
ആകാശം നീലവിതറി നിന്നപ്പോൾ മഴ മേഘങ്ങൾ പരാതിക്കാരായി മാറി നിൽക്കുന്നു... വെള്ളിമേഘങ്ങളെ പുണരാൻ പാഞ്ഞടുക്കുന്ന കറുത്ത മേഘങ്ങൾ ആകാശത്തിൻ മനോഹാരിതക്ക് മാറ്റ് കൂട്ടി.. രണ്ടു മേഘങ്ങളേയും കീറി മുറിച്ചു കൊണ്ട് ഒരു വിമാനം അതിന്റെ അടയാളം ബാക്കി നിർത്തി മുന്നോട്ട് പായുന്നു. കാഴ്ചകൾ തീർത്ത ചിന്തകളുടെ മായിക ലോകത്തിൽ നിൽക്കുമ്പോൾ മുറ്റത്തെ അലക്കി ഉണക്കിയ തുണികളെടുക്കാൻ സൈറ മറന്നു പോയിരുന്നു. പെട്ടെന്ന് പൊടിഞ്ഞ ഒരു മഴത്തുള്ളി കൺപോളകളിൽ തട്ടിയപ്പോൾ അവൾ പരിസരബോധത്തിലേക്ക് തിരിച്ചെത്തിയിരുന്നു...
സൈറ അങ്ങനെയാണ്.. ഇടക്കിടക്ക് അവൾ കാഴ്ചകളുടേയും സംഗീതത്തിന്റെയും ലോകത്ത് ഇങ്ങനെ മതി മറന്നു നിന്നുപോകും.. കളിചിരികളുടേയും കുസൃതികളുടേയും പ്രണയത്തിന്റെയും ലോകത്ത് നിന്നും അവൾ യാത്രാമൊഴിചൊല്ലി തെരെഞ്ഞെടുത്തത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായ തീരുമാനം ആയിപ്പോയോ എന്നവൾ പലപ്പോഴായി ചിന്തിച്ചിരുന്നു. തന്നെ ജീവന് തുല്യം സ്നേഹിച്ചയാളെ അവൾക്ക് ഉപേക്ഷിക്കേണ്ടി വന്നു. സൈറ തെറ്റ്കാരിയായിരുന്നോ? അറിയില്ല....
ഏതു പെണ്ണും ജീവിതത്തിൽ സുരക്ഷിതത്വം ആഗ്രഹിക്കുന്നു.... അത്രയേ അവളും ആഗ്രഹിച്ചിരുന്നുള്ളോ?. ജീവിതത്തിൽ അന്ന് കണ്ടു മുട്ടിയ നിരവധി പുതിയ മുഖങ്ങളുടെ പ്രേരണ കൊണ്ട് എടുത്ത ധൃതി പിടിച്ച തീരുമാനമായിരുന്നോ അത്? നിഷ്കളങ്കയായ അവൾ , നാട്ടിൻ പുറത്തിന്റെ പച്ചപ്പിൽ നിന്നും ധൂമപടലങ്ങളാൽ മലീമസമായ നഗരത്തിന്റെ തിരക്കിൽ വന്നപ്പോൾ അറിയാതെ അവളുടെ മനസും കറുത്തു പോയത് കൊണ്ട് സംഭവിച്ചതാണോ? അതോ ഒരു ഇരുപ്പത്തഞ്ചുകാരിക്ക് മധ്യവയസ്കരായ പുരുഷൻമാരുടെ പക്വത കൈവന്നപ്പോൾ തോന്നിയ തെറ്റായ മാനസിക പ്രേരണയാണോ? അറിയില്ല....
ഉത്തരം കിട്ടാത്ത സമസ്യകൾക്ക് നടുവിൽ ഉരുത്തിരിയുന്ന സത്യമുണ്ട്.., പണമാണ് ജീവിതയാത്രയുടെ ചുക്കാൻ പിടിക്കുന്നത് എന്നവൾ എപ്പോഴോ കരുതിയിരുന്നു... പണം വിരിക്കുന്ന മായിക വലക്ക് മുകളിലേക്ക് പറക്കാൻ ഒരു പരുന്തിനും സാധിക്കില്ല എന്ന ചിന്ത അവളിൽ കടന്ന് കൂടിയത് കൊണ്ടാകണം, ജീവന് തുല്യം സ്നേഹിച്ചയാളെ അവൾ മനസ് കൊണ്ട് വെറുക്കാൻ ശ്രമിച്ചു.. പണം അയാളുടെ കൈവശമില്ലാ എന്നത് മറ്റാരേക്കാളും നന്നായിട്ട് അറിയാവുന്നതും അവൾക്കായിരുന്നു.. ഇതിനെ,ഇതിൽ നേരത്തേ പറഞ്ഞ ചോദ്യങ്ങൾക്കുള്ള ഒറ്റവാക്കിലെ ഉത്തരമായി ഒരു പുള്ളിക്കുത്തിൽ നിർത്താനാകുമോ? ഉറപ്പില്ല...
മനസിന് ഒരു തരം ദീനം ബാധിച്ച് തുടങ്ങിയ കാലമായിരുന്നവൾക്കന്ന്..സൗഹ്യദത്തിന്റെയും പ്രണയത്തിന്റെയും മായിക ലോകത്തേക്ക് കൈപിടിച്ചുയർത്തിയ കൗമാരത്തിന്റെ നല്ല നാളുകളെ അവൾ മറക്കാൻ തുടങ്ങിയിരുന്നു. അയാൾ നീട്ടിയ കൈവിരൽതുമ്പിൽ പിടിച്ച് നിർഭയയായി നടന്നപ്പോൾ "തന്റെ പുരുഷൻ " എന്ന് ഊറ്റം കൊണ്ടിരുന്ന ആ നല്ല നാളുകളെ അവൾ വിസ്മരിച്ച് തുടങ്ങിയിരുന്നു.. ആഴ്ചകളുടെ മാത്രം വ്യത്യാസത്തിൽ പിരിഞ്ഞിരിക്കേണ്ടി വന്ന കലാലയ അവധിക്കാലത്ത് അവളുടെ പ്രണയചിന്തകളെ പ്രണയ ലേഖനമാക്കാൻ അയാൾ വാശി പിടിച്ചപ്പോൾ അതിൽ പോലും സന്തോഷം ആസ്വദിച്ചിരുന്നതും അവൾ മറന്നു തുടങ്ങിയിരുന്നു.. കൊച്ചു കൊച്ചു വാശികളും തമാശകളും ജീവിതത്തിൽ വരച്ച നിറമുള്ള വരകളെ മായ്ക്കാൻ അവൾ ബോധപൂർവ്വം ശ്രമിച്ചിരുന്നു. ഒടുവിൽ അവസാനമായി അവർ ഒന്നിച്ചു നടത്തിയ ഇരുചക്ര സവാരിയിൽ "തന്റെ തോളിൽ ഒന്ന് കൈവച്ചു കൂടെ ", എന്ന് അയാൾ അപേക്ഷിച്ചപ്പോഴും അവളുടെ മുഖത്ത് തെളിഞ്ഞത് എല്ലാം മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച സ്ത്രീയുടെ നിർവ്വികാരതയായിരുന്നു.. അതെ.... അതാണ് പെണ്ണ്.... അതാണ് സൈറ.,.. ഏറ്റവും കൂടുതൽ സുരക്ഷിതത്വം ആഗ്രഹിക്കുന്ന സ്ത്രീയുടെ പ്രതീകമാണവൾ....
ഇന്ന് വർഷങ്ങൾ കൊഴിഞ്ഞ് പോയിരിക്കുന്നു.. സൈറയുടെ തീരുമാനങ്ങളുടെ സമാന്തരപാളങ്ങൾ ഒരിക്കലും കൂട്ടിമുട്ടാതെ അതിൽ വിള്ളൽ വീണിരിക്കുന്നു.. ജീവിത ചക്രത്തിൽ തന്റെ തീരുമാനങ്ങളുടെ കോട്ടകളിൽ വിള്ളൽ വീഴുന്നത് നിസ്സഹായയായി അവൾ നോക്കി നിൽക്കുന്നു.. ജീവിത തീരുമാനങ്ങൾ ശരിയായിരുന്നു എന്ന് വരുത്താൻ മറ്റുള്ളവർക്ക് മുൻപിൽ കോലം കെട്ടി ആടാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയാകുന്നു.... ഇന്ന് അവൾ അനുഭവിക്കുന്ന ഏകാന്തതക്ക് ശാശ്വത പരിഹാരം നൽകാൻ അയാൾക്കേ സാധിക്കൂ.. അതും ഒത്തിരി കാതം മുന്നോട്ട് പോകേണ്ടുന്ന അടുത്ത ജന്മത്തിൽ....
അതെ.... സൈറ ഇന്ന് ആള് ആകെ മാറിയിരിക്കുന്നു .. കട്ടിലിൽ നിരത്തിയ മകളുടെ കൊച്ചുടുപ്പുകൾ മടക്കുമ്പോൾ അവളുടെ ചിന്തകളെ തട്ടിയുണർത്താനെന്നോണം ജനൽ പാളികൾ കാറ്റിൽ ശക്തിയായി അടഞ്ഞു.. .... പുറത്ത് മഴ കനത്തിരിക്കുന്നു. കറുത്ത മേഘങ്ങൾ വരിഞ്ഞുമുറുക്കിയ വെള്ള മേഘങ്ങൾ ആകാശത്തിൽ സ്വതന്ത്രമാകാൻ തുടങ്ങിയിരുന്നു.... സൈറയുടെ മനസിൽ പടർന്ന കറുത്ത മഷിയും ആ മഴക്കൊപ്പം അലിയാൻ തുടങ്ങിയിരുന്നു.,..
... പുതിയ പ്രതീക്ഷകളുടെ തുരുത്തിലേക്ക് അവൾ നൗകയിൽ യാത്ര തിരിച്ചു... തുരുത്തെത്തിയിരിക്കുന്നു... അവൾ നൗകയിൽ നിന്നും പ്രതീക്ഷയോടെ തുരുത്തിലേക്ക് കാൽ എടുത്തു വച്ചു.. തുരുത്തിൽ അങ്ങിങ്ങായി പൂത്തുനിൽക്കുന്ന ചുവന്ന വാകമരങ്ങൾ തന്റെ പ്രിയതമനെപ്പോലെ തന്നെ സുന്ദരമാണ് എന്നവൾക്ക് തോന്നി..അവൾ ഒന്ന് തിരിഞ്ഞ് നോക്കി.. ഇല്ല... പോയിട്ടില്ല. താൻ വന്നിറങ്ങിയ നൗക അവിടെ തന്നെയുണ്ട്... നങ്കൂരത്തിന്റെ സഹായം പോലുമില്ലാതെ... താൻ തിരിച്ചെത്തുംവരെ ആ ചെറുവഞ്ചി അവിടെത്തന്നെയുണ്ടാകും എന്ന ശുഭപ്രതീക്ഷയിൽ സൈറ മുന്നോട്ട് നീങ്ങി.....
#### ഷെഫീർ ####
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക