Slider

അമ്മൂമ്മ നല്‍കിയ പാഠം

0
അമ്മൂമ്മ നല്‍കിയ പാഠം
“എന്താടാ ചെക്കാ നീ ഇങ്ങനെ ഉറക്കം തൂങ്ങി ഇരിക്കുന്നത്?”
മനുവിനോട് അവന്റെ തൊണ്ണൂറുകാരിയായ അമ്മൂമ്മ തെല്ലു കോപത്തോടെയാണ് അത് ചോദിച്ചത്. പതിനേഴു വയസുള്ള അവന്‍ രാവിലെ പ്രാതല്‍ കഴിച്ചതുമുതല്‍ വീടിന്റെ വരാന്തയില്‍ ചടഞ്ഞുകൂടി ഇരിക്കുകയാണ്. അമ്മൂമ്മ ചൂലെടുത്ത് വീടിന്റെ ചുറ്റും വൃത്തിയാക്കി വന്നപ്പോഴാണ് ചെറുമകന്‍ കാറ്റ് പോയ ബലൂണ്‍ പോലെ ഇരിക്കുന്നത് കണ്ടതും ദേഷ്യപ്പെട്ടതും.
“ഒന്നുമില്ല അമ്മൂമ്മേ..” അവന്‍ മ്ലാനവദനനായി മറുപടി നല്‍കി.
“എന്നിട്ടാണോ നീ കുരങ്ങന്‍ ചത്ത കൊറവനെപ്പോലെ ഇരിക്കുന്നത്..എഴുന്നേറ്റ് പോയി വല്ലോം ചെയ്യടാ...” അമ്മൂമ്മ അവനെ ശകാരിച്ചു.
“എനിക്ക് വയ്യ”
“ചെറുക്കാ ഞാന്‍ നല്ല അടി വച്ചുതരും..ഒന്നും വയ്യെങ്കില്‍ പോയി വല്ലതും കളിച്ചിട്ട് വാടാ...”
“എനിക്ക് കളിക്കണ്ട..അമ്മൂമ്മ എന്നെ ഒന്ന് വെറുതെ വിടുമോ..” അവന്‍ ദേഷ്യത്തോടെ മുഖം തിരിച്ചു.
“നിന്റെ പ്രായത്തിലുള്ള പിള്ളേര് നല്ല ചുറുചുറുക്കോടെയാണ് ജീവിക്കണ്ടത്..എന്തൊരു ചെറുക്കനോ എന്തോ..”
അമ്മൂമ്മ കോപത്തോടെ അവനെ നോക്കിയിട്ട് ഉള്ളിലേക്ക് പോയി. മനു മുട്ടില്‍ മുഖം പൂഴ്ത്തി ഇരുന്നു ചിന്തിച്ചു. അമ്മൂമ്മയെ അവന്‍ മറന്നു തന്റെ ലോകത്തേക്ക് തിരിച്ചു ചെന്നു. ഹും അവളുടെ ഒരു ജാഡ. സനൂപിനെ കാണുമ്പൊള്‍ ഉള്ള ഒരു ചിരിയും കളിയും! തന്നോട് മിണ്ടാനേ ഉള്ളു അവള്‍ക്ക് മടി. വൃത്തികെട്ടവള്‍. എന്നാലും താനെന്തുമാത്രം മോഹിച്ചതാണ് അവളെ. ഇന്നലെ ഒന്ന് മിണ്ടാന്‍ ചെന്നപ്പോള്‍ അവള്‍ തന്നെ ഗൌനിക്കുക പോലും ചെയ്യാതെ പോയ പോക്ക് ഓര്‍ക്കുമ്പോള്‍ ദേഷ്യം നുരഞ്ഞ് പൊന്തുകയാണ്. ഒന്നും ചെയ്യാനുള്ള മൂഡ്‌ തോന്നുന്നില്ല. ശരീരവും മനസും ആകെ തളര്‍ന്നത് പോലെ. തന്നെ ഒന്നിനും കൊള്ളിക്കില്ല..ആ സനൂപ് ഭാഗ്യവാനാണ്. എത്ര സന്തോഷത്തോടെയാണ് അവള്‍ അവനോട് ചിരിച്ചു കളിക്കുന്നത്.
“ഇന്നാടാ..ചായ കുടിക്ക്..”
അമ്മൂമ്മ മുടന്തി മുടന്തി വന്ന് ചൂട് ചായ അവന്റെ നേരെ നീട്ടി. മനസില്ലാമനസോടെ മനു ചായ വാങ്ങി. തന്റെ മനോരാജ്യത്തിന് വിഘാതം വരുത്തിയ അമ്മൂമ്മയെ ഈര്‍ഷ്യയോടെ നോക്കിക്കൊണ്ടാണ് അവന്‍ ചായ വാങ്ങിയത്.
“ദാണ്ട്‌..ഒരു തേങ്ങാ വീണു കിടക്കുന്നു..ഈ ചെറുക്കന് ഇതെടുത്ത് അകത്തിട്ടു കൂടായോ..”
അമ്മൂമ്മ പണിപ്പെട്ടു പടികള്‍ ഇറങ്ങുന്നത് നോക്കിക്കൊണ്ട് മനു ചായ മെല്ലെ ഊതിക്കുടിക്കാന്‍ തുടങ്ങി. ചായ ഉള്ളിലേക്ക് ചെന്നപ്പോള്‍ ഒരു ഉന്മേഷമൊക്കെ അവന് തോന്നി.
തേങ്ങയും എടുത്ത് സ്വയം എന്തോ പറഞ്ഞുകൊണ്ട് വരുന്ന അമ്മൂമ്മയെ കണ്ടപ്പോള്‍ മനു അത്ഭുതത്തോടെ നോക്കി. ഈ അമ്മൂമ്മയ്ക്ക് വിശ്രമം വേണ്ടേ? കാലുകള്‍ക്ക് പഴയ ബലം ഇല്ലാത്തതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. പക്ഷെ അതൊന്നും അമ്മൂമ്മ ഗൌനിക്കാറില്ല. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടേ ഇരിക്കണം. അച്ഛനും അമ്മയും രാവിലെ ജോലിക്ക് പോയിക്കഴിഞ്ഞാല്‍ അമ്മൂമ്മ രംഗത്തിറങ്ങും. വൈകിട്ട് ജോലി കഴിഞ്ഞു വരുന്ന അമ്മയ്ക്ക് ഒന്നും ചെയ്യാനുണ്ടാകില്ല. ഈ തൊണ്ണൂറാം വയസിലും വീട്ടിലെ മൊത്തം പണികളും അമ്മൂമ്മ ചെയ്യും. അമ്മ ഇടയ്ക്കിടെ ഇങ്ങനെ ജോലി ചെയ്യുന്നതിന് അമ്മൂമ്മയെ ശകാരിക്കുമെങ്കിലും അമ്മൂമ്മയ്ക്ക് ഒരു മാറ്റവും അതുമൂലം ഉണ്ടായിട്ടില്ല. താന്‍ ഇവിടെ ഒരു പെണ്ണിന്റെ പെരുമാറ്റം കാരണം രാവിലെ മുതല്‍ ചടഞ്ഞുകൂടി ഇരിക്കുകയാണ്! ഇങ്ങനെ പല ദിവസങ്ങളിലും താന്‍ ടെന്‍ഷന്‍ അടിച്ച് ഇരുന്നിട്ടുണ്ട്. പക്ഷെ ഇത്ര നാളിനിടയ്ക്കും ഒരിക്കല്‍പ്പോലും അമ്മൂമ്മ അങ്ങനെ ഇരിക്കുന്നത് താന്‍ കണ്ടിട്ടേയില്ല! അമ്മൂമ്മയ്ക്ക് ടെന്‍ഷന്‍ ഒന്നുമില്ലേ? തല്‍ക്കാലത്തേക്ക് മനു അവന്റെ പ്രശ്നം മറന്നത് പോലെ അമ്മൂമ്മയെ നോക്കി.
“അമ്മൂമ്മേ..” ഉള്ളിലേക്ക് തേങ്ങയുമായി പോകാന്‍ തുടങ്ങിയ അമ്മൂമ്മയെ അവന്‍ വിളിച്ചു.
“എന്താടാ”
“അമ്മൂമ്മേ ഇവിടിരിക്ക്..എനിക്ക് സംസാരിക്കണം”
“പോടാ ചെറുക്കാ..അരി അടുപ്പേല്‍ കിടക്കുന്നു..നൂറു കൂട്ടം പണി ഉണ്ട്..അപ്പഴാ അവന്റെ ഒരു കിന്നാരം”
അമ്മൂമ്മ നില്‍ക്കാതെ ഉള്ളിലേക്ക് പോയപ്പോള്‍ അവന്‍ മെല്ലെ ചായ ഊതിക്കുടിച്ചു. അമ്മൂമ്മ ഉണ്ടാക്കുന്ന ചായയ്ക്ക് അസാമാന്യ സ്വാദ് ആണ്. ഏതു തരം തേയില വാങ്ങണം എന്ന് അമ്മൂമ്മ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന അച്ഛനോട് പ്രത്യേകം പറയാറുണ്ട്‌. അതേപോലെ ഓരോ സാധനവും ഇന്നിന്നത് വേണം എന്ന് അമ്മൂമ്മ പറഞ്ഞു കൊടുക്കും. അമ്മയ്ക്ക് ഇപ്പോഴും അടുക്കള കാര്യങ്ങളില്‍ വലിയ ഗ്രാഹ്യമില്ല. അമ്മൂമ്മയെപ്പോലെ ഇത്ര കൃതമായി കടുപ്പവും മധുരവും പാലും സംയോജിപ്പിച്ച് ചായ ഉണ്ടാക്കുന്ന ഒരാളെയും താന്‍ കണ്ടിട്ടില്ല. അമ്മ ഉണ്ടാക്കുന്ന ചായ കുടിക്കാതെ പലപ്പോഴും കളയുകയാണ് താന്‍ ചെയ്യാറുള്ളത്. പക്ഷെ അമ്മൂമ്മ ഉണ്ടാക്കുന്ന ചായ വീണ്ടും വീണ്ടും കുടിക്കാന്‍ തോന്നും. അമ്മൂമ്മ എന്ത് ചെയ്യുകയാണ് എന്ന് നോക്കാം എന്ന് മനസില്‍ പറഞ്ഞുകൊണ്ട് അവന്‍ എഴുന്നേറ്റു.
“അമ്മൂമ്മേ..അമ്മൂമ്മയ്ക്ക് റസ്റ്റ്‌ എടുക്കാന്‍ ഇഷ്ടമില്ലേ?”
അടുക്കളയില്‍ എത്തിയ അവന്‍ അടുപ്പില്‍ തീ ഊതിക്കത്തിക്കാന്‍ ഭഗീരഥപ്രയത്നം നടത്തിക്കൊണ്ടിരുന്ന അമ്മൂമ്മയോട് ചോദിച്ചു. അമ്മൂമ്മ അവനെ രൂക്ഷമായി ഒന്ന് നോക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.
“അമ്മൂമ്മയ്ക്ക് വേറെ ചിന്ത ഒന്നുമില്ലേ? എപ്പോഴും ഈ പണി തന്നെ പണി..പണ്ടേ അമ്മൂമ്മ ഇങ്ങനാണോ?”
മനു വിടാന്‍ ഭാവമില്ലാതെ ചോദിച്ചു. അമ്മൂമ്മ കൊച്ചുമകന്റെ പതിവില്ലാത്ത ചോദ്യങ്ങള്‍ കണ്ട് കൌതുകത്തോടെ അവനെ നോക്കി.
“നിനക്കിതെന്ത് പറ്റി? ഇപ്പഴാണോ നീ ഇതൊക്കെ കാണുന്നത്?”
“അല്ലമ്മൂമ്മേ..അമ്മൂമ്മയുടെ ഈ എനര്‍ജി ലെവല്‍ ഭയങ്കരമാണ്..എനിക്കൊക്കെ എന്ത് മടി ആണെന്നോ ജോലി ചെയ്യാന്‍..”
“എടാ മോനെ..മനുഷ്യന് പന്ത്രണ്ടു മണിക്കൂര്‍ ഉണ്ട് ജോലി ചെയ്യാന്‍. നീ വല്ലതുമൊക്കെ നേടാനോ ആകാനോ ശ്രമിച്ചാല്‍, ഈ പന്ത്രണ്ട് മണിക്കൂര്‍ തീരെ കുറവാണ് എന്ന് നിനക്ക് തോന്നും. ജോലി ചെയ്യാതെ സ്വപ്നം കണ്ടു ജീവിക്കുന്നവര്‍ക്കാണ് സമയം പോകാത്തതും ആരോഗ്യം ഇല്ലാത്തതും....അത്തരം ആളുകള്‍ നാടിനോ വീടിനോ കൊള്ളാത്തവരാണ്..ജോലി ചെയ്യണം..ചെയ്യാന്‍ പറ്റുന്നതൊക്കെ നല്ല ചുറുചുറുക്കോടെ ചെയ്യണം...”
അമ്മൂമ്മ ചട്ടിയില്‍ കിടന്ന മീന്‍ എടുത്ത് വെട്ടാന്‍ വേണ്ടി പുറത്തിറങ്ങിക്കൊണ്ട് പറഞ്ഞു.
“അല്ലമ്മൂമ്മേ..ഒരു സംശയം..അമ്മൂമ്മയ്ക്ക് ഈ അടുക്കളപ്പണി വെറും മോശം പണിയായി തോന്നിയിട്ടില്ലേ”
അമ്മൂമ്മ അവനെ നോക്കി ചിരിച്ചുകൊണ്ട് മീനുമായി നിലത്തിരുന്നു.
“എടാ മോനെ..ലോകത്തിലേക്കും ഏറ്റവും നല്ല ജോലിയാണ് വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കുന്നത്. ലോകത്തൊരു മനുഷ്യനും ആഹാരമില്ലാതെ ജീവിക്കാന്‍ പറ്റുമോ? നിനക്കെത്ര ദിവസം ഒന്നും തിന്നാതെ ജീവിക്കാന്‍ പറ്റും?” അമ്മൂമ്മ മീന്‍ വൃത്തിയാക്കിക്കൊണ്ടാണ് ചോദിച്ചത്; അവനെ നോക്കാതെ.
“എന്നാലും അമ്മൂമ്മേ ഈ അടുക്കളയും ശാപ്പാടും..മടുക്കില്ലേ?”
“നിനക്കത് സമയാസമയങ്ങളില്‍ കിട്ടുന്നത് കൊണ്ടാണ് അതിന്റെ വില അറിയാത്തത്...ഇപ്പഴത്തെ പിള്ളാര്‍ക്ക് സിനിമാക്കാരും ഓട്ടോം ചാട്ടോം നടത്തുന്നവരും ടെലിവിഷത്തില്‍ ചായം പൊരട്ടി വന്നിരുന്നു വിഡ്ഢിത്തം പറേന്ന ആള്‍ക്കാരേം ആണ് ഇഷ്ടം..അതൊക്കെ ആണ് വല്യ പണി എന്നാ നിങ്ങടെ ഒക്കെ ധാരണ..കൃഷിപ്പണി, വൈദ്യന്റെ ജോലി, പാചകം ഇങ്ങനെ മനുഷ്യര്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത പണികള്‍ ചെയ്യുന്നവര്‍ക്ക് ഒരു വേലേം ഇല്ല..അതാ ഞങ്ങള് പറേന്നത് ഇപ്പഴത്തെ തലമുറ തലതിരിഞ്ഞ, ബോധമില്ലാത്ത തലമുറ ആണെന്ന്...നീ തന്നെ ഒന്നാലോചിച്ചു നോക്ക്....സ്വപ്നം കണ്ടു ജീവിതം പാഴാക്കാതെ ഒള്ള സമയത്ത് എന്തേലും ചെയ്തുകൊണ്ടേ ഇരിക്ക്..പറ്റുന്നതൊക്കെ..”
മനുവിന്റെ മനസ്സില്‍ അമ്മൂമ്മയെക്കുറിച്ച് ഉണ്ടായിരുന്ന ധാരണകള്‍ ആകെ മാറാന്‍ തുടങ്ങിയിരുന്നു . വെറും വീട്ടുജോലിക്കാരിയുടെ സ്ഥാനത്ത് കണ്ടിരുന്ന അമ്മൂമ്മ പറഞ്ഞ വാക്കുകള്‍ മറ്റൊരാളില്‍ നിന്നും അവന്‍ കേട്ടിട്ടുണ്ടായിരുന്നില്ല. താന്‍ കരുതിയിരുന്നത് പോലെയൊന്നും അല്ല അമ്മൂമ്മ എന്ന് അവന്‍ മനസിലാക്കുകയായിരുന്നു.
“അമ്മൂമ്മേ..അമ്മൂമ്മയ്ക്ക് പേരും പ്രശസ്തിയും ഒക്കെ നേടണം എന്ന് തോന്നിയിട്ടില്ലേ?” അവന്‍ നിലത്ത് കുന്തിച്ചിരുന്നുകൊണ്ട് അമ്മൂമ്മയുടെ മനസ് അറിയാനായി ചോദിച്ചു.
“എന്തിന്? ഒരാള്‍ക്ക് എത്ര പ്രശസ്തി ഉണ്ടായാലും ഗുണം എന്താണ്? അതുകൊണ്ട് സന്തോഷമോ സമാധാനമോ കിട്ടുമോ? കുറെ ഏറെ ആളുകള്‍ അറിഞ്ഞത് കൊണ്ട് അയാള്‍ക്ക് എന്തെങ്കിലും ഗുണമുണ്ടോ? ഒരാള്‍ എത്ര വലിയവന്‍ ആയാലും അവന്റെ മോളില്‍ വേറെ ആരെങ്കിലും ഒക്കെ കാണും. അവന്‍ എപ്പോഴും ആ മുകളില്‍ ഉള്ളവരെ മാത്രമേ കാണൂ..അത് തന്നെ അവന്റെ സമാധാനം കളയും. അതുകൊണ്ട് പ്രശസ്തിയില്‍ ഒന്നും കാര്യമില്ല മോനെ. പിന്നെ നല്ല ജോലി ചെയ്ത് അതിന്റെ പേരില്‍ പത്തുപേര്‍ അറിയുന്നത് നല്ല കാര്യം തന്നെ. പക്ഷെ പേരുണ്ടാക്കാന്‍ വേണ്ടി മാത്രം ജോലി ചെയ്യുന്നത് ഏറ്റവും ഹീനമായ കാര്യമാണ്. യേശുദാസ് ഒക്കെ സ്വന്തം കഴിവ് നന്നായി ഉപയോഗിച്ചതുകൊണ്ടാണ് പേരെടുത്തത്. പേരെടുക്കാന്‍ വേണ്ടി കഴിവ് ഉണ്ടാക്കാന്‍ നോക്കിയ ആളല്ല അദ്ദേഹം. അതേപോലെ അവനവനുള്ള കഴിവുകള്‍ കണ്ടെത്തി അത് പരിപോഷിപ്പിക്കണം..അപ്പോള്‍ കിട്ടുന്ന ആത്മതൃപ്തിയെക്കാള്‍ വലുതല്ല കുറേപ്പേര്‍ നമ്മളെ അറിയുന്നതുകൊണ്ട് കിട്ടുന്നത്....എനിക്ക് ഇഷ്ടമുള്ള ജോലി ഇതാണ്..ഇതില്‍ ഞാന്‍ പൂര്‍ണ്ണ തൃപ്തയാണ്..നല്ല ആഹാരം വച്ചു തരുമ്പോള്‍ നിങ്ങളുടെ മുഖത്ത് കാണുന്ന സന്തോഷമാണ് എന്റെ ഊര്‍ജ്ജം..”
മനു അന്തം വിട്ടിരുന്നുപോയി. തന്റെ മനസ് വായിച്ചെടുത്തത് പോലെയാണ് അമ്മൂമ്മയുടെ സംസാരം. തനിക്കും പെട്ടെന്ന് പ്രശസ്തന്‍ ആകണം എന്ന മോഹമാണ്. അതിനു പല കുറുക്കുവഴികളും എപ്പോഴും ആലോചിക്കും. പക്ഷെ ഒന്നും നടക്കാറില്ല. സ്വന്തം കഴിവ് എന്താണെന്ന് അറിയാന്‍ താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല; എല്ലാവരും തന്നെ അറിയണം..പേരും പ്രശസ്തിയും പണവും വേണം..അത് മാത്രമാണ് മനസിലെ ചിന്ത. എന്നാല്‍ അതിനു കുറുക്കുവഴി ഒന്നുമില്ല എന്നാണ് അമ്മൂമ്മ പറയുന്നത്; അധ്വാനിക്കണം..നിരന്തരം.
ഒന്നും മിണ്ടാതെ അവന്‍ എഴുന്നേറ്റു. അതെ..താന്‍ ചടഞ്ഞുകൂടി ഇരുന്നാല്‍ ജീവിതത്തില്‍ ഒന്നുമാകാന്‍ പറ്റില്ല. കിട്ടുന്ന സമയം മൊത്തം താന്‍ പ്രയത്നിക്കണം. തന്റെ കഴിവുകള്‍ കണ്ടെത്തണം. അതിനെ പരിപോഷിപ്പിക്കണം. വെറുതെ ആരെയെങ്കിലും ഓര്‍ത്ത് അവരുടെ മോശം പെരുമാറ്റം മനസിലിട്ടുകൊണ്ട് നശിപ്പിക്കാന്‍ ഉള്ളതല്ല ജീവിതം. തനിക്ക് പലതും ചെയ്യാന്‍ പറ്റും..ഒരു ടൈം ടേബിള്‍ ഉണ്ടാക്കണം. അതനുസരിച്ച് വേണം ഇനിയുള്ള ജീവിതം. നല്ലൊരു ശരീരം ഉണ്ടാക്കണം....തന്റെ സ്വന്തം പച്ചക്കറിത്തോട്ടം..കലാകായിക മത്സരങ്ങള്‍..ദിവസം ഒരു മണിക്കൂര്‍ എങ്കിലും മറ്റാരെ എങ്കിലും സഹായിക്കുക..അങ്ങനെ തനിക്ക് ദിവസം തികയാതെ വരണം..ഒരു പെണ്ണും വിചാരിച്ചാല്‍ തന്റെ മനസിനെ തൊടാന്‍ സാധിക്കരുത്...തന്റെ മനസ് അത്തരം ചെറിയ ചിന്തകള്‍ക്ക് ഇനി വഴങ്ങിക്കൂടാ..അതെ..താനൊരു യന്ത്രമായി മാറണം..എപ്പോഴും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന ജീവനുള്ള യന്ത്രം..അമ്മൂമ്മയെപ്പോലെ..
മനു ഒരു കൂന്താലിയും എടുത്ത് നേരെ പറമ്പിലേക്ക് ഇറങ്ങി...

Samuel
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo