Slider

അവർക്കെന്നോട് സ്നേഹമായിരുന്നു...

0
അവർക്കെന്നോട് സ്നേഹമായിരുന്നു...
×××××××××××××××××××××××××××××××××××
ഇരുപത് വയസ്സുവരെ ജീവിതം സുന്ദരസുരഭിലമായി മുന്നോട്ടു നീങ്ങി..നീണ്ട മിഴികളും അതിൽ നിറയെ സ്വപ്നങ്ങളുമുള്ള പെൺകുട്ടി..അതായിരുന്നു ഞാൻ..അപ്പോഴാണ് ആദ്യത്തെ പ്രഹരം ഒരു ജ്യോത്സ്യന്റെ രൂപേണ വന്നത്..അനാവശ്യമായ ഒരു ഭീതി എന്റെ അമ്മയുടെ ഹൃദയത്തിലേക്ക് അത് കോരിയിട്ടു.. ഇരുപത്തൊന്നു വയസിന പ്പുറം വിവാഹം നീണ്ടുപോകുമാത്രേ...ഇരുപതു വയസുകാരിയായിരുന്നിട്ടും എന്റെ ഉള്ളിലെ കുട്ടിത്തം വിട്ടുമാറിയിരുന്നില്ല..വിവാഹത്തെ പറ്റി ചിന്തിച്ചുപോലും നോക്കിയിട്ടില്ലാത്ത പ്രായം..തരക്കേടില്ലാത്ത പഠനം ആയിരുന്നത് കൊണ്ട് തന്നെ സ്വന്തം കാലിൽ നില്കണമെന്ന മോഹത്തിന് ചിറകുമുളച്ചു തുടങ്ങിയിരുന്നേ ഉള്ളു...
കരഞ്ഞു..പട്ടിണി കിടന്നു..ആരും കേട്ടില്ല..ആരും എന്നെ തല്ലിയില്ല ഭീഷണിപ്പെടുത്തിയില്ല..പകരം ഉപദേശിച്ചു..ജീവിതത്തിൽ വിവാഹം എന്തോ വലിയ കാര്യമാണെന്നും ഇപ്പോൾ നടന്നില്ലെങ്കിൽ പിന്നെ നടക്കുകയേ ഇല്ലായെന്നും ജോലി വിവാഹത്തിന് ശേഷവും നേടാമെന്നും..പിന്നെയും എന്തൊക്കെയോ... ഇവ ഒന്നും എന്റെ മനസിനെ തണുപ്പിച്ചിരുന്നില്ല..നടന്നില്ലെങ്കിൽ നടക്കേണ്ട എന്ന് പറയാൻ ആണ് തോന്നിയത്..പക്ഷെ ഉറ്റവരുടെ കണ്ണുനീരാണല്ലോ പെണ്ണിനെ എപ്പോഴും തോല്പിക്കുന്നത്...ഒടുവിൽ ആറുമാസം എങ്കിലും കഴിഞ്ഞേ വിവാഹം നടത്താവൂ എന്നാ ഉപാധിയിൽ ഞാൻ സമ്മതം മൂളി..ആറുമാസം തല കുത്തി നിന്ന് പഠിച്ചായാലും സർക്കാരുദ്യോഗം നേടണം..അതായിരുന്നു ലക്‌ഷ്യം..രാവ് പകലാക്കാൻ ഞാനൊരുക്കമായിരുന്നു..കല്യാണത്തിന് മുൻപ് psc ലിസ്റ്റിൽ എങ്കിലും പേര് വരട്ടെ എന്നായിരുന്നു അപ്പോൾ ആഗ്രഹിച്ചത്..അങ്ങനെ കല്യാണം ഉറപ്പിച്ചു...ആറുമാസം ഉറപ്പു തന്നവർ പതിയെ വലിഞ്ഞു എന്ന് പറയുന്നതാവും ശരി.. ചെറുക്കൻ വീട്ടുകാർക് തിരക്കുണ്ടത്രെ...അപ്പോൾ എന്നോട് പറഞ്ഞ വാക്കോ എന്ന് നിറഞ്ഞ കണ്ണുകളോടെ ചോദിച്ചപ്പോൾ നിന്റെ സൗകര്യത്തിനാണോ ഇതൊക്കെ എന്നായിരുന്നു മറുപടി..കല്യാണം കഴി ഞ്ഞു പഠിച്ചു ജോലി വാങ്ങുന്ന എത്രയോ പേരുണ്ട് എന്നൊരു ആശ്വാസ വാക്കും...അങ്ങനെ രണ്ടാമത്തെ ഇടി വെട്ടി...കല്യാണം നടന്നു..
കുറ്റം പറയരുതല്ലോ ഭർത്താവ് നല്ല മനുഷ്യനായിരുന്നു... വീട്ടുകാരും..എന്നോട് കോച്ചിങ് ക്ലാസ്സിൽ പൊയ്കോളൂ എന്ന് കല്യാണത്തിന് മുൻപേ പറഞ്ഞതായിരുന്നു..അതവർ പാലിച്ചു..ഞാൻ രണ്ടുമാസത്തിന് ശേഷം വീണ്ടും ക്ലാസ്സിൽ എത്തി..സ്വപ്‌നങ്ങൾ ഉറക്കം വിട്ടുഎഴുന്നേറ്റു തുടങ്ങിയ സമയം...പ്രതീക്ഷകൾ..സ്വപ്‌നങ്ങൾ...
അടുത്ത ഇടി വെട്ടിയതപ്പോൾ ആയിരുന്നു...എന്റെ ഭർത്താവിന്റെ അമ്മ കുളി മുറിയിൽ കാലു തെറ്റി വീണു...അവർക്കെന്നെ കാര്യമായിരുന്നു..സ്നേഹമായിരുന്നു..എനിക്ക് തിരിച്ചങ്ങോട്ടും...അവരെ ഭംഗിയായി നോക്കാൻ ഞാൻ വീണ്ടും സ്വപ്നങ്ങളോട് അകത്തു കയറി അടങ്ങിയിതുങ്ങിയിരിക്കാൻ പറഞ്ഞു..
അങ്ങനെ രണ്ടുമാസത്തെ ശുസ്രൂഷക്കൊടുവിൽ എഴുനേറ്റു നടക്കാമെന്നായി...ഞാൻ വീണ്ടും സ്വപ്നങ്ങളെ താലോലിച്ചു തുടങ്ങി..പാടെ മറന്നുവച്ച പുസ്തകങ്ങളെ വീണ്ടും എടുത്തു..പഥ്യവും ആയുർവേദവും വീട്ടിലെ അല്ലറ ചില്ലറ കൃഷിയും വീട്ടു ഭരണവും ആയി ആ നാളുകളിൽ തീരെ സമയം കിട്ടിയിരുന്നില്ല..അമ്മക്കു ഒറ്റയ്ക്ക് നടക്കാം എങ്കിലും പണിയകളൊന്നും ചെയ്യിപ്പിക്കേണ്ടെന്നു തോന്നിയത് കൊണ്ട് സമയം വളരെ മിച്ചമേ കിട്ടിയിരുന്നുള്ളൂ...പണ്ടത്തേത് പോലെ രാത്രിയും വെളുപ്പിനുമുള്ള സമയം സ്വന്തം ഇഷ്ടത്തിന് കിട്ടുന്നുമില്ല..
അങ്ങനെ ഇഴഞ്ഞിഴഞ്ഞു പഠനം നടക്കുമ്പോഴാണ് ഭർത്താവിന് കലി കയറിയത്.. ചോറു വേവ് കൂടി..കറിക്കുപ്പു കുറഞ്ഞു.. സാദാ നേരോം പുസ്തകോം തിന്നോണ്ടിരുന്നോ...ഉദ്യോഗ സ്ഥാപനത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ..അവിടെ തീർക്കാൻ കഴിയ്യാത്ത frustration മുഴുവൻ എന്റെ സാദാ വേവുള്ള ചോറും സാദാ ഉപ്പുള്ള കറിയും ഏറ്റുവാങ്ങി..അതോടെ അദ്ദേഹം ഉള്ളപ്പോൾ പുസ്തകങ്ങൾ കണ്ടുകൂടാ എന്നാ സ്ഥിതിയായി..പക്ഷെ എനിക്കറിയാം ഉള്ളിന്റെയുള്ളിൽ എന്നോട് ഒത്തിരി സ്നേഹമുണ്ടായിരുന്ന മനുഷ്യൻ ആയിരുന്നു...സ്നേഹം ആ വാക്കിന്റെ ലഹരിയിലാണല്ലോ മനുഷ്യൻ ജീവിക്കുന്നത്..എനിക്ക് അത് മതിയായിരുന്നു..
ഇതിനിടയിൽ ഒരു ചെറിയ മാറ്റം സംഭവിച്ചതെന്തെന്നാൽ അമ്മ ഒരല്പം മടിച്ചിയായി..വീണതിന്റെ എല്ലാ വേദനകൾ മാറിയെങ്കിലും ഇപ്പോളാൾ സ്വയം പൂർണ വിശ്രമം പറഞ്ഞിരിക്കുന്നു..മുൻപ് പച്ചക്കറി അറിയാൻ എങ്കിലും കൂടുമായിരുന്നു..പക്ഷെ സാരമില്ല പ്രായത്തിന്റേതായ അവശതകൾ കാണുമല്ലോ..ഞാൻ ഇടക്കിടക്ക് സ്വപ്നങ്ങളെ കുറിച്ചോർത്തു നേടുവീർപ്പിടാൻ തുടങ്ങി...ഒടുവിൽ ഒരു ശ്രമം എന്നാ നിലയിൽ ഭർത്താവിനോട് കോച്ചിങ് ക്ലാസ്സിൽ പോകുന്നതിനെ പറ്റി ചോദിച്ചു..ജോലികളെല്ലാം തീർത്തിട്ടു അവിടെ ചെന്നിരുന്നലെ വല്ലതും പഠിക്കാൻ പറ്റു.. ഇവിടിരുന്നാൽ ജോലികൾ ഒരിക്കലും തീരുകയില്ലെന്നു തോന്നും..
ഇവിടെ ഇത്രേം പ്രശ്നങ്ങൾ നടക്കുമ്പോൾ നിനക്ക് തുള്ളാൻ പോവാണംലെ...ഗർജ്ജനമായിരുന്നു.. തലകുനിച്ചു തിരിച്ചു പോന്നു...
മനസ് വല്ലാതെ വീര്പുമുട്ടിയപ്പോൾ മനസ് കണ്ടെടുത്ത ഒരുപാധിയായിരുന്നു tuition.. ചെറിയ കുട്ടികൾക്ക് ഒന്നോ രണ്ടോ മണിക്കൂർ...മനസ് സന്തോഷിച്ചു തുടങ്ങിയതായിരുന്നു..അപ്പോഴേക്കും അടുത്ത പരാതി എത്തി..കുട്ടികൾ ചെവിതല കെല്പിക്കുന്നില്ലത്രേ... അങ്ങനെ അതും നിന്നു... ആ സമയം കൂടി പണിയൊതുക്കി പുസ്തകം വായിക്കാം എന്നോർത്തപ്പോൾ ദാ വരുന്നു അടുത്ത സമ്മാനം..രണ്ടു പശുകുട്ടികൾ കൂടി...
ജീവിതം അങ്ങനെ ഒരേ ഈണത്തിലും താളത്തിലും മറിഞ്ഞുകൊണ്ടിരിക്കുമ്പോളാണ്
അടുത്ത ട്വിസ്റ്റ്...എന്റെ ജീവിതത്തിലേക് പുതിയ ഒരതിഥിയുടെ എൻട്രി...കുറച്ചു ആരോഗ്യം അധികം ആയതിനാൽ കോംപ്ലിക്കേഷൻ ആയിരുന്നു...ഡോക്ടർ പരിപൂർണ വിശ്രമം നിർദേശിച്ചു...അപ്പോൾ ആയിരുന്നു "ഇങ്ങനെയും സംഭവിക്കുമോ" എന്ന് ഞാൻ ചിന്തിച്ചു പോയത്...എല്ലാ അസുഖവും
മാറി ഓടി നടക്കുന്ന ഏട്ടന്റെ അമ്മ..വൈകിട്ട് പച്ചക്കറിയും പലഹാരങ്ങളുംമായി വരുന്ന ഏട്ടൻ..ചാണകത്തിൽ മണം മനം പി രട്ടലുണ്ടാകുമെന്നഎ പ്രസ്താവനയോട് കൂടി തൊഴുത്തു അടിച്ചു കഴുകുന്ന അച്ഛൻ...സത്യം..എനിക്കപ്പോൾ തോന്നി ഈ ലോകത് ഏറ്റവും ഭാഗ്യവതി ഞാൻ ആണെന്ന്..ഇവരുടെയൊക്കെ ഈ സ്നേഹം...കമ്പ്ലീറ്റ് റെസ്റ്റിൽ പഠിത്തം തുടരാം എന്നാ എന്റെ ചിന്തയൊക്കെ വെറുതെ ആയി..ഏത് നേരവും ശർദ്ദിയും ബോധക്കേടുമായി ഞാൻ ഹോസ്പിറ്റലിലേക്കും വീട്ടിലേക്കും പാഞ്ഞുകൊണ്ടേയിരുന്നു...
എങ്കിൽ ആ പലിശയും ചേർത് പ്രസവാനന്തരം പഠിക്കാം എന്ന് കരുത്തിയപ്പോൾ ദാ അടുത്ത പ്രസ്താവന..ഈ സമയത്ത് പുസ്തകം വായിക്കൽ കണ്ണിനു ദോഷം ആണത്രേ..അങ്ങനെ മനോഹരം ആയി എന്റെ വിശ്രമാക്കാലം കഴിഞ്ഞു കിട്ടി..പക്ഷെ തിരിച്ചു വരവ് വല്ലാത്തൊരു വരവായിരുന്നു..പഴയ എല്ലാ ഡ്യൂട്ടിയും ഏല്പിച്ച ശേഷം എല്ലാവരും പഴയ വഴിക്ക് തിരിച്ചുപോയി..കൂടാതെ എന്റെ സ്വന്തം ട്രോഫി എന്റെ ഒക്കത്തല്ലാതെ മറ്റാരുടെയും കയ്യിൽ പേരിനു പോലും പോകാതെയുമായി..ഉള്ളത് പറഞ്ഞാൽ അവനും എന്നോട് സ്നേഹം ആയത് കൊണ്ടല്ലേ...
ഒത്തിരി നീണ്ടുപോയല്ലേ..കഴിഞ്ഞില്ല..ഇനിയും ഒരുപ്പാടുണ്ട്.. ചുരുക്കി പറയാം..
പിന്നെ കേട്ടത് അവൻ തിരിച്ചറിവാകുന്ന വരെ ഞാൻ കൂടെ വേണം എന്നായിരുന്നു..അവൻ പിരിഞ്ഞു നിക്കാറായപ്പോഴേക്കും രണ്ടാമത്തെ ട്രോ ഫിക്ക് വേണ്ടിയുള്ള സമരം എല്ലാവരും ശക്തമാക്കിയിരുന്നു... അതും തിരിച്ചറിവായി കഴിഞ്ഞപ്പോഴേക്കും അമ്മക്കും അച്ചനും പ്രായത്തിന്റേതായ എല്ല അവശതകളും ബാധിച്ചു കഴിഞ്ഞിരുന്നു..അവരെ ഭംഗിയായി നോക്കി...എന്റെ മക്കളെ നന്നായി നോക്കി..ഭർത്താവിന്റെ പലസംഘര്ഷങ്ങളിലും കൂടെ നിന്നു.. കാരണം ഇവർക്കെല്ലാവർക്കും എന്നോട് സ്നേഹമായിരുന്നു..അന്നും ഇന്നും എന്നും...
ഇപ്പോൾ പിള്ളേരു സ്കൂളിൽ പോയിക്കഴിഞ്ഞാൽ എല്ലാ ജോലിയും തീർന്നിട്ട് നോക്കിയാലും സമയം ബാക്കിയാണ്...വെറുതെ കുറെ നേരം ഉറങ്ങി തീർക്കും..അങ്ങനെ ഒരു ഉച്ചമയക്കത്തിൽ ആണ് ഓർത്തത്..സ്വപ്നം... അങ്ങനെ എന്തോ ഉണ്ടാരുന്നലോ എനിക്ക്...അപ്പോൾ തന്നെ ചാടിയെണീറ്റ പഴയ റാങ്ക് ഫയൽ തപ്പി എടുത്തു വായന തുടങ്ങി..അപ്പഴാണ് ബോധ്യയത്..ഞാനൊരു പരാജയമാണല്ലോ...രണ്ടു പേജ് മുഴുവൻ വായിച്ചിട്ട് ആദ്യത്തെ ഒര്കുമ്പോ ഒന്നും അങ്ങട് പിടികിട്ടണില്ല...
പൊടീ പിടിച്ചു പോയത് എന്റെ ഓർമയും കൂടി ആണല്ലോ എന്ന് ഒട്ടൊരു നഷ്ടബോധത്തോടെ ഓർത്തു...
വൈകിട്ട് നമ്മുടെ അദ്ദേഹം വന്നപ്പോൾ ഒരു അവസാന ശ്രമം നടത്തി നോക്കി..
അതേയ് ഞാനൊന്നുടെ കോച്ചിങ് ക്ലാസ്സിൽ പോയി തുടങ്ങട്ടെ...നാലു വര്ഷം കൂടി ടെസ്റ്റ് എഴുതാലോ...
അപ്പൊ ആ മനുഷ്യൻ എന്നെ ഒന്ന് നോക്കി..ആ മുഖത്ത് കണ്ടത് പുച്ഛം ആയിരുന്നോ എന്നെനിക്കറിയില്ല..പക്ഷെ ആ കണ്ണുകൾ എന്നോട് ചോദിച്ചത് എനിക്ക് വ്യക്തമായി .
"നിന്നെകൊണ്ടല്ലേ നടന്നത് തന്നെ....?"
തിരിഞ്ഞു നോക്കുമ്പോൾ എനിക്കാരോടും പരാതിയും പരിഭവവും ഇല്ല..എല്ലാവരും ഞാൻ നന്നായി ജീവിക്കണം എന്നെ ആഗ്രഹിച്ചിട്ടുള്ളൂ..അവരെല്ലാം എന്നെ സ്നേഹിച്ചിരുന്നു സത്യമാണ്...നല്ല ഒരു മകൾ..അനിയത്തി..മരുമകൾ..ഭാര്യ...നാത്തൂൻ.. അമ്മ... എവിടെയും ഞാൻ തോറ്റു പോയിട്ടില്ല...
എല്ലാവരും എന്നെ സ്നേഹിക്കുന്നു.. പക്ഷെ എന്നെ സ്നേഹിക്കാത്ത ഒരേ ഒരാൾ ഉണ്ട്...ഇവിടെ ..എന്റെ വീട്ടിൽ...അത് ഞാനാണ്...ഈ എന്നെ ഞാൻ സ്നേഹിക്കുന്നില്ല..മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു എന്നല്ലാതെ എനിക്ക് വേണ്ടതൊന്നും ഞാൻ നേടിയിട്ടില്ല..ഞാൻ...നല്ലൊരു കുടുംബിനിക്കപ്പുറം എന്നിലെ എന്നെ എന്നെങ്കിലും ഞാൻ പുറത്തേക്കു കൊണ്ടുവരുന്ന ഒരു നിമിഷത്തിനായാണ് ഞാൻ കാത്തിരിക്കുന്നത്...എന്നിട്ട് വേണം മനസ് തുറന്നു എനിക്കെന്നെ സ്നേഹിച്ചു തുടങ്ങാൻ... പഴയ വിടർന്ന കണ്ണുകളുള്ള പെൺകുട്ടിയായി എന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നല്കാൻ...

Shimitha Ravi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo