
ഒന്നു മയങ്ങി വരുമ്പോഴായിരുന്നു.
ആരോ വിളിച്ചത് പോലെ തോന്നി ഞെട്ടി ഉണർന്നത് .കണ്ണ് തുറന്നു ചുറ്റും നോക്കി .ആരാണ് വിളിച്ചത് ?''ദേവീ ''എന്നായിരുന്നല്ലോ ഞാൻ കേട്ടത് .അതോ എനിക്ക് തോന്നിയതോ ?അങ്ങിനെ എന്നെ വിളിച്ചിരുന്ന ഒരേയൊരാൾ എൻറെ മോൻറെ അച്ഛൻ മാത്രമല്ലേ ?അദ്ദേഹം ഇപ്പോൾ എൻറെ കുടെ ഈ ഭൂമിയിൽ ഇല്ലല്ലോ .ഇപ്പോൾ സമയം എന്തായിക്കാണും ?നേരം പുലരാറായിട്ടുണ്ടാവുമോ ?അങ്ങിനെ ഓർത്തപ്പോൾ മനസ്സിൽ മോൻറെ മുഖം തെളിഞ്ഞുവന്നു .നേരം പുലർന്നാൽ അവൻ എന്നെ കൊണ്ടുപോവാൻ വരും .ഒരു കണക്കിൽ പറഞ്ഞാൽ ഈ വീട്ടിലെ എൻറെ അവസാന രാത്രിയാണ് ഇന്ന് .വീണ്ടും മനസ്സിൽ സങ്കടം നിറഞ്ഞു .''ഇത്രയും പ്രായമായിട്ടു ,അമ്മ ഒറ്റക്കു താമസിക്കണ്ട ഒരു കാര്യവുമില്ല ''എന്നാണ് മോൻ പറയുന്നത് .അതും ഒരു കണക്കിനു ശരിയാണ് .ഇത്തിരി ഭക്ഷണമുണ്ടാക്കാനും എൻറെ കാര്യങ്ങൾ നോക്കാനും സാവിത്രീ ഉണ്ടങ്കിലും അതു എത്ര നാളത്തേക്ക് ആണ് എന്നു പറയാൻ പറ്റുമോ ?ഇപ്പോൾത്തന്നെ ഇന്നലെ സന്ധ്യക്കു അവളുടെ അമ്മ വന്നു അവളെ വീട്ടിലേക്കു കൂട്ടികൊണ്ടുപോയിരിക്കുകയാണ് .അവളെ പെണ്ണു കാണാൻ ആരോ വരുന്നുണ്ടത്രേ .അവർ വന്നുപോയാൽ ഉടനെ ഇങ്ങോട്ടു അയക്കാം എന്നും പറഞ്ഞിട്ടുണ്ട് .അവൾക്കു ആ കല്യാണം ശരിയായാൽ വീട്ടിൽ നിൽക്കാൻ വേറെ ആളെ നോക്കേണ്ടിവരും .ഓ അതിനു ഞാൻ മോൻറെ കൂടെ പോവുകയല്ലേ ?അതു പെട്ടെന്നു ഓർത്തില്ല .ഈയിടെ ആയിട്ടു മറവി കൂടുതലാണ് .പ്രായത്തിൻറെതായിരിക്കും .രാത്രിയിൽ ഉറക്കവും തീരെ കുറവാണ് .കാൽമുട്ടിനു താഴെ രണ്ടുകാലുകൾക്കും ഭയങ്കരവേദനയാണ് .സാവിത്രീ രാത്രിയിൽ എന്നും കുറേനേരം തടവിത്തരും .അങ്ങിനെയാണ് ഒരു ചെറിയ മയക്കം കിട്ടുക .പുറത്തു ആരോ സംസാരിക്കുന്നുണ്ടോ ?ചിലപ്പോൾ ഗോവിന്ദൻ ആയിരിക്കും .ഗോവിന്ദൻ സഹായത്തിനു ഉള്ളതു തന്നെ ഒരു വലിയ ഭാഗ്യം ആണ് .അദ്ദേഹം ഉള്ളപ്പോഴും എല്ലാ കാര്യങ്ങളും നോക്കിയത് അവനാണ് .ഇപ്പോഴും തേങ്ങ ഇടലും പറമ്പു കിളക്കലും നെല്ലുകൊയ്തും ഒക്കെ നടത്തുന്നത് ഗോവിന്ദൻറെ മേൽനോട്ടത്തിലാണ് .എല്ലാം കൃത്യം കണക്കായിരിക്കും .പക്ഷേ മോൻ പറയുന്നത് ആരെയും വിശ്വസിക്കരുത് എന്നാണ് .അതുകൊണ്ട് തന്നെയാണ് നാട്ടിലെ എല്ലാ സ്വത്തുക്കളും വിറ്റു അമ്മയെ കൂടെ കൂട്ടാൻ അവൻ തീരുമാനിച്ചതും .വീണ്ടും മനസ്സ് ഒന്നുവിങ്ങി .എന്തോ അദ്ദേഹത്തിന്റെ സ്വരം ഒന്നുകൂടി കേൾക്കാൻ മനസ്സ് ഇപ്പോൾ കൊതിക്കുകയാണ് .ഈ മണ്ണിൽ അദ്ദേഹത്തിനോടൊപ്പം എന്നായിരുന്നു ആഗ്രഹം .പക്ഷേ എല്ലാ ആഗ്രഹങ്ങളും നടക്കാറില്ലല്ലോ . അടുത്ത വീട്ടിലെ സരസ്വതി ഇന്നലെ രാവിലെ വന്നിരുന്നു.''ശ്രീദേവിഅമ്മ ഞങ്ങളെ ഒക്കെ മറന്നു മോൻറെ കൂടെ പോവുകയാണോ ?ഞാൻ സാവിത്രീ പറഞ്ഞാണ് അറിഞ്ഞത് ''അവൾ അതും പറഞ്ഞു ഒരുപാടു കരഞ്ഞു .അതു കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു .''മോൻറെ കൂടെ പോയാൽ ഞങ്ങളെയൊക്കെ ഓർക്കുമോ എന്നാണ് നന്ദനത്തിലെ രുഗ്മിണി ചോദിക്കുന്നത് പാവംരുഗ്മിണി .അവൾ എന്നും എനിക്ക് സഹായമായിരുന്നു .അവളുടെ മോളെ മോന് വേണ്ടി ആലോചിക്കാൻ അദ്ദേഹത്തിനു ഒരു ഇഷ്ടവും ഉണ്ടായിരുന്നു .അപ്പോഴല്ലേ കൂടെ പഠിച്ച പെൺകുട്ടിയെ അവൻ ഒന്നിച്ചു കൂട്ടിയത് .മോൻറെ വിവാഹത്തെ പറ്റി എന്തല്ലാം സ്വപ്നങ്ങൾ ആയിരുന്നു .മുറ്റത്തു പന്തലിടുന്നതും ആൾക്കാരെ സ്വീകരിച്ചു ഇരുത്തുന്നതും പിന്നെ മോൻറെ പെണ്ണിനെ നിലവിളക്ക് കയ്യിൽ കൊടുത്തു സ്വന്തം മോളായി വീട്ടിനുള്ളിലേക്ക് ആനയിക്കുന്നതും .ഒന്നിനും ഭാഗ്യം ദൈവം തന്നില്ല .അദേഹത്തിൻറെ അമ്മയെ എന്തു സ്നേഹമായിരുന്നു എനിക്ക് .അമ്മക്കും ഞാൻ സ്വന്തം മോള് തന്നെ ആയിരുന്നു .പക്ഷേ എനിക്ക് എൻറെ മോൻറെ ഭാര്യയോട് ഒന്ന് സംസാരിക്കാൻ കൂടി സാധിച്ചിട്ടില്ല.എനിക്ക് ഭാഷ അറിയില്ലല്ലോ .പേരക്കുട്ടിയെ തന്നെ ഞാൻ കണ്ടതു ഫോട്ടോയിൽ മാത്രമല്ലേ?ഈയിടെ അമ്പലത്തിൽ നിന്നു പണപ്പിരിവിനായി കുറെ സ്ത്രീകൾ വന്നിരുന്നു.സംഭാവനയൊക്കെ എഴുതിയതിന് ശേഷം അവർ കുടുംബവിവരങ്ങൾ ചോദിക്കാൻ തുടങ്ങി .''പേരക്കുട്ടി യൊക്കെ നന്നായിട്ടിരിക്കുന്നോ ?"അവനു ലീവ് കിട്ടിയില്ല കുറച്ചായി കണ്ടിട്ട് എൻറെ മറുപടി കേട്ടിട്ട് അവർ ചിരിച്ചുകൊണ്ട് പറയുകയാണ് ."ഇപ്പോ ഫോണിൽ ദിവസവും കാണാലോ.എൻറെ അമേരിക്കയിലുള്ള കൊച്ചുമോൾ അവിടെയിരുന്നു വിളിക്കും അച്ഛമ്മേ എന്ന്."എൻറെ ഭാവം മാറുന്നത് കണ്ടിട്ടാവണം ഗോവിന്ദൻ അവരോടു പറഞ്ഞു .നിങ്ങൾ എന്നാൽ ഇറങ്ങിക്കോളൂ.അമ്മക്ക് മരുന്നു കഴിക്കാൻ സമയമായി.ഞാൻ പൂജാമുറിയിൽ കയറി പൊട്ടിക്കരഞ്ഞപ്പോൾ ഗോവിന്ദൻ പതുക്കെ പറയുന്നതു കേട്ടു.വിഷമിപ്പിക്കാൻ ഓരോന്നു ഇറങ്ങിക്കോളും .വിഷമം വരുമ്പോൾ പൂജാമുറിയിൽ പോയിരുന്നാണ് ഒന്നു സമാധാനിക്കുക .അതുകൊണ്ടു തന്നെയാണ് നമ്മുടെ നാട്ടിൽ ഉള്ള വീടും സ്ഥലവും കൊടുത്തു ജോലിസ്ഥലത്തു വാങ്ങുന്ന വീട്ടിൽ പൂജാമുറി ഉണ്ടാവില്ലെ എന്നു മോനോടു ചോദിച്ചതും .പക്ഷേ ഈ സ്വത്തുക്കൾ വിറ്റ പണമൊന്നും അവിടെ ഒന്നിനും തികയില്ലത്രേ.സൗകര്യങ്ങൾ കൂട്ടാൻ തന്നെ ഒരു പാടു പണം വേണം. അവൻ പറയുകയാണ് എൻറെ ശീലങ്ങൾ ഒന്നുമായിരിക്കില്ലത്രേ അവിടെ .ആഹാരം പോലും വ്യത്യാസമായിരിക്കും .പിന്നെ അതിഥികൾ ഒക്കെ വന്നാലും ബുദ്ധിമുട്ടായിരിക്കും.പക്ഷേ അവനൊരു വഴി കണ്ടിട്ടുണ്ട് .എന്നെ പോലെ പ്രായം ഉള്ളവർക്കായി താമസിക്കാൻ ഒരു സ്ഥലം ഉണ്ടത്രേ .അവിടെയാകുമ്പോൾ ഒരു വിഷമവും ഉണ്ടാവില്ല .എൻറെ കാര്യങ്ങൾ നോക്കാനായിട്ട് സാവിത്രീയെപ്പോലെ ഒരാളെ നിയമിക്കാം അതിനൊക്കെ നല്ല ചിലവ് വരും എന്നാലും സാരമില്ല എന്നാണ് അവൻ പറയുന്നത് .ഇതൊക്കെ കേട്ടപ്പോൾ എനിക്ക് മാധവിയെ ആണ് ഓർമ്മ വന്നത് .ഓണത്തിനും വിഷുവിനും പിന്നെ മോൻറെ പിറന്നാളുകൾക്കും അവൾ വരുമായിരുന്നു .അവൾ വന്നാൽ അദ്ദേഹം പറയും ''ദേവീ എന്താ വേണ്ടത് എന്നുവച്ചാൽ അവൾക്കു കൊടുക്കണം.പാവം ഭർത്താവും മരിച്ചു മോനാണെങ്കിൽ തിരിഞ്ഞുനോക്കുന്നുമില്ല ''.അവസാനം അവൾ മരിച്ചതും ആരോരുമില്ലാത്തവർ താമസിക്കുന്ന ഒരിടത്തു വച്ചായിരുന്നു .കോഴി കൂവുന്ന ശബ്ദമല്ലേ അത് ?ദൈവമേ നേരം പുലരാറായോ ?ഞാൻ ഒട്ടും ഉറങ്ങിയില്ലല്ലോ ?ഉറക്കം ശരി ആയില്ലെങ്കിൽ യാത്ര യിൽ നല്ല ക്ഷിണമായിരിക്കും .രുഗ്മിണിയുടെ പേരക്കുട്ടി ഡോക്ടറാവാൻ പഠിക്കുകയാണ് .അവിടെ വന്നാലൊക്കെ എൻറെ അടുത്തേക്ക് ഓടിവരും .വന്നാൽപിന്നെ എനിക്ക് മനസ്സിലാവുന്നതും ആവാത്തതും ഒക്കെയായി ഒരുപാടു കാര്യങ്ങൾ സംസാരിക്കും .ആ വർത്തമാനം കേട്ടിരിക്കാൻ നല്ല രസം തന്നെയാ .അപ്പോൾ ഞാൻ മനസ്സിൽ വെറുതെ ഓർക്കും രുഗ്മിണിയുടെ മോളെ യാണ് ഞങ്ങളുടെ മോൻ കല്ല്യാണം കഴിച്ചിരുന്നതെങ്കിൽ എൻറെയും പേരക്കുട്ടി ആയി വരുമായിരുന്നല്ലോ ഇവൾ എന്ന് .രാത്രിയിൽ തീരെ ഉറക്കം ഇല്ല എന്നു പറഞ്ഞപ്പോഴാണ് അവൾ കുറച്ചു ഗുളികകൾ തന്നത് എന്നിട്ടു തമാശരൂപത്തിൽ പറയുകയും ചെയ്‌തു ."മുത്തശ്ശി ഇതു മുഴുവൻ കഴിക്കരുത് പിന്നെ സ്വർഗ്ഗത്തിലേ നില്ക്കു .''അതു കേട്ട് ഞാൻ പൊട്ടിച്ചിരിക്കുകയും ചെയ്തു .പോവാൻ നേരം അവൾ വീണ്ടും വീണ്ടും പറഞ്ഞു .തീരെ ഉറക്കം ഇല്ലെങ്കിൽ മാത്രം അര ഗുളിക കഴിച്ചാൽ മതി അതും ഒരാഴ്ചയിൽ ഒരു തവണ കഴിച്ചാൽ മതി.''നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം കേട്ടോ ''അവൾ പോവാൻ നേരം സാവിത്രീയെ ഓർമ്മിപ്പിച്ചു .സാവിത്രീ അന്നുതന്നെ അലമാരയിൽ വയ്ക്കുകയും ചെയ്‌തു .ഏതായാലും അര ഗുളിക കഴിക്കുകതന്നെ .ഞാൻ പതുക്കെ എഴുന്നേറ്റു.അലമാര തുറന്നു .ഇവിടെ ഒന്നും കാണുന്നില്ലല്ലോ എന്നു ഓർത്തപ്പോഴാണ് ആ പച്ച മൂടിയുള്ള വെള്ളപാത്രം കണ്ടത് .അതെടുത്തു തുറന്നു നോക്കിയപ്പോൾ അതിൻറെ അടിയിലായി പൊതിഞ്ഞു വച്ചിരിക്കുന്നു .അതെടുത്തു മേശയുടെ അടുത്തേക്ക് വന്നു .രാത്രിയിൽ ദാഹിച്ചാൽ കുടിക്കാൻ ഉള്ള പതുക്കെ ഗ്ലാസ്സിലേക്കു ഒഴിച്ചു എന്നിട്ടു അര ഗുളിക പൊട്ടിച്ചു വായിലേക്ക് ഇട്ടു വെള്ളവും കുടിച്ചു പെട്ടെന്ന് ആണ് ഓർത്തത് .നാളെ ഞാൻ പോവുകയാണല്ലോ .അതും ആരോരും ഇല്ലാത്തവളായി പ്രായമുള്ളവർമാത്രം താമസിക്കുന്ന ഏതോ ഒരു സ്ഥലത്തു അപ്പോൾ ഈ ഗുളികകൾ ഇവിടെ ബാക്കി വയ്ക്കണോ ?പിന്നെ ഒന്നും ആലോചിച്ചില്ല .വേഗം ആ ഗുളികകൾ വായിലേക്ക് ഇട്ടു വെള്ളവും കുടിച്ചു .
പിന്നെ പതുക്കെ നടന്നു വന്നു കിടക്കയിൽ ഇരുന്നു ചുറ്റും നോക്കി .എനിക്ക് എൻറെ ഈ മുറിയോടു ഇതുവരെ തോന്നാത്ത ഒരിഷ്ടം തോന്നുന്നു ഇപ്പോൾ .അങ്ങിനെ കുറച്ചുനേരം ഇരുന്നപ്പോൾ നല്ല ഉറക്കം വരുന്നത് പോലെ തോന്നുന്നു.പെട്ടെന്നു കിടക്കയിലേക്ക് ചെരിഞ്ഞു വീണു .കണ്ണുകൾ അടഞ്ഞു പോവുകയാണല്ലോ.പാതി മയക്കത്തിലേക്ക് എത്തിയപ്പോൾ വീണ്ടും ആ വിളിയൊച്ച ''ദേവീ ''.പ്രയാസപ്പെട്ട് കണ്ണുകൾ വലിച്ചു തുറന്നപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല .അദ്ദേഹം ചിരിച്ചുകൊണ്ട് കൈകൾ നീട്ടിപിടിച്ചു നിൽക്കുന്നു .അതിശയത്തോടെ അതിലേറെ സന്തോഷത്തോടെ ഞാൻ കൈകളിൽ പിടിച്ചു .അതോടെ ഞാൻ മുകളിലേക്കു ഒന്നു ഉയർന്നോ ?എന്തോ എനിക്കറിയില്ല .
By: jalaja Narayanan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക