Slider

അടുത്ത മാമ്പഴക്കാലത്തേക്ക്...

0
അടുത്ത മാമ്പഴക്കാലത്തേക്ക്...
"സ്വാതി...ഞാൻ കുറേ ആലോചിച്ചതിന് ശേഷമാണ് ഇത് പറയുന്നത്.... ഐ ലവ് യു... ശെരിക്കും എനിക്ക് നിന്നെ ഇഷ്ടമാണ്.... "
"ഇതെന്താണപ്പാ സിനിമയോ ???... സുന്ദരനും പണക്കാരനുമായ യുവ കോമളൻ ഒരു പാവംപിടിച്ച ഒരു ഡാൻസുകാരി ടീച്ചറോട് പ്രേമാഭ്യർത്ഥന നടത്തുകയോ ???... നിന്റെ വീട്ടുകാർ ഇത് കേൾക്കേണ്ട...എനിക്ക് ഇനിയും ഇവിടെ ഡാൻസ് പഠിപ്പിക്കാൻ വരാനുള്ളതാ....ഇക്കളി തീക്കളിയാണ് മോനെ... "
അവളൊരു മനോഹര പുഞ്ചിരി സമ്മാനിച്ചുകൊണ്ട് എന്നിൽനിന്നും അകന്നു നടന്നു. സങ്കടവും ദേഷ്യവും കടിച്ചമർത്തി ഞാൻ ആ പടിക്കെട്ടിൽ തന്നെ നിന്നു.
വളരെക്കാലത്തെ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഞാൻ എന്റെ ഇഷ്ടം അവളെ അറിയിച്ചത്. അവളിൽ നിന്നും അനുകൂലമായി ഒരു പുഞ്ചിരി മാത്രം പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഇങ്ങനെയൊരു പ്രതികരണം എന്റെ ചിന്തകളിൽ ഒരിക്കൽപോലും ഉണ്ടായിരുന്നില്ല.
ഇക്കാലമത്രയും ഞാൻ സ്വരുക്കൂട്ടിവെച്ച എന്റെ സ്വപ്‌നങ്ങൾ അവളറിയാതെ പോയതെന്തേ ???....
ഞാനറിയാതെ തന്നെ എന്റെ മിഴികൾ നനയാൻ തുടങ്ങിയിരിക്കുന്നു. തൊണ്ടക്കുഴികൾ വരണ്ടതുപോലെ.....
"രഞ്ജു..... നിനക്ക് സങ്കടമായോടാ ???"
മുത്തശ്ശിയുടെ പിറകിൽ നിന്നുള്ള വിളി എന്നെ ചിന്തകളിൽ നിന്നും ഉണർത്തി. ഞാൻ മുത്തശ്ശിയുടെ മുഖത്തേക്ക് നോക്കി ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ അമർത്തിയൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. പക്ഷേ, ഈറനണിഞ്ഞിരുന്ന എന്റെ കണ്ണുകളെ ഒളിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല....
"സന്ധ്യയായി... എന്റെ കുട്ടി അകത്തുപോയി ഇരിക്ക്...മുത്തശ്ശി ഇപ്പോൾ വരാം "
ഞാൻ മറുപടിയൊന്നും പറയാതെ അകത്തേക്ക് നടന്നു. ഏണിപ്പടികൾ ഓരോന്നായി കയറി മുകളിലെ എന്റെ റൂമിലേക്ക് നടന്നു.അടച്ചിട്ട ജനവാതിൽ പണിപ്പെട്ട് തുറന്നു പുറം കാഴ്ചകളിലേക്ക് കൺതുറന്നിരുന്നു....
പുറത്ത് നല്ല മഴക്കോളുണ്ട്...മഴയെ വീഴ്ത്താനെന്നവണ്ണം അതി ശക്തമായ കാറ്റും....
രണ്ട്‌ മാസങ്ങൾക്ക് മുൻപുള്ള ഒരു മാമ്പഴക്കാലത്താണ് ഞാൻ അമേരിക്കയിൽ നിന്നും തറവാട്ടിലെത്തിയത്...അതും അമ്മയുടെ നിർബന്ധപ്രകാരം മാത്രം....
അവിടെയുള്ള വെള്ളക്കാരികളായ എന്റെ സുഹൃത്തുക്കളെ അമ്മ സംശയത്തോടെ കാണാൻ തുടങ്ങിയത് കുറച്ചു നാളുകൾക്ക് മുൻപാണ് ..... അവരിലൊരാളുടെ കൈപിടിച്ച് ഞാൻ വീട്ടിലേക്ക് വരുന്നത് ഒരു ദിവസം അമ്മയുടെ ദുസ്വപ്നത്തിന്റെ തെളിഞ്ഞു....പിറ്റേദിവസം തന്നെ എന്നെ അമ്മ നാട്ടിലേക്ക് പറഞ്ഞയച്ചു....
നാട്ടിലെത്തിയതും വളരെപ്പെട്ടെന്ന് തന്നെ ഞാൻ ഇവിടം ഇഷ്ടപ്പെട്ടു തുടങ്ങി...സ്നേഹനിധിയായ മുത്തശ്ശി, ഈ നാലുകെട്ട് തറവാട്, നടുമുറ്റത്തെ മുത്തശ്ശിമാവ്, വിശാലമായ തൊടിയും പച്ചക്കറി കൃഷികളും, ചെറിയമ്മയുടെ കുസൃതി കുട്ടികളായ ആര്യയും ഭാമയും എല്ലാം എന്റെ ഹൃദയത്തോട് ചേർന്നിരുന്നു ....
അതിനിടെയിൽ എപ്പോഴാ അവളോടും...
ആര്യെയും ഭാമയെയും നൃത്തം പഠിപ്പിക്കാൻ എത്തിയിരുന്ന അവളോട് ആദ്യമെനിക്ക് പുച്ഛവും സഹതാപവുമായിരുന്നു ... റോക്ക് സംഗീതവും ബ്രേക്ക്‌ ഡാൻസും മാത്രമാണ് ആസ്വാദ്യകരം എന്ന് വിശ്വസിച്ചിരുന്ന എനിക്ക് ഈ നാടൻ കലാരൂപങ്ങളെ അരോചകമായി തോന്നിയിരുന്നു ....അവളെ പലവിധത്തിൽ കളിയാക്കാനും ശല്യപ്പെടുത്താനും ഞാൻ ഉത്സാഹം കാണിച്ചു... പക്ഷേ, അപ്പോഴെല്ലാം മനോഹരമായ പുഞ്ചിരിയല്ലാതെ മറ്റൊരു പ്രതികരണവും അവളിൽ നിന്ന് ഉണ്ടായില്ല....
ഒരു ദിവസം മുത്തശ്ശി വായിച്ചുകൊണ്ടിരുന്ന പത്രത്തിൽ നിന്ന് ഒരു പേജ് ഞാൻ അടർത്തിയെടുത്തു... വർഷങ്ങൾക്ക് മുൻപ് വായിച്ചു മറന്ന അക്ഷരങ്ങളെ ഓരോന്നും ഞാൻ പെറുക്കിയെടുത്ത് വായിക്കാൻ തുടങ്ങി...ഓരോ വാക്കുകളും പല ആവർത്തി തെറ്റിക്കാൻ തുടങ്ങിയപ്പോൾ ചെറിയമ്മയും കുട്ടികളും പൊട്ടിച്ചിരിക്കാൻ തുടങ്ങി....
"എന്റെ ചേട്ടാ ... മന്തി എന്നല്ല... മന്ത്രി... പരതി വെച്ച നേതാവ് അല്ല... പ്രതിപക്ഷ നേതാവ് "
മറന്നുപോയ മലയാളാക്ഷരങ്ങൾ വീണ്ടും അവളിലൂടെ പുനർജനിച്ചു.... അന്ന് മുതൽ അവളെനിക്ക് മലയാളാദ്ധ്യാപികയായി...
കുമാരനാശാനും വള്ളത്തോളും എം ടി യുമെല്ലാം അവൾ സമ്മാനിച്ച പുസ്തകങ്ങളിലൂടെ ഞാൻ അറിയാൻ തുടങ്ങി....
ജനിച്ചു വീണ നാടിന്റെ സംസ്കാരവും മണവും മൂല്യവും ഞാനറിയാൻ തുടങ്ങി...
അവളോടുള്ള എന്റെ അടുപ്പം പ്രണയമായി വളരാൻ തുടങ്ങിയ നിമിഷം മുതൽ ഞാൻ താലോലിച്ചുകൂട്ടിയ എന്റെ സ്വപ്നങ്ങളാണ് ഈ നിമിഷം എരിഞ്ഞടങ്ങിയത്....
മഴ തുള്ളികൾ മുഖത്തേക്ക് വീശിയടിക്കാൻ തുടങ്ങിയതും ഞാൻ പതിയെ കൺ‌തുറന്നു.... മുത്തശ്ശി എന്റെ അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നെന്ന വിവരം ഞാനപ്പോഴാണ് അറിയുന്നത്...
"മോനെ... സ്വാതി മോൾ നല്ല കുട്ടിയാ... നിനക്കവളെ ഇഷ്ടമാണെന്ന് ഞാൻ നേരത്തെ മനസ്സിലാക്കിയതാണ്... അത്കൊണ്ടാണ് ഞാൻ നിന്റെ അമ്മയോട് ഈ വിവരം ധരിപ്പിച്ചത്... അവൾക്കും നൂറ് വട്ടം സമ്മതം.... പക്ഷേ, നമ്മൾ ആഗ്രഹിക്കുന്നതുപോലെ എല്ലാം നടക്കണമെന്നില്ലല്ലോ.... ??"
"അത് സാരമില്ല മുത്തശ്ശി.... ഞാനത് അപ്പോഴേ മറന്നു.... "
"അവൾക്ക് മറ്റൊരു പയ്യനുമായി വിവാഹം പറഞ്ഞുവെച്ചതായിരുന്നു.... അവളുടെ മുറച്ചെറുക്കൻ... കല്യാണത്തിന് രണ്ട്‌ ദിവസം മുൻപാണ് അവൻ ഒരു ആക്‌സിഡന്റിൽ മരിച്ചത്.... ആ ഞെട്ടലിൽ നിന്ന് അവളിതുവരെ മോചിതയായി കാണില്ല.... അതാകും... "
മുത്തശ്ശി എന്റെ ശിരസ്സിൽ തലോടി മുറിവിട്ട് പുറത്തിറങ്ങി....
മുത്തശ്ശി പറഞ്ഞ കാര്യങ്ങൾ എനിക്ക് പുതിയ അറിവായിരുന്നു.... അവളെന്നോട് ഒരിക്കൽപോലും ഇതൊന്നും പറഞ്ഞിരുന്നില്ല... അവളുടെ ഭൂതകാലത്തെ കുറിച്ച് ഞാനൊന്നും ചോദിച്ചതുമില്ലായിരുന്നു....
പെട്ടെന്നാണ് എന്റെ മൊബൈൽ ഫോൺ ശബ്ദിച്ചത്.... അമ്മയായിരുന്നു അത്...
"ഡാ... നീ ഇങ്ങോട്ട് വാ... എനിക്ക് നിന്നെ കാണാഞ്ഞിട്ട് ഒരു സ്വസ്ഥതയുമില്ല... കഴിഞ്ഞത് കഴിഞ്ഞു... ഇനീം നീ അവിടെ നിന്നാൽ ആ കുട്ടിക്ക് നിന്നെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടാകും... പാവങ്ങളാ... ആ ഡാൻസ് പടിപിച്ചുകിട്ടുന്ന കാശുകൊണ്ടാണ് അവർ ജീവിക്കുന്നത് "
അമ്മ പറയുന്നതെല്ലാം ഞാൻ മൂളികേട്ടു... മറുത്തൊന്നും പറയാൻ ഞാൻ ധൈര്യപ്പെട്ടില്ല ... എന്റെ ഇടറിയ ശബ്ദം അമ്മ കേൾക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു....
അടുത്ത ദിവസം തന്നെ ഞാൻ ടിക്കറ്റ് ശെരിയാക്കി.... കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം ബാഗിൽ കെട്ടിവെച്ചു പോകാൻ റെഡിയായി ....
എന്നെ കൊണ്ടുപോകാനുള്ള കാറുമായി ചെറിയച്ഛൻ പുറത്ത് കാത്തുനിൽക്കുന്നുണ്ട്.... ആര്യയും ഭാമയും കളിക്കൂട്ടുകാരനെ നഷ്ടപ്പെടാൻ പോകുന്ന സങ്കടത്തിലാണ്...
കൺപോളകളിൽ തങ്ങി നിന്നിരുന്ന കണ്ണുനീർ തുടച്ചുകൊണ്ട് മുത്തശ്ശി എന്റെ അടുത്തേക്ക് വന്നു...
"ഇനി എന്നാ കുട്ട്യേ ഇങ്ങോട്ട്.... കണ്ണടക്കും മുൻപ് നിന്നെ ഒരിക്കൽക്കൂടി കാണണമെന്നുണ്ട് എനിക്ക്.... "
ഞാൻ മുത്തശ്ശിയുടെ നനുത്ത കവിളിൽ അമർത്തി ചുംബിച്ചു... ഇനിയും വരുമെന്ന് വാക്കുകൊടുത്ത് കാറിലേക്ക് കയറി....
പോകുന്നതിന് മുൻപ് അവളെ ഒരിക്കൽക്കൂടി കാണണമെന്നുണ്ടായിരുന്നു... കാർ പടിക്കെട്ടിൽ നിന്ന് മെയിൻ റോഡിലേക്ക് പ്രവേശിക്കുന്നത് വരെ ഞാൻ അവളെയും പ്രതീക്ഷിച്ച് ചുറ്റും നോക്കികൊണ്ടിരുന്നു.... പക്ഷേ കണ്ടില്ല....
ബോർഡിങ് പാസ്സ് കിട്ടിയതിനു ശേഷം ഞാൻ മൊബൈൽ ഫോണെടുത്തു.... നാട്ടിൽ ഉപയോഗിച്ചിരുന്ന താത്കാലിക സിം ന്റെ ആവശ്യം ഇപ്പോൾ കഴിഞ്ഞിരിക്കുന്നു.... ഞാൻ ഫോൺ തുറക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് വായിക്കാൻ വിട്ടുപോയ ഒരു മെസ്സേജ് കണ്ണിൽ തടഞ്ഞത്.... അതും അറിയാത്ത ഒരു നമ്പറിൽ നിന്ന്....
ഞാനത് ആകാംഷാപൂർവ്വം വായിച്ചു നോക്കി..
" പ്രിയപ്പെട്ട രഞ്ജുവിന്.... രഞ്ജുവിന് എന്നെ എത്രത്തോളം ഇഷ്ടമാണെന്ന് എനിക്കറിഞ്ഞുകൂടാ... ഞാൻ ജീവിതത്തിൽ ഒരു പുരുഷനെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ.... എന്റെ മനുവിനെ....പക്ഷേ, വിധി ഞങ്ങളെ ഒരുമിപ്പിച്ചില്ല.... രഞ്ജുവിന്റെ ഇഷ്ടം കണ്ടില്ലെന്നു നടിക്കാൻ എനിക്ക് കഴിയില്ല.... പക്ഷേ, ഇപ്പോൾ എന്നെക്കൊണ്ട് അതിന് സാധ്യമല്ലെന്ന് മാത്രം.... ഇനിയും മറ്റൊരു മാമ്പഴക്കാലം വരെ എനിക്ക് സമയം തരാൻ രഞ്ജു തയ്യാറാണെങ്കിൽ ഞാൻ സ്വയം മാറാൻ വേണ്ടി ശ്രമിക്കാം....എന്റെ ജീവിതത്തിൽ മറ്റൊരു പുരുഷൻ സ്ഥാനം നേടുമെങ്കിൽ അത് രഞ്ജു മാത്രമായിരിക്കും.... എന്ന് സ്വാതി "
റൺവേയിൽ നിന്നും കുതിച്ചുയർന്ന ഈ വിമാനത്തിനുള്ളിൽ ഞാൻ അതിരുകളില്ലാത്ത ആവേശത്തിലാണ്.... മനസ്സ് നിറയെ അടുത്ത മാമ്പഴക്കാലത്തെ കുറിച്ചുള്ള സ്വപ്‌നങ്ങൾ മാത്രം....
സമീർ ചെങ്ങമ്പള്ളി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo