എബിയുടെ സുവിശേഷം
ഞാൻ എബി ജോൺ കൊട്ടാരത്തിൽ .
ഇതെന്റെ കഥയാണ് .എന്റെ കഥ മറ്റാര് പറയുന്നതിലും ഞാൻപറയുന്നതല്ലേ നല്ലത് ?കഥ രണ്ടു രീതിയിൽ പറയാം .
ഒന്ന് ഈ "സെന്റി"ഒക്കെ ചേർത്തുജീവിതത്തിലെ വിരഹവും കദനവും പ്രണയവും ഒക്കെ പറയാം .പക്ഷെ എനിക്ക് മനസില്ല അങ്ങനെ പറയാൻ .കാരണം എന്തെന്നോ ജീവിതം ഒരു പാട് കളി കളിച്ചു നോക്കി എന്നെ കരയിക്കാനും തോൽപ്പിക്കാനും രണ്ടും നടന്നില്ല .അതോണ്ട് ഞാൻ ഇത് ലേശം കോമഡി ചേർത്തങ്ങു പറയുവാ .അല്ലേലും കോമെഡിക്കല്ലേ ഇപ്പൊ മാർക്കറ്റ്?
സത്യത്തില് ഈ ജീവിതം എന്ന് പറയുന്നത് ഒരു പാവകളി അല്ലെ സുഹൃത്തുക്കളെ ?ആരോ എവിടെയോ ഇരുന്നു ചരട് വലിച്ചു തുള്ളിക്കുന്ന പാവകൾ.അപ്പൊ ഞാൻ എന്ന പാവയുടെ കഥ ഇവിടെ പറയുകയാണ് .ക്ഷമയുണ്ടെങ്കിൽ കുറച്ചു നേരം ഒപ്പം ഇരിക്ക്.പിന്നെ എനിക്ക് പഠിത്തം കുറവാണു അത് കൊണ്ട് സാഹിത്യം ഒന്നും പ്രതീഷിച്ചെക്കല് .ഒരു മുൻകൂർ ജാമ്യം ആണ് കേട്ടോ
എന്റെ നാട് തൊടുപുഴയാണ് ,"കൊട്ടാരത്തിൽ"എന്നുള്ളത് എന്റെ വീട്ടുപേരാണ് .അപ്പന്റെ പേര് "എബ്രഹാം ചക്രവർത്തി "കേൾക്കുമ്പോ വല്ലായ്മ തോന്നുണ്ടല്ലേ ?ഈ ചക്രവർതീം കൊട്ടാരവും ഒന്നുമില്ലന്നെ .ഓടിട്ട ഒരു കൊച്ചു വീട് .രണ്ടു മുറി ഒരു അടുക്കള. അപ്പൻ അപ്പനായിട്ടു ഇട്ട പേരാ ഇത് .പുള്ളി പഴയ നാടക നടനാ.നാടകത്തിൽ എപ്പോളുംഅശോക ചക്രവർത്തിയുടെ വേഷമാരുന്നു. അതാണീ പേര് ..'അമ്മ "ആനി പാവമാ .ഒരു അനാഥയായിരുന്നു .അപ്പൻ സ്നേഹിച്ചു കൊണ്ട് പോരുന്നതാണെന്നു വലിയമ്മച്ചി പറഞ്ഞു കേട്ടിട്ടുണ്ട് .
അന്ന് എനിക്ക് ഒരു അഞ്ചുവയ്സുണ്ടാവും .ഒരു വലിയ ഉരുൾ പൊട്ടൽ വന്ന രാത്രി ഒലിച്ചു പോയ വീടുകളിലാണ് എന്റെതാരുന്നു.കൂട്ടത്തിൽ എന്റെ അമ്മേനേം അപ്പനേം കൂടെ വെള്ളം അങ്ങ് കൊണ്ട് പോയി . എന്റെ അപ്പന്റെ 'അമ്മ വന്നു എന്റെ നാട്ടിലേക്കുകൊണ്ടു പോയി "
ഒരു പത്തു വയസ്സ് വരെ അവിടെ ആയിരുന്നു .അപ്പന്റെ അനിയൻ ജോസൂട്ടിയുടെ ഭാര്യ എൽസ അമ്മച്ചിക്കു ഞാൻ ഒരു "ബാധ്യത ആണെന്ന് തോന്നിയപ്പോ ഞാനവിടെ നിന്ന് ഒരു രാത്രി ഇറങ്ങി പോയി .പത്തു വയസിൽ ഈ "ബാധ്യത "എന്നൊക്കെ എങ്ങനെ തോന്നുമെന്നല്ലേ?അതൊക്കെ മനസിലാകുമെന്നെ..ഈ ചാവാലി പട്ടികളെ ഒക്കെ നമ്മൾ നോക്കുന്ന നോട്ടമുണ്ടല്ലോ..ആ നോട്ടം നമുക്കു നേരെ വരുമ്പോ, എല്ലാവരും കഴിച്ചിട്ടു ബാക്കി വരുന്ന ചോറിൽ ഇച്ചിരി വെള്ളമൊഴിച്ചിട്ടു ,മീൻ കറി ഉണ്ടായിട്ടും മാങ്ങാ കറി കൂട്ടി തരുമ്പോ,സ്വന്തംമക്കൾക്കു പുത്തനുടുപ്പു എടുക്കുമ്പോ കീറിപോയ എന്റെ ഷർട്ടിന്റെ തുന്നല് ഒന്ന് കൂട്ടിത്തരുവൊന്നു ചോദിക്കുമ്പോ അത് വലിച്ചെറിയുമ്പോ ,ഒക്കെ" ബാധ്യത " എന്ന വലിയ വാക്കിന്റെ അർത്ഥമൊക്കെ മനസിലാകും .ആ വാക്ക് ഇപ്പോള അറിയുക എന്ന് മാത്രം.
ആ രാത്രി ഞാൻ ഏതോ ബസിൽ കയറി ഒരുനഗരത്തിലെത്തി .വെളുപ്പിനൊരു രണ്ടു മൂന്നു മണി ആയിട്ടുണ്ടാവും ഞാനിങ്ങനെ തെരുവിലൂടെ നടക്കുകയായിരുന്നെന്നെ .വിശന്നിട്ടു വയറു കത്തുന്നു .ഒരു വീപ്പയിൽ കുറെ എച്ചിലിലകൾ കിടക്കുന്നതു പട്ടികള് നക്കി തിന്നുന്ന കണ്ടു .എന്തേലും കിട്ടുമോന്നറിയാൻ ചെന്നപ്പോഴാ കണ്ടത് "ഒരു കുഞ്ഞ് " പട്ടികളെല്ലാം കൂടെ ആഹാരം തികയാതെ വന്നപ്പോ അതിനടുത്തേക്കു പോകുന്നുകണ്ടപ്പൊഴാ ഞാൻ അതിനെ എടുത്തത് . ആസമയം തന്നെയാ ഒരു കാർ എന്റെ മുന്നിലായിട്ടു മതിലിലിടിച്ചു മറിഞ്ഞതും .കാറിൽനിന്ന് യാതൊരു പരിക്കും പറ്റാതെ ഒരാള് പുറത്തു ഇറങ്ങുന്ന കണ്ടപ്പോ എന്റെ കണ്ണ് തള്ളി പോയി .അതൊരു ഒന്ന് ഒന്നര ഐറ്റം ആയിരുന്നു .പേര് "അലക്സാണ്ടർ "പ്രധാന പണി "വെള്ളമടി ".ആ രാത്രീല് അങ്ങേരു എന്നെ കൂട്ടികൊണ്ടു പോയി നല്ല ബോധം അങ്ങേർക്കില്ലാഞ്ഞ കൊണ്ട് രാത്രി പറഞ്ഞ എന്റെ കഥ ഞാൻ രാവിലെ ഒന്നൂടെ പറഞ്ഞു കേൾപ്പിക്കേണ്ടി വന്നു.
കഥയൊക്കെ കേട്ടു കഴിഞ്ഞപ്പോൾ അങ്ങേരു പറഞ്ഞു "ഇവള് നിന്റെ അനിയത്തി ആണെന്ന് പറഞ്ഞാൽ മതി .അല്ലേല് പോലീസ് ഒക്കെ വന്നുരണ്ടു പേരെയും വല്ല അനാഥാലയത്തിലുമാക്കുംഎന്ന്.അങ്ങനെ ആ രാത്രി എനിക്ക് ഒരു അനിയത്തിയെ കിട്ടി .മുതലാളി തന്നെ പിന്നീട് അവൾക്കൊരു പേരുമിട്ടു ."എലീന ജോൺ കൊട്ടാരത്തിൽ"അപ്പൊ എനിക്ക് വലിയ സന്തോഷമായി.ഭൂമിയിൽ നമുക്കും ആരേലും ഒക്കെ ഉളളത് നല്ലതാണെന്നെ.അത് ഒരു സുഖമാ.
ഒരു പതിനെട്ട് വയസായപ്പോളേക്കും ഞാൻ വണ്ടി പണിയൊക്കെ നന്നായി പഠിച്ചു .മുതലാളി തന്നെ എനിക്കൊരു വർക്ക് ഷോപ്പുമിട്ടു തന്നു .ഞാനും അവളും കൂടി ഒരു വാടക വീട്ടിലോട്ടു മാറി .വേറെ ഒന്നുമല്ല കേട്ടോ .മുതലാളി നല്ലവന് തന്നെ. പക്ഷെ ഈ" കള്ള്" ഉണ്ടല്ലോ അവൻ വില്ലന. .എന്റെ അനിയത്തി കുട്ടി താമരപ്പൂവ് പോലെ സുന്ദരിയും .പഠിക്കാനൊക്കെ മണ്ടിയാരുന്നു .ഡാൻസ് ചെയ്യാനൊക്കെ നല്ല മിടുക്കിയും .ഞാൻ അവളുടെ ഡാൻസിനെയൊക്കെ പ്രോത്സാഹിപ്പിച്ചു .എനിക്കോ ഒരു കഴിവുമില്ല.ഒരു കഴിവ് ഒക്കെ ഉളളത് നല്ലതല്ലേ ?നമുക്കു അപ്പന്റെ നാടകാഭിനയം ഒന്നും കിട്ടിയില്ലേലും ഈ ആസ്വാദനത്തിനു നമ്മളെ ആരും തോല്പിക്കുകേല.
പക്ഷെ ഈ അനിയത്തിമാരുള്ള ആങ്ങളമാർക്ക് ഒരു കുഴപ്പമുണ്ട് ഈ "ആസ്വാദനം "അതിന്റെ ലെവല് ഇച്ചിരി പോലും ഓവർ ആക്കാൻ പറ്റില്ല .ഞാൻ പറഞ്ഞത് മനസിലായില്ലലെ?അനിയത്തിയുടെ കൂട്ടുകാരികള് നല്ല സുന്ദരി പെൺപിള്ളാര് വീട്ടിൽ വരുമ്പോൾ ചുമ്മാ "തൂണ് പോലെ നിക്കാനേ പറ്റു.അവർക്കും" ബഹുമാനം ". നമുക്കും "ബഹുമാനം ". "ബഹുമാനം"എന്ന വാക്ക് തന്നെ വെറുത്തു പോകും .
എന്റെ മനസിലെ സുന്ദരിക്ക് "നസ്രിയയുടെ "മുഖമാ.എന്താ ഭംഗി അല്ലെ? നല്ല കുസൃതി നിറഞ്ഞ മുഖം .പക്ഷെ നസ്രിയയെ പോലിരിക്കുന്ന പെണ്ണ് "ഉണക്കമീൻ"പോലിരിക്കുന്ന എന്നെ കെട്ടുമോ? പ്രേമിക്കുമോ?പോട്ടെ നോക്കുകയെങ്കിലും ചെയ്യുമോ?"
കാണാൻ ഒരു ഭംഗി ഇല്ലാത്തതിനും "ദുൽകർ സൽമാനെ "മതി ആശയ്ക്ക് ഒക്കെ ഒരു പരിധി ഇല്ലേ ?
ഈ പെണ്ണുങ്ങൾക്ക് ഒരു വിചാരമുണ്ട് ഒറ്റ നോട്ടത്തിൽ ഏത് അവനെയും അങ്ങ് പിന്നാലെ നടത്തി കളയാമെന്ന് .എന്നിട്ടു വലിയ ഗമയിൽ കൂട്ടുകാരികളോട് പറയാല്ലോ "എടി ദേ അവൻ എന്റെ പിന്നാലെ നടക്കുകയാ ..ശല്യം "അവളുടെ നോട്ടം കണ്ട നമ്മൾ പുല്ലു കണ്ട പശുനെ പോലെ പിന്നാലെ നടക്കുകയാണെന്ന് ആരറിയുന്നു .സത്യത്തിൽ നോട്ടത്തിനെ കുറ്റം പറയാൻ പറ്റില്ല കേട്ടോ "കാന്തമുന"പോലെയാ ചില നോട്ടങ്ങൾ ."ഹോ" നെഞ്ചിൻ കൂടിന്റെ ഫിലമെന്റ് അടിച്ചു പോകും
അങ്ങനെ ഇരിക്കെ ഒരു ദിവസം പള്ളിയിൽ പോയപ്പോ കേട്ട പാട്ടിന്റെ ഉടമസ്ഥയെ ഞാൻ ഒന്ന് നോക്കി ."കർത്താവെ നസ്രിയ"തെറ്റിദ്ധരിക്കണ്ട ഞങ്ങൾ ആണുങ്ങൾക്ക് ഒരുത്തി മനസ്സിൽ കേറിയ പിന്നെക്കാണുന്ന പെൺകുട്ടികൾക്കൊക്കെ ആ മുഖമാ .എന്റെ ഈ നസ്രിയയുടെ പേര് സാറ .സത്യത്തിൽ ജീവിതത്തിലാദ്യമായിട്ടു കർത്താവിന്റെ മുന്നില് ഒരു നിവേദനം വെച്ച് പോയി ."സാറയെ വേണം"
കർത്താവ് പറഞ്ഞു "കുഞ്ഞാടെ നീ പറഞ്ഞ ആവശ്യം സാധിച്ചു തരുന്നതിനേക്കാൾ എളുപ്പം ഞാൻ ഒരു വട്ടം കൂടി കുരിശേ കേറുന്നതാണെന്നു "എന്നാലും പ്രതീക്ഷ വിട്ടില്ല .അവള്എന്നെ ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല .ശ്രദ്ധിക്കാൻ വേണ്ടി പലതു ചെയ്തു .എല്ലാം ചീറ്റി .അങ്ങനെ ഇരിക്കെ അനിയത്തി കുട്ടിക്ക് ഒരു ആലോചന വന്നു ."സ്‌കൂൾ ടീച്ചറാണ് "സ്ത്രീധനം ഒന്നുംവാങ്ങാതെ പൊന്നു പോലെ അവളെ അവര് കൊണ്ട് പോയി.
"ഹോ ആ രാത്രിയുണ്ടല്ലോ .അനിയത്തിമാരുണ്ടെങ്കിൽ മനസിലാകും .എത്ര കുപ്പി കള്ള് കുടിച്ചാലും നെഞ്ചിന്റെ പിടച്ചിൽ മാറില്ല ."കൊഞ്ചി ചിരിച്ചു പിണങ്ങി ഇണങ്ങി നിഴല് പോലെ നടന്നിട്ടു ,ഒരു മുള്ളു പോലും കൊള്ളാതെ വളർത്തിയിട്ടു .അവള് വേറെ ഒരിടത്തു .ഇനി പഴയത് പോലെ "അച്ചായാ "എന്നൊക്കെ വിളിച്ചു കെട്ടിപ്പിടിക്കുമോ അതോ "മാറി പോകുമോ"? അതൊരു ആധി പോലെയാ . എന്റെ അനിയത്തികുട്ടിക്കറിയില്ല ഞാൻ അവളുടെ അച്ചായനല്ല എന്ന് .ഒരിക്കലും അറിയുകേമില്ല .കാരണം അതറിയുന്ന ഒരാൾ ഈ ഭൂമിയിൽ ഇന്നില്ല .കുടിച്ചു കുടിച്ചു കരളു വെന്തു മുതലാളി പോയി .
അത് പോട്ടെ എന്റെ സാറയിലേക്കു വരാം,അവൾ അവളുടെ സ്‌കൂട്ടി ശരിയാകാൻ എന്റെ വർക്ഷോപ്പിൽ വന്ന ദിവസം .സത്യത്തിൽ "സ്പാനർ "ഏതാ "സ്ക്രൂ ഡ്രൈവർ"ഏതാ എന്ന് അറിയാതെ ഞാൻ പതറിയ ദിവസം .ആ ദിവസം അവളൊരു നോട്ടം നോക്കി .നിവിൻ പൊളി പറയും പോലെ "എന്റെ സാറെ "പക്ഷെ എന്തോ ഒരു കുഴപ്പം ഉണ്ട് .നോട്ടം മാത്രമേ ഉള്ളു.പളളില് പാടുന്നത് കൊണ്ട് അവളു ഊമയല്ല എന്നുറപ്പാ .രണ്ടു കല്പിച്ചു ഒരു ദിവസം "ഇഷ്ടമാണോ?'എന്ന് ചോദിച്ചപ്പോ പെണ്ണ് പറയുക"ഇഷ്ടമല്ല "എന്ന് ഒന്ന് ഞെട്ടിയെങ്കിലും ആഇഷ്ടമല്ലായിൽ ഒരിഷ്ടമില്ലേ എന്ന് ചിന്തിച്ചു പിന്നാലെ കൂടി .പക്ഷേ അത് വലിയ പ്രശനമായി . പെരുന്നാളിന് പള്ളി പറമ്പിലിട്ടു അവളുടെ ആങ്ങളമാർ എന്നെ തല്ലി. .പക്ഷെ ആ തല്ലു ഗുണം ചെയ്തു കേട്ടോ .എന്റെ നസ്രിയ കണ്ണീരൊലിപ്പിച്ചു എന്നെ കെട്ടിപ്പിടിച്ച രാത്രി ആയിരുന്നു അന്ന് .
കോളേജിന്ന്ടൂർ പോയ അവളുടെ ബസ് മറിഞ്ഞത് പിറ്റേന്നത്തെ പത്രത്തിന്ന ഞാൻ അറിഞ്ഞത്. .ഭൂമി മുഴുവൻ ഇരുട്ടാകുന്നതെങ്ങനെയെന്നു അന്ന് ഞാൻ അറിഞ്ഞു .എന്റെ പെണ്ണ് രക്ഷപ്പെട്ടു .പക്ഷെ അവളുട ഒരു "കാല് "പോയി.അവളുടെ കൈയോ കാലോ ഒന്നും എനിക്കൊരു വിഷയമേയല്ലാരുന്നു .അവളുടെ സ്നേഹം. നിലാവ് പോലെ എന്നെകൊതിപ്പിച്ച എന്റെ പെണ്ണല്ലേ അവൾ?കാലില്ലേലെന്നാ എന്റ കൈകളില്ലേ ..നല്ല ശക്തിയുണ്ട് അതിന് .അവളെ കോരിയെടുത്തു നടക്കാനുള്ള ശക്തി
ഇന്ന് ഞങ്ങളുടെ വിവാഹമായിരുന്നു .എന്റെ "സാറ"നല്ല ഉറക്കമാണ് .ഞാൻ നക്ഷത്രങ്ങളെ നോക്കി മുറ്റത്തിരിക്കുകയാ.എന്റെ അപ്പനും അമ്മയും ആ കൂട്ടത്തിലുണ്ടാവും. എന്റെ കഥ നീണ്ടു പോയി അല്ലെ ?ക്ഷമിക്കുട്ടോ .ഞങ്ങൾ ഞങ്ങളേ ഈ നാട്ടിന്പുറത്തുകാർക്കു കാച്ചികുറുക്കി പറയാനൊന്നും അറിയുകേലെന്നെ.
Ammu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക