Slider

എന്റെ കാര്യം !

0
എന്റെ കാര്യം !
നിരത്തിലൂടെ യാത്രാ ചെയ്യുമ്പോൾ ഒരു പാട് ഒരു പാട് രസകരമായ അനുഭവങ്ങൾ എന്നെ കടന്നു പോയിട്ടുണ്ട് യാത്ര ചെയ്യുമ്പോൾ എന്ന് ഞാൻ ഉദ്ദേശിക്കുന്നത് ഡ്രൈവ് ചെയ്യുമ്പോൾ എന്ന് തിരുത്തി വായിക്കാൻ അപേക്ഷ ."ക്ഷമ" "സഹിഷ്ണുത"മുതലായ നന്മയുള്ള ഗുണങ്ങൾ തീരെയില്ലാത്ത എന്നെ ഡ്രൈവിംഗ് പഠിപ്പിച്ചു നാടിനു മാതൃക ആയ പ്രദീപ് എന്ന എന്റെ ഗുരുവിനു സമർപ്പണം
ജീവിതത്തിൽ ഡ്രൈവിംഗ് പഠിക്കേണ്ടി വരുമെന്ന് ഞാൻ സ്വപ്നം കൂടി കണ്ടിട്ടില്ല .എന്നാലും ഇഷ്ടത്തോടെ പഠിച്ച ഒരേ ഒരു കാര്യം ഡ്രൈവിംഗ് ആണെന്ന് സമ്മതിക്കാതെ വയ്യ. എന്നെ പഠിപ്പിച്ച പ്രദീപ് അങ്ങേയറ്റം ക്ഷമയുള്ളവനായിരുന്നു..ധീരതയ്ക്കും ക്ഷമയ്ക്കും വേണേൽ ഒരു അവാർഡ് കൊടുക്കാവുന്നതാണ് .
പഠിക്കുന്ന കാലത്തും ഇന്നും ഹോൺ കേൾക്കുന്നതാണ് എന്റെ ഏറ്റവും വലിയ സഹനം .ആവശ്യത്തിനും അനാവശ്യത്തിനും ഹോൺ.തൃശൂർ ഭാഗത്തൊക്കെ ആന ചിന്നം വിളിക്കും പോലെയുള്ള ഹോണുകളാണ് പ്രൈവറ്റ് ബസുകളുടെ...നമുക്കു തോന്നും ആന അലറികൊണ്ട് നമ്മുടെ പിന്നാലെ ഓടി വരികയാണെന്ന്.(എന്നെ കൊല്ലരുത് സത്യമാണ്)
ചില സമയം സിഗ്നലിനു മുന്നിൽ കിടക്കുകയാവും .ചുവപ്പു സിഗ്നൽ ആവും തൊട്ടു പിന്നിൽ വന്നു ഒറ്റ ഹോൺ അടിയാണ്.ഉള്ളു കത്തി പോകും ഡ്രൈവിംഗ് പഠനത്തിന്റെ ആദ്യ ദിവസങ്ങളിലൊക്കെ ഈ ഹോണിന്റെ ശബ്ദം കേക്കുമ്പോൾ സർവ കണ്ട്രോളും പോകും .കാരണം നമ്മളിവിടെ ക്ലെച് ഏതാ ആക്‌സിലറേറ്റർ എന്നൊക്കെ കാലുകൊണ്ട് തപ്പിയെടുക്കുവാരിക്കും.ഇന്നസെന്റ് ചേട്ടൻ പറയുന്ന പോലെ സ്റ്റാർട്ട് ചെയ്യുമ്പോ ഗിയർ ഒന്നിലാണോ രണ്ടിലാണോ ഇനി മൂന്നിലാണോ ഇടേണ്ടതുമെന്നു ഗഹനമായിചിന്തിക്കുകയാവും. അഞ്ചു വരേയുള്ളു അത് നന്നയി ..ഇല്ലേൽ അതും കൂടി ആലോചിച്ചു വട്ടായേനെ
...സ്റ്റാർട്ട് ചെയുമ്പോൾ ഇതിലേതു എന്ന് കൺഫ്യൂഷൻ അടിച്ചു ഇരിക്കുന്ന ഒരു പകൽ. സിഗ്നലിനു മുന്നിൽ ഞാൻ. എന്റെ കാർ. അതിൽ എന്റെ ഗുരു. സ്ഥലം കവടിയാർ തിരുവനന്തപുരം
.ഒരു ഒറ്റ ഹോൺ ചെവി പൊട്ടി പോയി .തൊട്ടു പിന്നിൽ .
ഞാൻ നോക്കി ചുവപ്പു സിഗ്നൽ.എല്ലാവരും നിശബ്ദരായി അനുസരണയോടെ കിടക്കാകുമ്പോൾ ഇവനാരെടാ ?
"ലൈറ്റ് കാണുന്നില്ലെടാ ....@#$?"പറയാൻ തല വെളിയിലേക്കിട്ടതും ഗുരു തടഞ്ഞു
"അമ്മു മിണ്ടരുത്.അങ്ങനെ ഹോൺ അടിച്ചെന്നിരിക്കും ..ചിലര് ചിലപ്പോൾചീത്ത വിളിച്ചെന്നിരിക്കും .നമ്മൾ മിണ്ടരുത് .നേരെ നോക്കി വണ്ടി ഓടിക്കുക "
മിണ്ടരുത് പോലും...ഇവനാരാ മദർ തെരേസയുടെ മെയിൽ വേർഷൻ ആണോ എന്ന മട്ടിൽ ഞാൻ ഗുരുവിനെ നോക്കി .ഗുരുവായ പ്രദീപ് സത്യാ സായി ബാബ ചിരിക്കുമ്പോലെ ഒരു ചിരി .
സത്യത്തിലാവശ്യമില്ലാതെ ഹോണടിക്കുന്നവന്റെ പിതൃക്കളെ എത്ര വട്ടം സ്മരിച്ചിട്ടുണ്ടെന്നോ !
ചീത്ത വിളിക്കുന്നവരോടും മിണ്ടരുതത്രേ.അതൊക്കെ എന്നെ കൊണ്ട് പറ്റുമോ ആവ്വോ എന്നൊക്കെ ആലൊചിച്ചു വന്നപ്പോൾ പച്ച വെളിച്ചം തെളിഞ്ഞു
സ്റ്റാർട്ട് ആവുന്നില്ല.
"ഫസ്റ്റ് ഇട് " പ്രദീപ് പറയുന്നു
"ഫസ്റ്റ് ആണ് " ഞാൻ
"ക്ലെച് "
"ക്ലെച്ചില് കാലുണ്ട് "
"ആക്സിലറേറ്റർ കൊടുക്ക് "
ഞാൻ ആവുന്നത് ചവിട്ടുന്നു .വണ്ടി അനങ്ങുന്നില്ല .പുറകിൽ ഹോണടി മത്സരം
"വണ്ടി എടുത്തു മാറ്റു"പോലീസ് വന്നു
"ഒരു മിനിറ്റ സാർ "പ്രദീപ് ഇറങ്ങി ഡ്രൈവിംഗ് സീറ്റിൽ വന്നു
എന്നെ രൂക്ഷമായി നോക്കി വണ്ടി സ്റ്റാർട്ട് ആക്കി
ഓഫ് ചെയ്തു വെച്ചിരിക്കുകയായിരുന്നു . ആ വെപ്രാളത്തിൽ പ്രദീപും ശ്രദ്ധിച്ചില്ല അത് .ഞാൻ ഒരു ചമ്മിയ ചിരിയോടെ ഇരുന്നു.അന്നെന്നെ ഒരു വലിയ കയറ്റത്തിലാണ് കൊണ്ട് പോയത് .
ഞാൻ നോക്കുമ്പോൾ സാക്ഷാൽ എവറസ്റ്റ്
ഞാൻ അതിന്റെ മുകളിലോട്ടു നോക്കി എവറസ്റ്റ് കൊടുമുടി ..ടെൻസിങ് ഹിലരി ..അവരെയൊക്കെ ഒന്ന് സ്മരിച്ചു ..അവരൊക്കെ നടന്നു കയറിയവർ ..ഞാൻ കാറിൽ ...
"ഇവിടൊക്കെ നമ്മൾ വരുമോ?എന്തിനാ വെറുതെ പഠിക്കുന്നെ ?"
"ഒന്ന് പോ അമ്മു ഡ്രൈവിംഗ് പഠിക്കുമ്പോൾ നമ്മൾ എല്ലാ തരം റോഡിലൂടെയും ഓടിച്ചു പഠിക്കണം"
"ആഹാ ! ഈശ്വര !ഇതൊക്കെ ഞാൻ ...ഒരു വിധത്തിൽ ഓടിച്ചു ഏകദേശം മുക്കാൽ ഭാഗത്തോളം എത്തി മുന്നോട്ടു പോണില്ല .പിന്നോട്ടു ദേ വരുന്നു
"അമ്മു ആക്സിലറേറ്റർ കൊടുക്കു "പ്രദീപിന് ഇക്കുറി ഇറങ്ങി വരാൻ പറ്റില്ല .ഞങ്ങൾ എവറെസ്റ്റിന്റെ തുഞ്ചത്തു എത്താറായി
"ആക്സിലറേറ്റർ ഏതാ? ഞാൻ
"ഈശ്വര താൻ എന്നെ കൊല്ലുമോ?"
ക്ഷമയുടെ അവതാരം നിറം മാറുന്നത് ഞാൻ കണ്ടു .പാവം ! അടുത്തിടെ കല്യാണം കഴിച്ചതേയുള്ളു .ജീവിച്ചു കൊതി തീർന്നിട്ടില്ല. കഷ്ടം ആയി പോയി.
"വലത്തേ കാല് അമർത്തു അമ്മു "
ഇടത്തേത് വലത്തേത് എന്ന് വലിയ പിടി കിട്ടുന്നില്ല .ഞാൻ വിയർത്തു കുളിച്ചു .
"വെള്ളം വേണം "ഞാൻ പ്രദീപിനെ ദയനീയമായി നോക്കി
"എന്റെ അമ്മു താൻ കഴിക്കുന്ന കൈയുടെ വശത്തെ കാല് ചവിട്ടു "
ഓ പിടികിട്ടി .തീറ്റ കാര്യം പറഞ്ഞാൽ മതി .അതാ എന്റെ സൈൻ ബോർഡ്.ഒരു വിധത്തിൽ സാധനം മുകളിലെത്തി .താഴോട്ട് നോക്കിയപ്പോൾ സത്യത്തിൽ തലകറങ്ങി പോയി
പണ്ടത്തെ അനിക്സ്പ്രയുടെ പരസ്യം പോലെ"
പൊടി പോലുമില്ല കണ്ടു പിടിക്കാൻ" ആ അവസ്ഥ യായി പോയേനെ
തിരിച്ചു വരുമ്പോൾ പ്രദീപ് തന്നെ വളയം പിടിച്ചു .ലാലേട്ടൻ പറയുമ്പോലെ
"ജീവിക്കാൻ ഒരു കൊതി തോന്നുന്നു അമ്മു.എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ ?"എന്ന ഡയലോഗും .
പിന്നേ ഒരു ദിവസം ഞങ്ങൾ പോയത് പ്രധാന നിരത്തുകൾ വിട്ടു ഒരു നാട്ടു വഴിയിലൂടെയാണ്. എന്നോട് പറയാറുണ്ട്
"നേരെ നോക്കി വണ്ടി ഓടിക്കണം "
അതെന്താണെന്നോ.. ഈ ബൊമ്മയുടെ തല പോലെയാണ് എന്റെ. അങ്ങോട്ടും ഇങ്ങോട്ടും നോക്കി കൊണ്ടിരിക്കും. അങ്ങനെ നോക്കുമ്പോൾ വഴിയരികിൽ ഒരു ചായക്കട. കണ്ണാടി അലമാരയിൽ "ഉണ്ടപ്പൊരി "എന്റെ ഫേവറിറ്റ് സാധനം.. ഈ നാട്ടിൽ വന്ന ശേഷം ഇത് കണ്ടിട്ടില്ല. "ഹായ് "
ഞാൻ ബ്രേക്കിൽ ഒറ്റ ചവിട്ട്. എന്റെ ഗുരുവിന്റെ മുഖം മുന്നിൽ ചെന്നിടിച്ചു നിവർന്നു.
"എന്താ അമ്മു ?"
"ഉണ്ടപ്പൊരി "
ഞാൻ കൈ ചൂണ്ടി
എന്റെ ഗുരു തലയിൽ കൈ വെച്ചു
"ഇങ്ങനെ പെട്ടെന്ന് ചവിട്ടരുത്.. വഴിയിൽ സാക്ഷാൽ മോഹൻലാൽ നിന്നാലും. "
"പിന്നേ ലാലേട്ടൻ വഴിയിൽ വന്നു നിക്കുവല്ലേ... ഇനി നിന്നെന്നിരിക്കിടെ.. ഞാൻ എപ്പോ വണ്ടിയിട്ടിട് ഓടി എന്ന് നോക്കിയാൽ പോരെ "
പ്രദീപ്‌ ഗുരു തോറ്റു. തൊഴുതു. എന്തായാലും ഉണ്ടപ്പൊരി തിന്നു കൊണ്ടായി പിന്നെത്തെ യാത്ര
ടു വീലർ പഠിച്ചത് അതിലും രസം ആണ് .
*8 "എന്ന അക്കത്തെ വെറുത്തു പോയി
എത്ര ശ്രമിച്ചിട്ടും അത് എനിക്ക് പറ്റുന്നില്ല.
ഒന്നോ മൂന്നോ ഒക്കെ മതിയാരുന്നു .ഇതിപ്പോ എട്ടു കണ്ടു പിടിച്ചവൻ ആരാണപ്പാ!
അല്ലേലും ആരേലും എട്ടു പോലെ വണ്ടി ഓടിക്കുമോ? കള്ളടിച്ചിട്ടല്ലാതെ....
.ഈ നിയമം ഒക്കെ കൊണ്ട് വന്നതാരാണാവോ!
ഞാൻ ഡ്രൈവിംഗ് പഠിക്കുന്ന സ്ഥലത്തു കുറെ തെങ്ങുകളുണ്ട് അതിനിടയിൽ കൂടി ഓടിച്ചാണ് എട്ടു പഠിത്തം
മിക്കപ്പോളും ഞാൻ ഏതേലുമൊരു തെങ്ങിലിരിക്കും.വണ്ടി വശത്തു കിടക്കും .
ഇതൊരു സ്ഥിരമായപ്പോൾ അവർ എനിക്ക് വണ്ടി തരാതായി.ഞാൻ പുതിയ വണ്ടി വാങ്ങി.അല്ലാ പിന്നെ.
അങ്ങനെ ആ ദിവസം സമാഗതമായി
ടെസ്റ്റ്
കാറിന്റേയും ടു വീലറിന്റെയും ഒരേ ദിവസം
നന്നായി ഒരു തീരുമാനം ആകുമല്ലോ കാർ നമ്മൾ പക്കാ ആയിരുന്നു ഇടയ്ക്കു ഒരു സൈക്കിൾ കാരനെ പാലത്തിനു താഴെ ചാടിച്ചു പുഴയിൽ ഇട്ടത് ഒഴിച്ചാൽ ...
എച് എടുക്കാൻ എളുപ്പമല്ലേ?വേഗം ലൈസെൻസ് കിട്ടി
ഇനി ടു വീലർ
ഡ്രൈവിംഗ് സ്‌കൂളിന്റെ അസ്ഥിപഞ്ജരം പോലെത്തെ ശകടം എന്നെ നോക്കിപുഞ്ചിരിച്ചു "നിനക്ക് വെച്ചിട്ടുണ്ടെടെ" എന്ന് ഒരു ഭീഷണി ഉണ്ടോ?"ഞാൻ അതിനെ ഒന്ന് നോക്കി
മഴ ചാറി തുടങ്ങി
നല്ല വെയിലുള്ളപ്പോ ഓടിച്ചാൽ തെങ്ങേൽ ഇരിക്കുന്ന ഞാൻ ആണ് ..മഴയത്തു ..ഇപ്പൊ കാണിച്ചു തരാം ..ആഹാ അത്രയ്‍ക്കയോ
എട്ടു പോലെ കമ്പികൾ നിരത്തി വെച്ചിട്ടുണ്ട് ..ദൈവമേ തെങ്ങു കുഴപ്പമില്ലായിരുന്നു ..കമ്പി..! ആംബുലൻസ് ആശുപത്രി ഒക്കെ ഒന്നോടി മനസിലേക്ക് വന്നു .
എന്റെ നമ്പർ" പതിമൂന്ന്" .സന്തോഷമായി നല്ല നമ്പർ .ഏകദേശം തീരുമാനമായി
ഞാൻ .അവസാനത്തെ ആളാണ് .മഴ ശക്തി പ്രാപിച്ചു ഓഫീസർ കുടയും പിടിച്ചു നില്പുണ്ട് .പ്രദീപ് ഒരു പ്രതീക്ഷയുമില്ലാതെ ദൂരെ നില്പുണ്ട്
ഞാൻ കയറി ഇരുന്നു ..ഓടിച്ചു ..പ്രദീപിന്റെ ചിരി കയ്യടി ഞാൻ ഒന്ന് തിരഞ്ഞു നോക്കി .കമ്പികൾക്കൊന്നും പറ്റീട്ടില്ല .
"ഞാൻ തന്നെയോ?" ഒരു സംശയത്തിൽ ഞാൻ പ്രദീപിനെ നോക്കി പ്രദീപ് "ഡണ് " "എന്ന് വിരൽ ഉയർത്തിക്കാട്ടി
പതിമൂന്നു പേരിൽ അന്ന് എനിക്ക് മാത്രം ആണ് ലൈസെൻസ് കിട്ടിയത് .പഠിച്ചു കൊണ്ടിരുന്ന സമയത്തു ഒരു തവണ പോലും ശരി ആകാതിരുന്ന ഞാൻ.ബാക്കി എല്ലാരും മിടുക്കർ ആയിരുന്നു .പക്ഷെ ആ ദിവസം അവരുടേതല്ലായിരുന്നു .എന്നെ കൃഷ്ണൻ രക്ഷിച്ചതാവും . കയറും മുന്നേ ഞാൻ പുള്ളിയോടും കൂടി എന്നോടൊപ്പം പോന്നോളാൻ റിക്വസ്റ്റ് ചെയ്തിരുന്നു.സത്യമായിട്ടും അത് ഞാൻ അല്ല. എന്റെ കഴിവുമല്ല
.എന്റെ കൃഷ്ണ!നീ ഡ്രൈവിംഗ് പഠിച്ചിട്ടില്ലരുന്നേൽ ഞാൻ അന്ന് എന്ത് ചെയ്തേനെ !

Ammu 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo