Slider

മാളവിക

0

മാളവിക
'അവളുടെ അമ്മയ്ക്ക് സൂക്കേടായിരുന്നു ..
അങ്ങനെയാ അവര് മരിച്ചെ, അവൾക്കും കാണും'
പലതവണ പലരിൽ നിന്നായി മാളവികയുടെ കാതിൽ വന്നലച്ച വാക്കുകൾ.. ഇപ്പോൾ അവൾക്കതൊരു ശീലമായി. സ്കൂളിലും കോളേജിലും അവൾക്കു കൂട്ടുകാർ കുറവായിരുന്നു. കാരണം ഒരു മാനസിക രോഗിയുടെ മകളായതുതന്നെ. വിവാഹ മാർക്കറ്റിലും വില കുറവായിരുന്നു. എല്ലായിടത്തും കാണും ചില ലൈവ് റേഡിയോകൾ.
അവൾക്ക് ആറു വയസ്സുള്ളപ്പോഴാണ് അവളുടെ അമ്മ മരിക്കുന്നത്. അമ്മയ്ക്ക് ഇടയ്ക്ക് വയ്യായ്ക വരുമെന്ന് അവൾക്കറിയാം, അപ്പോൾ അമ്മ അധികം സംസാരിക്കില്ല, പാചകം ചെയ്യില്ല, മുറിയിൽ തന്നെ ചടഞ്ഞുകൂടിയിരിക്കും, കാരണമില്ലാതെ ചിരിക്കും കരയും, മിക്കപ്പോഴും ഉറക്കം തന്നെയായിരിക്കും. അങ്ങനെയുള്ള ദിവസങ്ങളിൽ അച്ഛനാണ് വീട്ടുകാര്യങ്ങളും മാളവികയുടെ കാര്യങ്ങളും നോക്കുന്നത്.
പതിവുപോലെ സ്കൂൾ വിട്ടു വന്ന് കാപ്പി കുടിച്ചുകൊണ്ടിരിക്കുന്ന സമയം അവളുടെ അച്ഛൻ ജോലികഴിഞ്ഞു വന്ന് കുളിക്കാനായി കുളത്തിൽ പോവാനൊരുങ്ങി. മാളവികയും കൂടെ പോകാൻ വാശിപിടിച്ചു. പാൽ മുഴുവൻ കുടിച്ചാൽ വിടാമെന്നായി അമ്മ. അവൾ മനസില്ലാമനസ്സോടെ അതു മുഴുവൻ കുടിച്ചു തീർത്തു.
അച്ഛന്റെ കൈയ്യിൽ തൂങ്ങി അവൾ പോകുന്നത് അവളുടെ അമ്മ നോക്കി നിന്നു. മാളവിക തിരിഞ്ഞു നോക്കിയപ്പോൾ റോസാച്ചെടികൾക്കിടയിലൂടെ അവളുടെ അമ്മ കൈവീശി കാണിച്ചു.
കുളത്തിലേക്ക് പോകും വഴിയാണ് രാമേട്ടന്റെ പലചരക്കു കട. അച്ഛൻ സോപ്പുവാങ്ങാൻ കടയിൽ കയറിയ സമയം കൊണ്ട് അവിടുത്തെ കുട്ടികളുമായി മാളവിക കളിയ്ക്കാൻ തുടങ്ങി. അച്ഛൻ അവളെ അവിടെയിരുത്തി വേഗം കുളിച്ചുവരാമെന്നു പറഞ്ഞ് കുളത്തിലേക്കു പോയി.
കുറച്ചു കഴിഞ്ഞപ്പോൾ അടുത്ത വീട്ടിലെ ആനിച്ചേച്ചിയും ലിസിയും അവളെ കൊണ്ടുപോകാനായി വന്നു. വളരെ ധൃതിപെട്ടാണ് അവർ വന്നത്. രാമേട്ടനോട് ഒന്നു മാളവികയുടെ വീടു വരെ ചെല്ലാൻ പറഞ്ഞു. ആനിച്ചേച്ചി അവളെ എടുത്തു കൊണ്ട് വേഗത്തിൽ വീട്ടിലേക്കു നടന്നു.
വീട്ടിൽ നിന്നും തീയുംപുകയും ഉയരുന്നത് മാളവികയ്ക്കു ദൂരെ നിന്നേ കാണാമായിരുന്നു. അവർ മാളവികയെ തൊട്ടടുത്തുള്ള അവളുടെ മാമന്റെ വീട്ടിലേക്കാണ് കൊണ്ടു പോയത്. അവിടെ അമ്മായി കിടന്നു കരയുന്നു. ആരൊക്കെയോ എന്തൊക്കെയോ അടക്കം പറയുന്നു. അവൾക്കൊന്നും മനസിലായില്ല. അവിടെ അവൾ ആദ്യമായൊരു വാക്കു കേട്ടു - ആത്മഹത്യ.
പിന്നെ അവൾ തന്റെ അമ്മയെ കണ്ടിട്ടില്ല. അച്ഛൻ ഇടയ്ക്ക് അമ്മയുടെ ഫോട്ടോ നോക്കി കരയുന്നതു കണ്ടതു കൊണ്ടാവാം അവൾ ആരോടും തന്റെ അമ്മയെ കുറിച്ചു ചോദിച്ചതുമില്ല.അമ്മയില്ലാത്തതിന്റെ ഒരു കുറവും അവളുടെ അച്ഛൻ അവളെ അറിയിച്ചില്ല. അവൾ പഠനത്തിൽ നല്ല മികവു പുലർത്തി. നല്ല ജോലി നേടി.
അവൾ വളർന്നു വലുതാവും തോറും അവളിലേക്കുള്ള സംശയ കണ്ണുകളും വളർന്നിരുന്നു . അമ്മയ്ക്കുണ്ടായിരുന്ന അസുഖമാണത്രേ അവൾക്കും-നാട്ടുകാർ തീരുമാനിച്ചു കഴിഞ്ഞു.
അപ്പോഴും മുറ്റത്തെ റോസാ ചെടികൾക്കിടയിൽ നിന്നുകൊണ്ട് അവളുടെ അമ്മ കൈവീശി ചിരിക്കുന്നുണ്ടായിരുന്നു.
നമുക്കു ചുറ്റും ഒരുപാട് മാളവികമാരുണ്ട് മാതാപിതാക്കളുടെയോ സഹോദരങ്ങളുടെയോ അല്ലെങ്കിൽ സ്വന്തം വൈകല്യങ്ങളോ രോഗങ്ങളോ മൂലം വെന്തുരുകുന്നവർ. അവരെ കാണാതെ പോവരുത്. സഹായിച്ചില്ലെങ്കിലും വേദനിപ്പിക്കാതിരിക്കുക..
അഞ്ജു രാഘവൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo