Slider

പൊതി

0

പൊതി
======
എടി പെണ്ണേ നിന്നോടൊരു നൂറു പ്രാവശ്യം
പറഞ്ഞിട്ടുണ്ട് ആൺപിള്ളാരടെ കൂടെ ചാടാൻ പോകരുതെന്ന്
ഇങ്ങനൊള്ള ദിവസം എങ്കിലും അടങ്ങി ഇരുന്നു കൂടെ ?
നിനക്ക് അങ്ങനെ വരണം
കുറെ നേരായി കേക്കാൻ തുടങ്ങിയതാ അമ്മേടെ വഴക്ക്
ചേച്ചിയാണെങ്കി അപ്പുറത്ത് വാ പൊത്തി ചിരിക്കുന്നു
എന്റെ ദൈവമേ മാനം പോയി നാണോം കെട്ടു ഏതു നേരത്താണോ ആ ചെറുക്കന്മാരോട് കൂടെ ബാഡ്മിന്റെൻ കളിക്കാൻ തോന്നിയത്
ആദ്യ റൗണ്ടിൽ റോബിനോടു തോറ്റതിന്റെ വാശി തീർക്കാനാ ചാടി അടിച്ചത് ചാടുകേം ചെയ്തു അടിച്ചിടുകേം ചെയ്തു അപ്പഴാ ചെറുക്കന്മാര് വിളിച്ചു കൂവിയെ
"ദാണ്ടെ പൊതി താഴെപ്പോയേ "
ഒന്നേ നോക്കിയൊള്ളു ദാണ്ട് കിടക്കുന്നു ... പിന്നെ എടുത്തോണ്ടൊരോട്ടമായിരുന്നു
പിന്നെ പുറത്തിറങ്ങിട്ടില്ല
അപ്പഴാ അപ്പറത്തെ ഉണ്ണിക്കുട്ടനെ അവന്മാര് പറഞ്ഞു വിട്ടത് ...
ചേച്ചീ പൊതി ഇവിടൊണ്ടോന്നു ചോയ്ക്കാൻ അപ്പറത്തെ ബിനുചേട്ടൻ പറഞ്ഞു
പൊക്കോ എന്റെ മുമ്പീന്ന് ....ഒരലർച്ചയാരുന്നു
അവൻ പേടിച്ചോടിപോയി
അവന്മാരെനിക്ക് എരട്ട പേരും ഇട്ടെന്ന് മനസ്സിലായി
"പൊതി'
നാളെ ഇതു ക്ലാസ്സിൽ പാട്ടാവും ഹൊ ഓർക്കാനും കൂടി വയ്യാ
എങ്ങനെ കോളജിൽ പോകും
അപ്പോഴും ടിവിയിലെ ലെഗ്ഗിൻസിട്ട വിസ്പർ ഗേൾ ആ ദിവസങ്ങളെ മറന്നേക്കു എന്നു പഞ്ഞു സ്കിപ്പിംഗ് ചെയ്തോണ്ടിരുന്നു ടിവി തല്ലി പൊട്ടിക്കാനാ തോന്നിയത്
രാവിലെ ബസിറങ്ങി കാമ്പസിന്റെ ഗേറ്റു കടന്നു ഷാനിയോടൊപ്പം തല ഉയർത്താതെ നടന്നു കുറച്ചു നടന്നു ഒന്നു തിരിഞ്ഞു നോക്കി
ആരോ എന്തോ വിളിച്ചോ ഇല്ല തോന്നിയതാരിക്കും
നീ ഇങ്ങനെ വെറുതെ പേടിച്ചാലോ എല്ലാം നിന്റെ തോന്നലാ ഷാനി പറഞ്ഞു
ശരിയാരിക്കും...
ആ ധൈര്യത്തിൽ ആഞ്ഞു നടന്നു
പെട്ടെന്ന് മരത്തിന്റെ ഇടേന്നൊരു വിളി
"പൊതി"
അപ്പം കാര്യം ഉറപ്പായി .തിരിഞ്ഞു നോക്കിയില്ല മരത്തിന്റെ ചുവട്ടിൽ സ്ഥിരം സംഘം അവരെ കടന്നു പോകവേ ഒരുത്തന്റെ കമന്റ്
എടാ എന്റെ ഒരു പൊതി കളഞ്ഞു പോയെടാ ആർക്കേലും കിട്ടിയോ??
ഒരു കൂട്ടച്ചിരി
ഒരു വിധത്തിൽ ക്ലാസിൽ കയറി ...എന്തായാലും നനഞ്ഞു
ഫസ്റ്റ് ഹവർ കഴിഞ്ഞു ഇടവേളയിലാണ് അടുത്ത വെടി പൊട്ടിയത് ...
ആളില്ലാത്ത ഒരു പൊതി കളഞ്ഞു കിട്ടിയിട്ടുണ്ടേ ആളുണ്ടോ.????
ഒന്നുടെ കുനിഞ്ഞിരുന്നു ദൈവമേ ഈ ദിവസം എങ്ങനെ എങ്കിലും ഒന്നു തീർന്നു കിട്ടിയാ മതിയാരുന്നു
അന്നു മുഴുവൻ ഒളിഞ്ഞും തെളിഞ്ഞും പല രൂപത്തിലും ഭാവത്തിലും " പൊതി'' എന്നെ ഹർട്ട് ചെയ്തു കൊണ്ടിരുന്നു ഈ ആൺ പിള്ളാരിത്ര മനേഴ്സില്ലാത്തവരായി പോയല്ലോ ??
പിറ്റേ ദിവസം രണ്ടും കൽപ്പിച്ചാണ് ഇറങ്ങിയത്
പതിവുപോലെ മരച്ചുവട്ടിൽ അലമ്പു സംഘം
വിളി ഉണ്ടാവുമെന്നുറപ്പിച്ചാണ് നടന്നത്
കരുതിയ പോലെ തന്നെ...
പൊതീന്ന്... വിളി മുഴുമിച്ചില്ല വെട്ടിതിരിഞ്ഞു നോക്കി
കൂട്ടത്തിൽ ഫ്രീക്കൻ
പണ്ടേ ഈ ഫ്രീക്കമാരെ കാണുമ്പഴേ ശർദിക്കാൻ വരും
നേരേ അവന്റെ മുമ്പിൽ ചെന്നു നിന്നു
നീ എന്താ വിളിച്ചേ ??
.........
എന്താ വിളിച്ചേന്ന്???
അവൻ വിളറി
കൂട്ടത്തിലുണ്ടായിരുന്നവർ പതുക്കെ വലിഞ്ഞു
ബാഗു തുറന്നു അത്യാവശ്യമുണ്ടേൽ മാറാൻ വച്ചിരുന്ന പാഡ് എടുത്ത് അവന്റെ കയ്യിൽ വച്ചു കൊടുത്തു
മോനേ ഇതാണ് നീ പറഞ്ഞ പൊതി
കൊണ്ട് പോയി നിന്റെ അമ്മക്ക് കൊടുക്ക്
എന്നിട്ട് ചോദിച്ചു മനസ്സിലാക്ക് ഇത് എന്തിനാ ഉപയോഗിക്കുന്നേന്ന് ...
ഇനി മേലാൽ ഇതും പറഞ്ഞോണ്ടെന്റെ മുമ്പി വന്നാ വായി പല്ലു കാണത്തില്ല ഓർത്തോ...
ഒരു കൂക്കു വിളി ഉയർന്നു
അവൻ നനഞ്ഞ കോഴിയെ പോലെ വിറച്ചു.
അല്ലേ നമ്മളിത്ര പാവമാകാൻ പാടുണ്ടോ????
ശ്വാസം നന്നായി ഒന്ന് എടുത്തു വിട്ടു
കൈകൾ വീശി അനായാസം തിരിഞ്ഞു നടന്നു
എന്നിട്ട് സ്വയം പറഞ്ഞു
"ആ ദിവസങ്ങളെ മറന്നേക്കൂ''
#Syam Lal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo