റിഥം
............
............
" നമുക്കൊരു യാത്ര പോയാലോ ? "
അർദ്ധരാത്രി ഒരു ഫോൺ കാൾ. പരിചയമുള്ള ശബ്ദം. അതെ അദിതിയാണു.
" താൻ വരണം. ബുള്ളെറ്റ് എടുക്കാൻ മറക്കണ്ട "
ഇത്രയും പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട് ആക്കി.
എല്ലാം മറന്നു തുടങ്ങിയതായിരുന്നു. പത്ത് വർഷത്തെ പ്രണയം. അതിനിടക്ക് നെയ്തുകൂട്ടിയ ഒരുപാട് മോഹങ്ങൾ. സ്വപ്‌നങ്ങൾ. പരസ്പരം പിരിഞ്ഞ് ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞിട്ടും ഞാൻ തന്നെ അവളെ എന്നിൽ നിന്നും പറിച്ചു മാറ്റി. വീട്ടുക്കാർക്ക് മുന്നിൽ ഞാൻ സ്വാർത്ഥനായി. വീട്ടുകാർക്ക് മുന്നിൽ അവളുടെ സ്നേഹവും അവൾക് കൊടുത്ത വാക്കും ഒന്നും ഓർത്തില്ല.
അവസാനമായി കണ്ടപ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെ അവൾ വിതുമ്പി കരയുന്നുണ്ടായിരുന്നു. കുറേ നേരം എന്നെ കെട്ടിപിടിച്ചു കരഞ്ഞു. പിന്നെ സന്തോഷായിട്ട് ഇരിക്കാൻ പറഞ്ഞു കൊണ്ട് അവൾ നടന്നകലുമ്പോൾ ഉള്ളിൽ എന്തോ തീരുമാനിച്ചിരുന്ന പോലെ തോന്നി. പിന്നെ.. പിന്നെ ദാ.. ഇപ്പോഴാണ് വിളിക്കുന്നത്
എന്തായാലും അവളെ കാണണം. എന്‍റെ കല്യാണത്തിനു ആദ്യത്തെ കത്ത് അവൾക്കു കൊടുക്കണം എന്ന് വിചാരിച്ചിരുന്നതാ..
രാവിലെ എണീറ്റപ്പോ ഫോണിൽ മെസ്സേജ് ഉണ്ടായിരുന്നു. പണ്ട് സ്ഥിരമായി കണ്ടിരുന്ന സ്കൂളിന്റെ മുന്നിൽ അവൾ കാത്തു നില്‍ക്കാമെന്ന്
വേഗം കുളിച്ചു റെഡിയായി അവളെ കാണാൻ പോയി. മാസങ്ങൾക്ക് ശേഷം അവളെ ഞാൻ വീണ്ടും കണ്ടു.
"എന്താ മാഷെ ഇങ്ങനെ നോക്കി നില്‍ക്കുന്നേ ? വണ്ടി എടുക്ക് "
ബുള്ളറ്റിന്റെ ബാക്കിലേക്ക് ചാടി കായറിയിരുന്നു കൊണ്ട് എനിക്കൊരു കൊട്ടും തന്ന് അവൾ പറഞ്ഞു.
"എങ്ങോട്ട് ? "
"ചുരം കേറി പോവാടോ. ഒരിത്തിരി ദൂരം ഡ്രൈവ്. അത്രേയുള്ളൂ "
തണുത്ത കാറ്റ് മുഖത്തേക്കും ശരീരത്തിലേക്കും ആഞ്ഞടിക്കുന്നുണ്ടായിരുന്നു. പക്ഷെ പഴയ ഓർമ്മകളാൽ ഞാൻ ചുട്ടു പഴുത്തു കൊണ്ടിരുന്നു. എന്നെ ഒന്ന് തൊടാൻ പോലും തുനിയാതെ ബാക്കിൽ എന്തൊക്കെയോ വിശേഷങ്ങൾ പറഞ്ഞു കൊണ്ട് അവൾ ഇരുന്നു. കാലത്തിനു വന്ന മാറ്റവും രാഷ്ട്രീയവും അങ്ങനെ എന്തൊക്കെയോ.
ഇടക്ക് ഞാൻ ഓർത്തിരുന്നു ഈ കാന്താരിയെയും കൊണ്ട് നേരെ അങ്ങ് പോയാലോ എന്ന്.
പക്ഷെ.. സാഹചര്യം അതെന്നും എനിക്കൊരു തടസ്സമായിരുന്നു. അവളെ സ്നേഹിച്ചപ്പോഴും അവളെ ഉപേക്ഷിച്ചപ്പോഴും സാഹചര്യങ്ങൾ തന്നെയായിരുന്നു മുന്നിൽ. ശരിയ്ക്കും ഞാൻ അവളെ തേച്ചു.
"എടോ. നിർത്തിക്കെ. നിർത്ത്. "
എന്‍റെ മായാലോകത്തു നിന്നും അവളെന്നെ പടിയിറക്കി.
വണ്ടി നിർത്തിയപ്പോഴേക്കും അവൾ ഇറങ്ങി. വലിയൊരു കൊക്കയാണ്. നല്ല ഭംഗിയുള്ള സ്ഥലം.താഴെ ചെങ്കുത്തായ പാറകൾ. മരങ്ങൾ. കാട്. എന്നിട്ടും പെണ്ണ് ആകാശം നോക്കി നിൽക്കുകയാണ്.
അവൾ ഒരുപാട് മാറിയത് പോലെ. പെരുമാറ്റവും രൂപവും എല്ലാം. ആകെ ക്ഷീണിച്ചു കോലം കേട്ടിരിക്കുന്നു.കണ്ണിനു ചുറ്റും കറുപ്പ് തളം കെട്ടിയിരുന്നു. പഴയ ചിരിയും സന്തോഷവും ഒന്നും മുഖത്തില്ല.
"അദിതി.. "
"Yes "
"എന്താടോ "
"Hows life ? "
" ഇതു ചോദിയ്ക്കാൻ ആണോ ? "
"Hows life ? "
വീണ്ടും അതെ ചോദ്യം. മറ്റൊന്നും ഇല്ല.
ശക്തമായ ചോദ്യം കൂരമ്പുകൾ പോലെ എന്നിലേക്ക് തറച്ച് ഇറങ്ങുന്നുണ്ടായിരുന്നു.
ശക്തമായ ചോദ്യം കൂരമ്പുകൾ പോലെ എന്നിലേക്ക് തറച്ച് ഇറങ്ങുന്നുണ്ടായിരുന്നു.
"നന്നായി പോവുന്നുണ്ടെടോ "
"Hows your GIRL ? "
"സുഖം "
"തനിക്ക് ഓർമ്മയുണ്ടോ എത്രയോ വൈകുന്നേരങ്ങളിൽ നമ്മൾ ഇവിടെ വന്നിട്ടുണ്ടെന്ന്. ഇവിടെയിരുന്ന് എന്റെ മടിയിൽ കിടന്ന് പറഞ്ഞിട്ടില്ലേ എന്നെ ഒരിക്കലും കൈ വിട്ടു കളയില്ല എന്ന്. എന്‍റെ കൈയിൽ ചരട് കെട്ടികൊണ്ട് പറഞ്ഞതോർമ്മയുണ്ടോ,
" മൂന്നു കെട്ട് കെട്ടിയാൽ വിവാഹം ചെയ്തു എന്നല്ലേ. കൈയിൽ ആണെങ്കിലും ഈ കെട്ട് ഞാൻ മനസ്സ് അറിഞ്ഞു കെട്ടണതാ "
എന്ന് .
എന്ന് .
എല്ലാർക്കും അസൂയ ആയിരുന്നില്ലെടോ നമ്മുടെ പ്രണയത്തിനോട്. രാവും പകലും മത്സരിച്ചിരുന്നു സംസാരിച്ചതൊക്കെ ഇന്നലെ കഴിഞ്ഞ പോലെ. ഇപ്പൊ മാസം 7 കഴിഞ്ഞു . ഒന്ന് കാണാതെ. ഒന്ന് മിണ്ടാതെ..എങ്ങനെ കഴിഞ്ഞു നമുക്ക്.. എങ്ങനെ കഴിഞ്ഞിരുന്നതാ നമ്മൾ..നീ പോയതിൽ പിന്നെ ഒരുപാട് രാത്രി പോലും ഞാൻ ഉറങ്ങിയിട്ടില്ല. യൂണിവേഴ്സിറ്റി ടോപ്പർ ആവണ്ട ആൾ സപ്ലി അടിച്ചു. ഒറ്റപ്പെട്ടു. ഇരുട്ടിനെയും മരണത്തെയും പ്രണയിച്ചു. എല്ലാവരെയും നഷ്ടപ്പെടുത്തി. പിന്നെ വീണ്ടും പഠിച്ചു പാസ്സായി. തിരിഞ്ഞ് നോക്കുമ്പോൾ നഷ്ടങ്ങൾ മാത്രം. "
ഒന്ന് മൂളാൻ പോലും എനിക്ക് കഴിഞ്ഞില്ല. ഞാനൊരു പാപിയാണെന്ന് വരെ എനിക്ക് തോന്നി പോയി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നോ. ഇല്ല. തീക്ഷ്ണമായിരുന്നു അവളുടെ വാചകങ്ങൾ.
"ഞാൻ ഓസ്‌ട്രേലിയക്ക് പോവാണ്. അതിനു മുന്നേ നിന്നെ ഒന്ന് കാണണം എന്ന് തോന്നി. അല്ലാതെ പഴയത് ഒന്നും പറഞ്ഞു ശല്യം ചെയ്യാൻ വന്നതല്ല. "
പണ്ട് അവൾ ഓസ്ട്രേലിയ എന്ന് പറയുമ്പോൾ ഞാൻ പറയുമായിരുന്നു,
"എന്നെ ഒറ്റക്കാക്കി പോവാൻ തനിക്ക് പറ്റുമൊ " എന്ന്.
ഇപ്പോള്‍ പക്ഷെ. !!
നിശബ്ദമായി കുറച്ചു നേരം ഇരുന്നു.
"അദിതി..ന്റെ കല്യാണം ആണ് 2 മാസം കഴിഞ്ഞു. കല്യാണക്കുറി ആദ്യം നിനക്ക്
തന്നെ തരാം എന്ന് കരുതി "
തന്നെ തരാം എന്ന് കരുതി "
ഞാൻ വിക്കി വിക്കിയാണോ അത് പറഞ്ഞത്. ന്റെ ശബ്ദം ഇടറിയിരുന്നോ.
"നിന്റെ കല്യാണത്തിനു ഞാൻ വരില്ല. ഹാപ്പി മാരീഡ് ലൈഫ്. "
കല്യാണ കത്തു കൊടുത്തപ്പോൾ അത്രമാത്രം അവൾ പറഞ്ഞു.
തിരികെയുള്ള യാത്രയിൽ ആരും ഒന്നും മിണ്ടിയില്ല.
തിരിച്ചു നാട്ടിൽ എത്തിയപ്പോൾ ഇറങ്ങാൻ നേരം പിന്നെയും അവൾ പറഞ്ഞു,
"എടോ. തന്റെ പെണ്ണിനോട് തന്നെ നേരെ നോക്കിക്കോളാൻ പറയണം.ഇല്ലെങ്കിൽ ഞാനൊരു വരവുണ്ട്. കുളിച്ചു കഴിഞ്ഞാൽ രാസ്നാദിപ്പൊടി പുരട്ടാൻ മറക്കണ്ട. ഇടക്കിടക്ക് ജലദോഷം വരണതാ. വണ്ടിയിൽ പോകുമ്പോൾ സൂക്ഷിച്ചു പോയ്കൊണ്ടു . അല്ല ഞാൻ ആരാ ലേ ഇതൊക്കെ പറയാൻ. "
ഒരു ബൈ പറഞ്ഞു അവൾ വിദൂരതയിലേക്ക് മാഞ്ഞു .
പിന്നീട് അവളെ ഞാൻ കണ്ടിട്ടില്ല. കാണാൻ ശ്രമിച്ചതും ഇല്ല . കല്യാണം കഴിഞ്ഞ ആദ്യനാളുകളിൽ തന്നെ ഞാനും ഭാര്യയും ഒരിക്കലും ഒരുമിക്കണ്ടവർ ആയിരുന്നില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്നും വഴക്ക്. വീട്ടിലേക്കു പോകുന്നത് തന്നെ വെറുപ്പായി തുടങ്ങി. തൊട്ടതിനും പിടിച്ചതിനും ഒക്കെ പ്രശ്നം. പിന്നീട് എപ്പോഴോ എല്ലാത്തിനോടും വെറുപ്പായി തുടങ്ങി.കുറച്ചു മാസം കഴിഞ്ഞപ്പോൾ അവൾ ഡിവോഴ്സ് വേണം എന്ന് പറഞ്ഞു ഇറങ്ങി പോയി. വീണ്ടും ഒറ്റക്ക്. അദിതിയുടെ കണ്ണീരിന്റെ ശാപം തന്നെയാവും. അവളിപ്പോൾ കല്യാണം ഒക്കെ കഴിഞ്ഞു സുഖമായി ഇരിക്കുന്നുണ്ടാവും. പറഞ്ഞിട്ട് കാര്യമില്ല. എല്ലാം ഞാനായിട്ട് വരുത്തി വെച്ചതാണ് .അവളെന്നേ എത്രത്തോളം സ്നേഹിച്ചിരുന്നതാ. !!
"എടോ "
ഹോസ്പിറ്റലിൽ പെങ്ങളു പ്രസവിച്ചു കിടക്കുന്നുണ്ട്. അവൾക്ക് മരുന്നു വാങ്ങാൻ പോകുമ്പോഴാ പിന്നിൽ നിന്നൊരു വിളി.
മീനാക്ഷി. അദിതിയുടെ ബെസ്റ്റ് ഫ്രണ്ട്.
"ഹാ. ഇതാരാ. മീനാക്ഷിയോ. "
"അതെ. "
"താനിവിടെ സൈക്കോളജിസ്റ് ആണോ ? "
"എന്തെ കണ്ടിട്ട് തോന്നുന്നില്ലേ "
"ഭയങ്കര കലിപ്പിൽ ആണല്ലോ "
"ഇല്ലെടോ. തന്നെ ഒക്കെ പിന്നെ പൂവിട്ടു പൂജിക്കണോ. താൻ ആരാന്നാ തന്റെ വിചാരം. അദിതി.. അവൾ തന്നോടു ഒരു നൂറു പ്രാവശ്യം പറഞ്ഞതല്ലേ അവളെ വിട്ടു പോവരുത് എന്ന്. അത്രക്കും ചേർത്തു നിർത്തി പത്ത് കൊള്ളാം കൊണ്ട് നടന്നിട്ട്. ആ പെണ്ണിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും തല്ലി കെടുത്തിയില്ലേ . നെഞ്ച് തകർന്നിട്ടല്ലേ അവൾ തന്നോടു അപേക്ഷിച്ചത് അപ്പൊ തനിക്ക് വീടും വീട്ടുകാരും. എന്തൊക്കെയായിരുന്നു. എന്നിട്ടിപ്പോ. "
"അതിനെന്താടോ. അവളിപ്പോ സന്തോഷായി ഇരിക്കല്ലേ. "
"സന്തോഷം. ശരിയാ. വല്യേ സന്തോഷത്തിലാ . ഒന്ന് അന്വേഷിച്ചു നോക്കി അവളിപ്പോ എവിടെയാണെന്ന്.തന്റെ തെമ്മാടിത്തത്തിന്റെ ഫലം അവൾ അനുഭവിക്കുന്നുണ്ട്. "
"മീനാക്ഷി... "
"എനിക്ക് ഡ്യൂട്ടിയുണ്ട്. "
തിരക്ക് പിടിച്ചു അവൾ പോയി മറഞ്ഞു. അദിതിക്ക് എന്ത് പറ്റി എന്ന് അറിയാൻ പിന്നീട് വലിയൊരു അന്വേഷണമായിരുന്നു.ഓസ്ട്രേലിയക്കു പോവാണെന്ന് പറഞ്ഞെങ്കിലും അവൾ നാട്ടിൽ തന്നെ ഉണ്ടായിരുന്നു. കുറേ ആത്മഹത്യാ ശ്രമങ്ങൾ നടത്തിയത്രെ .മരണത്തിനെ പ്രണയിച്ച ന്റെ അദിതി.പരാജയപ്പെടുമ്പോൾ വീണ്ടും ശ്രമിക്കും. ജീവിക്കാനും ജീവിതം അടിച്ചു പൊളിക്കാനും ഒരുപാട് ആഗ്രഹിച്ചിരുന്നവൾ മരണത്തിനെ പുൽകാൻ വെമ്പൽ കൊണ്ടത് ഞാൻ കാരണം തന്നെയല്ലേ.
ഇങ്ങനെ ഓരോന്നായി ഞാൻ അവളെ കുറിച്ച് അറിഞ്ഞു.ചങ്ക് പറിച്ചു കളയുന്ന സത്യങ്ങൾ.
ഒരുപാട് പേരോട് ചോദിച്ചു ചോദിച്ചു ഞാൻ അവസാനം അവളെ കണ്ടെത്തി. ഇരുളടഞ്ഞ ഒരു മുറിയിൽ അരക്കു താഴെ ശരീരം തളര്ന്നു കിടക്കുന്ന അദിതി. ഒന്നും ഓർമ്മയിൽ ഇല്ലാത്ത അദിതി. നോട്ടം കൊണ്ട് പോലും അവൾ ഈ ലോകത്തിന്റെ ചലനം അറിയുന്നില്ല.
ആത്മഹത്യയ്ക്കിടക്ക് പറ്റിയതാണ്. പാപത്തിന്റെ കറ എന്നിലേക്ക് പെയ്തൊഴുകുന്ന പോലെ തോന്നി.
"അദിതി. "
അവൾ വിളി കേൾക്കുന്നില്ല. അവളുടെ മുഖത്ത് തലോടിയിട്ടും അവൾ നോക്കിയില്ല. കണ്മുന്നിൽ നിന്ന എന്നെ അവൾ ഒരു നോക്ക് പോലും നോക്കിയില്ല. ഒന്നും ഓർമ്മയില്ലാത്ത ഒരു ലോകത്താണ് അവളിപ്പോൾ.
ഒരു കൊച്ചു കുഞ്ഞിനെ പോലെ ഞാൻ അവളെ നെഞ്ചോടു ചേർത്തു നിർത്തി.
"ഞാൻ നോക്കിക്കോളാം ഇവളെ.എന്ത് ചികിത്സ വേണമെങ്കിലും കൊടുക്കാം. കൊണ്ടുപോയ്‌ക്കോട്ടെ ഞാൻ ന്റെ അദിതിയെ . "
അവളുടെ അമ്മയും അച്ഛനും എതിർത്തൊന്നും പറഞ്ഞില്ല.
വീൽ ചെയറിൽ നിന്നും എടുത്ത് കാറിലേക്ക് ഇരുത്താൻ നേരം അവളുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ പൊടിഞ്ഞുവോ. അറിയില്ല.
ഒരായിരം മാപ്പ് അദിതി. നിന്നോട് ചെയ്ത തെറ്റിന്.
നിഷ്കളങ്കമായ ഒരു നോട്ടം മാത്രം മറുപടിയായി അവൾ നൽകി... !!!
................
................
Akhila R Krishna

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക