Slider

ഭാര്യയുടെ കൂട്ടുകാരൻ.

0


വെള്ളിയാഴ്ച ദിവസത്തെ അവധിയുടെ ആലസ്യത്തിൽ എഴുന്നേൽക്കാൻ നല്ല മടി തോന്നി. ബ്ലാങ്കറ്റിനുള്ളിൽ കിടന്ന് കൊണ്ട് തന്നെ ഫോൺ എടുത്ത് നോക്കി. അവളുടെ മെസേജുകൾ വന്നിട്ടുണ്ട്. വീട്ട്കാർ കണ്ടിഷ്ടപ്പെട്ട് തനിക്ക് പറഞ്ഞ് വെച്ചിരിക്കുന്ന പെണ്ണാണ്. നേരിട്ട് പരസ്പരം കണ്ടില്ലെങ്കിലും നുണക്കുഴി അഴകുള്ള അവളുടെ ഫോട്ടോയും ഫോണിലൂടെയുള്ള സംസാരവും എന്തോ വല്ലാതെ ഇഷ്ടമായി.. ഇപ്പോൾ രണ്ട് ദിവസമായി മെസേജുകളിലൂടെ പറയാത്തതൊന്നുമില്ല.. കല്ല്യാണ ദിവസമൊന്നായിക്കിട്ടാൻ മനസ്സ് തുടിക്കുക ആയിരുന്നു.. സ്വപ്നങ്ങൾ നെയ്തെടുക്കുന്ന സുന്ദരമായ കുറച്ച് ദിവസങ്ങൾ..
ഇന്നവളുടെ ഒരു കൂട്ടുകാരൻ എന്നെ കാണാൻ വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. പഠിക്കുന്ന കാലം മുതലുള്ള ക്ലോസ് ഫ്രണ്ടാണ്.. അവനെ പറ്റി പലപ്പോഴും പറഞ്ഞിട്ടുണ്ട്.. രസകരമായ സംഭവങ്ങൾ.. എങ്കിലും ഇപ്പോൾ കണ്ടുമുട്ടുന്നതിൽ അൽപം ആശങ്ക തോന്നാതിരുന്നില്ല.. കണ്ടും സംസാരിച്ചും വിലയിരുത്താനാണോ ആവോ.. പതിവില്ലാതെ മുഖമൊന്ന് മിനുക്കാൻ തീരുമാനിച്ചു. വസ്ത്രങ്ങൾ നല്ലത് തന്നെയിടാം.. ആദ്യ കാഴ്ചയിൽ മോശമാവരുത്.
അവനെറ പേര് അവിനാശ് എന്നായിരുന്നു.. നിഷ്കളങ്കനായ ഒരു പയ്യനായിട്ടാണ് തോന്നിയത്.ഞങ്ങൾ ഒരുപാട് സംസാരിച്ചു ഫോട്ടോ ഒക്കെ എടുത്താണ് പിരിഞ്ഞത്. കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ അവൾക്ക് നല്ല സന്തോഷമായിരുന്നു.. അവിനാശുമായി ഇടക്കൊക്കെ ഫോൺ വിളികൾ ഉണ്ടായിരുന്നു.. ഇനിയും കാണാൻ അവൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും മറ്റ് പല തിരക്കുകളിലായതിനാൽ പോവാൻ പറ്റിയില്ല.
കല്ല്യാണത്തിന്റെ തലേന്നാണ് നാട്ടിൽ എത്തിയത്. കൂട്ടുകാരും കുടുംബക്കാരുമായി ഉത്സവ അന്തരീക്ഷമായിരുന്നു എങ്ങും.. ഇടക്ക് എന്തോ കാരണം പറഞ്ഞ് മുങ്ങി അവളെ കാണാൻ പോയി. കണ്ടപ്പോൾ ഇഷ്ടം കൂടുകയാണ് ചെയ്തത്. കല്ല്യാണ ദിവസമായി.. മുഹൂർത്തമടുത്തപ്പോൾ വല്ലാത്ത ടെൻഷൻ.. താലി കെട്ടുമ്പോൾ കൈ വിറച്ചതിന് എല്ലാവരും കളിയാക്കുന്നുണ്ടായിരുന്നു.
വൈകുന്നേരം വിരുന്നൊക്കെ കഴിഞ്ഞപ്പോൾ അവൾ അൽപം സങ്കടത്തോടെ പറഞ്ഞു.. അവിനാശ് കല്ല്യാണത്തിന് വന്നിട്ടില്ല.. ഞാനും അപ്പോഴാണ് അതോർത്തത്.. അവനെവിടെ? വീട്ടിൽ സുഖമില്ലാതെ കിടക്കുകയാണ് പോലും.. എനിക്ക് പെട്ടെന്നാണ് ഐഡിയ തോന്നിയത് ... ഈ വേഷത്തിൽ അവനെ പോയി കണ്ട് ഞെട്ടിപ്പിക്കണം.. കാര്യം പറഞ്ഞപ്പോൾ അവൾക്കും നല്ല സന്തോഷമായി.
ഞങ്ങൾ ചെല്ലുമ്പോൾ അവിനാശിന്റെ വീട്ടിൽ അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ പോലെയാണ് വാതിൽ തുറന്നത്.. ഞങ്ങളെ കണ്ട് ചെക്കൻ ചമ്മിയെങ്കിലും അവന് അത്ഭുതം അടക്കാൻ കഴിഞ്ഞില്ല. ചായയുണ്ടാക്കി സാഹസം കാണിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല.
മധുവിധു മനോഹരമായിരുന്നു.. പൂവിൽ നിന്ന് ആവോളം മധു നുകർന്ന് ഉല്ലാസവാനായ ചിത്ര ശലഭമായി പാറിപ്പറന്നു നടന്നു.. ലീവ് കഴിഞ്ഞ് പോവാൻ ഇനി ദിവസങ്ങളെ ഉള്ളൂ... അവൾ കുളിക്കാൻ കയറുമ്പോൾ വെറുതെ ഓരോ കാരണം പറഞ്ഞ് വാതിലിൽ മുട്ടുന്നത് ഒരു രസമായിരുന്നു.. ഈറൻ ഉടലിനെ വാരിപ്പുണരാനുള്ള കള്ളത്തരം.. കാര്യം മനസ്സിലാവുമ്പോൾ പെണ്ണ് കുസൃതിച്ചിരിയോടെ വാതിൽ കൊട്ടി അടക്കും. അങ്ങനൊരു ദിവസം അവൾ കുളിക്കുമ്പോൾ പുറത്ത് വെച്ച ഫോണിൽ വന്ന ഒരു മെസേജ് ഞാൻ കാണാനിടയായി. വേണമെന്ന് വെച്ച് തുറന്നതല്ല.. അവിനാശ് ആയിരുന്നു മെസേജ് അയച്ചത്..
ഫോൺ കയ്യിൽ വെച്ച് ഒരു നിമിഷം ഞാൻ തരിച്ച് പോയി. ദൃശ്യം സിനിമ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയമാണ്... അതിൽ ലാലേട്ടന്റെ മകളായി തകർത്തഭിനയിച്ച അൻസിബ ഹസൻ എന്ന പെൺ കുട്ടിയുടെ കുറച്ച് ഗ്ലാമറസ് ഫോട്ടോസ് ആയിരുന്നു അത്. ഫുൾ ന്യൂഡ് അല്ലെങ്കിലും ക്ലീവേജ് കാണുന്ന തരത്തിൽ ഉള്ളത്. എന്നെ അത്ഭുതപ്പെടുത്തിയത് അതല്ല.. ഇതെങ്ങനെയുണ്ട് എന്ന മട്ടിൽ അവിനാശ് അവളോട് അഭിപ്രായം ചോദിച്ചിരിക്കുന്നു!
രക്തം തിളച്ച് മറിഞ്ഞെങ്കിലും എന്നിലെ വിവേകശാലി ഉണർന്നു.. സംഭവം അറിഞ്ഞപ്പോൾ അവളും ആകെ അമ്പരന്നു.. ഇങ്ങനെയൊരു പെരുമാറ്റം ആദ്യമായിട്ടാണെന്ന് ആണയിട്ടു. എനിക്കത് പൂർണ്ണ വിശ്വാസമായിരുന്നു...! എങ്കിലും അവിനാശിനെ ഒന്ന് കാണണമെന്ന് തോന്നി.
എന്റെ മുന്നിലിരിക്കുന്ന അവിനാശിന്റെ ഫോണിലേക്ക് അവനയച്ച ഫോട്ടോസ് അയച്ച് അപ്പോൾ തന്നെ തുറന്ന് നോക്കാൻ പറഞ്ഞു. അവന്റെ മുഖം വിളറി വെളുക്കുന്നതും കുറ്റ ബോധം കൊണ്ട് തല കുനിയുന്നതും ഞാൻ കണ്ടു. കൂടുതൽ സംസാരിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി.. അവിനാശ് വെറുമൊരു നിഷ്കളങ്കൻ മാത്രമാണ്..!
ഒരാണും പെണ്ണും തമ്മിലുള്ള സൗഹൃദം ശകതമായ ഒന്നാണ്. അതിൽ സെക്സ് എന്ന വികാരം അപ്രസകതമാണ്. കല്യാണം കഴിഞ്ഞ കൂട്ടുകാരി തന്നോട് അകന്ന് പോവുമോ എന്ന കഠിനമായ ഭയം മാത്രമായിരുന്നു അവിനാശിന്. പ്രായത്തിന്റെ പക്വതയില്ലായ്മ കൂടിയായപ്പോൾ ഇങ്ങനെ എന്തൊക്കോ സംഭവിച്ച് പോയി. എനിക്കവനെ മനസ്സിലാക്കാൻ കഴിയുമായിരുന്നു... കാരണം.. ഞാനുമൊരിക്കൽ ഒരു കൂട്ടുകാരനായിരുന്നു!
ലേബർ റൂമിന്റെ പുറത്ത് കാത്തിരിക്കുമ്പോൾ ടെൻഷൻ അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്.. എന്നാലും..
ചേട്ടനിത് കുടിക്ക്.. എവിടുന്നോ ഒരു കപ്പ് കാപ്പിയുമായി അവിനാശാണ്.. അന്ന് കാര്യങ്ങളൊക്കെ അവനെ പറഞ്ഞ് മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ടി... അവന്റെ കറ കളഞ്ഞ സൗഹൃദം എത്രയെത്ര കാര്യങ്ങൾക്കാണ് കൈ താങ്ങായത്.. ഇപ്പോഴും ഒരനിയനെ പോലെ കൂടെ നിൽക്കുന്നു.. അല്ലെങ്കിലും നല്ല സൗഹൃദങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ലല്ലോ.. എന്റെ മനസ്സിനെ തണുപ്പിച്ച് കൊണ്ട് അകത്ത് നിന്ന് കുഞ്ഞിന്റെ കരച്ചിൽ ഉയർന്ന് കേട്ടു... പുറത്ത് അപ്പോൾ ഭൂമിയെ തണുപ്പിച്ച് മഴ പെയ്യുകയായിരുന്നു..
- യൂനുസ് മുഹമ്മദ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo