Slider

ഭാര്യ ഭാഗം - 2

0
ഭാര്യ ഭാഗം - 2
-----------------------
ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞുകൊണ്ടിരുന്നു. മഞ്ജുവും കിച്ചുവും എന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. കുഞ്ഞിനെ കാര്യത്തിലുള്ള ഇടപെടലുകൾ മൂലം ഞങ്ങൾക്കിടയിൽ ഉള്ള അകലം അല്പം കുറഞ്ഞിരിക്കുന്നു. പക്ഷെ ഒരു ഭാര്യ ഭർതൃ ബന്ധത്തിന്റെ അടുപ്പവും സ്നേഹവും ഉണ്ടായില്ല. കുഞ്ഞിന്റെ കാര്യത്തിൽ അവൾക്കുള്ള ശ്രദ്ധയും പരിപാലനവും എല്ലാവർക്കും അവളിലുള്ള താല്പര്യം വർദ്ധിപ്പിച്ചു. എനിക്കും അവളോട് കൂടുതൽ അടുക്കണമെന്ന് ആഗ്രഹം തോന്നി. പക്ഷെ തുടക്കം മുതലേ ഉള്ള പെരുമാറ്റത്തിൽ നിന്നും മാറ്റം വരുത്താൻ എനിക്ക് ബുദ്ധിമുട്ട് തോന്നി. അവളും അതിനുള്ള അവസരങ്ങൾ തന്നില്ല.
പക്ഷെ നാളുകൾ കഴിയുംതോറും മഞ്ജു എന്റെ ഹൃദയത്തിൽ കൂടുതൽ കൂടുതൽ സ്ഥാനം പിടിക്കാൻ തുടങ്ങി. അവളെ ഞാൻ പ്രണയിക്കുകയാണെന്നെനിക്ക് തോന്നി. എന്റെ ഇഷ്ടം അവൾ തിരിച്ചറിയാത്തതാണോ അതോ മനപ്പൂർവ്വം അറിയാത്ത പോലെ നടിക്കുകയാണോ എന്ന് ഞാൻ സംശയിച്ചു. മകന്റെ കാര്യങ്ങളിൽ കൂടുതൽ വ്യാപൃത ആയതുകൊണ്ട് അവൾ മുമ്പത്തേതിനേക്കാൾ സന്തോഷവതിയായിരുന്നു.
കിച്ചുവിന് ഒരു വയസ്സ് പൂർത്തിയായി. മകന്റെ പിറന്നാൾ ആഘോഷത്തിന് അഞ്ജലിയുടെ അച്ഛനും അമ്മയും വന്നിരുന്നു. അവരും അഞ്ജലിയുടെ സ്ഥാനത്ത് മഞ്ജുവിനെ കണ്ടു തുടങ്ങിയിരുന്നു. മഞ്ജു എല്ലാവരോടും സ്നേഹത്തോടെ തന്നെ പെരുമാറി.
അന്ന് രാത്രി കൂട്ടുകാർക്കൊപ്പം അല്പം മദ്യപിച്ചാണ് വീട്ടിലെത്തിയത്. മഞ്ജുവിനെ കല്യാണം കഴിച്ചതിൽ പിന്നെ ആദ്യമായാണ് മദ്യപിക്കുന്നത്. മദ്യത്തിന്റെ പിൻബലത്തിൽ അവളോട് മനസ്സ് തുറന്ന് സംസാരിക്കണം എന്ന് നിശ്ചയിച്ചാണ് വീട്ടിൽ എത്തിയത്. അവൾ ഏത് രീതിയിൽ പ്രതികരിക്കും എന്നൊരു രൂപവും എനിക്ക് ഉണ്ടായിരുന്നില്ല. എന്നാലും ഇന്ന് മനസ്സ് തുറന്ന് സംസാരിക്കണം എന്ന് ഉറപ്പിച്ചു.
വീട്ടിൽ ചെന്ന് കയറി. ഞാൻ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായതോടെ അമ്മയുടെ മുഖം വല്ലാതായി. അവളുടെ പ്രതികരണം എന്താവും എന്ന് ചെറിയൊരു ആശങ്ക എനിക്കുണ്ടായി. പക്ഷെ അവൾ യാതൊരു ദുർമുഖവും കാണിച്ചില്ല. പതിവ് പോലെ എല്ലാ കാര്യങ്ങളും ചെയ്തു. എങ്ങനെ സംസാരിച്ചു തുടങ്ങണം എന്ന ചിന്തയിൽ ഞാനും ഇരുന്നു.
രാത്രി എല്ലാ ജോലികളും തീർത്ത് അവൾ മുറിയിലേക്ക് വന്നു. അപ്പോളേക്കും കിച്ചു നല്ല ഉറക്കം പിടിച്ചിരുന്നു. മേല്കഴുകി കിടക്കാനുള്ള തയ്യാറെടുപ്പിലാണവൾ. ഞാൻ അവളെ നോക്കി. എന്നെ ശ്രദ്ധിക്കാതെ അവൾ ഓരോന്ന് ചെയ്യുന്നു. മകനെ പുതപ്പിക്കുന്നു, ഉമ്മ കൊടുക്കുന്നു. ഞാൻ വല്ലാതെ അസ്വസ്ഥനായി. മഞ്ജുവിനോട് അടുക്കാൻ കഴിയില്ലെന്ന തോന്നൽ എന്നെ ഭരിക്കാൻ തുടങ്ങി. ഇനിയും ഇതിങ്ങനെ പോയാൽ മതിയാവില്ലെന്ന തോന്നലിൽ ഞാൻ പെട്ടെന്നവളെ കെട്ടി പിടിച്ചു. അപ്രതീക്ഷിതമായത് സംഭവിച്ചതിനാലാവണം അവളൊന്ന് ഞെട്ടി. പിന്നെ എന്തോ ഓർത്തപോലെ ചെറുതായി പുഞ്ചിരിച്ചു. അതെനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകി. ആദ്യ ചുംബനം അവളുടെ അധരങ്ങളിൽ തുടങ്ങുമ്പോൾ അവളിൽ ഒരു വിറയൽ ഉണ്ടായി. അവളിലെ പെണ്ണിനെ തഴുകിയുണർത്തുമ്പോൾ തടയാനെന്നോണം അവൾ കൈകളുയർത്തി. പിന്നെ അത് പതിയെ താണു. ഇത്രയും നാളത്തെ അകൽച്ചയൊന്നും ആ നേരത്തെ വികാര പൂർത്തീകരണത്തിന് തടസ്സമായില്ല.
അന്നത്തെ ബന്ധം ഞങ്ങൾക്കിടയിലെ അകൽച്ചയുടെ നേർത്തപാളികൾ പോലും തുടച്ച് നീക്കി. മഞ്ജു കൂടുതൽ അടുത്തിടപഴകാൻ തുടങ്ങിയിരുന്നു. പക്ഷെ, അന്ന് ഞാനൊരു സത്യം മനസ്സിലാക്കി. മഞ്ജു കന്യകയായിരുന്നു. രണ്ടാം വിവാഹക്കാരിയായ എന്റെ ഭാര്യ കന്യകയായിരുന്നു എന്ന അറിവ് എന്നിൽ വല്ലാത്ത അത്ഭുതമാണുണ്ടാക്കിയത്. പത്തു ദിവസത്തെ ദാമ്പത്യമെ അവൾക്കുണ്ടായിരുന്നുള്ളു. എങ്കിലും കന്യകയായിരുന്നവൾ ഒരു കുഞ്ഞുള്ള എന്നെ വിവാഹം ചെയ്യാൻ എന്ത്കൊണ്ട് തയ്യാറായി എന്ന ചിന്ത എന്നെ അലട്ടി. അത് അവളോട് ചോദിയ്ക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
അവൾ എന്നോട് കൂടുതൽ അടുത്തിടപഴകാൻ തുടങ്ങിയത് മുതൽ എനിക്ക് വല്ലാത്തൊരാശ്വാസം അനുഭവപ്പെട്ടു. എങ്കിലും ചിലത് അറിയാൻ മനസ്സ് കൊതിച്ചു. മുമ്പത്തെ പോലെ തുറന്ന് സംസാരിക്കാൻ ഒരവസരത്തിനു വേണ്ടി കാത്തിരിക്കേണ്ടി വന്നില്ല. ഞങ്ങളുടേത് മാത്രമായ ഒരു വേളയിൽ ഞാൻ അവളോട് ചോദിച്ചു. കുറച്ച് നേരത്തേക്ക് മറുപടിയൊന്നും കിട്ടിയില്ല. നിർവികാരമായി അവൾ എവിടേക്കോ നോക്കിയിരുന്നു. പിന്നെ മെല്ലെ പറഞ്ഞു തുടങ്ങി.
ശരത്. അതായിരുന്നു എന്റെ ആദ്യ ഭർത്താവിന്റെ പേര്. വീട്ടുകാർ ഉറപ്പിച്ച ബന്ധം. എനിക്ക് ചെറിയ താല്പര്യക്കുറവുണ്ടായിരുന്നു. വീട്ടിൽ നിന്നും വിട്ട് പോകുന്ന വിഷമം. അതായിരുന്നു കാരണം. പക്ഷെ എതിർക്കുന്നതിൽ ഫലമൊന്നുമില്ല എന്നറിയാവുന്നതുകൊണ്ട് അതിന് നിന്നില്ല. കല്യാണത്തിന് മുൻപ് കൂടുതൽ അടുത്തിടപഴകാൻ അവസരം കിട്ടിയില്ല. കിട്ടിയ അവസരങ്ങളിൽ ഞാൻ പരമാവധി ഒഴിഞ്ഞു മാറാൻ ആണ് ശ്രമിച്ചത്. പക്ഷെ ശരത്തേട്ടൻ ഒരു വിരോധവും പ്രകടിപ്പിച്ചില്ല. കല്യാണം കഴിഞ്ഞ ആദ്യ രാത്രിയിൽ ഭയത്തോടെയാണ് ഞാൻ ചെന്നത്. പക്ഷെ ശരത്തേട്ടൻ വളരെ സ്നേഹമുള്ള ആളായിരുന്നു. ഞാൻ പറയാതെ തന്നെ എന്റെ പരിഭ്രമത്തിന്റെ കാരണം അദ്ദേഹം മനസ്സിലാക്കി. പരസ്പരം മനസ്സിലാക്കാനും സ്നേഹിക്കാനും അല്പം സമയം വേണമെന്ന് പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ സമ്മതിച്ചു തന്നു. ഒരു ജീവിതം മുഴുവൻ കൂടെയുണ്ടാവുമെന്നും എന്നെങ്കിലുമൊരിക്കൽ ഉള്ളറിഞ്ഞ് സ്നേഹിച്ചാൽ മതിയെന്നും പറഞ്ഞപ്പോൾ എനിക്ക് ശരത്തേട്ടനോടുള്ള മതിപ്പും ബഹുമാനവും സ്നേഹവും കൂടുകയായിരുന്നു.
ദിവസങ്ങൾ കൊണ്ട് തന്നെ ഞാൻ അദ്ദേഹത്തെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു. എല്ലാ അർത്ഥത്തിലും എന്നെ മനസ്സിലാക്കുന്ന ഒരാളായിരുന്നു അദ്ദേഹം. പക്ഷെ ആ സ്നേഹം അധികം അനുഭവിക്കാൻ എനിക്ക് ഭാഗ്യമുണ്ടായില്ല. എന്നെ എന്റെ വീട്ടിലേക്ക് കൊണ്ട് വിട്ട് ആരെയോ കാണാൻ എന്ന് പറഞ്ഞു പോയതാണ്. അച്ഛൻ വന്ന് എങ്ങോട്ടോ പോകാനുണ്ടെന്ന് പറഞ്ഞു. ശരത്തേട്ടനെ വിളിച്ച് പറയാൻ നോക്കിയപ്പോൾ കിട്ടിയില്ല. നിവൃത്തിയില്ലാതെ അച്ഛന്റെ കൂടെ പോകേണ്ടി വന്നു. ആ യാത്ര തിരിച്ച് ശരത്തേട്ടന്റെ വീട്ടിലേക്കാണെന്ന് എനിക്കറിയില്ലായിരുന്നു.
അവിടെ ആൾകൂട്ടം കണ്ട് പരിഭ്രമിച്ച് ഞാൻ അകത്തേക്ക് കയറി ആദ്യം തിരഞ്ഞത് ശരത്തേട്ടനെയാണ്. കരഞ്ഞു നിലവിളിക്കുന്ന 'അമ്മ എന്നെ കണ്ടതോടെ ഒന്നുകൂടി ഉച്ചത്തിൽ കരയാൻ തുടങ്ങി. ആ നിലവിളിയിൽ നിന്നാണ് ഞാൻ ആ സത്യം തിരിച്ചറിഞ്ഞത്. ബോധരഹിതയായി വീണ ഞാൻ പിന്നെ ഉണർന്നത് മണിക്കൂറുകൾ കഴിഞ്ഞാണ്. അപ്പോളേക്കും അദ്ദേഹത്തെ കൊണ്ട് വന്നിരുന്നു. ആരൊക്കെയോ താങ്ങി എന്നെ അടുത്ത് കൊണ്ടിരുത്തി. എന്തോ എനിക്കപ്പോൾ കരയാൻ തോന്നിയില്ല. കുറെ നേരം ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. ആരോ വന്നു പറഞ്ഞു; എടുക്കാനായി എന്ന്. അപ്പോളാണ് തനിച്ചാകാൻ പോകുന്നു എന്നെനിക്ക് തോന്നിയത്. ഞാൻ ആ കാലിൽ പിടിച്ചു. ആരൊക്കെയോ ബലമായി പിടുത്തം വിടുവിച്ചു. ഞാൻ ഉറക്കെ നിലവിളിച്ചു, സ്വബോധം നഷ്ടപ്പെടും വരെ.
പിന്നെ ദിവസങ്ങളോളം എന്നെ മയക്കികിടത്തുകയായിരുന്നു. അതല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ലായിരുന്നു. പതിയെ നിലവിളി കരച്ചിൽ ആയി. പിന്നെ അത് കണ്ണുനീർ മാത്രമായി. ഒടുവിൽ അതും നിലച്ച അവസ്ഥയായി. പിന്നെ ആരോടും മിണ്ടാതെയായി. ഏറെ ദിവസങ്ങൾ കഴിഞ്ഞ് ഞാൻ നോർമൽ ആകുമ്പോളേക്കും എന്നെ എന്റെ വീട്ടിലേക്ക് കൊണ്ട് പോയിരുന്നു. വീട്ടുകാർ പറഞ്ഞാണ് ഇത്രയുമൊക്കെ സംഭവിച്ചത് ഞാൻ തിരിച്ചറിയുന്നത്. ഓർത്തെടുക്കാൻ ഇപ്പോളും എനിക്കാവുന്നില്ല.
തിരികെ ശരത്തേട്ടന്റെ വീട്ടിലേക്ക് പോകാൻ ഞാൻ വാശി പിടിച്ചു. പക്ഷെ ആരും അനുവദിച്ചില്ല. നിർബന്ധമായി ഞാൻ പോയി. പക്ഷെ എനിക്കായി ഇനി അവിടെ ഒന്നും ബാക്കിയില്ലായിരുന്നു. ഒടുവിൽ അമ്മയും അച്ഛനും എന്നെ സ്നേഹപൂർവ്വം നിർബന്ധിച്ച് തിരിച്ചയച്ചു. കുറെ കഴിഞ്ഞപ്പോൾ കല്യാണക്കാര്യം പറയാൻ തുടങ്ങി. അതും എതിർത്തു. പക്ഷെ പോകെ പോകെ ഞാൻ എല്ലാവർക്കും ഒരു ഭാരമായേക്കും എന്ന് തോന്നിയപ്പോ മറ്റു നിവൃത്തി ഉണ്ടായില്ല. മനസ്സില്ലാമനസ്സോടെ ആണ് സമ്മതം മൂളിയത്.
എന്നെ കാണാൻ ആദ്യം വന്നത് ഹരിയേട്ടനാണ്. ആളുകളുടെ മുമ്പിൽ കെട്ടിയൊരുങ്ങി കൂടുതൽ നില്ക്കാൻ താല്പര്യാമില്ലാത്തതുകൊണ്ടാണ് ഞാൻ ആദ്യമേ സമ്മതിച്ചത്. പിന്നെ ഒരു മകനുണ്ടെന്ന് പറഞ്ഞതും എന്റെ സമ്മതത്തിന് കാരണമായി. അവന്റെ കളിയും ചിരിയും ആ അവസ്ഥയിൽ ആശ്വാസമായിരിക്കും എന്ന് തോന്നി. എനിക്ക് തെറ്റിയില്ല. പ്രസവിക്കാതെ തന്നെ ഒരമ്മയാകാനുള്ള മഹാ ഭാഗ്യം എനിക്ക് കിട്ടി. കിച്ചു കാരണമാണ് ഞാൻ ഇത്ര വേഗം ഈ വീടും ഇവിടെയുള്ളവരും ഒക്കെയായി പൊരുത്തപ്പെട്ടത്. ഇപ്പോൾ ഞാൻ ഏറെ കുറെ ആശ്വാസത്തിലാണ്‌. അമ്മയായും മരുമകളായും ഇപ്പോൾ ഭാര്യയും പൊരുത്തപ്പെട്ട് ജീവിക്കാൻ എനിക്ക് സാധിക്കുന്നുണ്ട്. ഇല്ലേ ഹരിയേട്ടാ...?
അവളുടെ ചോദ്യത്തിന് ഒരു മൂളൽ മാത്രമായിരുന്നു എന്റെ മറുപടി.
നിനക്ക് കുറച്ച് കൂടി നല്ല ആലോചനകൾ നോക്കാമായിരുന്നു മഞ്ജു...
അവൾ എന്നെ നോക്കി പുഞ്ചിരിച്ചു. പിന്നെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. പിന്നീട് ആ വിഷയം ഞങ്ങൾ സംസാരിക്കുകയുണ്ടായില്ല.
ദിവസങ്ങളും ആഴ്ചകളും നീങ്ങി. സന്തോഷത്തോടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുമ്പോളാണ് ആ വാർത്ത ഞങ്ങളെ തേടിയെത്തിയത്. എന്റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് അവൾ പറഞ്ഞു അവളൊരമ്മയാകാൻ പോകുന്നു എന്ന്. എന്തെന്നില്ലാത്ത സന്തോഷം തോന്നി എനിക്ക്. പക്ഷെ അടുത്ത നിമിഷം അതൊരു കനലായി എരിയാനും തുടങ്ങി. സ്വന്തമായി ഒരു കുഞ്ഞ് ജനിച്ച് കഴിയുമ്പോൾ കിച്ചുവിന്റെ കാര്യം എന്താകും എന്ന ചിന്ത എന്നെ വല്ലാത്ത ആശങ്കയിലാഴ്ത്തി. പക്ഷെ അത് പുറത്ത് കാണിക്കാതെ അവളെ നെഞ്ചോട് ചേർത്ത് നിർത്തി. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം മഞ്ജുവിന്റെ മുഖത്ത് കാണാമായിരുന്നു. ഇന്ന് വരെ കാണാത്ത തിളക്കം ആ കണ്ണുകളിൽ ഞാൻ കണ്ടു. അവളുടെ സന്തോഷം ഉള്ളിൽ കുളിർമഴ പെയ്യിക്കുന്ന അനുഭൂതിയായിരുന്നെങ്കിലും ഒരു അഗ്നിപർവതം പോലെ ആ സത്യം ഉള്ളിലിരുന്നു പുകഞ്ഞു.
(തുടരും)

Samini 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo