പ്രേതഭൂമിയിൽ ഒരു രാത്രി........കഥ (A Story By Shaju Vijayan)
****************************************************************
****************************************************************
യുക്തിവാദ ചിന്തകൾ എന്റെ ബോധമനസ്സിൽ വേരുറപ്പിച്ച ശൈശവത്തിന്റെ അവസാന കാലവും ആ വേരുകൾ മണ്ണിൽ വളർന്നു പന്തലിച്ച കൗമാരവും. യുവത്വത്തിന്റെ ആദ്യ വർഷങ്ങളിൽ ആ വേരുകൾ അൽപ്പമൊക്കെ വളർന്നെങ്കിലും, അതിന്റെ തായ് വേരിന് ഉപബോധ മനസ്സാകുന്ന പാറയിൽ ഇറങ്ങിവളരുവാൻ കഴിഞ്ഞില്ല. ആ ചിന്താ വൃക്ഷം പിന്നീട് അൽപ്പമാഞ്ഞു വീശിയ കാറ്റിൽ കട പുഴകി വീണെങ്കിലും ഇളകാത്ത ചില വേരുകൾ പിന്നെയും വീണുകിടന്നുവളരുവാൻ സഹായിച്ചു. എന്നാലും തായ് വേരിന്റെ അഭാവം അതിന്റെ വളർച്ചയെ കാര്യമായി ബാധിച്ചു. യുക്തി വാദത്തിൽ മരണത്തെ ശരീരം മണ്ണിലും, ശ്വാസം അന്തരീക്ഷത്തിലും ലയിക്കുന്ന പ്രക്രിയായി മാത്രം കാണുന്നുവെങ്കിൽ ശരീരത്തിന്റെ പുറത്തുള്ള പ്രഭാവലയത്തെ (aura) കാണാത്തതും, മനസ്സ് എന്ന പ്രതിഭാസത്തെ വെറും നാഡികളും മസ്തിഷ്കവും പഞ്ചേന്ദ്രിയങ്ങളും ചേർന്നു നടത്തുന്ന ആശയ വിനിമയങ്ങൾ മാത്രമായി കാണുന്നതും അതിന്റെ (യുക്തിവാദത്തിന്റെ) അജ്ഞതയുണ്ടാക്കുന്ന സ്വയരക്ഷക്കുള്ള പ്രതിരോധമായി മാത്രം എനിക്കു തോന്നി.
അപാരതയുടെ അതിരുകൾ ഇല്ലായ്ക കാണാൻ കഴിയാതെ ശാസ്ത്രം അതിനെ ഒരു സിഗ്മയിൽ ഒതുക്കിയപ്പോൾ, പഞ്ചേന്ദ്രിയങ്ങൾക്കുപരി ഒരു ആറാം ഇന്ദ്രിയത്തെ, അന്തർജ്ഞാനത്തിലുപരിയായോ, വെളിപാടിനുപരിയായോ, ബോധോദയത്തിനുപരിയായോ, മനുഷ്യ ജ്ഞാനത്തിന്, ഇന്നുവരെയുള്ള മസ്തിഷ്ക്ക വളർച്ച വെച്ച് ശരിയായി നിർവചിക്കുവാൻ കഴിയാത്തിടത്തോളം, യുക്തിവാദത്തിലെ മരണത്തിന്റെ നിർവചനം ഭാഗികമായിരിക്കും. ഇതിൽ ശാസ്ത്രത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ശാസ്ത്രം ഇനിയും ഒരുപാട് പരീക്ഷണങ്ങളും, കണ്ടുപിടിത്തങ്ങളും നടത്തേണ്ടിയിരിക്കുന്നു. ചൈനക്കാരുടെ വളർച്ച മുൻക്കൂട്ടിക്കണ്ട പാശ്ചാത്യർ അല്ലെങ്കിൽ മുതലാളിത്വം വളരെപണ്ടുതന്നെ ചൈനക്കാരെ കറുപ്പെന്ന മയക്കുമരുന്നിന് അടിമകൾ ആക്കിയതുപോലെ ഇന്നത്തെ അബാലവൃദ്ധം വരുന്ന ജനതതിയെ വിവര സാങ്കേതികവിദ്യകളും, വാർത്താവിനിമയ സാങ്കേതികവിദ്യകളും ഒരു കറുപ്പുപോലെ മായികാ ലോകത്തേയ്ക്ക് കൊണ്ടുപോകുമ്പോൾ, എത്രയോ യുവ ബൗദ്ധിക മസ്തിഷ്‌കങ്ങളെ മാനുഷികമായ സർഗ്ഗവാസനകളിൽ നിന്നും കലർപ്പില്ലാത്ത ശാസ്ത്ര പഠനത്തിൽ നിന്നും പിന്തിരിക്കുന്നു എന്ന് ഈ ഓൺലൈൻ യുഗത്തെ വാഴ്ത്തി വാഴ്ത്തി പാടുന്ന നമ്മളിൽ ഓരോരുത്തരും ആത്മപരിശോധന നടത്തുവാനും ഒരൽപ്പം സമയം കണ്ടെത്തേണ്ടി ഇരിക്കുന്നു. ശാസ്ത്രത്തിന് എന്നുവരെ മണ്ണിൽനിന്നും, അതിലെ ധാതുലവണങ്ങളിൽ നിന്നും, ജലത്തിൽ നിന്നും, വായുവിൽ നിന്നും ഒരു ജീവയെ വേണ്ട, ഒരു ജീവനുള്ള കോശത്തേയെങ്കിലും ഉണ്ടാകാൻ കഴിയാത്തിടത്തോളം, അല്ലെങ്കിൽ സസ്യങ്ങളിൽ നടക്കുന്ന പ്രകാശസംശ്ളേഷണം എന്ന പ്രക്രിയയിലൂടെ സൂര്യന്റെ ഊർജത്തെ ആഹാരമായി മാറ്റുവാൻ കഴിഞ്ഞില്ലെങ്കിൽ നാം എല്ലാം അറിഞ്ഞു എന്ന അഹങ്കാരം എന്തിനുവേണ്ടി. ശാസ്ത്രം ആ ഒരു നിലയിൽ എത്താത്തിടത്തോളം ആത്മാവിനേയും, പുനർജന്മത്തേയും ഒക്കെ വെറുതെ തള്ളിക്കളയുവാൻ ഒരു യുക്തിവാദത്തിനും അവകാശമില്ല എന്നു ചിന്തിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആരോ വന്ന് പുറത്തു തട്ടി.
തിരിഞ്ഞു നോക്കി. ആരെയും കാണുന്നില്ല.കോട്ടക്കൊത്തളങ്ങളിലൂടെ അസ്തമയസൂര്യന്റെ രശ്മിയാൽ ചുവപ്പും, മഞ്ഞയും വാരിത്തേച്ച മേഘങ്ങളെ നോക്കിയിരുന്ന് അവ കറുത്തപുതപ്പ് വാരി പുതച്ചതെപ്പോൾ എന്നറിഞ്ഞില്ല. മഴ പെയ്യാൻ തുടങ്ങി. ചുറ്റും ആരെയും കാണുന്നില്ല. എങ്ങനെ കാണാൻ? ഇരുട്ട് മൂടിയിരിക്കുന്നു. ഞാൻ നനഞ്ഞ് ഇട്ടിരുന്ന ഷർട്ടും ജീൻസുമൊക്കെ വെള്ളത്തിൽ കുതിർന്നു. മിന്നലും കാതടപ്പിക്കുന്ന ഇടിയും. അല്പം ദൂരെ പത്താം നൂറ്റാണ്ടിൽ പണികഴിപ്പിച്ച കൊട്ടാരത്തിന്റെ ഭിത്തിയുടെ മിനുത്ത വെൺകല്ലുകളിൽ നിന്നും പ്രതിഫലിക്കുന്ന മിന്നലും, പ്രതിധ്വനിക്കുന്ന ഇടിനാദവും ഏതോ പ്രേതാലയത്തിൽ അകപ്പെട്ട പ്രതീതി ഉളവാക്കി. കഴിഞ്ഞ ആഴ്ചയാണ് ഞാൻ നിന്നിരുന്ന കോട്ടയിലെ ആ ഭാഗത്തുനിന്നും കൊത്തളത്തിന്റെ മുകളിൽ കയറി കുത്തനെയുള്ള താഴ്ചയിലേക്ക് ചാടി രണ്ടു കമിതാക്കൾ ആത്മഹത്യ ചെയ്തത്. ആരോ എന്നെ പിന്നീലേക്ക് വലിക്കുന്നു. മഴയത്ത് കൊട്ടാരത്തിന്റെ അടുത്തേയ്ക്ക് ഓടാൻ ശ്രമിച്ച എന്നെ വയറിൽ രണ്ടു വശങ്ങളിൽ നിന്നും പുറകോട്ട് പിടിക്കുന്ന ഏതോ ഒരു ശക്തി. പണ്ടെന്നോ എറണാകുളത്ത് കലൂരുള്ള ഹോട്ടൽ ഗോകുലത്തിൽ ഫാമിലി ഒപ്പം തങ്ങിയ സമയത്ത് അവിടെ താഴത്തെ നിലയിലുള്ള സ്റ്റാളിൽ നിന്നു പല പ്രാചീന ആഡംബര വസ്തുക്കളും വാങ്ങിയപ്പോൾ ആ കടക്കാരൻ എനിക്കു സമ്മാനിച്ച ആനവാലുകെട്ടിയ ഒരു പേനാക്കത്തി കാറിന്റെ ഉള്ളിൽ സൂക്ഷിക്കാറുണ്ട്. അന്ന് അദ്ദേഹം പറഞ്ഞത് ഓർമ്മ വന്നു. ഒരു വിൽപ്പന തന്ത്രം എന്ന് എനിക്കു തോന്നിയെങ്കിലും അദ്ദേഹം ഇങ്ങനെ പറഞ്ഞു,
"ഇത് വെറുമൊരു കത്തിയല്ല. എനിക്ക് ഒരു സൂഫി പണ്ഡിതൻ തന്നതാണ്. ഇത് ആത്മരക്ഷയ്ക്ക് വേണ്ടിയുള്ള ഒരായുധമായും, അമാനുഷിക ശക്തികളെ അകറ്റി നിർത്താനും ഉപകരിക്കും."
പേടി കിട്ടാതിരിക്കാൻ ആനവാൽ ഉപകരിക്കും എന്നുകേട്ടിട്ടുണ്ട്. പ്രേതങ്ങൾക്കും പിശാചുക്കൾക്കും അതിനെ പേടിയാണെന്നത് ആദ്യമായി കിട്ടിയ അറിവായിരുന്നു. പലപ്പോഴും ഒറ്റക്കുള്ള സഞ്ചാരവേളയിൽ ആ കത്തി പോക്കറ്റിൽ ഇടാറുണ്ട്. അന്നും കാർ പാർക്കുചെയ്തിട്ട് ആ കത്തി ജീൻസിന്റെ പോക്കറ്റിൽ ഇട്ടിരുന്നു.
രണ്ടും കൽപ്പിച്ചുകൊണ്ട് അതു വെളിയിൽ എടുത്ത് പിത്തള ബട്ടൺ അമർത്തി കത്തി നിവർത്തിക്കൊണ്ട് തിരിഞ്ഞ്, പിടിച്ചവനെ കുത്തുവാൻ നോക്കുമ്പോൾ അവിടെ ആരെയും കാണുന്നില്ല. അപ്പോൾ പ്രേതം തന്നെ എന്നുറപ്പിച്ച് വായുവിൽ കത്തിവീശി. അതാ ആ അദൃശ്യപ്രേതം മുന്നിൽ നിന്നു വലിക്കുന്നു.
വീശിയടിക്കുന്ന കാറ്റിൽ നനഞ്ഞ ഉടുപ്പിൽ കയറിയ വായുവാണ് അതെന്നറിഞ്ഞപ്പോൾ ഒരാശ്വാസത്തിനൊപ്പം ഒപ്പം ഇളിഭ്യനായി ചിരിച്ചുകൊണ്ട് കൊട്ടാരത്തിനു നേരെയോടി. കൊട്ടാരത്തിന്റെ വീതിയുള്ള വരാന്തയിൽ മഴനനയാതെ കുറെ കന്നുകാലികളും,രണ്ടു കറുത്ത പട്ടികളും. കൈയ്യിലിരുന്ന കത്തി മടക്കി പോക്കറ്റിൽ വച്ചു.
ഷർട്ടും ജീൻസും ഊരി വെള്ളം പിഴിഞ്ഞു കളഞ്ഞു. പോക്കറ്റിൽ നിന്നും വെള്ളം കയറാത്ത സ്മാർട്ഫോൺ എടുത്ത് നോക്കി. ഒട്ടും വെള്ളം കയറിയിട്ടില്ല. ബാറ്ററി ചാർജ്ജ് പകുതിയായി. ബാക്കിയുള്ള ചാർജ്ജ് തീരാതിരിക്കുവാൻ ഡാറ്റ ഓഫ് ചെയ്തു വെച്ചു. ഞാൻ നിന്നിരുന്ന ഭാഗത്തിന് മുന്നിലായി ചതുരാകൃതിയിലുള്ള ഒരു വലിയ കുളം. ആ കുളം രാജാവിന് റാണിമാരൊത്ത് നീരാടുവാനും പിന്നെ യുദ്ധത്തിന് പോയ രാജാവും സൈന്യവും കൊല്ലപ്പെട്ടാൽ ശത്രു സൈന്യം കോട്ട പിടിച്ചടക്കുന്നതിനു മുൻപായി ആ കുളം വറ്റിച്ച് വലിയ ആഴിയുണ്ടാക്കി, റാണിയുൾപ്പെടെയുള്ള സ്ത്രീകൾക്ക് സതി അനുഷ്ഠിക്കുവാനും ഉപയോഗിച്ചിരുന്നു. മഴ തീർന്നു. ആ കുളത്തിലെ വെള്ളത്തിൽ നിന്നൊരു അഗ്നി ഗോളം പൊങ്ങിവരുന്നു. അതേ, സതി തുടങ്ങാൻ പോകുന്നുവോ? ദൂരെ നിന്നും വെള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീരൂപം നടന്നോ, അല്ലെങ്കിൽ അന്തരീക്ഷത്തിൽ ഒഴുകിയോ ആ കുളത്തെ ലക്ഷ്യമാക്കി നീങ്ങി വരുന്നു. പുറകെ ഒരു സുരക്ഷാഭടനും. ഞാൻ ഒരു കൽത്തൂണിന്റെ പുറകിലേയ്ക്കു മാറി നിന്നു. അടുത്തടുത്തു വരുന്ന ആ സ്ത്രീ രൂപം ഉടുത്ത വെള്ള വസ്ത്രം തലയിലൂടെ ഇട്ടിരിക്കുന്നു. അവൾ ഒരു രജപുത്ര വിധവ ആയിരിക്കാം. സതി അനുഷ്ഠിച്ച ഏതോ സ്ത്രീയുടെ ആത്മാവ്. വെളുത്തവാവിന്റെ അടുത്ത ദിവസം ആകയാൽ ഏതാണ്ട് വൃത്താകൃതിയിൽ ഉള്ള തിങ്കൾ ഉദിച്ചുയരുന്നു. ഞാൻ കുളത്തിലേക്കുനോക്കി. അത് തീഗോളം അല്ലായിരുന്നു, പക്ഷെ ചുവപ്പുകലർന്ന മഞ്ഞ നിറമുള്ള ചന്ദ്രന്റെ പ്രതിബിംബം ആയിരുന്നു.
ഇനിയിപ്പം ആ വരുന്ന സ്ത്രീരൂപവും, സുരക്ഷാഭടനും പ്രേതാത്മാക്കളോ അതോ പരലോകത്തുനിന്നും ഇറങ്ങി വന്ന അപ്‌സരസും, ഗന്ധർവനുമോ? അതിന് ഗന്ധർവന് പടച്ചട്ട എവിടുന്നു കിട്ടി? ഇങ്ങനെ വിചാരിച്ചുകൊണ്ട് നിന്നപ്പോൾ മനസ്സിലായി അവർ ഞാൻ നിൽക്കുന്നിടത്തേയ്ക്കാണ് വരുന്നതെന്ന്. ഞാൻ പതുങ്ങി പതുങ്ങി കൊട്ടാരവാതിലിൽക്കൂടി അകത്തുകയറി. അവിടേക്കണ്ട പടികളിൽ ഇരുട്ടിൽ തപ്പിതടഞ്ഞ് മുകളിലേക്ക് കയറി. കടവാതിലുകൾ ചിറകടിച്ചു പറന്നു. പുരാതന കോട്ടകളിലും, കൊട്ടാരങ്ങളിൽ നിന്നും വരുന്ന ഗന്ധം മൂക്കിൽ ഇരച്ചുകയറി. അത് പ്രേതങ്ങളുടെ ഗന്ധം തന്നെ.
പടികൾ ചവിട്ടി കയറിയ വലിയൊരു മുറി ചന്ദ്രപ്രഭയാൽ തിളങ്ങുന്നു. ഞാൻ ആ മുറിയുടെ ബാൽക്കണിയിൽ കയറി. ഇവിടെയിരുന്നായിരിക്കാം രാജാക്കന്മാർ കുളത്തിൽ നീരാടുന്ന സുന്ദരിമാരുടെ നഗ്നസൗന്ദര്യം കണ്ടാസ്വദിച്ചിരുന്നത്. ഞാൻ കണ്ട ആ സ്ത്രീ പ്രേതവും, പടച്ചട്ട അണിഞ്ഞ പുരുഷ പ്രേതവും ഒരുമിച്ച് ഞാൻ കയറിയ പടികൾ കയറി വരുന്നു. ഞാൻ ഒരു തൂണിന് പുറകിൽ ഒളിച്ചു.
തെളിഞ്ഞ ആകാശം വീണ്ടും കറുത്തിരുണ്ടു. ഏതോ ഒരു കാർമേഘം ചദ്രനെ വിഴുങ്ങി. വീണ്ടും മിന്നലുകൾ. കണ്ണഞ്ചിപ്പിക്കുന്ന മിന്നലും, കാതടപ്പിക്കുന്ന ഇടി നാദവും. ഇപ്പോൾ പ്രേതങ്ങളും ഞാനും തമ്മിൽ ഏതാണ്ട് പത്തടി ദൂരം മാത്രം. പ്രേതങ്ങളെത്തേടിയുള്ള എന്റെ യാത്രയ്ക്ക് ഫലം കിട്ടിയിരിക്കുന്നു. ഞാൻ ഓർത്തതിലും കഠിനമായിരുന്നു ആ പ്രേത സാമീപ്യം. തൊണ്ട വരളുന്നു. ഒരിത്തിരി വെള്ളം കിട്ടിയെങ്കിൽ. മിന്നലിന്റെ പ്രഭയിൽ ആ സ്ത്രീ പ്രേതത്തിന്റെ രണ്ടു കോമ്പല്ലുകൾ തിളങ്ങി. അവളുടെ ചുണ്ടുകളിൽ ചുവന്ന രക്തം . എന്റെ തലകറങ്ങി. താഴെ വീഴാതിരിക്കാൻ ഞാൻ ആ തൂണിൽ ഇടതുകൈ കൊണ്ട് മുറുകെപ്പിടിച്ചു. വലതുകൈകൊണ്ട് പോക്കറ്റിൽ നിന്നും ആനവാലുകെട്ടിയ ആ പേനാക്കത്തി പുറത്തെടുത്തു. അതിന്റെ ഉടമയായിരുന്ന സൂഫി പണ്ഡിതനേയും, കടമറ്റത്ത് കത്തനാരേയും ധ്യാനിച്ചുകൊണ്ട് അറിയാവുന്ന ചില മന്ത്രങ്ങൾ മനസ്സിൽ ഉരുവിട്ടു. ധൈര്യം വീണ്ടെടുത്തു.
ആൺപ്രേതം ആ പെൺപ്രേത്തിന്റെ ചുണ്ടിൽ നിന്നും രക്തം നക്കിക്കുടിക്കുന്നു. രക്തദാഹികളായ, പ്രതികാരം തീർക്കാൻ കാത്തുകഴിയുന്ന ഇനത്തിൽപ്പെടുന്ന പ്രേതങ്ങൾ. ആനവാൽ കെട്ടിയ ആ പേനക്കത്തിയുടെ ബലംകൊണ്ടുമാത്രമാണ് അവയ്ക്ക് എന്നെ ആക്രമിക്കാൻ കഴിയാത്തത് എന്ന സത്യം ഞാൻ അറിഞ്ഞു. ആ കത്തി ഞാൻ മുറുകെപ്പിടിച്ചു. എന്നാലും ആ അവസരം പാഴാക്കികൂടാ. എന്റെ സ്മാർട്ഫോണിലെ ഇൻഫ്രാറെഡ് ക്യാമറയുപയോഗിച്ച് ഞാൻ ആ പ്രേതരംഗങ്ങൾ പകർത്തി. പക്ഷെ പറഞ്ഞുകേട്ടിട്ടുണ്ട് അത്തരം രംഗങ്ങൾ പകർത്തിയാലും പിന്നെ നോക്കുമ്പോൾ വെറും ഇരുട്ടുമാത്രമേ കാണാൻ കഴിയൂ എന്ന്. എന്നാലും ഞാൻ അത് പകർത്തി. ഒരുപക്ഷേ പ്രേതങ്ങളേ ആദ്യം ക്യാമറയിൽപ്പെടുത്തിയ വ്യക്തി എന്ന നിലയിൽ ആയിരിക്കും നാളെ ലോകം എന്നെ അറിയാൻ പോകുന്നത്.
ആനന്ദചിത്തനായ ഞാൻ നോക്കി നിൽക്കെ ആ പ്രേതാത്മാക്കൾ വിവസ്ത്രരായി കാമകേളികൾ തുടങ്ങി. ഞാൻ അത് ക്യാമറയിൽ പകർത്തി. അവരുടെ അടവുമനസ്സിലാക്കി ഞാൻ കത്തി മുറുകെ പിടിച്ചു. എന്നെ പ്രലോഭിപ്പിച്ച് കത്തി കളയിച്ച്, എന്റെ ചോരകുടിക്കാൻ അടവു കാട്ടുന്ന രക്തരക്ഷസ്സുകൾ. ഞാൻ ആ പ്രേതങ്ങളെത്തിരിച്ചറിഞ്ഞു. നാട്ടുകാർ പറയാറുള്ള ആ പ്രേതങ്ങൾ തന്നെ. അതേ, ആ രജപുത്രരാജാവിന്റെ ഇളയ റാണി. കാമപൂർത്തിക്കായി തന്റെ അംഗരക്ഷകനൊപ്പം ലൈംഗികവേഴ്ചയിൽ ഏർപ്പെട്ടിരുന്ന ആ റാണിയുടേയും ഭടന്റേയും ശിരച്ഛേദം ചെയ്യുമ്പോൾ രാജാവോർത്തുകാണുമോ ആ കമിതാക്കൾ നൂറ്റാണ്ടുകൾക്കുശേഷവും ഇങ്ങനെ രക്ത രക്ഷസ്സുകളായി കാമോത്സുകരായി തുടരുമെന്ന്. എന്നാലും ആ പ്രേത രംഗങ്ങൾ ക്യാമറയിൽ പകർത്താൻ കഴിഞ്ഞല്ലോ !! നാളെ നോക്കുമ്പോൾ വെറും ഇരുട്ടാകാതിരുന്നാൽ മതിയായിരുന്നു.
മഴ നനഞ്ഞ് തല തണുത്ത എനിക്ക് തുമ്മൽ വന്നു. ഞാൻ തുമ്മാതെ പിടിച്ചു വെച്ചു. എന്നാലും ഒടുവിൽ തുമ്മിയേപറ്റുവെന്ന സ്ഥിതിയിൽ ഉറക്കെത്തുമ്മി. നഗ്നരായ പ്രേതങ്ങൾ ചാടിയെഴുന്നേറ്റു. ഞാൻ കത്തി നിവർത്തി എതിരിടാൻ തയ്യാറെടുക്കുമ്പോൾ, "പ്രേതം, പ്രേതം................." എന്നുവിളിച്ചലച്ചുകൊണ്ട് വസ്ത്രങ്ങൾ ഉപേക്ഷിച്ചോടുന്ന ആൺ പെൺ പ്രേതങ്ങൾ, രക്തരക്ഷസ്സുകൾ.
അടുത്ത ദിവസം ആ ഇൻഫ്രാറെഡ് ചിത്രങ്ങളിൽ തെളിഞ്ഞ പുരാവസ്തു വകുപ്പിന്റെ സുരക്ഷാ ജീവനക്കാരന്റെയും തെരുവ് വേശ്യയുടെയും നഗ്ന ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുമ്പോൾ പ്രേതങ്ങളുടെ ചിത്രം പകർത്താൻ കഴിയാത്ത നിരാശയും, ജാള്യതയും മാത്രമായിരുന്നു എന്റെ മനസ്സിൽ.
...............A story by ഷാജു വിജയൻ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക