Slider

°°°അങ്ങനെ മ്മളും പോയി പെണ്ണ് കാണാൻ°°°

0
°°°അങ്ങനെ മ്മളും പോയി പെണ്ണ് കാണാൻ°°°
=====================
"ഡാ നിന്റെ കുളി ഇത് വരെ കഴിഞ്ഞില്ല്യേ, അവരോട് പറഞ്ഞ സമയത്തിന് അവിടെ എത്തണ്ടേ ഇനിയെപ്പോഴാ???........"
ബാത്റൂമിലെ കുളിയ്ക്ക് ഇടയിലാണ് അമ്മയുടെ ചോദ്യം, മ്മക്ക് ഈ ഷവർ ഒന്നും ശരിയാവില്ല, ബക്കറ്റിൽ വെള്ളം മുക്കി കുളിക്കുന്നതിന്റെ സുഖം ഉണ്ടോ ഇവർക്ക് അറിയുന്നൂ..
അങ്ങനെ കുളിയുടെ അവസാനത്തിൽ നിറഞ്ഞ ബക്കറ്റ് എടുത്ത് തലയിലേക്ക് കമിഴ്ത്തിയതും ദേ അടുത്തത്,
"എന്നാ പിന്നെ നിനക്ക് ആ കിണറ്റിലേക്ക് ചാടിയാൽ പോരായിരുന്നോ??"
തല തുവർത്തി തോർത്തെടുത്ത് അമ്മയുടെ കയ്യിലേക്ക് വെച്ച് ഒരുങ്ങാൻ കേറി.
ഈ അമ്മ ഇത് വിടുന്ന ലക്ഷണം ഒന്നും കാണാനില്ല.
"ഡാ.....,മതിയെടാ ഇങ്ങനെ ഒരുങ്ങിയത്,എന്തൊക്കെയാടാ നീ കാണിച്ച് കൂട്ടുന്നത്,ഇയ്യ് ഓളെ കെട്ടാനൊന്നും അല്ലല്ലോ പോണത്,ആദ്യം പോയി ആ കുട്ടിയെ ഒന്ന് കാണ്, എന്നിട്ടല്ലേ ബാക്കി....."
ഇത് കേട്ടതും അമ്മയെ ഒന്ന് നോക്കിയിട്ട് ഞാൻ പറഞ്ഞു.
"ന്റെ അമ്മേ,ഇന്നത്തെ കാലത്തെ കുട്ട്യോൾക്ക് എങ്ങനൊക്കെ ഒരുങ്ങി കാണാൻ പോയാലും അത് പോര,ഇത് പോര അങ്ങനെ നൂറ് കിണുങ്ങലാണ്"
കാറിന്റെ ചാവിയെടുത്ത് കൂട്ടുക്കാരനേം കൂട്ടി പുറത്തിറങ്ങി,
"ഇതെങ്കിലും ശെരിയായാവണേ...."
ആ ഒരു പ്രാർത്ഥനയെ ഉള്ളൂ,
യാത്ര തുടങ്ങി പകുതിയിൽ, വഴി അറിയാവുന്ന കൂടെയുള്ളവനോട്,
"ഇത് തന്നെയല്ലേടാ ശെരിക്കുള്ള വഴി......."
എന്ന് അവനോട് ചോദിച്ചപ്പോഴാണ് അവനെ ഞാൻ ശെരിക്ക് നോക്കുന്നത്.
"ശെടാ, ഇവൻ എന്നെ പെണ്ണ് കാണിക്കാൻ പോണതാണോ, അതോ അവന് പെണ്ണ് കാണാൻ ഞാൻ കൂടെ പോണതാണോ,അവന്റെ കോലം കണ്ടാൽ ആരായാലും ചോദിച്ച് പോകും.
ഇത് ഇവന്മാരുടെ സ്ഥിരം പരിപാടിയാണ് കൂട്ടത്തിലൊരുത്തന് പെണ്ണ് കാണാൻ പോകുമ്പോ മുടിഞ്ഞ ലുക്കിൽ ഇറങ്ങല്.
എന്തായാലും പോയി നോക്കാലോ,അതിനിടയിലാണ് അവന്റെ അടുത്ത ചോദ്യം,
"കാർ വേണ്ടായിരുന്നൂലെ,ബൈക്ക് മതിയാർന്നു"
അത് പറഞ്ഞത് ഇൻക്ക് പറ്റീല ഞാനും തിരിച്ചടിച്ചു.
"എടാ കാറ് വല്ലവന്റെ ആയാൽ ന്താ ഇത് മതി,ഇനി ഇതിന്റെ ഒരു കുറവ് വേണ്ടല്ലോ"
"അതല്ലേടാ,മ്മള് തൃശൂർക്കാർക്ക് ന്താ ഒരു കുറവ്,ആനയ്ക്ക് ആന, പൂരത്തിന് പൂരം അങ്ങനെ വേണ്ടതൊക്കെ മ്മടെ വീട്ടിൽ ഇല്ലെങ്കിലും നാട്ടിൽ ഇല്ല്യേ"
"അത് നീ പറഞ്ഞത് ശെരിയാടാ കുട്ടാ,പൂരോം ആനേം ഒക്കെ നാട്ടിൽ ആണെങ്കിലും വെടിക്കെട്ട് ചിലപ്പോ കെട്ട് കഴിഞ്ഞാൽ ന്റെ വീട്ടിൽ ഉണ്ടാകും"
ഇവൻ എന്നെ വിടുന്ന ലക്ഷണം ഇല്ല്യാ,ഒന്നിന് പുറകെ ഒന്നായിട്ട് ഇവൻ ഓരോന്ന് ചോദിക്കാണല്ലോ.
"അല്ലെടാ മനൂ കെട്ടാൻ പോണ പെണ്ണിനെ പറ്റി ന്താ നിന്റെ സങ്കൽപ്പം????അതൊന്ന് പറ....."
ഇതിനുള്ളത് ഒരു നൂറ് തവണ ഓനോട് പറഞ്ഞിട്ടുള്ളതാണ്,എന്നാലും പറഞ്ഞേക്കാം....
"അതിപ്പോ അങ്ങനൊക്കെ ചോദിച്ചാൽ പ്രത്യേകിച്ച് ഒന്നും ഇല്ല്യാ,വീട്ടിൽ ഒതുങ്ങി ഇരുന്നാൽ മതി,ഇപ്പോഴത്തെ പിള്ളേരല്ലേ അതിന്റെ ചെറിയ പൊട്ടിത്തെറിപ്പൊക്കെ ഉണ്ടാകും,എന്നാലും ന്താ പറയാ, അന്നോട് ഇതന്നെ എത്ര തവണ പറഞ്ഞതാ ഞാൻ അതൊക്കെ തന്നെ ഇപ്പോഴും ഉള്ളൂ"
അവന് കുറച്ച് ദേഷ്യം വന്നു എന്ന് തോന്നുന്നു,എന്നാലും സ്നേഹം ഉള്ളോനാ,
"നീ നേരത്തെ പറഞ്ഞ സ്വഭാവ ഗുണം ഒക്കെ ഉള്ള കുട്ടി തന്നെയാ ഇത്,മുൻപ് പോയി കണ്ട പോലെ അല്ല,നല്ല കുടുംബത്തിലെ കുട്ടിയാണ്"
"അയ്യട,നീ വല്ലാതെ കേറി അങ്ങട് സ്കോർ ചെയ്യണ്ട,ഇത് തന്നെയല്ലേ കഴിഞ്ഞ ആഴ്ച്ച ഒരുത്തിയെ കാണാൻ പോയപ്പഴും നീ പറഞ്ഞത്,
എന്നിട്ട് ന്ത് ഉണ്ടായെന്ന് ഞാൻ പറയണോടാ,ഓളോട് ഒന്ന് മിണ്ടാൻ അകത്തേക്ക് കേറിയതെ ഓര്മയുള്ളൂ,ഒരുത്തന്റെ കൂടെ പോവ്വാൻ ബാഗ് വരെ പാക്ക് ചെയ്‌തേക്കണ് അവൾ,
ഓളെങ്ങാനും ഞാൻ കെട്ടിയിട്ട് ആണ് വേറൊരുത്തന്റെ കൂടെ ഓടിയതെങ്കിൽ ഓൾടെ വീടിന്റെ ഉമ്മറത്തെ കിണറ്റിലിട്ട് കുഴിച്ച് മൂടിയേർന്നു നിന്നെ ഞാൻ"
ഇതിപ്പോ കാണാൻ പോകുന്ന കുട്ടിയുടെ അച്ഛൻ റിടയർഡ് മിലിട്ടറി ആണെന്നാ പറഞ്ഞേ,
മാസാവസാനം കാശില്ലെങ്കിലും ഓസിന് വന്ന് രണ്ടെണ്ണം വീശിയിട്ട് പോവ്വാലോ.
അവനോട് സംസാരിച്ചിട്ട് പെണ്ണിന്റെ വീടെത്തിയത് അറിഞ്ഞില്ല.
അവളുടെ അച്ഛനാണെന്ന് തോന്നുന്നു കൈ പിടിച് അകത്തേക്ക് കൂട്ടി.
പട്ടാളക്കാരന്റെ കേട്ട് പഴകിയ പരുക്കൻ സ്വഭാവം ഒന്നും അല്ലെന്ന് തോന്നുന്നു.ആള് കാണാനൊക്കെ ചുള്ളനാണ്.
അവളുടെ രണ്ട് അമ്മാവന്മാരും അച്ഛനും അമ്മയും അങ്ങനെ ഒരു വിധപ്പെട്ടവരൊക്കെ ഉണ്ട്.
വിശേഷങ്ങളൊക്കെ ചോദിക്കുന്നതിന്റെ ഇടയിൽ അമ്മ അവളെ വിളിച്ചു, കിലുങ്ങുന്ന കുപ്പിവളകളിട്ട കൈകളുമായി അവൾ വന്നു.ഞാൻ ഒന്ന് തലയുയർത്തി മുഖത്തോട്ട് നോക്കിയതും അമ്മ വിളിച്ചു.
"എടാ,എണീക്കെടാ എണീക്ക്"
ഉറക്കത്തിൽ ആണെങ്കിലും അറിയാതെ അമ്മയോട് പറഞ്ഞ് പോയി,
"മാറി നിക്ക് അമ്മേ പെണ്ണ് വരുന്നു...."
അമ്മ ഒന്നൂടെ കുലുക്കി വിളിച്ചപ്പോഴാണ് ബോധം വന്നത്.
"ഏത് പെണ്ണ് വരുന്ന കാര്യമാടാ നീ പറയുന്നേ??"
"ഹേയ് അതൊന്നും ഇല്ല്യമ്മേ, സ്വപ്നം ആയിരുന്നു."
"മതി സ്വപ്നം കണ്ടത് പോയി കുളിക്കാൻ നോക്ക് ഇന്നല്ലേ നീ അവരോട് ആ കുട്ടിനെ പെണ്ണ് കാണാൻ ചെല്ലാമെന്ന് പറഞ്ഞത്"
കയ്യിൽ തോർത്തും പിടിച്ച് കുളിക്കാൻ പോവുമ്പോഴും ഉള്ളിൽ ഒന്ന് മാത്രേ ഉണ്ടാർന്നുള്ളൂ.
"ഇതിപ്പോ ദിവസങ്ങൾ ഒരുപാടായി നേരം വെളുക്കുമ്പോ തന്നെ പെണ്ണ് കാണാനെന്നും പറഞ്ഞ് പോയിട്ട് ഈ ബിസ്കറ്റും ചായയും,ഇവർക്ക് ഇതൊന്ന് മാറ്റി പിടിച്ചൂടെ,അല്ല അവരേം പറഞ്ഞിട്ട് കാര്യമില്ല,കെട്ടിനു മുൻപേ മുട്ടയും പാലും ആര് തരാനാണ്,സ്വന്തം വീട്ടിൽന്ന് കിട്ടണില്ല പിന്നെയല്ലേ ബാക്കി ഉള്ളവർ.
"അല്ല ഇനിയിപ്പോ മുട്ടയും പാലും കൊടുക്കുന്ന ഗെഡികൾ ഉണ്ടെങ്കിൽ പറഞ്ഞോളൂട്ടോ,മ്മള് വരാൻ തയാറാണ്!!!!"
സ്നേഹത്തോടെ,
Ash Ique Elevenz
(ഒരു തൃശൂര്ക്കാരൻ ഗെഡി)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo