Slider

ഹമ്പട ഞാനേ....

0
ഹമ്പട ഞാനേ....
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
രാവിലെ പതിനൊന്നു മണിയായിക്കാണും
മൊബൈലെടുത്ത് നെറ്റ് ഓൺ ചെയ്ത ശേഷം ഇടക്കിടെ FB യിലേക്കും, മെസഞ്ചറിലേക്കും എത്തിനോക്കുകയും അതിനോടൊപ്പം ജോലികളിലേർപ്പെടുകയും ചെയ്യുന്ന സ്ഥിരമായ കലാപരിപാടികൾ തുടർന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കോളിംഗ്‌ ബെൽ ശബ്ദിക്കുന്നത് കേട്ടത്..
ആരായിരിക്കുമെന്ന ആകാംക്ഷയിൽ വാതിൽ തുറന്നപ്പോൾ അടുത്തയിടെ വിവാഹം കഴിഞ്ഞ അയൽപക്കത്തെ യുവമിഥുനങ്ങൾ ആണ്... ഞാനും ആ വിവാഹത്തിൽ പങ്കെടുക്കുകയും പെൺകുട്ടിയുടെ വിട്ടിലേക്ക് പോകുകയും ചെയ്തിരുന്നതാണ്.....
മണവാട്ടി പെണ്ണിനെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടു പേരും കൂടി വന്നിരിക്കുകയാണ്. അവരെ അകത്തേക്കു ക്ഷണിച്ചിരുത്തി വിശേഷങ്ങൾ ചോദിക്കുകയും, എന്റെ കുടുംബത്തെ പരിചയപ്പെടുത്തുകയും ചെയ്തു...
അടുത്തപടി അവർക്ക് കുടിക്കാനെന്തെങ്കിലും കൊടുക്കുക എന്നതാണല്ലോ?നിങ്ങൾ ഇരിക്കു ഞാനിപ്പോൾ വരാം എന്നു പറഞ്ഞപ്പോൾ അവർ ഇടക്കു കയറി പറഞ്ഞു.. കുടിക്കാനെന്തെങ്കിലും എടുക്കാനാണെങ്കിൽ വേണ്ട കേട്ടോ എന്നും പറഞ്ഞ് പോകാനായി എഴുന്നേറ്റു.... 'ഹെയ് അതൊന്നും പറ്റില്ല.. ആദ്യമായി വീട്ടിൽ വന്നിട്ട്... അവിടെയിരിക്കു' എന്ന് പറഞ്ഞ് നിർബന്ധിച്ചവരെ പിടിച്ചിരുത്തി.. എന്റെ നിർബന്ധം കാരണം നിഷേധിക്കാൻ കഴിയാതെ അവരവിടെയിരുന്നതും ഞാൻ തിരിഞ്ഞു നടന്നു..
ഫ്രിഡ്ജിൽ രണ്ട് ഓറഞ്ചിരിക്കുന്നത് ഇന്നലെ കണ്ടിരുന്നു.... വേഗം അതെടുത്ത് ജ്യൂസാക്കാമല്ലൊ എന്ന് വിചാരിച്ച് ഫ്രിഡ്ജ് തുറന്നതും ഞെട്ടിപ്പോയി. അതിരുന്ന സ്ഥലം കാലി. പടച്ചോനെ ഇതെവിടെ പോയി.. മനസ്സൊന്ന് സ്കാൻ ചെയ്തതും അതെന്റെ ഭർത്താവെന്ന വ്യക്തിയിൽചെന്ന് തട്ടിനിന്നു.... മജൂ..????? ആ നിമിഷം എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ പുള്ളിയെ പിഴിഞ്ഞ് ജ്യൂസാക്കാനുള്ള കലിപ്പോടെ ഞാൻ നിന്നു...
ഇനി ഇതൊന്നും ചിന്തിച്ചിട്ട് കാര്യമില്ലല്ലോ..
പ്രാക്ടിക്കൽ.. പ്രാക്ടിക്കൽ... മനസ്സ് മന്ത്രിച്ചു.... വേഗം ഫ്രിഡ്ജ് മൊത്തം പരതി.. കൊടുക്കാൻ പറ്റിയതൊന്നുമില്ല.. എന്റെ തിരിച്ചുവരവും കാത്തിരിക്കുന്ന നവദമ്പതികളെ ഓർത്തതും ഞാനാകെ തളർന്നു.. പോകാൻ എഴുന്നേറ്റവരെ ബലമായി പിടിച്ചിരുത്തിയ എന്റെ ബുദ്ധിശൂന്യതയെ പലവട്ടം ശപിച്ചു.. ഇനി അവരോടെന്ത് പറയും? പച്ചവെള്ളം കൊടുക്കാൻ പറ്റില്ലല്ലോ? കുറച്ച് അഭിമാനിയെന്ന് സ്വയംനടിക്കുന്ന എനിക്ക് ഇതിൽപരം നാണക്കേടുണ്ടോ?അങ്ങോട്ടുമിങ്ങോട്ടും പോകാൻ കഴിയാത്ത അവസ്ഥ.. ഇത്യാദി ചിന്തകളാൽ മനസ്സ് നൊന്ത ഞാൻ നീട്ടി വിളിച്ചു..... പടച്ചവനേ....... നീയെത്ര ദയാലു.. എന്നെയീ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുകയില്ലെ നാഥാ.....???
ചതിയും, വഞ്ചനയും, കാപട്യവുമറിയാത്ത ഒരു പാവമായതിനാലും, നിഷ്കളങ്കതക്ക് കൈയും കാലും വച്ചാൽ അത് ഞാനാകും എന്നറിയാവുന്നതിനാലും ഇത്തരം ഘട്ടങ്ങളിലെല്ലാം പുള്ളി എന്നെ കൈയയച്ച് സഹായിച്ചിട്ടുണ്ട്... ഉടനെ ചിന്താശക്തിയും, വിവേകവുമുള്ള എന്റെ മനസ്സിൽ അടുത്തതെന്ത് എന്ന ചിന്തയിൽ പുറത്തേക്കു പാഞ്ഞ കണ്ണുകൾ മുറ്റത്ത് നിൽക്കുന്ന തെങ്ങിലെ കരിക്കിൻ കുലകളിൽ ചെന്നുടക്കി നിന്നു...
എന്റെ തലക്കു മുകളിൽ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങി......( അതെങ്ങനെ എന്നൊന്നും ചിന്തിച്ച് കാടുകയറണ്ട.... ഞാനേ കണ്ടുള്ളു.. ഞാൻ മാത്രേ കണ്ടുള്ളു.... കാരണം ഇതൊക്കെ ബുദ്ധിയുള്ളവർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്) അപ്പോൾ നമ്മളെവിടെയാ നിർത്തിയത്? തെങ്ങ് കണ്ടതുവരെ അല്ലേ? ഹാ.. അതു തന്നെ...
അങ്ങനെ വേഗം വാക്കത്തിയുമെടുത്ത് പുറത്തേക്കിറങ്ങി..ഏണിയെടുത്ത്
തെങ്ങിൽ ചാരി. ഒരു നിമിഷം, ചെറുപ്പത്തിൽ എന്റെ എല്ലാ വി‌കൃതിത്തരങ്ങൾക്കും ചുക്കാൻ പിടിച്ച് സഹായിച്ച മാതാപിതാക്കളെ മനസ്സാ സ്മരിച്ചുകൊണ്ട് അതിൽ വലിഞ്ഞുകയറി ... കോണിയുടെ അറ്റത്തു നിന്ന് മുകളിലെ കുലയിൽ നിന്നും രണ്ട് ഇളംകരിക്കുകൾ പടപടെയെന്നങ്ങ് വെട്ടിയിട്ടു... ഹും നമ്മളോട കളി....ഞാനൊരു സംഭവം തന്നെ അല്ലേ... ഹോ....ആ നിമിഷം എനിക്കെന്നെയോർത്ത് വളരെ അഭിമാനം തോന്നി... ധരിച്ചിട്ടുള്ളത് ഷർട്ടല്ലാത്തതിനാൽ
കോളർ ഉയർത്താനും കഴിഞ്ഞില്ല....
ഇരിക്കാൻ പറഞ്ഞുപോയ ആളുടെ അനക്കമില്ലാത്തതുകൊണ്ടോ, വെട്ടിയിട്ടപോലെ എന്തോ വീഴുന്ന ശബ്ദം കേട്ടതുകൊണ്ടോ തെങ്ങിൽ നിന്നും ഇറങ്ങുന്നതിനു മുൻപു തന്നെ എന്താ ചേച്ചി എന്ന ചോദ്യത്തോടെ യുവമിഥുനങ്ങൾ അവിടെ ഹാജരായി...എന്റെ നിൽപ്പുകണ്ട്
ചുണ്ടിലൊരു പുഞ്ചിരിയോടെ മണവാളനും, വായ് തുറന്നപടി മണവാട്ടിയും...
വീണിടത്തു കിടന്നുരുളാൻ പണ്ടേമിടുക്കിയായതിനാൽ ഒരു ചമ്മിയ ചിരിയോടെ താഴെയിറങ്ങുന്നതിനിടയിൽ പറഞ്ഞു... ഓറഞ്ച് ജ്യൂസ് എടുക്കാമെന്നാണ് ആദ്യം വിചാരിച്ചത്.. അപ്പോഴാ എനിക്കു തോന്നിയത് നിങ്ങൾക്ക് നല്ല നാടൻ കരിക്കു ജ്യൂസു തന്നാലോ എന്ന്... നിങ്ങളവിടെ പോയിരുന്നോളു.. ..ഞാനിതായെത്തി....
മറ്റൊന്നും ഇല്ലാത്തത് കൊണ്ടാണെന്ന് അവരറിയുകയുമില്ല, അവരോടുള്ള സ്നേഹക്കൂടുതലാണെന്ന് ധരിക്കുകയും ചെയ്യും... എന്നാ ബുദ്ധിയാ.. എന്നെക്കൊണ്ട് ഞാൻ തോറ്റു....
താഴെയിറങ്ങി വേഗം തന്നെ കരിക്കുവെട്ടി കാമ്പും, വെള്ളവും പഞ്ചസാരയും ചേർത്തടിച്ച നല്ല തണുത്ത കരിക്കിൻ ജ്യൂസ്
കൊടുത്തപ്പോൾ അവരും ഹാപ്പി, ഞാനും ഹാപ്പി,.. സന്തോത്തോടെ അവരത് കുടിക്കുന്നത് നോക്കി നിന്നപ്പോൾ യഥാസമയം എന്നെ സഹായിച്ച നമ്മുടെ മറ്റേപുളളിയെ ഓർത്ത് ഒരു നന്ദിപറയാൻ മറന്നില്ല കേട്ടോ... വീണ്ടും ഗ്ളാസ്സിലേക്ക് അൽപം കൂടി പകർന്നു കൊടുത്തപ്പോൾ നിഷേധിക്കാതിരുന്നതിൽ നിന്നും അവർക്കതത്രയും ഇഷ്ടമായെന്നും മനസ്സിലായി... അങ്ങനെ എല്ലാം ശുഭകരമായി പര്യവസാനിച്ചു....
എങ്കിലും ഒരൊറ്റ കാര്യത്തിൽ മാത്രമേ എനിക്ക് ദു:ഖം തോന്നിയുള്ളു.....ഇനിയെന്നെ കാണുമ്പോഴെല്ലാം ഞാൻ തെങ്ങിൻ മുകളിൽ നിൽക്കുന്ന രംഗമാണല്ലോ ആ പെൺകുട്ടിയുടെ മനസ്സിൽ ഓടിയെത്തുക എന്നത്.. എന്നാൽ അതിനും മനസ്സൊരു ഉത്തരം കണ്ടെത്തി അഹങ്കരിച്ചു.... വിവാഹനാളുകളെ കുറിച്ചോർക്കുമ്പോൾ വ്യത്യസ്ഥമായൊരോർമയായി ഞാനും അവളുടെ മനസ്സിലൊരിടം പിടിക്കട്ടെ എന്ന്..
ഹല്ല പിന്നെ... നമ്മളോട കളി.....
( Raziya Maju)
,,,,,,,,,,,,,,,,,,,,,,,,,,,,,,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo