Slider

വര വര മുട്ടായി.

0
വര വര മുട്ടായി.
..........................
പള്ളീടടുത്ത് മാമുണ്ണിക്കായ് കുംടി പീടിക തുറന്നത് മുതൽ എന്റെ കണ്ണ് മഞ്ഞളിച്ചാണ് ഇരിക്കുന്നത്. എന്തോരം ജാതി മുട്ടായികളാ... കടിച്ചാ പൊട്ടി, കട്ടി മുട്ടായി, ഗ്യാസ് മുട്ടായി, ജോകര ,തേനാലി, ബീഡി മുട്ടായി ,പുളിയച്ചാർ..പടച്ചോനെ തൊള്ളേന്ന് വെള്ളം വരും.എന്നാൽ ഇതൊന്നുമല്ല ഏറ്റോം ഇഷ്ടപ്പെട്ടത്.. അത് വര വര മുട്ടായിയാണ്.ഒരു കോലിമ്മേൽ കുത്തി വെച്ച ഒരു പാട് നിറമുള്ള വരകളുള്ള മൊഞ്ചുള്ള മുട്ടായി. തിന്നാനും ബഹുരസം.
സിറാജിന് ഓന്റെ വല്യുപ്പ കൊടുത്ത പെരുന്നാൾ പൈസ എടുത്ത് ഓൻ കുറേ വരവര മുട്ടായി വാങ്ങി. തോനെ വെള്ളമിറക്കി ചോദിച്ചെങ്കിലും ഒരെണ്ണം മാത്രമാണ് ആ ഹമുക്ക് തന്നത്. അല്ലേലും അങ്ങനാണ്. പെൺകുട്ട്യോൾക്ക് ഓൻ കുറേ കൊടുക്കും.. പെണ്ണുങ്ങളെ കൊഞ്ചി. കിട്ടിയ പെരുന്നാൾ പൈസക്ക് കാശിക്കുഞ്ചിയും കോഴിമുട്ടയും വാങ്ങിയ നിമിഷത്തെ ഞാൻ കഠിനമായി ശപിച്ചു.അതിലൊന്നും കാര്യമില്ലല്ലോ...
എങ്ങനേലും മുട്ടായി തിന്നണം.. പൊരക്കാരാണേൽ ഇമ്മാതിരി സാധനങ്ങൾക്ക് ഒരു ജാതി മൂരാച്ചികളാണ്. പല്ല് പുഴുവായി പോവും പോലും.. അങ്ങനെ ആലോചന മൂത്തപ്പോ കണ്ടത് ഉപ്പുപ്പ അഴിച്ച് തൂക്കിയിട്ട കുപ്പായത്തിന്റെ കീശയാണ്. കളവ്..! വല്ല്യ തെറ്റാന്നാണ് മദ്രസേലെ ഉസ്താദ് പഠിപ്പിച്ചെ...ഇബ് ലീസാണ് പോലും മനുഷന്മാരെ കക്കാൻ പ്രേരിപ്പിക്കുന്നത്.. ഇത്തവണ ഇബ്ലീസ് വന്നത് വര വര മുട്ടായീടെ രൂപത്തിലായിരുന്നു.. കീശേൽ കയ്യിട്ട് കിട്ടിയ കാശും കൊണ്ട് ഒറ്റ ഓട്ടം വെച്ചു കൊടുത്തു... കുറേ ചില്ലറ ചിതറി വീണെങ്കിലും എടുക്കാനൊന്നും നേരമില്ലായിരുന്നു.
അങ്ങനെ ഓടി ഓടി മാമുണ്ണിക്കായുടെ പീടിക എത്താനായിക്കാണും.. അപ്പൊ ഉണ്ട് രണ്ടെണ്ണം മുന്നിൽ നിൽക്കുന്നു. നമ്മുടെ സ്വന്തം ഇത്താത്താസ്.വലിയ പ്രായ വ്യത്യാസം ഇല്ലാത്തത് കൊണ്ട് ഇരട്ടകളെ പോലെയാണ്.. ഒരു പോലുള്ള കുപ്പായങ്ങളും.. ഞാനൊന്ന് പരുങ്ങി നിന്നു.. നമ്മളെന്തൊക്കെ കാണിച്ചാലും കള്ളത്തരം ചെയ്ത ഭാവം മാറ്റാൻ കഴിയില്ലല്ലോ...എന്താണ്ടാ നിന്റെ കയ്യിൽ.. സി.ഐ.ഡി കൾ രണ്ടും എന്നെ തൊണ്ടിയോടെ തന്നെ പൊക്കി. വര വര മിട്ടായി കൈ കൂലി കൊടുക്കാമെന്ന് പ്രലോഭിച്ചെങ്കിലും ആ ദുഷ്ടത്തിമാർ വഴങ്ങിയില്ല.
ജീവിതത്തിൽ ആദ്യമായി കട്ടത് തന്നെ ഇങ്ങനെ ദയനീയമായി പിടിക്കപ്പെട്ടത് എന്റെ മോഷണ വാസനകളെ മൂടോടെ കരിച്ച് കളഞ്ഞു.. പ്രതീക്ഷിച്ചത് പോലെ കഠിനമായ നടപടികളായ പുളി വടി കൊണ്ട് ഉള്ള അടിയൊന്നും ഇല്ലാത്തത് ബല്ലാത്ത ഒരു ആശ്വാസമായി. എന്നാലും കിട്ടാത്ത വര വര മിട്ടായീടെ മധുരവും കളിയാക്കലിന്റെ കടുത്ത അപമാനവുമായി ഞാനങ്ങനെ അന്തം വിട്ട് കിടക്കുകയായിരുന്നു.. അപ്പഴാണ് ഉപ്പൂപ്പ കയറി വന്നത്. പേടിച്ച് മാറി നിന്ന എന്നെ ചേർത്ത് പിടിച്ച് മൂപ്പർ കയ്യിലൊരു പൊതിയങ്ങ് വെച്ച് തന്നു... തുറന്ന് നോക്കിയപ്പോൾ എന്താ... കുറേ വര വര മുട്ടായികൾ...!!ഉപ്പൂപ്പയുടെ കണ്ണിലെ സ്നേഹത്തിനപ്പോൾ ഒരു പാട് നിറങ്ങളുണ്ടായിരുന്നു.. ഒന്നും പറയാതെ തന്നെ ഞാൻ പഠിച്ചു..മിഠായിയുടെ മധുരത്തിൽ ചാലിച്ച നന്മയുടെ ഗുണ പാഠങ്ങൾ...
- യൂനുസ് മുഹമ്മദ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo