Slider

കുരിശു ചുമക്കുന്നവന്‍ കഥ

0
കുരിശു ചുമക്കുന്നവന്‍
കഥ
വര്‍ക്കിക്ക് അത്താണിയോടുള്ള കലിപ്പ് നാട്ടിലെല്ലാവര്‍ക്കും അറിയുന്നതാണ്. അതൊരു രാഷ്ട്രീയകലിപ്പു മാത്രമാണെന്നതിനാല്‍ അതര്‍ഹിക്കുന്ന പുച്ഛത്തോടെ അവര്‍ അതു തള്ളിക്കളഞ്ഞിരുന്നു. കാലൊടിക്കാന്‍ പോന്ന കലികയറിയ ഒരു കലിപ്പായിരുന്നു അതെന്നറിഞ്ഞ ജനം ,പക്ഷെ ,ചിരിക്കണോ കരയണോ എന്നറിയാതെ '' ന്നാലും, ന്റെ വര്‍ക്കീ !'' എന്നു പറഞ്ഞുകൊണ്ട് ആസ്പത്രിവരാന്തയില്‍ ഇതികര്‍ത്തവ്യാമൂഢരായി പരുങ്ങിനടന്നു.
ആരു കേട്ടാലും '' ന്നാലും ന്റെ വര്‍ക്കീ,'' എന്ന് ദീര്‍ഘശ്വാസം വലിച്ചേക്കാവുന്ന സംഭവമായിരുന്നു അത്.. ആന പിടിച്ചാലും കുലുങ്ങാത്ത അത്താണിയുടെ മേല്‍ക്കല്ല് കാര്‍ട്ടൂണ്‍ പോലെ ദ്വിമാനതലങ്ങള്‍ മാത്രമുള്ള വര്‍ക്കി തള്ളിയിട്ടുവെന്നത് അവിശ്വസനീയമാണെങ്കിലും വിശ്വസിക്കാന്‍ വേണ്ട തെളിവുകളുണ്ട്. കല്ലു വീണ് അയാളുടെ ഇടതുകാല്‍പ്പത്തി ചതഞ്ഞ് ചമ്മന്തിപ്പാകമായത് കണ്ടില്ലെന്നു നടിക്കാനാവില്ല. ഇടതുകാല്‍പ്പത്തി തന്നെ അപായപ്പെട്ടത് യാദൃച്ഛികമാകാമെങ്കിലും അതിലെ രാഷ്ട്രീയ സൂചന പ്രബുദ്ധരായ നാട്ടുകാര്‍ക്ക് ചായക്കടചര്‍ച്ചക്ക് ഒരു വിഷയമായിരുന്നു.
വര്‍ക്കിയുടെ ചിന്തയേയും പ്രവൃത്തിയേയും നിയന്ത്രിച്ചത് പാര്‍ട്ടിയുടെ പഠനശിബിരങ്ങളില്‍ കേട്ടുറച്ച സാമൂഹ്യപാഠങ്ങളായിരുന്നു. വിയര്‍ത്തുകുളിച്ച് അദ്ധ്വാനിക്കുകയും കഴുത്തിലെ ഞരമ്പുകള്‍ ത്രസിക്കുംമട്ടില്‍ ഭാരം ചുമക്കുകയും ചെയ്തുപോന്ന അയാള്‍ക്ക് വര്‍ഗ്ഗസമരത്തില്‍ തന്റെ ചേരിയേതെന്നും അതില്‍ തന്റെ ധര്‍മ്മമെന്തെന്നും വ്യക്തമായ ധാരണയുണ്ടായിരുന്നു.അദ്ധ്വാനാനന്തരം വെെകുന്നേരങ്ങളില്‍ ഷാപ്പിലെ വെള്ളം ആവോളം തേവി മനസ്സും ശരീരവും അയഞ്ഞു തുടങ്ങുമ്പോഴാണ് അയാളുടെ സ്വധര്‍മ്മബോധം ഗീതയായി പുറത്തുവരുന്നത്.
വര്‍ഗ്ഗപോരാട്ടത്തിന്റെ ഭൂമിക തെക്ക് അരിച്ചാന്‍കുന്നും പടിഞ്ഞാറ് ചാലക്കുടിപ്പുഴയും വടക്കുകിഴക്ക് ഗ്രാമത്തെ വളഞ്ഞുപിടിക്കുന്ന പുഞ്ചപ്പാടവും അതിര്‍ത്തിയായ അയാളുടെ സ്വന്തം കുഴൂരുതന്നെ.അയാള്‍ സ്വപ്നം കാണുന്ന വിപ്ലവനാള്‍, തെക്ക്‌ അരിച്ചാന്‍കുന്നില്‍ നിന്ന് അവിടെ കുടിയേറി പാര്‍ക്കുന്ന ആശാരിമൂശാരിമാര്‍ വര്‍ഗ്ഗശത്രുക്കളെ അരിഞ്ഞരിഞ്ഞ് വടക്കോട്ട് നീങ്ങും. വടക്കും കിഴക്കും കുടില്‍കെട്ടിപാര്‍ക്കുന്ന കൂലിവേലപ്പണിക്കാര്‍ വര്‍ഗ്ഗശത്രുക്കളെ അരിഞ്ഞുവീഴ്ത്തി പടിഞ്ഞാട്ടു തള്ളിക്കയറും. മൂന്നു ദിശകളില്‍ നിന്നെത്തുന്ന വിപ്ലവപോരാളികള്‍ പുഴക്കരയ്ക്കല്‍ പടിപ്പുരയും നാലുകെട്ടും കെട്ടിപ്പാര്‍ക്കുന്ന മനക്കാരുടെ പടിക്കല്‍ സന്ധിച്ച് ഒരു കൂട്ട അരിച്ചില്‍ ആഘോഷിക്കും.ചോരപ്പുഴ.ഹായ് !
,റോഡിന്റെ ഇരുവശങ്ങളിലുമുള്ള എല്ലാ ജന്മി -മുതലാളി -ബൂര്‍ഷ്വാ-പിന്‍തിരിപ്പന്‍ -വര്‍ഗ്ഗീയവാദികളുടേയും ഭവനങ്ങള്‍ ആടിയാടി അടയാളപ്പെടുത്തിക്കൊണ്ട് നടക്കുന്നതിനിടയില്‍ ഒരു ദിവസമാണ് ജീവിതത്തില്‍ വഴിത്തിരുവുണ്ടാക്കിയ ആ അടയാളം അയാളുടെകണ്ണില്‍ പെട്ടത്. രണ്ടു കല്‍ത്തൂണുകളും അവക്കുമേലേ പാലം വെച്ചപോലെ മറ്റൊരു കല്ലും അയാളുടെ വഴിമുട്ടിച്ചു നില്‍ക്കുന്നു. വേലിയല്ല ; മതിലല്ല. അയാള്‍ കണ്ണുതിരുമ്പി നോക്കി.
''ങ്ആ, ഇതാര് ? മ്മ്ടെ അത്താണിയല്ലേ? സ്വര്‍ഗ്ഗരാജ്യത്ത്ന്ന് പരിശുദ്ധപിതാവ് പറഞ്ഞുവിട്ടതാവും, ല്ലേ? അദ്ധ്വാനിച്ചും ഭാരം ചുമന്നും ക്ഷീണിച്ച വര്‍ക്കിയോട് ദയാമയനായ പിതാവിന്റെ ഒരു സ്നേഹം.. പ്ഫ ! ''
പിന്നെപ്പിന്നെ അതൊരു പതിവായപ്പോള്‍ വര്‍ക്കിയുടെ അത്താണിവെെരാഗ്യത്തിന്റെ കഥ നാട്ടില്‍ പാട്ടായി. .ഭാരം ചുമക്കുന്നവരുടെ സഖാവായ അത്താണി വര്‍ക്കിയെ പ്രകോപിപ്പിക്കുന്നതെന്തുകൊണ്ടെന്ന് ചായക്കടകളില്‍ ഉറക്കെയുറക്കെ ചര്‍ച്ചചെയ്യപ്പെട്ടു.
ആ രഹസ്യത്തിന്റെ ചുരുളഴിച്ചത് വര്‍ക്കിയുടെ സഹസഖാവ് വിജയനാണ്.
'' നീയ്യെന്തിനാണ്‍ടാ, ഒരൊപദ്രവോം ചെയ്യാത്ത ഈ അത്താണി നോക്കി ചെലക്കണത് ?'എന്ന വിജയന്റെ ചോദ്യം കേട്ട് വഴിയളന്നുകൊണ്ട് നടന്ന വര്‍ക്കിയിലെ സഖാവ് പൊട്ടിത്തെറിച്ചു പുറത്തുചാടി.
'' പ്ഫ '' എന്ന ആട്ടിന്റെ ആഘാതവും അതിനൊപ്പം ചിന്നിയ തീപ്പൊരികളും വിജയന്റെ കണ്ണും കാതുമടപ്പിക്കാന്‍ പോന്നവയായിരുന്നു.''വഞ്ചകനും തിരുത്തല്‍വാദിയുമായ ഇവനെയൊന്നും വെച്ചുപൊറുപ്പിക്കരുത്. അദ്ധ്വാനിക്കുന്നോര്‍ക്കും ഭാരം ചുമക്കുന്നോര്‍ക്കും കരിങ്കല്ലത്താണി;തിന്നുകൊഴുത്ത ബൂര്‍ഷ്വക്ക് മണിമാളിക. നിന്റെയൊക്കെ ദിവസം അടുത്തു. പ്ഫ,പൊലയാടി..........''
വരാനുള്ളതു വരും എന്ന പഴമൊഴിയിലും വര്‍ഗ്ഗസമരത്തിന്റെ അനിവാര്യതയിലും വിശ്വസിച്ച സഖാവു് വിജയന്‍ അന്നത്തോടെ പിന്‍മാറി.
ചതഞ്ഞരഞ്ഞ ഇടതുകാലിനെപ്പറ്റി ഫലിതങ്ങള്‍ പറഞ്ഞും ഇടവിട്ടിടവിട്ട് ബീഡിവലിച്ചും ആസ്പത്രിവളപ്പില്‍ സഖാക്കള്‍ പരുങ്ങുമ്പോള്‍ പേപിടിച്ച ഒരു സ്വപ്നലോകത്ത് നൊന്തും ഞരങ്ങിയും കിതച്ചും കുഴഞ്ഞുമറയുകയായിരുന്നു വര്‍ക്കി. തൊപ്പിയും മീശയുമുള്ള ആരൊക്കയോ അയാളുടെ തോളില്‍ ഒരു കനത്ത കല്ല് കെട്ടിവെയ്ക്കുന്നു. അവര്‍ അയാളെ ഒരു ചെങ്കുത്തായ കുന്നിന്‍മുകളിലേക്ക് തെളിക്കുന്നു. കൂര്‍ത്ത മുള്ളുകള്‍ അയാളുടെ കാലടികളില്‍ കുത്തിക്കേറുന്നു. ആണികള്‍ തുളച്ചുകയറുന്നതു പോലെ നെറ്റിത്തടം പൊളിയുന്നു.
'' വെള്ളം '' വരണ്ട ചുണ്ട് നാവുകൊണ്ട് നനച്ചുകൊണ്ട് അയാള്‍ അവ്യക്തമായി മൊഴിഞ്ഞു.
''ദെെവദോഷം പറയുമ്പോ വെള്ളത്തിലായിരുന്നില്ലേ ? കൊറച്ചു നേരം വെള്ളം കുടിക്കാതെ കെടക്ക്. '' നഴ്സിന്റെ വാക്കുകള്‍ പരുഷവും കര്‍ക്കശവുമായിരുന്നു.
അവര്‍ പറയുന്നതെന്തെന്ന് അവര്‍ക്കറിയാമായിരുന്നു, അവര്‍ അവനെ ക്രൂശിക്കുകയായിരുന്നു.

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo