കുട്ടി മോഷണങ്ങൾ !
"ഗൗരിക്കുട്ടി ആ വലിയ ഉരുളി അറക്കകത്തു നിന്നും ഇങ്ങെടുത്തേരെ.... ഒന്നുകൂടിയൊന്നു തേച്ചുകഴുകി ഉണക്കാൻ വെക്കാം.... നല്ല വെയിലുണ്ട് "
അമ്മൂമ്മ തന്റെ അനിയത്തിയോട് പറഞ്ഞു....ഓണത്തിന് ഉപ്പേരി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പാണ്... ഓണം അവധിക്കു ഞങ്ങൾ കുട്ടിപ്പട്ടാളം എല്ലാം തറവാട്ടിൽ ലാൻഡ് ചെയ്തീട്ടുണ്ട്.. അമ്മൂമ്മയുടെ അനിയത്തിയെ ഞങ്ങൾ കുട്ടികളെല്ലാവരും 'മറ്റേഅമ്മൂമ്മ' എന്നാണ് വിളിക്കുക.... വിളിച്ചു വരുമ്പോൾ 'മറ്റേമ്മൂമ' ആകും....
അമ്മൂമ്മ തന്റെ അനിയത്തിയോട് പറഞ്ഞു....ഓണത്തിന് ഉപ്പേരി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പാണ്... ഓണം അവധിക്കു ഞങ്ങൾ കുട്ടിപ്പട്ടാളം എല്ലാം തറവാട്ടിൽ ലാൻഡ് ചെയ്തീട്ടുണ്ട്.. അമ്മൂമ്മയുടെ അനിയത്തിയെ ഞങ്ങൾ കുട്ടികളെല്ലാവരും 'മറ്റേഅമ്മൂമ്മ' എന്നാണ് വിളിക്കുക.... വിളിച്ചു വരുമ്പോൾ 'മറ്റേമ്മൂമ' ആകും....
തറവാട്ടിലെ അടുക്കള ഭരണം അമ്മൂമ്മക്കും പുറത്തെ ഭരണം മറ്റേമ്മൂമ്മക്കും ആയിരുന്നു.... ഈ പുറത്തെ ഭരണമെന്നാൽ പശുവിനെ കുളിപ്പിക്കൽ, കറക്കൽ,... തെഴുത്ത് വൃത്തിയാക്കൽ... മുറ്റമടിക്കൽ.. പശുവിന് പുല്ലുപറിക്കൽ... കച്ചി തുറുവിൽ നിന്നും വലിച്ചു തൊഴുത്തിലെ പുൽതൊട്ടി നിറക്കൽ.... പശുവിന് പുളിയരികഞ്ഞി വെക്കൽ.... തുടങ്ങി ഒരു മൾട്ടി ടാസ്ക് പരിപാടിയാണ്... കൂട്ടത്തിൽ പറമ്പിൽ ഒരിഞ്ചു സ്ഥലം വെറുതെ കളയാതെ പച്ചക്കറി കൃഷിയും... അന്നത്തെ കാലത്തെ നെടുമുടിയിലെ 'നിരുപമ രാജീവ് '....!! ഉച്ചക്കുള്ള ചെറുമയക്കം ഒഴിച്ചാൽ ഒരു നിമിഷം പോലും മറ്റേമ്മൂമ്മ വെറുതെയിരിക്കുന്നത് കാണാൻ കഴിയില്ല !
മറ്റെമ്മൂമ്മേടെ ചീര കൃഷി വിളവെടുക്കുന്ന അന്ന് അയൽപക്കത്തുള്ള മിക്കവാറും എല്ലാ വീട്ടിലും ചീരക്കറി ആയിരിക്കും..... എല്ലാവർക്കും ഒരുപിടി ചീരയെങ്കിലും കൊടുത്തില്ലെങ്കിൽ മറ്റെമൂമ്മക്ക് ചോറ് ഇറങ്ങില്ല.. !! വീട്ടിൽ ഒരു ചക്ക ഇട്ടാൽ ഒരു കഷ്ണം ചക്കയെങ്കിലും അയല്പക്കങ്ങളിൽ എത്തിച്ചിരിക്കും... പങ്കുവെക്കലിൽ മറ്റെമ്മൂമ്മയെ വെല്ലാൻ വേറെ ആളില്ല.....!!! അതിലൊന്നും വേറെ ആർക്കും കൈകടത്താൻ അവകാശമില്ല.... എല്ലാം അതിന്റെ ചിട്ടക്ക് പുള്ളിക്കാരി തന്നെ ചെയ്യും..... !
വീടിനു പുറത്തെ ജോലികളോടൊപ്പം മറ്റേമ്മൂമ്മയുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന മറ്റൊന്നായിരുന്നു അറയുടെ താക്കോൽ... കൊയ്ത്തു കഴിഞ്ഞാൽ നെല്ലു സൂക്ഷിക്കുന്നത് അവിടെയാണ്..പക്ഷെ ഞങ്ങൾ കുട്ടികൾക്ക് താല്പര്യം ഓണത്തിനോടും വിഷുവിനോടുമൊക്കെ അനുബന്ധിച്ചു തറവാട്ടിലുണ്ടാക്കുന്ന ചക്കയുപ്പേരി, ഏത്തക്ക ഉപ്പേരി.. കപ്പഉപ്പേരി... കളിയടക്ക.... മുറുക്ക്... ചക്കവരട്ടിയത് തുടങ്ങിയവയിലൊക്കെയാണ്... ഈ വകകൾ സൂക്ഷിക്കുന്നത് അറക്കുള്ളിൽ തന്നെയാണ്..... പക്ഷെ എന്തുചെയ്യാൻ.... !!അറയുടെ താക്കോൽ വീട്ടിലെ പോലീസായ മറ്റെമ്മൂമ്മേടെ കയ്യിലും !!
മറ്റെമ്മൂമ്മക്ക് എല്ലാത്തിനും കണക്കുണ്ട്....വൈകുന്നേരങ്ങളിൽ ചായക്കൊപ്പം എണ്ണി നാല് നാല് ഉപ്പേരികളും ഒരു മുറുക്കും ആണ് കണക്ക്.. അതിൽ കൂടുതൽ ഒരെണ്ണമെങ്കിലും കിട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതണ്ട... ചക്കവരട്ടിയത് കിട്ടാക്കനിയാണ്... അത് വിശേഷ ദിവസങ്ങളിൽ കൊഴുക്കട്ട, അട, പായസം മുതലായവ ഉണ്ടാക്കാനാണ്.... കുറുക്കന്റെ കണ്ണു കോഴിക്കൂട്ടിൽ തന്നെ ആണല്ലോ... !! ചായക്കൊപ്പം എണ്ണി കിട്ടുന്ന റേഷനിൽ ഞങ്ങൾ കുട്ടിപ്പട്ടാളത്തിന് കടുത്ത അമർഷം ഉണ്ടായിരുന്നു... ഞങ്ങൾ സഭകൂടി.... തീരുമാനിച്ചു... മോഷണം തന്നെ മാർഗം ! മറ്റേമ്മൂമ്മ ഉച്ചയുറക്കത്തിൽ ആകുമ്പോൾ അറയുടെ താക്കോൽ അടിച്ചുമാറ്റി ചക്ക വരട്ടിയത് മോഷ്ടിക്കുക !!സഭ ആശയം കൈയടിച്ചു പാസ്സാക്കി... ഭരണിയിൽ നിന്നും കണക്കിൽ കൂടുതൽ കുറവുകണ്ടാൽ പെട്ടെന്ന് മനസിലാവും... അതുകൊണ്ട് കുറച്ചു മാത്രം ചക്കവരട്ടിയത് കൃത്യമായ ഇടവേളകളിൽ മോഷ്ടിക്കാൻ തീരുമാനിച്ചു.. ഞങ്ങൾ വളരെ വിദഗ്ധമായി മോഷണം നടത്തി... ദിവസങ്ങൾ കഴിഞ്ഞീട്ടും മറ്റെമ്മൂമ്മേടെ ഭാഗത്തു നിന്നും പ്രതികരണങ്ങൾ ഒന്നുമുണ്ടായില്ല.... ഞങ്ങൾ കരുതി.... "പറ്റിച്ചു... മറ്റെമ്മൂമ്മേ പറ്റിച്ചു "!... എല്ലാ അവധിക്കു തറവാട്ടിലെത്തുമ്പോഴും ഞങ്ങൾ മോഷണകലാപരിപാടി തുടർന്നു..
വർഷങ്ങൾ കഴിഞ്ഞു.... അന്നത്തെ കുട്ടികളൊക്കെ വളർന്നു.. പഠിച്ചു... ജോലിയായി.... ഇടക്കുള്ള അവധിക്കു നാട്ടിലെത്തുമ്പോൾ തറവാട്ടിലെത്തും.. അമ്മൂമ്മ ഇന്നില്ല... മറ്റേമ്മൂമ്മ തറവാട്ടിലുണ്ട്... ഒരിക്കൽ സംസാരമധ്യേ പണ്ടത്തെ കഥകൾ പറഞ്ഞകൂട്ടത്തിൽ ഞങ്ങൾ പറഞ്ഞു.. "ഞങ്ങൾ മറ്റെമ്മൂമ്മേ പറ്റിച്ചു കുറെ ചക്ക വരട്ടിയത് തിന്നീട്ടുണ്ട്.. മറ്റെമ്മൂമ്മ അറിഞ്ഞേയില്ല ".... മറ്റേമ്മൂമ്മ ചിരിയോടെ പറഞ്ഞു...., "ഞാൻ നിങ്ങളെയൊക്കെ പറ്റിച്ചു... എനിക്കെല്ലാം അറിയാമായിരുന്നു... അറിഞ്ഞു കൊണ്ട് തന്നെ മിണ്ടാതിരുന്നതാ.... അറയിൽ അതെല്ലാം ഉണ്ടാക്കി പാത്തു വെച്ചിരുന്നത് നിങ്ങള്ക്ക് തിന്നാൻ തന്നെ ആയിരുന്നു.. " അപ്പോൾ ചെയുതായൊന്നു ചമ്മിയത് ഞങ്ങളായിരുന്നു.... ഇപ്പോൾ വീട്ടിൽ ധാരാളം ചക്കവരട്ടിയതും കൊണ്ട് അമ്മ ഞങ്ങളുടെ പിറകെ നടന്നു തിന്നാൻ നിർബന്ധിക്കാറുണ്ട്... പക്ഷെ അതിനു പണ്ടത്തെ കട്ടുതിന്നുന്നതിന്റെ സ്വാദില്ല.... !!!!
ഇവിടെ മസ്കറ്റിൽ എന്റെ അമ്മ വിശേഷാൽ എന്ത് വീട്ടിൽ ഉണ്ടാക്കിയാലും അടുത്തുള്ള ഫ്‌ളാറ്റുകളിൽ കൊണ്ടുനടന്നു കൊടുക്കും.....ഡ്യൂട്ടിക്ക് പോകുമ്പോൾ ആഹാരം തന്നുവിടുന്നത് രണ്ടുപേർക്കെങ്കിലും കഴിക്കാൻ ഉള്ളതുണ്ടാകും... കൂടെയുള്ളവർക്കും കൊടുക്കാമല്ലോ എന്നു പറയും. പൊതുവെ നഗരങ്ങളിലും ഫ്ലാറ്റ് ജീവിതത്തിലും പതിവില്ലാത്ത കാര്യം... മറ്റെമ്മൂമ്മേടെ പരിശീലനത്തിന്റെ ഗുണം.... നമ്മൾ ചെയ്യുന്നത് കണ്ടു നമ്മുടെ കുഞ്ഞുങ്ങളും പഠിക്കും.... കഴിവതും നന്മചെയ്യാൻ ശ്രെമിക്കാം.... കുഞ്ഞുങ്ങൾ നല്ലതു കണ്ടു നല്ലത് ചിന്തിച്ചു വളരട്ടെ... !!
വന്ദന

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക