Slider

അയ്യനാർ സാമി.

0
അയ്യനാർ സാമി.
===================
ഞങ്ങൾ ഒരു യാത്രയിലാണ്.
ഈ യാത്രയിൽ ഡ്രൈവറെ കൂടാതെ ഞങ്ങൾ അഞ്ചുപേർ.
ഞാനും എന്റെ ഭാര്യ ജാൻസിയും ,
എന്റെ സുഹൃത്ത് കാർത്തിക്കും അവന്റെ ഭാര്യ മല്ലികയും അവരുടെ മൂന്നു വയസുള്ള മകൻ കണ്ണനും.
ഞങ്ങളുടെ യാത്ര ഇന്ന് രാവിലെ ഒൻപത് മണിക്ക് കോയമ്പത്തൂരിൽ ആരംഭിച്ചു.
ലക്ഷ്യം വിരുതുനഗർ ഡിസ്ട്രിക്ടിൽ രാജപാളയം എന്ന ഗ്രാമം.
ഇപ്പോൾ ഞങ്ങൾ മധുരയോട് അടുക്കുന്നു
ഇനിയും ഏകദേശം രണ്ടു രണ്ടര മണിക്കൂർ യാത്ര ബാക്കി.
ഉച്ച സൂര്യൻ മുകളിൽ കത്തിയെരിയുന്നു. വാനിനുള്ളിലേക്ക് പുറത്തെ ചൂട് കാറ്റ് അടിക്കാൻ തുടങ്ങി.
ഞാൻ സൈഡിലെ ഗ്ളാസ് കുറച്ചു കൂടി അടുപ്പിച്ചിട്ടു. എന്റെ ഇടത് തോളിൽ തല ചായ്ച് ഉറങ്ങി കൊണ്ടിരുന്ന കണ്ണൻ ഞാൻ അനങ്ങിയപ്പോൾ ഉറക്കമുണർന്നു. അവൻ കാർത്തിക്കിന്റെ അടുത്തേക്ക് പോകുവാനായ് തുനിഞ്ഞു. ഞാൻ കണ്ണനെ ഒതുക്കി പിടിച്ചു, അരുത് എന്ന് കണ്ണ് കൊണ്ട് വിലക്കി.
കണ്ണന് എന്നെ ലേശം ഭയമാണ്, അവന്റെ ചുണ്ടിൽ ഒരു കരച്ചിൽ വന്നു പക്ഷെ എന്റെ നോട്ടം കണ്ടപ്പോൾ പാവം വിതുമ്പൽ അടക്കി എന്റെ തോളിലേക്ക് തന്നെ പിന്നെയും ചാഞ്ഞു.
കുഞ്ഞുനാൾ മുതൽ അവന്റെ അച്ഛനും അമ്മയും അവനെ ചോറൂട്ടുന്നതും
കുസൃതി ചെയ്താൽ ഭയപ്പെടുത്തുന്നതും -
"ദേ കണ്ണാ .. അജയ് മാമാ വരുമ്പോ ശോല്ലി കൊടുത്തുടുവേൻ.. ശീക്രം ശാപ്പിട്.
കുറുമ്പ് പണ്ണാതെ അജയ് മാമ ഇപ്പൊ വന്തിടുവാര്" എന്നൊക്കെ പറഞ്ഞായിരുന്നു.
അതുകൊണ്ടാവാം കണ്ണന് എന്നോട് ഒരല്പം ഭയം കലർന്ന സ്നേഹം ആണ്.
കുറുമ്പ് കാട്ടുമ്പോൾ കണ്ണുരുട്ടുമെങ്കിലും ചിലപ്പോളൊക്കെ നല്ല മിട്ടായികളും വാങ്ങി നൽകാറുണ്ട്.
ഞങ്ങളുടെ എതിർ സീറ്റിൽ ജാൻസിയുടെ മടിയിൽ തല വെച്ച് കിടക്കുകയാണ് മല്ലിക.
അവൾ മയക്കത്തിലാണെന്നു തോന്നുന്നു. പാവം. ..
അവളുടെ തലയിൽ തലോടികൊണ്ട് വിദൂരതയിലേക്ക് എന്നവണ്ണം നോട്ടമയച്ചു കൊണ്ടിരുന്ന ജാൻസി ഒരു മാത്ര എന്റെ നേരെ നോക്കി. എന്തോ പറയാൻ ഒരുമ്പിട്ടിട്ട് , കണ്ണൻ ഉണർന്നാലോ എന്ന് കരുതി പിന്നെ നിശബ്ദയായി കണ്ണടച്ചിരുന്നു.
പതിയെ ഇളകി ഓടിക്കൊണ്ടിരുന്ന വാനിൽ ഇരുന്ന് ഞാനും പതുക്കെ കണ്ണുകൾ അടച്ചു.
എന്തൊരു ചൂട്, പുറത്ത് സൂര്യൻ , മനസ്സിനുള്ളിൽ എരിയുന്നത് ദുഃഖത്തിന്റെ കനലുകൾ
=========================================
വർഷങ്ങൾക്ക് മുമ്പ്, കോയമ്പത്തൂരിൽ നിന്നും ഏകദേശം ഇരുപത് കിലോമീറ്റർ അകലെ ഉള്ള ഒരു ഫാക്ടറിയിൽ ജോലിയുമായി കഴിഞ്ഞു കൂടുന്ന സമയം. ഫാക്ടറി ഒരു ഗ്രാമത്തിൽ ആയിരുന്നു. അതുകൊണ്ട് വളരെ കുറഞ്ഞ വാടകയിൽ ഒരു വീടുകിട്ടി. എന്റെ കൂടെ ജോലി ചെയ്തിരുന്ന രണ്ട് മലയാളി സുഹൃത്തുക്കളോടൊപ്പം ആ വാടക വീട്ടിൽ താമസം തുടങ്ങി. ഒരു വർഷത്തിന് ശേഷം അതിൽ ഒരുത്തന് ഗൾഫിൽ ജോലികിട്ടി പോയി. അങ്ങനെ ഇരിക്കെ ഫാക്ടറിയിലെ ഡസ്പാച്ച് സെക്ഷനിൽ പുതിയതായി ജോലിക്കു വന്ന കാർത്തിക് എന്ന പയ്യൻ ഞങ്ങളുടെ വാടക വീട്ടിൽ അവനെയും താമസിപ്പിക്കാമോ എന്ന് ചോദിച്ചു. ഞാൻ സഹമുറിയൻ പ്രകാശിനോട് അഭിപ്രായം ചോദിച്ചപ്പോൾ അവനും സമ്മതം. അങ്ങനെ കാർത്തിക് ഞങ്ങളുടെ കൂടെ താമസം ആരംഭിച്ചു.
നല്ല വൃത്തിയും വെടിപ്പും ഉള്ള പയ്യൻ , മാത്രമല്ല സാമ്പാറും രസവും എല്ലാം നന്നായി ഉണ്ടാക്കാനും അറിയാം . ഞങ്ങൾ ചെറിയ സഹായങ്ങൾ എന്തെങ്കിലും - കറിക്ക് അരിയുകയോ, തേങ്ങ ചുരണ്ടി കൊടുക്കുകയോ - ചെയ്തു കൊടുത്താൽ മതി കാർത്തിക്കിന്, ബാക്കിയെല്ലാം അവൻ സന്തോഷത്തോടെ ചെയ്തു കൊള്ളും. ബാച്ചിലേർസ് താമസിക്കുന്ന റൂമാണെന്ന് ഞങ്ങളുടെ റൂം കണ്ടാൽ ആരും പറയില്ല. അഴുക്കു തുണികൾ പോലും അധിക നേരം അഴയിൽ കിടന്നാൽ ആരുടേതാണെങ്കിലും കാർത്തിക് അവ എല്ലാം എടുത്ത് കഴുകിയിടും. ജോലിയെല്ലാം തീർത്തിട്ട് സമയം ഉണ്ടെങ്കിൽ അവൻ ചില തമിഴ് പുസ്തകങ്ങൾ വായിച്ചു കൊണ്ടിരിക്കും. എന്റെ കൗതുകം കണ്ട് അവൻ എന്നേയും തമിഴ് വായിക്കാൻ പഠിപ്പിച്ചു. ബാലകുമരന്റെയും, സുജാതയുടെയും മറ്റും ചില നോവലുകൾ അവന്റെ സഹായത്തോടെ ഞാൻ ആ കാലങ്ങളിൽ വായിക്കുമായിരുന്നു. കാർത്തിക്കിന് പ്രേമ കഥകൾ വായിക്കുന്നതായിരുന്നു കൂടുതൽ ഇഷ്ടം. ചിലപ്പോൾ വായിക്കുന്ന പുസ്തകത്തിൽ നിന്നും കണ്ണെടുത്ത് അവൻ അകലങ്ങളിലേക്ക് നോക്കി എന്തോ ആലോചിച്ചിരിക്കും. തനിയെ ചിരിക്കും ചിലപ്പോൾ എന്തോ വല്ലാതെ അലട്ടുന്ന പോലെ ആഴ്ന്ന ചിന്തയിൽ മുഴുകും .
ഒരിക്കൽ ഞാൻ അവനോട് ചോദിച്ചു - "എന്ന കാർത്തിക് കാതലാ ..? , നീ എന്നമോ യോസനയിൽ മുഴുകിട്ടിയേ "..
അവന്റെ മുഖം നാണം കൊണ്ട് ചുവന്നു...
"ആമാങ്കണ്ണാ .. എനക്കും ഒരു കാതലി ഇരുക്ക് ... "
ഒരുപാട് നിർബന്ധിച്ചപ്പോൾ കാർത്തിക് അവന്റെ പ്രണയ കഥ ഞങ്ങളോട് പറഞ്ഞു.
പെൺകുട്ടിയുടെ പേര് മല്ലിക.
അടുത്തുള്ള ഗ്രാമത്തിലെ കുട്ടിയാണ്. രണ്ടുപേർക്കും പ്രേമം അസ്ഥിക്ക് പിടിച്ച ശേഷമാണ് മല്ലിക വളരെ താഴ്ന്ന ജാതിയിൽ പെട്ട കുട്ടിയാണെന്ന് കാർത്തിക് അറിയുന്നത്. അവന്റേത് തേവർ സമുദായം, അവളുടേത് ചക്ലിയ സമുദായം. മല്ലികയുടെ അച്ഛനും അമ്മയും മരിച്ചു പോയിരുന്നു. അവൾ ചേച്ചിയുടെ കൂടെയാണ് താമസിച്ചുകൊണ്ടിരുന്നത്, ചേച്ചിയുടെ ഭർത്താവിന് മല്ലികയുടെ മേലെ ഒരു കണ്ണുണ്ട്. പറ്റുമെങ്കിൽ അവളെയും തിരുമണം ചെയ്യാൻ അയാൾ കരുക്കൾ നീക്കികൊണ്ടിരുന്നു . എവിടേക്കെങ്കിലും രക്ഷപെടാൻ വെമ്പി മല്ലിക, അപ്പോഴാണ് കാർത്തിക്കിന്റെ പ്രണയാഭ്യർത്ഥന. ഒരു കച്ചിത്തുരുമ്പ് കിട്ടിയ പോലെ അവൾ സമ്മതിച്ചു. അവൻ ഉയർന്ന ജാതിയിലേതാണ് എന്നറിഞ്ഞപ്പോൾ അവൾ പിന്മാറാൻ തയ്യാറായി. പക്ഷെ കാർത്തിക്കിന് അവളെ മതി.
ഇതിനിടയിൽ ആണ് ജോലി കിട്ടുന്നതും കോയമ്പത്തൂരിന് വരുന്നതും. അവന് അപ്പോൾ ഇരുപത്തിമൂന്ന് വയസ്സ്. മല്ലികയ്ക്ക് പത്തൊൻപതും. ഒരോ ആഴ്ച്ചയിലും ഒന്നോ രണ്ടോ "കാതൽ കടിതങ്ങൾ" അവൻ അവൾക്കയക്കും. അവൾ തിരിച്ചും.
അവളുടെ എഴുത്തുകൾ നിറയെ അവളുടെ അക്കാ പുരുഷന്റെ വഷളത്തരത്തെ കുറിച്ചും, എങ്ങിനെയും അവിടെ നിന്ന് രക്ഷ പെടണമെന്ന അവളുടെ ആഗ്രഹവും ആയിരുന്നു. അവളുടെ എഴുത്തുകൾ വായിക്കുന്ന ദിവസം രാത്രി കാർത്തിക് തീരെ ഉറങ്ങാറില്ല. അങ്ങകലെ അവന്റെ പ്രിയപ്പെട്ടവൾക്ക് ഒന്നും സംഭവിക്കരുതേ എന്ന് പ്രാർത്ഥിച്ചു നേരം വെളുപ്പിക്കും.
ഒരു ജനുവരി മാസം, പൊങ്കൽ അവധിക്ക് ഞങ്ങൾ എല്ലാവരും അവരവരുടെ നാടുകളിലേക്ക് പുറപ്പെട്ടു. കാർത്തിക്കും. ലീവ് കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ ഞങ്ങളുടെ വാടക വീട്ടിൽ ഒരു പുതിയ അഥിതി - മല്ലിക..!
കാർത്തിക് അവളെയും കൂട്ടികൊണ്ടു വന്നിരിക്കുന്നു. ഓമനത്തം തോന്നുന്ന മുഖമുള്ള ഒരു കൊച്ചു പെൺകുട്ടി. ഞാനും പ്രകാശും ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ അടുത്ത നടപടികൾ ആലോചിച്ചു.
തൊട്ടടുത്ത ദിവസം കുറച്ചകലെ ഉളള ഒരു ശിവക്ഷേത്രത്തിൽ വച്ച് അവരുടെ കല്യാണം നടത്തി.
കൂട്ടത്തിൽ ഏറ്റവും മുതിർന്ന എന്റെ കാലുകളിൽ വീണ് അവർ ആശീർവാദം വാങ്ങിയപ്പോൾ എന്റെ ഉള്ളിൽ പെട്ടെന്ന് ഒരു കാരണവരായ പോലെ സന്തോഷം. വിവാഹ ശേഷം എന്റെ ചിലവിൽ അന്നപൂർണ ഹോട്ടലിൽ ഞങ്ങൾ അഞ്ചാറ് പേർക്ക് ഊണും ഏർപ്പാടാക്കി . ഒരു വിവാഹം നടത്തികൊടുത്ത സന്തോഷത്തിൽ തിരിച്ചു വീട്ടിലെത്തിയപ്പോൾ അവിടെ ഒരു വണ്ടി നിറയെ ആളുകൾ - കാർത്തിക്കിന്റെ ബന്ധുക്കൾ.
ചിലരുടെ കയ്യിൽ തമിഴ് സിനിമകളിൽ മാത്രം കണ്ടിട്ടുള്ള നീളമേറിയ വീച്ചരിവാൾ..! അവയുടെ തിളങ്ങുന്ന വായ്ത്തല കണ്ടപ്പോൾ എന്റെയും പ്രകാശിന്റെയും മുട്ടിടിച്ചു. അവർ വിവാഹ കോലത്തിൽ വന്നിറങ്ങിയ കാർത്തിക്കിന്റെയും മല്ലികയുടെയും നേരെ ചീറി അടുത്തു. ..
ഞങ്ങളുടെ നല്ല നേരം, ആ സമയത്തു് അതിലെ എത്തിയ ഞങ്ങളുടെ വീട്ടുടമസ്ഥൻ ഗൗണ്ടരയ്യാ - അയാൾ നാട്ടിലെ ഒരു പ്രമാണിയാണ്- പ്രശനത്തിൽ ഇടപെട്ടു. ഒടുവിൽ വന്നവർ അല്പമൊന്നടങ്ങി . ഇനി ഇങ്ങനെ ഒരു മകൻ തനിക്കില്ലെന്ന് പ്രഖ്യാപിച്ചശേഷം കാർത്തിക്കിന്റെ അച്ഛൻ കൂടെ വന്നവരെയും കൂട്ടി തിരികെ പോയി…
കാർത്തിക്കിനും മല്ലികയ്ക്കും ഞങ്ങളുടെ വാടക വീട് വിട്ടു കൊടുത്തിട്ട് ഞാനും പ്രകാശും വേറൊരു റൂമെടുത്തു.
മല്ലികയ്ക്കും ഞങ്ങളുടെ ഫാക്ടറിയിൽ തന്നെ ചെറിയൊരു ജോലി ലഭിച്ചു. അവർ സന്തോഷമായി ജീവിതം തുടങ്ങി. കുറച്ചു മാസങ്ങൾക്ക് ശേഷം എനിക്കും പ്രകാശിനും കോയമ്പത്തൂർ തന്നെ വേറെ വേറെ ഫാക്ടറികളിൽ കുറച്ചുകൂടി നല്ല ജോലി ലഭിച്ചപ്പോൾ ഞങ്ങൾ അവിടെ നിന്നും മാറി.
വർഷങ്ങൾക്ക് ശേഷം - ഇതിനിടയിൽ ഞാൻ വിവാഹം കഴിച്ചു, രണ്ടു കുട്ടികളും ആയി - രണ്ടു വര്ഷം മുമ്പാണ് പിന്നീട് ഞാൻ കാർത്തിക്കിനെ വീണ്ടും കാണുന്നത്. ഞാൻ താമസിക്കുന്ന വീടിനടുത്തുള്ള ഒരു വീട്ടിലേക്ക് വാടകയ്ക്ക് താമസിക്കാനായി എത്തിയതായിരുന്നു അവനും മല്ലികയും പിന്നെ ഒരു വയസുള്ള കണ്ണനും. ആദ്യത്തെ ഒന്ന് രണ്ടു ഗർഭങ്ങൾ അലസ്സി പോയതിനാൽ അവർക്ക് കുട്ടിയുണ്ടാകാൻ കുറച്ചു താമസിച്ചു.
പഴയ പ്രണയ കഥയെല്ലാം കേട്ടപ്പോൾ എന്റെ ഭാര്യക്കും ആ കുടുംബത്തെ ഒരുപാടിഷ്ടമായി.
എന്റെ കുട്ടികളും കണ്ണനും ഒരുമിച്ചാണ് കളിയും ഊണും ഉറക്കവും. കണ്ണൻ അല്പം കുറുമ്പനാണ്, കുസൃതി കൂടുമ്പോൾ ഞാൻ കണ്ണുരുട്ടും, അവനെന്നെ ഇഷ്ടമാണ് പക്ഷെ മനസ്സിൽ അല്പം ഭയവുമുണ്ട്. നല്ല തുടുത്ത അവന്റെ കവിളിൽ ഞാൻ ചിലപ്പോൾ നല്ല ഉമ്മ കൊടുക്കും, പിന്നെ എന്റെ മീശ കൊണ്ട് ചെറുതായി ഉരസും. അപ്പോൾ അവൻ ഇക്കിളി ഇട്ട പോലെ ഇളകി ചിരിക്കും. ആഹാ.. ആ ചിരി കാണാൻ എന്ത് രസമാണെന്നോ.
കാർത്തിക് വളരെയധികം അവന്റെ കുടുംബത്തെ സ്നേഹിച്ചിരുന്നു. ഒരു രൂപ പോലും അനാവശ്യമായി ചിലവാക്കാതെ അവൻ സൂക്ഷിച്ചു. എന്റെ വീടിനടുത്ത് ഒരു നാല് സെന്റ് സ്ഥലം വാങ്ങി സ്വന്തമായൊരു ചെറിയ വീട് വെക്കണം എന്നതായിരുന്നു അവന്റെ ലക്ഷ്യം. ഇതിനിടയിൽ അവൻ നാട്ടിലുള്ള അച്ഛനും അമ്മയ്ക്കും എല്ലാം വേണ്ട സഹായങ്ങൾ ചെയ്തിരുന്നു, അവന്റെ ജ്യേഷ്ടന്മാർക്കും.. കാശിന് ആവശ്യമുള്ളപ്പോഴെല്ലാം അവർ കാർത്തിക്കിനെ വിളിക്കും. പക്ഷെ ഒരിക്കൽ പോലും മല്ലികയെയും കണ്ണനെയും കാണാൻ അവർ ആരും വന്നില്ല. കാർത്തിക്കിന് ആ കാര്യത്തിൽ മാത്രമായിരുന്നു ദുഃഖം.
" അണ്ണാ ... ഒരു നാൾ ഞാനും മല്ലികയും കണ്ണനും എങ്ക ഊരുക്ക് പോകും ..സന്തോഷമാ കൊഞ്ച നാൾ അങ്കെ അപ്പാ അമ്മാ കൂടെ ഇരിന്തിട്ടു വരും അണ്ണൻ പാത്തുക്കോ .."
അവന്റെ ആഗ്രഹം പല പ്രാവശ്യം എന്നോട് അവൻ പറഞ്ഞിട്ടുണ്ട്.
"കാർത്തിക് അപ്പൊ നാനും കൂടെ വരട്ടുമാ ... എനക്കും പാക്കണം ഉങ്ക ഊര് " കഴിഞ്ഞ ദിവസം കാർത്തിക് അവന്റെ ആഗ്രഹം പറഞ്ഞപ്പോൾ ഞാൻ വെറുതെ ചോദിച്ചു.
"കണ്ടിപ്പാ നീങ്കെ വരണം, കൂടെ അണ്ണിയും കുളന്തൈകളും .. എവളവ് നല്ലാരുക്കും നമ്മ എല്ലാരും ശേർന്നു പോണാ.... എനക്ക് റൊമ്പ ആശയാ ഇറുക്ക്".
അവന്റെ കണ്ണുകളിലെ അപ്പോഴത്തെ തിളക്കം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു.
ഇന്ന് ഞങ്ങൾ അവന്റെ ഗ്രാമത്തിലേക്കുള്ള യാത്രയിൽ ആണ് . പക്ഷെ ഈ കൂടെ എന്റെ കുട്ടികളെ കൂട്ടാൻ സാധിച്ചില്ല. അവരെ അടുത്തുള്ള വീട്ടിൽ നിർത്തിയിട്ട് പോരേണ്ടി വന്നു.
വാൻ ദേശീയ പാത വിട്ട് ഏകദേശം ഒരു മണിക്കൂർ സഞ്ചരിച്ചിട്ടുണ്ടാവും. ഡ്രൈവർ എത്തേണ്ട സ്പോട് മൊബൈലിലെ GPS മൂലം കണ്ടുപിടിച്ചു പോകുന്നതിനാൽ ഇത് വരെ ആരോടും വഴി ചോദിക്കേണ്ടി വന്നില്ല.
ഞാൻ സൈഡിലെ കർട്ടൻ അല്പം വകഞ്ഞു മാറ്റി പുറത്തേക്ക് നോക്കി. ചുറ്റും കരുവേലമുൾച്ചെടികൾ വളർന്നു നില്ക്കുന്ന വിജനമായ സ്ഥലങ്ങൾ മാത്രം. ഒന്നോ രണ്ടോ കിലോമീറ്റർ കഴിയുമ്പോൾ അവിടവിടെ ചില ചെറിയ ഗ്രാമങ്ങൾ. റോഡിലൂടെ വല്ലപ്പോഴും കടന്നു പോകുന്ന ചില വാഹനങ്ങൾ. കുറച്ചു കഴിഞ്ഞപ്പോൾ വാൻ ഒരു ഇടവഴിയിലേക്കിറങ്ങി. മൺപാതയാണ്. വണ്ടി വല്ലാതെ ഇളകുന്നു. ഞാൻ കണ്ണനെ ചേർത്തു പിടിച്ചു. ഏകദേശം ഇരുപതു മിനിറ്റ് കഴിഞ്ഞപ്പോൾ വണ്ടി നിന്നു. ഡ്രൈവർ വാനിന്റെ പുറകുവശത്തേക്ക് തുറക്കുന്ന ചെറിയ ഒരു ജാലകം തുറന്നിട്ട് പറഞ്ഞു.
"സാർ എടത്തുക്ക് വന്താച് .. വെളിയേ വാങ്കോ..."
ഞാൻ കണ്ണനെയും എടുത്തു പുറത്തിറങ്ങി. ഞങ്ങൾ വന്ന ആംബുലൻസ് ഒരു ചെറിയ മൈതാനത്തിലാണ് നിൽക്കുന്നത്. ഒരു ഗ്രാമത്തിന്റെ പ്രവേശന കവാടം. പടർന്നു പന്തലിച്ച ഒരു ആൽമരം. അതിനരുകിൽ നാലഞ്ചാൾ ഉയരത്തിൽ ആ ഊരിന്റെ കാവൽ ദൈവം അയ്യനാർചാമിയുടെ ഒരു വലിയ പ്രതിമ. അരികിൽ രണ്ടു കുതിരകളുടെയും. കുറച്ചു ശൂലങ്ങൾ അവിടവിടെ തറയിൽ കുത്തി നിർത്തിയിരിക്കുന്നു. പ്രതിമയ്ക്ക് മുന്നിൽ ഒരു വലിയ മടവാൾ ഒരു ബലിക്കല്ലിന്റെ മുകളിലായ് വച്ചിട്ടുണ്ട്. ആയുധങ്ങളിലും ബലിക്കല്ലിലും മഞ്ഞളും കുങ്കുമവും പൂശിയിട്ടുണ്ട്. ദൃംഷ്ടകൾ പുറത്തേക്ക് തള്ളി, കണ്ണുകൾ തുറിച്ഛ് ഒരു വലിയ വാളും കയ്യിലേന്തിയ അയ്യനാർ ചാമിയെ കണ്ടപ്പോൾ കണ്ണൻ ഭയന്നു കരയുവാൻ തുടങ്ങി.
തോളിൽ പതുകെ തട്ടി ഞാൻ അവനെ ആശ്വസിപ്പിച്ചു- "ഇത് നമ്മ സാമീടാ കണ്ണാ.. ഭയപ്പെടവേണ്ടാം"...
മൈതാനത്തിന് അപ്പുറത്ത് കുറച്ചു ഓടിട്ട വീടുകൾ, ഒന്നോ രണ്ടോ ചെറിയ ടെറസ് വീടുകളും . ഞങ്ങളുടെ വണ്ടി കാത്തിരുന്ന പോലെ കുറച്ചു പേർ വേഗം അടുത്തെത്തി.
അവരിൽ ഒരാൾ വേഗം വാനിന്റെ ഡോർ തുറന്നു ...
"ഡേയ് ശീക്രം വന്നു ബോഡി ഇറക്ക് .. ചടങ്ങെല്ലാം മുടിച്ചിട്ട് സായൻകാലത്തിനു മുമ്പേ ചുടുകാട്ടുക്ക് കൊണ്ട് പോകണം "
അവർ മൊബൈൽ ഫ്രീസർ പുറത്തേക്കിറക്കി അതിലുറങ്ങുന്ന കാർത്തിക്കിനെയും.
കാർത്തിക്കിന്റെ അച്ഛൻ വന്ന് കണ്ണനെ എന്റെ കയ്യിൽ നിന്നും വാങ്ങി കൊണ്ട് പോയി. കരയാൻ പോലും വയ്യാത്ത വിധം തളർന്നത് കൊണ്ടാവാം കണ്ണൻ എന്റെ നേരെ ദൈന്യമായ് ഒന്ന് നോക്കി വിതുമ്പലടക്കി.
എനിക്കും കരയണം എന്നുണ്ട് - വാ വിട്ട് ഉറക്കെ, ഉറക്കെ .. പക്ഷെ ഇപ്പോൾ വേണ്ട മനസ്സ് വിലക്കി.
ഇന്നലെ ഓഫീസിൽ ഇരിക്കുമ്പോൾ ആണ് ഫോൺ വന്നത്. കാർത്തിക്കിന് പെട്ടെന്ന് ഒരു നെഞ്ച് വേദന, ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയെന്ന് അവന്റെ ഓഫീസ് മാനേജർ വിളിച്ചു പറഞ്ഞു. ആശുപത്രിയിലേക്ക് കുതിക്കുമ്പോൾ എന്റെ മനസ്സ് പറഞ്ഞു അവനൊന്നും സംഭവിക്കില്ല. ജീവിതത്തിൽ ഒരു ദുഃശീലങ്ങളും ഇല്ലാത്ത കാർത്തിക്കിന് എങ്ങിനെ ആണ് ഹ്രദയം തകരാറിൽ ആകുന്നത്.. പക്ഷേ ഹോസ്പിറ്റൽ ബെഡിൽ മുഖം മൂടി കിടത്തിയ കാർത്തിക്കിനെ കണ്ടപ്പോൾ എന്റെ പ്രതീക്ഷകൾ അസ്തമിച്ചു.
കാർത്തിക്കിന്റെ വീട്ടുകാരെ അറിയിച്ചപ്പോൾ അവരാണ് മൃതദേഹം അവന്റെ നാട്ടിലേക്ക് കൊണ്ടുവരാൻ അഭ്യർത്ഥിച്ചത്. സംസ്കാരം അവർക്ക് അവൻ ജനിച്ച ഗ്രാമത്തിൽ നടത്തണം. ഇന്ന് രാവിലെ ഞങ്ങൾ പുറപ്പെട്ടു. അവന്റെ ഗ്രാമത്തിലേക്ക്, -
“കാർത്തിക് നീ കാണുന്നുണ്ടോ ഞങ്ങൾ നിന്റെ ഗ്രാമത്തിലാണ് ഇപ്പോൾ”
കാർത്തിക്കിന്റെ ദേഹം ആൽത്തറയുടെ തെക്കു വശത്തെ ഒരു പീഠത്തിൽ കിടത്തി. ഗ്രാമത്തിനു പുറത്തു വച്ച് മരിക്കുന്നവരുടെ മൃതദേഹം ഗ്രാമത്തിനുള്ളിലേക്ക് കൊണ്ട് പോകാറില്ലത്രേ. ഇവിടെ ഈ ആൽത്തറയിൽ തന്നെ കിടത്തി ചടങ്ങുകൾ തീർത്ത് നേരെ ശ്മശാനത്തിലേക്ക് കൊണ്ട് പോകും. ഗ്രാമത്തിലെ ആളുകൾ മൃതദേഹത്തിന് ചുറ്റും കൂടി.
ജാൻസി ആംബുലൻസിൽ നിന്നും മല്ലികയെ താങ്ങി പിടിച്ചു് പുറത്തിറക്കി. അവർ പതുക്കെ കാർത്തിക്കിന്റെ മൃതദേഹം കിടത്തിയിരുന്നിടത്തേക്ക് നടന്നു.
പെട്ടെന്നാണ് കാർത്തിക്കിന്റെ ജ്യേഷ്ടൻ അലറി കൊണ്ട് അവരുടെ നേരെ പാഞ്ഞടുത്തത്.
"ടീ തേവടിയാ പയലേ ... നീ ഏതുക്കെടി ഇങ്കെ വന്തേ ...."
ചോദ്യവും അടിയും പെട്ടെന്നായിരുന്നു.. ആദ്യ അടിയിൽ തന്നെ മല്ലിക വീണു.. അയാൾ വീണ്ടും വീണ്ടും മല്ലികയെ അടിക്കുവാനും ചവിട്ടാനും തുടങ്ങി. തടുക്കാൻ ചെന്ന ജാന്സിയുടെ ശരീരത്തിലും വീണു ഒന്ന് രണ്ടു മർദ്ദനങ്ങൾ. എന്റെ ചോര തിളച്ചു.. ഓടി ചെന്ന് അയാളെ തള്ളി മാറ്റി.. വീണ്ടും അയാൾ അവളുടെ നേരെ പാഞ്ഞപ്പോൾ, പിടിച്ചു നിർത്തി, കരണ കുറ്റി നോക്കി ഒന്ന് കൊടുത്തു. ഒരു നിമിഷം അയാൾ സ്തബ്ധനായി നിന്നു - പിന്നെ അവിടെ കൂടി നിന്നവരെ നോക്കി ഉച്ചത്തിൽ വിളിച്ചു കൂവി -
' അടിച്ചു തുരത്തിനെടാ ഇന്ത പരദേശി നായെ ,…"
കടന്നൽ കൂട്ടിൽ കല്ലിട്ട മാതിരി ജനക്കൂട്ടം ഇളകി.
അതിനിടയിൽ വാൻ ഡ്രൈവർ മല്ലികയെയും ജാൻസിയെയും വാനിനുള്ളിൽ കയറ്റി ഡോർ ലോക്ക് ചെയ്തു.
എത്ര അടി കിട്ടിയെന്ന് എനിക്കോർമ്മയില്ല.. എന്റെ കണ്ണുകളിൽ ഇരുട്ട് കയറി തുടങ്ങിയിരുന്നു.
അവശനായ എന്നെ ആൽത്തറയിൽ കിടത്തി അവർ വീണ്ടും മരണാനന്തര ചടങ്ങുകളിലേക്ക് തിരിഞ്ഞു.
കണ്ണൻ അവരുടെ കയ്യിലാണ് ...
പാതി മയക്കത്തിൽ ഞാൻ എന്റെ കണ്ണുകൾ ഇടയ്ക്കിടെ ബദ്ധപ്പെട്ടു തുറന്നു കണ്ണനെ തേടിക്കൊണ്ടിരുന്നു. ശവത്തിനു ചുറ്റും ആളുകൾ, .. ചില സ്ത്രീകൾ ഒപ്പാരി പാടി നെഞ്ചത്തടിച്ചു കരയുന്നു. ആണുങ്ങൾ തപ്പട്ട കൊട്ടി ചുടല നൃത്തം ചവിട്ടുന്നു. ആരോ മാലപ്പടക്കം കൊളുത്തുന്നു ഇവിടെ മരണം ആഘോഷമാണ്.. നെഞ്ച് നീറി ഒരുത്തി കിടക്കുന്നുണ്ട് ആ വാനിനുള്ളിൽ ആരോരുമില്ലാതെ. അവളുടെ ജാതി വേറെയാണ്. അവൾക്കവകാശമില്ല തന്റെ പ്രിയപ്പെട്ടവന്റെ മുഖം അവസാനമായി ഒന്ന് കാണുവാൻ.
അയ്യനാർചാമിയുടെ പ്രതിമ എന്റെ കാഴ്ച്ചയിൽ നിന്നും മറഞ്ഞു. ദൈവങ്ങൾക്കും ചിലപ്പോൾ ജാള്യത തോന്നും, അവരുടെ പേരുപറഞ്ഞു മനുഷ്യർ ചെയ്യുന്ന ജാതിവെറി കാണുമ്പോൾ. ഞാൻ ഏതോ വിദൂര ഗ്രഹത്തിലാണ്. ചുറ്റും പല ആക്രോശങ്ങൾ , ഒരു ശവത്തിന് ചുറ്റും കുറെ വികൃത ജീവികൾ നൃത്തമാടുന്നു, അവരുടെ വായിൽ ദ്രംഷ്ടകൾ വളർന്നു, നാവുകൾ പുറത്തേക്ക് നീളുന്നു, അതിൽ നിന്നും രക്തം കിനിയുന്നു, തലച്ചോറിൽ ഇരുട്ട് നിറയുന്നു.... ഇല്ല എനിക്ക് കണ്ണുകൾ തുറക്കാനാവുന്നില്ല.
സാർ ഏന്തിരി.. റൊമ്പ നേരമാച്ചു.. ഊരുക്ക് തിരുമ്പി പോക വേണ്ടാമാ ..."
ആരോ കുലുക്കി വിളിക്കുന്നു..ഞാൻ പതിയെ കണ്ണ് തുറന്നു.. മുമ്പിൽ ഡ്രൈവർ.
അൽപ സമയം വേണ്ടി വന്നു എനിക്ക് സ്ഥലകാലബോധം ഉണ്ടാകാൻ.
മൈതാനത്തിൽ നിലാവെളിച്ചം മാത്രം.. കുറച്ചു ദൂരെ ആംബുലൻസ്..
കണ്ണൻ എങ്കെ ... " ഞാൻ തിരഞ്ഞു.
ഞാൻ മയങ്ങി കിടന്നപ്പോൾ കാർത്തിക്കിന്റെ ബന്ധുക്കൾ അവിടെ വന്നിരുന്നെന്നും അവർ കണ്ണനെ ഇനി തന്നു വിടുന്നില്ലെന്നും അറിയിച്ചതായി ഡ്രൈവർ പറഞ്ഞു. കണ്ണൻ കാർത്തിക്കിന്റെ രക്തമാണെന്നും അവനെ താഴ്ന്ന ജാതിയിൽ പിറന്ന മല്ലികയുടെ കൂടെ അയക്കുന്നില്ലെന്നും.
ഞാൻ എഴുന്നേറ്റു .. എന്റെ രക്തം തിളക്കുന്നത് ഞാനറിഞ്ഞു,
ശരീരം അമാനുഷികമായ കരുത്തു കൊണ്ട് നിറയുന്നു.
കണ്ണുകൾ വളരെ വലുതായി വിടരുന്നു ..
വായിൽ കോമ്പല്ലുകൾ പുറത്തേക്ക് ദൃംഷ്ടകളായി നീളുന്നു ...
കൈകളിൽ ബലിക്കല്ലിലെ മടവാളേന്തി ഞാനലറി , ..
പിന്നെ പരിചിതമായ വഴിയുലൂടെന്നപോലെ ഗ്രാമത്തിനുള്ളിലേക്ക് നടന്നു.
ഞാൻ നടക്കുമ്പോൾ ചിലമ്പുകളുടെ ശബ്ദം..
നായ്ക്കൾ ഓളിയിട്ടുകൊണ്ടു ദൂരേയ്ക്ക് ഓടി മാറുന്നു.
വവ്വാലുകൾ ആകാശത്ത് വട്ടമിട്ടു പറക്കുന്നു.
കുറച്ചകലെ ഒരു വീട്ടുമുറ്റത്തു കുറെയേറെ ആളുകൾ. ..
തടയാൻ വന്നവരെ മടവാളിനാൽ വെട്ടിമാറ്റി ഉള്ളിലേക്ക്.
ഒരു കയ്യിൽ കണ്ണനെയും എടുത്തുകൊണ്ട് വാനിൽ തിരിച്ചെത്തി.
മുൻവശത്തെ വാതിൽ തുറന്ന് വാനിൽ കയറുമ്പോൾ എന്റെ മുഖം കണ്ട് കണ്ണൻ പേടിച്ചു കരഞ്ഞു.
ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്തു കൊണ്ട് കണ്ണനോട് പറഞ്ഞു ...
"ഭയപെടാതെടാ കണ്ണാ ... അത് നമ്മ ചാമീടാ ..അയ്യനാർചാമി......
By
Saji.M.Mathews.
15/09/2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo