Slider

എന്റെ കുടവയർ

0
ചെരിപ്പിടാൻ ശ്രമിച്ചിട്ടു കാണാൻ പറ്റുന്നില്ല. അത്രക്കുണ്ട് എന്റെ കുടവയർ !!!
കുടവയർ മാത്രം അല്ല പ്രെഷറും, ഷുഗറും, കൊളസ്ട്രോളും ഉണ്ട് കൂട്ടിനു.. പക്ഷേ കുറ്റം പറയരുത് !
ഞാൻ കൃത്യമായി മരുന്ന് കഴിക്കുന്നത്‌ കൊണ്ട് എല്ലാം ഒരു വിധം കൺട്രോളിൽ ആണ്
ഒടുവിൽ അന്ധനെ പോലെ അതു കാല് കൊണ്ട് തേടിപ്പിടിച്ചു ഇട്ടിട്ടു പതിയെ ബാത്‌റൂമിൽ പോയിട്ട് വന്നു.
ഒരു ഹെർണിയ സർജെറിക് ശേഷം ഉള്ള ലീവിലാണ്. അടങ്ങി ഇരുന്നു ശീലമില്ലാത്ത കൊണ്ട് തന്നെ വീട്ടിലിരിപ്പ് മടുപ്പാണ്
മക്കൾക്കു രണ്ടു പേർക്കും രണ്ടു ദിവസം കഴിഞ്ഞാൽ മധ്യ വേനലവധി തുടങ്ങുമെന്നതായിരുന്നു ആശ്വാസം.. ചട്ടിയും കലങ്ങളുമായി തട്ടിയും മുട്ടിയും ഇരിക്കലോ
അങ്ങനെ അവരുടെ കൂടെ ഇരിക്കുന്നത് സ്വപ്നവും കണ്ടിരിക്കുന്ന എന്റെയടുത്തേക്കു രണ്ട് പേരും വെളിയിലേക്കു പോകാൻ ഉടുപ്പും മാറ്റി, ഒരു ബാഗും തൂക്കി വന്ന കണ്ടു ഞാൻ ഞെട്ടി
"അച്ഛാ അപ്പൂപ്പന്റെ അടുത്ത് പോയിട്ട് വരാം "മകളാണ് ... പ്ലസ് ടു കാരി
എല്ലാ അവധിക്കും അങ്ങോട്ട്‌ പോണത് രണ്ട് പേരുടെയും പതിവാണ്. എനിക്കും അവൾക്കും അവധികൾ ഇല്ലാത്തതു കൊണ്ട് അവര് തന്നെയാണ് പോക്ക്
"നിങ്ങൾക്കിന്നു തന്നെ പോണോ ?ഞാൻ ഒരു ആന്തലോടെ ചോദിച്ചു
"പിന്നെ ഇല്ലാതെ!... അപ്പൂപ്പന് വാക്ക് കൊടുത്തിട്ടുള്ളതാ".. മകൻ ആണ്
ഹോ എന്റെ വാക്കാണെങ്കിൽ പഴയ ചാക്കിനേക്കാൾ കഷ്ടം ആണ്. ഇന്ന് വരാം നാളെ വരാം എന്ന് പറഞ്ഞത് കേട്ടു മടുത്ത കൊണ്ടാകണം അച്ഛനിപ്പോ എന്നോട് വരാൻ പറയുന്നത് ചുരുക്കമാണ്
"അതേ ഇന്ന് നിങ്ങളെന്റെ കൂടിരിക്കു. അച്ഛൻ ഒറ്റക്കിരുന്ന് മടുത്തിട്ടല്ലേ ??ഞാൻ മോളെ നോക്കി.. അവൾക്കാണ് എന്നോടിത്തിരി ചായ്‌വ് കൂടുതൽ
എന്നാൽ ഞാൻ തീരെ പ്രതീക്ഷിക്കാത്ത ഒരു ചോദ്യം അവൾ തിരിച്ചു ചോദിച്ചു കളഞ്ഞു
"അച്ഛൻ അപ്പൂപ്പന്റെ കൂടെ ഒന്നിരുന്നിട്ട് എത്ര നാളായി ???വേണ്ടാ . അപ്പൂപ്പനെ എപ്പോഴാ അവസാനം കണ്ടത് എന്ന് അച്ഛൻ ഓർക്കുന്നുണ്ടോ ????
അതു ഞാൻ ഓർക്കാൻ ശ്രമിച്ചു. പിന്നെ "നിങ്ങളുടെ അപ്പൂപ്പനോട് ഞാൻ ഇവിടെ വന്നു നമ്മുടെ കൂടെ നില്കാൻ പറഞ്ഞിട്ട് കേൾക്കാഞ്ഞിട്ടല്ലേ ??? ഒരു പ്രതിരോധത്തിന് ശ്രമിച്ചു
"പിന്നെ എന്നിട്ട് വേണം അച്ഛനെ പോലെ അപ്പൂപ്പനും ഇവിടെ വന്നു അച്ഛനെ പോലെ തലക്കും തോളിനും ഇടയ്ക്കു കഴുത്തെന്നു ഒരു സാധനം ഇല്ലാത്ത കോലത്തിൽ ആകാൻ !!!
"എന്റെ പൊന്നച്ഛ, അപ്പൂപ്പനെങ്കിലും അവിടെ സുന്ദരൻ ആയിട്ടിരുന്നോട്ടെ !!! മുടി മൊത്തം നരച്ചാൽ എന്താ അച്ഛന്റെ പോലെ മൊട്ടത്തല അല്ലല്ലോ... ഹോ ഇപ്പോഴും എന്താ ഗ്ലാമർ "
ഞാൻ ഞെട്ടി പോയി. എന്റെ പരവേശം കണ്ടിട്ടു ഒടുവിൽ മകനാണ് പറഞ്ഞത് " എടി ചേച്ചി നീ അച്ഛന്റെ ഗ്ലാമറിൽ തൊട്ടു കളിക്കാതേ !!!പുള്ളിക്കതു പിടുക്കൂല്ല
"ശരി നിങ്ങൾ പോയിട്ട് വാ " ഞാൻ അവശതയോടെ കണ്ണടച്ചു
പെട്ടന്ന് മകൾ കുനിഞ്ഞു എന്റെ മൂക്കിൽ പിടിച്ചു വലിച്ചു കവിളിൽ ഒരുമ്മയും തന്നിട്ട് പറഞ്ഞു
"അച്ഛൻ വിഷമിക്കേണ്ട, അപ്പൂപ്പന് അച്ഛനെ കാണണം എന്ന് പറഞ്ഞു !"
ഞങ്ങൾ അപ്പൂപ്പനേം കൂട്ടി രണ്ട് ദിവസത്തിൽ ഇങ്ങു വന്നേക്കാം !!
അവര് യാത്ര പറഞ്ഞു ഇറങ്ങി പോയി. വാതിൽക്കൽ എല്ലാം കേട്ടു ഭാര്യ നിക്കുന്നു
അവളെന്റെ മനസ് വായിച്ചിട്ടെന്ന പോലെ അടുത്തിരുന്നു, എന്റെ കൈ എടുത്തു തോലോടിക്കൊണ്ട് പറഞ്ഞു
"അച്ഛന് മാത്രം അല്ല നിങ്ങളുടെ മക്കൾക്കും ഉണ്ട് ആഗ്രഹം, നിങ്ങളുടെ കൂട്ടിരിക്കാൻ, അവരിങ്ങു വരും "
അതിനു മുൻപ് നിങ്ങൾ വീണ്ടുമൊരു ഓട്ടം തുടങ്ങാതെ ഇരുന്നാൽ മതി !!!
ശരിയാണ് അച്ഛന് ആഗ്രഹങ്ങൾ ചെറുതായിരുന്നു
അന്നത്തിനു മുട്ടൽ ഉണ്ടാകരുത്, മക്കളെ നന്നായി പഠിപ്പിക്കണം, ഒരു മകളെ കെട്ടിക്കണം !!!ഇത്ര തന്നെ
അതുകൊണ്ട് അച്ഛന് സമയം ഉണ്ടായിരുന്നു.
ഞങ്ങളെ സ്കൂളിൽ വന്നു കൂട്ടാൻ. വരുന്ന വഴിക്കു അന്നത്തെ സ്കൂൾ വിശേഷം മുഴുവൻ കേൾക്കാൻ
ജീവിതത്തോട് സ്നേഹം ഉണ്ടാക്കി തരാൻ. എന്റെ ചോദ്യങ്ങൾക്കു ഉത്തരം തരാൻ
കൗമാരത്തിലും യൗവനത്തിലും എനിക്ക് വരുന്ന മാറ്റങ്ങളെ ശ്രദ്ധിക്കാനും, എന്റെ കാലിടറാതെ കാക്കാനും
നിലാവുള്ള രാത്രികളിൽ അച്ഛനും അമ്മയും വെളിയിൽ പോയിരുന്നു തമാശകൾ പറഞ്ഞു ചിരിക്കുന്നതും കണ്ടിട്ടുണ്ട്
ഞാനോ, മക്കൾ ഉറങ്ങി കഴിഞ്ഞാണ് മിക്കവാറും വരവ്. റൂമിന്റെ കതകൊന്നു തുറന്നു രണ്ടാളും സമാധാനം ആയി ഉറങ്ങുന്നു എന്ന് കണ്ടാൽ എന്റെ ജോലി തീർന്നു
അവർക്കു വല്ലതും വേണമെങ്കിൽ അമ്മയോട് പറഞ്ഞു എന്നെ അറിയിക്കാൻ ഏല്പിക്കൽ ആണ് പതിവ്
അവർക്ക് വലിയ സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നു, വിലയേറിയ വസ്ത്രവും, ആഹാരവും കൊടുക്കുന്നു !!!
ഇത്രയും കൊണ്ട് എന്നിലെ പിതാവ് മഹാൻ ആണെന്ന് സ്വയം കരുതുന്നു
എനിക്ക് സ്വയം പുച്ഛം തോന്നി
ഞാൻ കണ്ണ് തുറന്നു അവളെ സൂക്ഷിച്ചു നോക്കി കണ്ണിനടിയിൽ കറുപ്പ് പടർന്നിരിക്കുന്നു, തലയിൽ അവിടിവിടെ വെള്ളി
എന്റെ നോട്ടം കണ്ടു അവൾ പറഞ്ഞു "നിങ്ങൾ വിഷമിക്കാതെ അവരിങ്ങു വരും "
"നീ അവരോടു വരണ്ടാന്നു പറഞ്ഞേക്ക് !!!
അവൾ തുറിച്ചു നോക്കി
"നമുക്ക് പോകാമെടോ, സമ്പാദിച്ചത് മതിയായി, എനിക്ക് കുറച്ചു സമയം വേണമെടോ, തന്റെ കൂടെ, നമ്മുടെ മക്കളുടെ കൂടെ, എന്റെ അച്ഛന്റെ കൂടെ "
അവരിനി നാട്ടിൽ പഠിക്കട്ടെ !! ഞാനും താനും പഠിച്ച കോളേജ് അവിടെ തന്നെ ഉണ്ടല്ലോ "
അവളെന്നെ കെട്ടിപിടിച്ചു നെറ്റിയിൽ ഉമ്മ വെക്കുമ്പോൾ അവളുടെ കണ്ണീരു വീണെന്റെ നെറ്റി നനഞ്ഞപ്പോൾ എനിക്ക് മനസിലായി അവളും അതു തന്നെ ആഗ്രഹിക്കുന്നത് എന്ന്
എന്റെ മുറിവ് ചെറുതായി നോവുന്നുണ്ടായിരുന്നു. പക്ഷേ അതൊരു സുഖമായിട്ടാണ് തോന്നിയത്
എത്രയോ നാളുകൾക്കു ശേഷം ആണ് അവളിങ്ങനെ ആവേശത്തോടെ എന്നെ ഒന്ന് ചേർത്ത് പിടിക്കുന്നത്
Sabaries
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo