Slider

ചെറുമക്കൾ

0

ചെറുമക്കൾ
*******************************************************************
രാത്രിയിൽ എപ്പോഴാണ് അവർ ഉറങ്ങിയത് എന്നറിയില്ല. മാളുവും മനുവും അച്ഛമ്മയുടെയും അപ്പാപ്പന്റെയും കൂടെ തലേദിവസം ഉച്ചയ്ക്ക് ശേഷം തുടങ്ങിയ കളിയും ചിരിയുമാണ്. ശാസ്താംകോട്ടയിൽ നിന്നും ശനിയാഴ്ച രാവിലെ യാത്ര തിരിച്ചതാണ് അവർ, കാക്കനാട് എത്തിയപ്പോഴേക്കും നേരം ഉച്ച കഴിഞ്ഞിരുന്നു.
രണ്ട് ദിവസത്തിൽ കൂടുതൽ ആ വയോധികർക്ക് ഇടുങ്ങിയ ഭിത്തിക്കുള്ളിലെ ജീവിതം അസഹനീയമാണ്. സ്വീകരണ മുറിയും ഊണുമുറിയും കൂടി സംയോജിപ്പിച്ചിട്ടുള്ള സാമാന്യം വിശാലമായ ഒരു ഹാള് മാത്രമാണ് ആ ഫ്ലാറ്റിൽ ഒന്ന് ശ്വാസംവിടാൻ ഉതകുംവിധം സൗകര്യം ഉണ്ടായിരുന്നത്. പുറംലോകം വീക്ഷിക്കാനുള്ള ഒരു ജാലകം പോലും ആ പൃഥുലമായ മുറിയിൽ ഇല്ലായിരുന്നു. പേരിനൊരു ബാൽക്കണി കിടപ്പുമുറിയോട് ചേർന്ന്ണ്ടായിരുന്നു, അവിടെയാണ് ജയന്തി തുണികൾ ഉണക്കാനിടുന്നതും. എവിടെ നോക്കിയാലും ചുവരുകൾ. എങ്കിലും ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ചിത്രങ്ങൾക്കും കോണിൽ പരിപാലിച്ചു വച്ചിരിക്കുന്ന പ്ലാസ്റ്റിക് ചെടികൾക്കും കൃതൃമമായ പച്ചപ്പുകൾ കണ്ണിന് നൽകുവാൻ കഴിഞ്ഞിരുന്നു. ജയന്തിക്കും മക്കൾക്കും ഫ്ളാറ്റിലെ ജീവിതശൈലിയുമായി ഇപ്പോൾ വർഷങ്ങളോളം പഴക്കമായി കഴിഞ്ഞിരിക്കുന്നു.
ആറുപേർക്കിരിക്കാവുന്ന വട്ടത്തിലുള്ള ഊണുമേശയിൽ അവർ അഞ്ചുപേരിരുന്ന് ഊണ് കഴിക്കുന്നതിനിടയിൽ ടെലിവിഷന്റെ മുകളിൽ ഭിത്തിയിൽ ഉറപ്പിച്ചിരുന്ന ഘടികാരത്തിൽ നിന്നും സംഗീതം മുഴങ്ങി.
"മണി രണ്ടായി കൗസു, നാലുമണിക്ക് മുന്നേ ഇറങ്ങാൻ നോക്കണം എങ്കിലേ രാത്രി പത്തുമണിക്കെങ്കിലും വീട്ടിൽ എത്താൻ പറ്റൂ." ഗടിയാരത്തിന്റെ മൊഴി നിലയ്ക്കുന്നതിനു മുന്നേ വൃദ്ധൻ പറഞ്ഞു.
ആ പ്രസ്താവന ചെറുമക്കളെ അസ്വസ്ഥരാക്കി.
"ഇന്നുംകൂടി നിൽക് അപ്പാപ്പ, നാളെ ഞങ്ങൾ സ്കൂളിൽ പോയിട്ട് നിങ്ങൾ പോയാൽ മതി."
"അല്ല മോളെ, നമ്മുടെ പശുക്കളേയും കോഴികളേയും കിഴക്കേലെ നാരായണിയമ്മയെ ഏല്പിച്ചിട്ടാ വന്നേ."
മാളുവിന്റെ ദയനീയമായ അപേക്ഷയെ തെല്ല് വൈഷമ്യത്തോടേ വൃദ്ധ തിരസ്കരിച്ചു.
"അടുത്ത മാസം മക്കടെ അച്ഛൻ വരുമ്പോൾ അപ്പാപ്പന്റേയും അച്ഛമ്മയുടേയും അടുത്ത് വരല്ലോ." വൃദ്ധൻ കൈവിരലുകൾ നക്കികൊണ്ടു വാഷ്‌ബേസിൻ ലക്ഷ്യമാക്കി നീങ്ങുന്നതിനിടെ പറഞ്ഞു.
"സത്യേട്ടന്റെ വരവും പോക്കും ഒക്കെ കണക്കാ, അളന്ന് മുറിച്ച് ഒരാഴച. എവിടേം പോകാനും നേരം കിട്ടില്ല എന്നാൽ സ്വസ്ഥമായി വീട്ടിലും നിൽക്കാൻ പറ്റില്ല." അല്പം നീരസത്തോടെ ജയന്തി പറഞ്ഞു.
"നമ്മൾ പറയുന്നതൊന്നുമല്ലല്ലോ അവൻ ചെയ്യുന്നത്, നാട്ടിലും നല്ല സ്‌കൂളുകൾ ഉള്ളതല്ലേ അവിടെങ്ങും കുട്ടികളെ ചേർക്കാതെ ആളും ബന്ധവും ഇല്ലാത്ത ഈ അന്യ നാട്ടിൽ കുഞ്ഞുങ്ങളേം തള്ളേം തനിച്ച് നിർത്തിയിരിക്കുവല്ലേ അവൻ. അവൻ വലിയ സി എ കാരനായതൊക്കെ ആ നാട്ടിലെ സ്കൂളിൽ പഠിച്ചിട്ടുതന്നല്ലേ." സൂഷ്മതയോടെ ജുബ്ബയുടെ കൈകളിൽ കൈകടത്തികൊണ്ട് വൃദ്ധൻ പറഞ്ഞു.
"സത്യേട്ടന് ഒന്നും അറിയണ്ടല്ലോ, ഞാൻ ഒറ്റക്കല്ലേ എല്ലാം ഇവിടെ കിടന്നനുഭവിക്കുന്നത്.” നേരിയ ക്രോധ ഭാവത്തിൽ ഊണ് മേശയിലെ എച്ചിൽ പത്രങ്ങൾ ഓരോന്നായ് എടുത്തുകൊണ്ടു ജയന്തി അടുക്കളയിലേക്ക് പോയി.
മാളുവിന്റെ നഴ്‌സറി പഠനകാലംവരെ ജയന്തിയും മക്കളും സത്യരാജിനൊപ്പം അബുദാബിയിൽ ആയിരുന്നു. അവിടെ മുന്നോട്ടുള്ള സ്‌കൂൾ അഡ്മിഷൻ നാട്ടിലെ എം ബി ബി എസ് അഡ്മിഷൻ ലഭിക്കുന്നതിനേക്കാൾ സങ്കീർണമായതുകൊണ്ടും രണ്ടുപേരുടെ പഠനച്ചിലവുകളും ഒക്കെ കണക്ക് കൂട്ടിയപ്പോൾ നാട്ടിലെ സ്കൂളിൽ പഠിപ്പിക്കുന്നതാണ് ഉചിതമെന്ന അനുമാനത്തിലെത്തിയ ശേഷമാണ് സത്യൻ കുടുംബത്തെ നാട്ടിൽ അയക്കാൻ തീരുമാനിച്ചത്. അതുമാത്രമായിരുന്നില്ല തനിക്ക് പതുക്കെ കൊച്ചിയിലേക്ക് ചേക്കേറി അവിടെ സ്വന്തമായി ഒരു ഫിനാൻസ് കൺസൾട്ടൻസി സ്ഥാപനം ഒക്കെ തരപ്പെടുത്താനുള്ള ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണത്തിന്റെ ആദ്യ പടികൂടിയായിരുന്നു സ്വന്തം കുടുംബത്തിന്റെ പറിച്ച് നടലിന് പിന്നിൽ. എങ്കിലും സത്യൻ പറയുന്ന ന്യായങ്ങൾ ഇതൊന്നുമല്ല. നമ്മുടെ നാട്ടിലെ വിദ്യാഭാസ നിലവാരത്തിന്റെ അത്രയും മെച്ചപ്പെട്ടതല്ല മറ്റേത് രാജ്യത്തെയും പാഠ്യപദ്ധതിയെന്നും, നാട്ടിലെ സംസ്കാര മൂല്യങ്ങളും കുടുംബ ബന്ധങ്ങളുടെ വിലയും കുട്ടികളെ സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു പൗരനായി വളർത്താൻ സഹായിക്കും എന്നൊക്കെയുള്ള പൊള്ളയായ ചിന്താഗതികളൊക്കെയാണ് എല്ലാവരെയും പറഞ്ഞ് വിശ്വസിപ്പിക്കാൻ സത്യൻ ശ്രമിച്ചത്.
അങ്ങനെയുള്ള ചിന്തകൾ ആണ് സത്യനെ കുടുംബത്തെ നാട്ടിലയക്കാൻ പ്രേരിപ്പിച്ചതെങ്കിൽ കുട്ടികളെ നാട്ടിലെ താൻ പഠിച്ച സ്കൂളിൽ തന്നെ ചേർത്ത് പഠിപ്പിക്കാൻ അച്ഛനും അമ്മയും നിർബന്ധിച്ചപ്പോൾ അയാൾക്ക് അതിനുമുണ്ടായിരുന്നു മറുപടി. ലോകം ചെറുതായിക്കൊണ്ടിരിക്കുവാണ്, ഇന്നലെവരെ നമ്മുടെ കുട്ടികളുടെ മത്സരം സംസ്ഥാനത്തലത്തിലോ ദേശീയതലത്തിലോ ആയിരുന്നുവെങ്കിൽ ഇന്ന് അവർ നേരിടേണ്ടത് അന്താരാഷ്ട്ര വെല്ലുവിളികളാണ്. അപ്പോൾ ഒരു രാജ്യാന്തര നിലവാരമുള്ള ആശയ വിനിമയ പാടവം കുട്ടികൾക്ക് നേടിക്കൊടുക്കേണ്ടത് അവരുടെ മാതാപിതാക്കളുടെ കടമയാണ്. ചെലവ് കുറഞ്ഞ രീതിയിൽ അത്തരത്തിലുള്ള വിദ്യാഭാസം നമ്മുടെ നാട്ടിലെ സർക്കാർ സ്കൂളുകൾക്ക് നല്കാൻ കഴിഞ്ഞാൽ ഭീമമായ തുക ഫീസ് നൽകി സ്വകാര്യ സ്കൂളിലയക്കുന്ന പ്രവണതയും ഒഴിവാക്കാൻ സാധിക്കും. കുറഞ്ഞപക്ഷം കേന്ദ്രീയ വിദ്യാലയമെങ്കിലും ഓരോ പഞ്ചായത്തിലും സർക്കാറിനു നല്കാൻ കഴിഞ്ഞാൽ അവനവന്റെ നാട്ടിൻപുറങ്ങളിൽ തന്നെ തന്റെ മക്കളെ പഠിപ്പിക്കാൻ കഴിയുമായിരുന്നു.
ഒന്ന് ചിന്തിച്ച് നോക്കിയാൽ നാട്ടിലെ നഗരവത്കരണവും നൂതന വിദ്യാഭാസ രീതികളും ഇക്കാലത്ത് മറ്റുരാജ്യങ്ങളിലേതിനേക്കാൾ വിഭിന്നമല്ല, അപ്പോൾ എവിടെയാണ് നാട്ടിലെ സംസ്‍കാരങ്ങളും മൂല്യങ്ങളും കുട്ടികളിൽ സ്വാധീനിക്കുന്നത്. ജയന്തി പലപ്പോഴും സത്യനുമായി വാഗ്‌വാദത്തിലേർപ്പെടുന്നതും ഇതിനെച്ചൊല്ലിയായിരുന്നു. തന്നെയും മക്കളേയും ഇതിന്റെ പേരിൽ നാട്ടിലേക്ക് വേരോടെ പിഴുത് നാട്ടിയതിൽ ജയന്തിക്ക് സത്യരാജനോട് ഒരുപാട് അമർഷമുണ്ട്.
കിടപ്പ് മുറിയിലെ മേശയുടെ താഴെ വച്ചിരുന്ന തുകൽ ബാഗിലേക്ക് മുഷിഞ്ഞ വസ്ത്രങ്ങൾ നിറക്കവേ പുറകിൽ കൂടി വന്ന് മനു അച്ഛമ്മയുടെ തോളിലേക്ക് വീണുകൊണ്ട് തനിക്കും അച്ഛമ്മയുടെ കൂടെ വരണമെന്ന് പറഞ്ഞ് ചിണുങ്ങി.
"മോന് നാളെ സ്കൂളിൽ പോകേണ്ടതല്ലേ, പഠിച്ച് വലിയ ആളാകാനുള്ളതല്ലേ. ഇനി അച്ഛൻ വരുമ്പോൾ അച്ചമ്മേടെ അടുത്ത് വരാല്ലോ പൊന്നിന്."
മനുവിനെ മുന്നിലേക്ക് തിരിച്ച് അവന്റെ കവിളത്ത് ഒരു ഉമ്മ കൊടുത്തുകൊണ്ട് അവർ പറഞ്ഞു. ഉള്ളിലെ തേങ്ങൽ ആ വൃദ്ധയുടെ വാക്കുകളിൽ ഇടർച്ചയുടെ ആഴംകൂട്ടി.
ചെറുമക്കൾക്ക് മാറി മാറി ചുംബനങ്ങൾ നൽകികൊണ്ട് ആ വൃദ്ധ ദമ്പദികൾ നാലാം നിലയിലെ ഫ്ലാറ്റ് നമ്പർ നാനൂറ്റിമൂന്നിൽ നിന്നും ഇറങ്ങി എലിവേറ്ററിന്റെ സമീപത്തേക്ക് നടന്നു. ജയന്തിയെ തള്ളി നീക്കി മനു പാനലിലെ താഴേക്ക് തിരിഞ്ഞുനിന്ന ത്രികോണ സ്വിച്ചിൽ അമർത്തി. ലിഫ്റ്റിലേക്ക് കയറിയ വയോധികരെ പെട്ടിയിൽ അടച്ചുകൊണ്ട് അകന്നു പോയ നേർവര വീണ്ടും പ്രത്യക്ഷപ്പെട്ടു.
ആ ഇരുമ്പ് പെട്ടിയ്ക്കുള്ളിലെ വാർദ്ധയ്ക്യം മൗനമായ് എന്തൊക്കയോ ഓർക്കുവാൻ വെമ്പൽ കൊണ്ടിരുന്നു.
കൊല്ലങ്ങൾക്കു മുൻപുള്ള അവധി ദിനങ്ങൾ ആഘോഷിക്കാൻ മകനും ഭാര്യയും ചെറുമക്കളും വർഷത്തിൽ രണ്ട് പ്രാവശ്യം രണ്ടാഴ്ചക്കാലത്തോളം കുടുംബ വീട്ടിൽ ഉണ്ടാകുമായിരുന്നു. ആ ദിവസങ്ങളിൽ മാളുവിനേയും മനുവിനേയും കൊഞ്ചിക്കാനും കളിപ്പിക്കാനും ആനന്ദരാജനും കൗസല്യയും പരസ്പരം മത്സരിച്ചിരുന്നു. വർഷത്തിൽ മുപ്പത് ദിവസങ്ങളെങ്കിലും ചെറുമക്കളുമായ് ചിലവഴിക്കാൻ കഴിഞ്ഞത് അവരുമായ് കൂടുതൽ അടുക്കാനും അവരിൽ അപ്പാപ്പനേയും അച്ഛമ്മയേയും കുറിച്ചുള്ള ഓർമ്മകൾ നില നിർത്താനുമുള്ള സാഹചര്യമായിരുന്നു അത്. ഇന്ന് ആ ചെറുമക്കൾ നാട്ടിൽ കയ്യെത്തും ദൂരത്തുണ്ടായിട്ടും അവരുമായ് ആനന്ദിക്കാൻ അവസരം കുറഞ്ഞിരിക്കുന്നു. കാലം എത്ര കൃത്യനിഷ്ടക്കാരനായിരിക്കുന്നു, എല്ലാത്തിനും കൃത്യമായ അളവ് കോലുമായ് അവൻ നടക്കുന്നു. സന്തോഷവും സന്താപവും അവൻ നിശ്ചയിക്കുന്ന കണക്കിന് മാത്രം നൽകുന്നു.
ലിഫ്റ്റ് കാബിൻ താഴേക്ക് പോയ വേഗത്തിനേക്കാൾ കൂടുതൽ വേഗതയിൽ മാളുവും മനുവും അപ്പാപ്പനെയും അച്ഛമ്മയേയും ഒരു നോക്ക് കൂടി കാണുവാൻ വേണ്ടി ബാൽക്കണിയിലേക്ക് ഓടിപ്പോയി.
തറയോടുകൾ പതിച്ച ഉദ്യാനത്തിലൂടെ മുന്നിലും പിന്നിലുമായി നടന്ന് നീങ്ങിയ അപ്പാപ്പനേയും അച്ഛമ്മയേയും നോക്കി ബാൽക്കണിയിലെ കറുത്ത ഇരുമ്പ് കമ്പികളിൽ കൈപിടിച്ച് ജയിലഴിക്കുള്ളിൽ നിന്നുമൊരു നിരപരാധി കേഴുന്നപോലെ അച്ഛമ്മേയെന്ന് നീട്ടി വിളിക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും അവർ സെക്യൂരിറ്റി ഗേറ്റ് കടന്ന് കഴിഞ്ഞിരുന്നു. പെട്ടന്ന് ചുരുണ്ട് കയറിയ പൊടിക്കാറ്റിൽ സാരിയുടെ മുന്താണികൊണ്ട് തലയും മുഖവും മറച്ചുകൊണ്ട് അച്ഛമ്മ അപ്പാപ്പന്റെ കയ്യിൽ പിടിച്ചുകൊണ്ട് തിരക്കേറിയ റോഡ് മുറിച്ച് കടക്കാൻ നിൽക്കുന്നതും നോക്കി അവൻ അപ്പോഴും ആ ബാൽക്കണിയിൽ തന്നെ നിന്നു.
പ്രഭാഷ്. പി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo