മെഡോണീസ
===========
===========
ഒരു പാതി പ്രേതകഥ ( തുടരുന്നു )
-------------------------------
-------------------------------
" ക്രിസ്റ്റീ " കിഷോർ മെല്ലെ വിളിച്ചു.
" ഉം.. ഒന്നുമില്ല. അവളെ വിട്ടു പോന്നത് ഓർക്കുമ്പോഴാണ് വേദന " ക്രിസ്റ്റിയുടെ ആത്മാവ് പറഞ്ഞു.
കിഷോറിന് എന്താണ് പറയേണ്ടത് എന്നറിയില്ലായിരുന്നു. തെല്ലിടവേളയ്ക്ക് ശേഷം കിഷോർ ചോദിച്ചു. " അങ്ങിനെയാണോ നിങ്ങൾ പ്രണയത്തിലായത്. ആരാണ് ആദ്യം ഇഷ്ടം പറഞ്ഞത് . എന്നിട്ടിപ്പോൾ മെഡോണീസ എവിടെയാണ്. "
" അങ്ങിനെയൊന്നുമല്ല. അന്ന് അങ്ങിനെ എന്നെ തന്നെ നോക്കി അവളും അവളെ ഇടയ്ക്ക് നോക്കി ഞാനും നിന്നു ഏകദേശം ഒരു അരമണിക്കൂർ അങ്ങിനെ കഴിഞ്ഞപ്പോൾ അവിടുത്തെ ഒരു ജീവനക്കാരി അവളെ കൂട്ടിക്കൊണ്ടു പോകാൻ വന്നു. ആ സ്ത്രീയുടെ കയ്യും പിടിച്ചു അവൾ നടന്നപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ഞാനറിഞ്ഞത്.... അവൾ അന്ധയാണ് എന്നത്.... ഞാനാകെ പകച്ചു പോയി എന്നത് സത്യമാണ്. പക്ഷേ അതിന് മുമ്പേ ഞാനെന്റെ മനസ്സിനെ ബോധ്യപ്പെടുത്തിയ ഒരു കാര്യം കെട്ടുവാണെങ്കിൽ ഇവളെ തന്നെ വാഴുകയാണെങ്കിൽ ഇവളുടെ ഒപ്പം തന്നെ. എന്നത്. അതൊരു ചോദ്യചിഹ്നമായി എന്റെ മുമ്പിൽ ഉയർന്നു നിന്നു. ഞാനും എന്റെ മനസ്സും തമ്മിൽ ഉറപ്പിച്ച കരാർ. എനിക്ക് വേണമെങ്കിൽ ഒന്നും സംഭവിക്കാത്തത് പോലെ പിന്മാറാൻ സാധിക്കും. എന്റെയുള്ളിൽ അങ്ങിനെയൊരു ചിന്ത ഉടലെടുത്തത് ഒരാളും അറിഞ്ഞിട്ടില്ല. പക്ഷേ എന്തോ എനിക്കാ മുഖത്തെ നിഷ്കളങ്കത കുഞ്ഞുങ്ങളുടേത് പോലുള്ള ചേഷ്ടകൾ അതൊന്നും മറക്കാൻ സാധിച്ചില്ല. ഒരിക്കൽക്കൂടി ഞാൻ മനസ്സുമായി കരാർ ഒപ്പിട്ടു. ഇവളെ എനിക്ക് വേണം. ആ അനാഥാലയത്തിന്റെ ഡയറക്ടർ സേവ്യറച്ചൻ എനിക്കെന്റെ ഗുരുനാഥനെ പോലെയാണ്. ആ ട്രസ്റ്റിന്റെ കീഴിലുള്ള മറ്റു അനാഥാലയങ്ങളിൽ ഞാൻ സ്ഥിരമായി പോകാറുള്ളതുമാണ്. ഒട്ടും സമയം വൈകാതെ ഞാൻ അച്ചനെ പോയി കണ്ടു. കാര്യം പറഞ്ഞു. അച്ചൻ കുറച്ചു നേരം എന്നോടൊന്നും മിണ്ടിയില്ല. അച്ചന് ഒന്നും മിണ്ടാൻ പറ്റില്ലല്ലോ കാരണം അച്ചനാണ് കല്യാണം കഴിക്കാൻ പറഞ്ഞു എന്നെ എപ്പോഴും നിർബന്ധിക്കുന്നത്. അപ്പോഴൊക്കെ ഞാൻ ഒഴിഞ്ഞു മാറുകയാണ് പതിവ് . കളിയായി ഞാൻ വേണമെങ്കിൽ കന്യപുരുഷൻ ആയിക്കോളാം അച്ചോ അച്ഛൻ എനിക്കൊരു ഉടുപ്പ് പണിയിച്ചു താ എന്നാലും ഞാൻ കെട്ടുന്നില്ല. ഞാൻ കെട്ടിയവൾ എന്നെ കെട്ടിയിട്ടിട്ടുള്ള ജീവിതം എനിക്ക് വേണ്ട എന്ന് തീർത്തു പറയാറുള്ളതാണ്. ആ ഞാൻ തന്നെ മുൻകയ്യെടുത്തത് ഇങ്ങനൊരു ആവശ്യം പറഞ്ഞു അച്ചന്റെ മുമ്പിൽ ചെന്ന് നിന്നാൽ അച്ചന് കയ്യൊഴിയാൻ പറ്റുമോ. അച്ചന് പൂർണ്ണ സമ്മതം. ഇനി ആകെ ഒരു കടമ്പ മാത്രം മെഡോണീസയ്ക്ക് ഇഷ്ടമാകുമോ എന്നറിയണം. "
ക്രിസ്റ്റിയുടെ ഭാഗത്തു നിന്നും ശബ്ദമൊന്നും കേൾക്കാതെ വന്നപ്പോഴാണ് മനസ്സ് കൊണ്ട് സഞ്ചരിച്ചിരുന്ന ആ കഥയിൽ നിന്നും കിഷോർ ഉണർന്നത്.
അന്തരീക്ഷം ശാന്തമായിരുന്നെങ്കിലും കിഷോർ വിയർത്തു കൊണ്ടിരിക്കുകയായിരുന്നു.
പക്ഷേ മുന്നിലുള്ളത് ഒരു ആത്മാവ് ആണ് എന്ന ചിന്തയിൽ നിന്നും കിഷോർ ഏറെക്കുറെ മുക്തനായിരുന്നു അതുകൊണ്ടു തന്നെയാണ് ചോദിച്ചതും " എന്നിട്ട് മെഡോണീസ എന്ത് പറഞ്ഞു."
" അതിലേക്കാണ് ഞാൻ പറഞ്ഞു വരുന്നതും. എനിക്കൊരു നിബന്ധനയെ അച്ചനോട് പറയാനുണ്ടായിരുന്നുള്ളൂ. ഞാൻ ആരാണെന്ന് പറയരുത്. ഒരാൾക്ക് അവളെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട് എന്ന് മാത്രമേ പറയാവൂ. അതും എന്റെ മുമ്പിൽ വെച്ച് വേണം പറയാൻ. ആ മുഖത്തുണ്ടാകുന്ന ഭാവവ്യത്യസം എനിക്ക് നേരിട്ടറിയണം. "
ക്രിസ്റ്റിയുടെ ആത്മാവ് പറയുന്നതിന്റെ ഇടയിൽ തന്നെ കിഷോർ ചോദിച്ചു. " അതെന്താ നിങ്ങളാണ് ആ ആൾ എന്ന് പറഞ്ഞാൽ...? " കിഷോറിന് അത് മാത്രം മനസ്സിലായില്ല.
" ഇതേ ചോദ്യം തന്നെയാണ് ഞാനിത് പറഞ്ഞപ്പോൾ അച്ചനും എന്നോട് ചോദിച്ചത്. വേറൊന്നും കൊണ്ടല്ല അച്ചൻ പറഞ്ഞതനുസരിച്ചു അവൾ ഇത്രനാളും ദുഃഖത്തിലായിരുന്നു. ഇങ്ങിനെയൊരു കാര്യം കേൾക്കുമ്പോൾ സ്വാഭാവികമായും അവളുടെ മനസ്സിൽ ഒരാകാംക്ഷ വരും. ആ ആകാംക്ഷയിലൂടെ അവളുടെ മനസ്സിലെ ദുഃഖം മാറും. എന്ന് മാത്രമല്ല ഞാൻ അത് വെളിപ്പെടുത്തുന്നത് വരെ അവൾ എന്നെക്കുറിച്ചുള്ള സ്വപ്നങ്ങൾ കാണും. ആ മുഖത്ത് എല്ലാവിധ ഭാവങ്ങളും വരും. അതെല്ലാം അവളറിയാതെ അവളെ വീക്ഷിച്ചു കാണണം എന്നൊരു ചിന്ത. "
" നിങ്ങളൊരു ഭ്രാന്തൻ തന്നെ " അതിന് മറുപടിയായി ആത്മഗതം പോലെ കിഷോർ പറഞ്ഞു.
" ഹ ഹ ഹ അതേ ആ ഭ്രാന്താണെന്നെ നയിച്ചിരുന്നതും. അച്ചനെന്നെ നന്നായി അറിയുന്നത് കൊണ്ട് തന്നെ അച്ചൻ സമ്മതിച്ചു. അപ്പോൾ തന്നെ അച്ചൻ എന്നെ വിളിച്ചു കൊണ്ടുപോയി. ഒരു മുടിയനായ പുത്രനെ കുഞ്ഞാടാക്കാനുള്ള അച്ചന്റെ ഉത്സാഹം. അതിലുപരി എന്റെ കാലുകൾക്ക് വേഗം കൂട്ടിയത് മനസ്സിൽ അവളായിരുന്നത് കൊണ്ട് തന്നെയാണ്. ആ കോറിഡോറിൽ വെച്ചാണ് ഞാൻ അവളെ ആദ്യമായി അടുത്തു കാണുന്നത്. അച്ചന്റെ പുറകിലായി അവളുടെ മുഖം കാണുന്ന രീതിയിൽ ഞാൻ നിന്നു. മെഡോണീസാ എന്ന അച്ചന്റെ വിളിക്ക് പകരമായി എന്താ ഫാദർ എന്ന അവളുടെ മറുചോദ്യം. ഹോ ...എന്ത് മധുരമായ ശബ്ദമാണെന്നറിയുമോ... അതെന്റെ ഹൃദയത്തിൽ ഒരുപിടി മഞ്ഞു കട്ടകളുമായാണ് വന്ന് വീണത്. ഞാനതിന്റെ മാസ്മരികതയിൽ ലയിച്ചു നിൽക്കുമ്പോഴാണ് അച്ചൻ അടുത്ത ചോദ്യം ചോദിച്ചത്. ഒരു കല്യാണത്തെക്കുറിച്ചു എന്താണ് മെഡോണീസയുടെ അഭിപ്രായം. എന്നുമിങ്ങനെ തനിച്ചു കഴിഞ്ഞാൽ മതിയോ ഒരു കൂട്ടൊക്കെ വേണ്ടേ. ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ ആ മുഖത്തൊരു നടുക്കം വന്നു. പക്ഷേ അടുത്ത നിമിഷം അവളുടെ ചുണ്ടുകൾ വിഷാദത്തോടെ വിടർന്നതിനെ പുഞ്ചിരി എന്ന് പറയാനാകുമോ . അറിയില്ല. അതോടൊപ്പം തന്നെ നിരാശയോടെയുള്ള എനിക്കോ എന്ന അവളുടെ ചോദ്യം വന്നു. അതെ കുട്ടിയെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു ഒരാൾ വന്നിട്ടുണ്ട്. അവളുടെ മുഖത്ത് ഞെട്ടലോടെയുള്ള അവിശ്വസനീയത വന്നു. അവളുടെ മിഴികൾ പലവട്ടം തുറന്നടഞ്ഞു. ശ്വാസോച്ഛാസം വേഗത്തിലാകുന്നത് എനിക്ക് കാണാമായിരുന്നു. മെല്ലെ അത് നാണത്തിലേക്ക് വഴുതിമാറി പക്ഷേ അടുത്ത നിമിഷം ആ മുഖത്ത് സംശയം വന്നു. ഇതൊക്കെ നോക്കികൊണ്ടിരുന്ന എന്റെ ചുണ്ടിൽ ചിരി വന്നുവെങ്കിലും ഉള്ളിൽ പറഞ്ഞറിയിക്കാനാകാത്ത ഒരനുഭൂതിയായിരുന്നു. അതേ സംശയം കൊണ്ടാണ് മെഡോണീസ ചോദിച്ചത് എന്നെയോ.... ഞാൻ....അതിന്.... എനിക്ക് അത്രയുമായപ്പോഴേക്കും അച്ചൻ ഇടയ്ക്ക് കയറി പറഞ്ഞു എല്ലാമറിഞ്ഞു കൊണ്ട് തന്നെയാണ് വന്നിരിക്കുന്നത്. കിഷോർ.. നിനക്കൂഹിക്കാൻ പറ്റുമോ എന്നറിയില്ല അപ്പോൾ മെഡൊണീസയുടെ മുഖത്തു മിന്നിമറഞ്ഞ ഭാവങ്ങൾ എന്തൊക്കെയാണെന്ന്. അതോടെ അവൾക്ക് താല്പര്യമാണെന്ന കാര്യത്തിൽ എനിക്കുറപ്പായി. അവസാനം അവൾ എല്ലാ ഭാവങ്ങളും നാണത്തിലൊളിപ്പിച്ചു മുഖം താഴ്ത്തിയപ്പോഴാണ് അച്ചൻ എന്നെ നോക്കിയത് ഞാൻ മതി പോകാം എന്ന അർത്ഥത്തിൽ തല കുലുക്കി. അപ്പോൾ അച്ചൻ അവളോട് പറഞ്ഞു ശരി കുട്ടീ വിശദ വിവരങ്ങൾ ഞാൻ പിന്നീട് പറയാം. കുട്ടിക്ക് എതിർപ്പൊന്നുമില്ലല്ലോ അല്ലേ.. ഇല്ല വളരെ പതുക്കെയായിരുന്നു തലയുയർത്താതെയുള്ള ആ മറുപടി. എന്നിട്ടും അതിന്റെ മാധുര്യം എനിക്കേറെ പ്രിയപ്പെട്ടതായി മാറി. എനിക്കുറപ്പുണ്ടായിരുന്നു അവൾ സ്വപ്നം കണ്ടു തുടങ്ങിയെന്ന്. അച്ചനോടൊപ്പം മുറിയിലേക്ക് തിരിച്ചു നടക്കുമ്പോഴും ഇടയ്ക്കിടെ ഞാൻ തിരിഞ്ഞു നോക്കിയപ്പോഴും അവൾ സ്വപ്നലോകത്താണെന്നു വ്യക്തമായിരുന്നു. അച്ചന്റെ മുറിയിൽ എത്തിയപ്പോൾ അച്ചൻ ചോദിച്ചു ഡാ തെമ്മാടീ നിനക്ക് പറഞ്ഞു കൂടെ. എന്റെ മറുപടി വേറൊന്നുമായിരുന്നില്ല. ഇല്ലച്ചോ അവളെ കെട്ടാനായി ഒരു പട്ടുസാരിയും താലിമാലയും വാങ്ങി ഞാൻ വരും അതിന് മുമ്പ് എനിക്കൊരു വാടക വീട് സംഘടിപ്പിക്കണം ഇനിയെനിക്ക് വിശ്രമമില്ലാത്ത ദിവസങ്ങളാണ്. അതുവരെ അവൾ എന്നെ സ്വപ്നം കാണട്ടെ ഒടുവിൽ ഞാൻ അവളെ സ്വന്തമാക്കുന്ന ദിവസം ആ കൂട്ടിവെച്ചിരിക്കുന്ന സ്നേഹമെല്ലാം എനിക്ക് തരട്ടെ. എത്രയും വേഗം ഞാനിതൊക്കെ ശരിയാക്കി വരും. യേശു തമ്പുരാൻ അനുഗ്രഹിക്കട്ടെ മകനേ നിന്റെയീ നല്ല മനസ്സിന് എന്നും നല്ലതേ വരൂ. അതായിരുന്നു അച്ചന്റെ അടുത്ത് നിന്നും ഞാൻ അവസാനമായി കേട്ട വാക്കുകൾ." ക്രിസ്റ്റിയുടെ ആത്മാവ് ഒരു ദീർഘ നിശ്വാസം പുറത്തു വിട്ടു. കിഷോറിന്റെ മുടിയിഴകളെ തഴുകികൊണ്ടു ഒരു കാറ്റ് കടന്നുപോയി.
" എന്നിട്ട് " കിഷോർ യാന്ത്രികമായി ചോദിച്ചു.
" പിന്നീടങ്ങോട്ട് മനസ്സിൽ ഒരേയൊരു ലക്ഷ്യം മാത്രം എന്റെ മെഡോണീസ. അവളെ സ്വന്തമാക്കുന്ന ദിനം. അച്ചനും അവളുമറിയാതെ എത്രയോ വട്ടം അവളെ പോയി ദൂരെ നിന്ന് നോക്കി കണ്ടിരിക്കുന്നു. എന്റെ മനസ്സിലെ ലക്ഷ്യത്തിലേക്ക് ഞാൻ വളരെ അടുത്തെത്തിയതായിരുന്നു. പക്ഷേ... ആ നശിച്ച ദിവസം.. ആ മഴയുള്ള ദിവസം... പതിവുള്ള ജോലി കഴിഞ്ഞപ്പോഴാണ് സുഹൃത്ത് വിളിച്ചത്. രാത്രി പത്തു മണി വരെ ഒരു വർക്കുണ്ട് വരുന്നോ ഇരട്ടി കൂലി തരാം ആ പ്രലോഭനം കേട്ടപ്പോൾ വേറെയൊന്നും ചിന്തിച്ചില്ല. സ്വരുക്കൂട്ടണ്ട ആവശ്യം എന്റെയായിരുന്നല്ലോ. മെഡോണീസേ നിന്നെ സ്വന്തമാക്കാനുള്ള ദിവസം ഞാനടുത്തു കൊണ്ടിരിക്കുന്നു മനസ്സിലെ മെഡോണീസയോട് അങ്ങിനെ പറഞ്ഞാണ് ഞാൻ ബൈക്ക് ഓടിച്ചിരുന്നത്. മനസ്സിൽ ആ ദിവസം തന്നെയായിരുന്നു. അതാണ് ആ വളവ് തിരിഞ്ഞതും പെട്ടെന്ന് മുമ്പിൽ ലോറി കണ്ടപ്പോൾ ഒന്ന് പകച്ചതും പെട്ടെന്ന് ബ്രേക്ക് ചവിട്ടിയെങ്കിലും മഴ പെയ്തു നനഞ്ഞു കിടന്ന റോഡിൽ ചക്രം തെന്നി. ആ ലോറിയുടെ ബമ്പറിലേക്ക് വളരെ വേഗത്തിൽ നിരങ്ങി നീങ്ങിക്കൊണ്ടിരുന്നത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. അതിലിടിച്ചതും കണ്ണിൽ ഇരുട്ട് കയറി. വായിലും മൂക്കിലും ചോരയുടെ രുചി വന്നതാണ് അവസാനത്തെ ഓർമ്മ. "
ആ രംഗങ്ങൾ മനക്കണ്ണിൽ കണ്ടുകൊണ്ടിരുന്ന കിഷോർ ഒന്ന് ഞെട്ടി.
പൊടുന്നനെ അവിടെ ഒരു നിശബ്ദത കൈ വന്നു.
നേർത്ത ശബ്ദത്തിൽ കറങ്ങുന്ന ഫാനിന്റെ ശബ്ദം മാത്രമായി കുറച്ചു നിമിഷത്തേക്ക് ആ മുറിയിൽ..
ഭയാനകമായ നിശബ്ദത. കിഷോറിന് ഇനിയെന്താണ് ചോദിക്കേണ്ടത് എന്നത് അറിയില്ലായിരുന്നു. എങ്കിലും ചോദിച്ചു " മെഡോണീസാ.... ഇപ്പൊ "
" ഉം .. ഒന്നും അറിഞ്ഞിട്ടില്ല. ഞാൻ ആദ്യം കാണാൻ പോയത് അവളെയാണ്. ആ മുഖത്തു ഇപ്പോഴും നല്ല തിളക്കമാണ്. നിറമുള്ള സ്വപ്നങ്ങളുടെ പുഞ്ചിരിയാണ് അവളുടെ മുഖത്ത്. അച്ചൻ അവളോട് ഒന്നും പറഞ്ഞിട്ടില്ല. അവളിപ്പോഴും അവളെ കെട്ടാനുള്ള ആൾ ഇന്ന് വരും നാളെ വരും എന്നുള്ള പ്രതീക്ഷയിലാണ്. അച്ചന്റെ കാലടി ശബ്ദം ഓരോ തവണ കേൾക്കുമ്പോഴും അവളുടെ മുഖം വിടരുന്നതും ചെവികൾ വികസിക്കുന്നതും ഞാൻ കാണാറുണ്ട്. ചോദിക്കാനുള്ള മടി കൊണ്ട് ചോദിക്കാതിരിക്കുകയാണ്. നിനക്കറിയുമോ എന്നെ അടക്കുന്ന ദിവസം പള്ളിയിൽ മണിയടിയൊച്ച കേട്ടു കർത്താവേ ഈ ആത്മാവിന് നിത്യശാന്തി കൊടുക്കണമേ എന്നവൾ പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ ഞാനാകെ തകർന്നു പോയി. അവൾക്കറിയില്ലല്ലോ അവളെ കല്യാണം കഴിക്കാൻ മോഹിച്ചവന് വേണ്ടിയാണ് അവൾ പ്രാര്ഥിക്കുന്നതെന്നു. പാവം.. ഇപ്പോഴും ഞാൻ വരുന്നതും കാത്തിരിക്കുകയാണ്." ക്രിസ്റ്റിയുടെ സ്വരം ഒന്നിടറിയത് പോലെ..
" പാവം " കിഷോറും വിഷമത്തോടെ പറഞ്ഞു.
ക്രിസ്റ്റിയുടെ ആത്മാവ് വീണ്ടും നിശ്ശബ്ദമായപ്പോൾ കിഷോർ ചിന്തിച്ചത് ഇതൊക്കെ എന്നോട് വന്നു പറയുന്നത് എന്തിനാണ് എന്നായിരുന്നു.
" അതിന്റെ കാരണം നീയാണ് ഇതൊക്കെ അറിയേണ്ടവൻ എന്നത് കൊണ്ട് തന്നെയാണ്. " ക്രിസ്റ്റിയുടെ ആത്മാവ് കിഷോറിന്റെ മനസ്സ് വായിച്ചത് പറഞ്ഞപ്പോഴാണ് അക്ഷരാർത്ഥത്തിൽ കിഷോർ ഞെട്ടിപ്പോയത്.
" ഞാനോ... എന്തിന്... നമ്മൾ തമ്മിൽ എന്ത് ബന്ധമാണുള്ളത് അതിന്. " കിഷോർ ആ ഞെട്ടലോട് കൂടെ തന്നെ ചോദിച്ചു.
" നീയാണ് മെഡോണീസയെ കല്യാണം കഴിക്കേണ്ടവൻ." ക്രിസ്റ്റിയുടെ ആത്മാവ് വളരെ പതുക്കെയാണ് അത് പറഞ്ഞത്. കിഷോർ വീണ്ടും നടുങ്ങി.
" ഞാനോ .... തനിക്കെന്ത് ഭ്രാന്താണ്... ഞാനൊരിക്കലും വിവാഹം കഴിക്കുന്നില്ല.... അങ്ങനെയൊന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല..." കിഷോറിന് ചെറുതായി ദേഷ്യം വന്ന് തുടങ്ങിയിരുന്നു.
" അറിയാം കിഷോർ ... നിന്റെ മനതലങ്ങളിലൂടെ എനിക്ക് യാത്ര ചെയ്യാൻ സാധിക്കുമെങ്കിൽ നീയിനിയുള്ള കാലം എന്ത് ചെയ്യുമെന്നും എനിക്കറിയാൻ സാധിക്കും. " ക്രിസ്റ്റിയുടെ ആത്മാവ് അത് പറഞ്ഞ നിമിഷം കിഷോറിന് വീണ്ടും ദേഷ്യം വന്നു.
" നിങ്ങൾ വന്ന് പറഞ്ഞാൽ അല്ലെങ്കിൽ ഭീഷണിപ്പെടുത്തിയാൽ ഞാൻ കല്യാണം കഴിക്കാൻ തയ്യാറാകുമെന്നു ആരാണ് ഹേ നിങ്ങളോട് പറഞ്ഞത്." കോപത്തിൽ തന്നെയായിരുന്നു കിഷോറിന്റെ ചോദ്യം.
" ഞാൻ നിന്നോട് യാചിക്കുവാൻ വന്നതല്ല. മെഡൊണീസയുടെ ഭാവി നോക്കിയപ്പോഴാണ് അവളെ കല്യാണം കഴിക്കേണ്ടവൻ നീയാണെന്ന് മുമ്പേ എഴുതപ്പെട്ടതായി മനസ്സിലാക്കിയത്. ആ പ്രക്രിയ പൂർത്തീകരിക്കപ്പെടേണ്ടത് എന്നിലൂടെയും ... ഞാൻ സന്ദേശവാഹകനാണ്... ഇതെല്ലാം ഒരു നിയോഗമാണ്... അല്ലെങ്കിൽ നിന്നെ ഞാൻ എങ്ങിനെ അറിയാനാണ്. എങ്ങിനെ ഇത്ര കൃത്യമായി നിന്റെയരികിൽ തന്നെ വരും. സ്വപ്നത്തിലൂടെ ഇപ്പോൾ തന്നെ നിന്റെ മനസ്സിൽ ആ പേരുറച്ചു കഴിഞ്ഞു." ക്രിസ്റ്റിയുടെ ആത്മാവ് ശാന്തമായി തന്നെ പറഞ്ഞു.
" നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത്. എനിക്കൊന്നും മനസ്സിലാകുന്നില്ല.. എന്നെക്കൊണ്ട് കഴിയില്ല." കിഷോർ സ്ഥലകാല വിഭ്രാന്തിയിൽ പെട്ടത് പോലെ പുലമ്പി.
" കഴിയും കിഷോർ... നീ നാളെ പോയി മേഡൊണീസയെ കാണും. നിന്റെ മനസ്സിൽ ഈ നിമിഷം മുതൽ മെഡൊണീസയും അച്ചനും ആശ്രമവും മാത്രമേ ഉണ്ടാകൂ.. ക്രിസ്റ്റി എന്ന പേര് നീ അച്ചനോട് പറയുന്ന നിമിഷം അച്ചനു നിന്നെ മനസ്സിലാകും. അച്ചനോട് സ്വപ്നത്തിൽ ഞാനിക്കാര്യം അറിയിച്ചിട്ടുണ്ട്. നീ പോയില്ലെങ്കിൽ അച്ചൻ നിന്നെ തേടി ഇങ്ങോട്ട് വരും. നിന്നോട് ഇക്കാര്യം അറിയിക്കുന്നത് വരെയേ എനിക്കീ ഭൂമിയിൽ നിൽക്കാൻ അനുവാദമുള്ളൂ. ഞാനിത് മനസ്സിലാക്കിയിട്ടും നിന്നോട് പറയാൻ വൈകിയത് അത്രയും നാൾ എനിക്കെന്റെ മെഡൊണീസയെ കണ്ടുകൊണ്ടിരിക്കാമല്ലോ എന്ന ചിന്ത കൊണ്ടാണ്. നീ നല്ലവനാണ് എനിക്ക് കാണാൻ സാധിക്കുന്നുണ്ട് നിന്റെ കൂടെ മെഡോണീസ സന്തോഷവതിയായിരിക്കും. ഇനി ഞാൻ തിരിച്ചു വരും നിന്റെയും അവളുടെയും മകനായി... ഭൂമിയിലെ എന്റെ സമയം അവസാനിച്ചുകൊണ്ടിരിക്കുന്നു... ഒന്നുകൂടി നാളെ നീ ഉറങ്ങിയെഴുന്നേൽക്കുമ്പോൾ ഞാൻ വന്നതും സംസാരിച്ചതുമായ കാര്യം നീ മറന്ന് പോകും. നിന്റെ മനസ്സിൽ ഒരേയൊരു പേര് മാത്രമേ ഉണ്ടാകൂ മെഡോണീസ.. എന്റെ ആത്മാവിന്റെ ശക്തി കുറഞ്ഞാലും നീയറിയാത്ത ഒരു യാന്ത്രിക ശക്തിയായി ഞാൻ നിന്നിലുണ്ടാകും. നിന്റെയും മെഡോണീസയുടെയും കല്യാണം കഴിയുന്ന നാൾ വരെ... നാളെ നീ പോകും.. അല്ല നിന്നെ ഞാൻ കൊണ്ടുപോകും... അടുത്ത ഞായറാഴ്ച്ച നിങ്ങളുടെ കല്യാണമാണ്.. മെഡോണീസ അറിയാത്ത നീ മറന്നു പോകുന്ന ഒരു കഥ...അതാണ് ഞാൻ... ക്രിസ്റ്റി.... ആൽബർട്ട് ക്രിസ്റ്റി.... എന്റെ നിയോഗം പൂർത്തിയായിരിക്കുന്നു... ഇനി വിട..."
കിഷോറിന് മറുത്തെന്തെങ്കിലും പറയാനാകുന്നതിന് മുമ്പേ ആ മുറിയിലൊരു ശക്തമായ കാറ്റ് വീശി..
മുറിയിലാകെ വട്ടം ചുറ്റിയതിന് ശേഷം ആ മുറിയുടെ വാതിലുകൾ തുറന്നടഞ്ഞതോട് കൂടി ആ കാറ്റ് നിലച്ചു.
അതേ നിമിഷം തന്നെ കിഷോർ കിടക്കയിലേക്ക് മറിഞ്ഞു വീണു ഗാഢമായ നിദ്രയിലകപ്പെട്ടു...
എല്ലാം മറന്നു പോകാനുള്ള നിദ്ര...
പക്ഷേ അപ്പോഴും കിഷോറിന്റെ ചുണ്ടുകൾ അവ്യക്തമായി ആ പേര് പറയുന്നുണ്ടായിരുന്നു.
മെഡോണീസ...
കിഷോറാണോ ക്രിസ്റ്റിയാണോ അത് വിളിച്ചതെന്നറിയില്ല എങ്കിലും അതൊരുവളെ തന്നെയായിരുന്നു..... മെഡൊണീസയെ
ജയ്‌സൺ ജോർജ്ജ്
( ഇനിയും വായിക്കാത്തവർക്കായി ആദ്യഭാഗം ലിങ്ക് കമന്റിൽ ചേർക്കുന്നു. )

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക