അതേയ് വണ്ടി വാങ്ങിയപ്പോൾ നിങ്ങളെന്നോട് ഡ്രൈവിംഗ് പഠിപ്പിക്കാമെന്നു പറഞ്ഞതല്ലേ.. എന്നിട്ടിപ്പോ എത്ര നാളായി ?
ആകെ കിട്ടിയ ഞായറാഴ്ച ഉറങ്ങി തീർക്കാൻ ഉള്ള ശ്രമത്തിനിടയിൽ ആണ് അവളുടെ കുലുക്കൽ
ഇന്ന് അവധി അല്ലേ റോഡിൽ തിരക്കുണ്ടാകില്ല. വാ പോകാം എണീക്കു
"പണ്ടത്തെ തോടിന്റെ കരയിലോട്ടാണേൽ ഞാൻ വരാം "
ഞാൻ ഒരു ചിരിയോടെ പറഞ്ഞു തീർന്നതും "അവൾ നഖങ്ങൾ എൻറെ പുറത്തു കുത്തി ഇറക്കി "
ഒന്ന് കൊടുക്കാൻ ചാടി എണീറ്റ എന്നെ നോക്കി ആഭാസൻ എന്നു വിളിച്ചിട്ട് അവൾ അടുക്കളയിലേക്കു ഓടി
കെട്ടിയ ഉടനെ അവളുടെ അച്ഛൻ എന്നോട് പറഞ്ഞു "ഉരുളി കമിഴ്ത്തി ഉണ്ടായ സന്താനം ആണ് അത് കൊണ്ട് ഞാൻ അവളെ വണ്ടി ഓടിക്കാൻ ഒന്നും പഠിപ്പിച്ചിട്ടില്ല "
പിന്നെ കടുക് പൊട്ടുന്ന പോലുള്ള അവളുടെ നടത്തം കണ്ടപ്പോൾ എനിക്കും തോന്നി. വണ്ടി ഓടിക്കാൻ പഠിപ്പിച്ചാൽ ഞാനവളെ കടുക് പെറുക്കുന്ന പോലെ പെറുക്കി എടുക്കേണ്ടി വരുമെന്ന്
ഒടുവിൽ അവളുടെ നിർബന്ധം സഹിക്കാൻ വയ്യാതെ ഞാൻ അവളോട് വണ്ടി കിട്ടുവാണേൽ ഓടിക്കാൻ പഠിപ്പിക്കാമെന്നു ഏറ്റു
ലോകത്തിൽ കണ്ടവരെ എല്ലാം ഫോൺ വിളിച്ചു ചോദിച്ചു.ഓടിച്ചു പഠിക്കാൻ എന്നു പറയുമ്പോൾ എല്ലാർക്കും പേടി
ഒടുവിൽ അമ്മാവനോട് എവിടെയോ രണ്ടു പേർക്കും കൂടി പോകാൻ ആണെന്ന് പറഞ്ഞു കാല് പിടിച്ചു വണ്ടി ഒപ്പിച്ചു
അച്ഛന്റെ കൂർത്ത നോട്ടങ്ങളെ അവഗണിച്ചു ഞാൻ താക്കോൽ വാങ്ങുമ്പോൾ അമ്മാവൻ പറയുന്നുണ്ടായിരുന്നു
'"അമ്മായിടെ പുത്തൻ വണ്ടി ആണ്.. ഒരു കേടുമില്ലാതെ ഇതിങ്ങു തന്നേക്കണം.. അല്ലെങ്കിൽ നിങ്ങൾ പോകുമ്പോൾ എന്നെ കൂടി കൊണ്ട് വരേണ്ടി വരുമെന്ന് "
ഇതികർത്തവ്യതാ മൂഢനായി നിന്ന അച്ഛനെ നോക്കി നാക്കും നീട്ടി കാണിച്ചു അവൾ തുള്ളി ചാടി വന്നു എൻറെ കൂടേ സ്കൂട്ടറിന്റെ പിറകിൽ കേറി ഞെളിഞ്ഞിരുന്നു പൊന്നു
ഒടുവിൽ ആളൊഴിഞ്ഞ ഒരു ചെറിയ റോഡ് കണ്ടപ്പോൾ ഞാനവളെ പിറകിന്നു മുന്പിലാക്കി ഡ്രൈവിംഗ് പരിശീലനം തുടങ്ങി. റോഡിന്റെ ഒരു വശം പാടമാണ്. ഒരു വശത്തു തോട്
ആടാതെ ഇരിക്കാൻ പഠിപ്പിക്കാൻ അര മണിക്കൂർ വേണ്ടി വന്നു.
എൻറെ വായിലിരിക്കുന്നതു മൊത്തം കേട്ടിട്ടും മിണ്ടാതിരിക്കുവാണ്
ബ്രേക്ക് പിടിക്കാൻ പറയുമ്പോൾ ആക്‌സിലെറേഷൻ കൊടുക്കുക, ആക്സിലറേറ്റ് ചെയ്യേണ്ടിടത്തു സഡൻ ബ്രേക്കിടുക എന്നിങ്ങനെ പോയി അവളുടെ കലാ പരിപാടികൾ
സഹികെടുമ്പോൾ ഓരോ പിച്ചും കുത്തും കൊടുത്തപ്പോഴും ഒന്നും മിണ്ടിയില്ല
ഒടുവിൽ മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ സ്ത്രീകൾ ഓരോരുത്തരായി വലിയ തുണി കെട്ടുമായി വരുന്ന കണ്ടപ്പോൾ ഞാനവളോട് പോകാമെന്നു പറഞ്ഞതാണ്
ആത്മാർത്ഥത മൂത്ത അവൾ രണ്ടു റൗണ്ട് കൂടി നോക്കാം എന്നായി
അങ്ങനെ വീണ്ടും അവളുടെ അടുത്ത റൗണ്ട് പോകുമ്പോളാണ്. മുന്നോട്ടു നോക്കിയിരുന്നു വണ്ടി ഓടിച്ച അവൾ തല വെട്ടി പുറകോട്ടു തിരിച്ചതും
"ദേ മനുഷ്യാ അവിടാരാണ്ടൊ കുളിക്കുന്നുണ്ട് നിങ്ങളങ്ങോട്ട് " ഇത്രയേ കേട്ടുള്ളൂ
ഓർമ വന്നപ്പോൾ എന്നെ ഒരു ഒറ്റ മുണ്ട് ഉടുത്തു കുളിച്ചോണ്ടിരുന്ന ഒരു അമ്മച്ചി വലിച്ചു കരയിലേക്ക് കയറ്റുവാണ്
ഓടി കൂടിയവർ എല്ലാം ചേർന്ന് വണ്ടിയും പൊക്കി തന്നു ഞങ്ങളെ കയറ്റി വിടുമ്പോളും ആ അമ്മച്ചി അവളെ ചീത്ത പറയുന്നുണ്ടായിരുന്നു
"നീയാ പാവം ചെറുക്കനെ കൊല്ലാൻ കൊണ്ട് നടക്കുവാണൊന്നു "
പെയിന്റ് പോയ വണ്ടി തിരിച്ചു കൊടുക്കുമ്പോൾ അമ്മാവനോട് എന്ത് പറയും എന്നു ടെൻഷൻ അടിച്ചു വണ്ടി എടുക്കുമ്പോൾ ആണ്
അവളുടെ അടുത്ത ഡയലോഗ്
"ഹോ എന്നാലും നിങ്ങളോട് അങ്ങോട്ട് നോക്കരുതെന്നു പറഞ്ഞതിനിടക്ക് ഈ വണ്ടി ഈ പണി കാണിക്കും എന്നോർത്തില്ല "
എന്തായാലും നിങ്ങൾക്കു സന്തോഷം ആയി കാണുല്ലോ !!!!
""കണ്ട പെണ്ണുങ്ങൾ എല്ലാം കൂടി വന്നു എടുത്ത് പൊക്കിയപ്പോ ""
Sabaries

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക