Slider

നഗരത്തിലെ അവസാനത്തെ മനുഷ്യന്‍

0
നഗരത്തിലെ അവസാനത്തെ മനുഷ്യന്‍
*********************************************
രാത്രി എട്ടു ഇരുപത്തിയൊന്‍പതു വരെ ഒരു കുഴപ്പവുമില്ലായിരുന്നു.എല്ലാം സാധാരണമായിരുന്നു.അതില്‍ അയാള്‍ക്ക് നല്ല ഉറപ്പുണ്ട്.ലോഡ്ജിലെ ജനാലവഴി പുറത്തു നഗരത്തിലെ വെളിച്ചങ്ങളുടെ വേലിയേറ്റം കാണാം.വാഹനങ്ങള്‍ ഒഴുകുന്ന ശബ്ദം കേള്‍ക്കാം.അത് ഒരു ആഘോഷരാത്രി ആയതിനാല്‍ ,ഇടയ്ക്കിടെ പടക്കങ്ങള്‍ പൊട്ടുന്ന ശബ്ദവും കേള്‍ക്കാം.അയാള്‍ ടി.വി കണ്ടു കൊണ്ടിരിക്കുകയായിരുന്നു.സോപ്പിന്റെ പരസ്യത്തില്‍ സുന്ദരിയായ സിനിമാനടിയുടെ ചര്‍മ്മം തുടുത്തു മിനുക്കുന്നതും ,അവളുടെ പുഞ്ചിരിയില്‍ ആ പരസ്യം അവസാനിച്ചു വാര്‍ത്ത തുടങ്ങുന്നതും കൃത്യം എട്ടു മുപ്പതിനാണ്.അത് വരെ.ആ നിമിഷം വരെ എല്ലാം സാധാരണമായിരുന്നു.
കൃത്യം എട്ടു മുപ്പതായപ്പോള്‍ മുറിയിലെ വെളിച്ചം അണഞ്ഞു.പുറത്തു നഗരത്തില്‍ നിന്ന് പൊന്തിവന്ന മഞ്ഞ വെളിച്ചങ്ങളുടെ പൊട്ടുകളും നിലച്ചു.ഒരു തണുപ്പ് അന്തരീക്ഷത്തില്‍ താമരപ്പൂ പോലെ വിടരുന്നത് അയാള്‍ അറിഞ്ഞു.അങ്ങനെ തോന്നാന്‍ അയാള്‍ക്ക് കാരണമുണ്ട്.മുറിയുടെ മധ്യഭാഗത്തിരിക്കുന്ന അയാളുടെ ശിരസ്സിന്റെ മുകളിലാണ് കട്ടിയേറിയ ആ തണുപ്പിന്റെ പ്രഭവസ്ഥാനം.പിന്നെ അത് മെല്ലെ മുറിയാകെ പരന്നു. തലയില്‍ നല്ല തണുപ്പുള്ള എണ്ണ കൊണ്ട് തടവുമ്പോള്‍ ഉറക്കം വരുന്നത് പോലെ അയാള്‍ക്ക് തോന്നി.
അയാള്‍ ജനാലയിലേക്ക് നോക്കി.പുറത്തെ ശബ്ദങ്ങള്‍ നിലച്ചിരിക്കുന്നു.തണുപ്പിന്റെ ഇതളുകള്‍ എല്ലായിടത്തും നീണ്ടു പടരുകയാണ്.അയാള്‍ മൊബൈല്‍ ഫോണ്‍ എടുത്തു നോക്കി.അതിലെ സിഗ്നല്‍ അപ്രത്യക്ഷമായിരിക്കുന്നു.
അയാള്‍ ലോഡ്ജിന്റെ മുകള്‍ നിലയിലേക്ക് പോകാന്‍ തുടങ്ങി.പോകരുത് എന്ന് മനസ്സിലാരോ പറയുന്നത് പോലെ.എങ്കിലും അയാള്‍ പോകാന്‍ തന്നെ തീരുമാനിച്ചു.
നഗരത്തിന്റെ ഏറ്റവും അറ്റത്താണ് അയാള്‍ താമസിക്കുന്ന ലോഡ്ജ്.ഏകദേശം തകര്‍ന്നു വീഴാറായ മഞ്ഞനിറമുള്ള ഭിത്തികള്‍ ഉള്ള ആ ലോഡ്ജിനു വാടക കുറവാണ്.ഒരു ഇന്‍ഷുറന്‍സ് എജന്റ് ആയ അയാളെ കൂടാതെ രണ്ടു പേര്‍ മാത്രമേ ഇപ്പോള്‍ അവിടെ താമസമുള്ളു.വാരാന്ത്യം ആയതിനാല്‍ ഇന്ന് രാത്രി അയാള്‍ മാത്രമേ അവിടെയുള്ളൂ.അയാള്‍ മുകള്‍ നിലയിലേക്ക് നടന്നു.പടികള്‍ ചവിട്ടുമ്പോള്‍ വീണ്ടും മനസ്സില്‍ ആരോ അയാളോട് തിരികെ പോകാന്‍ പറയുന്നുണ്ടായിരുന്നു.
അയാള്‍ മുകളില്‍ എത്തി.അവിടെ നിന്നാല്‍ അയാള്‍ക്ക് നഗരം വ്യക്തമായി കാണാം.അയാള്‍ അവിടെ നിന്ന് കൊണ്ട് നഗരത്തിലേക്ക് നോക്കി.
ഒരു അവ്യക്ത മഞ്ഞു പടലം നഗരത്തെ പ്രാപിക്കുന്നത് അയാള്‍ കണ്ടു.ചെറിയ മെഴുകുതിരികള്‍ ഉരുകി താഴെ വീഴുന്നത് പോലെ മനുഷ്യര്‍ മരിച്ചു വീണു കൊണ്ടിരിക്കുന്നു!.ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നവര്‍,അത് എടുത്തു കൊടുക്കുന്നവര്‍,ട്രാഫിക്ക് പോലീസുകാര്‍,വാഹനങ്ങളില്‍ ഇരിക്കുന്നവര്‍ ,നടപ്പാതയിലൂടെ നടന്നു പോകുന്നവര്‍,സൂപ്പര്‍മാര്‍ക്കറ്റിലും ,ഷോപ്പിംഗ്‌ മാളുകളിലും സിനിമാ തിയേറ്ററിലും നില്‍ക്കുന്നവര്‍ എല്ലാം വെട്ടിയിടുന്നത് പോലെ താഴെ വീഴുകയാണ്.നഗരം ഒരു ചെസ് പലക പോലെയാണെന്ന് മുന്‍പ് ചിലപ്പോള്‍ അയാള്‍ക്ക് തോന്നിയിരുന്നു.എന്നാല്‍ ഇപ്പോള്‍ ,ആരോ ആ ചെസ് പലക എടുത്തു ദൂരെ എറിഞ്ഞത് പോലെ.ശൂന്യതയിലേക്ക് ചരിഞ്ഞു വീഴുന്ന രാജാവും മന്ത്രിയും ഭടന്‍മാരും.
പക്ഷെ എല്ലാം വളരെ നിശബ്ദമായാണ് നടക്കുന്നത്.ആ മഞ്ഞു പടലം വളരെ മൃദുലമായ തുണി കൊണ്ട് ,ഒരു വൃദ്ധന്‍ തന്റെ കണ്ണാടിയുടെ ലെന്‍സ്‌ തുടക്കുന്നത് പോലെ നഗരം തുടക്കുന്നത് അയാള്‍ കണ്ടു.ആര്‍ത്തനാദങ്ങളില്ല.കണ്ണുനീരില്ല.അമ്പരപ്പ്, ദു:ഖിക്കാനുള്ള സമയത്തെ കൂടി ഇല്ലാതാക്കിയിരിക്കുന്നു.
“തിരികെ മുറിയില്‍ പോയിഒളിക്കു.”ഉള്ളില്‍ വീണ്ടും ആരോ മുന്നറിയിപ്പ് നല്‍കുന്നു.
അത് കേട്ടിട്ട് എന്നതു പോലെ ആ മഞ്ഞു പടലം ചലനം നിര്‍ത്തിയത് അയാള്‍ കണ്ടു.പിന്നെ അത് തന്റെ നേര്‍ക്ക് തിരിയുന്നത് കണ്ടതും അയാള്‍ വേഗം താഴേക്ക് ഓടി മുറിയില്‍ കയറി കതകടച്ചു.ജനാല ഭദ്രമായി അടച്ചു വിരികള്‍ താഴ്ചത്തി അയാള്‍ കട്ടിലില്‍ കയറി മൂടിപുതച്ചു കിടന്നു.വിസ്ഫോടനം പോലെ ഉള്ളില്‍ തോന്നിയ ഭയം പുതപ്പിട്ടു മൂടിയതോടെ ഇല്ലാതായത് അയാള്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു.പുതപ്പിനുള്ളില്‍ മറ്റൊരു ലോകമാണ്.തന്റെ സ്വന്തം രാത്രിയാണ് പുതപ്പിനുള്ളില്‍.കണ്ണുകള്‍ അടക്കുന്നതോടെ,ജന്മാന്തരങ്ങളും കടന്നു ഓര്‍മ്മകള്‍ മാലാഖമാരായും ഭൂതങ്ങളായും സ്വപ്നങ്ങളില്‍ പുനര്‍ജനിക്കുന്നു.ഇത് ഒരു സ്വപ്നമാണ്.ഒരു തരം അപൂര്‍വമായ സ്വപ്നം.അയാള്‍ സ്വയം പറഞ്ഞു.ഒട്ടും ആയാസം ഇല്ലാതെ തന്നെ അയാള്‍ ഉറക്കത്തിലേക്ക് വീണു.
ജന്മങ്ങള്‍ക്ക് മുന്‍പ് ഒരു ശലഭം ആയിരുന്നപ്പോഴത്തെ ഓര്‍മ്മ ആയിരുന്നു അയാള്‍ ആ ഉറക്കത്തില്‍ സ്വപ്നമായി കണ്ടത്.നീല ചിറകുള്ള ഒരു ശലഭമാണ് താന്‍.വലിയ ഇലകള്‍ ഉള്ള ചെടികള്‍ നിറഞ്ഞ കാട്ടില്‍ ,താന്‍ പറക്കുന്നു.പൂക്കള്‍ക്കും ചെടികള്‍ക്കും അസാമാന്യ വലിപ്പം.നിശബ്ദമായ കാട്ടില്‍ ആ ശലഭം ഓരോ പൂവിലും പറന്നിറങ്ങുകയാണ്.ഒന്നിലും തേന്‍ മാത്രമില്ല.തേനില്ലാത്ത ,ഗന്ധമില്ലാത്ത വലിയ പൂക്കള്‍ മാത്രമാണ് ആ കാട്ടില്‍ എന്ന് അയാള്‍ തിരിച്ചറിഞ്ഞു.ആ തിരിച്ചറിവ് പോലെ കണ്ണില്‍ വെളിച്ചമടിച്ചപ്പോള്‍ അയാള്‍ ഉറക്കം വിട്ടു കണ്ണു തുറന്നു.
നേരം പുലര്‍ന്നിരിക്കുന്നു.
അയാള്‍ എഴുന്നേറ്റു വസ്ത്രം മാറി പുറത്തേക്ക് നടന്നു.ഹര്‍ത്താല്‍ പോലെ നിശബ്ദമായിരുന്നു എല്ലായിടവും.റോഡില്‍ വീണു കിടക്കുന്ന ശവശരീരങ്ങള്‍ കണ്ടപ്പോള്‍ തലേന്ന് രാത്രിയിലേത് സ്വപ്നമല്ലായിരുന്നുവെന്നു ,ചുറ്റിക കൊണ്ട് തലക്ക് അടികിട്ടിയ പോലെ അയാള്‍ തിരിച്ചറിഞ്ഞു.
റോഡിലെങ്ങും ഒരു മനുഷ്യജീവിയെ പോലും അയാള്‍ കണ്ടില്ല.കടകള്‍ എല്ലാം രാത്രിയിലെ പോലെ തുറന്നു കിടക്കുന്നു.പക്ഷെ ഉള്ളില്‍ എല്ലാം നിശബ്ദം.ജീവനുള്ള ആരുമില്ല.ട്രാഫിക്ക് ഐലന്റിലെ ചുവപ്പും മഞ്ഞയും പച്ചയും തെളിഞ്ഞു കിടക്കുന്നു.നിലച്ച വാഹനങ്ങളുടെ നീണ്ട നിരയില്‍ ആദ്യത്തെത് നീല നിറമുള്ള ഒരു ബി.എം.ഡബ്ല്യൂ ആയിരുന്നു.അയാള്‍ക്ക് പരിചയമുള്ള വണ്ടി.അയാള്‍ അതിന്റെ അരികില്‍ ചെന്ന് നോക്കി.വെളുത്തു തടിച്ച ഉടമസ്ഥന്‍ സ്റ്റിയറിംഗ് വീലില്‍ മുഖം ചേര്‍ത്ത് മരിച്ചു കിടക്കുന്നു.അയാള്‍ ആ മുഖം ഉയര്‍ത്തി നോക്കി.വെളുത്തു തടിച്ച മാംസളമായ മുഖമുള്ള ,ഒരു തോട്ടം മുതലാളിയായ ആ മനുഷ്യന്റെ അരികില്‍ ഇന്‍ഷുറന്‍സ് വില്‍ക്കാന്‍ അയാള്‍ പല തവണ ചെല്ലുകയും ആട്ടിയോടിക്കപെടുകയും ചെയ്തതാണ്.അയാളുടെ ചീര്‍ത്ത മുഖത്ത് ഒരു ഈച്ച വന്നിരുന്നു.അയാള്‍ ഡോര്‍ തുറന്നു ആ തടിച്ച മനുഷ്യന്റെ ദേഹം മെല്ലെ റോഡിലേക്ക് തട്ടിയിട്ടു.തന്റെ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഒരു ടി.വി പരസ്യം പോലെ ആ രംഗം അയാള്‍ക്ക് തോന്നിച്ചു.
പ്ധും!!!
കാര്‍ ഉടമ റോഡിലേക്ക് വീഴുന്ന ശബ്ദം അവിടമാകെ പ്രതിധ്വനിച്ചു.അയാള്‍ ചുറ്റും നോക്കി.ആരെങ്കിലും കാണുന്നുണ്ടോ ?? പിന്നെയാണ് ആലോചിച്ചത് ,കാണേണണ്ടവര്‍ മരിച്ചു കിടക്കുകയാണല്ലോ.അയാള്‍ വണ്ടിയിലേക്ക് കയറി പതുപതുപ്പുള്ള സീറ്റിലേക്ക് അമര്‍ന്നു.പിന്നെ വണ്ടി മെല്ലെ ആ ചത്വരത്തില്‍ വച്ച് തിരിച്ചു.വണ്ടി മെല്ലെയാണ് അയാള്‍ ഓടിച്ചത്.ജീവനുള്ള മനുഷ്യര്‍ ആരെങ്കിലും റോഡില്‍ നില്‍പ്പുണ്ടോ എന്നാണ് അയാള്‍ നോക്കിയത്.ഇല്ല.ആരുമില്ല.
ഏറ്റവും കൂടുതല്‍ മനുഷ്യര്‍ മരിച്ചു കിടന്നത് നഗരത്തിലെ സ്റ്റേഡിയങ്ങളിലാണ്.ഒന്നാമത്തെ സ്റ്റേഡിയത്തില്‍ ഒരു രാഷ്ട്രീയ സമ്മേളനമായിരുന്നു നടന്നു കൊണ്ടിരുന്നത്. പൂമാല കഴുത്തില്‍ ചാര്‍ത്തി ,മൈക്കില്‍ കൈ ചുറ്റി പിടിച്ചു മരിച്ചു കിടക്കുന്ന പ്രധാന രാഷ്ട്രീയ നേതാവിനെ അയാള്‍ സഹതാപത്തോടെ നോക്കി. താന്‍ ഭാഗമായ പാര്‍ട്ടി പിളര്‍ത്തി മറ്റൊരു പാര്‍ട്ടി ഉണ്ടാക്കുവാന്‍ വേണ്ടിയാണ് അയാള്‍ സമ്മേളനം വിളിച്ചത് ഖദര്‍ വസ്തങ്ങള്‍ അണിഞ്ഞ അയാളുടെ അനുയായികള്‍ അസാധുവോട്ടുകള്‍ പോലെ വേദിയില്‍ ചത്തു മലച്ചു കിടന്നു.
രണ്ടാമത്തെ സ്റ്റേഡിയത്തില്‍ ആ നാട്ടിലെ ഏറ്റവും വലിയ മനുഷ്യദൈവത്തിന്റെ സാംസ്ക്കാരിക സമ്മേളനത്തിന്റെ ഇടയിലായിരുന്നു മരണം പരിശോധനക്ക് വന്നത്..നീണ്ട താടിയും തിളങ്ങുന്ന മുഖവും തടിച്ച ശരീരവും ദാസിമാരാലും ദാസന്‍മാരാലും സദാ പരിസേവനായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വാമിയായിരുന്നു മനുഷ്യദൈവം.അയാളെ ഒന്ന് കാണാനും വണങ്ങാനും ആലിംഗനം നുകരാനും ആയിരങ്ങള്‍ കാത്തു നിന്നിരുന്നു. അളവറ്റ സമ്പത്തിന്റെ ഉടമയായ സ്വാമിയുടെ ഉടമസ്ഥതയില്‍ ആതുരസേവന സ്ഥാപനങ്ങളും ,പ്രഫഷണല്‍ വിദ്യാഭാസ സ്ഥാപനങ്ങളുമുണ്ട്.അയാളുടെ അനുയായികള്‍ ലക്ഷങ്ങളാണ്.അത് കൊണ്ട് തന്നെ അപ്പുറത്തെ സ്റ്റേഡിയത്തില്‍ മരിച്ചു കിടക്കുന്ന രാഷ്ട്രീയനേതാവുള്‍പ്പടെയുള്ളവര്‍ സ്വാമിയുടെ പിന്തുണ കാംക്ഷിച്ചിരുന്നു.
തൂവെള്ള വസ്ത്രങ്ങള്‍ അണിഞ്ഞ അനുയായികളുടെ ശവശരീരങ്ങള്‍ കടന്നു അയാള്‍ വേദിയില്‍ എത്തി. സ്വാമിയേ അയാള്‍ ടി.വിയില്‍ മാത്രമേ കണ്ടിട്ടുള്ളു.സ്വാമിയുടെ കഴുത്തില്‍ ഒരു വലിയ രത്നമാല എപ്പോഴും ഉണ്ടാകും.കൈ നിവര്‍ത്തിപിടിച്ചു അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു കൊണ്ട് അയാള്‍ ഭക്തര്‍ക്ക് മോക്ഷമാര്‍ഗം പറഞ്ഞു കൊടുക്കും.അതിനായി സ്വന്തം ചാനലും സ്വാമിക്ക് ഉണ്ടായിരുന്നു.
തന്റെ ഇന്‍ഷുറന്‍സ് വില്‍പ്പന ഒന്ന് മെച്ചപെടുന്നതിനും കുഞ്ഞിന്റെ രോഗം ഭേദമാകുന്നതിനും സ്വാമിയെ ഒന്ന് ദര്‍ശിക്കണം എന്ന് അയാള്‍ നാളുകള്‍ക്ക് മുന്‍പ് വിചാരിച്ചതാണ്.
വേദിയിലെ ഉയര്‍ന്ന സിംഹാസനത്തില്‍ സ്വാമി മരിച്ചു കിടന്നു.ഇരുവശവും ,മയില്‍പീലി കൊണ്ട് വെഞ്ചാമരം വീശുകയും ,അയാളുടെ കാല്‍ചുവട്ടില്‍ ഇരുന്നു കാല്‍ തിരുമ്മുകയും ചെയ്തു കൊണ്ടിരുന്ന ദാസിമാരും അയാള്‍ക്കൊപ്പം മരിച്ചു കിടന്നു.സ്വാമിയുടെ മുഖം മറച്ചു കിടന്ന മയില്‍പ്പീലിയുടെ ഇതളുകള്‍ ,അയാള്‍ മെല്ലെ മാറ്റി.അപ്പോള്‍ സ്വാമിയുടെ തുറിച്ച കണ്ണുകള്‍ അയാളെ നോക്കി.അയാള്‍ ഒരു നിമിഷം ഞെട്ടി.“ഒരു പക്ഷെ മന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ ഉള്ള സമയം സ്വാമിക്ക് ലഭിച്ചു കാണില്ല.”അയാള്‍ ഉള്ളില്‍ കരുതി.സ്വാമിയുടെ കഴുത്തില്‍ ആ വലിയ രത്നമാല കിടക്കുന്നത് അയാള്‍ കണ്ടു.അയാള്‍ അത് ഊരിയെടുത്തു കഴുത്തില്‍ അണിഞ്ഞു ,വേദിയുടെ മുന്‍പില്‍ ചത്തുകിടക്കുന്ന ഭക്തരെ നോക്കി.അയാളുടെ ചുണ്ടില്‍ അപ്പോള്‍ ചെറുതായി ഒരു ചിരി വിടര്‍ന്നു.
“മരണത്തിന്റെ ധവള സാഗരം..”വെളുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ ശവങ്ങള്‍ നോക്കി അയാള്‍ പിറുപിറുത്തു.അയാള്‍ ഉച്ചവരെ നഗരം അരിച്ചു പെറുക്കി.ജീവനുള്ള ആരെയുംആ നഗരത്തില്‍ കണ്ടെത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.അപ്പോഴേക്കും അയാള്‍ക്ക് വിശന്നു.
തുറന്നു കിടന്ന ഏറ്റവും മുന്തിയ ഹോട്ടലിന്റെ മുന്‍പില്‍ അയാള്‍ വണ്ടി നിര്‍ത്തി.രാജാക്കന്‍മാരുടെ വേഷഭൂഷാദികളും,നീണ്ടു ഉയര്‍ന്നു നില്‍ക്കുന്ന വര്‍ണ്ണതൊപ്പിയും അണിഞ്ഞ പാറാവുകാരന്‍ ഹോട്ടല്‍ വാതില്‍ക്കല്‍ മരിച്ചു കിടന്നു.അയാള്‍ ഒരു നിമിഷം നിന്ന് ആ തൊപ്പി എടുത്തു അതിന്റെ ഭംഗി നോക്കി.പിന്നെ ഭദ്രമായി ശവത്തിന്റെ ശിരസ്സില്‍ത്തന്നെ തിരികെ വച്ചു.എയര്‍കണ്ടീഷന്‍ ചെയ്ത ഹാളില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന നിലയില്‍ നഗരത്തിലെ സമ്പന്ന കുടുംബങ്ങള്‍ മരിച്ചു കിടന്നു.
അയാള്‍ ഒരു ഒഴിഞ്ഞ കസേരയില്‍ ഇരുന്നു.ഓര്‍ഡര്‍ ചെയ്യാന്‍ വെയിറ്ററോ,അത് ഉണ്ടാക്കുവാന്‍ കുക്കോ ,കാശ് വാങ്ങുവാന്‍ മുതലാളിയൊ ഇല്ലാതിരുന്ന അവസ്ഥ.
“ഒരു തരത്തില്‍ ഇതായിരിക്കണം മാര്‍ക്സ് സ്വപ്നം കണ്ട സമത്വം...ഐഡിയല്‍ കമ്യൂണിസം പുലരുന്നത് ലോകാവസാനമായിരിക്കണം.” കഴുത്തിലെ സ്വാമിയുടെ രത്നമാല,തടവിക്കൊണ്ട് അയാള്‍ ആലോചിച്ചു.
അയാള്‍ അടുക്കളയില്‍ കടന്നു അലമാരയില്‍ നിന്ന് തലേന്നത്തെ പൊറോട്ടയും ,ഇറച്ചി കൊണ്ടുണ്ടാക്കിയ ഒരു വിഭവവും പ്ലേറ്റില്‍ എടുത്തു കൊണ്ട് വന്നു.അത് ഉണ്ടാക്കിയ കുക്കിന്റെ കാലില്‍ തട്ടി അയാള്‍ മറിഞ്ഞു വീഴണ്ടതായിരുന്നു.ഭാഗ്യത്തിന് അയാള്‍ ആ ശവത്തില്‍ തട്ടിയില്ല. കഴിച്ചു കൊണ്ടിരിക്കെ അയാള്‍ മെനുകാര്‍ഡ് വായിച്ചു.വലിയ ഹോട്ടലിലെ പണക്കാര്‍ കഴിക്കുന്ന ഭക്ഷണസാധനങ്ങളുടെ പേരുകള്‍ തന്നെ ഗാംഭിര്യമുള്ളതാണ്.ബോണ്‍ലെസ് ചിക്കന്‍,ചിക്കന്‍ കുറുമ,ചിക്കന്‍ പെപ്പര്‍ ഫ്രൈ..സാധാരണക്കാരന്റെ ഭക്ഷണത്തിന്റെ പേരുകള്‍ അവനെ പോലെ തന്നെ ദാരിദ്ര്യം വിളിച്ചോതുന്നു...പൊറോട്ട...പൊറോട്ട പോലും.
കഴിച്ചതിനു ശേഷം അയാള്‍ കൈകഴുകി.കൈ തുടച്ചതിനു ശേഷം കഴുത്തില്‍ കിടന്ന സ്വാമിയുടെ രത്നമാല കാഷ്കൌണ്ടറില്‍ ഇരുന്ന തടിച്ച മനുഷ്യന്റെ ശവത്തിന്റെ കഴുത്തില്‍ അണിയിച്ചു.“ഒരു മാന്യന്‍ എപ്പോഴും മാന്യനായിരിക്കണം.അതിപ്പോള്‍ ലോകാവസാനം ആണെങ്കില്‍ കൂടി.ടിപ്പും കൂടി ചേര്‍ത്താണ് ഈ മാല.” അയാള്‍ തന്നോട് തന്നെയും ആ ശവത്തിനോടായും പറഞ്ഞു.ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയതിനു ശേഷം വീണ്ടും അയാള്‍ മനുഷ്യരെ തിരഞ്ഞിറങ്ങി.എല്ലായിടത്തും മരിച്ചു വീണ മനുഷ്യരുടെ കാഴ്ച്ച ഒഴിച്ചാല്‍ അത് ഒരു സാധാരണ മദ്ധ്യാഹ്നം തന്നെയായിരുന്നു.പൂര്‍ത്തിയാകാത്ത സ്വപ്‌നങ്ങള്‍ പോലെ ജഡങ്ങളിലെ വസ്ത്രങ്ങള്‍ ഉച്ചവെയിലില്‍ മിന്നി .
കൂറ്റന്‍ മതില്‍ ഉള്ള ജയിലിന്റെ ഗേറ്റ് മാത്രം അടഞ്ഞു കിടന്നു. അതിന്റെ അരികില്‍ കാവല്‍ പോലീസുകാര്‍ മരിച്ചു കിടന്നു.അകത്തു തടവുകാരും മരിച്ചു കിടന്നു.ബാക്കി നില്‍ക്കുന്ന ഒരു കര്‍മ്മം എന്നത് പോലെ അയാള്‍ അടഞ്ഞു കിടന്ന ഗേറ്റ് മുഴുവനായി തള്ളി തുറന്നു.ഇനി അവിടെ നിന്ന് മോചനം പ്രാപിക്കാന്‍ കുറ്റവാളികളില്ല.ശിക്ഷ വിധിക്കുവാന്‍ ജഡ്ജിയോ ,പിടിക്കുവാന്‍ പോലീസോ ,പിടികൂടുവാന്‍ കുറ്റവാളികളോ ഇല്ലാതെ എല്ലാവരും മരിച്ചു കഴിഞ്ഞ നഗരത്തില്‍ ആ ഗേറ്റ് ഇനിയും അടഞ്ഞു കിടക്കുന്നത് ഒരു തമാശ പോലെ തോന്നിയത് കൊണ്ടാണ് അയാള്‍ അത് വലിച്ചു തുറന്നത്.
ജയിലിനു തൊട്ട് അടുത്ത് തന്നെയായിരുന്നു രാജ്യത്തിലെ ഏറ്റവും വലിയ ബാങ്കിന്റെ നഗരത്തിലെ ശാഖയും.അത് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശാഖയായിരുന്നു.ബാങ്കിന്റെ മുന്‍പിലെ എ.ടി.എമ്മുകളുടെ മുന്‍പില്‍ പണം എടുക്കുവാന്‍ ക്യൂ നില്‍ക്കെ മരിച്ചു വീണവരെ അയാള്‍ സഹതാപത്തോടെ നോക്കി.അവരുടെ കയ്യിലെ എ.ടി.എം.കാര്‍ഡുകള്‍ നരകത്തിലെ ട്രെയിനുകളിലേ ടിക്കറ്റുകള്‍ പോലെ മണ്ണില്‍ പുതഞ്ഞു കിടന്നു.ബാങ്കിന്റെ മുന്‍പില്‍ കൃഷി ആവശ്യത്തിനു ലോണ്‍ എടുത്തവരുടെ സമരപന്തല്‍ ഉണ്ടായിരുന്നു.ഇളവു ലഭിക്കുന്നതിനായി കാലങ്ങളായി അവരുടെ സമരം തുടങ്ങിയിട്ട് .ഇപ്പോള്‍ ആ സമരപന്തല്‍ ബാങ്കിന്റെ ഭാഗം പോലെ ആയിട്ടുണ്ട്‌.അതിനുള്ളില്‍ മെലിഞ്ഞു ശോഷിച്ച ഒന്ന് രണ്ടു ജഡങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.
“ബാക്കിയുള്ളവരെ ബാങ്ക് അതിനു മുന്‍പ് കൊന്നു കഴിഞ്ഞിരിക്കണം “. ഒരു തമാശ പോലെ അത് പറഞ്ഞു കൊണ്ട് അയാള്‍ ബാങ്കിനുള്ളിലേക്ക് നടന്നു.
ശീതികരിച്ച ബാങ്കിനുള്ളില്‍ മുഷിഞ്ഞ പഴയ രണ്ടു രൂപ നോട്ടുകള്‍ ചിതറി കിടന്നത് പോലെ ഇടപാടുകാരും ജീവനക്കാരും മരിച്ചു കിടന്നു.ബാങ്ക് ഹാളിന്റെ ഭിത്തിയില്‍ പിടിപ്പിച്ച ഒരു പെഡസ്റ്റല്‍ ഫാന്‍ മാത്രം കറങ്ങുന്നുണ്ട്.അതിന്റെ കാറ്റില്‍, ക്യാഷ് കൌണ്ടറില്‍ ഇരുന്ന കാശ് എണ്ണിക്കൊണ്ടിരിക്കുമ്പോ മരിച്ച യുവതിയുടെ കയ്യില്‍ ഇരുന്ന പുതിയ രണ്ടായിരം രൂപ നോട്ടുകള്‍ വിശറി പോലെ ചലിച്ചു കൊണ്ടിരുന്നു.അത് ഒരു രസകരമായ കാഴ്ചയായിരുന്നു.ഫാനിന്റെ കാറ്റ് കൌണ്ടറില്‍ എത്തുമ്പോ കാഷ്യറുടെ വിരലുകള്‍ക്കിടയില്‍ ഇരിക്കുന്ന നോട്ടുകള്‍ വേഗത്തില്‍ ചലിക്കാന്‍ തുടങ്ങും.കാറ്റില്‍ വേഗം ചലിക്കുന്ന നോട്ടുകള്‍ക്കിടയില്‍ ഗാന്ധിജിയുടെ മുഖം പ്രത്യക്ഷപെടും.ഇത്തരം ഒരു അവസാനം താന്‍ പ്രതിക്ഷിച്ചിരുന്നു എന്ന ഭാവമായിരുന്നു രാഷ്ടപിതാവിന്റെ മുഖത്ത്.മുന്‍പില്‍ മരിച്ചു കിടക്കുന്ന പൌരന്മാരെ നോക്കുവാന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ കാറ്റിന്റെ വേഗം കുറയുകയും ഗാന്ധിജി നോട്ടുകള്‍ക്കിടയില്‍ മരിച്ചുവീഴുകയും ചെയ്തു കൊണ്ടിരുന്നു.കൗതുകകരമായ ആ കാഴ്ച അല്‍പ്പനേരം കണ്ടതിനു ശേഷം അയാള്‍ മാനേജരുടെ ക്യാബിനിലേക്ക് കയറി.
കറങ്ങുന്ന ചുവന്ന കസേരയില്‍ മാനേജര്‍ മരിച്ചു കിടന്നു.നീല വരകള്‍ ഉള്ള വെളുത്ത അലന്‍സോളി ഷര്‍ട്ടും കറുത്ത പാന്‍റ്സുമായിരുന്നു മാനേജരുടെ വേഷം.ബി.എം.ഡബ്യൂവില്‍ മരിച്ചു കിടന്ന മുതലാളിയുടെ പോലെ ബാങ്ക് മാനേജരുടെ മുഖവും കഴുത്തും തിന്നു കൊഴുത്തു മാംസളമായിരുന്നു.മരിച്ചു കിടക്കുമ്പോഴും ചുവന്ന സ്ട്രൈപ്പ് ഉള്ള ടൈ നേരെയാക്കാന്‍ അയാള്‍ വിരലുകള്‍ കഴുത്തില്‍ ചേര്‍ത്ത് പിടിച്ചിരുന്നു.നാളുകള്‍ക്ക് മുന്‍പ് ഒരിക്കല്‍ അയാള്‍ മാനേജരെ കാണാന്‍ വന്നത് ഓര്‍മ്മ വന്നു.
>>
ശീതികരിച്ച ക്യാബിനുള്ളില്‍ തിളങ്ങുന്ന കമ്പ്യൂട്ടര്‍ മോണിറ്ററിലെ വെളുത്ത കളങ്ങളിലെ അക്കങ്ങള്‍ നോക്കുകയായിരുന്നു അപ്പോള്‍ മാനേജര്‍.ഒരു സാധാരണക്കാരനെ ,പ്രത്യേകിച്ച് വായ്പ അപേക്ഷിക്കുവാന്‍ വരുന്ന പാവപ്പെട്ടവരെ ഏറ്റവും കൂടുതല്‍ പേടിപ്പിക്കുന്ന സ്ഥലമാണ് ബാങ്ക് മാനേജരുടെ ക്യാബിന്‍ എന്ന് അയാള്‍ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.എ.സിയുടെ ഭയപെടുത്തുന്ന ,പരിചിതമല്ലാത്ത തണുപ്പും ,ഇസ്തിരിയിട്ട് ,ചുളിവുകള്‍ ഒന്ന് പോലും ഇല്ലാത്ത മാനേജരുടെ വില കൂടിയ എക്സിക്യൂട്ടിവ് ഷര്‍ട്ടുകളും ,ക്ലീന്‍ ഷേവ് ചെയ്തു നീലച്ഛവിയുള്ള ചതുരാകൃതിയിലുള്ള തടിച്ച മുഖവും ആ ഭയം ഉളവാക്കുന്നതില്‍ വലിയ ഒരു പങ്കു വഹിക്കുന്നു.അതോ സ്വന്തം അപകര്‍ഷതാബോധം ഉണര്‍ത്തിവിടുന്നതിലോ ?
അയാള്‍ സ്വന്തം ആവശ്യം മാനേജരോട് പറഞ്ഞതിന് ശേഷം മറുപടിക്കായി കാത്തിരിക്കുകയായിരുന്നു.ഇതിനിടെ ടേബിളില്‍ ഇരുന്ന രണ്ടു ഫോണുകളില്‍ ചിലത് ശബ്ദിക്കുകയും മാനേജര്‍ മൃദുസ്വരത്തില്‍ അവക്ക് മറുപടി നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നു.മാനേജര്‍ മോണിട്ടറിലെ വെളുത്ത കളങ്ങളില്‍ ശ്രദ്ധയോടെ നോക്കുകയും മൌസ് കൊണ്ട് വേണ്ട തിരുത്തലുകള്‍ നടത്തുകയുമായിരുന്നു.നിമിഷങ്ങള്‍ ഭിത്തിയിലെ ക്ലോക്കിന്റെ ടിക്ക് ടിക്ക് ശബ്ദത്തോടൊപ്പം കൊഴിഞ്ഞു പോയികൊണ്ടിരുന്നു.അപ്പോഴാണ് ആ നിമിഷങ്ങള്‍ തനിക്ക് എത്ര വിലയുള്ളതാണ് എന്ന് അയാള്‍ പൊടുന്നനെ ഓര്‍മ്മിച്ചത്.മാനേജര്‍ താന്‍ മുന്‍പില്‍ ഇരിക്കുന്ന കാര്യം തന്നെ മറന്നു പോയെന്ന് അയാള്‍ സംശയിച്ചു.
“സാര്‍ എന്റെ കാര്യം...” അയാള്‍ മടിച്ചു മടിച്ചു വികൃതമായ ശബ്ദം വാക്കുകളായി പുറപ്പെടുവിച്ചു.അത് കേട്ടതും ദേഹത്ത് ചളി വീണത്‌ പോലെ ചുവന്ന റിവോള്‍വിംഗ് ചെയറില്‍ മാനേജര്‍ അയാളുടെ നേര്‍ക്ക് തിരിഞ്ഞു.
“ഞാന്‍ നിങ്ങളുടെ കാര്യം കേട്ടു.നിങ്ങളുടെ കുഞ്ഞിനു ഓപ്പറേഷന്‍ നടത്താന്‍ അടിയന്തിരമായി എട്ടു ലക്ഷം രൂപ വേണം.പക്ഷെ എന്ത് ബേസിസിലാണ് ഞാന്‍ ഒരു സാദാ ഇന്‍ഷുറന്‍സ് എജന്റ് ആയ നിങ്ങള്‍ക്ക് ലോണ്‍ തരിക.ഞാന്‍ ഒരു ജീവനക്കാരന്‍ മാത്രമാണ്.എനിക്ക് പരിധികള്‍ ഉണ്ട്.ഐ ആം ഹെല്‍പ് ലെസ്.”
പൊടുന്നനെ ഹാഫ് ഡോര്‍ തുറന്നു ആ തോട്ടം മുതലാളി മാനേജരുടെ ക്യാബിനിലേക്ക് കയറി വന്നു. ബി.എം.ഡബ്ല്യൂ സ്വന്തമായുള്ള മുതലാളിയുടെ ഭീമാകരമായ ശരീരത്തിന്റെ നിഴലില്‍ താന്‍ ചുരുങ്ങിപോയ പോലെ അയാള്‍ക്ക് തോന്നി. മാനേജര്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു വിടര്‍ന്ന ചിരിയോടെ മുതലാളിയെ സ്വീകരിച്ചു.മുതലാളിയുടെ കഴുത്തിലെ കയറുപിരിയന്‍ സ്വര്‍ണ്ണമാലയുടെയും മാനേജരുടെ വിരലിലെ നവരത്നമോതിരത്തിന്റെയും തിളക്കം താന്‍ ഈ ശീതികരിച്ച മുറിയില്‍ ഒരു അധികപറ്റാണ്‌ എന്ന കാര്യം അയാളെ ഓര്‍മിപ്പിച്ചു.
“ഹഹ ,അച്ചായന്‍ ഒന്നും പേടിക്കണ്ട....എല്ലാം ഞാന്‍ അറേഞ്ച് ചെയ്തിട്ടുണ്ട്.സോണല്‍ ഓഫീസിലെ ഓഡിറ്റര്‍മാരെല്ലാം നമ്മുടെ ആളുകളാണ്.തല്‍ക്കാലം മുതലാളിക്ക് വേണ്ടി ഒന്ന് കണ്ണടക്കാന്‍ ഞാന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്..റൂള്‍സ് ഒക്കെ നമ്മുക്ക് അത്യാവശ്യം വളച്ചൊടിക്കാം...മുതലാളിയുടെ ആവശ്യം നടക്കണ്ടേ ...”
അകത്തു നിന്ന് മാനേജര്‍ മുതലാളിയോട് പറയുന്ന മധുരവാക്കുകള്‍ , ഹാഫ്ഡോറിനു മുകളിലൂടെ പുറത്തു നിന്ന അയാളുടെ ചെവിയിലേക്ക് ആരോ വലിച്ചെറിയുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ പോലെ പതിച്ചത് ഇപ്പോഴും അയാളുടെ ഓര്‍മ്മയിലുണ്ട്.
“ഐ ആം ഹെലപ്പ് ലെസ്”..മാനേജരുടെ വാക്കുകള്‍ ആ മുറിയില്‍ ഇപ്പോഴും മുഴങ്ങുന്നതായി അയാള്‍ക്ക് തോന്നി.അപ്പോള്‍ അയാള്‍ ഓര്‍മ്മകളില്‍ നിന്ന് മടങ്ങിവന്നു.
<<
മാനേജരുടെ ക്ലീന്‍ ഷേവ് ചെയ്ത മുഖത്ത് മരണം രോമം വളര്‍ത്താന്‍ തുടങ്ങിയിരിക്കുന്നതായി അയാള്‍ ദു:ഖത്തോടെ കണ്ടു.
അയാള്‍ ഉപചാരപൂര്‍വ്വം എഴുന്നേറ്റ് മാനേജരുടെ അടഞ്ഞ കണ്ണുകളില്‍ നോക്കി “എക്സ്ക്യൂസ് മീ “ എന്ന് പറഞ്ഞു.അതിനു ശേഷം കഴുത്തിലെ ആ വിരലുകള്‍ സ്വതന്ത്രമാക്കി അയാളുടെ മുഖം പോലെ ചതുരാകൃതിയിലുള്ള നവരത്ന മോതിരം ഊരിയെടുത്തു.ശവത്തിന്റെ രോമങ്ങള്‍ വളര്‍ന്ന മുഖം കണ്ണുകള്‍ തുറന്നു “വാട്ട് ദ ഹെല്‍ “എന്നോ മറ്റോ അലറുന്നത് അയാള്‍ സങ്കല്പിച്ചു.ഒന്നും സംഭവിച്ചില്ല.അതിനു ശേഷം അയാള്‍ കാല്‍ കൊണ്ട് മാനേജരുടെ കറുത്ത വുഡ് ലാണ്ട്സ് എക്സിക്യുട്ടീവ്‌ ഷൂസില്‍ ഒന്ന് ആഞ്ഞു തട്ടി.കസേരയില്‍ ചരിഞ്ഞിരിക്കുകയായിരുന്ന ശവം മറിഞ്ഞു താഴെ വീണു.
പ്ധും!!!
മാനേജരുടെ ശവം താഴെ വീണ ഒച്ചയും രാവിലെ ബി.എം.ഡബ്ലൂവില്‍ നിന്ന് മാനേജരുടെ എലൈറ്റ് കസ്റ്റമര്‍ ആയ തോട്ടം മുതലാളിയുടെ ശവം നിലത്തു വീണ ഒച്ചയും ഒരു പോലെയാണെന്ന് അയാള്‍ കൗതുകത്തോടെ ശ്രദ്ധിച്ചു .മരണം ഇത്തരം ഒച്ചകളുടെ കാര്യത്തിലും ഒരു കമ്യൂണിസ്റ്റാണ്.മാനേജരുടെ ശവം നിലത്തു പതിച്ചപ്പോള്‍ ചുവന്ന റിവോള്‍വിംഗ് ചെയര്‍ ഒന്ന് രണ്ടു പ്രാവശ്യം വട്ടം കറങ്ങി.ഒടുവില്‍ കറക്കം നിലച്ചു അത് തന്റെ നേരെ തിരിഞ്ഞപ്പോള്‍ അയാള്‍ കൈകള്‍ രണ്ടും വിടര്‍ത്തി ആ ചുവന്ന ശൂന്യതയിലേക്ക് നോക്കി ഇങ്ങനെ പറഞ്ഞു.
“ഐ ആം ഹെല്‍പ് ലെസ് .റിയലി ഹെല്‍പ് ലെസ്.”
ബാങ്കിന് പുറത്ത് വന്നപ്പോള്‍ അയാള്‍ കൈയില്‍ ഇരുന്ന നവരത്ന മോതിരം കൃഷിക്കാരുടെ സമരപന്തലിലേക്ക് വലിച്ചെറിഞ്ഞു.
ശവങ്ങള്‍ വീണു കിടക്കാത്ത ഒരു സ്ഥലവും ഇല്ല എന്ന് ഉറപ്പിച്ചപ്പോള്‍ അയാള്‍ ഒരു പുസ്തകശാല കണ്ടു.അതിനു മുന്‍പില്‍ ശവങ്ങള്‍ ഒന്നും കിടപ്പില്ല.അയാള്‍ ഉള്ളിലേക്ക് കയറി.മരണമില്ലാത്ത നോവലുകളും കവിതകളും ഇനിയും മരണം തൊടാത്ത അയാളെ അത്ഭുതത്തോടെ നോക്കി.ആരും തേടിവരുവാനില്ലാത്തത് കൊണ്ടാവാം കാല്‍പ്പനികതയും പ്രണയവും ദു:ഖവും താളുകളില്‍ അടുക്കിയ സാഹിത്യ പുസ്തകറാക്കുകളുടെ മുന്‍പില്‍ ജഡങ്ങള്‍ ഒന്നുമില്ലായിരുന്നു..പക്ഷെ അയാളെ നിരാശപെടുത്തിക്കൊണ്ട് കുറച്ചു അകലെയുള്ള ഒരു പുസ്തകറാക്കിന് മുന്‍പില്‍ ഒരു ജഡത്തിന്റെ കൈ അയാള്‍ കണ്ടു.അത് സ്കൂള്‍ യൂണിഫോം ധരിച്ച ഒരു കൗമാരക്കാരിയുടെ ജഡമായിരുന്നു.ഡിക്ഷണറികളും എന്ട്രന്‍സ് പുസ്തകങ്ങളും പി.എസ്.സി റാങ്ക് ഫയലുകളും അടുക്കി വച്ച പുസ്തകറാക്ക് ആയിരുന്നു അത്.ഉറക്കം ഒഴിച്ചു പഠിച്ച രാത്രികളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ആ പെണ്‍കുട്ടിയുടെ ഇപ്പോഴും തുറന്നിരുന്ന ക്ഷീണിച്ച കണ്ണുകള്‍ രണ്ടാമത്തെ റാക്കിലെ “മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് വേണ്ടിയുള്ള ബയോളജിയുടെ ആയിരം ചോദ്യങ്ങള്‍” എന്ന തടിച്ച പുസ്തകത്തിലായിരുന്നു.അത് എടുക്കാന്‍ എന്നവണ്ണം ഒരു കൈ മുകളിലേക്ക് ആഞ്ഞ നിലയിലാണ് ജഡം കിടന്നത്.
പുസ്തകശാലയില്‍ നിന്ന് ഇറങ്ങാന്‍ നേരമാണ് എന്തെങ്കിലും ഒന്ന് വായിച്ചിട്ട് എത്ര നാളായി എന്ന ചിന്ത അയാളില്‍ ഉണ്ടായത്.അടുങ്ങിയ പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് ഒരെണ്ണം വലിച്ചെടുത്തു അയാള്‍ തുറന്നു വായിച്ചു. അത് പഴയ സിനിമാഗാനങ്ങളുടെ ഒരു പുസ്തകമായിരുന്നു.അതിലെ ഒരു പാട്ട് അയാള്‍ വായിച്ചു.
“കുഞ്ഞുറങ്ങും കൂട്ടിനുള്ളില്‍
കൂട്ടിനു മിന്നാമിന്നീ വാ
മഞ്ഞു വീഴും കാട്ടിനുള്ളില്‍
ഇത്തിരി ചൂടും കൊണ്ടേ വാ...
കുന്നിറങ്ങി കൂടെ വരും കുളിര്‍ വെണ്ണിലാവേ
കുന്നിമണി ചെപ്പില്‍ നീ കളഭം തായോ..”
ആ പാട്ട് താന്‍ എവിടെയോ കേട്ടതായി അയാള്‍ക്ക് തോന്നി.അയാള്‍ അതിന്റെ ഈണവും ബാക്കി വരികളും ഓര്‍മ്മിക്കുവാന്‍ പരിശ്രമിച്ചു.അയാള്‍ക്ക് കഴിഞ്ഞില്ല.അപ്പോഴാണ്‌ ഒരു ഇടിമിന്നല്‍ പോലെ ആ കാര്യം അയാള്‍ ഓര്‍മ്മിച്ചത്.
ഈ നഗരം എപ്പോഴെങ്കിലും തനിക്ക് സ്വന്തമായിരുന്നെങ്കില്‍ താന്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ച ഒരേ ഒരു വസ്തുവിന്റെ കാര്യമായിരുന്നു അത്.ജഡങ്ങള്‍ മാത്രം അവശേഷിക്കുന്ന ഈ നഗരം ഇപ്പോള്‍ അയാള്‍ക്ക് കാല്‍ക്കീഴിലാണ്.ഇനിയെങ്കിലും അത് തനിക്ക് വേണം.അയാള്‍ കാര്‍ എടുത്തു ജഡങ്ങള്‍ക്ക് മുകളിലൂടെ കുതിച്ചു പാഞ്ഞു.നഗരത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ്‌ മാളില്‍ കുട്ടികളുടെ പാവകളും കളി ഉപകരണങ്ങളും വില്‍ക്കുന്ന വിദേശകമ്പനിയുടെ ഷോറൂമില്‍ അയാള്‍ ചെന്നു.
ഡിസ്പ്ലേയില്‍ ആ പാവക്കുട്ടി ഉണ്ടായിരുന്നു.ഓമനത്തമുള്ള മുഖവും തുറക്കാനും അടയ്ക്കാനും കഴിയുന്ന കണ്ണുകളും ഉള്ള ചെമ്പന്‍ മുടിയുമുള്ള ‘ഹില്‍ഡ’ എന്ന പാവക്കുട്ടി.അവള്‍ അവസാനദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത്‌ ഈ പാവക്കുട്ടിയെയാണ്.അയാളുടെയും സെയില്‍സ്മാന്റെയും ശബ്ദം ഇപ്പോഴും ആ കണ്ണാടി കടക്കുള്ളില്‍ തങ്ങി നില്‍ക്കുന്നു.
“എത്രയാ വില.?”
“ഏഴായിരം.”
“ഒരു പാവക്കുട്ടിക്കോ..?.’
“ഇത് വിദേശിയാണ്‌ സര്‍.”
ആ പൈസ അവളുടെ ജീവന്‍ നിലനിര്‍ത്തുന്ന മരുന്നിനേക്കാള്‍ വിലപിടിച്ചതും വാങ്ങാന്‍ വേറെ നിര്‍വാഹമില്ലാത്തത് കൊണ്ടും അയാള്‍ അന്ന് അതുപേക്ഷിച്ചു പോന്നു.
അയാള്‍ ഹില്‍ഡയെ സൂക്ഷിച്ചു നോക്കി.മരിച്ചു പോയ കുട്ടികളുടെ ആത്മാവുകള്‍ പാവകളുടെ കണ്ണില്‍ അടിയുമെന്നു ആരാണ് പറഞ്ഞത്.?അനേകം കുഞ്ഞുങ്ങളുടെ ആത്മാവുകള്‍ പറന്നു നടക്കുന്ന ഈ പകലില്‍ ഈ പാവക്ക് ഒരുപക്ഷെ ജീവന്‍ ഉണ്ടാകുമോ?അയാള്‍ മേശയില്‍ കിടന്ന മൊട്ടുസൂചിയെടുത്ത് അതിന്റെ കവിളില്‍ കുത്തി.ഇല്ല.രക്തം വരുന്നില്ല.വല്ലാത്തൊരു സങ്കടം അയാളെ ഗ്രസിച്ചു.എത്ര പ്രാവശ്യമാണ് തനിക്ക് തെറ്റുകള്‍ സംഭവിക്കുന്നത്‌?ഹില്‍ഡയുടെ കണ്ണുകള്‍ തുറയുകയും അടയുകയും ചെയ്തു കൊണ്ടിരുന്നു.അതിന്റെ വേദന നിറഞ്ഞ കണ്ണുകള്‍ കണ്ടപ്പോള്‍ അയാളുടെ സങ്കടം വര്‍ദ്ധിച്ചു.ഹില്‍ഡയുടെ ചെമ്പന്‍ മുടിയില്‍ തടവി അയാള്‍ ആശ്വസിപ്പിച്ചു.
“സാരമില്ല ഹില്‍ഡ .നമ്മുക്ക് വീട്ടില്‍ പോകാം.നിന്റെ ഈ കുഞ്ഞു മുറിവ് ഞാന്‍ ഒട്ടിച്ചു പഴയത് പോലെയാക്കും.ചത്ത ഒരു നഗരത്തിനെക്കാള്‍ ഇപ്പോള്‍ എനിക്ക് വില നീയാണ്.”
പൊടുന്നനെ അയാള്‍ക്ക് ആ പാട്ടിന്റെ ബാക്കി വരികളും ഈണവും ഓര്‍മ്മ വന്നു.
“ഇത്തിരി പൂവേ വാ പൊട്ടു കുത്താന്‍ വാ വാ...
ഇളനീര്‍ കുളിര് കൊഞ്ചലായി വാ...
കണ്‍ നിറയെ പൂമൂടും ഉണ്ണിപൂങ്കിനാവോ
ചുണ്ടിലിന്നീ പുഞ്ചിരി പൂവായോ ..”
അയാള്‍ ആ പാവക്കുട്ടിയെ മടിയില്‍ ഇരുത്തി ആട്ടിക്കൊണ്ട് പാടി.ആ പാവയുടെ കണ്ണുകള്‍ നോക്കി കൊണ്ട്,ചുണ്ടിലെ പുഞ്ചിരി കണ്ടു ചിരിച്ചു കൊണ്ട് അയാള്‍ അതിനെ താരാട്ട് പാടിയുറക്കാന്‍ ശ്രമിക്കുന്നത് ചില്ല് അലമാരകളില്‍ ഇനി ഒരിക്കലും തങ്ങളെ തേടിവരാന്‍ ഇടയില്ലാത്ത കുട്ടികളെ കാത്തിരിക്കുന്ന മറ്റ് പാവകള്‍ സാകൂതം കണ്ടു കൊണ്ടിരുന്നു.
തിരികെ ലോഡ്ജില്‍ എത്തിയതിനു ശേഷം അയാള്‍ അതിന്റെ മുകള്‍ നിലയില്‍ കയറി നിന്ന് നഗരത്തെ നോക്കി.ജഡങ്ങള്‍ തിരഞ്ഞു ദൂരെ നിന്ന് ഒരു കാര്‍മേഘപടലം പോലെ വരുന്ന കഴുകന്‍മാര്‍ നഗരത്തിലേക്ക് പറന്നിറങ്ങാന്‍ തുടങ്ങുന്നതിനു മുന്‍പ് അയാള്‍ നഗരത്തെ ആശിര്‍വദിച്ചു.
“ഉറങ്ങുക സഹോദരങ്ങളെ,ഇനി എല്ലാം മറന്നുറങ്ങുക .ഉറക്കത്തില്‍ നിങ്ങള്‍ നീല ശലഭങ്ങളെ സ്വപ്നം കാണുക. ,സദാ സംഗീതം മുഴങ്ങുന്ന കാട്ടിലെ ,വലിയ ഇലകള്‍ ഉള്ള ചെടികളിലെ തേന്‍ നിറഞ്ഞ പൂക്കളില്‍ പറന്നിറങ്ങുക.”
പടികള്‍ ഇറങ്ങി ലോഡ്ജിലെ സ്വന്തം മുറിയുടെ കതകു അടയ്ക്കുമ്പോള്‍ ആ പകല്‍ മുഴുവന്‍ അയാളുടെ മനസ്സില്‍ കിടന്നു വിങ്ങിയ ചോദ്യത്തിന് അയാള്‍ക്ക് ഉത്തരം ലഭിച്ചു.എന്ത് കൊണ്ട് താന്‍ മാത്രം മരിക്കാതെ അവശേഷിച്ചു?അതിനുള്ള ഉത്തരം അയാള്‍ ഹില്‍ഡയുടെ ചെമ്പന്‍ മുടിയില്‍ തടവിക്കൊണ്ട് സ്വയം പറഞ്ഞു.
“ആ രാത്രി അവളുടെ വിറങ്ങലിച്ച പിഞ്ചു ദേഹം ഡോക്ടര്‍മാര്‍ കയ്യില്‍ വച്ച് തരുമ്പോള്‍ തന്നെ ഞാന്‍ മരിച്ചിരുന്നു.ഒരിക്കല്‍ മരിച്ചയാളെ വീണ്ടും മരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല.അവ്യക്തമായ ആ തണുത്ത മരണത്തിന്റെ മഞ്ഞുപടലത്തിനു പോലും.”
അയാള്‍ മുറിക്കുള്ളില്‍ കയറി ആ പാവക്കുട്ടിയെ നെഞ്ചോട്‌ ചേര്‍ത്ത് പൊട്ടിക്കരഞ്ഞു.ആരാണ് ഇനി തന്നെ ആശ്വസിപ്പിക്കുവാന്‍ എല്ലാവരും മരിച്ച ഈ നഗരത്തില്‍ നിന്ന് വരിക?.അപ്പോള്‍ അയാള്‍ വെറുതെ സങ്കല്‍പ്പിച്ചു.ആ പാവകളുടെ കടയിലെ കണ്ണാടി അലമാരകളില്‍ നിന്ന് പാവകള്‍ ഇറങ്ങി വരുന്നു.അവ ഒരു നീണ്ട വരിയായി ജഡങ്ങള്‍ കിടക്കുന്ന തെരുവുകള്‍ മറികടന്നു തന്റെ ലോഡ്ജിന്റെ മുന്‍പില്‍ എത്തുന്നു.അവിടെ നിന്നു പടികള്‍ മെല്ലെ ചവിട്ടി തന്റെ മുറിയുടെ വാതില്‍ക്കല്‍ എത്തുന്നു.
പൊടുന്നനെ അടച്ചിട്ട മുറിയുടെ വാതിലില്‍ ഒരു മുട്ട് കേട്ടു.വളരെ മൃദുലമായ ശബ്ദമായിരുന്നു അത്.അയാള്‍ സംശയത്തോടെ ചെവി കൂര്‍പ്പിച്ചുകൊണ്ട് ഹില്‍ഡയുടെ കവിളില്‍ തടവി.മൊട്ടുസൂചി കൊണ്ട് അയാള്‍ മുന്‍പ് കുത്തിയയിടം കണ്ണീരു കൊണ്ട് നനഞ്ഞിരിക്കുന്നു. വീണ്ടും മുട്ട് കേട്ടു.ഇപ്പോള്‍ അത് വളരെ വ്യക്തമാണ്.തന്റെ വാതിലില്‍ ആരോ മൃദുലമായി മുട്ടിക്കൊണ്ടിരിക്കുന്നു.
“അത് നിന്റെ കൂട്ടുകാരായ പാവകളാണ്.പ്രതീക്ഷകളും പുഞ്ചിരിയുമായി അവര്‍ നമ്മളെ ആശ്വസിപ്പിക്കുവാന്‍ വരികയാണ്.”
അയാള്‍ ഹില്‍ഡയുടെ ചെവിയില്‍ മെല്ലെ പറഞ്ഞു.
(അവസാനിച്ചു)

Anish Francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo