Slider

സ്വത്വം

0
സ്വത്വം
********
തെക്കേ മുറിയിലെ കട്ടിലിലിരുന്ന് അച്ഛന്‍ സമ്മാനിച്ച ഡയറിയില്‍ ഞാന്‍ എഴുതി തുടങ്ങി.
'' വെയ്ലേറ്റ് വാടാന്‍ തുടങ്ങിയ ആ തണല്‍ മരം ഞങ്ങള്‍ വെള്ളവും, വളവും നല്‍കി പരിപ്പാലിച്ചു . മാരകമായ താപത്തെ ചെറുക്കാന്‍ കഴിയാതെ, ഞങ്ങളുടെ സര്‍വ്വ
ശ്രമങ്ങളെയും നിഷ്ഫലമാക്കികൊണ്ട് വീണ്ടും ആ വന്‍ മരം ഇലകള്‍ പൊഴിക്കാന്‍ തുടങ്ങി... അതിന്‍റെ ശിഖിരങ്ങളിലൂടെ അരിച്ചിറങ്ങിയ ഒാരോ സൂര്യരശ്മിയും എന്റെ ശരീരവും മനസ്സും പൊള്ളിച്ചുകൊണ്ടിരുന്നു.''
അച്ഛന്‍റെ ഒാര്‍മ്മകള്‍ എന്‍റെ തൂലികയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരാറുണ്ട്. എന്റെ മിക്ക എഴുത്തുകളിലും അച്ഛന്‍റെ നന്മയും സ്നേഹവും കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അച്ഛന്‍റെ ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, ചില പ്രയോഗങ്ങള്‍, കാഴ്ച്ചപ്പാടുകള്‍, അങ്ങനെ പലതും. നഷ്ടപ്പെട്ട ആ വാത്സല്യത്തെ എഴുത്തിലൂടെ
ആവാഹിക്കാന്‍ വിഫലമായൊരു ശ്രമം.
ഭൂമിയില്‍ അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഈ വീടും, തെക്കുവശത്തുള്ള ഈ കിടപ്പുമുറിയുമാണ്. മൂന്ന് ചുവരുകള്‍ക്കും ജനാലകളുള്ള ഈ മുറിയില്‍ നട്ടുച്ച നേരത്തും ഇളം തണുപ്പാണ്. മുറ്റത്ത് കന്നിമൂലയിലും പടിഞ്ഞാറ് ഭാഗത്തുമായി പൂര്‍വ്വികര്‍ നട്ട ഞാവലും, കശുമാവും, മഞ്ചാടിയുമാണ് ആ നിത്യനിധാനമായ തണുപ്പിന് ഹേതു.
അച്ഛന്‍റെ അവസാന നാളുകള്‍ ഈ തെക്കേ മുറിയിലായിരുന്നു. നീണ്ട നാലുമാസങ്ങള്‍ ശരീരത്തിന്‍റെ ഇടതുഭാഗം പൂര്‍ണ്ണ വിശ്രമത്തിന് വിട്ടുകൊടുത്ത് ഇഴപ്പൊട്ടാന്‍ തുടങ്ങിയ ഒാര്‍മ്മകളുമായി ചുമച്ചു, കിതച്ചും, സഹിച്ചും അദ്ദേഹം ഈ മുറിക്കുള്ളില്‍ കഴിച്ചുകൂട്ടി.
അച്ഛന്‍റെ വിയര്‍പ്പിന്റെയും, ഉമിനീരിന്‍റെയും, മലമൂത്രത്തിന്‍റെയും ഗന്ധം ഇന്നും ഈ കിടക്കവിരിയില്‍ തങ്ങി നില്‍ക്കുന്നു. അതെന്‍റെ ഇന്ദ്രിയങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നു.
ആ വത്സരങ്ങളില്‍ അച്ഛന്‍ എന്റെ മകനായി രൂപാന്തരപ്പെടുകയായിരുന്നു. ചുളിവുകള്‍ വീണതും നഗ്നമായതുമായ അദ്ദേഹത്തിന്‍റെ ശരീരത്തില്‍ ഒരു നവജാത ശിശുവിന്‍റെ ഒാമനത്വവും, പരിശുദ്ധിയും ഞാന്‍ ദര്‍ശിച്ചു. അച്ഛന്‍ എന്‍റെ മുന്നില്‍ അനുസരണയുള്ള
കുഞ്ഞായി.
അന്ന് ഞാന്‍ സൂര്യോദയത്തിന് മുന്‍മ്പ് എഴുന്നേറ്റു. ഒരേ സമയം ഡോക്ടറായും, ബാര്‍ബറായും, തെറാപ്പിസ്റ്റായും, നേഴ്സ്സായും ജോലി ചെയ്തു. എന്റെ ദിനങ്ങള്‍ അച്ഛനില്‍ നിന്ന് തുടങ്ങി അച്ഛനില്‍ അവസാനിച്ചുകൊണ്ടിരുന്നു. എന്റെ ലോകം തെക്കേ മുറിയുടെ നാലുചുവരുകള്‍ക്കുള്ളി മാത്രമായി ഒതുങ്ങിപ്പോയി.
ജീവിതം ഭദ്രമാക്കുവാനും, പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാനുമുള്ള അവസരങ്ങള്‍ക്കുനേരെ ഞാന്‍ മുഖം തിരിച്ചു. പുത്രന്‍ എന്ന വാക്കിന്‍റെ ആഴവും പരപ്പും മനസ്സിലാക്കി. കൈവിട്ടുപോയ അവസരങ്ങളെക്കുറിച്ച് കടുക് മണിയോളം വ്യസനം തോന്നിട്ടില്ല. പകരം ഈ ജന്മം തന്നെ ധന്യമായ അനുഭൂതി... അവര്‍ണ്ണനീയമായ ആത്മസുഖം...
ഇന്നെന്റെ കാല്‍ പാദങ്ങള്‍ക്ക് താഴെ ചെറു വേരുകള്‍ പൊടിക്കുന്നത് ഞാനറിയുന്നു. ശിഖിരങ്ങളും, തളിരിലകളും കിളിര്‍ക്കുന്നതും, എന്റെ തണലിനും തലോടലിനും കാത്തൊരു തലമുറ വളര്‍ന്ന് വരുന്നതും ഞാന്‍ അറിയുന്നു.
അച്ഛന്‍റെ ശ്വാസം തങ്ങിനിന്ന തെക്കേ മുറിയില്‍ അച്ഛനുവേണ്ടി അമ്മ തുന്നിയുണ്ടാക്കിയ തലയണ ഹൃദയത്തോട് ചേര്‍ത്തുവെച്ച് ഞാന്‍ അല്‍പ്പ നേരം അങ്ങനെ കണ്ണുകളടച്ച് കിടന്നു.
(ദിനേനന്‍ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo