Slider

പ്രണയമയിൽപ്പീലികൾ

0
പ്രണയമയിൽപ്പീലികൾ
ഇന്നത്തെ നമ്മുടെ താരം ആമിനത്താത്ത ആണ് .ഞാൻ ആമിന ചേച്ചി എന്ന് വിളിക്കും. എന്റെ എഴുത്തിന്റെ അസുഖം മൂർദ്ധ ന്യാവസ്ഥയിലായതുകൊണ്ട് പലപ്പോഴും വീടിനുള്ളിലൊരു ഹർത്താൽ പ്രതീതി വരുന്നതിനാലും ചിലപ്പോഴെങ്കിലും ഓഫീസിൽ പോകാൻ നേരത്ത് ധരിക്കാൻ ആഗ്രഹിച്ച ഷർട്ട് മുഷിഞ്ഞുതന്നെ കിടക്കുന്ന രംഗം തീരെ പുള്ളിക്ക് ഇഷ്ടമാകാത്തതിനാലും അദ്ദേഹം ഏർപ്പെടുത്തിയ സഹായി ആണ് ആമിന ചേച്ചി
'ഒരു കർശന നിർദ്ദേശം മാത്രം
"പാചകം സ്വയം "
സാരോല്ല നന്നായി ആഹാരം പാചകം ചെയ്ത് കൊടുത്തതിന്റെ ശിക്ഷ എന്നാലും അതെങ്കിൽ അത്
ആമിന ചേച്ചിക്ക് എന്റെ കവിത അസുഖത്തെക്കുറിച്ച് വലിയ അറിവില്ല
ഞാനീ പ്രണയകവിതകളൊക്കെ എഴുതുമ്പോൾ ഒറ്റയ്ക്ക് മഴത്തുള്ളിയെ ഒക്കെ നോക്കിയിരുന്ന് ഒരു മൂഡ് ഒക്കെ ക്രിയേറ്റ് ചെയ്ത് ( ഇല്ലാത്ത ഒരവസ്ഥ ഉണ്ടാക്കി എടുക്കാൻ ചില്ലറ പാട് ഒന്നുമല്ല പെടുന്നത് ) അങ്ങനെ പ്രണയത്തി'ന്റെ ദേവാലയം എന്ന കവിത എഴുതുകയാണ്. പ്രണയത്തോട് ഞാൻ ചോദിച്ചു
" പ്രണയമെ നിന്റെ മയിൽ പീലി ഒന്നെനിക്ക് കടം തരുമോ?" വികാരഭരിതയായി എഴുതുകയാണ്.
അപ്പോൾ നമ്മുടെ കഥാനായിക.
"ടീച്ചറെ. കക്കൂസിലെ ചവിട്ടുമെത്ത അഴുക്കുപിടിച്ചു.കഴുകിയിടട്ടെ ?"
" കക്കൂസും അഴുക്കുപിടിച്ച ചവിട്ടി മെത്തയും"
പ്രണയത്തിന്റെ മയിൽ പീലി പറന്നപ്പോഴേ പോയി. പ്രണയദേവനാകട്ടെ എന്നെ നോക്കി രണ്ട് ചീത്ത. പിന്നെ നോക്കിയപ്പോൾ പ്രണയം പോയിട്ട് 'പ്രാ "പോലുമില്ല.
ഞാൻ ദയനീയമായി ചേച്ചിയെ നോക്കി.
" കഴുകിക്കൊള്ളു പ്ലീസ്, അനുവാദം ചോദിക്കണ്ടാട്ടോ"
സംയമനം സംയമനം.
പറന്നു പോയ മയിൽ പീലിയെ വളരെ പാടുപെട്ടാ പിടിച്ചോണ്ട് വന്നത്. ഇച്ചിരി സ്നേഹമൊക്കെ കൊടുത്ത് ഒന്ന് കൊഞ്ചിച്ച് പിന്നെയും ഇണക്കി ഞാൻ എഴുതി തുടങ്ങി.
" പ്രണയമേ നിനക്കൊരു ദേവാലയം പണിയുന്നുണ്ട് ഞാൻ "
അവസാന വരി ഇതിനേക്കാൾ ഗംഭീരമാക്കണം
ശ്ശൊ എന്നെ സമ്മതിക്കണം.
ദേവാലയം എന്ന വാക്കിന് ഞാനന്നേരം ഒരു സ്തുതി പറഞ്ഞു.
ഷാജഹാന് ചെയ്യാമെങ്കിൽ അമ്മുവിനായി കൂടെ.? ഞാനും പണിയും അല്ല പിന്നെ.
ഞാനല്ലേ പ്രണയ കവിതകളുടെ അമ്പാസഡർ ( ചുമ്മാ ഇരിക്കട്ട് വേറാരും പറയാത്ത കൊണ്ട് സ്വയം ഒന്ന് തള്ളിയതാ ക്ഷമിക്കേ പാവം
അമ്മുവല്ലേ )
അങ്ങനെ അവസാന വരി ദേ വന്നു. വന്ന് കൊണ്ടിരിക്കുന്നു. എത്തി.
തലച്ചോറില് പ്രണയത്തിന്റെ ആഘോഷം നടക്കുന്നു '
"ടീച്ചറെ "ഞാൻ ഞെട്ടിപ്പോയി. നമ്മുടെ ചേച്ചി പടക്കം പൊട്ടുന്ന ഒച്ചയോടെ
"സാമ്പാർ ചൂടാക്കണോ "
ഒന്ന് കരഞ്ഞാലോ? ഞാൻ തലയിൽ കൈ കൊടുത്തു
"വേണ്ട ചേച്ചീ. അടുക്കളയിൽ ഞാൻ ചെയ്യാം "
ഇടറിയ ശബ്ദത്തോടെ മുറിഞ്ഞ മനസ്സോടെ നിറഞ്ഞ കണ്ണുകളോടെ ഈ ഞാൻ.
പ്രണയദേവൻ "റ്റാ റ്റാ " പറഞ്ഞ് പോയി.
മഴയും ചെയ്ത് തീർന്നു ഇനി കവിതയ്ക്കുള്ള സ്റ്റോപ്പില്ല. നിങ്ങളിപ്പോ ശ്രദ്ധിച്ചോന്നറിയില്ല. ഞാനിപ്പോൾ പ്രണയ ദുരന്തമാണ് എഴുതുന്നത്. ശവക്കോട്ടകളും ശവമഞ്ചവും അത് വായിച്ചിട്ട് എന്റെ രണ്ട് സുഹൃത്തുക്കൾ അയ്യപ്പൻ മാഷിന്റെയും ചുള്ളിക്കാട് സാറിന്റെയും ശൈലിയാണെന്ന് പറഞ്ഞു. സത്യമായും അവരല്ല എന്റെ പ്രചോദനം.
അത് ആമിന ചേച്ചി ആണ്
one and only ആമിന ചേച്ചി.

Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo