Slider

ലിവിംഗ് ടുഗദർ

0
ലിവിംഗ് ടുഗദർ
..................................
"നമുക്ക് പിരിയാം കുര്യച്ചാ...”
എതിരെ വരുന്ന ഒരു ബസിന് സൈഡ് കൊടുത്ത് ശ്രദ്ധയോടെ ഡ്രൈവ് ചെയ്യുന്നതിനിടയിൽ വളരെ നിസാരമായാണ് അവളത് പറഞ്ഞത്. പക്ഷേ തൊട്ടടുത്ത സീറ്റിലിരുന്ന് ഐ പാഡിൽ എന്തോ ടൈപ്പ് ചെയ്തു കൊണ്ടിരിക്കുകയായിരുന്ന കുര്യൻ തോമസ് തീർച്ചയായും ഒന്ന് അത്ഭുതപ്പെട്ടു..
"യാ.. ഒഫ് കോഴ്‌സ്... ഇഫ് യു വാണ്ട് മി ടു ഡു സോ.. “ പെട്ടെന്ന് മറുപടി പറയേണ്ടിയിരുന്നത് കൊണ്ട് അയാൾ വാക്കുകൾക്ക് വേണ്ടി പരതി.
ചാരു ചിത്ര വെറുതെ അവനെ ഒന്ന് പാളി നോക്കി. അവന്റെ സുന്ദരമായ മുഖം ചുവന്നിരുന്നു. വളരെ ഭംഗിയായി പോകുന്ന ഒരു റിലേഷൻ അവസാനിപ്പിക്കാം എന്ന തീരുമാനം തീർച്ചയായും അവന് അപ്രതീക്ഷിതമായിരിക്കണം.പക്ഷേ ഒരു ചോദ്യം ചെയ്യലോ ഇമോഷണൽ ബ്ലാക്ക് മെയിലിംഗോ ഒന്നും ഉണ്ടാവില്ലെന്ന് അവൾക്ക് തീർച്ചയായിരുന്നു. ഒരു ലിവിംഗ് ടുഗതർ റിലേഷൻഷിപ്പിൽ അതിനൊന്നും പ്രസക്തിയില്ല എന്നത് തന്നെ കാരണം. ഒരു പക്ഷേ ഒന്നിച്ചുള്ള ജീവിതം മടുത്തു തുടങ്ങിയിരിക്കാം. അല്ലെങ്കിൽ ഒരു പുതിയ ഫ്രണ്ടിനെ കിട്ടിയിരിക്കാം. കാരണങ്ങൾ എന്താണെങ്കിലും ഒരു വാക്കിൽ അവസാനിപ്പിക്കാവുന്ന ഒരു റിലേഷൻഷിപ്പ്. അത്ര തന്നെ. പക്ഷേ ഇതൊന്നുമല്ല തന്റെ മനസ്സിൽ എന്ന് അവനോട് പറയാൻ എന്തു കൊണ്ടോ അവൾക്കു തോന്നിയില്ല. ചോദിക്കുകയാണെങ്കിൽ മാത്രം പറയാൻ വേണ്ടി ആ ഉത്തരം അവൾ മാറ്റി വച്ചു.
പതിനാല് നിലയുള്ള ആ ഓഫീസ് കെട്ടിടത്തിന്റെ മുന്നിൽ കാർ നിർത്തി അയാൾ ഇറങ്ങുമ്പോൾ അവൾ ചോദിച്ചു.
"കുര്യച്ചൻ ഈവനിംഗ് ഒരു പാട് ലേറ്റാവുമോ.. “
"അറിയില്ല... ചിലപ്പോൾ “
പറയുന്നതിനിടയിൽ അയാളുടെ മൊബൈൽ ബെല്ലടിക്കുന്നുണ്ടായിരുന്നു. അത് അറ്റൻഡ് ചെയ്യാൻ തുടങ്ങുമ്പോഴാണ് അവൾ അത് പറഞ്ഞത്.
" ഒ.കെ പത്തരയ്ക്കാണ് ട്രെയിൻ... ഞാൻ നാട്ടിലേയ്ക്ക് പോവുന്നു”
"വാട്ട്... “ അയാൾ ആ കാൾ കട്ട് ചെയ്തു. പിന്നെ അമ്പരപ്പോടെ ചോദിച്ചു.
"തനിക്കു അതിനു ലീവ് കിട്ടുമോ “
"ഓഹ്... ഞാൻ പറയാൻ മറന്നു. കഴിഞ്ഞ ദിവസം ഞാൻ റിസൈൻ കൊടുത്തിരുന്നു”
"ഓഹ്... നോ…” അവിശ്വസനീയമായ എന്തോ കേട്ടതു പോലെ അയാൾ നെറ്റിയിൽ കൈ വച്ചു…
"ആർ യു മാഡ്…. ആക്ച്വലി വാട്ട് ഈസ് യുവർ പ്രോബ്ലം ബേബി... “അയാളുടെ ശബ്ദം നേർത്തിരുന്നു.
ശരിയാണ്. ആർക്കും തോന്നും. ചെന്നൈയിലെ തന്നെ തരക്കേടില്ലാത്ത ഒരു ഐ.ടി കമ്പനിയിലെ സി.ഇ.ഒ സ്ഥാനം റിസൈൻ ചെയ്ത് അവളെപ്പോലെ ഒരാൾ നാട്ടിലേയ്ക്ക് പോവുന്നത് അത്രയും അവിശ്വസനീയമായ കാര്യം തന്നെയാണ്. കേരളത്തിലെ ഒരു കുഗ്രാമത്തിൽ ജനിച്ച് വളർന്ന അവൾ സ്വന്തം നാടിനേയും, അത് തന്നിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച വിലക്കുകളേയും വെറുത്തിരുന്നു. വർഷങ്ങളായി ചെന്നൈ നഗരത്തിന്റെ സന്തതിയായി ജീവിക്കുന്ന അവൾ തന്റെ ഭൂതകാലത്തെ മറവിയുടെ ഗർത്തത്തിൽ ഉപേക്ഷിച്ചിരുന്നു .പിന്നെ എന്താവാം ഇങ്ങനെ ഒരു തീരുമാനത്തിന് കാരണം.
മൊബൈൽ വീണ്ടും ബെല്ലടിച്ചു കൊണ്ടിരുന്നു. അത് സൈലന്റാക്കി അയാൾ അവളുടെ മുഖത്തിനു നേരെ നിന്നു.
"ആർ യു ഗെറ്റിംഗ് മാരീഡ് ചാരു “
അവൻ ഒരു സംശയത്തോടെ ചോദിച്ചു.
അവളുടെ ചുണ്ടിൽ ഒരു ഗൂഡ സ്മിതം മിന്നി. മാസങ്ങളായി അവളോട് അടുത്തിടപ്പെടുന്ന ഒരാളെന്ന നിലയിൽ ആ ചിരിയുടെ അർത്ഥം അവന് മനസ്സിലാകുമായിരുന്നു. വിവാഹം ഒരിക്കലും അവൾക്ക് അംഗീകരിക്കാൻ പറ്റാത്ത ഒരു വ്യവസ്ഥിതിയായിരുന്നു. അങ്ങനെ ഒരു ചട്ടക്കൂടിൽ ഒതുങ്ങി ജീവിക്കാൻ ഒരിക്കലും അവൾക്ക് കഴിയില്ല. പിന്നെ എന്താണ്? വീണ്ടും ഫോൺ ബെല്ലടിക്കുന്നു.
"ചാരു... ഈവനിംഗ്‌ ഞാൻ നേരത്തെ വരാം.എനിക്കു സംസാരിക്കണം. പ്ലീസ് വെയിറ്റ് ഫോർ മി'’
" യേസ്... യേസ്... ആം കമിംഗ് “അയാൾ ധൃതിയിൽ കാൾ എടുത്തു കൊണ്ട് ഓഫീസിലേയ്ക്ക് നടന്നു.
…………
ലെറ്റർ കവറിലേയ്ക്ക് ഇടുന്നതിന് മുമ്പ് ചാരു ചിത്ര ഒരിക്കൽ കൂടി അത് തുറന്ന് വായിച്ചു.
കുര്യനോടുള്ള തന്റെ സ്നേഹവും അവനെ പിരിയുന്നതിലുള്ള വിഷമവും അതിൽ ഭംഗിയായി എഴുതിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തി. ഇനി എവിടെ വച്ചെങ്കിലും വീണ്ടും കണ്ടുമുട്ടാം എന്ന വാചകം അവൾ അതിൽ കൂട്ടിച്ചേർത്തു. പിരിയുന്നതിനുള്ള കാരണം വായിക്കുമ്പോൾ അവന്റെ മനസ്സിൽ എന്താവും തോന്നുക.
ക്ലോക്കിൽ എഴു മണി സമയം കാണിച്ചു. കുര്യച്ചൻ വരുന്നതിന് മുമ്പ് പോവണം. ആവശ്യമില്ലാത്ത ആ സംസാരം ഒഴിവാക്കാൻ വേണ്ടി മനപ്പൂർവമാണ് അവനോട് പത്തര എന്ന് സമയം പറഞ്ഞത്. ചാരു ചിത്ര തന്റെ സാധനങ്ങൾ എല്ലാം പായ്ക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തി. പിന്നെ ഫ്ലാറ്റിന്റെ താക്കോൽ പൂട്ടി തൊട്ടടുത്ത ഫ്ലാറ്റിലെ പാട്ടിയെ ഏൽപ്പിച്ചു.
റയിൽവേ സ്റ്റേഷനിൽ ഇരിക്കുമ്പോൾ വെറുതെ തോന്നി ഒരു ചായ കുടിക്കണമെന്ന്. ട്രെയിൻ വരാൻ ഇനിയും ഒരുപാട് സമയമുണ്ട്. തൊട്ടടുത്തുള്ള ഒരു കോഫി ഷോപ്പിൽ കയറി ഒരു കോൾഡ് കോഫി ഓർഡർ ചെയ്തു വെയിറ്റ് ചെയ്യുമ്പോൾ വെറുതെ കുര്യനെ കുറിച്ചോർത്തു. ഇപ്പോൾ അവൻ ഫ്ലാറ്റിൽ എത്തിക്കാണുമോ. തന്റെ കത്ത് വായിക്കുമ്പോൾ എന്ത് തോന്നും.
"അമ്മാ... മല്ലിപ്പൂ വേണമാ" ഒരു ചെറിയ ശബ്ദം.
അവൾ മുഖമുയർത്തി നോക്കി. ആറോ ഏഴോ വയസ് വരുന്ന ഒരു ചെറിയ പെൺകുട്ടി. മുഷിഞ്ഞ ഒരു പാവാടയും ബ്ലൗസുമാണ് വേഷം. കയ്യിൽ ഒരു ചെറിയ കൂടയിൽ വാടിക്കരിഞ്ഞ കുറച്ച് മുല്ലപ്പൂവ്. ഈ രാത്രിയിൽ അവൾ മുല്ലപ്പൂ വിൽക്കാൻ നടക്കുന്നതിനെക്കുറിച്ചോർത്ത് ചാരു ചിത്ര അതിശയിച്ചു.
"എനക്ക് വേണാ “ അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.
" അപ്പടി സൊല്ലാതമ്മാ…” ആ കുഞ്ഞ് മുഖത്ത് ദൈന്യത പരന്നു.
" കാസില്ലാതെ അവങ്ക പക്കം പോക മുടിയാത് .അവങ്ക എന്നെ തിട്ടുവാര് “
| "യാര്…. ഉൻ അപ്പാവാ…”
"അല്ല... എൻ മാമാ.” അവൾ ഒന്നു നിർത്തിയിട്ട് പറഞ്ഞു.
“ എനക്ക് അമ്മാ അപ്പാ യാരുമേ കെടയാത്. ഒരു മാമ മട്ടും താൻ ഇരിക്ക്.അവങ്ക റൊമ്പ മോസമാന ആൾ. സരക്ക് സാപ്പിടുത്ക്ക് കാസ് കൊടുക്കലേനാ എന്നെ റൊമ്പ തിട്ടുവാങ്കെ “
അവൾ ആരോടെങ്കിലും അതെല്ലാം പറയുവാൻ വെമ്പി നിൽക്കുകയാണെന്ന് തോന്നി.
പെട്ടെന്ന് മൊബൈൽ ബെല്ലടിച്ചു. കുര്യനാണ്. അവൾ ഒന്നു ആലോചിച്ചു. പിന്നെ ഫോൺ സ്വിച്ചോഫ് ചെയ്തിട്ട് സിം ഊരിയെടുത്ത് ബാഗിലിട്ടു.
കുര്യൻ ദേഷ്യത്തോടെ മൊബൈൽ വലിച്ചെറിഞ്ഞു. തങ്ങൾക്കിടയിൽ യാതൊരു പ്രശ്നമില്ലാതിരുന്നിട്ടും അവൾ എന്തിനാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. എത്ര ആലോചിച്ചിട്ടും അത് അയാൾക്ക് മനസ്സിലായില്ല. അപ്പോഴാണ് ടേബിളിനു മുകളിൽ ഇളം റോസ് നിറത്തിൽ ഒരു കവർ ഇരിക്കുന്നത് കണ്ടത്. അവൾക്ക് തന്നോട് പറയാനുള്ളത്….. അയാൾ അത് തുറന്ന് വായിച്ചു.
ഒരു നെടുവീർപ്പ്.. പിന്നെ അയാൾ ആ കത്ത് ചുരുട്ടി വേസ്റ്റ് ബിന്നിൽ ഇട്ടു. ഒരു സിഗററ്റ് പുകച്ചു കൊണ്ട് സെറ്റിയിൽ ഇരിക്കുമ്പോൾ അതിലെ അവസാന വരികൾ അയാൾ ഓർത്തു.
" പണം ,അധികാരം, പ്രണയം ഇതെല്ലാം തൽക്കാലം എനിക്ക് മടുത്തു തുടങ്ങിയിരിക്കുന്നു. മുപ്പത്തഞ്ച് വയസ്സായ ഒരു സ്ത്രീയുടെ ശരീരം ആഗ്രഹിക്കുന്നത് ഇപ്പോൾ മറ്റൊന്നാണ്. ഒരു കുഞ്ഞിനെ താലോലിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.എന്റെ ഈ ആഗ്രഹം നമ്മുടെ ബന്ധത്തെ എത്ര വഷളാക്കുമെന്ന് എനിക്കറിയാം. കെട്ടുപാടുകളെ നീ എത്രയധികം വെറുക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിന് ഇട വരുത്താതെ ഞാൻ പോകുന്നു. നാട്ടിലേയ്ക്ക് എന്ന് നുണ പറഞ്ഞതാണ്. നീ അന്വേഷിച്ചു വരാൻ ഇടയില്ലാത്ത ഒരിടത്തേയ്ക്കാണ് യാത്ര. ഇനി എന്നെങ്കിലും തമ്മിൽ കാണുകയാണെങ്കിൽ എന്റെ കൂടെ ഒരു കുഞ്ഞിനെ കാണുമ്പോൾ നീ അത്ഭുതപ്പെടരുത്'’
ട്രെയിൻ പതുക്കെ വേഗത കുറയുകയാണ്. അടുത്ത സ്‌റ്റേഷൻ എത്താറായിരിക്കുന്നു. ചാരു ചിത്ര വായിച്ചു കൊണ്ടിരുന്ന പുസ്തകം അടച്ചു വച്ചു. പുതപ്പിനടിയിൽ കിടന്നുറങ്ങുന്ന ആ കുഞ്ഞിനെ ഒന്നുകൂടി നോക്കി. പതിയെ വിതുമ്പുന്നുണ്ട്.ഉറക്കത്തിൽ എന്തോ സ്വപ്നം കാണുകയായിരിക്കണം. അവൾ ഓടി രക്ഷപെട്ടു പോയതറിയാതെ തിരഞ്ഞു നടക്കുന്ന മാമനെ കുറിച്ചോ. അതോ രാത്രിയായിട്ടും വിറ്റു തീരാഞ്ഞ മുല്ലപ്പൂക്കളെ കുറിച്ചോ. അതെന്തായാലും ശരി, ഈ സ്വപ്നത്തിൽ നിന്ന് നീ ഉണരുന്നത് മറ്റൊരു ലോകത്തേയ്ക്കായിരിക്കും. മിഠായികളും സമ്മാനപ്പൊതികളും നിറഞ്ഞ ഒരു ലോകത്തേയ്ക്ക്. അവളുടെ ഹൃദയം മന്ത്രിച്ചു. ട്രെയിൻ വേഗത്തിൽ ഓടിക്കൊണ്ടിരുന്നു. രാത്രിയിലെ ഇരുട്ടിനിടയിലൂടെ ഒരു മിന്നൽ വെറുതെ മുഖം കാണിച്ചു പോയി. ആകാശം നിറഞ്ഞു നിന്ന ഒരു കാർമേഘത്തിന്റെ ഗർഭപാത്രത്തിൽ നിന്നും മഴത്തുള്ളികൾ താഴേയ്ക്ക് പിറന്നു വീണു. അപ്പോൾ വീശിയ തണുത്ത കാറ്റിന് ഒരു താരാട്ടിന്റെ താളവുമായി അത്ഭുതകരമാം വിധം സാമ്യമുണ്ടായിരുന്നു...!!

Resmi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo