Slider

എനിക്കു മടുത്തു...

0

ഇതെങ്ങൊട്ടാ പോണെന്ന് ചോയ്ച്ചു ആരും പിറകെ കൂടണ്ട ട്ടാ..
എനിക്കു മടുത്തു...
പ്രതികരിക്കാൻ അറിയാത്തോണ്ടാവും വരുന്നോരും പോവുന്നോരും തൊട്ടും തോണ്ടിയും പീഡിപ്പിക്കാ...
സ്വസ്ഥായി കളിച്ചോണ്ടിരിക്കുമ്പോ കാണാം ആരെലും അടുത്തു വന്നു 'അച്ചോടാ' ന്നും പറഞ്ഞു പൊക്കിയെടുക്കുന്നെ...
അപ്പൊ തന്നെ പാതി ശ്വാസം പോയിട്ടുണ്ടാവും..
എന്നാലും ആരേം വെഷമിപ്പിക്കണ്ടാന്നു കരുതി ചിരിച്ചു കാണിക്കും..
അതും പോരാഞ്ഞാണ് ഉമ്മ വെക്കാന്നുള്ള പേരും പറഞ്ഞു മീശത്തുമ്പ്‌ കൊണ്ടു മുഖത്തും ദേഹത്തുമൊക്കെ കുത്തി നോവിക്കുന്നെ..
ബാക്കിയുള്ളവര് കണ്ടു നിന്നു ചിരിക്കുന്നതല്ലാതെ ഒന്നയാളെ പിടിച്ചു മാറ്റുക പോലുമില്ല..
അമ്മക്കാണേൽ എപ്പോഴും എന്നെ തീറ്റിക്കാന്നുള്ള ഒരൊറ്റ ചിന്തയെയുള്ളൂ..
എനിക്കു ഫുഡ് ഒരുപാടിഷ്ടാരുന്നു ട്ടാ..
പക്ഷേ ഇപ്പൊ ഫുഡ് കാണുന്നതെ കലിപ്പാ..
അതിനു പിറകിൽ ഒരു ചതിയുടെ കഥയുണ്ട് ട്ടാ..
ഓർമ വെച്ച കാലം തൊട്ടേ അമ്മയുടെ മാറോടു ചേർന്നു കിടന്നാരുന്നു ഞാൻ ഫുഡ് കഴിച്ചിരുന്നെ..
ഏതു പാതിരാത്രിക്ക്‌ ഉണർന്നു വിശന്നു കരഞ്ഞാലും അമ്മ ഒരു പരാതിയുമില്ലാണ്ട് ഫുഡ് തരുമാരുന്നു..
അച്ഛൻ അപ്പോഴൊക്കെ നല്ല ഉറക്കാവും..
ചിലപ്പൊ കിച്ചനിൽ ധൃതി പിടിച്ചു എന്തേലും ജോലി ചെയ്യുമ്പൊഴാവും ഞാൻ ചെന്നു ചൊദിക്കാ..
എന്നാലും അമ്മക്കു ദേഷ്യം വരാറില്ല..
എന്നെ വയറു നിറയെ തീറ്റിച്ചിട്ടെ അമ്മ മറ്റു ജോലികൾ തീർക്കുള്ളൂ..
ബസിൽ യാത്ര ചെയ്യുമ്പൊ ഞാൻ കരഞ്ഞാ അമ്മ വളരെ പണിപ്പെട്ടു എന്റെ കരച്ചിലടക്കാൻ നോക്കും..
ഫുഡ് തരണോന്നൊക്കെ ആ മനസ്സിലുണ്ടാവും എന്നെനിക്കറിയാം..
പകഷെ ആരെയൊ പേടിച്ചെന്ന പോലെ അമ്മ ചുറ്റിനും നോക്കി നിസ്സഹായതയോടെ എന്നെ ആശ്വസിപ്പിക്കുന്നതു കാണുമ്പൊ എനിക്കും സങ്കടം തോന്നും..
ഞാൻ പതിയെ കണ്ണടച്ചു കിടക്കും..
അമ്മ ഞാനുറങ്ങിയതാന്നു കരുതി മെല്ലെ ഉമ്മ വെക്കുന്നതു ഞാനറിയാറുണ്ട്..
അങ്ങിനെയിരിക്കെ ഒരു ദിവസം ഞാൻ മുറ്റത്തു കളിചോണ്ടിരിക്കുമ്പോ അമ്മയുണ്ട്‌ തൊട്ടയൽപ്പക്കത്തെ നാനിത്തള്ളയുമായി എന്തൊ കുശു കുശുക്കുന്നു..
നാണിത്തള്ള ഇടക്കിടെ എന്നെ നോക്കുന്നുമുണ്ട്..
എന്താ കാര്യോന്നറിയാൻ ഞാൻ അടുത്തു ചെന്നപ്പോ 'ചക്കര വാവെന്നും' പറഞ്ഞു എന്നെ മോളിലോട്ട് പൊക്കിയെടുത്തു..
എന്നിട്ടാ വെറ്റിലക്കറയുളള ചുണ്ടോണ്ട് എന്നെ ഉമ്മ വെക്കാനാഞ്ഞതും ഞാൻ വാവിട്ടു നിലവിളിച്ചു...
അപ്പൊ തള്ള അമ്മയോട് പറയാ ചെക്കനെന്തോ ശീലക്കെടുണ്ടെന്നു..
പകഷെ അന്നു ആദ്യമായി ഞാൻ കരഞ്ഞപ്പോ അമ്മ ഫുഡ് തന്നീല്ല..
പകരം എന്നെയുമെടുത്തു അടുക്കളയിലേക്കു ചെന്നു ഫുഡ് പോലത്തെ വെറൊരു സാധനം ഉണ്ടാക്കി വായിലേക്കു വെച്ചു തന്നതും ഞാൻ മുഖം തിരിച്ചു..
എനിക്കു ദേഷ്യോം സങ്കടോം ഒരുമിച്ചു വരുന്നുണ്ടാരുന്നു..
ഞാൻ ഇപ്പൊ കരയുന്നു തോന്നിയതോണ്ടാവും അമ്മയെന്നെ മാറോടു ചേർത്തു പിടിച്ചു...
എനിക്കു സന്തോഷായി..
പക്ഷേ ഫുഡ്‌ വായിലേക്കു വെച്ചതും ഞാൻ ഞെട്ടിപ്പോയി..
വല്ലാത്തൊരു കയ്പ്പ്...
എനിക്കു തോന്നിയതാവും എന്ന് കരുതി ഒന്നുടെ കഴിക്കാൻ നോക്കി..
തോന്നലല്ല സത്യമാണു്..
അമ്മയൊന്നും അറിയാത്ത പോലെ എന്നെത്തന്നെ നോക്കി നിക്കുന്നു..
അപ്പോഴാ കണ്ണുകളിൽ ഉള്ള ഭാവമെന്തായിരുന്നു എന്നെനിക്കും അറിയില്ലാരുന്നു..
ഞാൻ പതുക്കെ അമ്മയുടെ മടിയിൽ നിന്നു ഊർന്നിറങ്ങി..
നിരാശയോടെ കൈവിരൽ വായിലേക്കിട്ടു മുറ്റത്തേക്കു നോക്കി..
അന്ന് രാത്രി ഞാനുണർന്നു കരഞ്ഞപ്പോഴും അമ്മയെനിക്കു വേറെന്തോ ഉണ്ടാക്കി തന്നു..
രുചിയൊന്നും ഇല്ലാഞ്ഞിട്ടും നല്ല വിശപ്പുള്ളതോണ്ട് മനസ്സില്ലാ മനസ്സോടെ കഴിച്ചു..
പക്ഷേ കിടന്നിട്ടുറക്കം വന്നീല്ല..
പലപ്പൊഴും കൈവിരലുകൾ അറിയാതെ എന്തിനോ പരതുന്നുണ്ടായിരുന്നു..
ചുണ്ടുകൾ എന്തിനൊ കൊതിക്കുന്നുണ്ടായിരുന്നു..
എനിക്കു പിന്നേം സങ്കടം വന്നു..
ഞാനുറക്കെ കരഞ്ഞു..
അമ്മ ഉണർന്നു നെരത്തെ ഉണ്ടാക്കിയതു തന്നെ ഒന്നുടെ തന്നു..
പിന്നെടെപ്പോഴോ ഞാനൊന്നു മയങ്ങി..
പിന്നീടൊരു ദിവസം അമ്മ വല്യമ്മയോടു ഫോണിലൂടെ പറയുന്നതു കേട്ടാണ് ഞാനാ സത്യമറിഞ്ഞത്..
ഞാൻ ഫുഡ് കഴിക്കാണ്ടിരിക്കാൻ അമ്മ മനപൂർവ്വം അവിടെ കയ്പ്പു പുരട്ടിയതാന്നു..
എനിക്കു സങ്കടം വന്നു ശരിക്കും..
പക്ഷെ ഞാൻ കരഞ്ഞീല്ല..
എന്നെ ചതിച്ച അമ്മയുടെ കൂടെ ഇനിയൊരു നിമിഷം പോലും ജീവിക്കില്ലാന്നു മനസിൽ ഉറപ്പിച്ചു വീടു വിട്ടിറങ്ങി ഞാൻ..
ഇനി നിങ്ങൾ പറ ഞാൻ ചെയ്തതു ശരിയോ തെറ്റോന്നു.

Rayan

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo