Slider

*അനുഗ്രഹം**

0

*അനുഗ്രഹം**
ഓഫീസിൽ ഇരിക്കുമ്പോൾ ലെനയ്ക്ക് ഒന്നിലും ശ്രദ്ധിയ്ക്കാൻ കഴിഞ്ഞില്ല. എങ്ങനെയെങ്കിലും അഞ്ചു മണിയാകാൻ നോക്കിയിരിക്കുകയായിരുന്നു അവൾ. സമയമായതും അവൾ ബാഗുമെടുത്തു ബസ് സ്റ്റോപ്പിലേക്ക് നടന്നു. മനസ്സ് നിറയെ പ്രിയയാണ്‌. എത്ര നാളുകൾക്ക് ശേഷമാണ് താനവളെ കാണാൻ പോകുന്നത്.
*****
മാസങ്ങൾക്ക് മുൻപുള്ള ഇങ്ങനെയൊരു സായാഹ്നം അവളുടെ ഓർമയിലേയ്ക്കോടിയെത്തി. അവൾ എന്തൊക്കെയാണന്ന് കാട്ടി കൂട്ടിയത് ?
അന്ന് കണ്ടപ്പോൾ കൈയിൽ ചെഞ്ചായം പൂശി നിൽക്കുകയായിരുന്നു അവൾ. അവളുടെ കണ്ണുകൾ വജ്രം പോലെ തിളങ്ങിയിരുന്നു.
അതിൽനിന്നുയരുന്ന പ്രണയാഗ്നി കൊടുംകാടിനെ ദഹിപ്പിക്കാൻ പോന്നതായിരുന്നു.
ചെന്നപ്പോൾ ഭാഗ്യത്തിന് അവൾ വീട്ടിൽത്തന്നെ ഉണ്ടായിരുന്നു.
കൺകോണിൽ ഇറ്റുനിൽക്കുന്ന ജലകണങ്ങളെ താൻ നോക്കിയത് കണ്ട അവൾ പറഞ്ഞു അത് മഴത്തുള്ളി കണ്ണിൽ വീണതാണെന്ന്.കൂടുതൽ അടുത്തേക്ക് ചെന്നു നോക്കിയ തന്നിൽ നിന്ന് അവളാ കണ്ണുകൾ മറച്ചു കളഞ്ഞു. ചോരനിറമുള്ള കൈകളിൽ നിന്ന് ചുടുനിണം ചാലിട്ടൊഴുകിയിരുന്നു. അത് മറയ്ക്കാൻ അവൾ ശ്രമിച്ചില്ല എന്ന് മാത്രമല്ലാ അത് ഒത്തിരി സൂക്ഷ്മമായി അവൾ കൈവെള്ളയിൽ കരുതിയിരുന്നു.
''ഇതെന്താണ്‌?" ബാഗ് കട്ടിലിലേക്കെറിഞ്ഞു കൊണ്ട്‌ താൻ ചോദിച്ചു.
"ഇത് ചോദിക്കാനാണോ നീ വന്നത്"?
ഒരു മറുചോദ്യമായിരുന്നു മറുപടി.
എന്റെ കണ്ണുകളിലെ ചോദ്യഭാവം അപ്പോഴും മാറിയില്ല എന്ന് മനസ്സിലാക്കി അവൾ പറഞ്ഞു.
"എന്റെ ഹൃദയത്തിന്റെ കഷണങ്ങൾ.. അവന് നേദിക്കാൻ ഞാൻ പലപ്പോഴായി മുറിച്ചെടുത്തവ." കൈവെള്ളയിൽ കട്ടപിടിച്ചിരുന്ന ചോരയിൽ തടവിക്കൊണ്ടാണവൾ പറഞ്ഞത്.
കേട്ടപ്പോൾ ദ്വേഷ്യം വന്നെങ്കിലും വേഗം ആ കൈകൾ പിടിച്ച് കഴുകി. ഭാഗ്യം.. ചെറിയ മുറിവാണ്.അലമാരയിൽ നിന്ന് ഫസ്റ്റ് എയ്ഡ് ബോക്സ്‌ എടുത്ത് അവളുടെ കൈയിലെ മുറിവ് വച്ചു കെട്ടി.
"നീ ഇത് വിട്ടില്ലേ പെണ്ണേ ഇത് വരെ.. നിന്നെക്കൊണ്ടു തോറ്റു. നിനക്ക് ഭ്രാന്താണോ ഇങ്ങനെ ഓരോ കോപ്രായങ്ങൾ കാണിക്കാൻ "? മുറിവ് വച്ച് കെട്ടുന്നതിനിടയിൽ താൻ ചോദിച്ചു.
""അതേ.. ഭ്രാന്താണ്. അത് കൊണ്ടല്ലേ ഞാൻ പിന്നെയും.. അല്ലെങ്കിൽ എന്നെങ്കിലും ഒരിക്കൽ അവനെന്നെ മനസ്സിലാക്കും എന്ന് കരുതിയ ഞാനൊരു വിഡ്ഢിയും കൂടിയാണ്."
"ആവൂ .അത്രയെങ്കിലും മനസ്സിലായല്ലോ. സമാധാനമായി. ഇനി അവന് നേദിച്ച ആ കഷണങ്ങളൊക്കെ പെറുക്കി എടുത്ത് എത്രയും വേഗം തുന്നിച്ചേർക്കാൻ നോക്ക്. ബാക്കിയുള്ളവരിവിടെ ടെൻഷൻ അടിച്ച് മരിച്ചേനെ." കട്ടിലിലേക്കിരുന്ന് കൊണ്ട് താൻ പറഞ്ഞു.
"ലെനാ .. നീ എന്താ പറഞ്ഞത്... ? പറയു.. നീ എന്താ ഇപ്പൊ പറഞ്ഞത്?" പ്രിയ തന്റെ തോളിൽ പിടിച്ച് കുലുക്കി ക്കൊണ്ട് ചോദിച്ചു. "തുന്നി ചേർക്കാനോ?"
എഴുന്നേറ്റ് പോയി പെട്ടിയിൽ സൂക്ഷിച്ച് വച്ചിരുന്ന ഒരു കവർ എടുത്ത് കൊണ്ടാണവൾ വന്നത്. അത് തുറന്ന് അവൾ കുറേ ഫോട്ടോസ് പുറത്തെടുത്തു.
ഇന്നലെ ദ്വേഷ്യത്തിൽ വലിച്ചു കീറിയ അവളുടെ പ്രിയപ്പെട്ട ഫോട്ടോസ്.. കീറിയ ഫോട്ടോയുടെ കഷണങ്ങൾ നൂലുകൊണ്ട് കരുകുരെ തുന്നിച്ചേർത്തിരിക്കുന്നു.
അതെടുത്ത് തന്റെ കൈയിൽ തന്നുകൊണ്ട്‌ അവൾ പറഞ്ഞു. "നോക്ക്. നീ തുന്നിക്കെട്ടാനല്ലേ പറഞ്ഞത്. നീ പറയുന്നതിന് മുൻപേ ഞാനത് ചെയ്തിരുന്നു."
താൻ അമ്പരന്ന് പ്രിയയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി. അവളുടെ കണ്ണുകൾ അപ്പോഴും അസാധാരണമാം വിധം തിളങ്ങുന്നുണ്ടായിരുന്നു..
അന്ന് പ്രിയയുടെ പപ്പയെ വിളിച്ച് കാര്യം പറഞ്ഞത് എങ്ങനെയാണു എന്ന് തനിക്ക് തന്നെ അറിയില്ല.അതിന് ശേഷം രണ്ട് തവണ അവളെ കാണാൻ പോയെങ്കിലും അവൾ തികച്ചും വേറെ ലോകത്തായിരുന്നു.
*****
വീട്ടിലെത്തിപ്പോൾ പ്രിയ ഓടിവന്നു കെട്ടി പിടിച്ചു. എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല. പ്രിയയുടെ അച്ഛൻ നോക്കുന്നതു കണ്ട് താൻ അവളെ അടർത്തി മാറ്റി അവളുടെ കണ്ണുകളിലേക്ക് നോക്കി.
"നീ എന്താ ഇങ്ങനെ നോക്കുന്നത്‌ ? ഞാൻ നിന്റെ പഴയ പ്രിയയായിട്ടാ തിരിച്ച് വന്നത്."
ജനലഴികളിൽ പിടിച്ച് പുറത്തേക്ക് നോക്കി ക്കൊണ്ട് അവൾ തുടർന്നു
"അതേ ഞാൻ തിരിച്ചറിയാൻ വൈകിപ്പോയി ലെനാ.. ജീവിതം പലപ്പോഴും ഇങ്ങനെയൊക്കെ ആണ് എന്ന് നീ പറയുമ്പോൾ ഞാൻ നിന്നെ കളിയാക്കിയിരുന്നു.പക്ഷേ ഇപ്പോൾ എനിക്കത് മനസിലാക്കാം. അന്ന് നീ പറഞ്ഞത് ഞാൻ കേട്ടിരുന്നെങ്കിൽ ഇങ്ങനെയൊരു ഭ്രാന്തിയായി ഞാൻ മാറുകയില്ലായിരുന്നു."
"അതൊക്കെ കഴിഞ്ഞില്ലേ പെണ്ണേ. നീ എന്റെ പഴയ പ്രിയയായി തിരിച്ചു വന്നല്ലോ.അച്ഛാ ഇനി ഇവൾക്കൊരു നല്ല ചെക്കനെ കണ്ടു പിടിച്ചോളൂ. ഇവളെ ക്കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു."
"എനിക്ക് നിന്റെയീ വാക്ക് മതി മോളെ. എന്റെ മോള് മിടുക്കിയാ.അവൾക്ക് കാര്യങ്ങൾ മനസിലായിട്ടുണ്ട്. നിന്റെ കൂടെയാണല്ലോ അവൾ എന്നതാണ് എന്റെ ആശ്വാസം."
'നന്നായി വരും' എന്ന് പറഞ്ഞ് അച്ഛന്റെ കൈകൾ തലയിൽ വയ്ക്കുമ്പോൾ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
**ജെയ്‌നി സ്റ്റീഫൻ **
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo