദേശവും സ്വീകരിച്ച് മാതൃകാ ദമ്പതികൾ വീട്ടിലെത്തി..
പോലീസ് ഏമാന്റെ ഉപദേശ പ്രകാരം മണമില്ലാത്ത ഒരു കുപ്പി മദ്യം വാങ്ങി ലോനപ്പൻ ചേട്ടൻ വീടിനുത്ത് തന്നെയുള്ള ഒരു മരത്തിന്റെ പൊത്തിൽ ഒളിച്ചു വച്ചു. .രാത്രി ഊണൊക്കെ കഴിഞ്ഞ് ഒന്നിന് പോകാനെന്ന വ്യാജേന മുറ്റത്തിറങ്ങി മരത്തിനടുത്ത് പോയി രണ്ടെണം വീശിയിട്ട് വരും..
ഇതൊന്നും തിരിച്ചറിയാതെ അന്നക്കുട്ടി അടച്ച വാതിൽ പിന്നെയും മലർക്കെ തുറന്നു. പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന ഭാര്യയായി..
അങ്ങനെ ഒരു രാത്രി ലോനപ്പൻ പതിവുപോലെ മരത്തിന്റെ ചാഞ്ഞ കൊമ്പിൽ കയറി പതിവ് മദ്യസേവ കഴിഞ്ഞ് താഴോട്ട് ഇറങ്ങിയതും, എങ്ങാണ്ടൂന്നും കറങ്ങിത്തിരിഞ്ഞ് ,ക്ഷീണം തീർക്കാൻ ലോനപ്പൻ മരത്തിന് മുകളിലുണ്ടെന്നറിയാതെ ഒരു പട്ടി താഴെ കിടപ്പുണ്ടായിരുന്നു. ലോനപ്പൻ ചാടിയിറങ്ങിയത് പട്ടിയുടെ ദേഹത്ത് .. പട്ടി അന്നക്കുട്ടിയെ പോലെ അല്ലാരുന്നു. അതിന് വേദനിച്ചപ്പോ കിട്ടിയ ചവിട്ടിന് പകരം പട്ടി നല്ലൊരു കടി തിരിച്ചു കൊടുത്തു. തിരിച്ച് കടിക്കാൻ നിർവാഹമില്ലാത്തോണ്ട് ലോനപ്പൻ ചേട്ടൻ അലറി വിളിച്ചു.. അന്നക്കുട്ടിയും അയൽവക്കക്കാരും ഒച്ച കേട്ട് ഓടി വന്നു..
ലോനപ്പൻ ചേട്ടന്റെ ഒളി മദ്യസേവ തൊണ്ടി സഹിതം അന്നക്കുട്ടിയും നാട്ടുകാരും ചേർന്ന് കണ്ടു പിടിച്ചു. ഇത്തവണ അന്നക്കുട്ടി ഭദ്രകാളിയായി ഉറഞ്ഞ് തുള്ളി.. പിന്നെയും വഴക്ക് ബഹളം ..ലോനപ്പന് പേവിഷ ബാധയ്ക്കുള്ള കുത്തി വയ്പ് എടുക്കുമ്പോൾ പട്ടി കടിക്കാതെ തന്നെ അന്നക്കുട്ടിക്ക് പേയിളകി.. അതും വെള്ളം കാണുമ്പോഴല്ല.. ലോനപ്പനെ കാണുമ്പോൾ .. അങ്ങനെ വീണ്ടും പരാതിയുമായി പോലീസ് ഏമാന്റെ മുൻപിൽ ..
രണ്ടു പേരെയും ഉപദേശിച്ചു. ഇനി കുടിച്ച് വഴക്കുണ്ടാക്കിയാൽ കുടിച്ച് കൂമ്പു വാടാതെ തന്നെ നിന്നെ ഇടിച്ചു കൂമ്പുവാട്ടുമെന്ന് പോലീസ് ഏമാൻ സൈസായിട്ട് ലോനപ്പനെ ഭീഷണിപ്പെടുത്തി... ലോനപ്പൻ തല കുലുക്കി സമ്മതിച്ചു..
എന്നിട്ട് അന്നക്കുട്ടിയെ ഒന്ന് നന്നാക്കാൻ "ലോനപ്പനെ നീ ഡിവോഴ്സ് ചെയ്യ് നിന്നെ ഞാൻ കെട്ടിക്കോളാം" എന്ന് പോലീസ് ഏമാൻ രഹസ്യമായി പറഞ്ഞു.. സിൽമാ നടനെ പോലെ ആണെങ്കിലും പോലീസിന്റെ ഇടിക്ക് ഒരു മയവും കാണില്ല എന്നറിയാവുന്നതു കൊണ്ടും, തന്നെയുമല്ല ലോനപ്പനെ അടക്കി നിർത്തുന്നതുപോലെ, വെടിയുണ്ട പറന്ന് വന്നാൽ തന്റെ നാക്ക് കൊണ്ട് തടുക്കാൻ പറ്റില്ല എന്ന കാരണം കൊണ്ടും ,പോലീസ് ഏമാന്റ ഓഫർ സ്വീകരിക്കാതെ ലോനപ്പനെയും വിളിച്ച് അന്നക്കുട്ടി സ്ഥലം വിട്ടു. പിന്നെ രണ്ടു പേരെയും ആ ഏരിയയിൽ കണ്ടിട്ടില്ല ..
ഇത്രയും കഥ പറഞ്ഞ് ചേട്ടൻ നിർത്തി...
കുടിച്ച് മദോന്മത്തനായി വന്ന് ഉപദ്രവിക്കുന്ന ആമ്പ്രന്നോനെ പെമ്പ്രന്നോത്തി തല്ലിക്കൊന്ന് കുഴിച്ചിട്ടപ്പോ, പോലീസ് നായ വന്ന് മണത്ത് കണ്ടുപിടിച്ച് ,കേസ് തെളിയിക്കുന്ന കഥ കേൾക്കാനിരുന്ന ഞാൻ ...
പെട്ടന്ന് ഞാൻ കണ്ടു.. ഞാനേ കണ്ടുള്ളൂ.. നമ്മുടെ ഐപിഎസും ,സിബിഐയും ഒരു മിന്നായം പോലെ വന്ന് എന്നെ കൊഞ്ഞനം കുത്തി കാണിക്കുന്നു ...
ഈ കഥ കേട്ട് അന്തം വിട്ട് കിളി പോയ എന്നെ നോക്കി പോലീസ് ചേട്ടൻ ചോദിച്ചു.
എങ്ങനെ കൊച്ചേ നല്ല കഥയാണോ?
അപ്പോൾ ഞാൻ ചോദിച്ചു..
"ഇതെന്തോന്ന് ചേട്ടാ.. ഇതൊരു പെറ്റി കേസല്ലേ? ഇതിൽ കൊലപാതകം എവിടെ? കത്തിക്കുത്ത് എവിടെ? മോഷണം എവിടെ? "
അപ്പോ അങ്ങേര് ചോദിക്കുവാ. നീയെത്രയിലാ പഠിക്കുന്നത്?.
ഞാൻ പറഞ്ഞു .. "ഡിഗ്രി സെക്കന്റിയറിന്..
നിന്റെ പേരെന്നതാ കൊച്ചേ..
ചിത്രദീപ..
എന്നിട്ട് എന്നെ നോക്കി നമ്മടെ മമ്മൂട്ടിയെ പോലിരിക്കുന്ന പോലീസുകാരൻ സുരേഷ് ഗോപിയുടെ ഭാവത്തിൽ മോഹൻലാലിന്റെ മാസ് ഡയലോഗും തട്ടി വിട്ടു..
"ചിത്രദീപേ.. നീ കുട്ടിയാണ് ..വെറും കുട്ടി. നിനക്ക് ഇതുപോലുള്ള പെറ്റി കേസുകൾ മാത്രമേ പറഞ്ഞിട്ടുള്ളൂ .. അതു കൊണ്ട് വല്യ വല്യ കാര്യങ്ങളൊന്നും അറിയണ്ടാന്ന്.. എന്നാ നീ വിട്ടോ മോളേ ദിനേശീ ന്ന് "
ഇതൊക്കെ കേൾക്കുമ്പഴാ നമ്മക്ക് പേരിട്ടവരെയൊക്കെ ഓടിച്ചിട്ട് തല്ലാൻ തോന്നണത് .. വല്ല "ശശിനിയെന്നോ സോമിനിന്നോ "ഒക്കെ പേരിടണ്ടതിന് പകരം ചിത്ര ദീപ ... അല്ല ഒരു കൊലപാതക കഥ കേൾക്കാൻ ഇരുന്ന നമ്മളാരായി ?? ശശിയുടെ പെങ്ങളായി.
നിങ്ങളോട് ഇനിയൊരു സത്യം പറയാം..ശരിക്കും പറഞ്ഞാൽ ഈ ശശിയൊക്കെ ഉണ്ടായത് എന്റെയൊക്കെ കാലഘട്ടത്തിലാണെന്ന് തോന്നുന്നു..എന്തിന് പറയണ് .. ഈയിടെ തെങ്ങിൽ കെടക്കണ തേങ്ങ മുതൽ വഴിയിൽ നിൽക്കണ പുല്ലു വരെ നമ്മളെ ശശീന്റെ പെങ്ങളാക്കി ..ഇനിയും ഇതുപോലെ ശശിയുടെ പെങ്ങളാവാൻ നുമ്മടെ ജന്മം ബാക്കി.. പക്ഷെ നുമ്മക്ക് അതിന്റെയൊന്നും ഒരഹങ്കാരവും ഇല്ലട്ടാ.. സത്യം ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo